ജനാഭിമുഖ കുർബാന തർക്കം: വിശ്വാസികളുടെ സമരം വിജയച്ചു; സഭാ നേതൃത്വവും വിശ്വാസികളും ഇനി മുഖാമുഖം

സിറോ മലബാർ സഭയിലെ കുർബാന ക്രമം ഏകീകരിക്കുന്നതു സംബന്ധിച്ച തർക്കത്തെത്തുടർന്ന് സഭാനേതൃത്വത്തിനെതിര എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും നടത്തിയ സമരം വിജയിച്ചു. നിരാഹാരത്തിന് തുടക്കം കുറിച്ച അതിരൂപത സംരക്ഷണ സമിതി നേതാവായ ഫാദർ ബാബു കളത്തിൽ, എൻ.ഒ.തോമസ് എന്നിവരെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് നേരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഫാദർ ടോം മുള്ളൻചിറ, പാരിഷ് ണറായ പ്രകാശ് പി.ജോൺ എന്നിവർ ബിഷപ്പ് ഹൗസിലാണ് നിരാഹാര സമരം നടത്തിയത്. നിരാഹാരം അവസാനിപ്പിക്കുന്നതിന് സഭാ നേതൃത്വം സമരക്കാർക്കു മേൽ സമ്മർദ്ദം ചെലുത്തിയെങ്കിലും വഴങ്ങാൻ സമരക്കാർ തയ്യാറായില്ല. ഒൻപത് ദിവസം നീണ്ടു നിന്ന നിരാഹാരത്തിനൊടുവിൽ, ഗത്യന്തരമില്ലാതെ അൾത്താരാഭിമുഖ കുർബാന നടത്താനാവില്ലെന്ന അതിരൂപതയിലെ വൈദികരുടേയും വിശ്വാസികളുടേയും വിസമ്മതം അംഗീകരിക്കുകയാണെന്ന് അതിരൂപത ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ പ്രസ്താവനയിൽ അറിയിച്ചു.

2021 ൽ നടന്ന സിനഡിന്റെ തീരുമാനമായിരുന്നു അൾത്താരാഭിമുഖമായ കുർബാന എല്ലാ പള്ളികളിലും നടപ്പാക്കണം എന്നത്. കുർബാന ക്രമം ഏകീകരിച്ചത് സിനഡിന്റെ
ഏകകണ്ഠമായ തീരുമാനപ്രകാരമാണ് എന്ന വാദം തെറ്റാണെന്നും സിനഡിൽത്തന്നെ ഉയർന്ന വിയോജിപ്പുകളെ കണ്ടില്ലെന്ന് നടിക്കുകയാണ് നേതൃത്വം ചെയ്തതെന്നും വിശ്വാസികളേയും പൊതുസമൂഹത്തേയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് തീരുമാനം പുറത്തു വന്നതെന്നും
അത് അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും നേതൃത്വത്തിനെതിരെ നിരാഹാര സത്യാഗ്രഹം ഉൾപ്പെടെയുള്ള സമരം ആരംഭിച്ചത്.

അൾത്താരയ്ക്ക് അഭിമുഖമായി നിന്നാണോ ജനങ്ങൾക്ക് അഭിമുഖമായി നിന്നാണോ കുർബാന അർപ്പിക്കേണ്ടത് എന്ന തർക്കത്തിന് വിശ്വാസപരമായ മാനങ്ങൾ മാത്രമല്ല ഉള്ളത്. അത് സഭയ്ക്കകത്തെ ജനാധിപത്യമില്ലായ്മയെയും സഭയിലെ അധികാര കേന്ദ്രീകരണത്തെയും ചോദ്യം ചെയ്യുക കൂടി ചെയ്യുന്നുണ്ട്.
സഭാഐക്യത്തിന് ആരാധനാക്രമങ്ങൾ ഏകീകരിക്കുകയല്ല വേണ്ടതെന്ന അഭിപ്രായമാണ് സമരനേതാക്കൾ മുന്നോട്ടു വെച്ചത്. മറിച്ച് വൈവിധ്യങ്ങളുടെ ഐക്യമാണ് വേണ്ടത്, പ്രാദേശികവും സാംസ്കാരികവുമായ വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള സഭയുടെ വിശാല മാനവികതാ ചരിത്രത്തെ ഉറപ്പിക്കുകയാണ് പുതിയ കാലത്ത് സഭ ചെയ്യേണ്ടത് എന്ന് ആരാധനാ ക്രമങ്ങൾ രൂപപ്പെട്ട് വന്നതിന്റെ ചരിത്രത്തെ മുൻനിർത്തി ഇവർ പറയുന്നു.

മാർപ്പാപ്പയെപ്പോലും തെറ്റിദ്ധരിപ്പിച്ചും മാർപ്പാപ്പയുടെ കത്തിനെ തെറ്റായി വ്യാഖ്യാനിച്ചും ഫാസിസ്റ്റ് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനുള്ള സഭാ നേതൃത്വത്തിലെ ചിലരുടെ തീരുമാനത്തെ അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്.

35 രൂപതകളുള്ള സിറോ മലബാർ സഭയിൽ 34 രൂപതകളും സിനഡിന്റെ തീരുമാനത്തെ അംഗീകരിച്ച് അൾത്താരാഭിമുഖ കുർബാന പള്ളികളിൽ തുടങ്ങി എങ്കിലും സിനഡിന്റെ നിർദ്ദേശത്തെ എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും യുവജന സംഘടനകളും അതിശക്തമായി എതിർക്കുകയും നിർദ്ദേശം അനുസരിക്കില്ല എന്ന് വ്യാപകമായി പ്രതിജ്ഞയെടുക്കുകയും ചെയ്യുകയായിരുന്നു. സിനഡ് തീരുമാനം നിർബന്ധമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ ജോർജ്ജ് ആലഞ്ചേരി ക്രിസ്തുമസിനു മുൻപ് പുറത്തിറക്കിയ സർക്കുലർ, പ്രശ്നം വഷളാക്കി. കൂടുതൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് വൈദികരും വിശ്വാസികളും നീങ്ങുകയും ചെയ്തു.

ഭൂമി വിവാദത്തിൽ ആരോപണ വിധേയനായ കർദിനാൾ ജോർജ്ജ് ആലഞ്ചേരിയോടുള്ള കടുത്ത വിയോജിപ്പാണ് ആരാധനാ വിവാദത്തിലും രൂക്ഷമായി പ്രതിഫലിച്ചിരുന്നത്. ഭൂമി വിവാദത്തിലും ആരാധനാ തർക്കത്തിലും മാത്രം ഒതുങ്ങുന്നതല്ല കർദ്ദിനാളിനോടുള്ള എതിർപ്പ് എന്നാണ് വൈദികരുടേയും വിശ്വാസികളുടേയും വിട്ടുവീഴ്ചയില്ലാത്ത സമര നിലപാടുകൾ തെളിയിക്കുന്നത്. തുടക്കത്തിൽ കർദ്ദിനാൾ ആലഞ്ചേരിയ്ക്ക് അനുകൂലമായി നിന്നെങ്കിലും ബിഷപ്പ് ആന്റണി കരിയിലിന് സമരം ചെയ്യുന്നവർക്കൊപ്പം നിന്ന് സംസാരിക്കേണ്ടി വന്നതും സഭയിലെ വിമത സ്വരത്തിന്റെ ശക്തിയും ജനകീയതയും തെളിയിക്കുന്നതായിരുന്നു. ഏറ്റവുമൊടുവിൽ ആലഞ്ചേരിയിറക്കിയ സർക്കുലറിനെ തള്ളിയാണ് ബിഷപ്പ് ആന്റണി കരിയിൽ സമരാവശ്യങ്ങൾ അംഗീകരിച്ചു കൊണ്ട് ജനാഭിമുഖ കുർബാന നില നിൽക്കുമെന്ന് അറിയിച്ചത്. ഹിന്ദുത്വ വർഗ്ഗീയ നേതൃത്വവുമായി സഭാ നേതൃത്വത്തിനുള്ള ബന്ധം, കർദിനാൾ ആലഞ്ചേരിയുടെ ഭൂമി അഴിമതി, ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയും മറ്റു പല വൈദികർക്കെതിരെയും ഉയർന്നു വന്ന ലൈംഗിക പീഡന പരാതികൾ തുടങ്ങി നിരവധി വിഷയങ്ങളിൽ സഭാ നേതൃത്വവുമായി നിലനിൽക്കുന്ന വിയോജിപ്പുകളെ സഭയ്ക്കുള്ളിലും പൊതുവേദികളിലും കൂടുതൽ ശക്തമായി ഉന്നയിക്കുന്നതിനുള്ള ആത്മവിശ്വാസം കുർബാന സമരം വിജയിച്ചതിലൂടെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദിക - വിശ്വാസ സമൂഹത്തിന് കൈവന്നിരിക്കുകയാണ് എന്നു വേണം വിലയിരുത്താൻ.

Comments