കെ.കെ. കൊച്ച് / Photo: Bansree AS

അത്തരമൊരു തിരിച്ചറിവില്ലെങ്കിൽ മുസ്​ലിം സമുദായത്തിന്റെ
​യാത്ര ജിന്നയിലേക്കായിരിക്കും

മുസ്‌ലിം ലീഗിനെ ഏകപക്ഷീയമായി പിന്താങ്ങിയില്ലെന്നതിന്റെ പേരിൽ ഞാനും ഇസ്​ലാമോഫോബിയയുടെ വക്താവായി മുദ്രകുത്തപ്പെട്ടു. മുസ്‌ലിം രാഷ്ട്രീയ- സാമുദായിക പ്രസ്ഥാനങ്ങൾക്കെതിരായ ലഘുവായ വിമർശനങ്ങൾ പോലും ഇസ്​ലാമോഫോബിയയായി ചിത്രീകരിക്കാൻ കഴിയുന്ന സാഹചര്യമാണ് മുസ്‌ലിം ബുദ്ധിജീവികളും അവരുടെ സഹയാത്രികരും സൃഷ്ടിച്ചിട്ടുള്ളത്​

കേരളത്തിലെ ദളിത് പ്രവർത്തകരിൽ, മറ്റാരേക്കാൾ മുസ്‌ലിം
പ്രശ്‌നങ്ങളുമായും സംഘടനകളുമായും എനിക്ക് ദീർഘകാലത്തെ ബന്ധമാണുളളത്. ഇതിന്നാധാരമായത് ഇസ്​ലാം ഒരു വിമോചന പ്രത്യയശാസ്ത്രമാണെന്നോ ദളിതരുടെ ദുരിതങ്ങളേക്കാൾ മുഖ്യം മുസ്‌ലിം സമുദായത്തിന്റേതാണെന്നോ കരുതുന്നതിനാലല്ല. മറിച്ച് ദേശീയ സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി മുന്നോട്ടുവെച്ച ഹിന്ദു- മുസ്‌ലിം ഐക്യത്തേക്കാൾ ബി.ആർ അംബേദ്കറിന്റെ നിലപാടുകളും ഭരണഘടനയുൾക്കൊള്ളുന്ന ന്യൂനപക്ഷ പരിരക്ഷകളും സ്വീകാര്യമായതിനാലാണ്.

ദേശീയ സ്വാതന്ത്ര്യ സമരകാലത്ത് ഒരു വ്യത്യസ്തധാരയായിരുന്ന അംബേദ്കറിന്റെ പ്രത്യയശാസ്ത്ര- രാഷ്ട്രീയ ഭൂമികയിൽ മുസ്‌ലിംകൾ അപരരോ അന്യവത്കൃതരോ ആയിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം ചാതുർവർണ്യം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ആര്യ സമാജിൽ നിന്ന്​പൊട്ടിമുളച്ച ഹിന്ദുമഹാസഭയേക്കാൾ, കോൺഗ്രസിനെ എതിർത്തത്.

മൗലാനാ ഹസ്രത് മൊഹാനിക്കൊപ്പം അംബേദ്കർ / Photo: Wikimedia Commons
മൗലാനാ ഹസ്രത് മൊഹാനിക്കൊപ്പം അംബേദ്കർ / Photo: Wikimedia Commons

ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടദ്ദേഹം എഴുതി: "കോൺഗ്രസ് ഒരു ഹിന്ദുസംഘടനയല്ലെന്ന് പറയുന്നതുകൊണ്ട് പ്രയോജനമില്ല. അംഗത്വഘടനയിൽ ഹൈന്ദവമായ ഒരു സംഘടന, ഹൈന്ദവ മനസ്സ് പ്രതിഫലിപ്പിക്കുകയും ഹൈന്ദവാഭിലാഷങ്ങളെ അനുകൂലിക്കുകയും ചെയ്യും. കോൺഗ്രസും ഹിന്ദുമഹാസഭയും തമ്മിലുള്ള ഏക വ്യത്യാസം, ഹിന്ദുമഹാസഭ പറയുന്ന കാര്യങ്ങൾ അസംസ്‌കൃതങ്ങളും നടപടികൾ നിഷ്ഠൂരമാണെന്നും കോൺഗ്രസിന്റേത് അയവുള്ളതും മര്യാദപാലിക്കുന്നതാണെന്നുമാണ്. കോൺഗ്രസും ഹിന്ദുമഹാസഭയും തമ്മിലുളള വസ്തുതാപരമായ ഈ വ്യത്യാസമല്ലാതെ മറ്റൊരു വ്യത്യാസവുമില്ല.'

അംബേദ്കർ കോൺഗ്രസിനേയും ഗാന്ധിജിയേയും എതിർക്കുമ്പോൾ മുസ്‌ലിം നേതൃത്വമായിരുന്ന മുഹമ്മദലി ജിന്നയേയും എതിർത്തിരുന്നു

ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ അംബേദ്കർ കോൺഗ്രസിനേയും ഗാന്ധിജിയേയും എതിർക്കുമ്പോൾ മുസ്‌ലിം നേതൃത്വമായിരുന്ന മുഹമ്മദലി ജിന്നയേയും എതിർത്തിരുന്നു. അദ്ദേഹമെഴുതി: " താൻ ഒരു ഹിന്ദുവാണെന്ന് മി. ഗാന്ധി സമ്മതിക്കണമെന്ന് ജിന്ന ശഠിക്കുന്നു. താൻ മുസ്‌ലിം നേതാവാണെന്ന് ജിന്ന സമ്മതിക്കണമെന്നാണ് ഗാന്ധിയുടെ ശാഠ്യം. ഇന്ത്യയുടെ ഈ രണ്ടു നേതാക്കളിൽ കാണുന്നത്ര രാജ്യതന്ത്രജ്ഞതയുടെ ശോചനീയമായ പാപ്പരത്തം മുമ്പൊരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല. അവർ വിരസമായനെടുനെടുങ്കൻ പ്രസംഗങ്ങൾ നടത്തുന്നു. എല്ലാറ്റിനേയും എതിർക്കുകയും സന്ദർഭത്തിനൊത്തു സംസാരിക്കുകയും ചെയ്യുന്നു. സ്തംഭനപരിഹാരത്തിന് ഏതുമാർഗ്ഗം നിർദേശിക്കപ്പെട്ടാലും അവരുടേത് ശാശ്വതമായ നിഷേധമാണ്. ഈ നേതാക്കന്മാർക്കിടയിൽ പെട്ട് രാജ്യതന്ത്രം ശീതീകരിക്കപ്പെട്ടിരുന്നു. രാഷ്ട്രീയ പ്രവർത്തനം അസാധ്യമായി തീർന്നിരിക്കുന്നു.’

അംബേദ്കറിന്റെ ഗാന്ധി- ജിന്ന (കോൺഗ്രസ്- മുസ്‌ലിം ലീഗ്) വിമർശനത്തിനടിസ്ഥാനമായത് ഇന്ത്യൻ ജനതയെ ഹിന്ദുക്കളും മുസ്​ലിംകളുമെന്ന വിഭജനങ്ങൾക്കതീതമായ സമുദായം/ വർഗം എന്ന പരിപ്രേക്ഷ്യത്തിലാണ്. അതുകൊണ്ടാണ് സാമൂഹ്യപരിഷ്‌കരണവും രാഷ്ട്രീയ പരിഷ്‌കരണവും സമന്വയിപ്പിക്കുന്ന കമ്യൂണൽ അവാർഡ് അദ്ദേഹം മുന്നോട്ടുവെച്ച് ഭരണഘടനാപരമായ പരിരക്ഷ ഉറപ്പാക്കണമെന്ന് വാദിച്ചത്. ഇന്ത്യൻ സമൂഹത്തിൽ നിലനിന്ന സാമൂഹ്യ യാഥാർത്ഥ്യങ്ങളേയും വൈവിധ്യങ്ങളേയും ആന്തരിക സംഘർഷങ്ങളേയും കണക്കിലെടുത്തുള്ള കമ്യൂണൽ അവാർഡിന്റെ പ്രസക്തി അംബേദ്കർ ചൂണ്ടിക്കാട്ടിയത്, "വിവിധ വർഗങ്ങൾക്കും സമുദായങ്ങൾക്കും നിശ്ചിതമായ അനുപാത ക്രമത്തിൽ രാഷ്ട്രീയാധികാരത്തിലെ പങ്കാളിത്തം ഭരണഘടനാപരമായി ഉറപ്പുവരുത്തണ'മെന്നായിരുന്നു. അതേസമയം, ഗാന്ധിജിയുടെ അഭിപ്രായം, "ഹിന്ദുസ്വരാജ് ' എന്ന കൃതിയിൽ രേഖപ്പെടുത്തിയത് "ഹിന്ദുക്കൾ -മുസ്​ലിംകൾ- ക്രിസ്ത്യാനികൾ- പാഴ്‌സികൾ- സിഖുകാർ- ജൈനർ എന്നിങ്ങനെ വിഭിന്ന മതവിഭാഗങ്ങൾക്ക് രാഷ്ട്രീയാധികാരം നൽകണ'മെന്നായിരുന്നു.

മുഹമ്മദലി ജിന്നയും ഗാന്ധിയും
മുഹമ്മദലി ജിന്നയും ഗാന്ധിയും

മുകളിൽ കൊടുത്തിരിക്കുന്നതിൽ നിന്ന്​ വ്യത്യസ്തമായൊരഭിപ്രായമാണ് മുസ്‌ലിം ലീഗിനുണ്ടായിരുന്നത്. അതാകട്ടെ മതത്തെ ദേശീയതയായി നിർവ്വചിച്ചുള്ള പ്രദേശപരമായ പ്രാതിനിധ്യവാദമായിരുന്നു. ഈ വാദം, കമ്യൂണൽ അവാർഡ് വിഭാഗനം ചെയ്ത ഇതരസമുദായങ്ങൾക്കൊപ്പം ജനസംഖ്യാപരമായ അധികാരപങ്കാളിത്തത്തിന് വിരുദ്ധമായിരുന്നു. പിന്നീട് പാക്കിസ്ഥാന്റെ ഭാഗമായിത്തീർന്ന പ്രദേശങ്ങളെ സംബന്ധിച്ച വിവരണം ഇപ്രകാരമാണ്: "1947 ജൂൺ 20ന് ബംഗാൾ നിയമസഭ സമ്മേളിച്ചു. പശ്ചിമബംഗാളും കിഴക്കൻ ബംഗാളുമായി പിരിയാനുള്ള തീരുമാനം അംഗീകരിച്ചു. ജൂൺ 23ന് പഞ്ചാബ് അസംബ്ലിയും സമാനമായ തീരുമാനമെടുത്തു. കിഴക്കൻ പഞ്ചാബ് ഇന്ത്യയുടെയും പടിഞ്ഞാറൻ പഞ്ചാബ് പാക്കിസ്ഥാനുമായും ചേരുന്നതായി പ്രഖ്യാപിക്കപ്പെട്ടു. സിൽഹട്ടിലും എൻ.ഡബ്ല്യു യു.പിയിലും ഹിതപരിശോധന നടന്നു. ഭൂരിപക്ഷമാളുകൾ പാക്കിസ്ഥാനെ അനുകൂലിച്ചു. സിന്ധും ബലൂചിസ്ഥാനും പാക്കിസ്ഥാനിൽ ചേർന്നു.' കോൺഗ്രസു (ഹിന്ദു)മായുള്ള മത്സരത്തിൽ നിന്നും രൂപപ്പെട്ട മുസ്‌ലിം ലീഗിന്റെ നിലപാടിനും ഇന്ത്യാ വിഭജനത്തിലും രക്തരൂക്ഷിതമായ കലാപങ്ങൾക്കും അനേകമായിരങ്ങളുടെ മരണത്തിനും കാരണമായിട്ടുണ്ട്. മാത്രമല്ല, ഇന്നും തുടരുന്ന മുസ്​ലിംകളുടെ അന്യവൽക്കരണത്തിനും അപരവൽക്കരണത്തിനും അവർക്കെതിരായ ഭരണകൂട ഹിന്ദുത്വ അതിക്രമങ്ങൾക്കും കാരണം മറ്റൊന്നുമല്ല.

ഇന്ത്യയിലെ മുസ്‌ലിംകളെ ദുരന്തങ്ങളിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന്​ മാറിനിൽക്കാൻ കോൺഗ്രസിനും ഗാന്ധിക്കും കഴിയില്ലെന്ന് അംബേദ്കർ പാക്കിസ്ഥാൻ അഥവാ ഇന്ത്യാ വിഭജനം എന്ന കൃതിയിൽ വ്യക്തമാക്കുന്നുണ്ട്. ചരിത്രമായി മാറിയ ഹിന്ദു- മുസ്‌ലിം വൈരുദ്ധ്യങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് ബ്രിട്ടീഷുകാരേക്കാൾ 1875ൽ ദയാനന്ദ സരസ്വതി രൂപീകരിച്ച ആര്യസമാജത്തിന്റെ പ്രത്യയശാസ്ത്ര വ്യവഹാരമണ്ഡലവും സംഘടന നേതൃത്വം കൊടുത്ത ഗോരക്ഷിണി സഭകൾ മുസ്‌ലിംകൾക്കെതിരെ നടത്തിയ അതിക്രമങ്ങളുമായിരുന്നു. ഇത്തരം സംഘർഷങ്ങൾക്ക് അറുതിവരുത്തുകയെന്നതിനപ്പുറം ഹിന്ദുക്കളേയും മുസ്‌ലിംകളെയും ബ്രിട്ടീഷ് ഭരണത്തിനെതിരായി അണിനിരത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിജിയും കോൺഗ്രസും ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ നൽകിയതും.

ഇന്ത്യാ വിഭജനകാലത്ത് അഭയാർത്ഥികൾക്കായി ഏർപ്പെടുത്തിയ പ്രത്യേക ട്രെയിൻ അംബാല സ്റ്റേഷനിൽ
ഇന്ത്യാ വിഭജനകാലത്ത് അഭയാർത്ഥികൾക്കായി ഏർപ്പെടുത്തിയ പ്രത്യേക ട്രെയിൻ അംബാല സ്റ്റേഷനിൽ

ഈ ലക്ഷ്യം സഫലമായില്ലെന്ന് മാത്രമല്ല, ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തം നിഷേധിച്ചും രാജ്യമാസകലം ഹിന്ദു മുസ്‌ലിം ലഹളകൾ വ്യാപകമായിത്തീർന്നു. ഇരുവിഭാഗങ്ങളും പങ്കെടുത്ത, രക്തരൂക്ഷിതവും മരണം പെയ്‌തൊഴിഞ്ഞതുമായ ലഹളകളിൽ എണ്ണമറ്റ ജീവനുകളാണ് പൊലിഞ്ഞത്. ഇപ്രകാരമൊരു സവിശേഷ സാഹചര്യത്തെ അഭിമുഖീകരിച്ചുകൊണ്ടാണ് അംബേദ്കർ; മുസ്​ലിംകളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെ കമ്യൂണൽ അവാർഡിന്റെയും 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെയും ഭാഗമാക്കുന്നത്.

അംബേദ്കറിനെ വസ്തുനിഷ്ഠമായി വായിക്കാതെ, മലബാർ കലാപത്തേയും വാരിയൻ കുന്നനേയും സ്ഥാപനവൽക്കരിച്ച മുസ്‌ലിം സാമൂഹ്യ രാഷ്ട്രീയ ചിന്തകരിലൊരുവിഭാഗം, അംബേദ്കറിന്റെ വാദങ്ങളെ സന്ദർഭത്തിൽ നിന്നുമടർത്തിയെടുത്തു ഹിന്ദുത്വപക്ഷപാതിത്വമായി വ്യാഖ്യാനിക്കുകയായിരുന്നു.

ചരിത്രത്തിന്റെ മുകളിൽ കൊടുത്തിരിക്കുന്ന അദ്ധ്യായം കേരളത്തിൽ പുനർവായിക്കപ്പെടുന്നത് വാരിയംകുന്നൻ (വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി) എന്ന സിനിമാ ചർച്ചകളിലാണ്. അംബേദ്കറിന്റെ 577 പേജുകളുളള (മലയാളം) പുസ്തകത്തിൽ കേവലം ഒരു പാരഗ്രാഫിൽ ഒതുങ്ങുന്നതാണ് മലബാർ കലാപത്തെക്കുറിച്ചുള്ള പരാമർശം. ബ്രിട്ടീഷ് സർക്കാറിന്റെ ഔദ്യോഗിക രേഖകളേയും മാധ്യമവാർത്തകളേയും ആധാരമാക്കി, മുസ്​ലിംകൾ ഹിന്ദുക്കൾക്കെതിരായി അതിക്രമങ്ങൾ നടത്തിയെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കലാപത്തിന്റെ നൂറാം വാർഷികത്തോട് ബന്ധപ്പെട്ടുള്ള മുസ്‌ലിം സംഘടനകളുടെ പ്രചാരണങ്ങളെ തടയിടാൻ സി.പി.ഐ.എമ്മും സംഘപരിവാറും അംബേദ്കറെ ഉദ്ധരിച്ചുള്ള എതിർപ്രചാരണങ്ങളുമാരംഭിച്ചു. ഇത്തരമൊരവസരത്തിൽ, അംബേദ്കറിനെ വസ്തുനിഷ്ഠമായി വായിക്കാതെ, മലബാർ കലാപത്തേയും വാരിയൻ കുന്നനേയും സ്ഥാപനവൽക്കരിച്ച മുസ്‌ലിം സാമൂഹ്യ രാഷ്ട്രീയ ചിന്തകരിലൊരുവിഭാഗം, അംബേദ്കറിന്റെ വാദങ്ങളെ സന്ദർഭത്തിൽ നിന്നുമടർത്തിയെടുത്തു ഹിന്ദുത്വപക്ഷപാതിത്വമായി വ്യാഖ്യാനിക്കുകയായിരുന്നു.

മലബാർ കലാപത്തെക്കുറിച്ചുുള്ള അംബേദ്കറിന്റെ നിലപാടിനെ ഞാൻ വ്യത്യസ്തമായൊരു നിലപാടിലാണ് വായിച്ചത്. എങ്ങിനെയാണ് അംബേദ്കർ വിലയിരുത്തപ്പെടേണ്ടത്? അദ്ദേഹത്തിന്റെ ഒരു കൃതിയും നേരത്തെ ചൂണ്ടിക്കാട്ടിയ ഉപദാനങ്ങളെ നിഷേധിച്ചിരുന്നില്ല. ഇതിലും പ്രധാനം ഹിംസാത്മക കലാപങ്ങളോടുളള സമീപനമാണ്. അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ ഹിംസയെ എതിർത്തിരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ഹിംസാത്മക കലാപങ്ങൾ നടത്തിയത് ആദിവാസികളായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ 75ലധികം കലാപങ്ങളിൽ പതിനായിരക്കണക്കിനു പേരാണ് രാജ്യമാസകലം മരിച്ചുവീണത്. ഈ ജീവത്യാഗങ്ങളെ വാഴ്ത്താൻ വിസമ്മതിച്ച അംബേദ്കർ, മലബാർ കലാപത്തിലെ ഹിംസയെ എതിർത്തത് സ്വാഭാവികമായിരുന്നു. ഇത്തരം പ്രശ്‌നവൽക്കരണങ്ങളെ മുൻനിറുത്തി കേരളത്തിൽ മുസ്​ലിംകളുടെ രാഷ്ട്രീയ പ്രതിനിധാനം സൃഷ്ടിക്കുന്നതിൽ മലബാർ കലാപത്തേക്കാളും വാരിയൻ കുന്നന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളേക്കാളും മുഖ്യപങ്ക് വഹിച്ചത് നിവർത്തന പ്രക്ഷോഭമാണെന്നുളള എന്റെ വിലയിരുത്തൽ ഇപ്രകാരമായിരുന്നു.

തിരുവിതാംകൂറിൽ 1931ന് അധികാരമേറ്റെടുത്ത ശ്രീചിത്തിര തിരുനാൾ മഹാരാജാവ് നവംബർ ആറിന് രാജസദസ്സിൽ പ്രഖ്യാപിച്ചു: " ശ്രീമൂലം പോപ്പുലർ അസംബ്ലിയെ നിയമപ്രകാരമുള്ള സഭയാക്കിമാറ്റുകയും അതിന് വിപുലമായ പ്രവർത്തന മേഖലയും അധികാരങ്ങളും നൽകുകയെന്നതും എന്റെ ലക്ഷ്യമാണ്.'
തുടർന്ന്, ബ്രിട്ടീഷിന്ത്യയിലെ ഭരണപരിഷ്‌കാരങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ താൽപര്യങ്ങൾക്കും വീക്ഷണഗതികൾക്കും മതിയായ പ്രാതിനിധ്യം നൽകണമെന്നും തീരുമാനിക്കപ്പെട്ടു. ഇപ്രകാരം പ്രതിനിധാനത്തിന്റെ മാനദണ്ഡം നിശ്ചയിക്കപ്പെട്ടെങ്കിലും നിയമസഭയിൽ ജനസംഖ്യാനുപാതികമായി ലഭിക്കുമായിരുന്നതിലും കുറഞ്ഞ പ്രാതിനിധ്യം മാത്രമേ ലഭിക്കുകയുള്ളൂവെന്ന് ഈഴവരും ക്രിസ്ത്യാനികളും കരുതി. നായർ സമുദായത്തിനാകട്ടെ ജനസംഖ്യാനുപാതികമായി ലഭിക്കുന്നതിലും അധികം സ്ഥാനങ്ങളാണ് ലഭിക്കുന്നത്. തന്മൂലം, വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാത്ത സമുദായങ്ങൾ പ്രക്ഷോഭമാർഗം സ്വീകരിക്കാനുറച്ചു.

1957ലെ കേരളത്തിലെ മുസ്‌ലിം ലീഗ് നേതൃത്വം / Photo:MohamdRizwwa, Wikipedia
1957ലെ കേരളത്തിലെ മുസ്‌ലിം ലീഗ് നേതൃത്വം / Photo:MohamdRizwwa, Wikipedia

മുൻചൊന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ ആൾ ട്രാവൻകൂർ ഈഴവ പൊളിറ്റിക്കൽ ലീഗ് 1932 ജൂൺ 31ന് സി.വി. കുഞ്ഞുരാമന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് ഈഴവരുടെ ആവശ്യങ്ങളുന്നയിച്ചു. അതേവർഷം ആഗസ്റ്റ് 21 ന്​ സാഹിബ് ബഹദൂർ സെയ്ദ് എം.ബാവയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മുസ്‌ലിം സമുദായത്തിന് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ആവശ്യപ്പെടുകയുണ്ടായി. ട്രാവൻകൂർ ലത്തീൻ ക്രിസ്ത്യൻ സഭയുടെ സെപ്റ്റംബർ നാലിലെ യോഗവും ആവശ്യപ്പെട്ടത് മുൻചൊന്ന കാര്യം തന്നെയായിരുന്നു. ട്രാവൻകൂർ സ്റ്റേറ്റ് കത്തോലിക്കാ കോൺഗ്രസ് ഒക്ടോബർ 15ന് നൽകിയ നിവേദനത്തിലെ ആവശ്യവും മറ്റൊന്നായിരുന്നില്ല. ഇത്തരം സാമുദായിക പ്രവർത്തനങ്ങളുടെ ഭാഗമായി നവംബർ 13ന് ചേർന്ന മുസ്‌ലിം സർവ്വീസ് ലീഗിന്റെ പ്രവർത്തകയോഗം സമാനചിന്താഗതിയുള്ള സമുദായങ്ങളുമായി കൂട്ടുചേർന്ന് ഒരു കർമപദ്ധതിക്ക് രൂപം നൽകാനും അധികാരസ്ഥാപനങ്ങളിൽ നിവേദനം സമർപ്പിക്കാനും തീരുമാനമെടുത്തു. ഇതോടെയാണ് എൻ.പി ജോസഫിന്റെയും സി. കേശവന്റേയും നേതൃത്വത്തിൽ സംയുക്ത രാഷ്ട്രീയ സമിതി രൂപീകരിക്കപ്പെടുന്നത്. പ്രസ്തുത സമിതി, സാമുദായിക രാഷ്ട്രീയ പ്രാതിനിധ്യത്തിനുവേണ്ടി നടത്തിയ സമരമാണ് നിവർത്തന പ്രക്ഷോഭം.

സംയുക്തരാഷ്ട്രീയ സമിതി, തെരഞ്ഞെടുപ്പ് ബഹിഷ്‌കരണമടക്കമുളള സമരമാർഗങ്ങൾ സ്വീകരിച്ചതിന്റെ ഫലമായി, സർക്കാർ യോഗങ്ങളിൽ വിവിധ സമുദായങ്ങളുടെ ന്യായമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി പബ്ലിക് സർവീസ് കമീഷൻ രൂപീകരിക്കപ്പെടുകയും ഈഴവ- മുസ്‌ലിം- ക്രിസ്ത്യൻ സമുദായങ്ങളിൽ ഉദ്യോഗ നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, 1936 ആഗസ്റ്റിൽ സമ്മതിദാനാവകാശനിയമം പാസാക്കി. ഇതിന്റെയടിസ്ഥാനത്തിൽ 1937ൽ പരിഷ്‌കരിച്ച നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സംയുക്തരാഷ്ട്രീയ സമിതിയുടെ ഭൂരിപക്ഷം അംഗങ്ങളും നിയോജകമണ്ഡലങ്ങളിൽ ജയിക്കുകയും പാർട്ടി നേതാവായ ടി.എം. വർഗീസ് ശ്രീമൂലം പ്രജാസഭയിലെ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ദളിതരുടെ അധികാര പങ്കാളിത്തം നിവർത്തന പ്രക്ഷോഭത്തിലൂടെ ആയിരുന്നില്ല; മറിച്ച് 1932 സെപ്റ്റംബർ 24ന് നിലവിൽ വന്ന പൂനാ പാക്ടിലെ നിർദേശമായ സംവരണത്തിലൂടെയായിരുന്നു. ഈ ചരിത്രാനുഭവം തുറന്നുകാട്ടിയ ഞാൻ ഇസ്‌ലാമോഫോബിയയുടെ വക്താവായി മുദ്രയടിക്കപ്പെട്ടു.

പാർലമെന്റിൽ സാമ്പത്തിക സംവരണ നിയമത്തിനെതിരെ നിലപാടെടുത്ത മുസ്‌ലിം ലീഗും ആ പ്രസ്ഥാനത്തിന്റെ സഖ്യകക്ഷികളായ വെൽഫെയർ പാർട്ടിയും സാമ്പത്തിക സംവരണ വാദികളായ കോൺഗ്രസിനെയും യു.ഡി.എഫിനേയു പിന്താങ്ങുക വഴി സാമ്പത്തിക സംവരണത്തെയാണ് തുണച്ചത്.

മറ്റൊരു സന്ദർഭം സാമ്പത്തിക സംവരണത്തോടുള്ള മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാടിനെ വിമർശിച്ചതാണ്. സംവരണത്തിന്റെ മാനദണ്ഡം സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയായിരിക്കേ, ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം എന്ന ആവശ്യം മുന്നോട്ടുവച്ചത്​, 1957ൽ ഇ.എം.എസ് മുഖ്യമന്ത്രിയായ ആദ്യ കമ്യൂണിസ്റ്റ് ഗവൺമെന്റും പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു 1961 മുതൽ സംസ്ഥാന മുഖ്യമന്ത്രിമാർക്കയച്ച കത്തുകളുമായിരുന്നു. ഇപ്രകാരം സ്ഥാപനവൽക്കരിക്കപ്പെട്ട സാമ്പത്തിക സംവരണം, ലക്ഷ്യപ്രാപ്തി കൈവവരിച്ചത്, മുസ്‌ലിം ലീഗിലെ രണ്ട് എം.പിമാരുടെയും ഉവൈസിയുടെയും എതിർപ്പുകളോടെയും മറ്റെല്ലാ കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പിന്തുണയോടെയും ഭരണഘടനയുടെ 103ാം ഭേദഗതി പാസ്സാക്കപ്പെട്ടതോടെയാണ്. പാർലമെന്റിൽ നിയമത്തിനെതിരെ നിലപാടെടുത്ത മുസ്‌ലിം ലീഗും ആ പ്രസ്ഥാനത്തിന്റെ സഖ്യകക്ഷികളായ വെൽഫെയർ പാർട്ടിയും സാമ്പത്തിക സംവരണ വാദികളായ കോൺഗ്രസിനെയും യു.ഡി.എഫിനേയു പിന്താങ്ങുക വഴി സാമ്പത്തിക സംവരണത്തെയാണ് തുണച്ചത്. ഒരേസമയം ഇരയോടും വേട്ടക്കാരനോടുമൊപ്പമുള്ള ഈ നിലപാടെന്തുകൊണ്ടാണ്?

മുസ്‌ലിം ലീഗ് സ്ഥാപകർക്കൊപ്പം മുഹമ്മദലി ജിന്ന (1948നു മുമ്പുള്ള ചിത്രം)
മുസ്‌ലിം ലീഗ് സ്ഥാപകർക്കൊപ്പം മുഹമ്മദലി ജിന്ന (1948നു മുമ്പുള്ള ചിത്രം)

മുസ്​ലിംകൾ അടക്കമുള്ള സംവരണീയ സമുദായങ്ങളിലെ ഒരു ചെറുന്യൂനപക്ഷം ക്രീമിലെയറുകാരാണ്. സമ്പത്തിന്റെയും പദവിയുടെയും സമുദായിക പിന്തുണയോടെയും ഈ വിഭാഗത്തിന് സംവരണത്തിന്റെ ആനുകൂല്യമില്ലാതെ തന്നെ സവർണരോടൊപ്പം അധികാരപങ്കാളിത്തം നേടാനാകും. തന്മൂലം നോൺ ക്രീമിലെയറായ ഭൂരിപക്ഷ സമുദായാംഗങ്ങളുടെ പ്രശ്‌നങ്ങൾ, കക്ഷിരാഷ്ട്രീയ പ്രശ്‌നമെന്നതിനപ്പുറമുള്ള സാമുദായിക രാഷ്ട്രീയ കാര്യമായി കണക്കാക്കുന്നില്ല. മാത്രമല്ല, മുൻചൊന്ന വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാരം, വാണിജ്യം, വിദേശ ജോലികൾ എന്നിങ്ങനെയുുള്ള നിരവധി സാമ്പത്തികോപാധികളാണുള്ളത്. ഇത്തരം പ്രശ്‌നങ്ങൾ, ബാധകമല്ലാത്ത ഏകസമുദായം ദളിതരുടേതാണ്. അവരിൽ ക്രീമിലെയർ ഇല്ലാത്തതിനാൽ, സമുദായത്തിനൊട്ടാകെയാണ് സംവരണാവകാശം ലഭിക്കുന്നത്. ഇപ്രകാരമല്ലാതെ സാമാന്യം മെച്ചപ്പെട്ട ജീവിതമുള്ളൊരു വിഭാഗം ദളിതരിൽ ഇല്ലാത്തതിനാൽ, മറ്റാരേക്കാളും സംവരണം സംരക്ഷിക്കാൻ ദളിത് സമുദായം ബാധ്യസ്ഥരാണ്. ഇക്കാരണംകൊണ്ടാണ് സാമ്പത്തിക സംവരണ വിരുദ്ധ സമരത്തിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ മുസ്‌ലിം ലീഗും, വെൽഫെയർ പാർട്ടിയും വിമർശിക്കപ്പെടുന്നതും ദളിതരുടെ മുൻകൈയിൽ സംവരണ സംരക്ഷണ സമരം നയിക്കപ്പെടേണ്ടതാണെന്നും വാദിക്കുന്നത്. ഇതോടെ മുസ്‌ലിം ലീഗിനെ ഏകപക്ഷീയമായി പിന്താങ്ങിയില്ലെന്നതിന്റെ പേരിൽ ഞാനും ഇസ്‌ലാമോഫോബിയയുടെ വക്താവായി മുദ്രകുത്തപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കുന്നത്, മുസ്‌ലിം രാഷ്ട്രീയ-സാമുദായിക പ്രസ്ഥാനങ്ങൾക്കെതിരായ ലഘുവായ വിമർശനങ്ങൾ പോലും ഇസ്​ലാമോഫോബിയയായി ചിത്രീകരിക്കാൻ കഴിയുന്ന സാഹചര്യമാണ് മുസ്‌ലിം ബുദ്ധിജീവികളും അവരുടെ സഹയാത്രികരും സൃഷ്ടിച്ചിട്ടുള്ളതെന്നാണ്.

അബ്ദുന്നാസിർ മഅ്ദനി / Photo:Facebook
അബ്ദുന്നാസിർ മഅ്ദനി / Photo:Facebook

കൂടാതെ, കേരളത്തിലെ ഇസ്​ലാമോഫോബിയയുടെ ഭൂപടമായി ഒരു ലേഖകൻ (ഡോ. കെ അഷറഫ്) ചൂണ്ടിക്കാട്ടുന്ന സംഭവങ്ങൾ ഇവയാണ്: സി.പി.എം നേതൃത്വത്തിലുള്ള വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് ആറുപേർ കൊല്ലപ്പെട്ട ബീമാപള്ളിവെടിവെപ്പ് (2009), സംഘപരിവാർ തുടങ്ങിവെച്ചതും പിന്നീട് സവർണവൽക്കരിക്കപ്പെട്ട മതേതരമാധ്യമങ്ങൾ ഏറ്റെടുത്തതുമായ ലവ് ജിഹാദ് വ്യാജ പ്രചാരണം (2009), ബംഗളുരു സ്‌ഫോടനാരോപണത്തിന്റെ പേരിൽ പി.ഡി.പി നേതാവായ അബ്ദുൽനാസർ മഅ്ദനിയെ അറസ്റ്റു ചെയ്ത് കർണാടക പൊലീസിന് കൈമാറിയ സംഭവം (2010), ഭീകരവേട്ടയുടെ പേരിൽ പോപ്പുലർ ഫ്രണ്ടിനെതിരായ യു.എ.പി.എ (2010), റയാന ആർ ഖാസി എന്ന മുസ്‌ലിം വിദ്യാർഥിനിയെ മുൻനിർത്തി കേരളത്തിലെ പുരോഗമന വ്യവഹാരങ്ങളുടെ ഭാഗമായി വികസിച്ച ലിംഗവൽക്കരിക്കപ്പെട്ട ഇസ്‌ലാമോഫോബിയ (2010), അദർ ബുക്‌സ്, നന്മ ബുക്‌സ്​തുടങ്ങിയ കോഴിക്കോട്ടെ മുസ്‌ലിം പശ്ചാത്തലമുള്ള പ്രസാധകശാലകളിലും ജമാഅത്തെ ഇസ്​ലാമിയുടെ ആസ്ഥാനമായ ഹിറ സെന്ററിലെ ലൈബ്രറിയിലും നടന്ന ഭരണകൂടത്തിന്റെ പുസ്തകവേട്ട (2010), മുസ്​ലിംലീഗ്​ വിദ്യാഭ്യാസവകുപ്പ്​ കൈകാര്യം ചെയ്തപ്പോൾ പച്ചബോർഡ്, പച്ച ബ്ലൗസ് തുടങ്ങിയവയെക്കുറിച്ച് ഇടതുപക്ഷം ഉണ്ടാക്കിയ ഇസ്​ലാമോഫോബിക് വിവാദം (2012), വിശ്വരൂപം എന്ന സിനിമയുമായി ബന്ധപ്പെട്ട ലിബറൽ ആവിഷ്‌കാര സ്വാതന്ത്ര്യ വ്യവഹാരങ്ങളുടെ മുസ്‌ലിം അപരവത്ക്കരണത്തെക്കുറിച്ചുള്ള ചർച്ച (2013), കേന്ദ്രഭരണത്തിൽ പിടിമുറുക്കിയ ഫാസിസവും പശുരാഷ്ട്രീയവും ഹിന്ദുത്വ ആൾക്കൂട്ട ആക്രമങ്ങളും ഉണ്ടാക്കിയ മുസ്‌ലിം വിരുദ്ധ ഹിംസ (2014), ലിബറൽ ഇടതുപക്ഷ ഫാസിസ്റ്റ് വിരുദ്ധതയുടെ ഇസ്​ലാമോഫോബിയയെയും മുസ്​ലിം ബഹിഷ്‌കരണങ്ങളെയും തുറന്നുകാണിച്ച അമാനവ സംഗമം (2015), കൊടിഞ്ഞി ഫൈസലിനെയും (2016) കാസർഗോഡ് റിയാസ് മൗലവിയെയും സംഘപരിവാർ കൊലചെയ്തത് (2017), ചെന്നൈ ഐ.ഐ.ടിയിലെ മലയാളി മുസ്​ലിം വിദ്യാർഥിനിയായ ഫാത്തിമ ലത്തീഫിന്റെ സ്ഥാപനവൽക്കരിക്കപ്പെട്ട കൊലപാതകം (2019).

ഇൻേറണൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെതുടർന്ന് ജീവനൊടുക്കിയ ചെന്നൈ ഐ.ഐ.ടി വിദ്യാർഥിയായ കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ്‌
ഇൻേറണൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെതുടർന്ന് ജീവനൊടുക്കിയ ചെന്നൈ ഐ.ഐ.ടി വിദ്യാർഥിയായ കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ്‌

മുകളിൽ കൊടുത്തിരിക്കുന്ന ഭരണകൂട മത- രാഷ്ട്രീയ സംഘടനകളുടെ അതിക്രമങ്ങളെ ഇസ്‌ലാമോഫോബിയയായി ചാപ്പുകുത്തുമ്പോൾ നഷ്ടപ്പെടുന്നത് വ്യത്യസ്തമായൊരു ജനാധിപത്യാവബോധമാണ്. ഈ ജനാധിപത്യവിരുദ്ധ രാഷ്ട്രീയം സൂചിതമാകുന്നത്, ‘വാർ ഓൺ ടെറർ’ നിർമ്മിച്ച സാമ്രാജ്യത്വ വംശീയ രാഷ്ട്രീയത്തോട് പുരോഗമന ഇടതുമതേതര ലിബറൽ ധാരകളെ കൂട്ടിക്കെട്ടുന്നതിലൂടെയാണ്. തീർച്ചയായും ജനാധിപത്യത്തിന്റെ ചാരുതകളെ വിമർശന വിധേയമായി ഉൾക്കൊള്ളാതെ പൂർണമായും നിഷേധിക്കുമ്പോൾ, ഒരു ജനാധിപത്യ സമുദായമെന്നതിലുപരി ഒരു മതസമുദായമായി പരാവർത്തനപ്പെടുകയായിരിക്കും ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരു ജനാധിപത്യസമൂഹത്തിൽ മതവിശ്വാസ സ്വാതന്ത്ര്യം വിശാലമാണെന്നും മതാത്മക സമൂഹത്തിൽ പരിമിതിമാണെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഇപ്രകാരമൊരു അവബോധ നവീകരണത്തിന്റെ അഭാവത്തിൽ, കേരളത്തിലെ മുസ്​ലിം സമുദായത്തിന്റെ യാത്ര ജിന്നയിലേക്കായിരിക്കും.

വർത്തനമാനകാലത്ത് മുസ്‌ലിം സമുദായം/രാഷ്ട്രീയം ഒറ്റപ്പെട്ട തുരുത്തല്ല. അത് കീഴാള ദേശീയതയുടെയും നവജനാധിപത്യത്തിന്റേയും അവിഭാജ്യഘടകമാണ്. ഇത്തരമൊരവസ്ഥ സൃഷ്ടിച്ചത് മണ്ഡൽ- മസ്ജിദ് പ്രക്ഷോഭം മുന്നോട്ടുവെച്ച ഹൈന്ദവ ഫാസിസ്റ്റ് വിരുദ്ധ, ദളിത് പിന്നാക്ക- ന്യൂനപക്ഷ ഐക്യമാണ്. ഈ ധാരയെ വ്യത്യസ്തമായ അപരത്വങ്ങളുമായി സംയോജിപ്പിക്കാൻ വൈവിധ്യങ്ങളുടെ സഹവർത്തിത്വമെന്ന ജനാധിപത്യ സങ്കൽപ്പനമാണ് ഉയർത്തിപ്പിടിക്കേണ്ടത്. ഇതിന്നർത്ഥം ഡോ. അംബേദ്കർ മുന്നോട്ടുവച്ച പ്രാതിനിധ്യ ജനാധിപത്യത്തെ ഭരണഘടനാവകാശങ്ങൾ സംരക്ഷിച്ചും വികസിപ്പിച്ചും സമുദായത്തെ ജനാധിപത്യവത്കരിക്കണമെന്നാണ്.

കുറിപ്പ്: ഹിന്ദു എന്ന സങ്കൽപ്പനത്തെ മതം എന്നതിനുപരി ജാതികളുടെ കൂട്ടായ്മയെന്ന പരിപ്രേഷ്യത്തിലാണ് കണക്കാക്കേണ്ടത്. ഈ ജാതികളുടെ സവർണ- അവർണ വിഭജനത്തിൽ മുസ്​ലിംകളുടെ സഖ്യം സവർണരുമായിട്ടായിരിക്കരുത്.


കെ.കെ. കൊച്ച്

എഴുത്തുകാരനും ദളിത് ചിന്തകനും. ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹിക രൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിതൻ (ആത്മകഥ), മൂലധനത്തിന്റെ ജനാധിപത്യവൽക്കരണവും കെ റെയിലുംഎന്നിവ പ്രധാന കൃതികൾ.

Comments