ലിബറൽ സലഫിസം, ലിബറൽ ഇസ്‍ലാം: അറേബ്യൻ പരിണാമങ്ങൾ

‘‘സമകാലിക മുസ്‍ലിം അറബ് ലോകം വലിയ മറ്റൊരു മാറ്റത്തിന് തയാറെടുക്കുകയാണ്. പ്രത്യേകിച്ച് മിഡിൽ ഈസ്റ്റ് അറബ് ലോകം. പുതിയ കാലത്തിനും ലോകത്തിനുമൊപ്പം സഞ്ചരിക്കാൻ അതൊരു പുതിയ ശരീരഭാഷയും ആഖ്യാന രീതിയും അന്വേഷിച്ച് തുടങ്ങിയിരിക്കുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചമുള്ള വലിയ ചർച്ചകൾ മുസ്ലിം ലോകത്ത് നടക്കുകയാണ്.’’- സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനിലൂടെ നടന്നുകൊണ്ടിരിക്കുന്ന പരിവർത്തനങ്ങളെ മുൻനിർത്തി എം.എസ്. ഷൈജു എഴുതുന്നു.

ന്നര സഹസ്രാബ്ദം പഴക്കമുള്ളതാണ് ഇസ്ലാം മതത്തിന്റെ ചരിത്രം. അറേബ്യയിലാണ് ഉദ്ഭവിച്ചതെങ്കിലും പല ദേശങ്ങളും സംസ്കാരങ്ങളും പിന്നിട്ട് ലോകസഞ്ചാരം നടത്തിയ മതമാണ് ഇസ്ലാം. വലിയ പരിവർത്തനങ്ങൾക്ക് വിധേയമായാണ് ഇസ്ലാം ഇന്ന് കാണുന്ന സാമൂഹികഭാവം ആർജിച്ചിട്ടുള്ളത്. നീണ്ട കാലദേശങ്ങൾ പിന്നിട്ടിട്ടും ഇന്നും ഇസ്ലാമിന്റെ ചരിത്രത്തിലും അതിന്റെ സംസ്കാരത്തിലും അറേബ്യൻ ദേശത്തിനും ഭാഷക്കും അപ്രമാദിത്യപരമായ ഒരു പങ്കും പ്രാധാന്യവുമുണ്ട്. പ്രത്യേകിച്ച് സുന്നി ഇസ്ലാം എന്നറിയപ്പെടുന്ന മുഖ്യ ധാരാ ഇസ്ലാമിന്. അതിന്റെ ഏറ്റവും പ്രധാനമായ ഒരു കാരണം, മതത്തിന്റെ ബാഹ്യഭാഷയിലും ബാഹ്യാവിഷ്കാരങ്ങളിലും മാത്രമല്ല; അതിന്റെ സത്താപരമായ ഉൾക്കാമ്പുകളിൽ പോലും അറേബ്യൻ ഗോത്രീയ ഭാഷ്യങ്ങൾ ഉള്ളടങ്ങിയിട്ടുണ്ടെന്നതാണ്.

അറബി ഭാഷയും
ഇസ്‍ലാമും

ലോകത്തെല്ലായിടത്തുമുള്ള ഇസ്‍ലാമിൽ ഔപചാരികമായ മുഴുവൻ പ്രാർത്ഥനകളും കീർത്തനങ്ങളും ഇന്നും അറബി ഭാഷയിൽ തന്നെയാണ്. കാരണം, ദൈവം മനുഷ്യരോടും മനുഷ്യർ ദൈവത്തോടും ഔദ്യോഗികമായി സംസാരിക്കുന്നത് അറബി ഭാഷയിലൂടെയാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് വിശിഷ്ടമായ പ്രാർത്ഥനകൾ അറബിയിൽ തന്നെ വേണ്ടതുമുണ്ട്.

Photo: Pexels

കൂടാതെ, ഒരാൾക്ക് വേണമെങ്കിൽ സ്വന്തം ഭാഷയിൽഅനൗപചാരികമായി ദൈവത്തോട് സംസാരിക്കാമെന്നുമാത്രം. മാത്രമല്ല, മതത്തിന്റെ എല്ലാ അടിസ്ഥാന ഗ്രന്ഥങ്ങളും ഇന്നും അറബി ഭാഷയിൽ തന്നെയാണ്. അനറബിയായ ഭാഷയിലുള്ള ഒരു റഫറൻസ് ഗ്രന്ഥം ഇത്ര കാലം കഴിഞ്ഞിട്ടും ലോക മുസ്‍ലിംകൾക്കുണ്ടായിട്ടില്ല. അങ്ങനെയൊന്ന് ഉണ്ടായാൽ തന്നെ മുസ്‍ലിംകൾ അത് അംഗീകരിക്കുമെന്നും തോന്നുന്നില്ല. കാരണം അറബിയെന്ന ഭാഷ അത്ര മേൽ ഇസ്‍ലാം മതത്തിൽ ആധിപത്യമുറപ്പിച്ചാണ് നിൽക്കുന്നത്.

ഇസ്‍ലാമിനെപ്പോലെ തന്നെ മിഡിൽ ഈസ്റ്റിൽ നിന്ന് ഉദ്ഭവിച്ചതാണെങ്കിലും ക്രിസ്ത്യാനിറ്റിക്ക് അതിന്റെ ആവിർഭാവ പശ്ചാത്തലത്തിന്റെ പരിമിതികളിൽ നിന്ന് കൂടുതൽ വിസ്തൃതമാകാൻ കഴിഞ്ഞിട്ടുണ്ട്.

ഇസ്‍ലാമിനെപ്പോലെ തന്നെ മിഡിൽ ഈസ്റ്റിൽ നിന്ന് ഉദ്ഭവിച്ചതാണെങ്കിലും ക്രിസ്ത്യാനിറ്റിക്ക് അതിന്റെ ആവിർഭാവ പശ്ചാത്തലത്തിന്റെ പരിമിതികളിൽ നിന്ന് കൂടുതൽ വിസ്തൃതമാകാൻ കഴിഞ്ഞിട്ടുണ്ട്. ഒരു മതമെന്ന നിലയിൽ ആന്തരികമായ യാഥാസ്ഥിതികത്വത്തിൽ തന്നെ നിലനിൽക്കുമ്പോഴും ബാഹ്യവും സാമൂഹികവുമായി ലോകഗതിക്കും മനുഷ്യവികാസത്തിനും അനുപൂരകമായ നിലയിലുള്ള ഒരു വളർച്ച അതിന് കൈവരിക്കാൻ താരതമ്യേന കൂടുതൽ കഴിഞ്ഞത് ഈയൊരു വികാസം കൊണ്ടുകൂടിയാണ്. പ്രാദേശികമായി, ഓരോയിടങ്ങളിൽ കൂടുതൽ ഇഴുകിച്ചേരാനും ക്രിസ്ത്യാനിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ മുന്നോട്ട് പോകാനും പ്രാദേശികമായി ഇഴുകിച്ചേരാനും കഴിയാതെ പോകുന്നതു കൊണ്ടാണ് മുസ്‍ലിംകൾ ഇന്നനുഭവിക്കുന്ന പല പ്രശ്‌നങ്ങളും വലിയൊരളവിൽ രൂപപ്പെടുന്നത്.

ലോകം യൂറോ സെൻട്രിക്കായി ഇത്ര വികസിച്ചിട്ടും ഇസ്‍ലാമിന് അറബ് സാംസ്കാരികതയുടെ ബാഹ്യവും ആന്തരികവുമായ ആവിഷ്കാരങ്ങളിൽ നിന്ന് മുന്നോട്ടുപോകാൻ സാധിക്കാത്തത് അറേബ്യൻ സ്വത്വഘടന അതിന്റെ ഓരോ അണുവിലും സജീവമായിരിക്കുന്നതുകൊണ്ടാണ്. മതത്തിന്റെ സാമൂഹിക വീക്ഷണത്തിലോ സമീപനങ്ങളിലോ എന്തെങ്കിലും നിലക്കുള്ള മാറ്റം സംഭവിക്കണമെങ്കിൽ അതിന് ഇന്നും ഒരു അറേബ്യൻ പാശ്ചാത്തലം അനിവാര്യമാണ്.

ഇസ്‍ലാമിന്റെ ചരിത്രം പരിശോധിച്ചാൽ പല കാലത്തും പല നിലക്കുള്ള വീക്ഷണമാറ്റങ്ങൾക്കും പുനർവായനകൾക്കുമുള്ള ശ്രമം ആഭ്യന്തരമായി അതിൽ സംഭവിച്ചിട്ടുണ്ടെന്ന് കാണാൻ കഴിയും. പക്ഷേ അറേബ്യൻ പശ്ചാത്തലങ്ങളിൽ നിന്നുള്ള പുനർവായനകൾക്ക് മാത്രമേ മുസ്‍ലിം ലോകത്ത് സ്വീകാര്യത വന്നിട്ടുള്ളൂ. പാശ്ചാത്യ, പൗരസ്ത്യ നാടുകളിൽ നിന്നുണ്ടായിട്ടുള്ള പുനർവായനകളെ മുസ്‍ലിം ലോകം തിരസ്കരിക്കുകയാണ് എപ്പോഴും ചെയ്തിട്ടുള്ളത്. അറേബ്യൻ പാശ്ചാത്തലങ്ങളിൽ ഇസ്‍ലാമിന് സംഭവിക്കുന്ന പരിണാമങ്ങൾ കൂടുതൽ ശ്രദ്ധ നേടുന്നതും വീക്ഷിക്കപ്പെടുന്നതും ഇക്കാരണങ്ങൾ കൊണ്ടാണ്.

സലഫിസത്തിന്റെ
ഉദയം

മധ്യകാലഘട്ടത്തിനുശേഷം അറേബ്യൻ മുഖ്യധാരാ ഇസ്‍ലാമിൽ സംഭവിച്ച പ്രബലമായ ഒരു വീക്ഷണ, നവീകരണോദ്യമമായിരുന്നു സലഫിസം. ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് തുടക്കം കുറിച്ച ഈ ധാരയെ അക്കാലത്തെ മുഖ്യധാരാ ഇസ്‍ലാം, അനിസ്‍ലാമികമായ മുന്നേറ്റമായാണ് കണക്കാക്കിയത്. അക്കാലത്ത് ഇസ്‍ലാമിനുമുന്നിൽ രൂപപ്പെട്ട ഒരു സ്തംഭനാവസ്ഥയെ മറികടക്കാനാണ് അങ്ങനെയൊരു മുന്നേറ്റം അന്നുണ്ടായത്. വലിയൊരളവിൽ വിജയിച്ച ഒരു മുന്നേറ്റം കൂടിയായിരുന്നു അത്. പ്രമാണങ്ങളെ പുനർവായിച്ചും വീക്ഷണങ്ങളെ പുനരപഗ്രഥിച്ചും മതത്തിനുള്ളിൽ പുതിയൊരു പാത അത് വെട്ടിത്തുറന്നു. ലോകത്തെല്ലായിടത്തും അത് പ്രസരിക്കുകയും ചെയ്തു. ലോകത്തെ മുഖ്യധാരാ ഇസ്‍ലാമിന്റെ അതിശക്തമായ പ്രതിരോധത്തെ ചെറുത്തു തോൽപിച്ചുകൊണ്ടാണ് സലഫി ധാര ഇസ്‍ലാമിന്റെ മുഖ്യധാരയുടെ ഭാഗമായത്.

ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ്

18, 19 നൂറ്റാണ്ടുകളുടെ രാഷ്ട്രീയാകൂല്യങ്ങൾ കൊണ്ടും സാമ്പത്തികമായ പ്രതിഭാസങ്ങൾ കൊണ്ടും സലഫി ഇസ്‍ലാം ലോകത്ത് പലയിടങ്ങളിലും വ്യാപിച്ചു. പ്രാമാണികമായ ആഭ്യന്തര നവീകരണം, ശുദ്ധിവാദം എന്നീ കർമപർദ്ധതികളിലൂന്നി നിന്നാണ് സലഫി ഇസ്‍ലാം അതിന്റെ ആശയാടിത്തറകൾ ശക്തിപ്പെടുത്തിയത്.

കടുത്ത സലഫി വിരുദ്ധ സംഘങ്ങളുടെ നയങ്ങളിലും നിലപാടുകളിലും വരെ സലഫിസം ശക്തമായ സ്വാധീനം ചെലുത്തി. സലഫി ധാരയുടെ ഏറ്റവും വലിയ പോരായ്മ, അത് അഭിസംബോധന ചെയ്തത് മതത്തിന്റെ ആഭ്യന്തരങ്ങളെ മാത്രമായിരുന്നുവെന്നതാണ്. മതവും ബാഹ്യലോകവും തമ്മിൽ രൂപപ്പെടേണ്ട വികാസപരമായ സാമൂഹികാവസ്ഥകളെ അത് പരിഗണിച്ചില്ല. അതുകൊണ്ടുതന്നെ അതിന്റെ ഉൽപന്നങ്ങൾ മനുഷ്യന്റെ സാമൂഹിക വളർച്ചക്കോ അതുൽപാദിപ്പിച്ച ബോധങ്ങൾക്കോ അനുപൂരകമാകുന്ന നിലയിലുള്ളതായിരുന്നില്ല. ആധുനിക ലോകവുമായും അതിന്റെ ചിന്തകളുമായും സംഘർഷങ്ങളിൽ ഏർപ്പെടാൻ പോന്ന നിലയിലാണ് സലഫിസം വികസിച്ചുവന്നത്. സലഫിസത്തിന്റെ മറ്റൊരു പരിണാമത്തിലേക്ക് ഇത് വഴി തുറക്കുകയും ചെയ്തു.

നവോത്ഥാന ആശയങ്ങളെ പൂർണാർത്ഥത്തിൽ സ്വീകരിച്ചില്ലെങ്കിൽപോലും അതിന്റെ ആവിഷ്കാരങ്ങളെ ലിബറൽ സലഫിസം കേരളത്തിൽ വലിയ നിലയിൽ പ്രചരിപ്പിച്ചിരുന്നു.

ലിബറൽ
സലഫിസം

ആധുനിക ലോകവുമായും അതിന്റെ സാംസ്കാരിക ഉൽപന്നങ്ങളുമായും വ്യാവഹാരിക സഹവാസങ്ങൾക്ക് അവസരമുണ്ടായ പണ്ഡിതർക്കും ചിന്തകർക്കുമാണ് ആധുനിക ലോകവുമായി സലഫിസത്തിനുള്ള വ്യാവഹാരിക സംഘർഷങ്ങളെ സംബന്ധിച്ച് തിരിച്ചറിവുണ്ടായത്. മുസ്‍ലിംകളെ ആഭ്യന്തരമായി നവീകരിക്കാൻ സലഫി അടിത്തറയെ ഉപയോഗിക്കുകയും അവരെ സാമൂഹികമായി നവോദ്ധരിക്കാൻ ആധുനികതയെ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ആശയധാര രൂപപ്പെടുന്നത് ഇങ്ങനെയാണ്.

സലഫി വിരുദ്ധ മുഖ്യധാരക്ക് ഇത് ഒരുതരം ലഘു സലഫിസമായും, സലഫി മുഖ്യധാരക്ക് ഇത് സലഫി വിരുദ്ധവുമായാണ് അനുഭവപ്പെട്ടത്. സലഫിസത്തിന് അചിന്ത്യമായ ടൂളുകളും അജണ്ടകളുമായാണ് ഈ പുതിയ ധാര മുസ്‍ലിം നവോത്ഥാനത്തിന് ഇറങ്ങിപുറപ്പെട്ടത്. ആധുനിക സാമൂഹിക മൂല്യങ്ങളായ ജനാധിപത്യം, സ്വാതന്ത്ര്യം, മതേതരത്വം, ബഹുസ്വര ജീവിതം, കോളനി വിരുദ്ധത, വ്യക്തിസ്വാതന്ത്ര്യം, സ്ത്രീമുന്നേറ്റം, സമത്വം തുടങ്ങിയ ആശയങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതും മതപ്രമാണങ്ങളെ ആധുനികമായി വ്യാഖ്യാനിച്ചും ഇവക്കൊക്കെ മതകീയ പിൻബലം ഉണ്ടാക്കുന്നതുമായ കർമ പദ്ധതിയാണ് ഈ ധാര മുന്നോട്ടുവെച്ചത്.

ഇറാനിയൻ- അഫ്ഗാനി ചിന്തകനായ ജലാലുദ്ദീൻ അഫ്ഗാനി, ഈജിപ്തിലെ വിഖ്യാതനായ മുഹമ്മദ് അബ്ദു, ബാഗ്ദാദിലെ മുഹമ്മദ് ശുകരി അൽ അലൂസി, സിറിയയിലെ ജലാലുദ്ദീൻ അൽ കാസിമി, റഷീദ് രിദ തുടങ്ങിയ പ്രമുഖ ചിന്തകരും പണ്ഡിതരും ഈ ധാരക്ക് ആശയപരമായും കർമപരമായും നേതൃത്വം നൽകി. വേണമെങ്കിൽ ഒരു ലിബറൽ സലഫിസമെന്ന് ഈ മുന്നേറ്റത്തെ വിളിക്കാം. കാരണം, ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് തുടക്കമിട്ട ഒരു വീക്ഷണധാരയിൽ നിന്നു കൊണ്ടാണ് ഇസ്‍ലാമിനെ സാമൂഹികമായി നവീകരിക്കാൻ ഇവർ ശ്രമിച്ചത്. അതുകൊണ്ടു തന്നെ, സലഫിസത്തെ നവീകരിക്കാനുള്ള ഒരുദ്യമം എന്ന് ഇതിനെ പല ചരിത്ര, സാമൂഹിക ശാസ്ത്ര ഗവേഷകരും വിശേഷിപ്പിക്കാറുണ്ട്.

കേരളീയ
പരിണാമങ്ങൾ

20-ാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ രൂപപ്പെട്ട ലിബറൽ സലഫിസത്തിന്റെ അനുരണനങ്ങൾ കേരളത്തിലേക്കും കടന്നുവന്നു. കേരളത്തിലെ പാരമ്പര്യ ഇസ്‍ലാമുമായി കടുത്ത സംഘർഷങ്ങളിൽ ഏർപ്പെട്ട് മുന്നോട്ടുപോയ ഈ ധാര കേരളത്തിന്റെ സാമൂഹിക വികസനത്തിൽ വലിയ അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്.

വക്കം അബ്ദുൽ ഖാദർ മൗലവി

നവോത്ഥാനത്തിന്റെ ആശയങ്ങളെ പൂർണാർത്ഥത്തിൽ സ്വീകരിച്ചിട്ടില്ലെങ്കിൽപോലും അതിന്റെ ആവിഷ്കാരങ്ങളെ ലിബറൽ സലഫിസം വലിയ നിലയിൽ പ്രചരിപ്പിച്ചിരുന്നു. അറേബ്യൻ ഇസ്‍ലാമിനെ പ്രാദേശികവൽക്കരിക്കാൻ വലിയ നിലയിലുള്ള ശ്രമങ്ങളുമുണ്ടായി. മലയാളം മത ഭാഷയാക്കിയും, വെള്ളിയാഴ്ചകളിൽ ജുമുഅ ഖുതുബകളെ പ്രാദേശിക ഭാഷയിൽ നടത്തിയും, പത്രങ്ങളും പ്രസിദ്ധീകരണങ്ങളും മാതൃഭാഷയിൽ നടത്തിയും, ആധുനിക വിദ്യാഭ്യാസത്തേയും സ്ത്രീ വിദ്യാഭ്യാസത്തേയും പ്രോത്സാഹിപ്പിച്ചും, സ്ത്രീ പുരുഷ സമത്വത്തെ കുറിച്ച് സംസാരിച്ചും, ജനങ്ങളിൽ സ്വാതന്ത്ര്യാഭിവാഞ്ച വളർത്തിയും മുന്നോട്ടുപോയ ആ ധാരക്ക് കേരളത്തിൽ വലിയ ആന്തോളനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിരുന്നു.

വക്കം അബ്ദുൽ ഖാദർ മൗലവിയെന്ന ധിഷണാശാലിയായ പണ്ഡിതൻ നേതൃത്വം കൊടുത്ത ആ മുന്നേറ്റത്തിൽ മണപ്പാട് കുഞ്ഞഹമ്മദ് ഹാജി, കെ. എം. സീതി സാഹിബ്, കവി ടി. ഉബൈദ്, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് തുടങ്ങിയ പരിണിത പ്രജ്ഞരായ സാമൂഹിക പരിഷ്കർത്താക്കൾ പങ്ക് ചേർന്നിരുന്നു.

മണപ്പാട് കുഞ്ഞഹമ്മദ് ഹാജി, കെ. എം. സീതി സാഹിബ്, കവി ടി. ഉബൈദ്, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

പെട്രോ ഡോളർ ഇസ്‍ലാം

20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങളിൽ രൂപപ്പെട്ട പെട്രോ ഡോളർ ഇക്കോണമി ലോകത്തെ ഇസ്‍ലാമിക മുന്നേറ്റങ്ങളിൽ വീണ്ടുമൊരു പരിണാമത്തിന് നിദാനമായി. സാമ്പത്തികമായി മുന്നേറിയ അത്തരം രാജ്യങ്ങൾ ജനാധിപത്യത്തെ തിരസ്കരിക്കുകയും രാഷ്ട്രീയ ഭദ്രദക്കായി യാഥാസ്ഥിതിക സലഫിസത്തോട് രാജിയാവുകയും ചെയ്തു. ജനാധിപത്യം, മതേതരത്വം, വ്യക്തി സ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങളോട് ഒട്ടും പ്രതിപത്തിയില്ലാത്ത യാഥാസ്ഥിതിക സലഫിസത്തെ രാജഭരണകൂടങ്ങൾ പ്രോത്സാഹിപ്പിച്ചത് മത താത്പര്യത്തെക്കാൾ രാഷ്ട്രീയ താത്പര്യം കൊണ്ടായിരുന്നു.

ഇബ്നു സൗദ്, സൗദി അറേബ്യയുടെ ആദ്യത്തെ രാജാവ്

ജനങ്ങളെ സാമൂഹികമായും സാംസ്കാരികമായും വളരാൻ അനുവദിക്കാത്ത കടുത്ത യാഥാസ്ഥിതിക സലഫി വീക്ഷണങ്ങളെ രാജകീയ ഭരണകൂടങ്ങൾ ഒരു സൗകര്യമായി കണ്ടു. യാഥാസ്ഥിതിക സലഫിസം പെട്രോ ഡോളറിന്റെ പരോക്ഷ പ്രയോക്താക്കളായതോടെ ലോകത്തെല്ലായിടത്തുമുള്ള സലഫി ബന്ധമുള്ള സംഘടനകളെ ശാക്തീകരിക്കുവാൻ സൗദി അറേബ്യ, കുവൈത്ത് പോലുള്ള രാജ്യങ്ങൾ കേന്ദ്രീകരിച്ച് വലിയ ഫണ്ടുകൾ പുറത്തേക്ക് ഒഴുകാൻ തുടങ്ങി. ലോകത്തെ വിവിധ ലിബറൽ സലഫി മുന്നേറ്റങ്ങളെ ഹാർഡ് കോർ സലഫിസത്തിലേക്ക് പരിവർത്തിപ്പിച്ചത് ഈ ഫണ്ടും അധികാരവുമായിരുന്നു. കേരളത്തിന്റെ മുസ്‍ലിം സാമൂഹിക മുന്നേറ്റത്തിന്റെ ഉത്ഥാനപതനങ്ങളിൽ പോലും ഈ പരിണാമ പ്രക്രിയകളെ നമുക്ക് വായിച്ചെടുക്കാം.

വരുംകാല മുസ്‍ലിം ലോകത്തിന്റെ സാമൂഹ്യ വികാസങ്ങളെയും ആധുനിക ലോകവുമായുള്ള അവരുടെ വ്യാവഹാരിക സമ്പർക്കങ്ങളെയും പുനർ നിശ്ചയിക്കാൻ പോന്ന ഒരു മാറ്റം എന്ന നിലയിലാണ് ബാഹ്യലോകം മിഡിൽ ഈസ്റ്റിൽ നടക്കുന്ന മാറ്റങ്ങളെ നോക്കിക്കാണുന്നത്.

പുതിയ പരിണാമങ്ങൾ

സമകാലിക മുസ്‍ലിം അറബ് ലോകം വലിയ മറ്റൊരു മാറ്റത്തിനായി തയാറെടുക്കുകയാണ്. പ്രത്യേകിച്ച് മിഡിൽ ഈസ്റ്റ് അറബ് ലോകം. പുതിയ കാലത്തിനും ലോകത്തിനുമൊപ്പം സഞ്ചരിക്കാൻ അതൊരു പുതിയ ശരീരഭാഷയും ആഖ്യാന രീതിയും അന്വേഷിച്ച് തുടങ്ങിയിരിക്കുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചമുള്ള വലിയ ചർച്ചകൾ മുസ്‍ലിം ലോകത്ത് നടക്കുകയാണ്. ഈ ചർച്ചകൾക്കൊക്കെ കാരണമായിയിരിക്കുന്ന മാറ്റത്തിന്റെ കാറ്റ് സൗദി അറേബ്യ കേന്ദ്രീകരിച്ചാണ് വീണ്ടും വീശി തുടങ്ങുന്നത്. വരും കാല മുസ്‍ലിം ലോകത്തിന്റെ സാമൂഹ്യ വികാസങ്ങളെയും ആധുനിക ലോകവുമായുള്ള അവരുടെ വ്യാവഹാരിക സമ്പർക്കങ്ങളെയും പുനർ നിശ്ചയിക്കാൻ പോന്ന ഒരു മാറ്റം എന്ന നിലയിലാണ് ബാഹ്യലോകം ഈ മാറ്റങ്ങളെ നോക്കിക്കാണുന്നത്.

സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ

സലഫിസത്തിന്റെ യാഥാസ്ഥിതികവും ഹിംസാത്മകവുമായ ആഖ്യാനങ്ങൾ രൂപപ്പെടുത്തിയ തീവ്രവും പ്രതിലോമകരവുമായ ഒരു ഭൂതകാലത്തിന്റെ തളർച്ചയിൽനിന്ന് മുന്നോട്ട് പോകാൻ സൗദി അറേബ്യ എന്ന രാജ്യം തയാറാകുകയാണ്. ഇസ്‍ലാം മതത്തിന്റെ കേന്ദ്രമായി നിലനിൽക്കുന്ന സൗദി അറേബ്യക്ക് അതിനായി മതത്തിന്റെ പുനർവ്യാഖ്യാനങ്ങൾ അനിവാര്യമായിരിക്കുന്നു. യാഥാസ്ഥിതിക മത നേതൃത്വത്തിന്റെ പിടുത്തിലായിരുന്നു ആ രാജ്യത്തിന്റെ ആരംഭകാലം മുതൽ ഇന്നോളവും. അത് പുലർത്തിയിരുന്ന യാഥാസ്ഥിക വീക്ഷണങ്ങളും നിലപാടുകളും ക്രമേണ മാറ്റി ലിബറൽ ഇസ്‍ലാമിന്റെ വഴികളിലൂടെ നടക്കാൻ ആ രാജ്യം നടത്തുന്ന നീക്കങ്ങളാണ് ലോകം ശ്രദ്ധിച്ച് കൊണ്ടിരിക്കുന്നത്.

ലിബറൽ ഇസ്‍ലാം

മതപ്രമാണങ്ങളെ കാലഘട്ടത്തിനനുസരിച്ചും സാമൂഹിക സാഹചര്യങ്ങളെ ഉൾക്കൊണ്ടും വ്യാഖ്യാനിച്ചതിലൂടെയാണ് മുസ്‍ലിം ലോകത്തിന് കാലികമായി മുന്നേറാൻ ഇത് വരെ സാധിച്ചിരുന്നത്. ആ പ്രക്രിയ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം കൊണ്ട് നിശ്ശബ്ദവും നിശ്ചലവുമായിപ്പോയിരുന്നു. അതിനെ തിരിച്ചുപിടിക്കാനുള്ള ശക്തമായ നീക്കമാണ് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനിലൂടെ നടന്നുകൊണ്ടിരിക്കുന്നത്.

മുസ്‍ലിം ലോകം പ്രമാണബദ്ധമായ ഒരു സമൂഹമാണ്. ഇസ്‍ലാമിന്റെ പ്രാമാണികമായ മതവീക്ഷണങ്ങളാണ് അവരെ നിയന്ത്രിക്കുന്നത്. മനുഷ്യന്റെ ആധുനികമായ ജീവിതകാഴ്ചപ്പാടുകളോടും സാമൂഹിക വികാസത്തോടും ഒരു തരത്തിലും ചേർന്നുപോകാത്ത പ്രമാണ വ്യാഖ്യാനങ്ങളിൽ നിന്ന് മുക്തി നേടുന്നതിനായി ഇസ്‍ലാമിക പ്രമാണങ്ങളെ ആധുനികമായി വ്യാഖ്യാനിക്കുവാനും ആ മത വീക്ഷണങ്ങൾ രാജ്യത്ത് വ്യാപിപ്പിക്കാനുള്ള ഒരു നീക്കത്തിലാണ് മുഹമ്മദ് ബിൻ സൽമാൻ. മതാത്മകമായ ഒരു സമൂഹത്തെ മുന്നോട്ട് കൊണ്ടു പോകാൻ ഏറ്റവും ഫലവത്തായ ഒരു വഴിയാണ് ഇതെന്ന് മുഹമ്മദ് ബിൻ സൽമാൻ തിരിച്ചറിയുന്നു. ടൈംസ് മാഗസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.

വ്യക്തിസ്വാതന്ത്ര്യം, സ്ത്രീകളുടെ അവകാശങ്ങൾ, മതത്തിന്റെ കാർക്കശ്യമുക്തി, പൊതുരംഗത്തെ സ്ത്രീ- പുരുഷ തുല്യത, ആധുനിക സാമൂഹിക ഘടന, മനുഷ്യന്റെ മൗലികാവകാശങ്ങൾ തുടങ്ങിയ മൂല്യങ്ങളെ പരിഗണിച്ചും മുൻനിർത്തിയുമാണ് പുതിയ കാലത്ത് ഇസ്‍ലാമിക പ്രമാണങ്ങൾ വ്യാഖ്യാനിക്കപ്പെടുക. യു എ ഇ, കുവൈത്ത് എന്നീ രാജ്യങ്ങളുടെ പിന്തുണയും ഇക്കാര്യത്തിൽ സൗദി അറേബ്യക്കുണ്ട്.

ആ രാജ്യത്ത് ഈയടുത്ത കാലത്തായി നടന്നുവരുന്ന ശ്രേണീബദ്ധമായ മാറ്റങ്ങളെയെല്ലാം ഈ പാശ്ചാത്തലത്തിൽ വേണം നാം വീക്ഷിക്കാൻ. രാജ്യത്തിനകത്തും പുറത്തുമുള്ള മൗലികവാദികൾ ഈ മാറ്റങ്ങൾക്ക് എതിരാണ്. മതത്തിൽ തന്നെ വെള്ളം ചേർക്കുന്നതായാണ് അത്തരക്കാർ ഈ മാറ്റങ്ങളെ മനസ്സിലാക്കുന്നത്. മാറ്റങ്ങളോട് വൈമനസ്യമുള്ള ഒരു ജനത എല്ലാ കാലത്തും ഉണ്ടാകും. പക്ഷേ, അവർക്കല്ലെങ്കിൽ അവരുടെ തലമുറക്ക് ഈ മാറ്റങ്ങളോട് വഴങ്ങാതെ ജീവിക്കാൻകഴിയില്ല. ഒന്നര സഹസ്രാബ്ദം പഴക്കമുള്ള ഇസ്‍ലാമിന്റെ ചരിത്രത്തിൽ എല്ലായിടത്തും അങ്ങനെ തന്നെയായിരുന്നു. മാറിയും, മാറ്റിയും, വ്യാഖ്യാനിച്ചും തന്നെയാണ് ഇസ്‍ലാം ഇതുവരെ എത്തിയത്. ഇനിയും അതങ്ങനെ തന്നെ മുന്നോട്ട് പോകും.

ഏതായാലും ഒരു കാര്യമുറപ്പ്. സൗദി തുടങ്ങി വെച്ച മാറ്റങ്ങളുടെ ദിശ, വരും കാലങ്ങളിൽ ലോക ഇസ്‍ലാമിൽ വലിയ, ഗുണകരമായ പരിവർത്തനങ്ങൾ കൊണ്ടുവരും. മതത്തിന്റെ ആഭ്യന്തരങ്ങൾക്ക് മാത്രമല്ല അത് ഗുണകരമാകുന്നത്. മിക്കപ്പോഴും അത് സംഘർഷപരമാക്കി നിർത്തിയിരുന്ന ലിബറൽ മുസ്‍ലിം വീക്ഷണങ്ങൾക്ക് കൂടി അത് ഗുണം ചെയ്യും.


എം.എസ്. ഷൈജു

മാധ്യമപ്രവർത്തകൻ, വ്യവസായ സംരംഭകൻ. ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, ശരീഅത്ത്; സാമൂഹിക പാഠങ്ങൾ, കനലടയാളങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments