ഫണ്ടമെൻറൽ ഇസ്​ലാമും
ലിബറൽ ഇസ്​ലാമും ഇന്ത്യയും

ഇന്ത്യയിൽ മുസ്‌ലിംകളെ ദേശീയതയുമായും ജനാധിപത്യം, മതേതരത്വം തുടങ്ങിയ ആശയ ധാരകളുമായും ചേർത്തുനിർത്തുന്നത് മതത്തിൻ്റെ ഉദാര വ്യാഖ്യാനങ്ങളാണ്​, അല്ലാതെ ഫണ്ടമെൻ്റൽ വ്യാഖ്യാനങ്ങളല്ല എന്ന വാദം മുന്നോട്ടുവക്കുകയാണ്​ എം.എസ്​. ഷൈജു.

ലിബറൽ ഇസ്‌ലാം എന്നത്​ ഒരു പുതിയ വാക്കോ ആശയമോ അല്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരാശയധാരയാണത്. ഇസ്‌ലാം മതത്തിൻ്റെ ചരിത്രത്തിലുടനീളം, അതിൻ്റെ മുഖ്യധാരയെ പിന്തുടർന്നുവന്നിട്ടുള്ള വീക്ഷണവും നിലപാടുമാണത്.

വ്യാഖ്യാനങ്ങളിലൂടെ മതത്തിൻ്റെ അടരുകളിലെ ഏറ്റവും ഉൾപ്പാളിയെപ്പോലും ആധുനീകരിക്കാനും പുതിയ സാമൂഹിക സാഹചര്യങ്ങളിൽ അവരെ മുന്നോട്ട് നയിക്കാനും ശ്രമിക്കുന്ന, ഇസ്​ലാമിൻ്റെ പേരിൽ രൂപപ്പെടുന്ന ഉദാര വ്യാഖ്യാനധാരയും അതിൽ നിന്ന് രംഗപ്രവേശം ചെയ്യുന്ന സാമൂഹിക പരിഷ്കർത്താക്കളും ചേർന്നതാണ് ലിബറൽ ഇസ്‌ലാം എന്ന് വേണമെങ്കിൽ പറയാം. ഒരു തരത്തിൽ പറഞ്ഞാൽ അമൂർത്തമായ ഒരാശയാധാരയാണിത്. സ്വതന്ത്രമായും മുഖ്യധാരയിലേക്ക് ചേർന്നു നിന്നുമൊക്കെ ഈ വീക്ഷണധാര മുന്നോട്ട് പോയിട്ടുണ്ട്.

മതരംഗം കാലികമായി പരിഷ്കരിക്കപ്പെടേണ്ടതുണ്ട് എന്ന ആശയം ഈ ധാരയുടെ ഉൽപ്പന്നമാണ്. അതെങ്ങനെ സാധ്യമാക്കാം എന്ന വിഷയത്തിൽ വീക്ഷണ വൈവിധ്യമുണ്ടാകാം. കാലവും സാമൂഹിക സാഹചര്യങ്ങളും നിലവിലെ മതകാഴ്ചപ്പാടുകളുമൊക്കെ അതിനെ സ്വീധീനിക്കും. ഇത്തരം മതപരിഷ്കർത്താക്കളോട് ഒരേസമയം മുസ്‌ലിം സമൂഹവും പൊതുസമൂഹവും കടപ്പെട്ടിരിക്കുന്നു. കാരണം പൊതുസമൂഹത്തിലേക്ക് മുസ്‌ലിം സമൂഹത്തെക്കൂടി വിളക്കിച്ചേർക്കാനും അതേസമയം, പൊതുസമൂഹത്തിൻ്റെ മേന്മകളും സൗകര്യങ്ങളും മുസ്‌ലിം സമൂഹത്തിലേക്ക് പ്രസരിപ്പിക്കാനും അവർ ശ്രമിച്ചിട്ടുണ്ട്.

ഇസ്​ലാമിൻ്റെ കാലികമായ ആധുനികവൽക്കരണത്തിനും സൈദ്ധാന്തിക കാർക്കശ്യങ്ങളുടെ മയപ്പെടലുകൾക്കും ലിബറൽ വീക്ഷാഗതിക്കാർ വലിയ സംഭാവന നൽകിയിട്ടുണ്ട്.

സൈദ്ധാന്തിക കാർക്കശ്യങ്ങളില്ലാത്തതും സിദ്ധാന്തങ്ങളെക്കാൾ സാമൂഹിക ജീവിതത്തിനും അതിൻ്റെ പ്രായോഗികതക്കും കൂടുതൽ പ്രാധാന്യം നൽകുന്നതുമായ അയഞ്ഞ നിലപാടുകളെയാണ് ലിബറൽ നിലപാടുകളെന്ന് പൊതുവേ പറയുന്നത്. ലോകത്തെ മിക്കവാറും എല്ലാ വിശ്വാസധാരകളിലും ലിബറൽ വീക്ഷണക്കാരായ ആളുകളുണ്ട്. ആധുനികമായ ജീവിത മൂല്യങ്ങൾ, പുരോഗമനപരത, യുക്തിചിന്ത, ശാസ്ത്രീയബോധം തുടങ്ങിയവയാണ് ലിബറൽ ചിന്താഗതികളുടെ അടിത്തറകളായി വർത്തിക്കുന്നത്. മതധാരകളുടെ കാര്യം പറഞ്ഞാൽ, മതത്തിൻ്റെ ഇടുങ്ങിയ ആഭ്യന്തരങ്ങൾ കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെടുന്നതും മതവീക്ഷണങ്ങൾ കാർക്കശ്യമുക്തവും പ്രായോഗികവുമായി മാറുന്നതും അതിനുള്ളിലെ ലിബറൽ വീക്ഷണക്കാരുടെ ഇടപെടലുകൾ കൊണ്ടാണ്. ഇസ്​ലാമിൻ്റെ കാര്യം പറയുകയാണെങ്കിൽ, അതിൻ്റെ കാലികമായ ആധുനികവൽക്കരണത്തിനും സൈദ്ധാന്തിക കാർക്കശ്യങ്ങളുടെ മയപ്പെടലുകൾക്കും ലിബറൽ വീക്ഷാഗതിക്കാർ വലിയ സംഭാവന നൽകിയിട്ടുണ്ട്.

പുരാതനമായ സാമൂഹിക ബോധങ്ങളുടെ പാശ്ചാത്തലങ്ങളിൽ രചിക്കപ്പെട്ടതാണ് മതത്തിൻ്റെ സിദ്ധാന്തങ്ങളും നിയമങ്ങളും പരാമർശിക്കപ്പെടുന്ന ഗ്രന്ഥങ്ങളിൽ മിക്കതും. അത്തരം ഗ്രന്ഥങ്ങൾക്ക് മുസ്‌ലിം മതജീവിതത്തിൽ വലിയ നിലയിലുള്ള സ്വാധീനവും നിയന്ത്രണശക്തിയുണ്ട്. അവയെ നിരാകരിച്ച് മുസ്‌ലിം സമൂഹത്തെ ആധുനികവൽക്കരിക്കാനോ സാമൂഹികമായ പരിവർത്തനങ്ങൾ അവരിൽ വരുത്താനോ സാധ്യമല്ല. മുസ്‌ലിം സമുദായത്തിനുള്ളിൽ നിന്ന് രൂപപ്പെട്ട് വന്നിട്ടുള്ള പരിഷ്കർത്താക്കളും ചിന്തകരുമെല്ലാം ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. അത്തരം പിന്നോട്ട് വലിക്കുന്ന ആശയങ്ങളെയും പൗരാണികമായ സിദ്ധാന്തങ്ങളെയും ആധുനിക സമൂഹത്തിലേക്ക് പാകപ്പെടുന്ന വിധം വ്യാഖ്യാനിക്കുകയും ആധുനികമായ സാമൂഹ്യമൂല്യങ്ങൾക്കും ചിന്താഗതിക്കും പിൻബലം കണ്ടെത്താൻ അവയെ ഉപയോഗപ്പെടുത്തുകയുമാണ് മതത്തിനുള്ളിലെ ലിബറൽ വീക്ഷണക്കാർ എല്ലാ കാലത്തും ചെയ്തു വന്നിട്ടുള്ളത്.

PHOTO: Biju ibrahim
PHOTO: Biju ibrahim

ഇസ്​ലാമിൻ്റെ ആവിർഭാവകാലത്ത് രൂപപ്പെട്ട് വന്നിട്ടില്ലാത്ത രണ്ട് ആശയങ്ങളാണ് ജനാധിപത്യവും മതേതരത്വവും. മതത്തിൻ്റെ പ്രഖ്യാപിതവും പ്രത്യക്ഷവുമായ നയങ്ങളും സിദ്ധാന്തങ്ങളും ഈ ആശയങ്ങളോട് നേർക്ക് നേരെ യോജിക്കുന്നതല്ല. തീവ്രമതാധിഷ്ഠിത സമൂഹങ്ങൾ ഇന്നും കാര്യമായ പ്രതിപത്തി ഈ ആശയങ്ങളോട് പുലർത്താറില്ല. അതിൻ്റെ കാരണം മതത്തിൻ്റെ ഫണ്ടമെൻ്റൽ വ്യാഖ്യാനങ്ങൾക്ക് ഇക്കാലത്തും ജനാധിപത്യത്തെയും മതേതരത്വത്തെയും അതിൻ്റെ പൂർണാർത്ഥത്തിൽ ഉൾക്കൊള്ളാൻ കഴിയാറില്ല എന്നതാണ്. മനുഷ്യജീവിതത്തിനുവേണ്ട നിയമങ്ങളും സിദ്ധാന്തങ്ങളും മുഴുവനുമായി ദൈവം മുന്നേ തന്നെ ആവിഷ്കരിച്ച് അവരെ ഏല്പിച്ച് കഴിഞ്ഞുവെന്നും അവ പാലിച്ച് മനുഷ്യൻ ജീവിച്ചാൽ മതിയെന്നുമാണ് ലിബറൽ ചിന്താഗതിയില്ലാത്ത വിശ്വാസികൾ ഉറച്ച് വിശ്വസിച്ചിരുന്നത്. വേദപാഠങ്ങളുടെ അക്ഷര വായനയെ ഈ സിദ്ധാന്തക്കാർ തെളിവായി ഉന്നയിക്കുകയും ചെയ്തിരുന്നു. ജനാധിപത്യം എന്ന ആശയം ഈ കാഴ്ചപ്പാടിന് കടകവിരുദ്ധമാണല്ലോ. ജനാധിപത്യത്തിൽ ദൈവം, മതം, വിശ്വാസം എന്നതിനൊന്നും ഒരു പ്രസക്തിയുമില്ല.

മനുഷ്യൻ്റെ വികാസത്വരയുള്ള സാമൂഹിക ബോധങ്ങളനുസരിച്ച് നയങ്ങളിലും നിയമങ്ങളിലും രീതികളിലും മാറ്റങ്ങൾ ഉണ്ടാകണമെന്നാണ് ജനാധിപത്യത്തിൻ്റെ അടിസ്ഥാനതത്വം പോലും പ്രഘോഷിക്കുന്നത്. ദൈവം എന്ത് കൽപിച്ചുവെന്നോ, വിശ്വാസങ്ങളും മതങ്ങളും എവിടെ നിൽക്കുന്നുവെന്നതോ ജനാധിപത്യത്തിന് ഒരു പ്രശ്നമല്ല. ജനങ്ങൾ കൂടിയിരിക്കുകയും അവരുടെ സാമൂഹിക ബോധങ്ങൾക്കനുസരിച്ച് അവർക്കുവേണ്ട നിയമങ്ങളും സിദ്ധാന്തങ്ങളും കാഴ്ചപ്പാടുകളും ആവിഷ്കരിക്കുകയും ചെയ്യുന്ന ജനാധിപത്യത്തെ ഇന്ന് വിശ്വാസികളായ ആളുകൾ പോലും അംഗീകരിക്കുന്നുണ്ട്. സ്വയം തന്നെ ജനാധിപത്യ വിശ്വാസികൾ എന്ന് അവർ പരിചയപ്പെടുത്തപ്പെടാറുമുണ്ട്. ഇതെങ്ങനെ സാധിച്ചുവെന്നാണ് നാം പരിശോധിക്കുന്നത്. മതവിശ്വാസികളായിരിക്കെ തന്നെ താത്വിക സംഘർഷങ്ങളില്ലാതെ അതിന് കടകവിരുദ്ധമായ ജനാധിപത്യ വിശ്വാസികളായിരിക്കാൻ കൂടി അവർക്ക് കഴിയുന്നത് ആ വിഷയത്തിൽ ഒരു ലിബറൽ സമീപനം പുലർത്താൻ അവർക്ക് സാധിച്ചു എന്നത് കൊണ്ടാണ്.

ഇസ്‌ലാം അടക്കമുള്ള മിക്ക മതങ്ങളുടെയും ഫണ്ടമെൻ്റൽ വിശ്വാസം സെക്യുലർ സിദ്ധാന്തങ്ങളുമായി യോജിക്കുന്നതല്ല. തങ്ങളുടെ മതവും വിശ്വാസവും മറ്റെല്ലാത്തിൽ നിന്നും ശ്രേഷ്ഠവും ഉന്നതവുമാണെന്ന് വിശ്വസിക്കാനാണ് ഫണ്ടമെൻ്റൽ വ്യാഖ്യാനങ്ങൾ പ്രേരിപ്പിക്കുന്നത്.

ജനാധിപത്യ സമൂഹങ്ങളിൽ ഉൾപ്പെട്ടുപോയ വിശ്വാസിസമൂഹങ്ങളിലാണ് ഈയൊരു പരിണാമം കാണാൻ സാധിക്കുന്നത്. അതിനുപുറത്ത് താമസിക്കുന്ന മതസമൂഹങ്ങൾ ഇന്നും ജനാധിപത്യം എന്ന ആശയത്തെ അംഗീകരിക്കുന്നില്ല. ജനങ്ങൾ സ്വയം ചേർന്നിരുന്ന് അവർക്ക് വേണ്ട നന്മയും തിന്മയും കണ്ടെത്തുന്ന വ്യവസ്ഥിതി അവർക്ക് മതനിഷേധം തന്നെയാണ്. ജനങ്ങൾ അവരുടെ നിയമങ്ങളും ഭരണ സംവിധാനങ്ങളും സ്വയം ആവിഷ്കരിക്കുകയും അതിന് മാത്രം ആത്യന്തികത കല്പിച്ച് കൊടുക്കുന്നതുമായ ജനാധിപത്യം എന്ന ആശയത്തോട് മതത്തിൻ്റെ സമീപനം എന്താണ് എന്ന് സൗദി അറേബ്യയിലെയോ കുവൈത്തിലെയോ അല്ലെങ്കിൽ അതുപോലുള്ള സ്ഥലങ്ങളിലെയോ ഒരു മതപണ്ഡിതനോട് നാം ഒരു ചോദ്യമുന്നയിച്ചാൽ ഈ വ്യത്യാസം മനസ്സിലാകും. മതവിരുദ്ധം എന്ന ഒറ്റ മറുപടിയിൽ ഉത്തരം അവസാനിക്കും. എന്നാൽ ഇതേ ചോദ്യം ഒരു ജനാധിപത്യസമൂഹത്തിൽ പ്രവർത്തിക്കുന്ന മുസ്‌ലിം സംഘടനയോടോ പണ്ഡിതനോടോ ചോദിച്ചാൽ, ജനാധിപത്യം എന്ന ആശയത്തെ മതം ഉൾക്കൊള്ളുന്നുവെന്നും മതവിശ്വാസിയായി തുടരുമ്പോഴും ഒരാൾക്ക് ജനാധിപത്യ വിശ്വാസിയാകാൻ സാധിക്കുമെന്നുമുള്ള നയതന്ത്രപരമായ ഒരു മറുപടിയായിരിക്കും ലഭിക്കുക. ഒരേ വിശ്വാസസ്രോതസ്സുകളിൽ നിൽക്കുമ്പോഴും ഒരേവിഷയത്തിൽ രണ്ട് തരത്തിൽ മറുപടി പറയാൻ ഇവർക്ക് സാധിക്കുന്നത് ആധുനികത മതധാരയിലുണ്ടാക്കിയ ലിബറൽ സ്വാധീനം കൊണ്ടുമാത്രമാണ്.

photo: KR Sunil
photo: KR Sunil

മതേതരത്വവും അതുപോലെ തന്നെയാണ്. പാശ്ചാത്യ സെക്യുലറിസവും ഇന്ത്യയിലെ മത നിരപേക്ഷതയും രണ്ടാണെന്ന ചില വാദങ്ങളുണ്ടെങ്കിലും രണ്ടിൻ്റെയും അടിസ്ഥാനവും തത്വങ്ങളും ഒന്നുതന്നെയാണ്. മതത്തിന് മനുഷ്യൻ്റെ സാമൂഹിക ജീവിതത്തിലോ രാഷ്ട്രീയ ജീവിതത്തിലോ കാര്യമായ ഇടപെടലുകൾക്ക് അവസരം നൽകാത്ത കാഴ്ചപ്പാടാണ് സെക്യുലറിസത്തിൻ്റെത്. ഒരു മതത്തിനോ അതിൻ്റെ വിശ്വാസങ്ങൾക്കോ മറ്റൊന്നിൽനിന്ന് പ്രത്യേകിച്ച് ഒരു മേന്മയുമില്ല എന്നതാണ് സെക്യുലറിസത്തിൻ്റെ അടിസ്ഥാന സിദ്ധാന്തം. അതുകൊണ്ടുതന്നെ രാജ്യമോ വ്യവസ്ഥിതിയോ ഒന്നിൻ്റെയും വക്താക്കളാകാൻ പാടില്ല. ഇതൊരു വീക്ഷണവും വിശ്വാസവുമാണ്. തങ്ങളുടെ മതം മറ്റെല്ലാ മതത്തിൽ നിന്നും ഉയർന്നതും സവിശേഷവുമാണ് എന്ന് ചിന്തിക്കുന്ന ഒരാൾക്ക് രാജ്യത്തിൻ്റെ മതനിരപേക്ഷ നിലപാടിന് ആധാരമായിരിക്കുന്ന ഈ വിശ്വാസത്തോടും സിദ്ധാന്തത്തോടും സത്യസന്ധമായ കൂറോ മമതയോ പുലർത്താൻ കഴിയില്ല.

മൗലാനാ മൗദൂദിയെപ്പോലുള്ളവർ ജനാധിപത്യത്തെയും മതനിരപക്ഷതയേയും തള്ളിപ്പറഞ്ഞ്​ നടത്തിയ ഫണ്ടമെൻ്റൽ വ്യാഖ്യാനങ്ങളെ തള്ളിക്കളഞ്ഞാണ്​ മൗലാനാ അബുൽ കലാം ആസാദ് ഖുർആൻ വ്യാഖ്യാനം നടത്തിയത്.

ഇസ്‌ലാം അടക്കമുള്ള മിക്ക മതങ്ങളുടെയും ഫണ്ടമെൻ്റൽ വിശ്വാസം സെക്യുലർ സിദ്ധാന്തങ്ങളുമായി യോജിക്കുന്നതല്ല. തങ്ങളുടെ മതവും വിശ്വാസവും മറ്റെല്ലാത്തിൽ നിന്നും ശ്രേഷ്ഠവും ഉന്നതവുമാണെന്ന് വിശ്വസിക്കാനാണ് ഫണ്ടമെൻ്റൽ വ്യാഖ്യാനങ്ങൾ പ്രേരിപ്പിക്കുന്നത്. പക്ഷേ ഇന്ത്യയിലെ മുസ്​ലിംകളിൽ ബഹുഭൂരിപക്ഷവും സെക്യുലർ നിലപാട്​ പുലർത്തുന്നവരും അങ്ങനെ വിശ്വസിച്ചുതന്നെ ഇസ്​ലാം മതത്തിൽ തുടരുന്നവരുമാണ്. പുതിയ കാലത്തെയും ലോക സാഹചര്യങ്ങളെയും ഉൾക്കൊണ്ട് പഴയതും അടഞ്ഞതുമായ മത പാഠങ്ങൾക്ക് പുതിയ വ്യാഖ്യാനങ്ങൾ സൃഷ്ടിക്കുന്നതിൽ ലിബറൽ ആശയങ്ങൾ വിജയിച്ചതിൻ്റെ നിദർശനമാണ് ഈ മാറ്റം. മതേതര സമൂഹങ്ങൾക്ക് പുറത്തുള്ള ഇസ്​ലാമിക ഫണ്ടമെൻ്റൽ സമൂഹങ്ങൾക്ക് ഈ വ്യാഖ്യാനങ്ങൾ മനസിലാക്കണമെന്നില്ല. മതസിദ്ധാന്തങ്ങളിൽ വെള്ളം ചേർക്കുന്നതായോ മതവിരുദ്ധമോ ആയാകും അവരൊക്കെ ഇത്തരം സമീപനങ്ങളെ വിലയിരുത്തുന്നത്.

മൗലാനാ അബുൽ കലാം ആസാദ്
മൗലാനാ അബുൽ കലാം ആസാദ്

മൗലാനാ അബുൽ കലാം ആസാദ് രാജ്യം കണ്ട മികച്ച ഒരു ജനാധിപത്യ വിശ്വാസിയും കറകളഞ്ഞ മതേതര വിശ്വാസിയുമായിരുന്നു. മതധാരക്കുള്ളിൽ നിന്നുകൊണ്ട് തന്നെ മതത്തെ ലിബറലായി അദ്ദേഹം വ്യാഖ്യാനിച്ചു. അക്കാലത്ത് മൗലാനാ മൗദൂദിയെപ്പോലുള്ളവർ ജനാധിപത്യത്തെയും മതനിരപക്ഷതയേയും തള്ളിപ്പറഞ്ഞ്​ നടത്തിയ ഫണ്ടമെൻ്റൽ വ്യാഖ്യാനങ്ങളെ തള്ളിക്കളഞ്ഞാണ്​ അദ്ദേഹം ഖുർആൻ വ്യാഖ്യാനം നടത്തിയത്. ഒരുദാഹരണം ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം.

ദേശീയവും പ്രാദേശികമായ അനേകം ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. ഇന്ത്യയിൽ മുസ്‌ലിംകളെ ദേശീയതയുമായും ജനാധിപത്യം, മതേതരത്വം തുടങ്ങിയ ആശയ ധാരകളുമായും ചേർത്തുനിർത്തുന്നത് മതത്തിൻ്റെ ഉദാര വ്യാഖ്യാനങ്ങളിലൂടെയാണ്. അല്ലാതെ ഫണ്ടമെൻ്റൽ വ്യാഖ്യാനങ്ങൾ വഴിയല്ല. പുതിയ കാലത്ത് പുറത്തെടുക്കാൻ കൊള്ളാത്തവയാണ് അത്തരം വ്യാഖ്യാനങ്ങൾ മിക്കതും. മനുഷ്യകുലം മതത്തിൻ്റെ പൗരാണികമായ സിദ്ധാന്തങ്ങളോ വ്യാഖാനങ്ങളോ അനുസരിച്ചല്ല ചലിച്ചുകൊണ്ടിരിക്കുന്നത്. മറിച്ച്, മതധാരകളാണ് മനുഷ്യകുലത്തിൻ്റെ ആധുനികമായ ജ്ഞാനങ്ങൾക്കും ബോധങ്ങൾക്കും അനുപൂരകമായ നിലയിൽ മുന്നോട്ടുപോകുന്നത്. മനുഷ്യകുലം ആർജിക്കുന്ന എല്ലാ നവീനതകളും മെല്ലെയെങ്കിലും മതധാരകളും ഉൾക്കൊള്ളുന്നുണ്ട്. ആധുനികമായ ജീവിതമൂല്യങ്ങൾ, പുരോഗമനപരത, യുക്തിചിന്ത, ശാസ്ത്രീയബോധം തുടങ്ങിയവയിൽ അധിഷ്ഠിതമായ ലിബറൽ ചിന്താഗതികളാണ് എല്ലാക്കാലത്തും മത നവീകരണങ്ങൾക്ക് ആധാരമായിട്ടുള്ളത്. അതിനിയും തുടരുക തന്നെ ചെയ്യും.


Summary: Liberal Islam and india m s shaiju writes


എം.എസ്. ഷൈജു

മാധ്യമപ്രവർത്തകൻ, വ്യവസായ സംരംഭകൻ. ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, ശരീഅത്ത്; സാമൂഹിക പാഠങ്ങൾ, കനലടയാളങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments