മകൻ മുസ്​ലിം യുവതിയെ വിവാഹം കഴിച്ചതിന്​ അച്​ഛന്​ ക്ഷേത്രങ്ങളുടെ ഊരുവിലക്ക്​

സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സവിശേഷതകൾ ഏറെയുള്ള കരിവെള്ളൂരിലാണ് മകൻ മുസ്​ലിം യുവതിയെ വിവാഹം കഴിച്ചതിന്​ കലാകാരനായ പിതാവിനെതിരെ ക്ഷേത്ര കമ്മിറ്റികൾ ഊര് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ബ്രിട്ടീഷ് വാഴ്ചയ്ക്കും ജന്മിത്വത്തിനുമെതിരെ സമരം ചെയ്ത് രക്തസാക്ഷിത്വം വരിച്ച കർഷക പോരാളികളുടെ സ്മരണകളുറങ്ങുന്ന നാടാണ് കരിവെള്ളൂർ. ഉത്തരമലബാറിലെ പ്രസിദ്ധമായ മുച്ചിലോട്ട് ഭഗവതി തെയ്യത്തിന്റെ ആസ്ഥാനം കൂടിയായ ഈ കർഷക ഗ്രാമം പ്രാചീനോത്സവ കലകളുടെ ഈറ്റില്ലമാണ്. കരിവെള്ളൂരിലെ കുണിയൻപുഴയുടെ തീരത്തെ തെരുകുതിരിൽ ജനിച്ചു വളർന്ന വിനോദ് എന്ന യുവാവ് ചെറുപ്പം മുതലേ ഭഗവതികാവുകളിലെ അനുഷ്ഠാന കലകളിൽ വലിയ താത്പര്യം കാണിച്ചു. കാവുകളിൽ മീനമാസത്തിലെ കാർത്തിക മുതൽ പൂരം വരെയുള്ള ഒമ്പത് ദിവസങ്ങളിലായി നടത്തപ്പെടുന്ന അനുഷ്ഠാന കലയായ പൂരക്കളിയിലും അനുബന്ധ കലയായ മറുത്തുകളിയിലും പതിവിൽ കവിഞ്ഞ താത്പര്യം കാണിച്ച വിനോദിനെ കുടുബം പാരമ്പര്യ കലകൾ പഠിക്കുന്നതിനായി പറഞ്ഞയച്ചു.

ഉത്തരമലബാറിന്റെ ഭൂമിശാസ്ത്ര സാമൂഹിക സവിശേഷതകളുമായും പ്രാദേശിക ഐതിഹ്യങ്ങളുമായുമെക്കെ ബന്ധപ്പെട്ട് കിടക്കുന്ന അനുഷ്ഠാന കലകൾ പഠിച്ചുവളർന്ന വിനോദ് പതിയെ "പണിക്കർ' പദവി നേടി. ക്ഷേത്രങ്ങളിൽ പൂരോത്സവ കാലത്ത് പൂരക്കളിക്ക് നേതൃത്വം നൽകുന്നത് പണിക്കൻമാരാണ്. കഴിഞ്ഞ 38 വർഷമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽ പൂരക്കളിക്ക് നേതൃത്വം നൽകിവരികയായിരുന്ന വിനോദിന് കഴിഞ്ഞ രണ്ട് വർഷമായി ജന്മനാട്ടിലെ ക്ഷേത്രങ്ങളിൽ ഊര് വിലക്കാണ്. കുട്ടിക്കാലം മുതൽ താൻ ഭാഗമായ, സ്വന്തം ക്ഷേത്രത്തിലെ പൂരക്കളിയിൽ നിന്നും വിനോദ് അയിത്തം കൽപിക്കപ്പെട്ട് മാറ്റിനിർത്തപ്പെട്ടതിന്റെ കാരണം അദ്ദേഹത്തിന്റെ മകൻ ഒരു മുസ്‌ലിം യുവതിയെ വിവാഹം ചെയ്തു എന്നതാണ്.

മകന്റെ വിവാഹം, അയിത്തം പിതാവിന്​

സാധാരണയായി പൂരോത്സവത്തിന് നാലും അഞ്ചും വർഷങ്ങൾക്ക് മുന്നേ സമുദായക്കാർ പണിക്കൻമാരെ നിശ്ചയിച്ചുറപ്പിക്കുന്നതാണ് പതിവ്. ഇതനുസരിച്ച് കരിവെള്ളൂർ വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിലും കുണിയൻ ശ്രീ പറമ്പത്ത് ഭഗതവതി ക്ഷേത്രത്തിലും പൂരോത്സവത്തിന് നിശ്ചയിച്ചിരുന്നത് വിനോദ് പണിക്കരെയായിരുന്നു.

ഇതിനിടയിലാണ് 2018 ൽ വിനോദിന്റെ മകനായ പാരലൽ കോളേജ് അധ്യാപകൻ വിപിൻ കുമാർ കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ആഷിന എന്ന മുസ്‌ലിം യുവതിയെ പ്രണയ വിവാഹം കഴിക്കുന്നത്. ഇത് ക്ഷേത്ര കമ്മിറ്റിക്ക് വലിയ പ്രശ്നമായി. പൂരോത്സവത്തിന്റെ ഭാഗമായി ക്ഷേത്രകമ്മിറ്റികൾ പണിക്കൻമാരെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങുണ്ട്. ഇതര മതവിഭാഗത്തിൽപ്പെട്ട യുവതി താമസിക്കുന്ന വീട്ടിൽ നിന്ന്​ ചടങ്ങുകൾക്കായി വിനോദ് പണിക്കരെ കൂട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നായിരുന്നു ക്ഷേത്ര കമ്മിറ്റികളുടെ നിലപാട്. മരുമകളെ വീട്ടിൽ നിന്നും മാറ്റിത്താമസിപ്പിക്കണമെന്നായി ക്ഷേത്രകമ്മിറ്റിക്കാരുടെ പക്ഷം. താൻ പഠിച്ച അനുഷ്ഠാന കലകളുടെ ധാർമികതയുമായി ഇത് യോജിക്കില്ലെന്നും മരുമകളെ വീട്ടിൽ നിന്നും മാറ്റില്ലെന്നുമുള്ള നിലപാട് അദ്ദേഹം സ്വീകരിച്ചു. അതോടെ ക്ഷേത്ര ഭാരവാഹികൾ വിനോദ് പണിക്കർക്ക് ഊരുവിലക്ക് കൽപ്പിച്ചു.

""പൂരക്കളിയിൽ നിന്നും മറുത്തുകളിയിൽ നിന്നും പുറത്താക്കപ്പെട്ടാൽ എന്റെ വരുമാനം നിലക്കും. എങ്കിലും മകനെയും മരുമകളെയും വീട്ടിൽ നിന്നിറക്കിക്കൊണ്ട് ഒരു വരുമാനവും എനിക്കാവശ്യമില്ല. വിവാഹം, വിശ്വാസം എന്നതൊക്കെ ആളുകളുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ ഇടപെടേണ്ട കാര്യം ക്ഷേത്ര കമ്മിറ്റിക്കില്ല. എന്റെ മകന്റെ വിവാഹത്തിന്റെ പേരിൽ എന്നോട് അയിത്തം കൽപിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല,'' വിനോദ് പണിക്കർ തിങ്കിനോട് പറഞ്ഞു.

മകന്റെ വിവാഹ ശേഷവും പയ്യന്നൂർ പരവന്തട്ട ശ്രീ ഉദയപുരം ക്ഷേത്രത്തിൽ വിനോദ് മറത്തുകളി നടത്തിയിട്ടുണ്ട്. മാതമംഗലം പുലിയൂരുകാളി ക്ഷേത്രത്തിൽ നിന്നും പട്ടും വളയും നേടിയ, എല്ലാ ക്ഷേത്ര ചിട്ടവട്ടങ്ങളും അനുസരിച്ച് ജീവിക്കുന്ന പൂർണ വിശ്വാസിയായ തന്നെയെന്തിന് ശിക്ഷിക്കുന്നു എന്നാണ് വിനോദ് പണിക്കർ ചോദിക്കുന്നത്.

പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല

നാല് പതിറ്റാണ്ടോളമായി പൂരക്കളി, മറത്തുകളി രംഗത്തുള്ള വിനോദ് പണിക്കർക്ക് സംസ്ഥാന സർക്കാറിൽ നിന്നുള്ള പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മകന്റെ വിവാഹത്തിന്റെ പേരിൽ തന്നോട് ക്ഷേത്ര കമ്മിറ്റികൾ സ്വീകരിക്കുന്ന വിവേചനത്തിനെതിരെ വിനോദ് പലയിടങ്ങളിലും പരാതിപ്പെട്ടിരുന്നു. സി.പി.എമ്മിന് വലിയ സ്വാധീനമുള്ള മേഖലായയിതാൽ പ്രദേശങ്ങളിലെ ക്ഷേത്ര കമ്മിറ്റികളിലും ഇടതുപക്ഷത്തിനാണ് മേൽക്കൈ. ഈയിടെ കരിവെള്ളൂർ സമരത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഇ.എം.എസ് പഠനകേന്ദ്രത്തിന്റെ ഭാഗമായി കരിവെള്ളൂർ രക്തസാക്ഷി നഗറിൽ പൂരക്കളി അവാർഡ് ജേതാക്കൾക്കുള്ള അനുമോദച്ചടങ്ങ് നടന്നിരുന്നു. ഈ ചടങ്ങിൽ വെച്ച് തനിക്ക് നേരെയുള്ള വിലക്കിനെക്കുറിച്ച് വിനോദ് പരസ്യമായി തുറന്നു സംസാരിക്കുകയും ചെയ്തു. എങ്കിലും ഫലമുണ്ടായില്ല.

""ക്ഷേത്ര കമ്മിറ്റികളിൽ ധാരാളം ഇടതുപക്ഷ പ്രവർത്തകരുണ്ട്. പുറമെ പുരോഗമന സ്വഭാവം സ്വീകരിക്കുന്ന പലരും മതത്തിന്റെ കാര്യത്തിലെത്തുമ്പോൾ സമീപനം മാറും. പ്രാചീന ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഇത്തരം അനുഷ്ഠാന കലകളെ അന്ധമായ മതബോധത്തിലേക്ക് കൊണ്ടുപോകുന്നത് ഒട്ടും ശരിയല്ല. എന്റെ മകൻ മറ്റൊരു മതത്തിൽപെട്ടയാളെയാണ് വിവാഹം കഴിച്ചത്. അവർ അവരുടേതായ വിശ്വാസങ്ങളുമായി ഞങ്ങളുടെ വീട്ടിൽ ജീവിക്കുന്നു. ഞങ്ങൾക്കോ അവർക്കോ അതിൽ യാതൊരു ബുദ്ധിമുട്ടുമില്ല, സർമതസാരവുമേകം എന്നതാണ് ഞാൻ പഠിച്ചതും വിശ്വസിക്കുന്നതും,'' വിനോദ് തിങ്കിനോട് പറഞ്ഞു.

ക്ഷേത്ര കമ്മിറ്റിയുടെ നടപടികളെ പൂർണമായും എതിർക്കുന്ന നിലപാടാണ് സി.പി.എമ്മിന്റെ ഔദ്യോഗിക നേതൃത്വം സ്വീകരിച്ചത്. ഇടത് സ്വാധീനമുള്ള മേഖലയായതിന്റെ പേരിൽ ക്ഷേത്ര കമ്മിറ്റിയുടെ നിലപാടിനെ പാർട്ടിയുമായി ബന്ധപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ തിങ്കിനോട് പറഞ്ഞത്. ""ക്ഷേത്ര കമ്മിറ്റികളുടെ ഈ നടപടി തീർത്തും തെറ്റാണ്. ഒരു ചെറുപ്പക്കാരൻ തനിക്കിഷ്ടപ്പെട്ട ഒരാളെ വിവാഹം കഴിച്ച് ജീവിക്കുന്നു എന്നതിന്റ പേരിൽ ഒരാൾക്ക് വിലക്ക് കൽപിക്കാൻ പാടില്ല. ജാതി-മത-ഭാഷാ ഭേദങ്ങളില്ലാതെ കല പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ക്ഷേത്ര കമ്മിറ്റിയുടെ സമീപനങ്ങൾക്കെതിരായ നീക്കങ്ങൾ പാർട്ടിയുടെ ഭാഗത്ത് നിന്നുമുണ്ടാകും,'' എം.വി. ജയരാജൻ കൂട്ടിച്ചേർത്തു.

എന്നാൽ, വിശ്വാസികളുടെ വികാരം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് കുണിയൻ ഭഗവതി ക്ഷേത്ര ഭാരവാഹികളുടെ പ്രതികരണം. പണിക്കരെ ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന ചടങ്ങിന്റെ ഭാഗമായി ക്ഷേത്രം പവിത്രമായി കരുതിപ്പോരുന്ന ആചാരവടിയും മുദ്രയും പൂജാമുറിയിൽ വെക്കുക എന്നൊരു കർമ്മം കൂടി നടത്തുന്നുണ്ട്. അന്യമതസ്ഥർ പെരുമാറുന്ന ഒരു പൂജാമുറിയിൽ ആ കർമ്മം നടത്താൻ പറ്റില്ലെന്നതാണ് ക്ഷേത്രസമിതിയുടെ തീരുമാനം.

"രണ്ട് തവണ ജനറൽ ബോഡികൾ ചേർന്നു. യോഗ തീരുമാനം അനുസരിച്ചാണ് നടപടി. ക്ഷേത്രത്തിന് ഇതര മതങ്ങളോട് എതിർപ്പില്ല. എല്ലാവർക്കും പ്രവേശനമുണ്ട്. എന്നാൽ ആചാരങ്ങൾ പാലിക്കേണ്ടതുണ്ട്', എന്നാണ് കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രം സമുദായി കെ.വി. ഭരതന്റെ പ്രതികരണം.

പ്രതിഷേധങ്ങൾ വ്യാപകമാകുന്നു

വിനോദ് പണിക്കരെ പൂരക്കളിയിൽ നിന്ന് വിലക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഇപ്പോൾ ഉയർന്നുവരുന്നത്. നവമാധ്യമങ്ങളിലാണ് വിഷയം ആദ്യം ചർച്ചയായതെങ്കിലും പിന്നീട് മുഖ്യധാര മാധ്യമങ്ങളും ഏറ്റെടുത്തു. വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും വിനോദ് പണിക്കർക്ക് ഐക്യദാർഢ്യവുമായി എത്തിയിട്ടുണ്ട്.

ക്ഷേത്ര കമ്മിറ്റി കലാകാരനെ വിലക്കിയത് നാട്ടുകാരോ വിശ്വാസികളോ അംഗീകരിക്കുന്നില്ലെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ പറഞ്ഞു. ക്ഷേത്ര ഭാരവാഹികളുടെ നടപടി ഭരണഘടനാവിരുദ്ധവും, പൗരാവകാശ ലംഘനവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കുടുംബത്തിലൊരാൾ മതേതരമായ ജീവിതരീതി സ്വീകരിച്ചു എന്നതിന്റെ പേരിൽ നേരത്തെ നിശ്ചയിച്ച പണിക്കർ സ്ഥാനത്ത് നിന്ന് നീക്കി കലാകാരനെ ബഹിഷ്‌കരിക്കുന്ന ക്ഷേത്രാധികാരികൾ കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാനാവാത്ത അപരിഷ്‌കൃതരാണെന്ന് പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) പയ്യന്നൂർ മേഖലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കലയും സാഹിത്യവുമെല്ലാം ആത്യന്തികമായി മനുഷ്യ പുരോഗതിക്ക് വേണ്ടിയുള്ളതാണ്. സമൂഹത്തെ പിൻനടത്തുന്ന ഇത്തരം തീരുമാനങ്ങൾ വിശ്വാസികൾ ഒന്നടങ്കം എതിർത്തുതോൽപ്പിക്കണമെന്നും പു.ക.സ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

നാടിനെ ഇരുണ്ട കാലത്തേക്ക് തിരികെ വലിക്കുന്ന അപരിഷ്‌കൃത കാഴ്ചപ്പാടുകളെയും പൊതു സമൂഹം ചെറുത്ത് തോൽപ്പിക്കണമെന്നാണ് വിഷയത്തിൽ ഡി.വൈ.എഫ്.ഐ പ്രസ്താവനയിലൂടെ അറിയിച്ചത്.

എന്താണ് പൂരക്കളിയും മറുത്തുകളിയും

കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഭഗവതികാവുകളിൽ മീനമാസത്തിലെ കാർത്തിക മുതൽ പൂരം വരെയുള്ള ഒമ്പത് ദിവസങ്ങളിലായി നടത്തപ്പെടുന്ന അനുഷ്ഠാന കലാവിശേഷമാണ് പൂരക്കളി. കുട്ടികൾ മുതൽ വയോധിക
ർ വരെ ഏത് പ്രായത്തിലുള്ളവർക്കും ഇതിൽ പങ്കെടുക്കാം. ചന്ദ്രഗിരിപ്പുഴ മുതൽ വളപട്ടണം പുഴ വരെയാണ് പൂരക്കളി നടക്കുന്ന സ്ഥലമായി പരിഗണിച്ചു വരുന്നത്

പൂരക്കളിയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന മത്സര/പ്രദർശനക്കളിയാണ് മറുത്തു കളി. തിയ്യ സമുദായത്തിന്റെ കഴകങ്ങളിലോ കാവുകളിലോ വച്ച് പൂരക്കളി സംഘങ്ങൾ സംവാദത്തിലൂടെ തങ്ങളുടെ മികവു പ്രകടിപ്പിക്കുന്ന രീതിയാണിത്. പൂരക്കളിയുടെ ഭാഗമായി തന്നെ മറത്തുകളി നടത്തുകയാണ് ചെയ്യുക. രണ്ട് ക്ഷേത്രങ്ങൾ തമ്മിലായിരിക്കും മറുത്തുകളി നടക്കുക. പൂരക്കളിയേക്കാൾ വാശിയും വേഗതയും ഉള്ളതിനാൾ വലിയ ജനാവേശത്തോടെയാണ് മറത്തുകളി നടത്തപ്പെടുക. വടക്കൻ കേരളത്തിലെ തിയ്യ സമൂഹത്തിന്റെ സംഭാവനയാണ് മറുത്തുകളിയും പൂരക്കളിയും. സാഹിത്യം, നൃത്തം, സംഗീതം തുടങ്ങിയവയുടെയെല്ലാം സമ്മേളനം കൂടിയാണ് ഈ കലാരൂപങ്ങൾ.

Comments