2021 ഡിസംബറിൽ കർണാടക നിയമസഭയിൽ ബി.ജെ.പി. സർക്കാർ പാസാക്കിയ Right to Freedom of Religion Bill, അഥവാ മതപരിവർത്തന നിരോധന ബില്ലിനെതിരെ ബംഗളുരുവിൽ നടന്ന പ്രതിഷേധം. /Photo: Newsclick.in

മതത്തെ വിഭജനായുധമാക്കുന്ന വിചാരധാര

മത പരിവർത്തന നിരോധന നിയമങ്ങൾ

ന്യൂനപക്ഷ സമുദായ-വിരുദ്ധവും, ആധുനിക ഭരണഘടനാ മൂല്യങ്ങൾക്ക് വിപരീതവുമായ ‘മതപരിവർത്തന വിരുദ്ധ നിയമങ്ങൾ' പ്രാബല്യത്തിൽ കൊണ്ടുവരുന്നത്, സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ, ഹൈന്ദവേതര മതങ്ങളുടെ അന്യവത്കരണം കൂടുതൽ പ്രകടമാക്കും. വിവിധ സംസ്ഥാനങ്ങളിൽ അംഗീകരിക്കപ്പെട്ട മതപരിവർത്തന നിരോധന നിയമങ്ങളെ സംബന്ധിച്ച സമഗ്ര അന്വേഷണം.

ഒന്ന്: മതപരിവർത്തനം എന്ന സാമൂഹിക വിമോചന വഴി

ശുദ്ധി- അശുദ്ധി എന്നീ ദ്വന്ദ്വസങ്കൽപ്പങ്ങളെ ആധാരമാക്കിക്കൊണ്ടുള്ള ജാതിവ്യവസ്ഥയെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇന്ത്യയിലെ പിന്നാക്ക സാമൂഹിക വിഭാഗങ്ങൾക്കെതിരായ വ്യവസ്ഥാപിതമായ വിവേചനം നൂറ്റാണ്ടുകളായി തുടർന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ സാമൂഹിക വിഭാഗങ്ങളെ, അവർ നിർവഹിക്കുന്ന തൊഴിലടിസ്ഥാനത്തിൽ അവരുടെ സാമൂഹ്യപദവി ഉയർന്നതോ താഴ്ന്നതോ ആയി നിർവചിക്കപ്പെട്ടുപോരുന്നു.
ഹിന്ദു മതവിശ്വാസപ്രകാരം നാല് ശ്രേണികളായി ‘വിഭജിക്കപ്പെട്ടിരിക്കുന്ന' ഈ ചാതുർവർണ്യ വ്യവസ്ഥയിൽ ഏറ്റവും മുകൾത്തട്ടിലുള്ളവർ ഏറ്റവും ശുദ്ധരും, വേദപുസ്തകങ്ങൾ വായിക്കാനും വ്യാഖ്യാനിക്കാനും, പൂജാകർമങ്ങൾ നിർവഹിക്കാനും അധികാരമുള്ളവരായി കരുതപ്പെടുന്ന/അംഗീകരിക്കപ്പെടുന്ന ബ്രാഹ്മണ വിഭാഗമാണ്. ബ്രാഹ്മണർക്കു താഴെ, പരമ്പരാഗതമായി രാജപദവികൾ അലങ്കരിച്ചുപോരുന്ന ക്ഷത്രിയർക്ക് രണ്ടാമതും, കച്ചവട വ്യവഹാരങ്ങളിൽ ഏർപ്പെട്ടുപോകുന്ന വൈശ്യർക്ക് മൂന്നാമതുമാണ് സ്ഥാനമെങ്കിൽ പരമ്പരാഗതമായി കൃഷിവൃത്തിയിൽ ഏർപ്പെട്ടുജീവിക്കുന്ന ശൂദ്രർക്കാണ് വർണവ്യവസ്ഥയിൽ ഒടുവിലത്തെ സ്ഥാനം. ഇതിൽ ഒരേ വർണത്തിൽപെട്ട വ്യത്യസ്ത വിഭാഗങ്ങൾ തമ്മിൽ പോലും ശ്രേണീകൃതമായ അന്തരങ്ങൾ ജാതിഅടിസ്ഥാനത്തിൽ നിലനിന്നുപോകുന്നു എന്നതാണ് ഇത്തരമൊരു സാമൂഹ്യവ്യവസ്ഥയുടെ സവിശേഷത. മേൽപറഞ്ഞ നാലു വർണങ്ങൾക്കും പുറത്താണ് ആദിശൂദ്രർ എന്ന് വിളിക്കപ്പെടുന്ന മറ്റൊരു വലിയ സാമൂഹിക വിഭാഗം. തൊഴിലടിസ്ഥാനത്തിൽ അശുദ്ധരായി കണക്കാക്കപ്പെടുന്ന ഈ വിഭാഗത്തെ ബ്രാഹ്മണ്യ സമൂഹം പ്രാചീന കാലം മുതൽക്കേ അസ്പൃശ്യരായി പരിഗണിച്ചുപോരുന്നു.

ഇത്തരത്തിൽ അത്യന്തം സങ്കീർണമായ ഒരു സാമൂഹ്യവ്യവസ്ഥക്ക്, ഇന്ത്യയിൽ എക്കാലവും നിലനിന്നുപോന്ന മുഖ്യധാരാ ബ്രാഹ്മണ്യവ്യവഹാരം ഒരു മത- ദൈവിക പരിവേഷവും ചാർത്തിക്കൊടുത്തതോടുകൂടി അതിന്റെ വിവേചന സ്വഭാവത്തിന് അവിതർക്കവും അലംഘനീയവുമായി നൂറ്റാണ്ടുകൾക്കുശേഷവും നിലനിന്നുപോരാൻ സാധിച്ചു. അതനുസരിച്ച് ഒരു വർണവിഭാഗത്തിന്റെ ഭാഗമായി ജനിച്ച ഒരു വ്യക്തിക്ക്, സ്വന്തം സാമൂഹികപദവിയിൽ നിന്ന് ഉയരുവാനോ, ആ പദവി അനുശാസിക്കുന്ന തൊഴിൽമേഖലക്ക് പുറത്തുകടക്കുവാനോ, മറ്റ് ഉയർന്ന വർണവിഭാഗങ്ങളോട് ബന്ധപ്പെടുവാനോ ഇഴുകിച്ചേരാനോ സാധിച്ചിരുന്നില്ല. അത്തരത്തിൽ വർണവ്യവസ്ഥയെ ഏതെങ്കിലും വിധത്തിൽ ലംഘിക്കുന്നവർക്ക് (വിവാഹം, പ്രണയം, തൊഴിൽ, വൈദികവൃത്തി എന്നിവയിലൂടെ) ശിക്ഷ നൽകുവാനുള്ള ക്ഷത്രിയ രാജാവിന്റെ അധികാരത്തെ കുറിച്ചും, അത്തരത്തിലുള്ളവർ നേരിടേണ്ടിവരുന്ന സാമൂഹ്യഭ്രഷ്ടുകളെ കുറിച്ചും ഹൈന്ദവ സ്മൃതി ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.

പതിനേഴാം നൂറ്റാണ്ടോടെ പാശ്ചാത്യ ശക്തികളാൽ കോളനിവൽക്കരിക്കപ്പെട്ട ഇന്ത്യൻ സമൂഹത്തിൽ തുടർന്നുണ്ടായ വ്യവസായവൽക്കരണവും, അതേ പിൻപറ്റി വികസിച്ച നഗരവൽക്കരണവും, പാശ്ചാത്യ വിദ്യാഭ്യാസകേന്ദ്രങ്ങളിലൂടെ പ്രചാരം നേടിയ ആധുനിക- പൗരസങ്കൽപങ്ങളും, ഇന്ത്യൻ ജാതിവ്യവസ്ഥയെ സമൂല മാറ്റങ്ങൾക്ക് വിധേയമാക്കിയിരുന്നു. എന്നാൽ തീർത്തും ഭൗതിക സ്വാധീനങ്ങളുടെ പ്രേരണയാൽ ചാതുർവർണ്യ- വർഗ സമൂഹത്തിന് കൈവന്ന പരിണാമവും ചലനാത്മകതയും ഈ വിഭാഗങ്ങളിൽ മാത്രം ഒതുങ്ങിക്കൂടുകയും, സാമൂഹിക- സാംസ്‌കാരിക- സാമ്പത്തിക മൂലധനം അതത് സാമൂഹികപശ്ചാത്തലത്തിന് അനുസൃതമായി ഈ വർണവിഭാഗങ്ങളിൽ ശ്രേണീകൃതമായി കുത്തക കൈവരികയും ചെയ്തു. ഇത്തരമൊരു സാമൂഹ്യപുനഃക്രമീകരണം പ്രധാനമായും 'സ്പർശിക്കാതെ' കടന്നുപോയത് ചാതുർവർണ്യ വ്യവസ്ഥക്ക് പുറത്ത്​നിലകൊണ്ടിരുന്ന ‘ആദിശൂദ്രർ' അഥവാ ബ്രാഹ്മണ്യ സമൂഹത്തിലെ അസ്പൃശ്യ ജനവിഭാഗങ്ങളെയായിരുന്നു.

മഹാത്മാഗാന്ധി / Photo: Wikimedia Commons

ചുരുക്കത്തിൽ ദക്ഷിണേഷ്യയുടെ പ്രാചീനചരിത്രസന്ദർഭത്തിൽ ഉത്ഭവിച്ച ജാതിവ്യവസ്ഥ അതിന്റെ അടിസ്ഥാന വിവേചന സ്വഭാവത്തിൽ വലിയ മാറ്റങ്ങളൊന്നും കൂടാതെ ഭൗതിക കാരണങ്ങളാൽ ഉപരിതലമാറ്റങ്ങൾ മാത്രം കൈവരിച്ച് കൂടുതൽ സങ്കീർണവും ദൃഢവുമായ ഒരു സാമൂഹികക്രമമായി ആധുനികകാലത്തേക്ക് പരിണമിച്ചുപോന്നു. ഇതിന്റെ തുടർച്ചയായാണ്, പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഉയർന്നുവന്ന ഇന്ത്യൻ ദേശീയപ്രസ്ഥാനവും, ദേശീയതാസങ്കൽപ്പനങ്ങളും ഒരു ബ്രാഹ്മണ്യ- പ്രമാണിവർഗ വ്യവഹാരമായി പലപ്പോഴും രാഷ്ട്രീയപണ്ഡിതർ വിശേഷിപ്പിക്കാറുള്ളത്.
ഇന്ത്യൻ ദേശീയതയെ പാശ്ചാത്യ വിദ്യാഭ്യാസം നേടിയ ഒരുകൂട്ടം ഉന്നതജാതരുടെ അവകാശകലഹങ്ങളിൽ നിന്നും മോചിപ്പിച്ച് അതിനെ കൂടുതൽ ജനകീയമാക്കിതീർക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് എം.കെ ഗാന്ധിയായിരുന്നു. അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ നിർവചിച്ചത് സാമൂഹിക-പുനഃക്രമീകരണത്തിനും രാഷ്ട്രീയസ്വരാജിനും വേണ്ടിയുള്ള സമരമായിട്ടാണ്. ഇന്ത്യയുടെ സാമൂഹിക പ്രശ്‌നങ്ങളെയും, സാംസ്‌കാരിക സംഘർഷങ്ങളെയും ഗാന്ധി തന്റെ രാഷ്ട്രീയ കാമ്പയിനിന്റെ ഭാഗമാക്കി തീർക്കുകയും, ഹിന്ദുമതത്തിലെ ജാതിവിവേചനത്തെ, അഥവാ തൊട്ടുകൂടായ്മയെ നിരന്തരം അഭിസംബോധന ചെയ്യുകയും ചെയ്തു. തന്റെ കൊളോണിയൽ വിരുദ്ധ ‘സമരായുധങ്ങൾ' ആയി ഗാന്ധി ഉപയോഗിച്ചതും രാജ്യത്തെ അവസാന പൗരനെയും സംബന്ധിക്കുന്ന, മുഖ്യധാരാ ബൂർഷ്വാസമൂഹത്തിന് അന്യമായി നിലനിന്നിരുന്ന, വിഷയങ്ങളായിരുന്നുതാനും.

രാജ്യത്തെ ‘അവസാന മനുഷ്യനെ' വരെ രാഷ്ട്രീയവൽക്കരിക്കുവാനും ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിനു കീഴിൽ അണിനിരത്തുവാനും പ്രയത്‌നിച്ച ഗാന്ധി അതിൽ വലിയ വിജയം നേടുന്നതിനോടൊപ്പം തന്റെ ആത്മീയ വ്യക്തിപരിവേഷം കൊണ്ടും, രാഷ്ട്രീയ വ്യവഹാരത്തിലെ മതാത്മക ചിഹ്നങ്ങൾ കൊണ്ടും രാജ്യത്തെ ബഹുഭൂരിപക്ഷം ജനതയെയും ബ്രാഹ്മണവത്കരിക്കുക കൂടിയാണ് ചെയ്തത് എന്ന് പറയേണ്ടി വരും. അസ്പൃശ്യതക്കെതിരെ സംസാരിക്കുകയും ജാതിവിവേചനത്തെ അഭിസംബോധന ചെയ്യുകയും ചെയ്ത ഗാന്ധി പക്ഷെ ഹിന്ദുമതത്തിലെ വർണവ്യവസ്ഥ ഒരു പ്രശ്‌നമായി കണ്ടതേയില്ല. അതിനാൽത്തന്നെ ഇന്ത്യൻ ദേശീയതയെ കൂടുതൽ ഉൾക്കൊള്ളലിലധിഷ്ഠിതമാക്കുകയും, ബ്രാഹ്മണ്യ സമൂഹത്തെ ഒരു ബൂർഷ്വാ ദർശനത്തിനനുസൃതമായി നവീകരിക്കാൻ ശ്രമിച്ചു എന്നതിനുമപ്പുറം ഇന്ത്യയിലെ പിന്നാക്ക ജാതിസമുദായങ്ങളുടെ വിമോചനത്തിന് ഗാന്ധിയൻ പ്രത്യയശാസ്ത്രം കാര്യമായ പങ്കൊന്നും വഹിച്ചിരുന്നില്ല.

എന്നാൽ അവശ വർഗത്തിന്റെ പ്രശ്‌നങ്ങൾ മുഖ്യധാരാ രാഷ്ട്രീയത്തിൽ അഭിസംബോധന ചെയ്യുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് ഡോ.ബി.ആർ. അംബേദ്കർ ആണ്. അദ്ദേഹം കേവലമായ സാമൂഹിക ആക്ടിവിസത്തിനപ്പുറം അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ സംഘടിതമാക്കി മാറ്റിക്കൊണ്ട്, മുഖ്യധാരാ സാമൂഹിക- രാഷ്ട്രീയ മണ്ഡലത്തിലേക്ക്, നിയമസാധുത്വസഹായത്തോടെ എങ്ങനെ ഉയർത്തിക്കൊണ്ടുവരാം എന്ന ആലോചനയാണ് മു​ന്നോട്ടുവെച്ചത്. ബ്രിട്ടീഷ് അധിനിവേശ ശക്തികൾ ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയാലും ഇന്ത്യൻ ജാതിസമൂഹത്തിൽ പിന്നാക്ക ജാതിക്കാർ തുടർന്നും തങ്ങളുടെ സാമൂഹ്യസ്ഥിതിയിൽ തന്നെ തുടർന്നുപോയേക്കും എന്ന് കരുതിയിരുന്ന അംബേദ്കർ ബ്രിട്ടീഷ് അധികാരകേന്ദ്രത്തോട് എന്നതുപോലെതന്നെ ബ്രാഹ്മണ്യശക്തികളോടും ഒരേപോലെ ഇടഞ്ഞുനിന്നു. അവശ വർഗത്തിന്റെ മോചനമായി അദ്ദേഹം പരിഗണിച്ചത് ബ്രിട്ടീഷ് അധിനിവേശ- ശക്തികളിൽ നിന്നെന്നപോലെ തന്നെ കോൺഗ്രസിൽ നിന്നുമുള്ള മോചനം കൂടി ആയിരുന്നു. എന്നാൽ ഇതേ വർഗത്തിന്റെ സാമൂഹ്യവിമോചനത്തിനുവേണ്ടി പലപ്പോഴും ബ്രിട്ടീഷ് സർക്കാരിനോട് സമരസപ്പെട്ടുനീങ്ങുവാനും, അവർ ഇന്ത്യൻ സിവിൽ സമൂഹത്തിനു തുറന്നുകൊടുത്ത പ്രാതിനിധ്യാവകാശങ്ങളെ ഉപയോഗപ്പെടുത്തുവാനും അദ്ദേഹം മടി കാണിച്ചിരുന്നില്ല.

അവശ വർഗത്തിന്റെ മോചനമായി അംബേദ്കർ പരിഗണിച്ചത് ബ്രിട്ടീഷ് അധിനിവേശ- ശക്തികളിൽ നിന്നെന്നപോലെ തന്നെ കോൺഗ്രസിൽ നിന്നുമുള്ള മോചനം കൂടി ആയിരുന്നു. / Photo: Wikimedia Commons

1932 ൽ ‘ഇന്ത്യയുടെ പ്രിയ സ്‌നേഹിതൻ' എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെയ് മക്ഡൊണാൾഡ്, അംബേദ്കറിന്റെ ആവശ്യങ്ങൾ അംഗീകരിച്ച്​, ദലിത് വിഭാഗങ്ങൾക്ക് പ്രത്യേക ഇലക്ടറേറ്റ് നൽകുക എന്ന തീരുമാനത്തിൽ എത്തിച്ചേർന്നു. എന്നാൽ, ദലിത് വിഭാഗങ്ങളെ ചരിത്രപരമായ കാരണങ്ങളാൽ ഒരിക്കലും ഹിന്ദുസമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കാതെയിരുന്ന അംബേദ്കറിൽ നിന്ന്​വ്യത്യസ്തമായി ഗാന്ധി, ബ്രിട്ടീഷ് സർക്കാരിന്റെ ഈ പുതിയ തീരുമാനത്തെ ഹിന്ദുമതത്തിനുനേരെ ഉയരുന്ന മഹാഭീഷണിയായാണ് കണ്ടത്. പിന്നാക്ക സാമൂഹിക വിഭാഗങ്ങളെ പ്രത്യേക സമുദായമായി പരിഗണിക്കുന്നത് ഹിന്ദുമതത്തെ ദുർബലപ്പെടുത്തുമെന്ന് കരുതിയ അദ്ദേഹം ബ്രിട്ടീഷ് സർക്കാരിനെതിരെ പ്രതിഷേധിച്ച്​ നിരാഹാരം അനുഷ്ഠിക്കുകയും, തുടർന്ന് രാഷ്ട്രീയ സമ്മർദ്ദങ്ങളാൽ അംബേദ്കറിന് തന്റെ ആവശ്യത്തിൽ നിന്ന്​ പിന്നോട്ട് നീങ്ങേണ്ടിവരികയും ചെയ്തു. ഇന്ത്യൻ രാഷ്ട്രീയമ ണ്ഡലത്തിലെ ദലിത് പ്രാതിനിധ്യത്തെ സംബന്ധിച്ച അതിസങ്കീർണമായ ഈ ചർച്ചയുടെ ഒത്തുതീർപ്പായാണ് 1932 ലെ പൂനെ കരാർ നിലവിൽ വരുന്നതും, അതനുസരിച്ച് ദലിത് സമുദായങ്ങൾക്ക് പ്രത്യേക ഇലക്ടറേറ്റ് എന്നതിനുപകരം ജോയൻറ്​ ഇലക്ടറേറ്റുകളിലെ നിശ്ചിത സീറ്റുകൾ സംവരണ മണ്ഡലങ്ങളായി അനുവദിക്കപ്പെടുകയും ചെയ്യുന്നത്.

ഇത്തരമൊരു വിട്ടുവീഴ്ചാ കരാറിനോടുള്ള കടുത്ത അതൃപ്തി മൂലമാണ് 1936-ൽ മുംബൈയിൽ താൻ വിളിച്ചുചേർത്ത മഹാർ സമ്മേളനത്തിൽ ബി.ആർ. അംബേദ്കർ ‘താൻ ഒരു ഹിന്ദുവായി ജനിച്ചുവെങ്കിലും ഒരു ഹിന്ദു ആയി മരിക്കില്ല' എന്ന് പ്രഖ്യാപിക്കുകയും, ഇന്ത്യയിലെ അവശജനങ്ങളോടാകെ മതപരിവർത്തനം നടത്തുവാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നത്. കേവല ഹിന്ദുമത പരിഷ്‌ക്കരണത്തിലൂടെ പിന്നാക്ക സമുദായങ്ങൾക്ക് അവർ അർഹിക്കുന്ന സ്ഥാനം ഹിന്ദുമതത്തിൽ നേടിയെടുക്കാൻ കഴിയുമെന്ന ഗാന്ധിയുടെ നയത്തോടുള്ള കടുത്ത വിയോജിപ്പും അദ്ദേഹം ഈ അവസരത്തിൽ പ്രകടിപ്പിക്കുകയുണ്ടായി. ‘ഹിന്ദുമതപരിഷ്‌കരണം നമ്മുടെ ലക്ഷ്യമേ അല്ല. സ്വാതന്ത്ര്യം ആർജ്ജിക്കുക എന്നത് മാത്രമാണ് നമ്മുടെ ലക്ഷ്യം. മതപരിവർത്തനത്തിലൂടെ നമുക്ക് സ്വാതന്ത്ര്യം ആർജ്ജിക്കാൻ കഴിയുമെന്നിരിക്കെ ഹിന്ദുമത പരിഷ്‌ക്കരണത്തിന്റെ ഭാരം നമ്മൾ എന്തിന് ചുമലിലേറ്റണം? നമ്മുടെ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം ഹിന്ദുമത പരിഷ്‌കരണം ആണെന്ന് ആരും തെറ്റിദ്ധരിക്കാതെയിരിക്കട്ടെ. സാമൂഹ്യസ്വാതന്ത്ര്യം നേടിയെടുക്കുക മാത്രമാണ് നമ്മുടെ ലക്ഷ്യം. ഹിന്ദുമതത്തിൽ ഒരിക്കലും നമ്മൾ സമത്വം ആർജ്ജിക്കില്ലെന്നിരിക്കെ, എന്നാൽ അത് ലളിതമായ മതപരിവർത്തനത്തിലൂടെ നമുക്ക് കൈവരിക്കാം എന്നിരിക്കെ, നമുക്ക് എന്ത്‌കൊണ്ട് ആ പാത തിരഞ്ഞെടുത്തുകൂടാ?' , അംബേദ്കർ ചോദിക്കുന്നു.

അംബേദ്കർക്കുമുൻപും പിന്നാക്ക- സമുദായ പ്രസ്ഥാനങ്ങൾ പലപ്പോഴായി ആധുനിക ഇന്ത്യയിൽ ഉയർന്നു വന്നിരുന്നുവെങ്കിലും അവയെല്ലാം ജാതീയതയെ ഹിന്ദുമതത്തിനുള്ളിൽ നിന്ന്​ പരിഹരിക്കാനുള്ള ശ്രമങ്ങളായിരുന്നു നടത്തിപ്പോന്നത്. ഇവിടെയാണ് അംബേദ്കറൈറ്റ് പ്രസ്ഥാനം മുൻകാലങ്ങളിൽ നിന്ന് വത്യസ്തമാകുന്നതും. ഗാന്ധി ഹിന്ദുമതത്തിനുള്ളിലെ ഒരു സദാചാര വിഷയമായി ജാതീയതയെ അഭിസംബോധന ചെയ്തപ്പോൾ, അംബേദ്കർ പിന്നാക്ക വിഭാഗങ്ങളെ ഹിന്ദുമതസമൂഹത്തിൽ നിന്ന്​ വേറിട്ട മറ്റൊരു സ്വത്വസമൂഹമായാണ് കണ്ടത്. ഇവരുടെ സാമ്പത്തിക- രാഷ്ട്രീയ അധീനത്വത്തെ, നിയമപരമായും, രാഷ്ട്രീയപരമായും, വിദ്യാഭ്യാസപരവുമായ മാർഗങ്ങളാൽ അദ്ദേഹം പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും, ദലിതർ നേരിടുന്ന സാമൂഹ്യപ്രശ്‌നങ്ങളെ വിഭാഗീയതയിൽ അധിഷ്ഠിതമായ ഒരു മതത്തിനുള്ളിൽ നിന്നുകൊണ്ട് പരിഹരിക്കുക സാധ്യമായിരുന്നില്ല. ഈ കാരണത്താലാണ് മതപരിവർത്തനത്തെ ദലിതരുടെ സാമൂഹിക വിമോചനത്തിനുള്ള മാർഗമായി അംബേദ്കർ പരിഗണിക്കുന്നത്. അദ്ദേഹം പറയുന്നു: ‘ഒരു വ്യക്തിയുടെ ജന്മം എന്നത് സാമൂഹ്യസേവനത്തിന് വേണ്ടിയുള്ളതല്ല. മറിച്ച് അവരുടെ വ്യക്തിവിമോചനത്തിനുവേണ്ടിയുള്ളതാണ്. ഹിന്ദുമതത്തിൽ വ്യക്തികൾക്ക് യാതൊരു സ്ഥാനവുമില്ല. ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് പെരുമാറേണ്ടതെങ്ങനെ എന്ന് അത് പഠിപ്പിക്കുന്നില്ല. തീർത്തും വർഗസങ്കല്പത്തിൽ രൂപവൽക്കരിക്കപ്പെട്ട ഒരു മതമാണ് അത്. വ്യക്തിയെ മാനിക്കാത്ത ഒരു മതം എനിക്കൊരിക്കലും സ്വീകാര്യമല്ല.'

പൂന പാക്റ്റിൽ ഒപ്പു വെച്ച ഡോ. അംബേദ്കർ ബാരിസ്റ്റർ ജയകർ, സർ തേജ് ബഹാദുർ സപ്രു തുടങ്ങിയവർക്കൊപ്പം പൂനെയിലെ യർവാദാ ജയിലിന് പുറത്ത്.

1936 ലെ മഹാർ സമ്മേളനത്തിന് രണ്ടുപതിറ്റാണ്ടുകൾക്കിപ്പുറം 1956 ഒക്ടോബറിലാണ് നാഗ്പൂരിലെ ദീക്ഷഭൂമിയിൽ വെച്ച് അംബേദ്കർ ആറുലക്ഷത്തോളം വരുന്ന അനുയായികളോടൊപ്പം ബുദ്ധമതത്തിലേക്ക് മതപരിവർത്തനം നടത്തുന്നത്. ജാതിവ്യവസ്ഥയിൽ നിന്നുമുള്ള വിമോചനത്തിനായി ഹിന്ദുമതം ഉപേക്ഷിക്കുക എന്ന തീരുമാനത്തിൽ അദ്ദേഹം വളരെ പണ്ടേ എത്തിച്ചേർന്നിരുന്നുവെങ്കിലും അതിനായുള്ള തന്റെ ആദ്യപരിഗണന ബുദ്ധമതം ആയിരുന്നില്ല. 1927 മുതൽ അദ്ദേഹം ആരംഭിക്കുന്ന ‘ബഹിഷ്‌കൃത ഭാരത്' എന്ന ആനുകാലിക പത്രികയിൽ തന്റെ മതപരിവർത്തന തീരുമാനത്തെ സംബന്ധിക്കുന്ന സൂചനകൾ ധാരാളമായി കാണാം. ജാതിവ്യവസ്ഥയെ പരിഹരിക്കുന്നതിൽ ബുദ്ധമതവും ആര്യസമാജവും അപര്യാപ്തമാണ് എന്നുപോലും ഈ പത്രികയിൽ അദ്ദേഹം പ്രഖ്യാപിക്കുന്നുണ്ട്. അതിനു ബദലായി അദ്ദേഹം മുന്നോട്ടു വെക്കുന്ന രണ്ടു മതങ്ങൾ ഇസ്​ലാമും ക്രിസ്തുമതവും ആണ്: ‘ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥക്കെതിരെ നമുക്ക് വിജയകരമായി ചെറുത്ത് നിൽക്കണമെങ്കിൽ നമ്മൾ ഇസ്​ലാം മതത്തിലേക്കോ ക്രിസ്തു മതത്തിലേക്കോ മതപരിവർത്തനം നടത്തിയേ തീരൂ. അതോടെ മറ്റൊരു സംഘടിതമായൊരു സമുദായത്തിന്റെ പിന്തുണ നമുക്ക് ഉറപ്പാക്കാൻ സാധിക്കും. എങ്കിൽ മാത്രമേ ദലിതരുടെ മേൽ പുരണ്ടിരിക്കുന്ന അസ്പൃശ്യതയുടെ കറ കഴുകിക്കളയാൻ സാധിക്കുകയുള്ളൂ.'

എന്നാൽ, ഈ ലേഖനം പ്രസിദ്ധീകരിച്ചതിന് രണ്ടുവർഷങ്ങൾക്കുശേഷം അംബേദ്കർ തന്റെ പരിഗണനയിൽ നിന്ന്​ ക്രിസ്തുമതത്തെ പൂർണമായും ഒഴിവാക്കുകയും, ദലിതർക്ക് അഭികാമ്യമായ മതമായി ഇസ്​ലാം മതത്തെ ഉയർത്തിക്കാട്ടുകയും ചെയ്​ത്​ മറ്റൊരു ലേഖനം എഴുതുന്നു. 1929 മാർച്ച് 15 ന്​ ‘ബഹിഷ്‌കൃത ഭാരതി'ൽ ‘ഹിന്ദുമതത്തിനൊരു താക്കീത്' എന്ന തലക്കെട്ടോടെ അച്ചടിച്ചുവന്നൊരു ലേഖനത്തിൽ അദ്ദേഹം ഇങ്ങനെയെഴുതുന്നു: ‘നിങ്ങൾക്ക് മതപരിവർത്തനം നടത്തണമെങ്കിൽ ഇസ്​ലാം മതം സ്വീകരിക്കൂ...ക്രിസ്തുമതത്തിനു പോലും ഇന്ത്യയിലെ ജാതിവ്യവസ്ഥയെ തരണം ചെയ്യാൻ സാധിച്ചിട്ടില്ല.'

സമത്വ-അധിഷ്ഠിത മതമായി സ്വയം വിഭാവനം ചെയ്ത ക്രിസ്തുമതത്തിനകത്ത്, മുൻകാലങ്ങളിൽ അധീശവർഗങ്ങളിൽ നിന്ന് മതപരിവർത്തനം നടത്തിയവരുടെ അനാചാര അവശേഷിപ്പുകൾ ‘നവക്രിസ്ത്യാനികളെ' അപരരായി കണ്ട് മാറ്റിനിർത്തുകയാണ് പലപ്പോഴുമുണ്ടായത്. ഇതിനുകാരണം ഒരുപക്ഷെ ക്രിസ്തു മതം യൂറോപ്പിൽ തന്നെ പ്രചരിച്ചുതുടങ്ങുന്നതിനു മുൻപുതന്നെ ഇന്ത്യയിൽ (കേരളത്തിൽ) എത്തുകയും അതിന്റെ തുടക്കകാല ഗുണഭോക്താക്കളും പ്രചാരകരുമായി കുത്തകാവകാശം നേടിയത് കേരളത്തിലെ ബ്രാഹ്മണ വർഗമായിരുന്നതുകൊണ്ടും ആകാം.

1936 ലെ മഹാർ സമ്മേളന പ്രസംഗത്തിലും അംബേദ്കർ പലപ്പോഴായി ഇസ്​ലാം മതസ്ഥരുടെ ഐക്യത്തെയും അവകാശബോധത്തെയും പ്രശംസിച്ചു സംസാരിക്കുന്നുണ്ട്. സ്വയം ഒരു ന്യൂനപക്ഷമായിരുന്നിട്ടുകൂടി സാമൂഹിക- രാഷ്ട്രീയ അവകാശങ്ങൾ കൈവരിക്കാൻ സാധിച്ച ഇന്ത്യയിലെ മുസ്​ലിംകളെ അധഃസ്ഥിത വർഗത്തിനുള്ള ഉത്തമമാതൃകയായി അദ്ദേഹം ഉദാഹരിക്കുകയും ചെയ്യുന്നു. എന്നാൽ ദലിതരോട് ഇസ്​ലാം മതം സ്വീകരിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള മേല്പറഞ്ഞ ലേഖനത്തിൽ നിന്ന്​ ഒരു പതിറ്റാണ്ടോളം ഇപ്പുറം ഇസ്​ലാം മതത്തെ പലപ്പോഴായി പ്രകീർത്തിച്ചുകൊണ്ടുള്ള തന്റെ മഹാർ സമ്മേളനപ്രസംഗം അംബേദ്കർ അവസാനിപ്പിക്കുന്നത് ഒരു ബുദ്ധിസ ഉദ്ധരണിയോടെയാണ് എന്നത് ശ്രദ്ധേയമാണ്: ‘അപ്പോ ദീപോ ഭവ!' ( സ്വയം വെളിച്ചമായിതീരുക).
തന്റെ ബാല്യകാലം മുതൽക്കേ തന്നെ സ്വന്തം ജീവിതത്തിൽ അതിയായ സ്വാധീനം ചെലുത്തിയിട്ടുള്ള ബുദ്ധമത തത്വങ്ങളെയും പ്രമാണങ്ങളെയും കുറിച്ച് അദ്ദേഹം പിന്നീട് പലപ്പോഴായി വിവരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പിന്നെയും രണ്ടുപതിറ്റാണ്ടുകൾ നീണ്ട പര്യന്വേഷണങ്ങൾക്കപ്പുറം തന്റെ അനുയായികളോട് ബുദ്ധമതത്തിലേക്ക് മതപരിവർത്തനം നടത്താൻ ആഹ്വാനം ചെയ്ത അംബേദ്കറിന്റെ തീരുമാനം കേവലം വ്യക്തിപരമായിരുന്നില്ല.

ഇന്ത്യാ ചരിത്രത്തെ അംബേദ്കർ നിർവചിച്ചിരുന്നത് ‘ബ്രാഹ്മണ പാരമ്പര്യവും ബുദ്ധ പാരമ്പര്യവും തമ്മിലുള്ള നശ്വര സംഘർഷത്തിന്റെ ചരിത്ര'മായിട്ടായിരുന്നു. ബ്രാഹ്മണ്യ ഹിംസക്കും ജാതിവ്യവസ്ഥയുടെ നിഷ്​ഠൂരതക്കുമെതിരായി വികസിച്ചുവന്ന ബുദ്ധപാരമ്പര്യം ചരിത്രത്തിലുടനീളം ബ്രാഹ്മണ്യത്തോട് കലഹിച്ചാണ് നിലനിന്നുപോന്നത്. ബ്രാഹ്മണ വർഗത്തിന്റെ അധീശത്വത്തെ പ്രതിരോധിക്കാൻ ക്ഷത്രിയ വർഗത്തിന്റെ പിന്തുണയും സ്വീകാര്യതയും ബുദ്ധമതത്തിന് ചരിത്രത്തിൽ ലഭിച്ചുപോന്നിരുന്നു. സാമൂഹ്യവ്യവസ്ഥിതികളിൽ അധിഷ്ഠിതമല്ലാത്ത, വ്യക്തികേന്ദ്രീകൃതമായൊരു പ്രത്യയശാസ്ത്രം മുൻപോട്ട് വെച്ച, ബ്രാഹ്മണ പാരമ്പര്യത്തിലെ ജാതീയതയുടെ യുക്തിയായി അക്കാലം വരെയും പരിഗണിച്ചുപോന്ന ‘മുൻജന്മ- പുനർജന്മ സിദ്ധാന്ത'ത്തെയും ചോദ്യം ചെയ്ത ബുദ്ധമതത്തിലേക്ക് ധാരാളം പിന്നാക്ക സമുദായങ്ങളും ആകർഷിക്കപ്പെട്ടിരുന്നു. അതിനാൽ തന്നെ, ചരിത്രത്തിലുടനീളം ഹിംസാത്മകവും സാമൂഹ്യചലനത്തെ വിഘ്നപ്പെടുത്തുന്നതുമായ ജാതിവ്യവസ്ഥക്ക് പുറത്തുകടക്കുവാനും, അതിലൂടെ ഭൗതികനേട്ടങ്ങൾ കൈവരിക്കുവാനും, ദലിത് സമൂഹങ്ങൾ ബുദ്ധമത പാരമ്പര്യത്തെ ഉൾക്കൊണ്ടിരുന്നതായി കാണാം. ബുദ്ധമതത്തെ സംബന്ധിക്കുന്ന ചരിത്രപരമായ ഈ വസ്തുത കൂടിയായിരിക്കണം അംബേദ്കറെ ബുദ്ധമതം സ്വീകരിക്കാനുള്ള തീരുമാനത്തിലേക്ക് കൊണ്ടെത്തിച്ചിട്ടുള്ളത്.

1956 ഒക്ടോബർ 14-ന് നാഗ്പൂരിൽ വെച്ച് നടന്ന കൂട്ട മതപരിവർത്തന സദസ്സിൽ അംബേദ്കർ

രണ്ട്​: മതപരിവർത്തനം; ആന്തരികവും ബാഹ്യവുമായ കാരണങ്ങൾ

ഇന്ത്യാ ചരിത്രത്തിലെ മതപരിവർത്തന സന്ദർഭങ്ങൾ പരിശോധിക്കുകയാണെങ്കിൽ അവയുടെ കാരണങ്ങളെ പ്രധാനമായും രണ്ടായി തരംതിരിക്കാം. തീർത്തും ആത്മീയ കാരണങ്ങളാൽ ഒരു പ്രത്യേക മതത്തോടും, അത് മുന്നോട്ട് വെയ്ക്കുന്ന അടിസ്ഥാന മൂല്യങ്ങളോടും ഒരു വ്യക്തിക്ക് താല്പര്യം ജനിക്കുന്നതിലൂടെ ആ മതത്തിലേക്ക് മതപരിവർത്തനം നടത്താനുള്ള തന്റെ തീരുമാനത്തെയാണ് ആദ്യ ഗണത്തിൽ പരിഗണിക്കാവുന്നത്.
പ്രാചീനകാലത്ത് ബുദ്ധ/ജൈന സന്യാസിമാരുടെയും, മധ്യകാലത്ത് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലകളിലെ സാമൂഹ്യവിഭാഗങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന സൂഫി സന്യാസിമാരുടെയും നേതൃത്വത്തിൽ, അവരുടെ മതപരമായ വാദപ്രതിവാദങ്ങളിലൂടെയും, ആത്മീയ പ്രഭാഷണങ്ങളിലൂടെയും, ചർച്ചകളിലൂടെയും മറ്റും ബ്രാഹ്മണസന്യാസിമാരെ സ്വാധീനിക്കുകയും, അതുവഴി അതത് പ്രദേശങ്ങളിലെ ബ്രാഹ്മണ്യ സമൂഹത്തെ തങ്ങളുടെ മതമൂല്യങ്ങളാൽ പ്രചോദിപ്പിച്ച്, മതപരിവർത്തനം നടത്തുകയും ചെയ്തിരുന്ന തീർത്തും ആരോഗ്യപരമായ ഈ പ്രക്രിയയെ നമുക്ക് ഇതിൽ കൂട്ടാവുന്നതാണ്. പ്രാചീനകാലങ്ങളിൽ പ്രചാരം നേടിയ നാടൻ കലാരൂപങ്ങളിലോ കഥാ-കാവ്യങ്ങളിലോ പ്രചോദിതരായി, അതിനോട് ബന്ധപ്പെട്ടിരിക്കുന്ന മതത്തെ സ്വീകരിച്ചിരുന്നവരെയും ഈ ഗണത്തിൽ തന്നെ പരിഗണിക്കാം. ഇവയെ പൊതുവായി ‘ആന്തരിക കാരണങ്ങളാലുള്ള മതപരിവർത്തന'മായി കണക്കാക്കാം.

പ്രാചീന/മധ്യകാലങ്ങളിലെന്നപോലെ തന്നെ ആധുനിക കാലത്തും ജാതിവിവേചനത്തിൽ നിന്ന് രക്ഷപ്പെടാൻ പിന്നാക്ക ജാതിസമുദായങ്ങൾ വൻതോതിൽ ക്രിസ്തുമതത്തിലേക്കും ഇസ്​ലാം മതത്തിലേക്കും മതപരിവർത്തനം ചെയ്തിട്ടുണ്ട്. പഞ്ചാബിലെ ചുഹ്റകൾ, ഉത്തരേന്ത്യയിലെ ചാമർ (ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്), ഗുജറാത്തിലെ വങ്കർമാർ, തമിഴ് നാട്ടിലെ ആദി ദ്രാവിഡർ (പരായൻ, പുലയർ, വള്ളുവർ, കോലിയാർ, പള്ളൻ), കേരളത്തിലെ പുലയ- പറയ, സമുദായങ്ങളിൽ ഉൾപെട്ടവരായിരുന്നു ഇതിൽ മുന്നിൽ. ഹിന്ദുമതത്തിന്റെ ജാതിമേൽക്കോയ്മയിൽ നിന്ന് രക്ഷപ്പെടാനും, വിദ്യാഭ്യാസം നേടിയെടുക്കുവാനും, ആത്യന്തികമായി ഭൗതികതാല്പര്യങ്ങൾ നേടിയെടുക്കുവാനും അവർ തുടക്കത്തിൽ ക്രിസ്തുമതത്തിലേക്കും പിന്നീട് ഇസ്​ലാം മതത്തിലേക്കും പരിവർത്തനം ചെയ്തു. ഈ സമുദായങ്ങൾക്കിടയിൽ ഒരു സമത്വ-അധിഷ്ഠിത മതമായി സ്വയം വിഭാവനം ചെയ്ത ക്രിസ്തുമതത്തിനകത്ത് പക്ഷെ, മുൻകാലങ്ങളിൽ അധീശവർഗങ്ങളിൽ നിന്ന് മതപരിവർത്തനം നടത്തിയവരുടെ അനാചാര അവശേഷിപ്പുകൾ ‘നവക്രിസ്ത്യാനികളെ' അപരരായി കണ്ട് മാറ്റിനിർത്തുകയാണ് പലപ്പോഴുമുണ്ടായത് എന്നത് മറ്റൊരു കഥയാണ്. ഇതിനുകാരണം ഒരുപക്ഷെ ക്രിസ്തു മതം യൂറോപ്പിൽ തന്നെ പ്രചരിച്ചുതുടങ്ങുന്നതിനു മുൻപുതന്നെ ഇന്ത്യയിൽ (കേരളത്തിൽ) എത്തുകയും അതിന്റെ തുടക്കകാല ഗുണഭോക്താക്കളും പ്രചാരകരുമായി കുത്തകാവകാശം നേടിയത് കേരളത്തിലെ ബ്രാഹ്മണ വർഗമായിരുന്നതുകൊണ്ടും ആകാം. എന്നാൽ പൂർവ്വകാല ബുദ്ധമതപരിവർത്തനങ്ങൾ പോലെ ഇവിടെ പ്രാധാന്യമർഹിക്കുന്ന ചർച്ച, തങ്ങൾ അഭിമുഖീകരിക്കുന്ന സാമൂഹിക ഉച്ചനീചത്വങ്ങളിൽ നിന്ന് പുറത്തുകടക്കുവാനും, അതുവഴി ഭൗതികാഭിവൃദ്ധി പ്രാപിക്കുവാനും സ്വമേധയാ ക്രിസ്തുമതം സ്വീകരിച്ച ജാതി-സമുദായങ്ങളെ സംബന്ധിക്കുന്ന പഠനങ്ങളാണ്.

മധ്യകാലത്ത് ഇസ്​ലാം മതത്തിന് വ്യത്യസ്​ത ഭരണാധികാരികളിൽ നിന്ന്​ ലഭിച്ച പ്രോത്സാഹനവും ഇസ്​ലാം മത പ്രചാരണത്തിന് പലപ്പോഴും കാരണമായി തീർന്നിട്ടുണ്ട്. ഇതിന് ഉത്തമോദാഹരണമാണ്, കോഴിക്കോട് രാജ്യത്ത് അറബികളുടെ സഹായത്തോടെ മറ്റ് വൈദേശിക ശക്തികൾക്കെതിരെ കടലിൽ ഒരു നാവികശക്തി കെട്ടിപ്പടുക്കുകയും, തീരദേശ മേഖലയിൽ ഒരു തൊഴിൽസേന സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, അവിടുത്തെ മുക്കുവ മൽസ്യത്തൊഴിലാളികളോട് തങ്ങളുടെ കുടുംബത്തിൽ നിന്ന് കുറഞ്ഞത് ഒന്നോ രണ്ടോപേർ ഇസ്​ലാമിലേക്ക് മതപരിവർത്തനം നടത്തണമെന്ന, സാമൂതിരിയുടെ കൽപ്പന.

ഇസ്​ലാം മതം മധ്യേഷ്യയിൽ തുടക്കത്തിൽ പ്രചരിക്കപ്പെടുന്നത് സൈനിക പോരാട്ടങ്ങളിലൂടെ ആയിരുന്നെങ്കിൽ, അതിൽ നിന്ന്​ വത്യസ്തമായി ദക്ഷിണേഷ്യയിൽ അത് കച്ചവടത്തിലും മിശ്രവിവാഹബന്ധങ്ങളിലും ഊന്നിയുള്ള അനുക്രമമായ സ്വാംശീകരണത്തിലൂടെയാണ് പ്രചരിക്കുന്നത്. സ്വദേശി സ്ത്രീകളുമായുള്ള അറബി മുസ്​ലിംകളുടെ വിവാഹബന്ധം വ്യാപാര ഉടമ്പടിയുടെ ഭാഗമായാണ് ആദ്യകാലങ്ങളിൽ ആരംഭിക്കുന്നത് എന്നുപറയാം. അമ്പാടി കോവിലകം, വലിയ കോവിലകം, ചെറിയ കോവിലകം, എരമ്പിറ കോവിലകം, പടിഞ്ഞാറേ കോവിലകം, കിഴക്കേ കോവിലകം, കുറ്റിച്ചിറ തമ്പുരാട്ടി ഇല്ലം, വെട്ടത്തൂർ കോവിലകം തുടങ്ങിയ വീടുകളിൽ നിന്ന് നാന്നൂറ് നായർ സ്ത്രീകൾ മലബാറിലെ അറബി വ്യാപാരികളുമായി വിവാഹബന്ധത്തിൽ ഏർപ്പെടുന്നതിനെപ്പറ്റി വിവിധ ചരിത്ര സ്രോതസ്സുകളിൽ പറയുന്നുണ്ട്. വിവാഹബന്ധങ്ങൾ അധികാര വിപുലീകരണത്തിനും സമ്പദ് താൽപര്യം സംരക്ഷിക്കുന്നതിനായും ഉപയോഗപ്പെടുത്തുന്ന അതേ ഫ്യൂഡൽ യുക്തി തന്നെയാണ് മധ്യകാലങ്ങളിൽ ഇസ്​ലാമിലേക്കുള്ള സവർണ കുടുംബങ്ങളുടെ മതപരിവർത്തനത്തിലും കാണാൻ സാധിക്കുക.

ജാതിവ്യവസ്ഥയിലും അനേകദൈവ വിശ്വാസങ്ങളിലും ഊന്നി വിഘടിച്ചുനിന്നിരുന്ന ഒരു സമൂഹത്തിനുമുന്നിൽ ഇസ്​ലാം മതം മുന്നോട്ടുവെച്ച ഏകദൈവ വിശ്വാസവും, ആത്മീയ തലത്തിലെ തുല്യതാബോധവും വിവിധ സമുദായങ്ങളെ ആ മതത്തിലേക്ക് ആകർഷിച്ചിരുന്നിരിക്കണം. കേരളീയ പശ്ചാത്തലത്തിൽ കടൽമാർഗ വ്യവസായങ്ങളിൽ, തുടക്ക കാലത്ത് കുത്തക കൈവരിച്ചിരുന്ന മുസ്​ലിം കച്ചവടക്കാർക്ക് സമൂഹത്തിൽ നിലനിന്ന സ്ഥാനവും, മധ്യകാലത്ത് ഇസ്​ലാം മതത്തിന് വ്യത്യസ്​ത ഭരണാധികാരികളിൽ നിന്ന്​ ലഭിച്ച പ്രോത്സാഹനവും ഇസ്​ലാം മത പ്രചാരണത്തിന് പലപ്പോഴും കാരണമായി തീർന്നിട്ടുണ്ട്. ഇതിന് ഉത്തമോദാഹരണമാണ്, കോഴിക്കോട് രാജ്യത്ത് അറബികളുടെ സഹായത്തോടെ മറ്റ് വൈദേശിക ശക്തികൾക്കെതിരെ കടലിൽ ഒരു നാവികശക്തി കെട്ടിപ്പടുക്കുകയും, വ്യാപാരികൾക്കായി തീരദേശ മേഖലയിൽ ഒരു തൊഴിൽസേന സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, അവിടുത്തെ മുക്കുവ മൽസ്യത്തൊഴിലാളികളോട് തങ്ങളുടെ കുടുംബത്തിൽ നിന്ന് കുറഞ്ഞത് ഒന്നോ രണ്ടോപേർ ഇസ്​ലാമിലേക്ക് മതപരിവർത്തനം നടത്തണമെന്ന്, സാമൂതിരി കൽപ്പിക്കുന്നത്.

പഞ്ചാബിലെ പരിവർത്തിത ക്രൈസ്തവർ മിഷനറിയോടൊപ്പം (2006). പ്രാചീന/മധ്യകാലങ്ങളിലെന്നപോലെ തന്നെ ആധുനിക കാലത്തും ജാതിവിവേചനത്തിൽ നിന്ന് രക്ഷപ്പെടാൻ പിന്നാക്ക ജാതിസമുദായങ്ങൾ വൻതോതിൽ ക്രിസ്തുമതത്തിലേക്കും ഇസ്​ലാം മതത്തിലേക്കും മതപരിവർത്തനം ചെയ്തിട്ടുണ്ട്. Photo: Wikimedia Commons

ചുരുക്കത്തിൽ ആത്മീയ കാരണങ്ങൾക്ക് പുറത്ത് നിൽക്കുന്ന, പ്രധാനമായും അധികാരനേട്ടങ്ങൾ മുന്നിൽ കണ്ടുകൊണ്ടോ, ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായൊരു സമൂഹത്തിലെ ഉച്ചനീചത്വങ്ങളിൽ നിന്ന് പുറത്തുകടക്കുന്നതിനോ, സാമൂഹിക ചലനാത്മകത കൈവരിക്കുന്നതിനോ വേണ്ടി മതപരിവർത്തനം നടത്താൻ പ്രേരിതമായ ഈ ഘടകങ്ങളെ നമുക്ക് ‘ബാഹ്യകാരണങ്ങളാലുള്ള മതപരിവർത്തനത്തിന്റെ' ഗണത്തിൽ പെടുത്താം.

ആധുനികത മുന്നോട്ട് വെച്ച മനുഷ്യാവകാശബോധ്യങ്ങളെയും പൗരസങ്കല്പങ്ങളെയും പ്രാചീന- മധ്യകാല സമൂഹങ്ങളിലേക്ക് പ്രതിഷ്ഠിക്കുന്നത് അബദ്ധമായിരിക്കും. അതിനാൽതന്നെ വ്യക്തിനിഷ്ഠമായ സ്വതാല്പര്യങ്ങളിൽ നിന്ന്​വിഭിന്നമായി മേല്പറഞ്ഞ രണ്ടു വർഗ്ഗീകരണങ്ങളുടെയും ഘടകം സ്വത്വബോധകേന്ദ്രിതമല്ലെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

ആധുനിക പൂർവ കാലങ്ങളിൽ ചില സാമൂഹ്യവിഭാഗങ്ങൾ പലപ്പോഴും മതപരിവർത്തനം നടത്തിയിരുന്നത് മാറുന്ന ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പ്രാചീനകാലത്ത് കന്നുകാലികളെ നിരന്തരം ഭക്ഷണത്തിനും, ദൈവികപ്രീതിക്ക് ബലി നല്കുന്നതിനും ഉപയോഗിച്ചിരുന്ന ബ്രാഹ്മണ സമൂഹത്തിൽ നിന്ന്​ വിട്ടുനിന്നുകൊണ്ട്, ഗോമാംസ ഭോജനത്തെയും കന്നുകാലി വധത്തെയും നിരോധിച്ച ബുദ്ധമത ആശയത്തെ, കന്നുകാലികളെ കൃഷി ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന കാർഷിക-ശൂദ്രസമൂഹം സ്വീകരിച്ചത് ഇതിന് ഉദാഹരണമായി കാണാം. ഇതുകൂടാതെ അതത് ചരിത്ര- രാഷ്ട്രീയ- സാംസ്‌കാരിക സന്ദർഭങ്ങളിൽ അധീശത്വം പ്രാപിക്കുന്ന അധികാരവർഗത്തിനുമേൽ സ്വാധീനം ചെലുത്തുന്നതിനുവേണ്ടി ഭരണവർഗത്തിന്റെ മതം സ്വീകരിക്കുന്ന പ്രജകളെയും ചരിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും.

1993 ൽ പ്രസിദ്ധീകരിക്കപ്പെട്ട റിച്ചാർഡ് ഈറ്റണിന്റെ The Rise of Islam and the Bengal Frontier, 1204-1760 എന്ന പുസ്തകത്തിൽ ബംഗാൾ അതിർത്തി പ്രദേശങ്ങളുടെ ഇസ്​ലാമികവത്കരണത്തിന് കാരണമായ രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക സാഹചര്യങ്ങളെ വിശകലനം ചെയ്യുന്നുണ്ട്. ഈറ്റണിന്റെ അഭിപ്രായത്തിൽ ഇസ്​ലാം മതത്തിന്, ഒരു ഭൂപ്രദേശത്തിന്റെ സാമൂഹിക- സാംസ്‌കാരിക ചുറ്റുപാടുകളോട് പൊരുത്തപ്പെടാനുള്ള അതിന്റെ പ്രത്യേകമായ കഴിവുകൊണ്ട്, ബംഗാളിലെ തദ്ദേശീയരായ ജനങ്ങൾ ഇസ്​ലാമിനെ ഒരു നാഗരിക പ്രത്യയശാസ്ത്രത്തിന്റെയും, തങ്ങളുടെ വികസിച്ചുവരുന്ന കാർഷിക സംസ്‌കാരത്തിന് അനുരൂപമായ അദ്ധ്വാനത്തിന്റെയും മതമായി കണ്ട് മനസ്സിലാക്കി അതിലേക്ക് ആകർഷിക്കപ്പെട്ടു. ഇവയെ പൊതുവിൽ ആന്തരിക കാരണങ്ങളാലോ, ബാഹ്യകാരണങ്ങളാലോ ഉള്ള മതപരിവർത്തനം എന്ന് തരം തിരിക്കുക പ്രയാസകരമാണ്.

ബാഹ്യകാരണങ്ങളാലുള്ള മതപരിവർത്തനത്തിൽ ഏറ്റവും ക്രൂരവും പൈശാചികവുമായ പരിവർത്തനം നടന്നിട്ടുള്ളത് മതപരമായ കാരണങ്ങളാലും, അതിലുപരി രാഷ്ട്രീയകാരണങ്ങളാലും തങ്ങളുടെ പ്രജകളെ കൊന്നും ഭീഷണിപ്പെടുത്തിയും നിർബന്ധിതമായി മതപരിവർത്തനം നടത്തിയിട്ടുള്ള ചരിത്രസംഭവങ്ങളാണ്.

പതിനേഴാം നൂറ്റാണ്ടിലെ മുഗൾ രാജാവ് ഔറംഗസീബിന്റെ നേതൃത്വത്തിൽ അമുസ്​ലിംകളായ ഭാരതീയരെയും, പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പു സുൽത്താന്റെ നേതൃത്വത്തിൽ കേരള- മലബാർ പ്രദേശത്തെ നായർ സമുദായത്തെയും ബലപ്രയോഗത്തിലൂടെ ഇസ്​ലാം മതത്തിലേക്ക് പരിവർത്തനപ്പെടുത്തിയതിനെ സംബന്ധിച്ച ചരിത്രരേഖകൾ ഇന്ന് ലഭ്യമാണ്. അതുപോലെ, പതിനഞ്ചാം നൂറ്റാണ്ടിൽ പോർട്ടുഗീസ് മിഷനറിമാരുടെ നേതൃത്വത്തിൽ കേരളത്തിലും, പിന്നീട് പതിനാറാം നൂറ്റാണ്ടിൽ ഗോവയിലും, ഹിന്ദുക്കളെയും മുസ്​ലിംകളെയും നിർബന്ധിതമായി രക്തച്ചൊരിച്ചിലിലൂടെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനപ്പെടുത്തിയ ചരിത്രം ഇന്ന് ലഭ്യമാണ്. പ്രാചീന ഇന്ത്യയിലെ ഹൈന്ദവാധിപത്യ പ്രദേശങ്ങളിൽ ബുദ്ധ- ജൈന മതസ്ഥർക്ക് ബ്രാഹ്മണ്യാധികാരത്തിനു കീഴിൽ നേരിടേണ്ടി വന്ന പീഡനവും, തടവുശിക്ഷയും, വേട്ടയാടപ്പെടലും ചരിത്രത്തിലുടനീളം പ്രത്യക്ഷമാണ്. സമാന അവസ്ഥയായിരുന്നു ദക്ഷിണേന്ത്യയിൽ മുൻകാലങ്ങളിൽ പരസ്പരം പോരടിച്ചുകൊണ്ടിരുന്ന ശൈവ- വൈഷ്ണവ വിശ്വാസികൾക്ക് അന്യോന്യം അതത് അധികാരമണ്ഡലത്തിനു കീഴിൽ നേരിടേണ്ടിവന്നിരുന്നത്.

ഇന്ത്യാ ചരിത്രത്തിലെ മേല്പറഞ്ഞ മതപരിവർത്തന സന്ദർഭങ്ങളിൽ ഏറ്റവും അധാർമികവും അനൈതികവുമായ സംഗതി അതുകൊണ്ടുതന്നെ സംഭവിച്ചിട്ടുള്ളത് / സംഭവിക്കാവുന്നത് ബാഹ്യകാരണങ്ങളാലുള്ള മതംമാറ്റ പ്രക്രിയയിലാണ് എന്നുകാണാം. അതിൽ ഗുരുതരമായത് ഒരു വ്യക്തിയെ നിർബന്ധിത പരിവർത്തനത്തിന്- അത് മറ്റൊരു വ്യക്തിയുടെ സ്വകാര്യ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനോ, മറ്റൊരു സമുദായ/സംഘടനയുടെ രാഷ്ട്രീയ/അധികാര ലക്ഷ്യങ്ങൾ സംരക്ഷിക്കുന്നതിനോ ആകാം- വിധേയമാക്കുന്നതാണ്. ആധുനിക മൂല്യവ്യവസ്ഥകളുടെ വീക്ഷണകോണിൽ നിന്ന്​ നോക്കുകയാണെങ്കിൽ, അത്തരമൊരു മതപരിവർത്തന പ്രക്രിയയിൽ ഹനിക്കപ്പെടുന്നത് ഒരു വ്യക്തിയുടെ വിവേചനാധികാരവും, തന്റെ സ്വകാര്യജീവിതത്തിൽ തീരുമാനമെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യവും കൂടിയാണ്. എന്നാൽ ആധുനിക കാലത്ത്, ആധുനിക മൂല്യങ്ങളെ താത്വികപരമായെങ്കിലും ഉൾക്കൊള്ളുന്ന ഒരു ഭരണഘടനയ്ക്കും നിയമവ്യവസ്ഥക്കും കീഴിലുള്ള ഇന്ത്യൻ രാഷ്ട്രീയവ്യവസ്ഥ, അത്തരത്തിലൊരു വ്യക്തിസ്വാതന്ത്ര്യ ലംഘനം തന്റെ പൗരന്മാർക്കുമേൽ അനുവദിക്കില്ല എന്ന ഉറപ്പു നല്കുന്നുണ്ട്.

ഇത്തരമൊരു രാഷ്ട്രീയ വ്യവഹാരത്തിലേക്കാണ് ഇന്ത്യയിലെ ബ്രാഹ്മണ്യ-വലതുപക്ഷ രാഷ്ട്രീയകക്ഷികൾ ചരിത്രത്തിന്റെ ഈ ഇരുണ്ട അധ്യായങ്ങൾ അനുചിതപരമായി വർത്തമാനകാലത്ത് സാന്ദർഭികവത്കരിച്ച്​, വിവിധ സംസ്ഥാനങ്ങൾ, ന്യൂനപക്ഷ സമുദായ-വിരുദ്ധവും, രാജ്യത്തിന്റെ (ആധുനിക) ഭരണഘടനാ മൂല്യങ്ങൾക്ക് വിപരീതവുമായ ‘മതപരിവർത്തന വിരുദ്ധ നിയമങ്ങൾ' പ്രാബല്യത്തിൽ കൊണ്ടുവരുന്നത്.

മൂന്ന്​: എസ്​.സി വിഭാഗങ്ങളുടെ നിർവചനം

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, ഭരണ നിർവാഹകസംഘം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഭിന്നജാതീയമായി ചിതറിക്കിടക്കുന്ന, രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹത്തെ ഏകീകരിക്കുകയും, അതുവഴി ഇന്ത്യൻ ജനതയെ ദേശീയവൽക്കരിക്കുകയും ചെയ്യുന്നത് സംബന്ധിച്ചായിരുന്നു. ഇതിന്റെ ഫലമായാണ് 1950 -കളിൽ ഹിന്ദു മതനിയമങ്ങൾ പരിഷ്‌കരിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ, ബ്രിട്ടീഷ് സർക്കാർ തുടങ്ങിവെയ്ക്കുകയും, അംബേദ്കർ, നെഹ്റു എന്നിവർ നേതൃത്വം നൽകി പൂർത്തീകരിക്കുകയും ചെയ്ത ‘ഹിന്ദു കോഡ് ബില്ലുകൾ' ബഹുവിധ വിമർശനങ്ങൾക്കൊടുവിലും ലോക്​സഭയുടെ അംഗീകാരം നേടുന്നത്. ‘ഹിന്ദു' എന്ന പദത്തിന്റെ നിയമപരമായ വ്യാഖ്യാനം നമുക്ക് ആദ്യം കാണാൻ സാധിക്കുന്നതും ഹിന്ദു കോഡ് ബില്ലുകളിലാണ്. അതനുസരിച്ച് ഇസ്​ലാം, ക്രിസ്തു, പാർസി എന്നീ (ഇന്ത്യക്ക് പുറത്ത് ഉത്ഭവിച്ച) മതങ്ങൾക്ക് പുറത്തു നിൽക്കുന്ന, ബുദ്ധ, ജൈന, സിഖ് മതവിശ്വാസികൾ ഉൾപ്പെട്ട ഇന്ത്യയിലെ സർവ്വ ജനങ്ങളെയും ഹിന്ദു ആയി നിരൂപിക്കുന്നു (ഇത്തരമൊരു നിർവചനം ഈ ബില്ലുകളുടെ വിമർശനവും വിവാദവുമായി ഇന്നും ചർച്ച ചെയ്യപ്പെടുന്നു).
ഹിന്ദുമതത്തിനുള്ളിൽ പല പുരാണഗ്രന്ഥങ്ങളിലായി ചിതറിക്കിടക്കുകയും, പലപ്പോഴും പരസ്പര വിരുദ്ധമായി നിലകൊള്ളുകയും ചെയ്ത പലവിധ വിഷയങ്ങളെ സംബന്ധിക്കുന്ന നിയമങ്ങളെ ഒരു ദേശീയ നിയമവ്യവസ്ഥക്ക് കീഴിൽ കൊണ്ടുവന്ന്​ക്രോഡീകരിക്കുകവഴി, ജാതിവർണ വ്യവസ്ഥ മൂലം പ്രകീർണമായി കിടക്കുന്ന വ്യത്യസ്​ത ജനസമൂഹങ്ങളെ കൂടി ഏകോപിപ്പിക്കുക എന്ന ഹിന്ദു കോഡ് ബില്ലുകളുടെ ലക്ഷ്യം തള്ളിക്കളയാനാവില്ല. ഇതുസംബന്ധിച്ച്​, പാർലമെന്റിന് അകത്തും പുറത്തും ഉയർന്ന വിമർശനങ്ങളും, ഇത് ശരിവെക്കുന്നതാണ്.

ഈ നിയമപ്രകാരം, ഇന്ത്യയിലെ Scheduled Caste ( SC ) വിഭാഗത്തെ നിർവചിക്കുന്നത്തിന് അടിസ്ഥാനമായി പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പരിഗണിക്കപ്പെടുന്നത്. ഒന്ന്, SC വിഭാഗത്തിൽ നിന്ന്​ ഒരു വ്യക്തി ഹൈന്ദവേതര മതങ്ങളിലേക്ക് (ഹിന്ദു, ജൈന-ബുദ്ധ, സിഖ് മതങ്ങൾക്ക് പുറത്തേക്ക്) പരിവർത്തനം ചെയ്യപ്പെടുകയാണെങ്കിൽ അവർ SC വിഭാഗമായി പരിഗണിക്കപ്പെടുകയോ, അവർക്ക്​ SC വിഭാഗങ്ങൾക്ക് ലഭിക്കുന്ന രാഷ്ട്രീയ പരിഗണനകൾ ലഭിക്കുകയോ ചെയ്യില്ല.
രണ്ട്, അത്തരത്തിൽ മതപരിവർത്തനം ചെയ്ത ഒരാൾ ‘ഹൈന്ദവ മതങ്ങളിലേക്ക്' പുനഃമതപരിവർത്തനം ചെയ്യുകയാണെങ്കിൽ ആ പ്രത്യേക സമുദായത്തിലെ മറ്റ് അംഗങ്ങളുടെ തീരുമാനത്തിനനുസൃതമായി അവരെ SC വിഭാഗത്തിൽ പരിഗണിക്കപ്പെട്ടേക്കാം. മൂന്ന്, മതപരിവർത്തനം നടത്തിയ SC അംഗങ്ങളുടെ പിന്തുടർച്ചക്കാർക്ക്, ആ സമുദായത്തിലെ മറ്റ് അംഗങ്ങളുടെ തീരുമാനത്തിനനുസൃതമായി SC ഐഡന്റിറ്റി സ്വീകരിക്കാവുന്നതും, ആ വിഭാഗത്തിന് ലഭിക്കുന്ന രാഷ്ട്രീയപരിഗണനകൾക്ക് അർഹമാകാവുന്നതുമാണ്.

1985 ൽ ചീഫ് ജസ്റ്റിസ് പി.എൻ. ഭഗവതി അധ്യക്ഷത വഹിച്ച മൂന്നംഗസമിതി, ഹിന്ദു-സിഖ് മതത്തിന് പുറത്തുള്ള മറ്റു മതവിശ്വാസികൾക്ക് SC വിഭാഗ ആനുകൂല്യങ്ങൾ ലഭിക്കുകയില്ല എന്ന് വിധിക്കുകയുണ്ടായി. ജാതിവ്യവസ്ഥ ഹിന്ദുമതസംസ്‌കാരങ്ങളിൽ മാത്രം നിലീനമായിരിക്കുന്ന ഒന്നാണെന്ന് മേല്പറഞ്ഞ മൂന്നംഗ ബെഞ്ച് ശരിവെക്കുകയും, ഇതേസംബന്ധിച്ച് 1956 ൽ ക്രോഡീകരിച്ച നിയമനിബന്ധനകളെ പുനഃസ്ഥിരീകരിക്കുകയും ചെയ്തു.

2008 -ൽ ‘National Commission of Minorities on Dalits in the Muslim and Christian Communities' പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മുസ്​ലിം- ക്രിസ്ത്യൻ സമുദായങ്ങളിൽ ഉൾപ്പെടുന്ന ദലിത് വിഭാഗങ്ങൾ നേരിടുന്ന സാമൂഹ്യ-സാമ്പത്തിക വിവേചനത്തെ പ്രസ്താവിക്കുകയും, നിയമസാധുതയോടെ ഇവരെ SC വിഭാഗമായി അംഗീകരിക്കേണ്ട ആവശ്യകത സൂചിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും നാളിതുവരെ ഇതേസംബന്ധിച്ച പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും ഇന്ത്യൻ നീതിന്യായവകുപ്പ് പുറപ്പെടുവിച്ചിട്ടില്ല. ചുരുക്കത്തിൽ ഇന്ത്യൻ നിയമവ്യവസ്ഥ ജാതിഘടന, വർണവിവേചനം എന്നീ സാമൂഹ്യപ്രശ്‌നങ്ങളെ ‘ഹിന്ദുമതത്തിൽ മാത്രം നിലീനമായിരിക്കുകയും, മറ്റു മതങ്ങൾക്ക്- പ്രധാനമായും അബ്രഹാമിക്​ പാരമ്പര്യമുള്ള മതങ്ങൾക്ക്- പുറത്തുനിൽക്കുകയും ചെയ്യുന്ന സ്വഭാവ സവിശേഷത' എന്ന താത്വിക വശത്തെയാണ് അംഗീകരിച്ചിരുന്നത്.
ഇന്ത്യൻ ഭരണഘടന അതിന്റെ അനുച്ഛേദം 25 പ്രകാരം ഇന്ത്യൻ പൗരന്റെ മൗലികാവകാശമായി അംഗീകരിക്കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ഈ സന്ദർഭത്തിൽ പ്രതിഷ്ഠിച്ചുകൊണ്ടുവേണം വിശകലനം ചെയ്യാൻ.

നാല്​: മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ ചരിത്രം

അനുച്ഛേദം 25: മതം പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, മതാചാരങ്ങൾ പാലിക്കാനുമുള്ള സ്വാതന്ത്ര്യം.

1) ക്രമസമാധാനം, ധാർമികത, പൊതു ആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമർശങ്ങൾ എന്നിവ കാത്തുസൂക്ഷിച്ച്​ ഏല്ലാവർക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആശയങ്ങൾ പ്രചരിപ്പിക്കാനും അവകാശമുണ്ട്.

2) ഈ വകുപ്പ് a. മതപരമായ അനുഷ്ഠാനങ്ങളോടനുബന്ധിച്ച സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ മതേതരമായ മറ്റെന്തെങ്കിലോ കാര്യങ്ങളെ നിയന്ത്രിയ്ക്കുന്നതിനോ തടയുന്നതിനോ വേണ്ടിയിട്ടുള്ളതോ b. സാമൂഹിക ഉന്നമനത്തിനു വേണ്ടിയോ പൊതുസ്വഭാവമുള്ള ഹിന്ദുസ്ഥാപനങ്ങൾ ഹിന്ദുമതത്തിലെ എല്ലാവിഭാഗങ്ങൾക്കുമായി തുറന്നുകൊടുക്കുന്നതിനു വേണ്ടിയിട്ടുള്ളതോ ആയ ഏതെങ്കിലും നിയമനിർമ്മാണത്തെ തടസപ്പെടുത്തുന്നില്ല.

2008 -ൽ ‘National Commission of Minorities on Dalits in the Muslim and Christian Communities' പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മുസ്​ലിം- ക്രിസ്ത്യൻ സമുദായങ്ങളിൽ ഉൾപ്പെടുന്ന ദലിത് വിഭാഗങ്ങൾ നേരിടുന്ന സാമൂഹ്യ-സാമ്പത്തിക വിവേചനത്തെ പ്രസ്താവിക്കുകയും, നിയമസാധുതയോടെ ഇവരെ SC വിഭാഗമായി അംഗീകരിക്കേണ്ട ആവശ്യകത സൂചിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും നാളിതുവരെ ഇതേസംബന്ധിച്ച പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും ഇന്ത്യൻ നീതിന്യായവകുപ്പ് പുറപ്പെടുവിച്ചിട്ടില്ല.

വിശദീകരണം 1: കൃപാൺ ധരിക്കുന്നത് സിഖ് മതവിശ്വാസത്തിന്റെ ഭാഗമായി കരുതപ്പെടുന്നു.
വിശദീകരണം 2: 2(b) യിലെ ഹിന്ദുമതത്തെക്കുറിച്ചുള്ള പരാമർശം ബുദ്ധ, ജൈന, സിഖ് മതങ്ങൾക്കും ബാധകമാണ്.

ഈ ഭരണഘടനാ വകുപ്പ് ഹിന്ദുമതത്തിന് ( സിഖ്, ബുദ്ധ, ജൈന മതങ്ങൾ ഉൾപ്പെടുന്നത്) പ്രത്യേക ഊന്നൽ നല്കിയിരിക്കുന്നു എന്നത് വളരെ ശ്രദ്ധേയമാണ്. അത് മേൽപ്പറഞ്ഞ ചരിത്ര സന്ദർഭത്തോട് ചേർത്തുവെച്ച് പരിശോധിക്കുകയാണെങ്കിൽ, ‘ഹിന്ദുമത സ്ഥാപനങ്ങൾ' ആ മതത്തിനുള്ളിലെ മറ്റുവിഭാഗങ്ങൾക്കുമുൻപിൽ അടഞ്ഞുകിടക്കുന്ന' സ്ഥിതിവിശേഷം സൃഷ്ടിക്കുന്ന അസ്പൃശ്യതയെയും ജാതിവ്യവസ്ഥയെയും ആർട്ടിക്കിൾ 25 അപലപിക്കുകയും, അതിന് പരിഹാര്യമെന്നോണം നിലകൊള്ളുന്നതായി കൂടി നമുക്ക് വ്യാഖ്യാനിക്കാവുന്നതാണ്. അതിനാൽ തന്നെ, അനുച്ഛേദം 25 -ൽ നിരൂപിച്ചിരുന്ന, ‘മതം പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, മതാചാരങ്ങൾ പാലിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം', ജാതിവ്യവസ്ഥ താത്വികമായി നിലനിൽക്കാത്ത (അങ്ങനെ നിലനിൽക്കുന്നു എന്ന് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഒരിക്കലും അംഗീകരിക്കാത്ത), മറ്റ് അബ്രഹാമിക് മതങ്ങളിലേക്ക് ഹിന്ദുമതത്തിലെ അധഃസ്ഥിതസമൂഹത്തിന് വിമോചന- മതപരിവർത്തനം നടത്തുവാനുള്ള, അതുവഴി ജാതിവിവേചനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സ്വാതന്ത്ര്യമായി കൂടി വേണം മനസ്സിലാക്കുവാൻ.

ഹിമാചൽ പ്രദേശ് നിയമസഭ 2006 -ലാണ് മതപരിവർത്തന നിരോധനനിയമം അംഗീകരിക്കുന്ന ആദ്യ കോൺഗ്രസ് ഭരണ സംസ്ഥാനമായി മാറുന്നത്.

‘‘നിങ്ങളിൽ ഇസ്​ലാമിലേക്ക് മതപരിവർത്തനം നടത്തിയവരെ, ഹിന്ദുക്കൾ തൊട്ടുകൂടാത്തവരോ പിന്നാക്ക ജാതിക്കാരോ ആയി കണക്കാക്കുന്നില്ല. ക്രിസ്ത്യാനികളായി മാറിയവരുടെ കാര്യത്തിലും ഇതുതന്നെ പറയാം...നിങ്ങൾ ഈ നാണംകെട്ട അവസ്ഥയിൽ നിന്ന് മുക്തി നേടണമെങ്കിൽ, (ജാതീയതയുടെ) മാലിന്യം വലിച്ചെറിഞ്ഞ് ഈ വിലപ്പെട്ട ജീവിതം പ്രയോജനപ്പെടുത്തണമെങ്കിൽ; ഒരേയൊരു വഴിയേയുള്ളൂ, അത് ഹിന്ദു മതത്തിന്റെയും നിങ്ങൾ ബന്ധിതരായികിടക്കുന്ന ഹിന്ദു സമൂഹത്തിന്റെയും ചങ്ങലകൾ വലിച്ചെറിയുക എന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ, ഒരു മനുഷ്യൻ, മറ്റൊരു മനുഷ്യനെ കുഷ്ഠരോഗിയെപ്പോലെ പരിഗണിക്കാൻ പഠിപ്പിക്കുന്ന ഒരു മതത്തിൽ നാം നിലനിൽക്കുന്നിടത്തോളം കാലം നമ്മുടെ മനസ്സിൽ ആഴത്തിൽ വേരൂന്നിയ ജാതിയുടെ പേരിലുള്ള വിവേചനബോധം മാറുകയില്ല. ജാതിയതയെയും തൊട്ടുകൂടായ്മയെയും ഉന്മൂലനം ചെയ്യുന്നതിനുള്ള മറുമരുന്ന് മതപരിവർത്തനം മാത്രമാണ്.'', അംബേദ്കർ പറയുന്നു.

ബ്രിട്ടീഷ് ഇന്ത്യയിൽ മതപരിവർത്തന വിരുദ്ധ നിയമങ്ങളൊന്നും നിലവിലുണ്ടായിരുന്നില്ല. സ്വാതന്ത്ര്യാനന്തരം, മതപരിവർത്തനം നിരോധിക്കുന്നതിനായുള്ള രണ്ട് ബില്ലുകൾ: 1954 -ലെ ഇന്ത്യൻ മതപരിവർത്തന (നിയന്ത്രണവും രജിസ്ട്രേഷനും) ബില്ലും, 1960 -ലെ, പിന്നാക്ക സമുദായ (മത സംരക്ഷണ) ബില്ലും, ലോക്​സഭയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. രണ്ട് ബില്ലുകൾക്കും വ്യാപക പിന്തുണയുണ്ടായിരുന്നെങ്കിലും, അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഒടുവിൽ രണ്ടു ബില്ലുകളും സഭയിൽ സ്വീകരിക്കപ്പെടുന്നില്ല എന്നുറപ്പുവരുത്തി. അദ്ദേഹം സഭയിൽ അന്ന് ഉന്നയിച്ച വാദവും ശ്രദ്ധേയമാണ്: ‘‘ഈ നിയമങ്ങൾ മതപരിവർത്തനത്തിനായി ഉപയോഗിക്കപ്പെടുന്ന ദുഷിച്ച രീതികളെ ഇല്ലാതാക്കാൻ സഹായിച്ചുകൂടണമെന്നില്ല. എന്നാൽ, ഇത് ഒരു വിഭാഗം ആളുകൾക്കെതിരെയുള്ള വലിയ ഉപദ്രവത്തിന് കാരണമായി മാറിയേക്കാം. കൂടാതെ, നിങ്ങൾ ഈ പ്രവൃത്തികളെ എത്ര ശ്രദ്ധാപൂർവം നിർവചിച്ചാലും അവയ്ക്ക് ശരിയായ പദാവലി കണ്ടെത്തി നൽകാൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ല. ബലപ്രയോഗത്തിന്റെയും വഞ്ചനയുടെയും തിന്മകളെ നമുക്ക് പൊതു നിയമപ്രകാരം കൈകാര്യം ചെയ്യാൻ കഴിയുന്നതാണ്. മറ്റ് പല കുറ്റകൃത്യങ്ങൾക്കും എന്നപോലെ ഇവിടെയും തെളിവ് ലഭിക്കുക പ്രയാസകരമായേക്കാം. എന്നതിനാൽ ഒരു വിശ്വാസം പ്രചരിപ്പിക്കുന്നതിന് ലൈസൻസിംഗ് സംവിധാനം വേണമെന്ന് നിർദ്ദേശിക്കുന്നത് ശരിയായ കാര്യമല്ല. ഇത് പോലീസിന് പൊതുജനങ്ങളുടെ സ്വകാര്യജീവിതത്തിലേക്ക് പോലും കൈകടത്താനുള്ള അധികാരം നല്കുന്നതിലേക്ക് വഴിവെക്കും.’’

കേന്ദ്രത്തിൽ പരാജയപ്പെട്ട മതപരിവർത്തന വിരുദ്ധ നിയമങ്ങൾക്ക് പക്ഷെ, സംസ്ഥാന തലങ്ങളിലാകട്ടെ വലിയ വിജയമാണ് പിന്നീട് നേടിയത്. 1967-ൽ, അന്ന് വലതുപക്ഷ ‘സ്വതന്ത്ര- പാർട്ടി' ഭരിച്ചിരുന്ന ഒറീസ, ‘മതസ്വാതന്ത്ര്യ നിയമം' എന്ന വിരോധാഭാസകരമായി തലക്കെട്ട് നൽകിയ ‘മതപരിവർത്തന-നിരോധനനിയമം' നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി മാറി. തൊട്ടടുത്ത വർഷം മധ്യപ്രദേശിന് പിറകെ, ഗുജറാത്തും ഹിമാചൽ പ്രദേശും സമാനമായ നിയമനിർമാണം പിന്തുടരുന്നു. 2000 ൽ മധ്യപ്രദേശ് സംസ്ഥാനം വിഭജിക്കപ്പെട്ടപ്പോൾ അതിന്റെ നിയമം ഛത്തീസ്ഗഡിന് ‘പിന്തുടർച്ചാവകാശമായി' ലഭിച്ചു. 2008 ൽ രാജസ്ഥാൻ നിയമസഭ ‘രാജസ്ഥാൻ ധർമ സ്വാതന്ത്ര്യ ബിൽ' എന്ന പേരിൽ മതപരിവർത്തന വിരുദ്ധ നിയമം അന്നത്തെ ബി.ജെ.പി സർക്കാരിന്റെ നേതൃത്വത്തിലാണ് പാസാക്കിയിരുന്നതെങ്കിലും, 2018 ൽ രാജസ്ഥാനിൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരിന്റെ ഭാഗത്തുനിന്ന്​ ഈ നിയമത്തിന് വലിയ പിന്തുണ ലഭിച്ചിരുന്നതായി കാണാം. അതുപോലെ, ഹിമാചൽ പ്രദേശിലെയും അരുണാചൽ പ്രദേശിലെയും സമാന നിയമങ്ങൾ കോൺഗ്രസ് സർക്കാരുകൾ തന്നെയാണ് പ്രഖ്യാപിച്ചിരുന്നതും. ഇത്, ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഇരു രാഷ്ട്രീയ കക്ഷികൾക്ക്, ഈ വിഷയത്തോടുള്ള സമീപനം പ്രകടമാക്കുന്നു.

സ്വാതന്ത്ര്യാനന്തരം, മതപരിവർത്തനം നിരോധിക്കുന്നതിനായുള്ള രണ്ട് ബില്ലുകൾ ലോക്‌സഭയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് വ്യാപക പിന്തുണയുണ്ടായിരുന്നെങ്കിലും, അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു രണ്ടു ബില്ലുകളും സഭയിൽ സ്വീകരിക്കപ്പെടുന്നില്ല എന്നുറപ്പുവരുത്തി. / Photo: Wikimedia Commons

ഹിമാചൽ പ്രദേശ് നിയമസഭ 2006 -ലാണ് മതപരിവർത്തന നിരോധനനിയമം അംഗീകരിക്കുന്ന ആദ്യ കോൺഗ്രസ് ഭരണ സംസ്ഥാനമായി മാറുന്നത്. സംസ്ഥാനത്തെ മലയോര മേഖലകളിലെ ക്രിസ്ത്യൻ മിഷനറിമാരുടെ സ്വാധീനത്തെ ഉന്നം വെച്ച്​ അംഗീകരിക്കപ്പെട്ട ഈ നിയമത്തിനെതിരെ പിന്നീട് ക്രിസ്തുമത സംഘടനകൾ കോൺഗ്രസ് ഹൈക്കമാൻഡിനോട് പരാതിപ്പെടുകയും, തുടർന്ന് ഈ നിയമത്തെ ഹൈക്കോടതിയിൽ വെല്ലുവിളിക്കുകയും ചെയ്തു. 2012 -ൽ ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് രാജീവ് ശർമ എന്നിവരുടെ നേതൃത്വത്തിലുള്ള ഹിമാചൽ പ്രദേശ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ഒഡിഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ മുൻപ് അംഗീകരിച്ച മതപരിവർത്തന നിരോധനനിയമത്തെക്കാൾ അപകടകരമായി ഈ നിയമത്തെ കാണുകയും, ‘ഒരു വ്യക്തിയുടെ വിവേചനാധികാരത്തോടൊപ്പം തന്നെ അയാൾക്ക് വിശ്വസിക്കുവാനും, വിശ്വാസപരിവർത്തനം നടത്തുവാനും, വിശ്വാസം സ്വകാര്യമായി നിലനിർത്തുവാനുമുള്ള അധികാരമുണ്ടെന്ന്' ചൂണ്ടിക്കാട്ടുകയും ചെയ്തു. അതോടൊപ്പം, മതപരിവർത്തനം നടത്താൻ ഉദ്ദേശിക്കുന്ന ഏതൊരു വ്യക്തിയും കുറഞ്ഞത് 30 ദിവസം മുൻപ് ഡെപ്യൂട്ടി കമീഷണർക്ക് നോട്ടീസ് നൽകണമെന്ന ഈ നിയമത്തിലെ സെക്ഷൻ 4 (റൂൾ 3, 5) ഹൈക്കോടതി ഭരണഘടനാ വിരുദ്ധമായി കണ്ട് റദ്ദുചെയ്തു. ‘ഒരു മനുഷ്യനോട് തന്റെ മതം എന്താണെന്ന് വെളിപ്പെടുത്താൻ ആവശ്യപ്പെടുന്നതും തന്റെ വിശ്വാസം മാറുകയാണെന്ന് അധികാരികളെ അറിയിക്കാൻ ആവശ്യപ്പെടുന്നതും എന്തുകൊണ്ടാണ്?' എന്ന് അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപക് ഗുപ്തയും ജസ്റ്റിസ് രാജീവ് ശർമ്മയും അടങ്ങുന്ന ബെഞ്ച് ചോദിച്ചിരുന്നു. 2019 ൽ ബി.ജെ.പി സർക്കാരിന്റെ നേതൃത്വത്തിൽ, നിയമസഭയിൽ കോൺഗ്രസിന്റെ പൂർണ പിന്തുണയോടെ, ഹിന്ദുമതത്തിലെ പിന്നാക്ക ജാതി- സമുദായങ്ങളെ മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നതിനുള്ള തടവുശിക്ഷ മൂന്നുവർഷത്തിൽ നിന്ന് ഏഴ് വർഷത്തിലേക്ക് കൂട്ടിക്കൊണ്ടും, ‘അന്യമതത്തിൽ പെടുന്ന സ്ത്രീകളെ മതപരിവർത്തനം ലക്ഷ്യമാക്കിക്കൊണ്ട് മുസ്​ലിം പുരുഷന്മാർ പ്രണയിച്ചു വിവാഹം കഴിക്കുന്നു' എന്ന ഹിന്ദുത്വ ദേശീയവാദികളുടെ ‘ലവ് ജിഹാദ് ആഖ്യാനത്തെ'യുംകൂടി ഉൾക്കൊള്ളിച്ചും ഈ നിയമം പരിഷ്‌ക്കരിക്കപ്പെട്ടു. 2006 -ലെ ഈ നിയമം എന്നാൽ, അതുവരെയുണ്ടായിരുന്ന മറ്റു സംസ്ഥാനങ്ങളിലെ നിയമങ്ങളിലെന്ന പോലെ തന്നെ, വിവാഹത്തിനുവേണ്ടിയുള്ള മതപരിവർത്തനത്തെ അഭിസംബോധന ചെയ്യുകയോ, ഗൗരവകരമായി പരിഗണിക്കുകയോ ചെയ്തിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

2014 മുതൽ ബി.ജെ.പിയുടെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണായുധമായി മാറിയ ന്യൂനപക്ഷവിരുദ്ധ ‘ലവ് ജിഹാദ് നറേറ്റിവ്' ഇന്ത്യയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയവ്യവഹാരത്തിന്റെ ഭാഗമായി മാറിയതോടെയാണ് 2019 മുതൽ മതപരിവർത്തന വിരുദ്ധ നിയമങ്ങളിൽ വിവാഹം ഒരു സുപ്രധാന ഘടകമായി മാറുകയും, അത് ‘ആൻറി ലവ് ജിഹാദ് നിയമം' എന്ന പേരിൽ പല സംസ്ഥാനങ്ങളിലും സ്ഥാപനവൽക്കരിക്കപ്പെടുകയും ചെയ്യുന്നത്.

ഈ തുടർച്ചയുടെ ഏറ്റവും ഒടുവിലത്തെ കണ്ണിയും, മുൻകാലങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ അംഗീകരിച്ച മതപരിവർത്തന നിരോധനനിയമങ്ങളുടെ ഒരു സംക്ഷിപ്തരൂപം എന്ന നിലയ്ക്കുമാണ് 2021 ഡിസംബറിൽ കർണാടകം നിയമസഭ പാസാക്കിയ ‘Karnataka Protection of Right to Freedom of Religion Bill 2021' പ്രസക്തമാകുന്നത്.

അഞ്ച്​: സംസ്​ഥാന നിയമങ്ങളുടെ ബലപ്രയോഗങ്ങൾ

2021 ഫെബ്രുവരി 24 -നാണ് ഉത്തർപ്രദേശ് നിയമസഭയിൽ മുഖ്യമന്ത്രി അജയ് സിംഗ് ഭിഷ്ടിന്റെ നേതൃത്വത്തിൽ, തുടക്കത്തിൽ (2020 നവംബർ) ഒരു ഓർഡിനൻസ് എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട വിഷയത്തെ- മതപരിവർത്തനനിയമം എന്ന നിലയ്ക്ക് അംഗീകരിക്കുന്നത്. ‘ലവ് ജിഹാദ് വിരുദ്ധനിയമം' എന്ന പേരിൽ പരിഗണിക്കപ്പെട്ടുപോരുന്ന ഇതേ നിയമത്തിന്റെ അച്ചിൽ വാർത്തെടുത്തതാണ് 2021 ഡിസംബറോടെ കർണാടക നിയമസഭ തങ്ങളുടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ‘മതസ്വാതന്ത്ര്യ സംരക്ഷണനിയമം' എന്ന നിലയ്ക്ക് അവതരിപ്പിച്ച മതപരിവർത്തനവിരുദ്ധ നിയമം എന്ന് മനസ്സിലാക്കാം. ഇതനുസരിച്ച് ഉത്തർപ്രദേശിലെന്നപോലെ തന്നെ, ‘വഞ്ചനാപരമായ മാർഗ്ഗങ്ങളിലൂടെ' അല്ലെങ്കിൽ വിവാഹത്തിലൂടെ ആരെയെങ്കിലും മതപരിവർത്തനം ചെയ്യുകയോ, ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്ക് 25000 മുതൽ 50000 രൂപവരെ പിഴ ചുമത്തുകയോ, പത്ത് വർഷം വരെ തടവ് വിധിക്കുകയോ ചെയ്യാവുന്ന കുറ്റമായി ഇത് പരിഗണിക്കപ്പെടുന്നു. കൂട്ട മതപരിവർത്തന കേസുകളിൽ, കുറ്റാരോപിതനായ വ്യക്തിക്ക് മൂന്ന് മുതൽ പത്ത് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ഈ നിയമമനുസരിച്ച് ലഭിക്കും. ‘മതപരിവർത്തനത്തിനിരയായവർ'ക്ക് നഷ്ടപരിഹാരം നൽകാൻ കുറ്റാരോപിതനായ വ്യക്തിയോട് കോടതിക്ക് ഉത്തരവിടാമെന്നും ഈ തുക 5 ലക്ഷം രൂപ വരെയാകാമെന്നും നിയമം പറയുന്നു.

2021 മേയിലാണ് ഗുജറാത്ത് സർക്കാർ അവിടുത്തെ ബി.ജെ.പി സർക്കാരിന്റെ നേതൃത്വത്തിൽ സമാന നിയമം കൊണ്ടുവരുന്നത്. എന്നാൽ 2021 ആഗസ്തിൽ ഗുജറാത്ത് ഹൈക്കോടതി ഈ നിയമത്തിന്റെ പല വ്യവസ്ഥകളും ഭരണഘടനാവിരുദ്ധമായി കണ്ട് സ്റ്റേ ചെയ്യാൻ ഉത്തരവിട്ടിരുന്നു. തങ്ങൾ വഞ്ചനയുടെയോ വശീകരണത്തിന്റെയോ ബലപ്രയോഗത്തിന്റെയോ സ്വാധീനം കൊണ്ടല്ല മതപരിവർത്തനത്തിലോ മിശ്രവിവാഹത്തിലോ പ്രവേശിച്ചത് എന്നതിന് തെളിവ് സമർപ്പിക്കേണ്ട ഉത്തരവാദിത്തം അതിന് വിധേയരായവരുടെ മേൽ വന്നുപതിക്കുന്നു എന്നതും, മിശ്രവിവാഹം തന്നെ ഒരുതരത്തിൽ ഈ നിയമപ്രകാരം നിയമവിരുദ്ധമായി വ്യാഖ്യാനിക്കപ്പെടുന്നു എന്നതും അധാർമികമായൊരു സംഗതിയായി അന്ന് ഗുജറാത്ത് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടന പ്രകാരം ഒരു വ്യക്തിയുടെ തിരഞ്ഞെടുക്കുവാനുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന അതേ വ്യവസ്ഥകൾ (മേല്പറഞ്ഞതുപോലെ ഹിമാചൽ പ്രദേശ് ഹൈക്കോടതി റദ്ദാക്കിയ വകുപ്പുകൾ ഉൾപ്പടെ) ഉൾപ്പെടുത്തിക്കൊണ്ടാണ് കർണാടക നിയമസഭ തങ്ങളുടെ മതപരിവർത്തന വിരുദ്ധ നിയമം കൊണ്ടുവന്നിരിക്കുന്നത് എന്നത് വിരോധാഭാസകരമാണ്. ഇതനുസരിച്ച്, ആരെങ്കിലും സ്വമേധയാ മറ്റൊരു മതത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെങ്കിലോ, മിശ്ര/പ്രണയ വിവാഹത്തിൽ ഏർപ്പെടാൻ താല്പര്യപ്പെടുന്നുവെങ്കിലോ ഒരു നീണ്ട പ്രക്രിയയിലൂടെ തന്നെ അവർക്ക് കടന്നുപോകേണ്ടതായി വരുന്നു. ആദ്യം, മതം മാറാൻ ആഗ്രഹിക്കുന്നവർ 60 ദിവസം മുമ്പെങ്കിലും ജില്ലാ മജിസ്ട്രേറ്റിനെ (ഡി.എം) അറിയിക്കുകയും, പരിവർത്തന പ്രക്രിയ നടത്തുന്ന വ്യക്തി, ജില്ലാ മജിസ്ട്രേറ്റിനോ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിനോ ഒരു മാസത്തെ അറിയിപ്പ് നൽകുകയും വേണം. തുടർന്ന് മതപരിവർത്തനത്തിന്റെ ‘യഥാർത്ഥ ഉദ്ദേശ്യം' കണ്ടെത്തുന്നതിന് ജില്ലാ മജിസ്ട്രേറ്റ് പൊലീസ് മുഖേന അന്വേഷണം നടത്തുകയും തുടർന്ന് അവരുടെ അനുമതി നൽകുകയും ആവശ്യമായി വരുന്നു.

‘നിർബന്ധിത' മതപരിവർത്തനം' ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സർക്കാർ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും, ഈ നിയമം ആളുകളെ മിശ്രവിവാഹങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുക മാത്രമല്ല, മറിച്ച് കുടുംബാംഗങ്ങൾക്ക് തങ്ങളുടെ മക്കളുടെ വ്യക്തിജീവിതത്തിൽ കൂടുതൽ അധികാര പ്രയോഗത്തിന് ഇതുവഴി സ്വാധീനം നൽകുകയും, പിത്രാധിപത്യ വ്യവസ്ഥക്ക് കുടുംബങ്ങൾക്കുള്ളിൽ നിയമസാധുത നൽകുകയും ചെയ്യുന്നു. അതുപ്രകാരം ഒരു വ്യക്തി മിശ്രവിവാഹത്തിലോ, മതപരിവർത്തനത്തിലോ ഏർപെടുന്നതിന് തന്റെ ഏതെങ്കിലും ഒരു ബന്ധുവിന് എതിർപ്പുണ്ടെങ്കിൽ ഈ നിയമപ്രകാരം അത് പൊലീസിൽ പരാതിപെടാൻ കഴിയുകയും; അറുപത് ദിവസത്തെ നോട്ടീസ് പിരീഡ്, മിശ്രവിവാഹബന്ധത്തെ എതിർക്കുന്നവർക്ക് (അത് കുടുംബാംഗങ്ങളോ മതസംഘടനാ വക്താക്കളോ ആകാം) അത് തകർക്കുന്നതിനായി ദമ്പതികളെ സമ്മർദ്ദത്തിലാക്കാൻ മതിയായ സമയം അനുവദിക്കപ്പെടുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ ഇഷ്ടാനുസരണം മതം ആചരിക്കാനുള്ള, പ്രണയിക്കാനുള്ള, പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള ഏറ്റവും സ്വകാര്യവും മൗലികവുമായ അവകാശ/സ്വാതന്ത്ര്യം ഇതോടെ ഹനിക്കപ്പെടുന്നു. ഒരു പ്രത്യേക വ്യക്തിയുടെ മതംമാറ്റം ‘സാധുതയുള്ളതാണോ' എന്ന് തീരുമാനിക്കേണ്ടത് ജില്ലാ മജിസ്ട്രേറ്റും പൊലീസും ആയി മാറുന്നതോടെ, ഒരു വ്യക്തിയുടെ സ്വകാര്യസത്തയായി വിശേഷിപ്പിക്കാവുന്ന ആത്മീയകാര്യങ്ങളിൽ പോലും കൈകടത്താനുള്ള അധികാരം ഇതുവഴി ഭരണകൂടത്തിന് ലഭിക്കുന്നു.

കർണാടകയിൽ ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ സമാനനിയമങ്ങൾ അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും ഇടുങ്ങിയതും പരുഷമായതുമായ നിയമമായി ഇത് മാറുകയാണ് എന്നുകാണാം. അതുപ്രകാരം ഒരു വ്യക്തിയെ ‘നിർബന്ധിത' മതപരിവർത്തനത്തിന് വിധേയമാക്കുന്നതിലെ ഏറ്റവും കുറഞ്ഞ ശിക്ഷ, മൂന്ന് വർഷം തടവും, ഏറ്റവും കുറഞ്ഞ പിഴ 25 000 രൂപയും ആകുന്നു. അതോടെ ശിക്ഷയായി ഒരു വർഷം തടവും പതിനയ്യായിരം രൂപ പിഴയും ഈടാക്കിയിരുന്ന ഉത്തർ പ്രദേശിന്റെ സ്ഥാനം ഇന്ത്യയിലെ ‘മതമൗലിക സംസ്ഥാനങ്ങളുടെ' പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്യുന്നു.

മേൽപറഞ്ഞ വിവിധ സംസ്ഥാന നിയമങ്ങളെല്ലാം വ്യാപ്തിയിൽ വളരെ സാമ്യമുള്ളതാണ്. അതായത്, ഇവയൊന്നും മതപരിവർത്തനത്തെ നേരിട്ട് നിരോധിക്കുന്നില്ല, പകരം അവ ‘ബലം, വശീകരണം, പ്രേരണ/വഞ്ചന' മുഖേനയുള്ള പരിവർത്തനങ്ങൾ നിരോധിക്കുന്നു എന്നവകാശപ്പെടുകയും, ഈ പദങ്ങൾക്കൊക്കെ തന്നെ കൃത്യമായ നിർവചനം നൽകാതിരിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ‘ബലപ്രയോഗത്തിലൂടെ' (By Force) , ‘ദൈവിക അപ്രീതിയുടെ ഭീഷണി' (Threat of Divine Displeasure) എന്നീ പദങ്ങൾക്ക് കൃത്യമായ വ്യാഖ്യാനങ്ങൾ (Definitions) ഈ നിയമം നൽകുന്നില്ല. കൂടാതെ ‘ഒരു മതത്തിന് മറ്റുമതങ്ങളെക്കാൾ ഉയർന്ന സ്ഥാനം ഉണ്ടെ'ന്ന് അവകാശപ്പെടുന്നതും ഈ നിയമപ്രകാരം കുറ്റകരമായി കണക്കാക്കപ്പെടുന്നു എന്നത് ആശ്ചര്യകരമാണ്. അതിനാൽ തന്നെ, ‘ക്രിസ്തുമത വിശ്വാസികൾക്ക് മാത്രമേ സ്വർഗാരോഹണം സാധിക്കുകയുള്ളൂ’ എന്നൊരു വാദം ഒരു ക്രിസ്തുമത മിഷനറി ഉന്നയിക്കുന്നതോ, ഏതൊരു മതത്തിന്റെയും അടിസ്ഥാനസ്വഭാവമായി ആ മതത്തെ പിന്തുടരുന്നവർ വിശ്വസിക്കാറുള്ള അതിന്റെ ദൈവികപ്രതാപം പ്രചാരണോദ്ദേശ്യത്തോടെ എടുത്തുപറയുന്നതോ പോലും, ഈ നിയമാടിസ്ഥാനത്തിൽ ‘ബലപ്രയോഗമായോ', മറ്റുമതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതായോ കണ്ട് കുറ്റകരമായി കണക്കാക്കാവുന്നതാണ്.

‘ബലം' എന്ന പദത്തിന് ഇത്തരമൊരു വ്യാഖ്യാനം മുൻപ് Yulitha Hyde v. State of Orissa കേസിൽ ഒറീസ ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്. ‘‘‘ദൈവിക അപ്രീതിയുടെ ഭീഷണി' ഒരു വ്യക്തിയുടെ ബുദ്ധിശക്തിയെ മരവിപ്പിക്കുന്നു. അതിനാൽ അത്തരമൊരു അവികസിത മനസ്സുള്ള വ്യക്തിക്ക് സ്വതന്ത്രമായി തന്റെ വിവേചനബോധത്തെ ഉപയോഗിക്കുക സാധ്യമല്ല’’, ഒറീസ ഹൈക്കോടതി 1972 ൽ അതിന്റെ വിധിന്യായത്തിൽ പ്രസ്താവിക്കുന്നു! ചില വ്യക്തികൾ ‘അവികസിത മനസ്സ്' ഉള്ളവരായതുകൊണ്ട് അവർക്കുവേണ്ടി തീരുമാനമെടുക്കുവാനുള്ള അധികാരം ഭരണകൂടത്തിന്റേതാണ് എന്ന ഒറീസ ഹൈക്കോടതിയുടെ വിചിത്രധാരണ ഇന്ത്യൻ ഭരണകൂടത്തിന്റെയും നിയമവ്യവസ്ഥയുടെയും പിത്രാധിപത്യസ്വഭാവത്തെ കൂടിയാണ് വെളിവാക്കുന്നത്.

എന്നാൽ, ‘‘മനഃസംതൃപ്തിയിലൂടെയോ' ( Gratification ) ‘സമ്മാനങ്ങളിലൂടെയോ' (Gifts- പണമോ, പ്രത്യേകാനുകൂല്യങ്ങളോ, മറ്റ് സാമ്പത്തികസംബന്ധിയായ കാരണങ്ങളോ ആകാം) ഒരു വ്യക്തിയെ മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നതും ഈ നിയമപ്രകാരം ‘പ്രേരണ' ആയോ ‘വശീകരണം' ആയോ കണക്കാക്കി ശിക്ഷാർഹമായി വ്യാഖ്യാനിക്കപ്പെടാവുന്നതാണ്'’ (Orissa Freedom of Religion Act, 1967), എന്ന ഇതേ നിയമത്തിന്റെ പ്രശ്‌നവത്തായ നിർവചനം Yulitha Hyde v. State of Orissa കേസിൽ ഒറീസ ഹൈക്കോടതി പോലും ശ്രദ്ധിക്കുകയും അതിന്റെ അനിശ്ചിതത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഉദാഹരണത്തിന്, ഈ നിയമം അനുസരിച്ച് ഒരു മതസംഘടന നടത്തുന്ന ജീവകാരുണ്യ പ്രവർത്തനമോ, സൗജന്യ വിദ്യാഭ്യാസമോ, ആരോഗ്യപരിരക്ഷയോ ഒക്കെ മേല്പറഞ്ഞ ‘ആനുകൂല്യത്തിന്' കീഴിൽ വ്യാഖ്യാനിക്കപ്പെടാം. ദൗർഭാഗ്യവശാൽ, Stanislaus vs State of Madhya Pradesh (1977) കേസിൽ, സുപ്രീം കോടതി ഒറീസ ഹൈക്കോടതിയുടെ ഈ വിധി റദ്ദാക്കുകയും ഇത്തരമൊരു അവ്യക്തമായ നിർവചനത്തെ ശരിവെക്കുകയുമാണ് ചെയ്തത്!

‘വഞ്ചന'യിലൂടെ (By Fraudulent Means) മതപരിവർത്തനം നടത്തുന്നതും ശിക്ഷാർഹമായി പരിഗണിക്കുന്നുണ്ടെങ്കിലും, ആ പദത്തിന് കൃത്യമായൊരു നിർവചനം ഒരുനിയമവും ഇതുവരെ മുന്നോട്ട് വെച്ചിട്ടില്ല. ഉദാഹരണത്തിന് ‘ക്രിസ്തു ദൈവപുത്രനാണ്'; ‘മുഹമ്മദ് ഭൂമിയിലെ അവസാന പ്രവാചകനാണ്' എന്നീ മതവാദങ്ങളെ ഭൗതികലോകത്തിൽ മനുഷ്യന് സാധൂകരിക്കാൻ കഴിയില്ലെന്നിരിക്കെ, ഇത്തരം വാദഗതികളെ വഞ്ചനയുടെ ഗണത്തിൽ പെടുത്തി വ്യാഖ്യാനിക്കാവുന്നതും ശിക്ഷ വിധിക്കുകയും ചെയ്യാവുന്നതാണ്.

തീവ്രവലതു സംഘടനയായ ശ്രീറാം സേനയുടെ തലവൻ പ്രമോദ് മുതലിക്കും സംഘവും മതപരിവർത്തന നിയന്ത്രണത്തെ കുറിച്ച് ചർച്ച ചെയ്യാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ഔദ്യോഗിക വസതിയിലെത്തയിപ്പോൾ./ Photo: Screengrab, republicworld.com

മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കുപുറകെ ഇപ്പോൾ കർണാടകത്തിലും ഒരു വ്യക്തിക്ക് മതപരിവർത്തനം നടത്തുന്നതിന് മുൻപ് സംസ്ഥാനസർക്കാരിന്റെ അനുമതി ആവശ്യമായി വരുന്നു! അതായത്, ബാംഗ്ലൂരിലെ ഒരു തണുപ്പുള്ള പ്രഭാതത്തിൽ, ഒരു വ്യക്തി തന്റെ വീടിന്റെ സ്വകാര്യതയിൽ ഇസ്​ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ, തന്റെ ഏറ്റവും സ്വകാര്യമായ ഇത്തരമൊരു തീരുമാനത്തിനുപോലും, സംസ്ഥാന സർക്കാരിന്റെ അനുമതി മുൻകൂർ വാങ്ങിയിട്ടില്ല എന്ന ഒറ്റകാരണത്താൽ മാത്രം അയാൾക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടിയും, പിഴ അടയ്ക്കുകയും ചെയ്യേണ്ടിവരുന്നു. ഇന്ത്യപോലെ ഒരു ജനാതിപത്യ മതനിരപേക്ഷ രാജ്യത്ത്, അതിന്റെ പൗരന്മാർക്ക് ചിന്തിക്കുവാനോ, വിശ്വസിക്കുവാനോ, ആശയങ്ങൾ ഉൾക്കൊള്ളുവാനോ പോലും നരേന്ദ്ര മോദിയുടെയും മറ്റ് ബി.ജെ.പി മുഖ്യമന്ത്രിമാരുടെയും അനുവാദം ആവശ്യമായി വരുന്നുവെന്നത് അങ്ങേയറ്റം അസ്വസ്ഥാജനകമായ സംഭവവികാസമാണ്.

ഒറീസയിലും മധ്യപ്രദേശിലും ഈ നിയമങ്ങൾ ആദ്യമായി പുറത്തുവന്നപ്പോൾ, അവ ഉടനടി അതത് ഹൈകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഒടുവിൽ 1977-ൽ ഈ കേസുകൾ സുപ്രീം കോടതിയിലെത്തുകയും, അവിടെ Stanislaus v. State of Madhya Pradesh എന്ന സുപ്രധാന കേസിൽ, ‘ആർട്ടിക്കിൾ 25 പ്രകാരം മതപരിവർത്തനം മൗലികാവകാശമല്ലെന്നും അത് ഭരണകൂടത്തിന് നിയന്ത്രിക്കാവുന്നതുമാണ്' എന്ന ആശ്ചര്യകരമായ വിധി കോടതി പുറപ്പെടുവിക്കുകയുമാണ് ചെയ്തത്. എങ്കിലും അതത് സംസ്ഥാനങ്ങളിലെ ഹൈകോടതികൾ സമാനമായ നിയമങ്ങളിൽ പ്രശ്‌നവത്തായി കണ്ട് റദ്ദുചെയ്യുകയും സ്തംഭിപ്പിക്കുകയും ചെയ്ത പല സെക്ഷനുകളെയും പൂർണ്ണമായി ഉൾപ്പെടുത്തിയിരിക്കുന്ന, കർണാടക ‘മതസ്വാതന്ത്ര്യ സംരക്ഷണ ബില്ലിന്റെ' ഭാവി എന്തെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ആറ്​: ഒരു വിഭജന തന്ത്രം

‘‘ക്രിസ്തുമത മിഷനറിമാരുടെ പ്രവർത്തനങ്ങൾ (ഹിന്ദു) മതവിരുദ്ധമാണെന്നു മാത്രമല്ല, അത് ദേശവിരുദ്ധവും കൂടിയാണ്. ഹിന്ദുവിന്റെ ഹൃദയത്തിൽ നിന്നും അവന്റെ വിശ്വാസത്തെ പറിച്ചെറിയുകയാണ് അവരുടെ ലക്ഷ്യം. അവന്റെ വിശ്വാസം നഷ്ടമാകുന്നതോടൊപ്പം ദേശീയബോധം കൂടി നഷ്ടമാകുന്നു. ഇവിടെയുള്ള ക്രിസ്ത്യാനികൾ അവർക്ക് ജന്മം നൽകിയ പുണ്യഭൂമിയെ വണങ്ങാതെ, നമ്മുടെ പിതൃമണ്ണിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ഉൾക്കൊള്ളാതെ, തങ്ങളുടെ മതം പ്രചരിപ്പിക്കുക എന്ന ആഗോളലക്ഷ്യത്തിന്റെ ഭാഗമായി നിലയുറപ്പിക്കുന്നിടത്തോളം കാലം അവർ ഈ മണ്ണിന്റെ ശത്രുക്കളായിരിക്കും.’’ - വിചാരധാര, എം.എസ് ഗോൾവാൾക്കർ.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യൻ ദേശീയതാസങ്കല്പം ഉടലെടുത്ത കാലം മുതൽക്കേ തന്നെ ഇന്ത്യയുടെ യഥാർത്ഥ അവകാശികളെ സംബന്ധിക്കുന്ന ചോദ്യങ്ങൾ നമ്മുടെ രാഷ്ട്രീയ സാമൂഹിക വ്യവഹാരത്തിൽ നിലനിന്നുപോരുന്ന ഒന്നാണ്. പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ച ഇന്ത്യൻ വരേണ്യവർഗത്തിന്റെ നേതൃത്വത്തിൽ ഉദയം കൊണ്ട കൊളോണിയൽ വിരുദ്ധ ദേശീയ പ്രക്ഷോഭങ്ങൾക്ക് ശക്തിയേകാനും, അതിനുവേണ്ടി ഛിന്നഭിന്നമായ ഒരു ജനതയെ ഒന്നിച്ചു നിർത്തുവാനും നേതാക്കൾക്ക് സഹായകമായത് പൗരസ്ത്യ ചരിത്രകാരന്മാർ തന്നെ (Orientalists) നിർമിച്ചെടുത്ത, പൂർണമായും ബ്രാഹ്മണ്യത്തിലധിഷ്ഠിതമായ ഒരു ഇന്ത്യ ചരിത്രവും അതിന് ഉപയുക്തമായ പൗരാണിക- രാഷ്ട്രീയ ചിഹ്നങ്ങളുമായിരുന്നു. ഇത്തരമൊരു ചരിത്രാഖ്യാനത്തിൽ നിന്ന് പുറത്താക്കപ്പെട്ടുപോയിരുന്നത് പ്രധാനമായും മുസ്​ലിം, ദലിത്, ക്രിസ്ത്യൻ തുടങ്ങിയ ഇതര സമുദായങ്ങളിൽ പെട്ടവരായിരുന്നു. പൗരസ്ത്യ ചരിത്രകാരന്മാരുടെ രേഖയനുസരിച്ച് ഇന്ത്യയുടെ ഭൂതകാല പൈതൃകത്തോടും സംസ്‌കാരത്തോടും കൂടുതൽ ചേർന്നുനിൽക്കുന്നവർ എന്ന് കരുതിപ്പോരുന്ന ഹിന്ദുമതസ്ഥർ അഥവാ ബ്രാഹ്മണ്യഹിന്ദുക്കൾ അങ്ങനെ സ്വാഭാവികമായ (by default) ഇന്ത്യക്കാരായും ദേശീയവാദികളായും അംഗീകരിക്കപ്പെട്ടതോടെ ഒരു ഭാരതീയനാവുക എന്നത് ആ രാജ്യത്തിന്റെ ഭരണഘടനാ നിർവചനങ്ങൾക്കപ്പുറം, അതിന്റെ പൗരാണിക ബ്രാഹ്മണ്യ മൂല്യങ്ങളോട് ആ വ്യക്തി (പ്രധാനമായും ഇത്തരമതത്തിൽ പെടുന്നവർ) എത്രമാത്രം കൂറ് പുലർത്തുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തികൊണ്ടായി മാറി. യൂറോപ്പിലാകെ തന്നെ ഈ കാലയളവിൽ രൂപം കൊണ്ട വംശീയ-സ്വത്വ രാഷ്ട്രീയത്തിന്റെ ഈ പാശ്ചാത്തലത്തിലും, ദക്ഷിണേഷ്യയിൽ പാശ്ചാത്യ ആധുനിക മൂല്യങ്ങളോട് നിരന്തരം കലഹിച്ചുകൊണ്ടിരുന്ന യാഥാസ്ഥിതിക-സാമൂഹ്യ സന്ദർഭത്തിലുമാണ് ഇന്ത്യയിൽ തീവ്രഹിന്ദുത്വ- ദേശീയവാദ സംഘടനകൾ ഉദയം കൊള്ളുന്നതും, ‘യഥാർത്ഥ ഭാരതീയനെ' സംബന്ധിക്കുന്ന വാദപ്രതിവാദങ്ങൾ ഇന്ത്യൻ രാഷ്ട്രീയ വ്യവഹാരത്തിൽ ആരംഭിക്കുകയും ചെയ്യുന്നത്.

ജർമനിയിലെയും ഇറ്റലിയിലെയും പോലെത്തന്നെ, ഇന്ത്യയിലെ വംശീയ രാഷ്ട്രീയ യുക്തിയും ഇന്ത്യയെ അതിന്റെ ചരിത്രവും, സാംസ്‌കാരിക-പാരമ്പര്യങ്ങളും ഇണങ്ങിച്ചേർന്നൊരു ജൈവശരീരമായാണ് പരിഗണിക്കുന്നത്. എന്നാൽ ഇത്തരമൊരു നിർവചനത്തിൽ ഇന്ത്യയുടെ ജൈവശരീരം ഉൾക്കൊള്ളുന്നത് അതിന്റെ ബ്രാഹ്മണ്യപാരമ്പര്യം മാത്രമായി അംഗീകരിക്കപ്പെടുകയും, അതിന് ഭീഷണിയുയർത്തുന്ന മറ്റെല്ലാ മത- സംസ്‌കാര- പ്രത്യയശാസ്ത്രങ്ങളും ആ ജൈവശരീരത്തിന്റെ, ഇന്ത്യയുടെ ശത്രുവായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു. ഈ കാരണത്താലാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുക്കളായി ആർ.എസ്.എസ് തത്വചിന്തകൻ എം.എസ് ഗോൾവാൾക്കർ, ഹിന്ദുരാഷ്ട്ര സങ്കൽപ്പത്തിന്റെ അടിസ്ഥാനശിലയായി ഹിന്ദുത്വവാദികൾ വിശേഷിപ്പിക്കാറുള്ള തന്റെ ‘വിചാരധാര' എന്ന പുസ്തകത്തിൽ- ഇസ്‌ലാം മതത്തെയും, ക്രിസ്തു മതത്തെയും, കമ്യൂണിസത്തെയും നിർവചിക്കുന്നത്. ‘‘ഇന്ത്യയിൽ ജീവിക്കുന്ന വിദേശ ശക്തികൾക്കുമുൻപിൽ ഇപ്പോൾ രണ്ടു വഴികൾ മാത്രമേയുള്ളൂ: ഒന്നുകിൽ അവർ ‘ദേശീയ-വംശത്തിലും' അതിന്റെ ‘ദേശീയ-സംസ്‌കാരത്തിലും' (ഹിന്ദുത്വം) ലയിച്ചുചേരുക, അല്ലെങ്കിൽ ദേശീയ വംശം (ഹിന്ദുക്കൾ) അവരെ അനുവദിക്കുന്നിടത്തോളം കാലം അതിന്റെ കാരുണ്യത്തിൽ ഈ രാജ്യത്ത് ജീവിക്കുകയും, പിന്നീട് (ഹിന്ദുക്കളുടെ) ഇച്ഛാനുസരണം ഈ രാജ്യത്തിന് പുറത്തുപോകുകയും ചെയ്യുക. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾക്കുള്ള ഒരേയൊരു പോംവഴി അതുമാത്രമാണ്. ഹിന്ദുസ്ഥാനിലെ ‘വിദേശ വംശങ്ങൾ' ഒന്നുകിൽ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിക്കണം, ഹിന്ദുമതത്തെ ബഹുമാനിക്കാനും വന്ദിക്കുവാനും പഠിക്കണം, ഹിന്ദു വംശത്തിന്റെയും സംസ്‌കാരത്തിന്റെയും മഹത്വത്തെയല്ലാതെ മറ്റൊരു സംസ്‌കാരവും അവർ പ്രോത്സാഹിപ്പിക്കരുത്. അതായത് ഹിന്ദു വംശത്തിൽ ലയിക്കുന്നതിന് വേണ്ടി അവർ തങ്ങളുടെ വേറിട്ട അസ്തിത്വത്തെ ത്യജിക്കേണ്ടതുണ്ട്. അതല്ലെങ്കിൽ അവർ ഹിന്ദു രാഷ്ട്രത്തിന് പൂർണമായി കീഴ്പ്പെട്ട്‌, പ്രത്യേകാവകാശങ്ങൾ പോയിട്ട് പൗരാവകാശങ്ങൾ പോലും അവകാശപ്പെടാൻ കഴിയാതെ ഇവിടെ ജീവിക്കേണ്ടി വരും’’, ഗോൾവാൾക്കർ എഴുതുന്നു.

മേല്പറഞ്ഞതുപോലെ ഹിന്ദുത്വദേശീയവാദികൾ ഹിന്ദുമതത്തെ എന്നും ദേശീയതയുമായാണ് കൂട്ടിക്കെട്ടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഹിന്ദുമതത്തിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് (മതപരിവർത്തനത്തിലൂടെ), ഹിന്ദുത്വവാദികളുടെ നിർവചനപ്രകാരം, ഇന്ത്യയുടെ, അഥവാ പിതൃഭൂമിയുടെ ജൈവശരീരത്തിനും പുണ്യഭൂമിയുടെ ആത്മാവിനും അന്യമായിത്തീരുന്നതിന് തുല്യമാണ്. ‘മതപരിവർത്തന നിരോധനനിയമങ്ങൾ', സംസ്ഥാനങ്ങളിൽ ഇത്തരമൊരു ഹിന്ദുത്വ ദേശീയ- പ്രത്യയശാസ്ത്രത്തെ അംഗീകരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ നേതൃത്വത്തിൽ പാസാക്കുക വഴി, അതിനു കീഴിൽ നിലകൊള്ളുന്ന മേല്പറഞ്ഞ വംശീയവും, ജാതീയവും, ന്യൂനപക്ഷ വിരുദ്ധവുമായ ഉള്ളടക്കത്തെ കൂടി ഈ നിയമം കൊണ്ട് സ്വീകരിക്കുന്നതായി കൂടി വേണം മനസ്സിലാക്കാൻ. ഈ നിയമങ്ങളൊന്നും പ്രത്യക്ഷത്തിൽ ഇസ്‌ലാം- ക്രിസ്തു മതങ്ങളെ എടുത്തുകാട്ടുന്നില്ലെങ്കിൽ കൂടി, അതിന്റെ കരടുരേഖ അതതു സംസ്ഥാന നിയമസഭകളിൽ അവതരിപ്പിക്കുന്നതിനു മുൻപും പിൻപും, അവിടങ്ങളിലെ ഇസ്‌ലാം ക്രിസ്തുമത ആരാധനാലയങ്ങൾക്കും, പുരോഹിതർക്കും, വിശ്വാസികൾക്കുമെതിരെ ഹിന്ദുത്വവാദ സംഘടനകൾ നടത്തിയ അക്രമങ്ങൾ ഇത് ശരിവെക്കുന്നു. കഴിഞ്ഞ എട്ടുവർഷത്തെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും മതപരിവർത്തനം നടന്നത് ഹിന്ദുമതത്തിലേക്ക് ആണെന്നിരിക്കെതന്നെ, ഈ നിയമങ്ങൾക്ക് ഹിന്ദുത്വ സംഘടനകളിൽ നിന്ന് ലഭിക്കുന്ന കടുത്ത പിന്തുണയും, ഹൈന്ദവേതര മതസംഘടനകളിൽ നിന്ന് ഉയരുന്ന വിമർശനങ്ങളും, ഈ നിയമം തങ്ങൾക്കനുകൂലമാണെന്ന ഹിന്ദുത്വവാദികളുടെ ധ്വനി വെളിപ്പെടുത്തുകയും, ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ, ഹൈന്ദവേതര മതങ്ങളുടെ അന്യവത്കരണത്തെ കൂടുതൽ പ്രകടമാക്കുകയും ചെയ്യുന്നു.

മേൽ സൂചിപ്പിച്ചതുപോലെ, ഹിന്ദുത്വ പ്രത്യയശാസ്ത്രം ബ്രാഹ്മണ്യത്തിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ആയതുകൊണ്ടുതന്നെ അത് ഹിന്ദുമതത്തിന്റെ ജാതിസ്വഭാവത്തെ ഒരു തെറ്റായി കണ്ടതേയില്ല. ഗോൾവാക്കറെ സംബന്ധിച്ച്​, ഭാരതീയ സമൂഹത്തെ നൂറ്റാണ്ടുകളായി ചേർത്തുനിർത്തുവാൻ സഹായിച്ച സാമൂഹ്യ വ്യവസ്ഥയാണ് ജാതീയത. ഈ ബ്രാഹ്മണ്യസങ്കല്പം, അംബേദ്കർ മുന്നോട്ടുവെയ്ക്കുന്ന വിമോചന പ്രത്യയശാസ്ത്രത്തിന് ഘടകവിരുദ്ധമാണ്. ജർമൻ നാസി പ്രത്യയശാസ്ത്രത്തെ തന്റെ കൃതികളിൽ വാനോളം പുകഴ്​ത്തുന്ന ഗോൾവാൾക്കർ, ജാതീയതയെ ഭാരതീയ ഐക്യത്തിന്റെ മൂലമായി പരിഗണിക്കുകയും, മതപരിവർത്തനത്തെ ‘ഭാരതീയത്വത്തിൽ നിന്നുള്ള കൊഴിഞ്ഞുപോക്കായി' കാണുകയും ചെയ്യുമ്പോൾ അംബേദ്കർ ജാതീയതയെ ‘ആത്മീയവൽക്കരിക്കപ്പെട്ട നാസിസം' ആയും, മതപരിവർത്തനത്തെ വിമോചനപരമായും ആണ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ, നാസിസത്തെ ആരാധിക്കുന്ന തത്വചിന്തകന്റെ പിന്തുടർച്ചക്കാർ തങ്ങളുടെ ‘അധികാര'പ്രദേശങ്ങളിൽ പ്രാബല്യത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന മതപരിവർത്തന വിരുദ്ധ നിയമം, ഹിന്ദുമതത്തിലെ അവശവർഗ്ഗത്തിന്റെ വിമോചനത്തിനെതിരെയുള്ള വെല്ലുവിളി കൂടിയാണ്.

‘മതം മനുഷ്യനു വേണ്ടിയുള്ളതാണ്, മനുഷ്യൻ മതത്തിനുവേണ്ടിയല്ല. നിങ്ങൾക്ക് ജീവിതത്തിൽ മാനുഷിക പരിഗണന ലഭിക്കണമെന്നുണ്ടെങ്കിൽ സ്വയം മതപരിവർത്തനം ചെയ്യുക. സംഘടിക്കുന്നതിന് മതപരിവർത്തനം ചെയ്യുക. ശക്തരാകാൻ മതപരിവർത്തനം ചെയ്യുക. സമത്വത്തിനായി മതപരിവർത്തനം ചെയ്യുക. സ്വാതന്ത്ര്യത്തിനായി മതപരിവർത്തനം നടത്തുക. നിങ്ങളുടെ ഗാർഹിക ജീവിതം സന്തോഷകരമാകാൻ മതപരിവർത്തനം ചെയ്യുക’- അംബേദ്കർ ഇന്ത്യയിലെ അവശവർഗത്തോട് ആഹ്വാനം ചെയ്യുന്നു.

മനുഷ്യവംശത്തിന്റെ ചരിത്രം എന്നും കൊടുക്കൽ വാങ്ങലുകളുടെ ചരിത്രമായിട്ടാണ് നിലനിന്നിട്ടുള്ളത്. മനുഷ്യൻ സാംസ്‌കാരിക പുരോഗതി കൈവരിക്കുന്നതും, വ്യത്യസ്​ത സംസ്‌കാരങ്ങൾ ഇഴുകിച്ചേർന്ന് പുതിയ സംസ്‌കാരങ്ങളായി, കലയായി, പരിണമിക്കുന്നതെല്ലാം ഈ കൊടുക്കൽ വാങ്ങലുകളുടെ അടിസ്ഥാനത്തിലാണ്. ഇന്ത്യയുടെ സൂഫി പാരമ്പര്യവും, സാഹിത്യവും, ഇൻഡോ- ഇസ്​ലാമിക് വാസ്തുകലയും, ഹിന്ദുസ്ഥാനി സംഗീതവും ഒക്കെ ഇത്തരം സാംസ്‌കാരിക സമവാക്യ പ്രക്രിയയുടെ ഫലമായി ഉടലെടുത്തതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് മധ്യേഷ്യയിൽ രൂപംകൊണ്ട ഇസ്​ലാമിക പാരമ്പര്യവും, ഇന്ത്യയുടെ പൗരാണിക പാരമ്പര്യവും ഇഴ കലർന്നു രൂപിതമായ ‘സിഖിസം' എന്ന മതത്തെ സാംസ്‌കാരിക പണ്ഡിതർ പരിഗണിക്കുന്നത്.

ആധുനികകാലത്ത് ഇത്തരം സാംസ്‌കാരിക വിനിമയങ്ങളിൽ നിന്ന് മനുഷ്യരെ വിലക്കുന്ന സാംസ്‌കാരിക ദേശീയവാദവും, സ്വത്വവാദ- പോപ്പുലിസ്‌റ്റ്​ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും അതിന്റെ മൂർത്തരൂപമായി മാറുന്ന ഇത്തരം നിയമങ്ങളും - അത് ഇന്ത്യയിലെ ജാതിവ്യവസ്ഥയെ തന്നെ തുടച്ചുനീക്കാൻ സഹായകമായേക്കാവുന്ന മിശ്രവിവാഹ നിരോധന നിയമങ്ങളോ, ഒരു വ്യക്തിക്ക് തനിക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിന് വിലങ്ങുതടിയായി നിൽക്കുന്ന മതപരിവർത്തന വിരുദ്ധ നിയമങ്ങളോ, ഗുജറാത്തിൽ ഹിന്ദുക്കൾ മുസ്​ലിം പ്രദേശങ്ങളിലോ, മുസ്​ലിംകൾ ഹിന്ദു പ്രദേശങ്ങളിലോ താമസമാക്കുന്നതും ഇഴുകിച്ചേരുന്നതും വിലക്കുന്ന Gujarat Disturbed Areas Act, 1991 നിയമമോ ആകട്ടെ - അവയെല്ലാം ഇന്ത്യയെ ആന്തരികമായി കൂടുതൽ വിഭജിക്കുകയും, ഇന്ത്യയിലെ വ്യത്യസ്ത ജനസമൂഹങ്ങളെ അടഞ്ഞ സാംസ്‌കാരിക പെട്ടികളാക്കി തളച്ചിടുവാൻ മാത്രമേ ഉപകരിക്കൂ. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഷാഹീൻ അകേൽ

തിരുവനന്തപുരം പ്രസ്​ ക്ലബിൽ ജേണലിസം വിദ്യാർഥി. ബംഗളൂരു ക്രൈസ്​റ്റ്​ യൂണിവേഴ്​സിറ്റിയിൽനിന്ന്​ കൾചറൽ സ്​റ്റഡീസിൽ എം.എ. ഹൃദയങ്ങൾക്കപ്പുറം എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments