ജോർജ് എം തോമസിന്​ സി.പി.എം നാക്കുപിഴ ആനുകൂല്യം നൽകരുത്​

ണ്ട് മതത്തിൽ പെട്ടവർ തമ്മിൽ വിവാഹം കഴിച്ചാൽ എന്ത് സംഭവിക്കും. ഒന്നും സംഭവിക്കേണ്ടതില്ല. അവർ അവരുടെ താത്പര്യ പ്രകാരം ജീവിക്കും. എന്നാൽ കോഴിക്കോട് തിരുവമ്പാടിയിൽ
ഡി.വൈ.എഫ്.ഐ. കണ്ണോത്ത് മേഖലാ സെക്രട്ടറിയും സി.പി.എം. ലോക്കൽ കമ്മിറ്റിയംഗവുമായ എം.എസ്. ഷെജിനും കോടഞ്ചേരി തെയ്യപ്പാറ സ്വദേശിനിയായ, വിദേശത്ത് ജോലി ചെയ്യുന്ന ജോയ്സ്ന മേരി ജോസഫും തമ്മിൽ വിവാഹം കഴിച്ചത് വലിയ കോലാഹലങ്ങൾക്കാണ് കാരണമായത്.

മിശ്ര വിവാഹങ്ങളെ ചൊല്ലി എന്തെങ്കിലുമൊക്കെ പുകിലുകളുണ്ടാകുന്നത് കേരളത്തിൽ ഇതാദ്യമായല്ല. എന്നാൽ ഷെജിന്റെയും ജോയ്‌സ്‌നയുടെയും വിവാഹത്തിനെതിരെ ആദ്യം പ്രദേശത്തെ ക്രൈസ്തവ വിശ്വാസികൾ സംഘടിതമായി തെരുവിലിറങ്ങി. തൊട്ടുപിന്നാലെ ഷെജിൻ ഭാഗമായ പാർട്ടിയുടെ, സ്ഥലത്തെ സമുന്നത നേതാവും മുൻ എം.എൽ.എയുമായ ജോർജ് എം തോമസ് ഈ വിവാഹത്തെ ലവ് ജിഹാദിന്റെ സംശയമുനയിൽ നിർത്തുന്ന തരത്തിലുള്ള പ്രസ്താവനയുമായി മുന്നോട്ടുവന്നു. അത് മാത്രവുമല്ല കേരളത്തിൽ ലവ് ജിഹാദ് നടക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം "ഇത്തരം തെറ്റുകൾ' എന്നാണ് മിശ്രവിവാഹത്തെ അഭിസംബോധന ചെയ്തത്.

വിഷയം, വലിയ വിവാദമായി. ഇരുട്ട് പുലരും മുമ്പ് ജോർജ് എം തോമസിന് തന്റെ പ്രസ്താവനകൾ പിൻവലിക്കേണ്ടി വന്നു. രാത്രിക്ക് രാത്രി തന്നെ ജോർജ് എം തോമസിന്റെ പ്രസ്താവന തെറ്റാണെന്നും മതേതര വിവാഹങ്ങൾക്ക് പിന്തുണ നൽകുന്നതാണ് തങ്ങളുടെ രാഷ്ട്രീയ പാതയെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയിറക്കി. അതിരാവിലെ തന്നെ ജോർജ് എം തോമസിന്റെ പരാമർശങ്ങളെ തള്ളിക്കൊണ്ട് പാർട്ടിയുടെ ജില്ലാ സെക്രട്ടറി പി. മോഹനനും രംഗത്ത് വന്നു. ജോർജ് എം തോമസ് തനിക്ക് തെറ്റുപറ്റിയതായി പാർട്ടിയെ അറിയിച്ചുവെന്നും അതൊരു നാക്കുപിഴയായി കണക്കാക്കണമെന്നും ജില്ലാ സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചു. പാർട്ടിയുടെ വിവിധ ഘടകങ്ങളിലുള്ള ഉന്നത നേതൃത്വങ്ങളെല്ലാം ലവ് ജിഹാദ് എന്ന കുപ്രരണത്തിൻമേലുള്ള സി.പി.എം നിലപാട് കൃത്യമായി ആവർത്തിച്ചു.

യാതൊരു അർത്ഥശങ്കയ്ക്കുമിടയില്ലാത്ത വിധം മണിക്കൂറുകൾക്കുള്ളിൽ തെറ്റ് തിരുത്തിയ സി.പി.ഐ.എമ്മിന്റെ നിലപാട് അക്ഷരാർത്ഥത്തിൽ പിന്തുണയർഹിക്കുന്നതും മാതൃകാപരവുമാണ്. എന്നാൽ ഒരു കാര്യം ബാക്കിയുണ്ട്. ജോർജ് എം തോമസിന്റെ പ്രസ്താവനയെ പി. മോഹനൻ മാസ്റ്റർ പറഞ്ഞതുപോലെ കേവലം ഒരു നാക്കുപിഴയായി വിലയിരുത്താനാവില്ല എന്നത്.

ഇന്ത്യയിലെ മുസ്ലിങ്ങളെ ഉൻമൂലനം ചെയ്യാനായി ഹിന്ദുത്വ ശക്തികൾ ആസൂത്രണം ചെയ്ത് നിർമിച്ചെടുത്ത ലവ് ജിഹാദ് എന്ന വ്യാജ തിരക്കഥയിൽ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ളവരും വീണിരിക്കുന്നു എന്നതിന്റെ സൂചനയാണത്. മതേതര വിവാഹങ്ങളെ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുന്ന, യുവനേതാക്കളിൽ ധാരാളം പേർക്ക് മിശ്രവിവാഹ പശ്ചാത്തലമുള്ള ഒരു പാർട്ടിയുടെ പ്രതിനിധി ആ പാർട്ടിയുടെ ഔദ്യോഗിക നിലപാടുമായി യാതൊരു ബന്ധവുമില്ലാത്ത, ഹിന്ദുത്വ പ്രചരണങ്ങൾ ഏറ്റുപാടുന്നത് അത്ര നിഷ്‌കളങ്കമായ ഒരു രാഷ്ട്രീയ സന്ദർഭമല്ല. അതിന് ഗുരുതരമായ ചില മാനങ്ങളുണ്ട്.

വിവിധ അന്വേഷണ കമ്മീഷനുകളും കോടതിയുമെല്ലാം നടത്തിയ നീണ്ട അന്വേഷണത്തിലൂടെ വെറും നുണയെന്ന് കണ്ടെത്തിയ ലവ് ജിഹാദ്, ഈ നാട്ടിലുണ്ടെന്ന് പറഞ്ഞ് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ച പാർട്ടി നേതാവിന്റെ പരാമർശങ്ങൾക്ക് നാക്കുപിഴയെന്ന ആനുകൂല്യം നൽകാതെ അതിൻമേൽ രാഷ്ട്രീയ തീരുമാനം കൈക്കൊള്ളാനുള്ള ഉത്തരവാദിത്വം സി.പി.എമ്മിനുണ്ട്. അല്ലെങ്കിൽ ഇനിയുമനേകം പ്രണയിതാക്കൾ ഹിന്ദുത്വബോധത്തിന്റെ വിചാരണക്കോടതിയിൽ പ്രതികളായി നിൽക്കേണ്ടി വരും.
പ്രണയത്തെ പ്രണയമായി കാണാനുള്ള സാമൂഹിക രാഷ്രീയബോധത്തിലേക്ക് തന്നെയാണ് നാം പുതിയ തലമുറയെ നയിക്കേണ്ടത്.

മുസ്ലീം മതവിഭാഗത്തോടുള്ള വിദ്വേഷത്താൽ സംഘപരിവാർ സംഘടനകൾ ബോധപൂർം രൂപപ്പെടുത്തിയ ലവ് ജിഹാദ് ക്യാംപയിൻ ഇതര വിഭാഗങ്ങളും ഏറ്റുപിടിച്ചതോടെ മതേതര പ്രണയബന്ധങ്ങൾക്ക് മേൽ സംശയത്തിന്റെ നിഴൽ വീഴുകയാണ്. പൊതു സമൂഹത്തിന്റെ സാമൂഹിക അവബോധത്തിൽ പ്രണയത്തെക്കുറിച്ചുള്ള ഭീതികൾ ശക്തമാവുകയാണ്.

ജാതിമത മതിൽക്കെട്ടുകളുടെ സുശക്തമായ തടവറകളെ ഭേദിച്ച് മാനവികതയുടെ വിശാലമായ സാമൂഹിക ഇടം വികസിപ്പിക്കുന്നതിൽ മതേതര വിവാഹങ്ങൾ ചരിത്രപരമായി തന്നെ പങ്ക് വഹിച്ചിട്ടുണ്ട്. കേരള നവോത്ഥാനത്തിന്റെ ഭാഗമായി നടന്ന സാമൂഹിക പരിഷ്‌കരണ പ്രക്രിയയിൽ വ്യവസ്ഥാപിതത്വത്തിന്റെ വേരറുത്ത പ്രണയ ബന്ധങ്ങൾക്കും വിവാഹങ്ങൾക്കും സവിശേഷമായ ഒരു സ്ഥാനവുമുണ്ട്.
ബോധപൂർമോ അല്ലാതെയോ അതിൽ കണ്ണികളായിത്തീർന്ന എത്രയോ കമിതാക്കൾ, അവരുടെ തലമുറകൾ. മതവെറിയില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിനുള്ള രാഷ്ട്രീയ പ്രക്രിയയിലാണ് അവരെല്ലാം ഭാഗമായത്. ഏകശിലാത്മകമായ ഒരു ഇന്ത്യയെയും ഒരു സംസ്‌കാരത്തെയും ഒരു ദേശീയതെയും നിർമിച്ചെടുക്കാനുള്ള ഹിന്ദുത്വ പദ്ധതികൾക്ക് വേണ്ടത് ഹിന്ദുക്കളും അതിന് പുറത്തുള്ളവരുമാണ്. സാംസ്‌കാരികമായ കലർപ്പുകളെ അവർ ഭയക്കുന്നത് അതുകൊണ്ടാണ്.

ഷെജിനും ജോയ്‌സ്‌നയും ലവ് ജിഹാദിലെ കണ്ണികളായി ചിത്രീകരിക്കപ്പെട്ട അതേ ദിവസങ്ങളിൽ തന്നെയാണ് രാമനവമി ആഘോഷങ്ങളുടെ പേരിൽ ഇന്ത്യയുടെ പല ഭാഗങ്ങളിൽ മുസ്ലീങ്ങൾ ക്രൂരമായി ആക്രമിക്കപ്പെട്ടത്. മുസ്ലിങ്ങളുടെ വീടുകളും കടകളും പള്ളികളുമെല്ലാം തകർക്കപ്പെട്ടത്.
ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടിയുള്ള സംഘപരിവാർ പദ്ധതിയുടെ വിവിധ ഘട്ടങ്ങളാണ് ഇവയെല്ലാമെന്ന് തിരിച്ചറിയാനുള്ള വിവേകം ജോർജ് എം തോമസിന് ഉണ്ടാകണമെന്നില്ല. പക്ഷേ സി.പി.എം അതിനുള്ള ആർജവം കാണിക്കേണ്ടതുണ്ട്.

ഇന്ത്യയിൽ ഇതിനകം അനേകം കുരുതികൾക്കും കലാപങ്ങൾക്കും കാരണമായ മാരക പ്രഹര ശേഷിയുള്ള സംഘപരിവാർ നുണ ഏറ്റുപാടിയ സി.പി.എം നേതാവിന് നേരെ നടപടിയുണ്ടാകേണ്ടതുണ്ട്.

Comments