ആ 'ഊതലിനെ' കുറിച്ചുള്ള 'ഉപദേശത്തിന്റെ' നിജസ്ഥിതി ഇതാണ്

ഇന്ത്യയിൽ ഏറെ ജനപ്രീതിയുള്ള മുസ്‌ലിം നാമധാരിയായ ഷാറൂഖ് ഖാനെ മുതൽ ദൈനംദിനം ജീവിതത്തിൽ നിങ്ങൾ ഇടപഴകുന്ന ദിവസവേതനക്കാരായ മുസ്‌ലിമിനെ വരെ നികൃഷ്ടരായി ചിത്രീകരിച്ച് അന്യവത്കരിക്കാനുള്ള സംഘപരിവാർ പദ്ധതിയുടെ തുടർച്ചയാണ് ഉള്ളാൾ ദർഗയുമായി ബന്ധപ്പെട്ട വിവാദം. നേർച്ചയോടനുബന്ധിച്ച് നടന്ന മന്ത്രിച്ചൂതലല്ല യഥാർഥത്തിൽ സംഘപരിവാറിന്റെ പ്രശ്നം. അതിലെ മുസ്‌ലിം സ്വത്വമാണ്. ക്രിക്കറ്റിൽ തോറ്റാൽ ടീമിലെ മുസ്‌ലിമാണ് പ്രതി എന്ന് സമർഥിക്കുന്നിടത്തേക്ക് കാര്യങ്ങളെത്തുന്നതും ഇതിന്റെ ഭാഗമാണ്.

""താലിബാൻ കേവലം തോക്കുമായി മാത്രമല്ല നമ്മെ കീഴ്‌പെടുത്തുന്നതെന്ന് ഇനിയും തിരിച്ചറിയാൻ കേരളത്തിനു കഴിയുന്നില്ലെങ്കിൽ മതേതരകേരളം സിറിയയിലേക്കു നടന്നടുക്കാൻ ഒരുപാടുകാതം താണ്ടേണ്ടിവരില്ല...''

മതപരമായ ചടങ്ങിനിടെ ഭക്ഷണത്തിൽ മന്ത്രിച്ചൂതുന്ന മുസ്‌ലിം പുരോഹിതന്റെ വീഡിയോ പങ്കുവെച്ച് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ നൽകിയ മുന്നറിയിപ്പാണിത്. പുരോഹിതൻ ചോറിലേക്ക് തുപ്പുകയാണെന്നും, പരിഷ്‌കൃത സമൂഹത്തിലെ "നികൃഷ്ടമായ' അനാചാരമാണിതെന്നുമാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

കണ്ണൂർ എട്ടിക്കുളത്തെ താജുൽ ഉലമാ ദർഗയിൽ നവംബർ 6 മുതൽ 8 വരെ നടന്ന ഉറൂസിനിടെ (ആണ്ടുനേർച്ച) ചിത്രീകരിച്ച ദൃശ്യമാണ് ബി.ജെ.പി. നേതൃത്വം മുസ്‌ലിം അപരത്വം സൃഷ്ടിക്കാനായി ഉപയോഗിക്കുന്നത്. എ.പി. വിഭാഗം സമസ്തയുടെ പ്രസിഡന്റും, സുന്നി പണ്ഡിതനുമായ അബ്ദുൾ റഹ്‌മാൻ അൽ-ബുഖാരിയുടെ (താജുൽ ഉലമ) ഏഴാമത് ചരമവാർഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഉറൂസിനിടെയായിരുന്നു പ്രസ്തുത സംഭവം. താജുൽ ഉലമയുടെ മകനും ഉള്ളാൽ ഖാസിയുമായ ഫസൽ കോയമ്മ തങ്ങൾ ഭക്ഷണത്തിലേക്ക് മന്ത്രിച്ച് ഊതുകയായിരുന്നെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ ശിഷ്യൻ ഹാജി ഹനീഫ് ഉള്ളാളയും ഇത് ശരിവെക്കുന്നതായി ഫാക്ട് ചെക്കിങ്ങ് വെബ്‌സൈറ്റ് ആൾട് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു.

ബി.ജെ.പി നേതാവ് പ്രിതി ഗാന്ധി, ബി.ജെ.പി വക്താക്കളായ ഗൗരവ് ഗോയൽ, നവീൻ കുമാർ, എന്നിവരും വിദ്വേഷപ്രചരണത്തിന്റെ ഭാഗമായി വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മുസ്‌ലിം മതാചാരങ്ങളുമായി ബന്ധപ്പെട്ടതെല്ലാം "നികൃഷ്ടമാണെന്ന്' വരുത്തിത്തീർത്ത് പൊതുമണ്ഡലങ്ങളിൽ നിന്നകറ്റാനുള്ള സംഘപരിവാറിന്റെ ബൃഹദ് പദ്ധതിയുടെ ഭാഗമാണിത്.

ഇന്ത്യയിൽ ഏറെ ജനപ്രീതിയുള്ള മുസ്‌ലിം നാമധാരിയായ ഷാറൂഖ് ഖാനെ മുതൽ ദൈനംദിനം ജീവിതത്തിൽ നിങ്ങൾ ഇടപഴകുന്ന ദിവസവേതനക്കാരായ മുസ്‌ലിമിനെ വരെ നികൃഷ്ടരായി ചിത്രീകരിച്ച് അന്യവത്കരിക്കാനുള്ള സംഘപരിവാർ പദ്ധതിയുടെ തുടർച്ചയാണ് ഉള്ളാൾ ദർഗയുമായി ബന്ധപ്പെട്ട വിവാദം.

2014-ലെ തെരഞ്ഞെടുപ്പ് ജയം മുതൽ രാജ്യത്തിന്റെ ഭരണപരമായ കാര്യങ്ങളെ പാടെ അവഗണിച്ച ബി.ജെ.പി, ഭൂരിപക്ഷ വർഗീയവാദവും, മാധ്യമങ്ങൾക്കു മേലുള്ള ഭയാനകമായ നിയന്ത്രണവും, ചങ്ങാത്ത മുതലാളിത്തവും കൂട്ടുപിടിച്ച് രാജ്യത്തിന്റെ പൊതുബോധത്തെ മതാടിസ്ഥാനത്തിൽ റീ എഞ്ചിനിയറിങ്ങ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ തൊട്ട് ബി.ജെ.പി.യുടെ ദേശീയ നേതാക്കൾ വരെ ഒരേ സമയം കേരളത്തിലെ മുസ്‌ലിംകളുടെ മതപരമായ ചടങ്ങിൽ നടന്ന പ്രവർത്തിയെ നികൃഷ്ടമാക്കി ചിത്രീകരിക്കുന്നതിൽ മേൽ പറഞ്ഞ റീ എഞ്ചിനിയറിങ്ങിന്റെ എല്ലാ ഘടകങ്ങളുമുണ്ട്.

കേരളത്തിലെ മുസ്‌ലിംകളെ പരാമർശിച്ചു കൊണ്ടുള്ള ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവനകളിലൊക്കെ തന്നെ സ്വാഭാവികമെന്നോണമാണ് "താലിബാൻ' പ്രയോഗം കടന്നു വരുന്നത്. 2016 മുതലുള്ള സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ മുസ്‌ലിംകളെ അപകടകാരികളാക്കി ചിത്രീകരിക്കാനായി "താലിബാൻ', "ജിഹാദി'പോലുള്ള സംജ്ഞകൾ നിരന്തരം പ്രയോഗിക്കുന്നതായി കാണാം.

2018-ലെ ഫേസ്ബുക്ക് പോസ്റ്റിൽ കേരളത്തിലെ സി.പി.എമ്മിനെ സുരേന്ദ്രൻ അക്രമിക്കുന്നത് കേരളത്തിലെ സി.പി.എം. പൂർണ്ണമായും താലിബാൻ വൽക്കരിക്കപ്പെട്ടിരിക്കുകയാണ് എന്ന പ്രയോഗത്തിലൂടെയാണ്.

താലിബാനെതിരെയുള്ള ജനാധിപത്യ പ്രതിഷേധത്തെ മുസ്‌ലിം വിദ്വേഷമാക്കി രൂപാന്തരപ്പെടുത്താനാണ് ബോധപൂർവമുള്ള ഇത്തരം പ്രയോഗങ്ങളിലൂടെ സംഘപരിവാർ ശ്രമിക്കുന്നതെന്ന് ഇടതു ചിന്തകൻ കെ.ഇ.എൻ. പറയുന്നു.

പുതിയ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ കേരളത്തിലെ മുസ്‌ലിംകളെ താലിബാനുമായി കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങൾ നിരന്തരം നടന്നു കൊണ്ടിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ""1921-ലെ സമരത്തിന്റെ 100-ാം വാർഷികവേളയിൽ അതിനെ താലിബാനികൾ നടത്തിയ ഹിന്ദു വംശഹത്യയായിട്ടാണ് സംഘപരിവാർ നേതാക്കളും അതിന്റെ പ്രസിദ്ധീകരണങ്ങളും അവതരിപ്പിക്കുന്നത്. സാങ്കേതികമായി പോലും മലബാർ കലാപകാലത്ത് നിലവിൽ വന്നിട്ടില്ലാത്ത താലിബാൻ എന്ന സംഘടനയുമായി അതിനെ ബന്ധിപ്പിക്കുന്നത് താലിബാനെതിരെ നിലനിൽക്കുന്ന വെറുപ്പിനെ കേരളത്തിലെ മുസ്‌ലിംകളിലേക്ക് പകർത്താനാണ്. സംഘപരിവാറിന്റെ പ്രചാരണ യുദ്ധത്തിന്റെ ഭാഗമാണിത്.'' കെ.ഇ.എൻ. പറയുന്നു.

മലബാർ കലാപകാരികൾ സ്വാന്തന്ത്ര്യസമര സേനാനികളാണെന്ന് പറഞ്ഞ സ്പീക്കർ എം.ബി. രാജേഷിനോട്, ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണന്റെ പ്രതികരണം "താലിബാന്റെ സ്പീക്കർ അല്ല കേരളത്തിന്റെ സ്പീക്കറാണ്, എന്ന് അദ്ദേഹത്തിന് (എം.ബി. രാജേഷ്) ഓർമ്മ വേണം എന്നായിരുന്നു.'

മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന എന്തിനേയും പ്രശ്‌നവത്കരിക്കാനും തെറ്റിദ്ധരിപ്പിക്കാനും സംഘപരിവാർ നേതൃത്വം മുൻകൈയെടുത്ത് നടത്തുന്ന പ്രചാരണത്തിന്റെ തുടർച്ചയാണിതെന്ന് എസ്.എസ്.എഫ്. (സുന്നി സ്റ്റുഡന്റസ് ഫെഡറേഷൻ) സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ സി.എൻ. തിങ്കിനോട് പ്രതികരിച്ചു.

""ഇത്തരം പ്രചാരണങ്ങൾ കേവലം വൈകാരികമോ, സൈബർ പോരാളികൾ നടത്തുന്ന തെറിവിളികളോ ആയി കാണാൻ കഴിയില്ല. ഇപ്പോൾ നേർച്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദമായാലും, ക്രിക്കറ്റ് ജിഹാദ് ഉൾപ്പെടെയുള്ള ചർച്ചകളായാലും ഉന്നയിക്കുന്നത് ഉത്തരവാദപ്പെട്ടവർ തന്നെയാണ്. അതായത് ഇതൊരു ദീർഘകാലാടിസ്ഥാനത്തിലുള്ള അജണ്ടയാണ്. അപരവത്കരിച്ച് മാറ്റി നിർത്തിയാൽ ഇല്ലാതാക്കാൻ എളുപ്പമാണ്. അപരനെ നിശ്ചയിച്ച് കഴിഞ്ഞാൽ അടുത്ത പടി അവരെ മോശക്കാരാക്കി ചിത്രീകരിക്കുക എന്നതാണ്. അത് വഴി ഉൻമൂലനം എളുപ്പമാണ്. ജൂതർക്കെതിരെ ഹിറ്റ്‌ലർ സ്വീകരിച്ചതും ഇതേ തന്ത്രമായിരുന്നു. അപകടകാരിയാണ്, അപരിഷ്‌കൃതരാണ്, രാജ്യദ്രോഹികളാണ് തുടങ്ങിയ ചാപ്പയടികൾ പൂർത്തിയായാൽ ബാക്കി പണികൾ എളുപ്പമാണെന്ന് സംഘപരിവാറിന് നന്നായറിയാം.'' ജാഫർ പറയുന്നു.

മതാധിപത്യം സ്ഥാപിക്കാനുള്ള സംഘപരിവാർ പദ്ധതിയുടെ ഭാഗമാണിതെന്നും, മതങ്ങളിലെ അനാചാരങ്ങളെ വിമർശിക്കാനെന്ന വ്യാജേന മുസ്‌ലിം സ്വത്വത്തെ പൊതുമണ്ഡലത്തിൽ നിന്നും പാടെ തുടച്ചു നീക്കാനാണ് ബി.ജെ.പി ഉൾപ്പടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

""തിരഞ്ഞെടുപ്പുകളിൽ മേൽക്കൈ എന്നതിനപ്പുറം ആശയപരമായി ഒരു സമൂഹത്തിൽ വേരുറപ്പിക്കുന്നതിനുള്ള ശ്രമം കൂടി ഇതിന് പിന്നിലുണ്ട്. മതപരമായി നിർവഹിക്കപ്പെടുന്ന പല കാര്യങ്ങളും പ്രത്യക്ഷ യുക്തിക്ക് ഉൾക്കൊള്ളാനാകാത്തതുണ്ടാകാം. അവയെ ആ തലത്തിൽ നിന്ന് സഹിഷ്ണുതയോടെ നോക്കി കാണാനും സംവാദാത്മകമായി സമീപിക്കാനും ജനാധിപത്യ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്. അതിന് പകരം കാരണങ്ങൾ വ്യാജമായി പടച്ചുണ്ടാക്കി ഒരു സമൂഹത്തെ അപരവത്കരിച്ച് മാറ്റി നിർത്താനും അക്രമിക്കാനുമുള്ള ശ്രമമാണ് ഇവിടെ തുടരുന്നത്. നേർച്ചയോടനുബന്ധിച്ച് നടന്ന മന്ത്രിച്ചൂതലല്ല യഥാർഥത്തിൽ സംഘപരിവാറിന്റെ പ്രശ്നം. അതിലെ മുസ്‌ലിം സ്വത്വമാണ്. ക്രിക്കറ്റിൽ തോറ്റാൽ ടീമിലെ മുസ്‌ലിമാണ് പ്രതി എന്ന് സമർഥിക്കുന്നിടത്തേക്ക് കാര്യങ്ങളെത്തുന്നതും ഇതിന്റെ ഭാഗമാണ്.

ഹലാൽ ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദവും സമാനമാണ്. നോൺ ഹലാൽ ഭക്ഷണം വിറ്റതിന്റെ പേരിൽ അക്രമം നടത്തി എന്ന നുണ പ്രചാരണം എത്ര വേഗമാണ് സ്വീകരിക്കപ്പെട്ടത്. എന്തിനേയും താലിബാൻ, ജിഹാദ് തുടങ്ങിയ പദങ്ങൾ ചേർത്ത് ശത്രുതയുണ്ടാക്കാനുള്ള മനസ്സോടെ പ്രചാരം നൽകി വെറുപ്പും സംശയവും സൃഷ്ടിച്ച് പരസ്പരം അകറ്റിയാൽ സാമൂഹിക പ്രത്യാഘാതം ഭീകരമായിരിക്കും.''

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയെ തന്നെ ബാധിച്ചേക്കാവുന്ന ഇത്തരം സംഘടിത പ്രചാരണ യുദ്ധങ്ങൾ കേവലം മുസ്‌ലിം പ്രശ്‌നമായി മാത്രം ചുരുങ്ങേണ്ടതല്ലെന്നും ജാഫർ പറയുന്നു. ""സമൂഹമൊന്നാകെ സംബോധന ചെയ്യേണ്ട വിഷയമാണ്. കാരണം അതിന്റെ ദുരിതം അനുഭവിക്കേണ്ടിവരിക എല്ലാവരുമാണ്. അതില്ലാതാക്കാനുള്ള ഉത്തരവാദിത്വം എല്ലാ വിഭാഗം ജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമുണ്ട്.''

എന്നാൽ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം മുസ്‌ലിം ജനവിഭാഗവുമായി അകലം പാലിച്ചു നിൽക്കേണ്ടി വരുന്ന രാഷ്ട്രീയാന്തരീക്ഷം ദേശീയ രാഷ്ട്രീയത്തിലെങ്കിലും ബി.ജെ.പി സൃഷ്ടിച്ചെടുത്തിട്ടുണ്ട്.

ജിഗ്നേഷ് മേവാനിയുടേയും, കനയ്യകുമാറിന്റെയും പാർട്ടി പ്രവേശത്തിന് നൽകിയ പ്രാധാന്യവും, പഞ്ചാബിൽ ദളിത് വിഭാഗത്തിലെ ആദ്യ മുഖ്യന്ത്രിയായി ചരൺജിത്ത് സിങ്ങ് ചാന്നിയെ അവരോധിച്ചതും പ്രതീക്ഷാർഹമായി നിലനിൽക്കെ, മുസ്‌ലിം വിഭാഗങ്ങൾക്കു നേരെയുള്ള അതിക്രമങ്ങളെ കോൺഗ്രസ് പൊതുവെ അവഗണിക്കുകയാണെന്ന് കാണാം. കശ്മീർ മുസ്‌ലിംങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള ആശങ്കകൾ സജീവമാക്കി നിലനിർത്താനോ, സി.എ.എ. സമരത്തിലുൾപ്പടെയുള്ള ജനകീയ പ്രക്ഷോഭത്തിൽ ബി.ജെ.പി ടാർഗെറ്റിങ്ങിന് വിധേയരായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദ് ഉൾപ്പടെയുള്ള മുസ്‌ലിംകളുടെ കാര്യത്തിലോ കോൺഗ്രസ് താൽപര്യം പ്രകടിപ്പിച്ചു കാണുന്നില്ല.

സമാജ്‌വാദി പാർട്ടിയും തങ്ങളുടെ "മുസ്‌ലിം പാർട്ടി' ഇമേജ് ഉപേക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് സ്‌ക്രോളിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അരുണഭ് സൈകിയ ഉദാഹരണ സഹിതം വ്യക്തമാക്കുന്നു. ബി.ജെ.പിയുടെ പ്രചാരണങ്ങളെ ചെറുക്കാനാണിത്. ഇത്തരത്തിൽ നേരിട്ടും അല്ലാതെയും മുസ്‌ലിംകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തലാണ് സംഘപരിവാർ പദ്ധതി.

കേരളത്തിൽ അപരമത വിദ്വേഷത്തിലൂന്നിയുള്ള പ്രചാരണങ്ങൾ ബി.ജെ.പി.യെ തെരഞ്ഞെടുപ്പ് ജയത്തിന് സഹായിക്കില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയിരുന്നു. എന്നാൽ സമീപഭാവിയിലെ തെരഞ്ഞെടുപ്പ് ജയത്തെക്കാൾ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളിലൂടെ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത് കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ അസ്ഥിരപ്പെടുത്താനാണ്.

സംഘപരിവാർ മുന്നോട്ടു വെക്കുന്ന ഈ രാഷ്ട്രീയത്തിനെതിരെ ദേശീയ പാർട്ടികളുടെ, പ്രത്യേകിച്ച് കോൺഗ്രസിന്റെ പ്രതികരണം പ്രതിലോമകരമാണെന്ന് കെ.ഇ.എൻ. സ്ഥാപിക്കുന്നത് ഇങ്ങനെയാണ്, ""മൃദുഹിന്ദുത്വ പദ്ധതിയിലൂടെ കോൺഗ്രസ് ശ്രമിക്കുന്നത് ബി.ജെ.പിയുടെ ഹിന്ദുത്വ ബ്രാന്റിന് ബദൽ കൊണ്ടുവന്ന് അതിൽ ആകൃഷ്ടരായവരെ തൃപ്തിപ്പെടുത്താനാണ്. ഫാസിസത്തെ ഒരിക്കലും തൃപ്തിപ്പെടുത്താൻ കഴിയില്ല, അതിനെ പരാജയപ്പെടുത്താനല്ലാതെ.''

കോൺഗ്രസിന് കപട മതേതര പാർട്ടിയെന്ന ലേബൽ പതിച്ചു നൽകാൻ ബി.ജെ.പി പ്രധാനമായും ഉപയോഗിച്ചത് മുസ്‌ലിംകളെയായിരുന്നു. മുസ്‌ലിം ജനവിഭാഗത്തിന് കോൺഗ്രസ് ഭരണകാലത്ത് പൊതുമണ്ഡലങ്ങളിൽ ഉണ്ടായിരുന്ന സ്വാഭാവിക സ്വീകാര്യതയെ മുസ്‌ലിം പ്രീണനമായാണ് ബി.ജെ.പി. ചിത്രീകരിച്ചത്. തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങൾ മുസ്‌ലിം വിഭാഗവുമായി അകലം പാലിക്കാൻ കോൺഗ്രസിനെയും നിർബന്ധിതരാക്കിയതായി അനുമാനിക്കാം.

Comments