കാന്തപുരത്തിന്റെ മുടിക്കഥ ചരിത്രത്തിലെ മുഹമ്മദ് നബിയോട് ചെയ്യുന്നത്

‘‘അത്ഭുതങ്ങൾ ചമച്ചും അമാനുഷികതകൾ സൃഷ്ടിച്ചും ഒരാളെ ആദരിക്കാൻ ശ്രമിക്കുമ്പോൾ മനുഷ്യൻ്റെ ശാസ്ത്രബോധം ഒട്ടേറെ മുന്നോട്ട് പോയ ഇക്കാലത്ത്, യഥാർത്ഥത്തിൽ അതിലൂടെ ആ ചരിത്രപുരുഷൻ ആദരിക്കപ്പെടുകയാണോ അപമാനിക്കപ്പെടുകയാണോ എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്’’- എം.എസ്. ഷൈജു എഴുതുന്നു.

ലോക മുസ്‌ലിംകളിൽ വലിയൊരു വിഭാഗം മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാനായി ഒരുങ്ങുകയാണ്. ജീവിതാനന്ദത്തിൻ്റെ വലിയൊരു വേളയായാണ് അവർ നബിദിനത്തെ കാണുന്നത്. എന്നാൽ സൈദ്ധാന്തികവും പ്രാമാണികവുമായ പ്രശ്നങ്ങളെ മുൻനിർത്തി നബിദിനാഘോഷത്തോട് മതപരമായി വിയോജിക്കുന്ന ന്യൂനപക്ഷവും മുസ്‌ലിം ലോകത്തുണ്ട്. രണ്ട് വിഭാഗവും താന്താങ്ങളുടെ ന്യായവാദങ്ങൾ ഉയർത്തി ആഘോഷത്തിലും ആഘോഷനിരാസത്തിലും മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നു.

ഇതിനിടയിലാണ് ‘തിരുകേശ’ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. മുഹമ്മദ് നബിയുടെ മുടിയെന്ന വിശ്വാസത്തോടെ തങ്ങൾ സൂക്ഷിച്ചിരിക്കുന്ന മുടി അര സെൻ്റീമീറ്റർ നീളത്തിൽ അത്ഭുതകരമായി സ്വയം വളർന്നിരിക്കുന്നുവെന്ന കാന്തപുരം അബൂബക്കർ മുസ്‌ല്യാരുടെ പ്രസ്താവനയെ തുടർന്നാണ് കേശവിവാദം കൊഴുത്തിരിക്കുന്നത്.

കേശ വിവാദത്തിൽ കേരളത്തിലെ മുസ്ലിം സംഘടനകൾ പല തട്ടിലാണ്. ജമാഅത്തെ ഇസ്‌ലാമിയും മർക്കസുദ്ദഅവ മുജാഹിദുകളും മുടിയുടെ ആധികാരികതയെയും അത്ഭുത സിദ്ധിയെയും നിരാകരിക്കുന്നവരാണ്. കെ എൻ എം മുജാഹിദുകൾ കാന്തപുരത്തെയും മുടിയെയും രൂക്ഷമായി വിമർശിക്കുന്നു. എന്നാൽ വിസ്ഡം മുജാഹിദുകൾക്ക് മുടി ആധികാരികമോ യഥാർത്ഥമോ അല്ലെന്ന വാദം മാത്രമാണുള്ളത്. യഥാർത്ഥ മുടിയാണെങ്കിൽ ചില അഭൗതികമായ അത്ഭുതങ്ങൾ അതിനുണ്ടാകാമെന്നും അതിൽ നിന്ന് അനുഗ്രഹം ലഭിക്കാമെന്നും അവർ പറയുന്നു. ഔദ്യോഗിക സമസ്തയുടെ എതിർപ്പ്, മുടി വ്യാജമാണ് എന്നതിൽ മാത്രമാണ്. അതിനുള്ള തെളിവുകൾ അവരും ഉറക്കെ പറയുന്നു.

മതസംഘടനകളുടെ കഠിനമായ പിടിയിൽ അകപ്പെട്ടിട്ടില്ലാത്ത സാമാന്യ മുസ്‌ലിംകളിൽ ഭൂരിപക്ഷവും മുടിയുമായ ബന്ധപ്പെട്ട അത്ഭുത വാദങ്ങളെ ഒട്ടും വിശ്വാസത്തിലെടുക്കാത്തവരാണ്. ഇതിനൊന്നും ചെവി കൊടുക്കാതെ സ്വന്തം ജീവിത പ്രശ്നങ്ങളുമായി അവരും മുന്നോട്ട് പോകുന്നു

ഏതാണ്ട് ഒന്നര പതിറ്റാണ്ട് മുമ്പാണ്, 1400 വർഷങ്ങൾക്ക് മുമ്പ് മരിച്ച ഇസ്‌ലാം മതത്തിൻ്റെ പ്രവാചകനായ മുഹമ്മദ് നബിയുടെ ഒരു മുടി തങ്ങൾക്ക് ലഭിച്ചിട്ടുണ്ട് എന്ന അവകാശവാദവുമായി കാന്തപുരം അബൂബക്കർ മുസ്ല്യാർ രംഗത്ത് വരുന്നത്. വലിയ നിലയിലുള്ള എതിർപ്പും വിവാദവും മുസ്‌ലിം സമൂഹത്തിനുള്ളിൽ നിന്നും അന്നുണ്ടായി. ‘തിരു കേശം’ എന്ന പേരിൽ അവതരിപ്പിച്ച മുടിനാരുമായി ബന്ധപ്പെട്ട് അനേകം വിവാദങ്ങളുണ്ടായി. അതിനെയൊക്കെ മറികടന്ന് കൊണ്ട് ‘തിരു കേശം’ സൂക്ഷിക്കാനായി ഒരു പള്ളിയും അതിനനുബന്ധമായി വലിയൊരു റിയൽ എസ്റ്റേറ്റ് പ്രൊജക്ടും അനാച്ഛാദനം ചെയ്യപ്പെട്ടു. ‘തിരു കേശ’ത്തിൻ്റെ അത്ഭുത സിദ്ധികളിൽ വിശ്വാസമർപ്പിച്ച് കാന്തപുരത്തിൻ്റെ സംഘടന അതിനെ ഭക്തിയാദരപൂർവം കൈകാര്യം ചെയ്തത് വരികയായിരുന്നു. അതിനിടയിലാണ് ആ മുടി സ്വയം വളർന്ന കഥയുമായി കാന്തപുരം മുസ്ല്യാർ വീണ്ടും രംഗപ്രവേശം ചെയ്യുന്നത്.

ഏതാണ്ട് ഒന്നര പതിറ്റാണ്ട് മുമ്പാണ്, 1400 വർഷങ്ങൾക്ക് മുമ്പ് മരിച്ച ഇസ്‌ലാം മതത്തിൻ്റെ പ്രവാചകനായ മുഹമ്മദ് നബിയുടെ ഒരു മുടി തങ്ങൾക്ക് ലഭിച്ചിട്ടുണ്ട് എന്ന അവകാശവാദവുമായി കാന്തപുരം അബൂബക്കർ മുസ്ല്യാർ രംഗത്ത് വരുന്നത്.
ഏതാണ്ട് ഒന്നര പതിറ്റാണ്ട് മുമ്പാണ്, 1400 വർഷങ്ങൾക്ക് മുമ്പ് മരിച്ച ഇസ്‌ലാം മതത്തിൻ്റെ പ്രവാചകനായ മുഹമ്മദ് നബിയുടെ ഒരു മുടി തങ്ങൾക്ക് ലഭിച്ചിട്ടുണ്ട് എന്ന അവകാശവാദവുമായി കാന്തപുരം അബൂബക്കർ മുസ്ല്യാർ രംഗത്ത് വരുന്നത്.

കാന്തപുരത്തിൻ്റെ അവകാശവാദം കേട്ടിട്ട് കേരളത്തിലെ പൊതു സമൂഹത്തിന് കാര്യമായ ഞെട്ടലൊന്നും ഉണ്ടായതായി തോന്നുന്നില്ല. കാരണം ഇതിനേക്കാൾ വലിയ അത്ഭുതകൃത്യങ്ങളുടെ അവകാശവാദങ്ങൾ കേട്ടും കണ്ടും നിസംഗമായിപ്പോയ ഒരു പൊതുസമൂഹമാണ് നമ്മുടേത്. വിവിധ മതവിഭാഗങ്ങളുടെ അത്ഭുത കഥകൾ കൊണ്ട് മുഖരിതമാണ് നമ്മുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ. ട്രെയിനും പ്ലെയിനും പിടിച്ച് നിർത്തിയ ഔലിയാക്കളും മരിച്ചവർക്ക് ജീവൻ നൽകി എഴുന്നേൽപിച്ച സിദ്ധന്മാരും തളർവാതം പിടിച്ച് കിടന്നവരെ എഴുന്നേൽപ്പിച്ച് പറപ്പിച്ച് വിട്ട അത്ഭുത രോഗശാന്തിക്കാരും എല്ലാറ്റിനും ഒറ്റ മൂലിയായ കൃപാസനവുമൊക്കെ ചേർന്ന് അവിയൽ പരുവത്തിൽ കിടക്കുന്ന മതാത്ഭുതങ്ങളുടെ ലോകത്തേക്ക് കാന്തപുരം കൂടി ഒരു മുടിക്കഷ്ണത്തിൻ്റെ കഥയുമായി വരുന്നതുകൊണ്ട് പ്രത്യേകിച്ച് അധികമായൊന്നും ഇവിടെ സംഭവിക്കാനില്ല.

പൊതുസമൂഹത്തിൻ്റെ യുക്തിബോധത്തേയോ മനുഷ്യരുടെ സാമാന്യ ബോധത്തെയോ ഒട്ടും മാനിക്കാത്തവരാണ് ഇത്തരം അത്ഭുത കഥകളുമായി വരുന്നത്. പറയുന്നതെന്തും ചോദ്യം ചെയ്യപ്പെടാതെ വിശ്വസിക്കാൻ പാകത്തിന് അനുയായികളെ പാകപ്പെടുത്തിയാണ് അവർക്ക് മുന്നിൽ ഇത്തരം കാര്യങ്ങൾ പറയാറുള്ളത്. ശാസ്ത്രീയമായ പിൻബലമോ സാമാന്യ യുക്തിയോ വിശ്വാസങ്ങളിൽ വകവെച്ച് കൊടുക്കുന്നവരല്ല ഇവരാരും. അപ്പോ ഇത്തരം കാര്യങ്ങളിൽ കാന്തപുരം മാത്രം ആക്ഷേപിക്കപ്പെടുന്നത് ശരിയല്ല. ശാസ്ത്രവിരുദ്ധവും അബദ്ധ ജഡിലവുമായ ഇത്തരം യുക്തിരാഹിത്യങ്ങളെ വിശ്വസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കേൾവിക്കാരാണ്. അത് അവരുടെ യുക്തിബോധവും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്.

ശാസ്ത്രവുമായി സംഘർഷപ്പെടാതെ മതവിശ്വാസത്തെ സുരക്ഷിതമാക്കാനും സംരക്ഷിക്കാനുമാണ് ശാസ്ത്രത്തിൻ്റെ വളർച്ചക്കനുസരിച്ച് വേദങ്ങളെ വ്യാഖ്യാനിക്കുന്നതും മതകാഴ്ചപ്പാടുകളിൽ അനിവാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നതും. വേദങ്ങൾ ഉണ്ടാകുന്നത് മനുഷ്യൻ്റെ ശാസ്ത്രീയബോധം വളരെ പരിമിതമായ ഒരു കാലത്താണ്. അക്കാലത്തെ അബദ്ധ ധാരണകൾ ഉള്ളിൽ വെച്ചാണ് അവ വ്യാഖ്യാനിക്കപ്പെട്ടിരുന്നത്. പരന്ന ഭൂമി എന്ന സങ്കൽപമായിരുന്നു പഴയ കാല വിശ്വാസം. ഭൂമിയാണ് ലോകത്തിൻ്റെ കേന്ദ്രം എന്നും പഴയ കാല പണ്ഡിതർ കരുതി. അതനുസരിച്ച് ധാരാളം മത ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിരുന്നു. ഇന്ന് വായിച്ചാൽ വലിയ തമാശക്ക് വക നൽകുന്ന അബദ്ധങ്ങളാണ് വലിയ അറിവുകളായി ഒരു കാലത്ത് ഗൗരവപൂർവം പണ്ഢിതന്മാർ ചർച്ച ചെയ്തിരുന്നത്.

എല്ലാറ്റിനും ഒറ്റ മൂലിയായ കൃപാസനവുമൊക്കെ ചേർന്ന് അവിയൽ പരുവത്തിൽ കിടക്കുന്ന മതാത്ഭുതങ്ങളുടെ ലോകത്തേക്ക് കാന്തപുരം കൂടി ഒരു മുടിക്കഷ്ണത്തിൻ്റെ കഥയുമായി വരുന്നതുകൊണ്ട് പ്രത്യേകിച്ച് അധികമായൊന്നും ഇവിടെ സംഭവിക്കാനില്ല.
എല്ലാറ്റിനും ഒറ്റ മൂലിയായ കൃപാസനവുമൊക്കെ ചേർന്ന് അവിയൽ പരുവത്തിൽ കിടക്കുന്ന മതാത്ഭുതങ്ങളുടെ ലോകത്തേക്ക് കാന്തപുരം കൂടി ഒരു മുടിക്കഷ്ണത്തിൻ്റെ കഥയുമായി വരുന്നതുകൊണ്ട് പ്രത്യേകിച്ച് അധികമായൊന്നും ഇവിടെ സംഭവിക്കാനില്ല.

ഭൂമിയുടെ നിലനില്പ് എങ്ങനെയായിരിക്കുമെന്നതാണ് അതിലൊന്ന്. വാവുകൾ, ഗ്രഹണങ്ങൾ, സൂര്യ- ചന്ദ്രൻമാരുടെ ചലനങ്ങൾ, ഭൂമികുലുക്കം എന്നിവയെ സംബന്ധിച്ചൊക്കെ എഴുതിവെച്ചിരിക്കുന്നത് അത്രത്തോളം രസകരമായ കാര്യങ്ങളാണ്. ഒരുദാഹരണം പറഞ്ഞാൽ, ഭൂമി നിലകൊള്ളുന്നത് ഒരു വലിയ കാളയുടെ കൊമ്പിലാണ് എന്നും അതിൻ്റെ ഉച്ഛ്വാസ നിശ്വാസങ്ങളാണ് വേലിയേറ്റവും വേലിയിറക്കവുമെന്നും ഭാരം താങ്ങാൻ പറ്റാതെ കാള ഭൂമിയെ ഒരു കൊമ്പിൽ നിന്ന് മറ്റൊരു കൊമ്പിലേക്ക് മാറ്റുമ്പോഴാണ് ഭൂമി കുലുക്കമുണ്ടാകുന്നതെന്നും ആധികാരികമായി എഴുതിവെച്ച ഖുർആൻ വ്യാഖ്യാനഗ്രന്ഥങ്ങൾ പോലുമുണ്ടായിട്ടുണ്ട്. എത്രയോ കാലം അത് വായിച്ച് ജനങ്ങൾ അങ്ങനെ തന്നെ വിശ്വസിച്ചിരുന്നു! അന്ന് ഇങ്ങനെയൊക്കെ പറഞ്ഞ് പോയി എന്നത് ഒരു വലിയ കുറ്റമായി ആരും കാണുന്നില്ല. കാരണം ഈ ലോകത്തെ പറ്റി അക്കാലത്ത് അത്ര മാത്രം അറിവുകളേ മനുഷ്യർക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ അറിവുകൾ ഏറെ വികസിച്ച ഈ കാലത്തും ചില മനുഷ്യർ പഴയ വ്യാഖ്യാനങ്ങളിൽ കടിച്ചുതൂങ്ങിനിന്ന് അക്കാലത്തെ മനുഷ്യർ എഴുതി വെച്ച ഗ്രന്ഥങ്ങളെയും വീക്ഷണങ്ങളെയും ആധികാരികമായി അവതരിപ്പിക്കുമ്പോഴാണ് അത് പ്രശ്‌നവൽക്കരിക്കേണ്ടി വരുന്നത്.

ഇത്തരമൊരു ധാരണയാണ് മുഹമ്മദ് നബിയുടെ മുടി അദ്ദേഹത്തിൻ്റെ ശരീരത്തിൽ നിന്ന് വേർപെട്ടാലും വളരും എന്ന വിശ്വാസം. മുഹമ്മദ് നബിയോടുള്ള ഇഷ്ടം കൊണ്ട് അദ്ദേഹത്തെ അമാനുഷികനാക്കാൻ അക്കാലത്ത് നടത്തിയ ആഖ്യാനങ്ങളിൽ ഒന്നാണിത്. മുടി സ്വയം വളരുന്ന ഒന്നാണ് എന്ന ധാരണയിൽ നിന്ന് കൊണ്ടാണ് തലയിൽ നിന്ന് വേർപെട്ടാലും മുഹമ്മദ് നബിയുടെ മുടി വീണ്ടും വളർന്ന് കൊണ്ടിരിക്കും എന്ന് അക്കാലത്തെ ചില മതഗ്രന്ഥങ്ങളിൽ ആരൊക്കെയോ എഴുതിവെച്ചത്. മുടി ജീവനില്ലാത്ത കെരാറ്റിൻ എന്ന പ്രോട്ടീൻ വസ്തുകൊണ്ട് നിർമിച്ചതാണെന്നും അത് കോശവിഭജനം നടന്ന് സ്വയം വളരില്ലെന്നും അക്കാലത്ത് ആളുകൾക്ക് അറിയില്ലായിരുന്നു. തൊലിക്കുള്ളിൽ ഓരോ മുടിക്കും അടിയിൽ ഒരു ഫാക്ടറി പോലെ പ്രവർത്തിക്കുന്ന സൂക്ഷ്മമായ ഫോളിക്കിളുകൾ ഉണ്ടെന്നും അവയാണ് മുടി ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും മനുഷ്യർ പിന്നീടാണ് കണ്ടെത്തുന്നത്. ഈ ഫോളിക്കിളുകൾ മാറ്റിവെച്ചു കൊണ്ടാണ് ഇന്ന് ആളുകൾ മുടി വെച്ചു പിടിപ്പിക്കുന്നത്. അല്ലാതെ കൊഴിഞ്ഞുപോയ മുടിക്ക് അര സെൻ്റീമീറ്റർ പോയിട്ട് അര മൈക്രോ മില്ലി പോലും വളരാൻ കഴിയില്ല. ഈ അബദ്ധ ധാരണയെയാണ് മുഹമ്മദ് നബിയുടെ മുടി സ്വയം വളരുമെന്നും അത് കത്തില്ലെന്നുമൊക്കെ വാദിക്കുന്നവർ ഇക്കാലത്തും മുന്നോട്ട് വെക്കുന്നത്. ആധുനിക ജീവശാസ്ത്രത്തെ നേർക്കുനേരെ വെല്ലുവിളിക്കുന്ന പരിഹാസ്യമായ ഒരു വാദം മാത്രമാണിത്.

മുഹമ്മദ് നബി ചരിത്ര പുരുഷനാണ്. ചരിത്രത്തിൻ്റെ വെളളി വെളിച്ചത്തിലാണ് അദ്ദേഹം ജീവിച്ചത്. സാധാരണ എല്ലാ മനുഷ്യരെയും പോലെ അദ്ദേഹവും ജനിക്കുകയും ജീവിക്കുകയും മരിച്ച് പോകുകയും ചെയ്തു. അത്ഭുതങ്ങളിൽ ജീവിക്കുകയായിരുന്നോ അതോ ജീവിതം കൊണ്ട് അദ്ദേഹം അത്ഭുതങ്ങൾ കാണിക്കുകയായിരുന്നോ എന്നാണ് നിലവിലെ തർക്കങ്ങളുടെ മർമം. അത് തീരുമാനിക്കേണ്ടത് മനുഷ്യൻ്റെ ചരിത്രബോധവും യുക്തിബോധവും സാമൂഹിക ബോധവും മുന്നിൽ വെച്ച് കൊണ്ടാണ്.

 മുടി സ്വയം വളരുന്ന ഒന്നാണ് എന്ന ധാരണയിൽ നിന്ന് കൊണ്ടാണ് തലയിൽ നിന്ന് വേർപെട്ടാലും മുഹമ്മദ് നബിയുടെ മുടി വീണ്ടും വളർന്ന് കൊണ്ടിരിക്കും എന്ന് അക്കാലത്തെ ചില മതഗ്രന്ഥങ്ങളിൽ ആരൊക്കെയോ എഴുതിവെച്ചത്.
മുടി സ്വയം വളരുന്ന ഒന്നാണ് എന്ന ധാരണയിൽ നിന്ന് കൊണ്ടാണ് തലയിൽ നിന്ന് വേർപെട്ടാലും മുഹമ്മദ് നബിയുടെ മുടി വീണ്ടും വളർന്ന് കൊണ്ടിരിക്കും എന്ന് അക്കാലത്തെ ചില മതഗ്രന്ഥങ്ങളിൽ ആരൊക്കെയോ എഴുതിവെച്ചത്.

അക്കാലത്തെ പശ്ചാത്തലത്തിൽ നിന്ന് വിലയിരുത്തിയാൽ അസാധ്യമെന്ന് കരുതാവുന്ന ഒരു സാമൂഹിക വിപ്ലവമാണ് അറബികൾക്കിടയിൽ അദ്ദേഹം നടത്തിയത്. ഒരു സുശക്തമായ സാമൂഹിക ക്രമവും നവീനമായ ആശയങ്ങൾ മുന്നോട്ടുവെക്കുന്ന സുവ്യക്തമായ ഒരു ജീവിത രേഖയും അദ്ദേഹം ജനങ്ങൾക്ക് മുമ്പിൽ സമർപ്പിച്ചു. ജനലക്ഷങ്ങളെ പിന്നിൽ അണിനിരത്തി ഒരു സമൂഹത്തെ വാർത്തെടുത്തു. തൻ്റെ പ്രവർത്തനങ്ങൾക്ക് പിന്നിൽ ഒരു ആത്മീയമായ ഒരു ശക്തിയുണ്ടെന്ന് അദ്ദേഹം ജനങ്ങളെ ബോധവത്കരിച്ചു. അതനുസരിച്ച് അദ്ദേഹം രൂപപ്പെടുത്തിയ ജീവിതക്രമങ്ങളെയും വിശ്വാസങ്ങളെയുമാണ് ഇസ്‌ലാം മതമെന്ന് വിളിക്കപ്പെട്ടത്.

ഒരു ചരിത്ര പുരുഷനെ എങ്ങനെ നോക്കിക്കാണണമെന്നതിന് ഓരോരുത്തർക്കും ഓരോ രീതിയുണ്ടാകും. മനുഷ്യ ജീവിതത്തെ നവീകരിക്കാനും സോഷ്യലിസ്റ്റ് സങ്കൽപങ്ങളുടെ പ്രാഗ് രൂപങ്ങളെ മുന്നിൽ വെച്ചുകൊണ്ട് ഒരു ജീവിത ക്രമം പടുത്തുയർത്താനും പരിശ്രമിച്ച വിപ്ലവകാരിയായ പ്രവാചകൻ എന്ന നിലയിൽ മുസ്‌ലിം ലോകത്തിന് പുറത്തുള്ളവർ പോലും മുഹമ്മദ് നബിയെ അംഗീകരിക്കുന്നുണ്ട്. അത്ഭുതങ്ങൾ ചമച്ചും അമാനുഷികതകൾ സൃഷ്ടിച്ചും ഒരാളെ ആദരിക്കാൻ ശ്രമിക്കുമ്പോൾ മനുഷ്യൻ്റെ ശാസ്ത്ര ബോധം ഒട്ടേറെ മുന്നോട്ട് പോയ ഇക്കാലത്ത് യഥാർത്ഥത്തിൽ അതിലൂടെ ആ ചരിത്രപുരുഷൻ ആദരിക്കപ്പെടുകയാണോ അപമാനിക്കപ്പെടുകയാണോ എന്ന് കൂടി നാം പരിശോധിക്കേണ്ടതുണ്ട്. മുഹമ്മദ് നബിയുടെ ജന്മദിനത്തെ മുൻനിർത്തി ആഘോഷങ്ങൾ നടത്തുമ്പോൾ ഇക്കാര്യങ്ങൾ കൂടി ആലോചിക്കുന്നത് ആ ചരിത്രപുരുഷനോട് പുലർത്തുന്ന നീതിയായിരിക്കും.


Summary: What Kanthapuram AP Aboobacker Musliyar's Thirukesham (Holy hair) claims will do for Prophet Muhammad, M.S. Shaiju writes.


എം.എസ്. ഷൈജു

മാധ്യമപ്രവർത്തകൻ, വ്യവസായ സംരംഭകൻ. ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, ശരീഅത്ത്; സാമൂഹിക പാഠങ്ങൾ, കനലടയാളങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments