‘എന്നെ പുറത്താക്കേണ്ടത് സഭയുടെ കോർപറേറ്റ് താൽപര്യത്തിന് ആവശ്യമായിരുന്നു'

പൊതുസമൂഹത്തിൽ ഇടപെട്ടുതുടങ്ങിയപ്പോഴാണ് വിശ്വാസപ്പോരാളിയായ പുരോഹിതനെന്ന നിലയിൽ കഴിഞ്ഞകാലങ്ങളിൽ ഞാൻ ചെയ്തുകൂട്ടിയ അതിക്രമങ്ങളെക്കുറിച്ച് എനിക്ക് ബോധോദയം ഉണ്ടാകുന്നത്. ഇക്കാലത്ത് ബിഷപ്പുമാരുടെയും പുരോഹിതരുടെയും ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള വിവാദങ്ങൾ ഉണ്ടാകുമ്പോൾ മാധ്യമങ്ങൾക്ക് മുമ്പിലും പൊതുവേദികളിലും വന്ന് ചില യുവവൈദികർ വിഡ്ഢിത്തങ്ങളും വിവരക്കേടുകളും ലജ്ജയില്ലാതെ വിളിച്ചോതുന്നത് കാണുമ്പോൾ എന്റെ പഴയകാലം ഓർക്കാറുണ്ട് - സഭയിൽനിന്ന് പുറത്താക്കപ്പെട്ട ജോർജ് പുലികുത്തിയേൽ എഴുതുന്നു

ഠനങ്ങളും വായനകളും ചിന്തകളും സജ്ജനസമ്പർക്കങ്ങളും എന്നിൽ രൂപപ്പെടുത്തിയ ബോധ്യങ്ങളുടെ പശ്ചാത്തലത്തിൽ പറയട്ടെ; ക്രൈസ്തവത്വം എന്നാൽ അധർമങ്ങളെ പ്രതിരോധിക്കലാണ്; ധർമത്തെ പ്രതിഷ്ഠിക്കുകയാണ്. മറ്റൊരു ക്രിസ്തു ആയിരിക്കുകയെന്നാണ്. ക്രിസ്തു ഈ നാട്ടിൽ, ഈ കാലത്ത് ജീവിച്ചിരുന്നുവെങ്കിൽ എന്തു ചെയ്യുമായിരുന്നുവോ അവയൊക്കെയും നിർവഹിക്കുകയെന്നാണ്. ക്രിസ്തുവിന്റെ പ്രതിരോധം മുഖ്യമായും അധികാരത്തിന്റെ അധാർമികതയ്ക്കും ധാർഷ്ട്യത്തിനുമെതിരായിരുന്നുവല്ലൊ.
സന്യാസമെന്നാൽ പ്രതിബദ്ധതയാണ്. യേശുവിന്റെ പ്രതിബദ്ധത ആരോടായിരുന്നുവോ അവരോടുതന്നെ. വേദഗ്രന്ഥങ്ങളിൽ തെളിയുന്ന പ്രവാചകരുടെ പ്രതിബദ്ധതയും ദുർബ്ബലരോടും അസംഘടിതരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമായിരുന്നല്ലോ. പ്രവാചകധർമം ഏറ്റെടുക്കുകയാണല്ലോ സന്യാസത്തിന്റെ അന്തഃസത്ത. ജാതികൾക്കും മതങ്ങൾക്കും വിഭാഗീയ ചിന്തകൾക്കും വ്യക്തി-പ്രാദേശിക താൽപര്യങ്ങൾക്കും അതീതനായിരിക്കണം പ്രവാചകൻ എന്നതും പ്രധാനമാണ്.

പൗരോഹിത്യമെന്നാൽ ജനങ്ങൾക്ക് സൗജന്യമായി നൽകപ്പെടുന്ന ശുശ്രൂഷയാണ്. അടക്കിവാഴലോ, അടിമപ്പെടുത്തലോ അല്ല. സമ്പത്തിന്റെയും അധികാരത്തിന്റെയും ഉന്മാദവുമല്ലത്. സംഭാഷണത്തിലും വേഷവിധാനങ്ങളിലും സദാചാരികളും സ്വകാര്യജീവിതത്തിലും കർമമേഖലകളിലും സംസ്‌കാരത്തിന്റെയും സദാചാരത്തിന്റയും ഘാതകരും ആയിരിക്കുകയെന്നതുമല്ല. ഇരകളാക്കപ്പെട്ടവർക്ക് നൽകപ്പെടുന്ന സേവനം ആത്യന്തികമായും അവരെ സ്വാതന്ത്ര്യത്തിലേക്കും നിർഭയത്വത്തിലേക്കും മോചിപ്പിക്കുകയും വേണം.

ഈ അർത്ഥത്തിൽ എന്റെ ക്രൈസ്തവത്വവും സന്യാസവും പൗരോഹിത്യവും എന്നും സഫലമായിരുന്നു; സംഗതവുമായിരുന്നു. സി. എം. ഐ സമൂഹത്തിലെ മറ്റാരേക്കാളും കൂടുതൽ അഭിമാനകരമായ സംഭാവന നല്കാൻ ഈ രംഗത്ത് എനിക്ക് കഴിഞ്ഞിട്ടുണ്ട്.

എനിക്കെതിരെയുള്ള സഭയുടെ കുറ്റപത്രത്തിൽ പറയുന്നവ ഇവയാണ്: 1. ഞാൻ സഭാവിരുദ്ധ പ്രവർത്തനം നടത്തി; 2. ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തി; 3. അധികാരികളെ വിമർശിച്ചു; 4. സഭാധികാരികളുടെ അനുവാദമില്ലാതെ വിദേശയാത്ര ചെയ്തു; 5. ജനനീതി ഇൻസ്റ്റിറ്റ്യൂട്ടിനായി ഭൂമി വാങ്ങിയപ്പോൾ അത് സഭയുടെ പേരിൽ വാങ്ങിയില്ല. മേൽപറഞ്ഞ ആരോപണങ്ങൾ ഞാൻ അംഗീകരിക്കുന്നു. എന്തായിരുന്നു എന്റെ സഭാവിരുദ്ധപ്രവർത്തനം? സഭ പറയുന്ന എല്ലാ കാര്യങ്ങളും കണ്ണടച്ച് വിശ്വസിച്ചില്ലെന്നോ? അതെങ്ങിനെ സഭാവിരുദ്ധമാകും? ഇടതുപക്ഷത്തോടുള്ള ചായ്​വ്​ എന്നു പറയുന്നത്, ഞാൻ നടത്തിയ പരിപാടികളിൽ പങ്കെടുത്തവർ അധികവും ഇടതുപക്ഷ ചായ്വുള്ളവരായിരുന്നുവെന്നതാണ്. അതെങ്ങിനെ ഒരു കുറ്റമാകും? പുസ്തകങ്ങൾ വായിക്കുന്നതും ധിഷണാപരമായ കാര്യങ്ങളിൽ പങ്കെടുക്കുന്നതും ഇടതുപക്ഷക്കാരായതിന്റെ ഉത്തരവാദി ഞാനല്ലല്ലോ. നിങ്ങൾ പ്രസംഗിക്കുന്ന യേശുക്രിസ്തുവും ഇടതുപക്ഷക്കാരനല്ലായിരുന്നോ? അധികാരികളെ എങ്ങിനെ വിമർശിക്കാതിരിക്കും. അധർമത്തെ ചെറുക്കാതെ എനിക്കെങ്ങനെ ഒരു ദൈവവിശ്വാസിയായി തുടരാനാകും? തിന്മയെയും അധർമത്തെയും എനിക്ക് ലഭിച്ച എല്ലാ വേദികളിലും ഞാൻ എതിർത്തു. ഇപ്പോഴും അത് ചെയ്തുകൊണ്ടിരിക്കുന്നു. അത് എന്റെ കടമയും വ്യക്തിപരമായ ധാർമികതയുമാണ്. എന്റെ വിമർശനങ്ങളുടെ അടിസ്ഥാനം സഭയോടുള്ള സ്നേഹവും സുവിശേഷമൂല്യങ്ങളോടുള്ള പ്രതിബദ്ധതയുമായിരുന്നു. വിമർശനം അനാദരവല്ല. എന്റെ ഓരോ വിമർശനവും ഉദാത്തമായ മൂല്യബോധത്തോടെ ഉത്തരവാദിത്വപൂർവ്വം നിർവ്വഹിച്ച ക്രൈസ്തവ ധർമമായിരുന്നു. അനുവാദം കൂടാതെ എന്തുകൊണ്ട് ഞാൻ വിദേശത്ത് പോയി എന്നത് നേരത്തെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അതൊരു വലിയകുറ്റമാണെങ്കിൽ അനുവാദമില്ലാതെ സഭയുടെ ലക്ഷക്കണക്കിന് പണം അപഹരിച്ചുകൊണ്ട് വിദേശത്തുപോവുകയും തിരിച്ചുവരികയുംചെയ്ത എത്രയോ സി. എം. ഐക്കാർ സഭയിൽ വലിയ സ്ഥാനമാനങ്ങൾ അലങ്കരിക്കുന്നുണ്ട് ഇപ്പോഴും?

ജനനീതി ഇൻസ്റ്റിറ്റ്യൂട്ടിനായി വാങ്ങിയ നാലര ഏക്കർ ഭൂമിയ്ക്ക് സി. എം. ഐ സഭയുടേതായി ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ല. പിന്നെ എങ്ങിനെ ആ ഭൂമി സഭയുടെ പേരിൽ വാങ്ങും? എന്തുകൊണ്ട് സി. എം. ഐ സഭയിൽനിന്ന് പുറത്തായി എന്നകാര്യം കഴിഞ്ഞ ഇരുപതു വർഷത്തിനിടയിൽ ഒരു വേദിയിലും ഞാൻ പറഞ്ഞിട്ടില്ല. ഇവിടെ ഇപ്രകാരം രേഖപ്പെടുത്തിയില്ലെങ്കിൽ വരുന്ന തലമുറ കേൾക്കാനിരിക്കുന്നത് വിചിത്രമായ മറ്റൊരു കഥയായിരിക്കുമെന്ന് ഞാൻ ഭയപ്പെടുന്നതുകൊണ്ട് മാത്രമാണ് ഇത്രയും എഴുതാൻ കാരണം. എഴുതിയതത്രയും വസ്തുതകൾ മാത്രമാണ്, വസ്തുതകളിൽ തെറ്റ് സംഭവിച്ചുകൂടാ. ആശയങ്ങളിലും അഭിപ്രായങ്ങളിലും തെറ്റ് സംഭവിക്കാം. ആരെയും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പരമാവധി എല്ലാ സി. എം. ഐ സുഹൃത്തുക്കളോടും സൗഹൃദം പുലർത്താനാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

എനിക്ക് മുമ്പ് സി. എം. ഐ. സമൂഹത്തിൽനിന്ന് നിരവധിപേർ പുറത്താക്കപ്പെട്ടിട്ടുണ്ട്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് എന്റെ കാര്യം. പുറത്താക്കപ്പെടാൻ തക്കതായ കുറ്റമൊന്നും ഞാൻ ചെയ്തിട്ടില്ലെന്ന് എന്നെപോലെ തന്നെ സഭയ്ക്കും ബോധ്യമുണ്ട്. പക്ഷേ, ഞാൻ പുറത്താക്കപ്പെടേണ്ടത് സഭയിൽ ഉയിർകൊണ്ടിരുന്ന വിനാശകരമായ കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് ആവശ്യമായിരുന്നു. എന്നെ ബഹിഷ്‌കരിക്കാൻ കഴിഞ്ഞാൽ സി. എം. ഐ സമൂഹത്തിൽനിന്ന് ഒരാളും ഭാവിയിൽ അധികാരത്തിനെതിരെ ശബ്ദിക്കാൻ ധൈര്യപ്പെടില്ലെന്ന് ബന്ധപ്പെട്ടവർ കരുതി. എത്ര ഗുരുതരമായ സാഹചര്യമുണ്ടായാലും എതിർപ്പിന്റെ വിമതശബ്ദം ഉണ്ടാകില്ലെന്ന് അവർക്ക് ഉറപ്പാക്കേണ്ടിയിരുന്നു.

അഡ്വ. പ്രശാന്ത്ഭൂഷൺ കോടതിയലക്ഷ്യകുറ്റം നടത്തിയതായി സുപ്രീംകോടതി വിധിച്ചു. കോടതി എന്തുവിധിച്ചാലും ഈ രാജ്യത്തെ മുഴുവൻ ജനങ്ങളും ഒരേ ശബ്ദത്തിൽ വിളിച്ചുപറയുന്ന സത്യമുണ്ട് - പ്രശാന്ത്ഭൂഷൺ കുറ്റവാളിയല്ല. അദ്ദേഹത്തെ കുറ്റക്കാരനായി വിധിച്ച കോടതിക്കാണ് തെറ്റുപറ്റിയത്. അദ്ദേഹത്തിന്റെ വിമർശനങ്ങൾ ഒരിക്കലും കോടതിക്ക് എതിരായിരുന്നില്ല; നീതിപീഠങ്ങളിലിരുന്ന് കൊടും അഴിമതികൾ നടത്തിയ ജഡ്ജിമാർക്കെതിരായിരുന്നു. ‘രാജാവ് നഗ്‌നനാണെ'ന്ന് അദ്ദേഹം വിളിച്ച് പറഞ്ഞു. ഇവിടെ പ്രശാന്ത്ഭൂഷൺ ഒരു വ്യക്തി എന്നതിലുപരി രാജ്യമനഃസാക്ഷിയുടെ ശബ്ദമാണ്. നീതിയുടെയും ധർമത്തിന്റെയും പ്രതീകമാണ്. അദ്ദേഹത്തെ നിശബ്ദനാക്കുന്നതിലൂടെ ഈ രാജ്യത്തെ മുഴുവൻ വിമതശബ്ദങ്ങളെയും നിശബ്ദമാക്കാനാണ് അന്ധകാരശക്തികൾ ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തിൽ എന്നപോലെ മതത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. അതുകൊണ്ടാണ് എന്റെ ബഹിഷ്‌കരണത്തിന്റെ ഉത്തരവാദികൾ സഭയിലെ മുഴുവൻ അധികാരികളുമാണെന്ന് ഞാൻ വിശ്വസിക്കുന്നത്.

സത്യമെന്ത് എന്ന് അന്വേഷിക്കാനുള്ള ആർജ്ജവം അവരിൽ ആരും കാണിച്ചില്ല. എതിർപ്പിന്റെ ശബ്ദത്തെ നിഷ്‌കരുണം ഉന്മൂലനം ചെയ്യേണ്ടത് എല്ലാവരുടെയും ആവശ്യമായിരുന്നു എന്ന് വേണം കരുതാൻ. ചിലപ്പോൾ ചില കാര്യങ്ങൾ ചെയ്യാതിരിക്കുന്നത് പാപമാണെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നുണ്ട് (sins of ommission).

മൂന്നര പതിറ്റാണ്ടിലധികം വിശ്വസ്തതാപൂർവം ഞാൻ അംഗമായിരുന്ന സി. എം. ഐ സമൂഹത്തെ വെറുക്കാൻ എനിക്കൊരിക്കലും കഴിയില്ല. പക്ഷേ, ആ സമൂഹത്തിന്റെ ധാർമിക മൂല്യങ്ങളിൽ സംഭവിച്ചിരിക്കുന്ന പതനങ്ങൾ ഞാൻ വേദനയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. യേശുവിന്റെ മാർഗ്ഗത്തിലേക്ക് ഒരു തിരിച്ചുപോക്ക് അവർക്ക് കഴിയുമെന്ന് തോന്നുന്നില്ല. പകരം അവർ നടത്തുന്ന വിവിധതരം വാണിഭങ്ങളിലേക്ക് യേശുവിനെ വലിച്ചിഴയ്ക്കാനാണ് അവർ ശ്രമിച്ചുവരുന്നത്. സഭാസമൂഹം നന്നാകണമെങ്കിൽ അതിന്റെ അമരത്തുള്ളവർ ആദ്യം നന്നാകണം. അതിനവർ തയ്യാറാകില്ലെന്ന് മാത്രമല്ല, എല്ലാ കുറ്റങ്ങളും അംഗങ്ങളുടെമേൽ ചാർത്തി അവരെ നന്നാക്കിയെടുക്കാനുള്ള ഭഗീരഥയത്നത്തിലാണ് അധികാര പീഠങ്ങളിലുള്ളവർ. രാഷ്ട്രീയ പാർട്ടികളിൽ സംഭവിച്ചിരിക്കുന്ന ജീർണതയേക്കാൾ എത്രയോ അധികമാണ് ദൈവനാമം പേറി നടക്കുന്ന സഭാധികാരികൾക്കിടയിലെ ജീർണത!

ഒറ്റ കാര്യം മാത്രം ചെയ്താൽ സി. എം. ഐ സമൂഹം രക്ഷപ്പെടുമെന്നാണ് എന്റെ വിശ്വാസവും പ്രതീക്ഷയും. വിവരവും വിവേകവും മാന്യതയും സ്വഭാവശുദ്ധിയും നീതിബോധവും ജീവിതലാളിത്യവുമുള്ളവരെ ജനറാളും പ്രൊവിൻഷ്യലും അവരുടെ കൗൺസിൽ അംഗങ്ങളുമായി തിരഞ്ഞെടുക്കുക. അവർക്ക് പരിഹരിക്കാവുന്നതേയുള്ളു സി. എം. ഐ സമൂഹത്തിലെ പ്രതിസന്ധികൾ.

യാദൃച്ഛികമായിട്ടാണ് എത്തിപ്പെട്ടതെങ്കിലും സന്യാസ-വൈദിക പരിശീലന കാലഘട്ടം യുവാക്കളിൽ ചെലുത്തുന്ന ശക്തമായ സ്വാധീനത്തിന് തെളിവാണ് എന്റെ ജീവിതം. ധീരവും സാഹസികവും മനുഷ്യകേന്ദ്രീകൃതവുമായ ജീവിതം മോഹിച്ച് സെമിനാരിയിലെത്തിയ എന്റെ മൂലധനം തീക്ഷ്ണതയും ആത്മാർത്ഥതയുമായിരുന്നു. സെമിനാരിയിലെ പ്രബോധനങ്ങളും പരിശീലനങ്ങളും ജീവിതക്രമവും കൃത്യമായും സത്യസന്ധമായും ആത്മാവിലേന്തിയ ഞാൻ എല്ലാ അർത്ഥത്തിലും സി. എം. ഐ സഭയുടെ കരുത്തനായ കാവൽഭടനായിരുന്നു.

വിദേശപഠനം, കോളേജ് അധ്യാപനം, സെമിനാരി പ്രൊഫസ്സർ തുടങ്ങിയ വാഗ്ദാനങ്ങളിലൊന്നും എന്റെ മനസ്സ് കുടുങ്ങിയില്ല. സഭയുടെ ആത്മീയ നവോത്ഥാനവും ഭൗതികമായ വളർച്ചയും മാത്രമായിരുന്നു എന്റെ ജീവിതലക്ഷ്യം. സഭയും സഭാധികാരികളും പറയുന്നതും പ്രവർത്തിക്കുന്നതും മാത്രമാണ് ശരിയെന്നും സത്യമെന്നും ഞാൻ വിശ്വസിച്ചു. 1979ൽ ബാംഗ്ലൂർ ധർമ്മാരാം സെമിനാരിയിൽ തൊഴിലാളികൾ ഉയർന്ന വേതനത്തിനായി സമരം ആരംഭിച്ചപ്പോൾ ധർമ്മാരാമിലെ അടുക്കള, പശു- പന്നി- കോഴി ഫാമുകൾ, ഭൂസ്വത്തുക്കൾ എന്നിവയുടെ ചുമതല ഞാൻ ഏറ്റെടുത്തു. എന്റെ നേതൃത്വത്തിൽ വൈദിക വിദ്യാർത്ഥികളെ വിവിധ ജോലികളിൽ നിയോഗിച്ചു.

ആഴ്ചകൾക്കുള്ളിൽ തൊഴിലാളി സമരം പൊളിഞ്ഞു. സമരക്കാരെ മുഴുവനായും പിരിച്ചയച്ചു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ധർമ്മാരാമിൽ മോഷണസംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു. അപ്പോഴും രാത്രികാലത്തെ സെക്യൂരിറ്റി ജീവനക്കാരെ ഒഴിവാക്കി ചുമതലകൾ ഞാൻ ഏറ്റെടുത്തു. തുടർന്നുള്ള ഏതാനും മാസങ്ങളിൽ രാത്രിയിൽ ഞാനുറങ്ങിയിട്ടില്ല. കെട്ടിടസമുച്ചയത്തിനകത്തും വിശാലമായ കാമ്പസിലും റോന്തു ചുറ്റുകയും ഷിഫ്റ്റുകളായി കാവൽ നടത്തിയിരുന്ന വൈദിക വിദ്യാർത്ഥികൾക്ക് ആവശ്യമായ ധൈര്യവും നിർദ്ദേശങ്ങളും നല്കുകയും ചെയ്തുകൊണ്ടിരുന്നു.

പൗരോഹിത്യം സ്വീകരിച്ചശേഷം എറണാകുളത്ത് ചാവറ സെന്ററിന്റെ ചുമതലക്കാരനായി സി. എം. ഐ സഭയുടെ ഉന്നതാധികാര സമൂഹത്തോടൊപ്പം ജീവിച്ചുതുടങ്ങിയപ്പോഴാണ് എനിക്ക് സംഭവിച്ച തെറ്റുകൾ ബോധ്യമായത്. അതെന്നിലുളവാക്കിയ ഞെട്ടലും കുറ്റബോധവും ലജ്ജയും ചെറുതായിരുന്നില്ല. അധ്വാന വർഗത്തിന്റെ അവകാശങ്ങൾക്ക് ദേശത്തും വിദേശത്തും ശക്തമായി വാദിക്കുന്ന ഞാൻ തന്നെയാണല്ലൊ ധർമ്മാരാമിലെ തൊഴിലാളികളെ അമർച്ച ചെയ്തത് എന്നോർക്കുമ്പോൾ എന്നോടുതന്നെ വെറുപ്പ് തോന്നുന്നുണ്ട്.

ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, പൗരാവകാശങ്ങൾ, ലിംഗനീതി, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിൽ പഠനം നടത്തുകയും പൊതുസമൂഹത്തിൽ ഇടപെട്ടുതുടങ്ങുകയും ചെയ്തപ്പോഴാണ് ഒരു വിശ്വാസപ്പോരാളിയായ പുരോഹിതനെന്ന നിലയിൽ കഴിഞ്ഞകാലങ്ങളിൽ ഞാൻ ചെയ്തുകൂട്ടിയ അതിക്രമങ്ങളെക്കുറിച്ച് എനിക്ക് ബോധോദയം ഉണ്ടാകുന്നത്. ഇക്കാലത്ത് ബിഷപ്പുമാരുടെയും പുരോഹിതരുടെയും ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള വിവാദങ്ങൾ ഉണ്ടാകുമ്പോൾ മാധ്യമങ്ങൾക്ക് മുമ്പിലും പൊതുവേദികളിലും വന്ന് ചില യുവവൈദികർ വിഡ്ഢിത്തങ്ങളും വിവരക്കേടുകളും ലജ്ജയില്ലാതെ വിളിച്ചോതുന്നത് കാണുമ്പോൾ എന്റെ പഴയകാലം ഓർക്കാറുണ്ട്. സ്വാതന്ത്ര്യത്തിന്റെ വെളിച്ചവും വിവേകവും സത്യത്തെക്കുറിച്ചുള്ള തിരിച്ചറിവും എന്നാണാവോ ഇവർക്ക് ലഭ്യമാവുക എന്നോർത്ത് വ്യഥപ്പെടാറുമുണ്ട്. സ്തുതിപാഠകരുടെ ആരവങ്ങൾ മാത്രംകേട്ട് പൊതുസമൂഹവുമായി ബന്ധപ്പെടാതെയും ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്ന് ദൂരം പാലിച്ചും ദന്തഗോപുരങ്ങളിൽ ജീവിതം തകർത്താടുന്നതുകൊണ്ടാണ് ബിഷപ്പുമാരും പുരോഹിതരും ജനവിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്നത്. അത് തന്നെയാണ് ക്രിസ്തുവും അവരും തമ്മിലുള്ള അന്തരവും.

(ജോർജ് പുലികുത്തിയേൽ എഴുതി ഗ്രീൻ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘നീതിമുഖവും പൊയ്​മുഖവും’ എന്ന പുസ്തകത്തിൽനിന്ന്)


Comments