‘മാർപ്പാപ്പയുടെ തൃശൂർ സന്ദർശനവേളയിൽ സ്‌ഫോടനം നടത്താനൊരുങ്ങിയ പുരോഹിതൻ’: പുറത്താക്കപ്പെട്ട പുരോഹിതന്റെ വെളിപ്പെടുത്തൽ

ഞാൻ എം. എ. പരീക്ഷയ്ക്ക് ഒരുങ്ങുന്നതിനിടെയാണ്​, ഒരു ദിവസം ക്രൈംബ്രാഞ്ച് ഇന്റലിജൻസ് ഓഫീസർ എന്നെ തേടിവന്നത്​. മാർപ്പാപ്പയുടെ തൃശൂർ സന്ദർശനവേളയിൽ സ്‌ഫോടനം നടത്താൻ സാധ്യതയുള്ളവരുടെ ലിസ്റ്റിൽ എന്റെ പേരും ഉണ്ടായിരുന്നു. ഞാനർഹിക്കാത്ത എന്തൊക്കെ ‘അംഗീകാര'ങ്ങളാണ് ബിഷപ്പ് എനിക്ക് സൗജന്യമായി ചാർത്തിത്തന്നത്!

ക്രിസ്ത്യൻ സഭയ്ക്കകത്ത് ജീവിച്ചപ്പോഴും, സഭയ്ക്കുപുറത്തെ പൊതുസമൂഹത്തിന്റെ നൈതികതയിലും ധാർമികതയിലും വിശ്വസിക്കുകയും തന്റെ പ്രവർത്തനങ്ങളെ അത്തരത്തിൽ വിപുലപ്പെടുത്തുകയും ചെയ്ത ജോർജ് പുലികുത്തിയേൽ എന്ന പുരോഹിതന്റെ, സഭയുമായുള്ള പോരാട്ടത്തിന്റെ അറിയപ്പെടാത്ത കഥയിലെ അധ്യായമാണിത്. തൃശൂരിൽ രൂപീകരിച്ച വിശ്വദർശന എന്ന സാംസ്‌കാരിക കേന്ദ്രത്തിലൂടെ നടത്തിയ പ്രവർത്തനങ്ങൾ, വിമോചന ദൈവശാസ്ത്രത്തെക്കുറിച്ച് നടന്ന ആശയസംവാദം തകർക്കാൻ സഭ നടത്തിയ ഇടപെടലുകൾ, അതിന്റെ പേരിൽ പുരോഹിതന് നേരിടേണ്ടിവന്ന വിലക്കുകൾ, ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തിനെതിരെ സഭ വിശ്വാസികളെ അണിനിരത്തി നടത്തിയ പ്രകോപനങ്ങൾ, മാർപ്പാപ്പയുടെ സന്ദർശനവേളയിൽ സ്ഫോടനം നടത്താൻ സാധ്യതയുള്ളവരുടെ ലിസ്റ്റിൽ ​പെടുത്തി നടന്ന വേട്ടയാടലുകൾ എന്നിവയെക്കുറിച്ച്, പിന്നീട് സഭയിൽനിന്ന് പുറത്താക്കപ്പെട്ട ജോർജ് പുലികുത്തിയേൽ എഴുതുന്നു. പുരോഹിതവേഷത്തിനുപുറത്തും, കറുത്ത ക്രിസ്​തുവിന്റെ രാഷ്​ട്രീയം തന്നെയാണ്​ അദ്ദേഹം ഇപ്പോഴും ഉയർത്തിപ്പിടിക്കുന്നത്​.
തൃശൂർ ആസ്​ഥാനമായി, മനുഷ്യാവകാശത്തിനുവേണ്ടി പ്രവർത്തിക്കുന്ന ജനനീതി എന്ന സെക്യുലർ കലക്​റ്റീവിന്റെ സെക്രട്ടറിയാണ്​ അദ്ദേഹം ഇപ്പോൾ.​

വിശ്വദർശനയുടെ തുടക്കം

മുംബൈയിലെ പ്രസിദ്ധമായ സെൻറ്​ സേവ്യേഴ്സ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര പഠനത്തിന് സീറ്റ് ഉറപ്പിച്ച ശേഷമാണ് ഞാൻ തൃശ്ശൂരിൽ തിരിച്ചെത്തുന്നത്. സ്‌കൂൾ വിദ്യാഭ്യാസം മുതൽ സി. എം. ഐ. സമൂഹത്തിന് എന്റെ സർഗ്ഗവാസനകളറിയാമായിരുന്നതിനാലും ചാവറ സെന്ററിൽ ഞാൻ മഹത്തായ എന്തൊക്കെയോ ചെയ്തു എന്നവർ അറിഞ്ഞിരുന്നതുകൊണ്ടും എന്നെ ഉപയോഗിച്ച് ചാവറ സെന്റർ മാതൃകയിൽ തൃശ്ശൂരിലും ഒരു സാംസ്‌കാരികകേന്ദ്രം വേണമെന്ന് തൃശൂർ പ്രവിശ്യ മേലധികാര സമിതിക്ക് തോന്നി.

കേരളത്തിലെ എല്ലാ വൻ സംഭവങ്ങളും തൃശൂരിൽ ഉണ്ടാകണമെന്നത് തൃശൂരിന്റെ മനഃശാസ്ത്രവും സ്വകാര്യമായ അഹങ്കാരവുമാണ്. തൃശൂർ പ്രൊവിൻസിലെ അന്നത്തെ പ്രൊവിൻഷ്യലിന് എന്നോട് വ്യക്തിപരമായി വലിയ സ്നേഹവും മതിപ്പുമുണ്ടായിരുന്നു. കലാമണ്ഡലം മാതൃകയിൽ തൃശൂരിൽ ഒരു വൻ കലാകേന്ദ്രം വേണമെന്ന് അമല ഹോസ്പിറ്റൽ സ്ഥാപകനായ ഫാ. ഗബ്രിയേലിനും ശക്തമായ അഭിപ്രായം ഉണ്ടായിരുന്നു. അദ്ദേഹം എന്നോട് അത് പല തവണ പറയുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര നിലവാരത്തിൽ ഒരു വലിയ സാംസ്‌കാരിക സമുച്ചയം തൃശൂരിൽ വേണമെന്നും അതിന് ഞാൻ നേതൃത്വം നൽകണമെന്നും പ്രൊവിൻഷ്യലച്ചൻ എന്നോട് പറയുന്നത്.

ഇംഗ്ലീഷ് സാഹിത്യപഠനം ചൂണ്ടിക്കാട്ടി ഞാൻ ഒഴിഞ്ഞുമാറാൻ ഏറെ ശ്രമിച്ചു. പഠനം കോഴിക്കോട് സർവകലാശാലയിൽ പ്രൈവറ്റായി നടത്തിക്കൊള്ളാനും, സമാന്തരമായി സാംസ്‌കാരിക സമുച്ചയത്തിന്റെ നടപടികൾ നടത്താനും അദ്ദേഹം നിർദ്ദേശിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹത്തോട് വിയോജിക്കാൻ എനിക്ക് കഴിഞ്ഞില്ല. അപ്പോഴും ചാവറ സാംസ്‌കാരിക കേന്ദ്രത്തിന്റെ അപകടം തൃശൂരിൽ സംഭവിക്കാതിരിക്കാൻ ഞാൻ എല്ലായ്​പോഴും ജാഗ്രതയുള്ളവനായിരുന്നു. മൂന്നുകൊല്ലം കൂടുമ്പോൾ മാറിമാറി വന്നിരുന്ന സഭാധികാരത്തെ എനിക്ക് വിശ്വാസമില്ലായിരുന്നു. സഭയ്ക്കകത്ത് ജീവിക്കുമ്പോഴും സഭക്കുപുറത്തുള്ള പൊതുസമൂഹത്തിന്റെ നൈതികതയിലും ധാർമികതയിലുമായിരുന്നു ഞാൻ കൂടുതലായി ആശ്രയിച്ചത്.

മേൽപറഞ്ഞ കാരണത്താൽ, സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രാഥമിക ആലോചനകളിൽ പുരോഹിതരെ ഒഴിവാക്കി സാഹിത്യ- സാംസ്‌കാരിക മണ്ഡലത്തിലെ തേജോഗോളങ്ങളായ സുകുമാർ അഴിക്കോട്, ജി. കുമാരപിള്ള, കെ.സച്ചിദാനന്ദൻ (അദ്ദേഹം ക്രൈസ്റ്റ് കോളേജിലെ എന്റെ ഇംഗ്ലീഷ് അദ്ധ്യാപകനാണ്. ഇംഗ്ലീഷ് ഭാഷയോടും സാഹിത്യത്തോടുമുള്ള എന്റെ അഭിനിവേശത്തിന് കാരണവും അദ്ദേഹമാണ്), കെ. ജി. ശങ്കരപ്പിള്ള, കെ. ഭാസ്‌കരൻ നായർ, പി. വി. കൃഷ്ണൻ നായർ, പി.കെ. റഹിം തുടങ്ങിയവരുമായി പലനാൾ ചർച്ചകൾ നടത്തി. കെ. ജി. എസും സച്ചിമാഷും ഒരുമിച്ചിരുന്ന ഒരു യോഗത്തിലാണ് വിശ്വദർശന എന്ന പേര് നിർദ്ദേശിക്കപ്പെട്ടത്.

വിശ്വദർശന രജിസ്റ്റർ ചെയ്യപ്പെടണം എന്ന ആശയമായിരുന്നു എനിക്കുണ്ടായിരുന്നത്. എന്നാൽ ജനങ്ങൾക്കിടയിൽ ശക്തമായ അടിത്തറ ഉണ്ടായശേഷം മതി റജിസ്ട്രേഷൻ എന്ന പൊതുനിർദ്ദേശത്തോട് ഒടുവിൽ ഞാനും യോജിച്ചു. 1984 ആഗസ്റ്റിലായിരുന്നു ഉദ്ഘാടനം. ചടങ്ങ് ലളിതമായിരുന്നു. അന്നത്തെ കാർഷിക സർവകലാശാല വൈസ് ചാൻസലർ ടി. മാധവമേനോൻ ആയിരുന്നു ഉദ്ഘാടകൻ. വേദിയിൽ ഡോ. സുകുമാർ അഴീക്കോട്, ജസ്റ്റിസ് അരവിന്ദാക്ഷമേനോൻ ഡോ. കെ. ഭാസ്‌കരൻ നായർ, പ്രൊഫ. ജി. കുമാരപ്പിള്ള, പ്രൊഫ. എം.എൻ. വിജയൻ എന്നിവർ സന്നിഹിതരായിരുന്നു. ഫാ. സെബാസ്റ്റ്യൻ പൈനാടത്ത്, സ്വാമി ഭദ്രാനന്ദ, പി.കെ. റഹിം, സത്യസായി ഭജനസംഘം, ദേവമാതാ ഗായകസംഘം എന്നിവരുടെ നേതൃത്വത്തിൽ സർവമത പ്രാത്ഥനയും ഉണ്ടായിരുന്നു.

തൃശൂരിന്റെ സാംസ്‌കാരിക തനിമയും മലയാളികളുടെ രുചിക്കൂട്ടുകളും ചേർത്ത ‘ദർശനങ്ങളുടെ വർണരാജി' എന്ന ശീർഷകത്തിൽ ഒരു ഡസനിലധികം പ്രഭാഷണങ്ങളാണ് ആദ്യ ഘട്ടത്തിൽ വിഭാവന ചെയ്തത്. ലോകത്ത് നിലവിലുള്ള എല്ലാ സുപ്രധാന ദാർശനിക ശാഖകളെയും അതിലുൾപ്പെടുത്തിയിരുന്നു. അദ്ധ്യക്ഷന് പുറമെ ഒരു വിഷയാവതാരകൻ എന്നതായിരുന്നു ഘടന. വേദി കേരള സാഹിത്യ അക്കാദമി ഹാൾ. അങ്ങിനെ തുടർച്ചയായ പതിനഞ്ച് ആഴ്ചകൾ. വിശ്വദർശന വാർത്തകളിൽ നിറഞ്ഞു. പൊതുവേദികളിൽ ചർച്ചാവിഷയമായി. അന്നൊരിക്കൽ കെ.ജി.എസിന്റെ വീട്ടിലേക്ക് കയറിച്ചെന്ന എന്നെ നോക്കി അദ്ദേഹത്തിന്റെ ബാലനായിരുന്ന മകൻ ആദിത്യൻ ചോദിച്ചത് ഞാനിന്നും ഓർക്കുന്നു, ‘അച്ഛാ, ഈ ഫാദർ മാമന് പ്രസംഗിക്കാനേ അറിയൂ?''

വിമോചന ദൈവശാസ്​ത്രത്തിന്റെ അലകൾ

ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ തുടങ്ങിയ വിമോചന ദൈവശാസ്ത്രം ലോകത്തെ പിടിച്ചുകുലുക്കിയ കാലമാണത്. 1950 കളിൽ ലോകത്തിൽ പലയിടത്തും പ്രത്യേകിച്ച് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഉയിർകൊണ്ട വിമോചന ദൈവശാസ്ത്രം അക്കാലത്തുതന്നെ ഇന്ത്യയിലും പലരൂപത്തിൽ വിചാരവിപ്ലവങ്ങൾക്ക് തുടക്കം കുറിച്ചു. കത്തോലിക്കസഭ ഔദ്യോഗികമായി പഠിപ്പിക്കുന്ന ദൈവശാസ്ത്രം ബൈബിളിൽ നിന്നാരംഭിക്കുമ്പോൾ വിമോചന ദൈവശാസ്ത്രത്തിന്റെ ഭൂമിക ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ജീവിതസമരങ്ങളാണ്. ക്രിസ്തു രക്ഷകൻ മാത്രമല്ല മർദ്ദിതരുടെയും പീഡിതരുടെയും ദരിദ്രരുടെയും അരിക് ചേർക്കപ്പെട്ടവരുടെയും വിമോചകൻ കൂടിയാണ്. സാമൂഹ്യനീതി, ദാരിദ്ര്യനിർമാർജ്ജനം, മനുഷ്യാവകാശങ്ങൾ എന്നീ മേഖലകളിൽ സഭയും പുരോഹിതരും ക്രൈസ്തവധർമം പുലർത്തുന്നില്ല എന്നതായിരുന്നു ജനരോഷത്തിന് കാരണം. 1960 കളായപ്പോഴക്കും സ്ഥിതി രൂക്ഷമായി. ദുർബലരുടെയും പീഡിതസമൂഹത്തിന്റെയും വിമോചകനായിരുന്ന ക്രിസ്തുവും സമ്പന്നരുടെയും വരേണ്യവർഗ്ഗത്തിന്റെയും അധികാരം കയ്യാളുന്നവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ പ്രബോധനം നടത്തുന്ന സഭാധികാരികളും പുരോഹിതസമൂഹവും തമ്മിലുള്ള വൈരുദ്ധ്യം ജനത്തെ കൂടുതൽ രോഷാകുലരാക്കി. കത്തോലിക്കാ സമൂഹത്തേക്കാൾ പ്രൊട്ടസ്റ്റൻറ്​സമൂഹങ്ങളാണ് വിമോചന ദൈവശാസ്ത്രത്തിന്റെ വക്താക്കളും പ്രചാരകരുമായി മുൻനിരയിലുണ്ടായിരുന്നത്.

​‘ക്രിസ്​തുവിന്റെ ആറാം തിരുമുറിവ്​’ എന്ന നാടകത്തിന്​ പ്രദർശനാനുമതി നൽകിയതിനെതിരെ തൃശൂർ തേക്കിൻകാട്​ മൈതാനിയിൽ നടന്ന ക്രൈസ്തവ വിശ്വാസികളുടെ റാലിയിൽ അന്നത്തെ ബിഷപ്പ്​ ജോസഫ്​ കുണ്ടുകുളം സംസാരിക്കുന്നു.

പെറു, ബൊളീവിയ, അർജന്റീന എന്നീ രാജ്യങ്ങളിൽ പുതിയ വിചാരധാര കൂടുതൽ ശക്തമായി. പെറുവിയൻ പുരോഹിതനായ ഗസ്റ്റാവോഗുറ്റിയെറസ്സിന്റെ 1971 ലിറങ്ങിയ ‘വിമോചനത്തിന്റെ ദൈവശാസ്ത്ര'വും (Theology of Liberation) ബ്രസീലിയൻ ദാർശനീകനായ പാവ്​ലോ ഫ്രെയറിന്റെ ‘മർദ്ദിതരുടെ ബോധനശാസ്ത്ര'വും (Pedagogy of the Oppressed) പുതിയ ജനമുന്നേറ്റങ്ങൾക്ക് സൈദ്ധാന്തിക അടിത്തറയായി. മാർക്സിയൻ വിശകലന രീതിയായിരുന്നു അവർ പൊതുവിൽ അവലംബിച്ചത്. ക്രൈസ്തവദർശനങ്ങളെയും മാർക്സിയൻ രീതിശാസ്ത്രത്തെയും സമന്വയിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടായി.

ലാറ്റിനമേരിക്കൻ സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമായിരന്നു ഇന്ത്യൻ അവസ്ഥ. ഇന്ത്യൻ ക്രൈസ്ത്രവരിൽ 70 ശതമാനവും ദളിത് ക്രൈസ്ത്രവരാണ്. 1970 കളിൽതന്നെ ഇന്ത്യയിൽ ദളിത് പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരുന്നു. അംബേദ്ക്കർ ദർശനങ്ങളും മണ്ഡൽ കമീഷനും ഇതിന് ആക്കം കൂട്ടി. ഇന്ത്യയിൽ കത്തോലിക്കാ സമൂഹം വരേണ്യവർഗ്ഗത്തോടൊപ്പം നിലയുറപ്പിച്ചപ്പോൾ ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (CNI), ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (CSI) എന്നീ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ കൂടുതലായും ദളിത്, ആദിവാസി വിഭാഗങ്ങളോടൊപ്പം നിന്നു. അവർ യേശുക്രിസ്തുവിനെ ദളിതനായും സഹിക്കുന്ന ദാസനായും അവതരിപ്പിച്ചു. എം.ഇ. പ്രഭാകർ, വേദനായകം ദേവസഹായം, ജയിംസ് മാസ്സെ തുടങ്ങിയവരുടെ നേതൃത്വവും രചനകളും അതിന് ശക്തി പകർന്നു.

1991ൽ ഇന്ത്യയിലെ പേപ്പൽ പ്രതിനിധിയായിരുന്ന ആർച്ച് ബിഷപ്പ് ജോർജ് സൂർ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ സംഘടനയിൽ (CBCI)നടത്തിയ പ്രഭാഷണം ഇവിടെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു, ‘‘ഇന്ത്യയിൽ ക്രൈസ്ത്രവരിൽ 60% ലധികവും ദളിതരാണ്. എന്നിട്ടും തീരുമാനങ്ങൾ എടുക്കുന്ന സഭകളിൽ അവർക്ക് പ്രാതിനിധ്യമില്ല. പള്ളികളിലും സിമിത്തേരികളിലും അവരെ അരികുചേർത്തിരിക്കുന്നു. ഹൈന്ദവർക്കിടയിലെന്നപ്പോലെ ക്രൈസ്ത്രവർക്കിടയിലും ജാതിവിവേചനങ്ങളും തൊട്ടുകൂടായ്മകളും ശ്രേണിവൽക്കരണങ്ങളും നിലവിലുണ്ട്''.

ഇക്കാരണങ്ങളാൽ ഇന്ത്യയിൽ ദളിത് തിയോളജിയും ട്രൈബൽ തിയോളജിയും ഫെമിനൈൻ തിയോളജിയും ഇക്കോ തിയോളജിയും മനുഷ്യാവകാശ സിദ്ധാന്തങ്ങളും വിമോചന ദൈവശാസ്ത്രത്തിന്റെ സമാന്തര ചിന്താധാരകളായി വളർന്നു. മേൽപറഞ്ഞ സമസ്യകളെ ഉൾക്കൊള്ളുന്നതിനോ വിശകലനം ചെയ്യുന്നതിനോ അംഗീകരിക്കുന്നതിനോ വർഗ വിശകലന രീതി പര്യാപ്തമായിരുന്നില്ല. പ്രകൃതിയുടെ സമഗ്രദർശനത്തിൽ നിന്നാരംഭിക്കുന്ന ട്രൈബൽ തിയോളജിയെ ഉൾക്കൊള്ളാൻ മുഖ്യധാര മതങ്ങൾക്കും കഴിയുമായിരുന്നില്ല. വിമോചനാത്മകമായ ആത്മീയതയാണ് അടിച്ചമർത്തപ്പെട്ടിരുന്ന ഇന്ത്യൻ സമൂഹം തേടിക്കൊണ്ടിരുന്നത്. ലാറ്റിനമേരിക്കൻ മുന്നേറ്റങ്ങളിൽ നിന്ന് നാം വ്യത്യസ്തരാകുന്നത് അങ്ങിനെയാണ്.

എന്തായാലും കേരളത്തിലും അതിന്റെ ആന്ദോളനമുണ്ടായി. തീരദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ ഫാ. തോമസ് കോച്ചേരിയുടെ നേതൃത്വത്തിൽ സംഘടിച്ചു, സമരങ്ങൾ തുടങ്ങി. വൈദികരും കന്യാസ്ത്രീകളും ധാരാളമായി അതോടൊപ്പം ചേർന്നു. അവരിലൊരാളായി എന്നെയും സഭ കണ്ടുവെച്ചു. എന്റെ പ്രസംഗങ്ങളും ഇടപെടലുകളും സഭയുടെ സംശയങ്ങൾക്ക് ആക്കം കൂട്ടി.

സഭയെ തോൽപ്പിച്ച്​ തൃശൂരിലും വിമോചന ദൈവശാസ്​ത്രം

ഇതിനിടെ വിമോചന ദൈവശാസ്ത്രം ചർച്ചചെയ്യപ്പെടണമെന്ന ആവശ്യം വിശ്വദർശനയിൽ ഉയർന്നു. ഭാഗ്യവശാൽ അർജന്റീനയിൽ വിമോചന ദൈവശാസ്ത്ര പോരാളിയായ ഒരു വൈദികൻ അന്ന് കൊച്ചിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പങ്കാളിത്തം ഞാൻ ഉറപ്പാക്കി. കൂടാതെ, ബിഷപ്പ് പൗലോസ് മാർ പൗലോസ്, ഫാ. ജോസഫ് കൊട്ടുകാപ്പിള്ളി എന്നിവർ അനുകൂലമായും പ്രൊഫ. പി. ടി. ചാക്കോ, ഫാ. എ. അടപ്പൂർ, പ്രൊഫ. ബി. ജി. വർഗീസ് എന്നിവർ വിമോചന ദൈവശാസ്ത്രത്തെ എതിർത്തും സംസാരിക്കാൻ സമ്മതിച്ചു. ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് ടി. ചന്ദ്രശേഖര മേനോൻ സംവാദത്തിന്റെ മോഡറേറ്ററായിരുന്നു. ദിവസങ്ങൾ അടുത്ത് വന്നതോടെ സംവാദത്തിനെതിരെ തൃശൂർ രൂപതയുടെ അനുഗ്രഹാശിസ്സുകളോടെ CUT, KCYM എന്നീ സംഘടനകൾ രംഗത്തിറങ്ങി.

ഒരു കാരണത്താലും തൃശൂരിൽ അത്തരമൊരു സംവാദം അനുവദിക്കില്ലെന്നറിയിച്ച് പട്ടണം നിറയെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഇത് തൃശൂരിൽ അന്ന് സജീവമായിരുന്ന ഇടതുപക്ഷ കൂട്ടായ്മകളെ ചൊടിപ്പിച്ചു. എന്തുവില കൊടുത്തും സംവാദം നടത്തുമെന്ന നിലപാടുമായി ഡി. വൈ. എഫ്. ഐയും സി. പി. എമ്മും അടക്കമുള്ള ഇടതുപക്ഷ പ്രവർത്തകർ രംഗത്തെത്തി. ഭീഷണിക്ക് കീഴടങ്ങേണ്ടതില്ലെന്ന് വിശ്വദർശനയും തീരുമാനിച്ചു. സംവാദ ദിവസം അത്ഭുതകരമായ ജനത്തിരക്കായിരുന്നു അക്കാദമിയിലും പരിസരത്തും. പ്രതീക്ഷയ്ക്ക് വിരുദ്ധമായി വിമോചന വിരോധികളാരും പ്രശ്നങ്ങൾ ഉണ്ടാക്കിയില്ല.

ബിഷപ്പ്​ പൗലോസ്​ മാർ പൗലോസ്

സംവാദം ഗംഭീരമായി നടന്നു. വിമോചന ദൈവശാസ്ത്രത്തെ തകർക്കാനെത്തിയവർ ഒടുവിൽ ആയുധം വെച്ച് കീഴടങ്ങിയ പോലെയായി. തൃശൂർ ബിഷപ്പ് ഹൗസിൽ നിന്ന് നിയോഗിക്കപ്പെട്ടിരുന്ന ചില രഹസ്യദൂതന്മാർ വസ്തുതാവിരുദ്ധമായ റിപ്പോർട്ട് അരമനയിൽ നൽകി. അതേത്തുടർന്ന്, രൂപതയിൽ എനിക്കെതിരെ ശക്തമായ കരുനീക്കങ്ങൾ തുടങ്ങി.

എനിക്കുള്ളിൽ ഒളിച്ചുപാർത്തിരുന്ന വിമോചന ദൈവശാസ്ത്രകാരൻ പുറത്തുവരുന്നത് എന്റെ പ്രസംഗ വേദികളിലായിരുന്നു. പാട്ടുരായ്ക്കൽ പള്ളിയിൽ ഞായറാഴ്ചകളിൽ ആദ്യത്തെ കുർബ്ബാന രാവിലെ 6 മണിക്കാണ്. എനിക്കായിരുന്നു അതിനുള്ള നറുക്ക് വീണിരുന്നത്. മുഖ്യകാരണം ആശ്രമത്തിൽ നേരത്തെ എഴുന്നേൽക്കുന്ന ഒരാൾ ഞാനായിരുന്നു എന്നതുതന്നെ. ആ അവസരങ്ങൾ ഞാൻ ശരിക്കും ആസ്വദിച്ചിരുന്നു. വെളപ്പായ മുതൽ മുളങ്കുന്നത്തുകാവ്, കോലഴി, പാടൂക്കാട്, വിയ്യൂർ, ചേറൂർ, പൂങ്കുന്നം, ചെമ്പുക്കാവ് ദേശങ്ങളിലുള്ളവർ എന്റെ പ്രസംഗങ്ങൾ പ്രതീക്ഷിച്ച് കുർബ്ബാനക്കെത്തിയിരുന്നു. കത്തോലിക്ക പ്രബോധനങ്ങളിൽനിന്ന് അണുവിട വ്യതിചലിക്കുന്നത് മഹാപാപമായി കരുതിയിരുന്ന ചില സി. എം. ഐ. സഭാമക്കൾ എന്റെ പ്രസംഗങ്ങളിലെ ‘നിഷേധി'യേയും ‘നിരീശ്വര'നേയും കണ്ടുപിടിച്ച് എനിക്കെതിരെ പ്രചാരണവും തുടങ്ങി.

അതിനിടയിൽ, കുരിയച്ചിറ സെന്റ് പോൾസ് ഹൈസ്‌കൂളിലെ പി.ടി.എ.യുടെ ആവശ്യപ്രകാരം അവരുടെ വാർഷികയോഗത്തിൽ പ്രഭാഷകനായി എന്നെ വിളിച്ചു. കേരള വ്യാപാരി വ്യവസായി സംഘടനയുടെ സ്ഥാപകനും വ്യവസായ പ്രമുഖനും എന്റെ അഭ്യുദയകാംക്ഷിയുമായിരുന്ന സി.എം. ജോർജ്ജ് ചേട്ടന്റെ പ്രേരണ മൂലമാണ് ഞാൻ ആ കർമം ഏറ്റെടുത്തത്. ആശയപരമായി എന്റെ എതിർ ധ്രുവത്തിലായിരുന്നു അദ്ദേഹമെങ്കിലും പിതൃതുല്യമായ വാത്സല്യം എന്നോടദ്ദേഹത്തിനുണ്ടായിരുന്നു. എന്റെ പ്രസംഗം കന്യാസ്ത്രീകൾക്ക് മുഴുവനും മനസ്സിലാകണമെന്നില്ല. അവരുടെ അറിവിന്റെ അടിസ്ഥാനം അച്ചന്മാരുടെ പ്രസംഗങ്ങളും ദീപിക പത്രവും മാത്രമാണല്ലൊ. എന്നാലും അവരെ ശത്രുപക്ഷത്താക്കരുതെന്ന് ഞാൻ മനസ്സിൽ കരുതിയിരുന്നു. പ്രസംഗവേദിയിൽ കയറും മുമ്പ് കന്യാസ്ത്രീകളുടെ ചാപ്പലിൽ കയറി പ്രാർത്ഥിക്കുന്നത് അവരെ സന്തോഷിപ്പിക്കുമെന്നെനിക്കറിയാം. ഞാനത് ചെയ്തു. ഞാൻ കരുതിയതിലും തീവ്രമായിരുന്നു എന്റെ പ്രസംഗം. കുരിയച്ചിറ നെഹ്റു നഗറിലെ സമ്പന്നരും പ്രമാണിമാരുമായ ധാരാളം കത്തോലിക്കർ ശ്രോതാക്കളായി ഉണ്ടായിരുന്നതാണ് എനിക്ക് പ്രചോദനമായത്. കുരിയച്ചിറ ഇടവക വികാരി മുൻനിരയിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്റെ പ്രസംഗം തീരുംമുമ്പെ അദ്ദേഹം ഹാൾ വിട്ടുപോകുകയും ചെയ്തു. തിരിച്ചുപോരുമ്പോൾ പ്രിൻസിപ്പൽ സിസ്റ്റർ യാത്രയ്ക്കും പ്രസംഗത്തിനുമായി നൽകിയ ‘കവർ' ഞാൻ സ്നേഹപൂർവ്വം നിരസിക്കുകയും ചെയ്തു. അത്തരം പ്രവൃത്തികൾക്ക് കന്യാസ്ത്രീ സ്ഥാപനങ്ങളിൽ വലിയ വിപണനമൂല്യം ഉണ്ടെന്ന് ഞാൻ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്.

രൂപതയുടെ അലിഖിത വിലക്ക്​

ഞാൻ പാട്ടുരായ്ക്കൽ തിരിച്ചെത്തുന്നതിനുമുമ്പെ എന്നേക്കുറിച്ചുള്ള ഗുരുതര ആക്ഷേപങ്ങൾ ബിഷപ്പ് ഹൗസിൽ നിന്ന് പ്രൊവിൻഷ്യലച്ചന്റെ മുമ്പിലെത്തി. ഒരു പ്രസംഗം വരുത്തിയ വിന! ജന്മം കൊണ്ട് ഞാൻ വയനാട്ടുകാരനാണ്. അക്കാരണത്താൽതന്നെ എന്നെ തൃശൂരിൽ ആവശ്യമില്ലെന്നും കഴിയും വേഗം നാടുകടത്തണമെന്നും ബിഷപ്പ് പ്രൊവിൻഷ്യലിനോട് കർശനമായി ആവശ്യപ്പെട്ടുവത്രെ. എന്നോട് വ്യക്തിപരമായ വാത്സല്യമുണ്ടായിരുന്ന പ്രൊവിൻഷ്യലച്ചൻ ഞാനറിയാതെ കുരിയച്ചിറ സ്‌കൂൾ മഠത്തിലെത്തി അന്വേഷണം നടത്തി. എന്റെ പ്രസംഗത്തിലെ വിഷയങ്ങളൊന്നും ഓർത്തെടുക്കാൻ കഴിയാതിരുന്ന മുതിർന്ന കന്യാസ്ത്രീകൾ അദ്ദേഹത്തോട് പറഞ്ഞു, ‘‘എന്തൊരു നല്ല അച്ചനാണദ്ദേഹം. ഗംഭീര പ്രസംഗം. വന്നയുടനെ പള്ളിയിൽ കയറി പ്രാർത്ഥിച്ചു. വണ്ടിക്കൂലി പോലും വാങ്ങിയില്ല''.

പ്രൊവിൻഷ്യലച്ചൻ തെളിവെടുപ്പ് അവസാനിപ്പിച്ച് മടങ്ങി.

പക്ഷേ കാര്യങ്ങൾ അവിടെ അവസാനിച്ചില്ല. തൃശ്ശൂരിലെ ചെറിയൊരുസംഘം സി. എം. ഐകളും ഏതാനും ചില രൂപതാ വൈദികരും എനിക്കെതിരായ പ്രചാരണം ആരംഭിച്ചിരുന്നു. തൃശൂർ രൂപതയിലെ പള്ളികൾ, സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ എന്നെ ഒരു കാരണവശാലും പ്രവേശിപ്പിക്കരുതെന്നും ഞാൻ സംഘടിപ്പിക്കുന്ന പരിപാടികളുമായി സഹകരിക്കരുതെന്നും അലിഖിതമായ വിലക്ക് രൂപത ഏർപ്പെടുത്തി. ചില സി. എം. ഐ. ഉഗ്രവാദികളെയും ഇതിനായി രൂപത രംഗത്തിറക്കി. എന്റെ ഏറ്റവും വലിയ അയോഗ്യത ഞാൻ തൃശ്ശൂർക്കാരനല്ല എന്നതായിരുന്നു. ഇതത്ര വലിയ പ്രശ്നമാണോ എന്ന് തോന്നാം. പ്രാദേശികവാദം രാഷ്ട്രീയത്തിലെന്നതുപോലെ രൂപതകളിലും സന്യാസസഭകളിലും എക്കാലത്തും ഉണ്ടായിരുന്നു. സി. എം. ഐ. സഭയുടെ തന്നെ ഉദാഹരണമെടുത്താൽ പുതുപ്പള്ളി പ്രൊവിൻസിനെ കോട്ടയം, തിരുവനന്തപുരം എന്നിങ്ങനെയും കളമശ്ശേരി പ്രൊവിൻസിനെ എറണാകുളം, മൂവാറ്റുപുഴ എന്നിങ്ങനെയും പ്രൊവിൻസുകളാക്കി വിഭജിച്ചതും വിഭജനവാദികളെ നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോഴാണ്.

ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ കോട്ടയത്തു വെച്ച് വിശുദ്ധനായി പ്രഖ്യാപിക്കുന്ന ജോൺ പോൾ രണ്ടാമൻ (1986)

പ്രാദേശിക വാദവും മണ്ണിന്റെ മക്കൾ വാദവും തൃശ്ശൂരിലും ശക്തമായിരുന്നു. ചാലക്കുടി, ഇരിങ്ങാലക്കുട, മാള പ്രദേശങ്ങൾ ഉൾപ്പെടുത്തി ഒരു പ്രൊവിൻസ് ആക്കുന്നതിന് അണിയറയിൽ കരുനീക്കങ്ങൾ നടന്നിരുന്നു. അതിനെതിരെ ഞാനുൾപ്പെടെയുള്ള ചിലർ ശക്തമായ നിലപാടുകൾ സ്വീകരിച്ചതിനാൽ അത് വിജയിച്ചില്ല. ചിലരുടെ അധികാരമോഹവും വ്യക്തിതാല്പര്യങ്ങളും തിരിച്ചറിഞ്ഞതുകൊണ്ടാണ് ഒരു ഗ്രൂപ്പിലും പെടാത്ത ഞാൻ ശക്തമായ നിലപാടെടുത്തത്. വയനാട്ടിൽ പിറന്ന എന്റെ മാതാപിതാക്കൾ മധ്യതിരുവിതാംകൂറിലെ മീനച്ചിൽ താലൂക്കിൽ നിന്നുള്ളവരാണ്. തിരുവിതാംകൂറുകാരെക്കുറിച്ച് തൃശൂർക്കാർക്ക് നിരവധി മുൻവിധികളുണ്ടായിരുന്നു. അടിസ്ഥാനമില്ലാത്ത വെറും ജല്പനങ്ങളായിരുന്നു അവയൊക്കെയും. എനിക്കെതിരായ കരുനീക്കങ്ങൾക്ക് പക്ഷേ, അതൊരു ശക്തമായ കാരണമായി മാറി.

മാർപ്പാപ്പ വെഞ്ചരിച്ച ആ ശിലാഫലകം

വിശ്വദർശനയുടെ അടുത്ത പരിപാടി കെ. ജി. എസും സച്ചിമാഷും ദീർഘനാൾ ഒരുമിച്ചിരുന്ന് ആലോചിച്ച് രൂപപ്പെടുത്തിയതാണ്. മൂന്നര പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കേരളത്തിലെ മുതിർന്നവർ ഇന്നും വിശ്വദർശനയെ ഓർത്തിരിക്കുന്നത് 27 ആഴ്ചകൾ ദീർഘിച്ച ആ പരിപാടിയുടെ കാലാതീതമായ പ്രസക്തി മൂലമാണ്. ‘ഇരുപതാം നൂറ്റാണ്ടിന്റെ ശിൽപികൾ' എന്നതായിരുന്നു തലവാചകം. ആധുനിക ലോകത്തെ ചിന്താധാരകളെയും, നൈതിക-ധാർമ്മിക സങ്കല്പങ്ങളെയും രുപപ്പെടുത്തുകയോ സ്വാധീനിക്കുകയോ തിരുത്തി പ്രതിഷ്ഠിക്കുകയോ ചെയ്ത മഹാരഥന്മാരെ മലയാളിസമൂഹത്തിന് പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കവികൾ, ദാർശനികർ, ഗ്രന്ഥകാരന്മാർ, സാഹിത്യ-സാംസ്‌കാരിക നായകർ, ചിത്രകാരന്മാർ, നാടക-സിനിമ ലോകത്തെ നിത്യവിസ്മയങ്ങൾ, രാഷ്ട്രശിൽപികൾ, ശാസ്ത്രജ്ഞർ, ചരിത്രകാരന്മാർ, ആത്മീയാചാര്യന്മാർ എന്നിങ്ങനെ കാലത്തെ അതിജീവിച്ച മഹാത്മാക്കളെ വിശദമായും വിമർശനാത്മകമായും അവതരിപ്പിക്കുന്നതിന് വിശ്വദർശനയ്ക്ക് കഴിഞ്ഞു. ഓരോ ശനിയാഴ്ചയും വിഷയാവതരണം നടത്തിയിരുന്നത് കേരളത്തിലെ ഏറ്റവും പ്രഗൽഭരും പണ്ഡിതരും പ്രേക്ഷക മനസ്സിൽ സ്ഥിരപ്രതിഷ്ഠിതരുമായവരാണ്. അവരെ കണ്ടെത്തി ക്ഷണിച്ചു വരുത്തിയത് സച്ചിമാഷും കെ. ജി. എസും ആറ്റൂർ രവിവർമ്മയും ചേർന്ന അച്ചുതണ്ടാണ്. സച്ചിമാഷും കെ. ജി. എസും പി. വി. കൃഷ്ണൻ നായരും ഉൾപ്പെട്ട എഡിറ്റോറിയൽ ബോർഡ് ഓരോ ആഴ്ചത്തേയും പ്രഭാഷണം എഴുതി വാങ്ങി, എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. ഇരുപത്തിയേഴ് പ്രഭാഷണങ്ങൾ നടന്നുവെങ്കിലും പന്ത്രണ്ട് പുസ്തകങ്ങൾ മാത്രമേ അച്ചടിച്ച് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞുള്ളു. ചില പ്രഭാഷകർ എഴുതിത്തരാൻ തയ്യാറായില്ല; ചിലരുടേത് പ്രസിദ്ധീകരിക്കാൻ മാത്രം യോഗ്യമല്ലായിരുന്നു.

അമേരിക്ക ചെറുരാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന ഉപരോധങ്ങളെക്കുറിച്ചറിയുമല്ലൊ. സമാന രീതിയിൽ ചില സാമ്പത്തിക ഉപരോധങ്ങൾ എന്റെ തലയ്ക്കുമേൽ പതിച്ചതും കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു. പ്രസിദ്ധീകരിക്കപ്പെട്ട പന്ത്രണ്ട് ഗ്രന്ഥങ്ങളിൽ നാലെണ്ണം പിന്നീട് കോഴിക്കോട് സർവകലാശാലയിൽ പാഠപുസ്തകങ്ങളുമായി.

‘ഇരുപതാം നൂറ്റാണ്ടിന്റെ ശില്പികൾ' എന്ന പ്രഭാഷണ പരമ്പര കേരളത്തിലെ സാംസ്‌കാരിക രംഗത്ത് സൃഷ്ടിച്ച ചലനം സങ്കല്പങ്ങൾക്കതീതമായിരുന്നു. സി. അച്യുതമേനോൻ, വൈലോപ്പിള്ളി, വി. വി. രാഘവൻ, എ. എസ്. ദിവാകരൻ, ഡോ. കെ. കെ. രാഹുലൻ, ഐ. എം. വേലായുധൻ മാസ്റ്റർ, പ്രൊഫ. എൻ. കെ. ശേഷൻ, ചിത്രൻ നമ്പൂതിരിപ്പാട്, സി. പി. ഗംഗാധരൻ, ആറ്റൂർ രവിവർമ്മ, കെ. സച്ചിദാനന്ദൻ, കെ. ജി. ശങ്കരപിള്ള, പി. കെ. റഹിം തുടങ്ങിയവർ മുൻനിരയിൽ സാകൂതം പ്രസംഗങ്ങൾ ശ്രവിച്ചുകൊണ്ടിരിക്കുന്ന ചിത്രം ആരെയാണ് കോൾമയിർ കൊള്ളിക്കാത്തത്?

മറ്റൊരു സവിശേഷത പ്രഭാഷണങ്ങൾക്കെത്തിയ യുവതയാണ്. തൃശ്ശൂരിലും പരിസരങ്ങളിലുമുള്ള കലാലയങ്ങളിൽ നിന്ന് അനേകം യുവതീയുവാക്കൾ വിശ്വദർശന പ്രഭാഷണങ്ങൾക്ക് മുടക്കംകൂടാതെ പങ്കെടുത്തിരുന്നു.
വിശ്വദർശന അന്തർദേശീയ നിലവാരമുള്ള ഒരു സാംസ്‌കാരിക പരിസരമായി വളരണമെന്നാഗ്രഹിക്കുന്നവരായിരുന്നു എല്ലാവരും. പ്രൊവിൻഷ്യലച്ചന്റെ പക്കൽ എനിക്കുണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച്, പാട്ടുരായ്ക്കലിൽ ഇപ്പോൾ ദേവമാത പബ്ലിക്ക് സ്‌കൂൾ നിലനിൽക്കുന്ന സ്ഥലം വിശ്വദർശന സാംസ്‌കാരിക സമുച്ചയത്തിനായി ലഭിക്കുമെന്നുറപ്പുവരുത്തി.

പ്രശസ്ത വാസ്തുശില്പിയും പദ്മാ അവാർഡ് ജേതാവുമായ ഡോ. ജി. ശങ്കർ ലാറി ബേക്കറിന് കീഴിൽ പരിശീലനം കഴിഞ്ഞിറങ്ങിയ കാലമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ മാസ്റ്റർപീസ് വിശ്വദർശനയാകണമെന്ന് എന്നെപ്പോലെ അദ്ദേഹവും ആഗ്രഹിച്ചു. കെ. ജി. എസിന്റെ വീട്ടിലും ഐക്കഫ് ഹൗസിലുമായി നിരവധി തവണ ഞങ്ങൾ ഒരുമിച്ചിരുന്ന് ചിന്തിച്ചു. നാല്പതിനായിരം ചതുരശ്ര അടി വലിപ്പത്തിലുള്ള ലൈബ്രറിയായിരുന്നു ആദ്യഘട്ടത്തിൽ പണിയാനാഗ്രഹിച്ചത്. അതിനായി മൂന്ന് ലക്ഷം ഇഷ്ടിക ഇറക്കി. പ്രശസ്ത ശിൽപി ബാലൻ നമ്പ്യാർ വിശ്വദർശന കാമ്പസ് മ്യൂറൽ ശിൽപങ്ങൾകൊണ്ട് സുന്ദരമാക്കാമെന്ന് വാഗ്ദാനം ചെയ്തു. സോവ്യറ്റ് റഷ്യയിൽ അംബാസിഡർ ആയിരുന്ന കെ. എം. കണ്ണമ്പള്ളി റഷ്യയിൽനിന്ന് അപൂർവ്വയിനം പൂമരങ്ങൾ എത്തിച്ച് നല്കാമെന്നേറ്റു. ചില അന്തർദേശിയ ഏജൻസികളിൽനിന്നും വിശ്വദർശനയുടെ നിർമാണത്തിനാവശ്യമായ സാമ്പത്തിക സഹായം ഏർപ്പാടാക്കാമെന്ന് ഡോ. കെ. എൻ. രാജും സമ്മതിച്ചു.

പക്ഷേ, തൃശ്ശൂർ ബിഷപ്പ് വിശ്വദർശനയ്ക്ക് നൽകിയിരുന്ന കമ്യൂണിസ്റ്റ് പരിവേഷം എനിക്ക് മറികടക്കേണ്ടതുണ്ടായിരുന്നു. അതിനുള്ള പോംവഴികൾ തേടുമ്പോഴാണ്, 1986 ഫെബ്രുവരി 7-ന് പോപ്പ് ജോൺ പോൾ രണ്ടാമൻ തൃശ്ശൂർ സന്ദർശിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. അത് അവസരമാക്കാമെന്നുകരുതി മനസ്സിൽ ഞാനൊരു പദ്ധതി ആവിഷ്‌കരിച്ചു - വിശ്വദർശനയുടെ ശിലാഫലകം മാർപ്പാപ്പയെക്കൊണ്ട് വെഞ്ചിരിപ്പിക്കുക. ശക്തൻനഗറിൽ മാർപ്പാപ്പയ്ക്കായി ഒരുക്കുന്ന പ്രസംഗപീഠത്തിന്റെ നിർമാണച്ചുമതല തൃശൂർ സി. എം. ഐ. പ്രൊവിൻസിനായിരുന്നു. അതുതന്നെ ഏറ്റവും നല്ല അവസരം എന്ന് ഞാൻ കരുതി. വിശ്വദർശനയുടെ ശിലാഫലകം മാർപ്പാപ്പയുടെ തൃശൂരിലെ പൊതുപരിപാടിക്കിടെ വെഞ്ചിരിപ്പിക്കണമെന്ന് ഞാൻ പ്രൊവിഷ്യലച്ചന്റെ മുമ്പിൽ അവതരിപ്പച്ചു. അദ്ദേഹമത് ബിഷപ്പിനോട് പറഞ്ഞു.

ഇഷ്ടമല്ലായിരുന്നെങ്കിലും, പ്രസംഗപീഠം പണിയുന്നവരുടെ താൽപര്യം അവഗണിക്കാനാവാത്തതിനാൽ മനസ്സില്ലാമനസ്സോടെ ബിഷപ്പ് സമ്മതംമൂളി. മാർപ്പാപ്പ വെഞ്ചിരിക്കുന്ന വിശ്വദർശന ഇനിയെങ്ങനെ കമ്യൂണിസ്റ്റ് പ്രസ്ഥാനമാകും? അങ്ങനെ മാർപ്പാപ്പ വെഞ്ചരിച്ച, കറുത്ത മാർബിളിൽ സുവർണ അക്ഷരങ്ങൾ കൊത്തിയ വിശ്വദർശനയുടെ ശിലാഫലകം എന്റെ കട്ടിലിനടിയിൽ ഭദ്രമായിവെച്ചു. അതവിടെ ഉയിർപ്പ് കാത്ത് കിടന്നു.

ഇതൊക്കെ സംഭവിക്കുമ്പോൾ ഞാൻ ചാലക്കുടി വെട്ടുകടവിലുള്ള സി. എം. ഐ. വിശ്രമകേന്ദ്രത്തിൽ താമസിച്ച് എം. എ. പരീക്ഷയ്ക്ക് ഒരുങ്ങുകയായിരുന്നു. അന്നൊരു ദിവസം ഒരു ക്രൈംബ്രാഞ്ച് ഇന്റലിജൻസ് ഓഫീസർ എന്നെ തേടിവന്നു. മാർപ്പാപ്പയുടെ സന്ദർശനവേളയിൽ സ്ഫോടനം നടത്താൻ സാധ്യതയുള്ളവരുടെ ലിസ്റ്റിൽ എന്റെ പേരും ഉണ്ടായിരുന്നെന്ന് അപ്പോഴാണ് അറിഞ്ഞത്. ചാലക്കുടിയിൽ ഞാൻ എന്ത് ചെയ്യുകയാണെന്ന് അന്വേഷിച്ചാണ് അദ്ദേഹം വന്നത്. നോക്കണേ, ഞാനർഹിക്കാത്ത എന്തൊക്കെ ‘അംഗീകാര'ങ്ങളാണ് ബിഷപ്പ് എനിക്ക് സൗജന്യമായി ചാർത്തിത്തന്നത്!

ക്രിസ്തുവിന്റെ ആറാം തിരുമുറിവ്

സാഹിത്യ അക്കാദമി ഹാളിലെ പ്രതിവാര പ്രഭാഷണങ്ങളും ആർക്കിടെക്റ്റ് ശങ്കറിന്റെ ഭാവനയിൽ വിരിഞ്ഞ വിശ്വദർശന സാംസ്‌കാരിക സമുച്ചയത്തിന്റെ നിർമാണ ചർച്ചകളും പുരോഗമിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് കേരളത്തിന്റെ പൊതുമണ്ഡലത്തെ കലക്കിമറിച്ച ആ സംഭവം ഉണ്ടായത് - പി. എം. ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം.
വിഖ്യാത ഗ്രീക്ക് നോവലിസ്റ്റും ദാർശനികനുമായ നിക്കോസ് കസാൻദ് സാക്കീസ് രചിച്ച ചരിത്ര- മനഃശ്ശാസ്ത്ര നോവലായ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം (The last temptation of Christ) എന്ന നോവലിനെ ആസ്പദമാക്കി തീവ്ര ഇടതുപക്ഷ നിലപാടുള്ള നാടകക്കാരനായ ആലപ്പുഴ സ്വദേശി പി. എം. ആന്റണി രചിച്ച നാടകമാണ് ക്രിസ്തുവിന്റെ ആറാം തിരുമുറിവ്. 1955ൽ ഗ്രീക്ക് ഭാഷയിൽ കസാൻദ് സാക്കീസ് എഴുതിയ പുസ്തകത്തിന് 1960 ലാണ് ഇംഗ്ലീഷ് പരിഭാഷ വന്നത്.

ഏതൊരു മനുഷ്യനെയുംപോലെ പ്രലോഭനത്തിന് വിധേയനായിരുന്ന യേശു അതിനെ അതിജീവിച്ചത് ദൈവത്തിന്റെ ഇംഗിതങ്ങൾ നടപ്പാക്കാനുള്ള പോരാട്ടം നടത്തിക്കൊണ്ടാണ് എന്നതാണ് നോവലിന്റെ ഇതിവൃത്തം. ലൈംഗികതയും അതിലൊരു പ്രലോഭനമായിരുന്നു. ക്രിസ്തുവിന്റെ അതിജീവനം എന്ന ആശയത്തെ ആസ്പദമാക്കിയാണ് ആന്റണി ക്രിസ്തുവിന്റെ ആറാം തിരുമുറിവ് രചിച്ചത്.

1986 ആഗസ്റ്റ് 10 ന് ആലപ്പുഴയിൽ അരങ്ങേറാൻ നിശ്ചയിച്ച നാടകത്തിനെതിരെ മതാധികാരികൾ വാളെടുത്തു. നാടക കമ്പനിയായ സൂര്യകാന്തി തിയേറ്റേഴ്സിന്റെ റിഹേഴ്സൽ ക്യാമ്പിൽ പൊലീസ് റെയ്ഡ് നടത്തി. സംവിധായകനെയും അഭിനേതാക്കളെയും അറസ്റ്റ് ചെയ്തു.

പ്രശ്നം കോടതിയിലെത്തിയപ്പോൾ പൊലീസ്​ അനുമതി തേടിയേ നാടകം അവതരിപ്പിക്കാവൂ എന്നു പറയുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഇതിലിടപെടരുതെന്ന് കോടതി പൊലീസിന് നിർദ്ദേശം നല്കി.

ചിലയിടങ്ങളിൽ നാടകം അരങ്ങേറി. ഇത് സഭകളെ പ്രകോപിപ്പിച്ചു. നാടകം നിരോധിക്കണമെന്നായി സഭ. വ്യാപക പ്രതിഷേധമുയർന്നു. ഏറ്റവും ശക്തമായ പ്രതിഷേധം തൃശൂർ ബിഷപ്പിന്റെ നേതൃത്വത്തിലായിരുന്നു. ബിഷപ്പ് ഒരു വിദേശയാത്ര കഴിഞ്ഞ് മടങ്ങിവന്നയുടനെയായിരുന്നു സംഭവം. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ അടുപ്പക്കാരനായിരുന്നു ബിഷപ്പ്. 1986 നവംബറിൽ തൃശൂരിൽ ബിഷപ്പിന്റെ നേതൃത്വത്തിൽ പുരോഹിതരും കന്യാസ്ത്രീകളും വിശ്വാസികൾക്കൊപ്പം അണിനിരന്ന് പ്രാർത്ഥനാ ഉപവാസം നടത്തി.

വിശ്വാസികളുടെ തെറിവിളി

ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പ്രയോഗം കേരളത്തിന് പരിചിതമാക്കിയ കാലമാണത്. എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിലുള്ള ഇടപെടലായാണ് നാടകത്തിനെതിരെയുള്ള നീക്കത്തെ വിശാല സമൂഹം കണ്ടത്. ക്രിസ്തുവിന്റെ മാനുഷികവശം വിശകലനം ചെയ്യുന്ന നാടകത്തിനെതിരെ വിശ്വാസികളെ അണിനിരത്തിയുയർത്തിയ പ്രക്ഷോഭം സംസ്ഥനത്ത് പലയിടത്തും ക്രമസമാധാന പ്രശ്നമായി മാറി.

തൃശൂരിലായിരുന്നു അതിന്റെ ഭീകരരൂപം പ്രകടമായത്. ബിഷപ്പിന്റെ നേതൃത്വത്തിൽ ഒരു ഞായറാഴ്ച തെരുവിലിറങ്ങിയ ആയിരക്കണക്കിന് വിശ്വാസികൾ മഴുത്തായകളും കുറുവടികളുമായി തെറിവിളിച്ച്​ നഗരത്തിൽ അഴിഞ്ഞാടി. വിശ്വാസത്തിന്റെ പേരിൽ കേരളം ഇളകിമറിഞ്ഞ നാളുകളായിരുന്നു അത്. അതേതുടർന്ന് കലക്ടർമാർ ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി നാടകത്തിന്റെ പ്രദർശനം നിരോധിച്ചു. അതിനോടുള്ള പ്രതിഷേധമായി നഗര ഗ്രാമ ഭേദമെന്യേ നാടിന്റെ നാനാഭാഗങ്ങളിൽ അരങ്ങേറിയ ബദൽ നാടകങ്ങൾ കേരളത്തെ ഇളക്കി മറിച്ചു.

പി. എം. ആന്റണി

ക്രിസ്തുവിനെ മനുഷ്യപുത്രനെന്ന നിലയിൽ വീക്ഷിക്കുന്ന തത്വശാസ്ത്രത്തിലൂന്നി ജീവിക്കുന്ന എന്നെ സംബന്ധിച്ച്​ സഭയുടെ ഈ ഹിംസാത്മകമായ നിലപാടിനോട് യോജിക്കുവാൻ കഴിയുമായിരുന്നില്ല. അതിലുപരി പൊതുസമൂഹം ഉന്നയിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന വിഷയം കാതലുള്ളതാണെന്ന് എനിക്ക് തോന്നി. എന്തുകൊണ്ട് ക്രിസ്തുവിന് വ്യത്യസ്തമായ ഒരു വായന ആയിക്കൂടാ? പ്രലോഭനങ്ങളെ അതിജീവിക്കാൻ അദ്ദേഹം നടത്തിയ ആന്തരികവും ബാഹ്യവുമായ പോരാട്ടമാണ് ക്രിസ്തുദർശനത്തിന്റെ കാതൽ എന്ന കാഴ്ചപാടിൽ അധിഷ്ഠിതമാണ് ഞാൻ നയിച്ചുവരുന്ന ജീവിതം. എന്റെ സഭാജീവിതമാകട്ടെ തുടക്കംമുതൽ പൊതുസമൂഹവുമായി വിളക്കിച്ചേർക്കപ്പെട്ടതുമാണ്.

പൗരോഹിത്യം ഉപേക്ഷിക്കാൻ...?

സ്വാഭാവികമായും എന്റെ ഞായറാഴ്ച പ്രസംഗങ്ങളും ബൈബിൾ വ്യാഖ്യാനങ്ങളും സഭയുടെ ചെയ്തികളെയും നിലപാടുകളെയും വിമർശനപരമായി വിലയിരുത്തുന്ന നിലയിലായി. പൊതുധാർമ്മികതക്കെതിരെ അധികാരത്തിന്റെ പടവാളുയർത്തിയ ബിഷപ്പിനെതിരെയുള്ള കുറ്റപത്രങ്ങളായിരുന്നു എന്റെ പ്രസംഗങ്ങൾ. വിശ്വദർശനയിൽ എന്നോട് സഹകരിച്ചവരൊക്കെ സഭയുടെ നിലപാടിനെതിരായിരുന്നു. എനിക്ക് അവരിൽനിന്ന് വ്യത്യസ്തമായി മറ്റൊരു നിലപാടുണ്ടായില്ല. അതിനാൽ മറ്റുള്ളവരോടൊപ്പം എന്നെയും ബിഷപ്പ് എതിർ ചേരിയിലാക്കി. അത്തരമൊരു സാഹചര്യത്തിൽ പ്രതിഷേധമെന്നനിലയിൽ പൗരോഹിത്യം ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. ഡോ. സുകുമാർ അഴിക്കോടും പ്രൊഫ. ജി. കുമാരപ്പിള്ളയും കെ. ജി. എസും ബിഷപ്പ് പൗലോസ് മാർ പൗലോസുമാണ് ആ തീരുമാനത്തിൽ നിന്ന് എന്നെ പിന്തിരിപ്പിച്ചത്. അകത്ത് നിന്നുകൊണ്ട് പൊരുതാൻ അവർ എന്നെ ഉപദേശിച്ചു.

1987 മാർച്ച് - ഏപ്രിൽ മാസങ്ങളിൽ സി. എം. ഐ സഭയിലെ പൊതുതിരഞ്ഞെടുപ്പ് നടന്നു. എന്നെ പിന്തുണച്ചിരുന്ന പ്രൊവിൻഷ്യലും അദ്ദേഹത്തിന്റെ കൗൺസിലും സ്ഥാനം ഒഴിഞ്ഞു. പുതിയ ടീം ചാർജെടുത്തു. പുതിയ പ്രൊവിൻഷ്യൽ അതിനുമുമ്പ് രണ്ടുതവണ ആ പദവി വഹിച്ചിട്ടുണ്ട്. ആ കാലത്തെല്ലാം അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ചിട്ടപ്പെടുത്തിക്കൊടുത്തിരുന്നത് ഞാനാണ്. അതെന്നെ ശുഭാപ്തി വിശ്വാസിയാക്കി. പക്ഷേ, അദ്ദേഹത്തിന് മുകളിൽ പിടിമുറുക്കിയിരുന്ന വലിയൊരു ഉപജാപകവൃന്ദമുണ്ടായിരുന്നു. വിശ്വദർശനയെ പൂർണമായും ക്രിസ്ത്യൻ വിശ്വാസധാരയിൽ കൊണ്ടുവരാൻ അവർ എനിക്കുമുകളിൽ ഉപദേശകനായി ഒരു സീനിയർ വൈദികനെ പ്രതിഷ്ഠിച്ചു. അദ്ദേഹമാകട്ടെ, അടിയന്തരാവസ്ഥക്കാലത്ത് കുഴൽപ്പണ കേസിൽ ഒളിവിൽ കഴിയേണ്ടിവന്നയാളാണ്. അതിനും വളരെ കാലം മുമ്പ് മലയാളി പെൺകുട്ടികളെ ജർമ്മനിയിലും ഇറ്റലിയിലും എത്തിച്ച്, തലയെണ്ണി പണം വാങ്ങിയതിന്റെ പേരിൽ ബ്രിട്ടീഷ് വനിതയുടെ പുസ്തകത്തിൽ പരാമർശിക്കപ്പെട്ടയാളുമാണ്.

ബാഗ്ലൂരിൽ തത്വശാസ്ത്ര ക്ലാസിൽ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചത് പിടിക്കപ്പെടുന്നതുവരെ മോഷണം കുറ്റകരമാകുന്നില്ല എന്നാണ്. സഭയ്ക്ക് അതൊന്നും വലിയ വിഷയങ്ങളായിരുന്നില്ല. അദ്ദേഹത്തെ ഉപദേശകനായി അംഗീകരിക്കാൻ ഞാൻ സന്നദ്ധമായിരുന്നില്ല. ചുമതല ഏറ്റെടുത്തതിന് പിന്നാലെ ഉപദേശിക്കാൻ എന്റെ മുറിയിലെത്തിയ അദ്ദേഹത്തെ ഞാൻ നിഷ്‌കരുണം മുറിയിൽനിന്ന് ഇറക്കിവിട്ടു. കാരണം, ഞാനറിയാതെ വിശ്വദർശനയുടെ പേരിൽ ജർമനിയിൽനിന്നും പണം വരുത്തുന്നതിനുള്ള നടപടികൾ അദ്ദേഹം തുടങ്ങിക്കഴിഞ്ഞിരുന്നു. ഇതര മതവിശ്വാസികളായ ബുദ്ധിജീവികളെ ക്രൈസ്തവ സംസ്‌കൃതിയിലേക്ക് ആനയിക്കാനുള്ള പദ്ധതിയായിട്ടാണ് അദ്ദേഹം വിശ്വദർശനയെ വ്യാഖ്യാനിച്ചത്. സങ്കടവും അമർഷവും അനിയന്ത്രിതമായപ്പോൾ ഞാൻ പ്രൊവിൻഷ്യലച്ചനെ കാണാൻ അമല ആശുപത്രിയിലെത്തി. അദ്ദേഹം ടൈഫോയ്ഡ് പിടിപെട്ട് ചികിത്സയിലായിരുന്നു. എനിക്ക് മുകളിൽ പ്രതിഷ്ഠിച്ച ഉപദേശകനെ നീക്കം ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടു.

അന്നദ്ദേഹം എന്നോട് പറഞ്ഞു; ‘‘ഇവിടെ ഒരാൾ പോലും അച്ചന് അനുകൂലമായി പറയാനില്ല. എല്ലാവരും എതിരാണ്. എല്ലാവരെയും വെറുപ്പിച്ചുകെണ്ട് എനിക്ക് സ്വന്തമായി തീരുമാനിക്കാനും കഴിയില്ല. അച്ചൻ എവിടെയെങ്കിലുംപോയി രക്ഷപ്പെട്ടോളൂ''. എന്തു പറയണമെന്നറിയാതെ അല്പനേരം ഞങ്ങൾ രണ്ട് പേരും മൗനത്തിലാണ്ടു.

ചാവറ സെന്ററിൽ ആയിരുന്നപ്പോൾ ജഡ്ജിമാരും വക്കീലന്മാരുമായുള്ള സമ്പർക്കത്തിനിടയിൽ മനസ്സിലുദിച്ച ഒരാഗ്രഹമാണ് അപ്പോൾ തികട്ടിവന്നത്. ഞാൻ ചോദിച്ചു; ‘‘എങ്കിൽ ഞാൻ കേരളത്തിന് പുറത്തുപോയി നിയമം പഠിച്ചുകൊള്ളട്ടെ?’’.
അദ്ദേഹം സമ്മതാർത്ഥത്തിൽ തലയാട്ടി. കോഴിക്കോട് സർവ്വകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യ ബിരുദാനന്തര പഠനം അതിനകം ഞാൻ പൂർത്തിയാക്കിയിരുന്നു. 1987 ആഗസ്റ്റിൽ നിയമ പഠനത്തിനായി ഞാൻ മുംബൈയിലേക്ക് പുറപ്പെട്ടു. ഡോ. എൻ. ആർ. മാധവമേനോൻ നിയമ പഠനത്തിനായി എന്നെ ദൽഹിയിലേക്ക് ക്ഷണിച്ചിരുന്നതാണ്. പക്ഷേ, അപ്പോഴേക്കും അദ്ദേഹം നാഷണൽ ലോ സ്‌കൂളിന്റെ നിർമ്മാണത്തിനായി ബാംഗ്ലൂരിലേക്ക് മാറിയിരുന്നു.

മുംബൈയിലേക്കുള്ള എന്റെ കൂടുമാറ്റം വിശ്വദർശനയുടെ മരണത്തിലേക്കുള്ള യാത്രയായിരുന്നു. പ്രസിദ്ധീകരിച്ച പുസ്തകങ്ങളെല്ലാം വിതരണത്തിന് ഒരാൾ ഏറ്റെടുത്തിരുന്നു. ലൈബ്രറി കെട്ടിടനിർമ്മാണത്തിന്​ ഞാൻ പാട്ടുരായ്ക്കലിൽ ഇറക്കിയിരുന്ന മൂന്നുലക്ഷം ഇഷ്ടിക സഭാധികാരികൾ കൊണ്ടുപോയി ചിയ്യാരത്ത് ഗലീലിയുടെ ചുറ്റുമതിൽ പണിതു. മാർപ്പാപ്പയുടെ കൈവെപ്പിലൂടെ കമ്യൂണിസം കഴുകിക്കളഞ്ഞ മാർബിൾ ഫലകം ആരോ നശിപ്പിച്ചു. വിശ്വദർശന സാംസ്‌കാരിക സമുച്ചയത്തിനായി ഞാൻ തയ്യാറാക്കി വെച്ചിരുന്ന മാസ്റ്റർപ്ലാൻ ചില സി. എം. ഐ കുബുദ്ധികൾ അവർക്കുവേണ്ട മാറ്റങ്ങളോടെ സപ്തചേതനയായി പുനരവതരിപ്പിച്ചു. ചേതന ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ല.

മാറി മാറി വരുന്ന അധികാരികളുടെ മനോധർമ്മമനുസരിച്ച് തിളങ്ങിയും മങ്ങിയും അതിന്റെ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നു. മൂന്ന് വർഷം വിശ്വദർശനയിൽ എനിക്ക് സഹായവും പ്രചോദനവുമായിരുന്ന ഫാ. ജോസഫ് ഏലിയാസ്, ഒരിക്കൽ പ്രൊവിൻസിലെ ഉന്നതാധികാരികൾ വിശ്വദർശനയെക്കുറിച്ച് ആക്രോശിച്ചു കൊണ്ടിരുന്നപ്പോൾ ബൈബിളിനെ ഉദ്ധരിച്ച്​ പറഞ്ഞതിങ്ങനെയാണ്, ‘‘പന്നികൾക്ക് മുമ്പിൽ വിതറപ്പെട്ട മുത്തുമണികളാണ് വിശ്വദർശന. അതിന്റെ മഹത്വം തിരിച്ചറിയാത്തവർ ചവിട്ടിമെതിച്ചുകളയുന്നു''.
ഇതിനപ്പുറം ഒരംഗീകാരം എനിക്കാവശ്യമില്ലായിരുന്നു.

(ജോർജ്​ പുലികുത്തിയേൽ എഴുതി ഗ്രീൻ ബുക്​സ്​ പ്രസിദ്ധീകരിക്കുന്ന ‘നീതിമുഖവും പൊയ്​മുഖവും’ എന്ന പുസ്​തകത്തിൽനിന്ന്​)

Comments