സ്വർഗവും നരകവുമല്ല നെയ്‌ച്ചോറാണ് നബിദിനം, യാ, നബീ സലാമലൈക്കും

ഞങ്ങളുടെ നാട്ടിലെ ആട് മേയ്ക്കുന്ന ആമിനുമ്മ നബിദിനത്തിന് പളളിയിലെ ചോറ് വാങ്ങി പോകുമ്പോൾ 'ആമിനുമ്മാ ശിർക്കല്ലേ ചെയ്യുന്നത്' എന്ന് 'ഉദ്‌ബോധന'ത്തിന് ശ്രമിച്ച ജമാഅത്തെ ഇസ്‌ലാമിക്കാരനോട് ആമിനുമ്മ മുഖത്തടിച്ച പോലെ പറഞ്ഞു: നെയ്‌ച്ചോറില്ലാത്ത നിന്റെ സൊർഗം എനക്ക് വേണ്ടാ'.

ഒരു മലയാളി മുസ്‌ലിം എന്ന നിലയിൽ, ബാല്യവുമായി ബന്ധപ്പെട്ട വേരുണങ്ങാത്ത ഓർമ്മയായി നിൽക്കുന്നത്, നബിദിന സ്മൃതികളാണ്. ജമാഅത്തെ ഇസ്‌ലാമിയുടെയും മുജാഹിദ് പ്രസ്ഥാനങ്ങളുടെയും മുസ്‌ലിങ്ങളെ തന്നെ പല വിഭാഗങ്ങളായി തരം തിരിച്ച്, സ്വർഗത്തിലേക്കും നരകത്തിലേക്കും വഴി തിരിച്ചു വിടുന്ന റിക്രൂട്ടിങ്ങ് ഏജൻസിപ്പണി തുടങ്ങും മുമ്പുള്ള ആ മലയാളി മുസ്‌ലിം ബാല്യകാലത്തെക്കുറിച്ചുള്ള ഓർമക്കുറിപ്പുകളിൽ സന്നിഹിതമാകാൻ ഇടയുള്ളത് "മൗലൂദ്' പാരായണം തന്നെയായിരിക്കും.

പൊതു സമൂഹത്തിന് വലിയൊരു ശബ്ദ ശല്യമായിത്തീർന്ന നാൽക്കവല പ്രഭാഷണങ്ങൾ തുടങ്ങും മുമ്പുള്ള മുസ്‌ലിം ബാല്യങ്ങൾ മതാത്മകമായി നുകർന്ന മധുരങ്ങൾ, നബിദിനത്തിന് കിട്ടുന്ന മിഠായിയും സർവത്തും പലഹാരപ്പൊതികളുമാണ്. പിന്നെ തട്ടമിട്ട ഹൂറികൾ കുഞ്ഞാമിനയും ജമീലയും ഫായിസയും ഒപ്പരം ഘോഷയാത്രയിൽ നടന്നു. അന്യോന്യം മധുരം പകർന്നു. ഇപ്പോൾ സുന്നികൾ നടത്തുന്ന നബിദിന ഘോഷയാത്രയിൽ പക്ഷെ, സ്ത്രീകൾ "കാണി'കൾ മാത്രമാണ്. കാണികളായി മുസ്‌ലിം സ്ത്രീകളും പെൺകുട്ടികളും പാത വക്കിൽ നിൽക്കുന്നു. ഘോഷയാത്രയിലെ കാൽനടക്കാർ പുരുഷന്മാരാണ്. അപ്പോൾ ആരുടേതാണ് മതം? സംശയമില്ല, പുരുഷന്മാരുടെ. പുരുഷന്മാർ നടക്കുന്നത് പർദ്ദയിട്ട കണ്ണുകൾക്കിടയിലൂടെ സ്ത്രീകൾ കാണുന്നു.

മതനവീകരണ പ്രസ്ഥാനങ്ങൾ ആദ്യം എടുത്തുകളഞ്ഞത്, മതത്തിലെ മധുരങ്ങളെയാണ്. അവർ യുക്തിബോധം കൊണ്ട് മതത്തെ നിർവ്വചിക്കാൻ തുടങ്ങി. മതം യുക്തിബോധം കൊണ്ട് നിർവ്വചിക്കാവുന്നതോ വിശദീകരിക്കാവുന്നതോ ആയ ഒന്നല്ല. മതം യുക്തിയെ നിരോധിക്കുന്നു. എന്നാൽ, അനുഭവപരമായ സവിശേഷമായ വ്യക്തിബോധമായും വംശസ്മൃതിയായും നാട്ടുനടപ്പായും മതം ഉളളിൽ പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീന ചാലകങ്ങളായി ഉണ്ട്.

അതായത് മൗലൂദ് പാരായണം, അറേബ്യൻ നാടുകളിൽ അത് സ്വീകരിക്കപ്പെടുമോ എന്ന ചോദ്യമുണ്ട്. കേരളത്തിലെ മുസ്‌ലിമിനും സൗദി മുസ്‌ലിമിനുമിടയിൽ, ചുരുങ്ങിയത്, മൻഖൂസ് മൗലൂദിന്റെ വിടവുണ്ട്. ഇസ്‌ലാം "പാരായണ'ത്തിന്റെ മതമാണ്. മുഹമ്മദ് നബിയുടെ ജനനത്തിന് തൊട്ടു മുമ്പാണ് അറബി ഭാഷ എഴുതാനുള്ള കൂഫി ലിപി (kufic Script) രൂപപ്പെടുന്നത്. എഴുതുക, വായിക്കുക- ഇതിന് പ്രവാചകൻ മുഹമ്മദ് നൽകിയ പ്രാധാന്യം വളരെ വലുതായിരുന്നു. എന്നാൽ, ഇസ്‌ലാം പാരായണത്തിന്റെയും പ്രഭാഷണത്തിന്റെയും മതമായിട്ടാണ് ജനങ്ങൾക്കിടയിൽ പ്രചരിച്ചത്.

എൺപതുകൾക്കു മുമ്പ് മുഹമ്മദ് നബിയെ പ്രകീർത്തിച്ച് ഘോഷയാത്ര നടത്തുക എന്നത് നരകത്തിലേക്കുള്ള വഴിയായി മാറിയിരുന്നില്ല. അത് സുന്നി കുട്ടികൾക്ക് സർവത്തും ബിസ്‌ക്കറ്റും പാരീസ് മിഠായിയും കിട്ടുന്ന വഴിയായിരുന്നു. പുരയിൽ വാഴുന്ന പുരുഷന്മാർക്കു വെച്ചു വിളമ്പി, ഊര തളർന്നിരിക്കുന്ന മുസ്‌ലിം സ്ത്രീകൾക്ക് നബിദിനം ഒരു ആശ്വാസമായിരുന്നു. മിക്കവാറും സുന്നി പള്ളികളിൽ നേർച്ചച്ചോറുണ്ടാകും. സ്ത്രീകൾക്ക് ആ ദിനം, ഒരു നേരമെങ്കിലും അടുപ്പ് പൂട്ടുന്ന നേരമായി. എന്നാൽ, "ശിർക്ക്' അഥവാ, അള്ളാഹുവിൽ പങ്കുചേർക്കൽ എന്ന കഠിന പാപമായി നബിദിന ഘോഷയാത്രയേയും നബിദിന പ്രകീർത്തന സദസ്സുകളെയും ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദ് പ്രസ്ഥാനങ്ങളും അവതരിപ്പിച്ചു തുടങ്ങി. ഞങ്ങളുടെ നാട്ടിലെ ആട് മേയ്ക്കുന്ന ആമിനുമ്മ നബിദിനത്തിന് പളളിയിലെ ചോറ് വാങ്ങി പോകുമ്പോൾ "ആമിനുമ്മാ ശിർക്കല്ലേ ചെയ്യുന്നത്' എന്ന് "ഉദ്‌ബോധന'ത്തിന് ശ്രമിച്ച ജമാഅത്തെ ഇസ്‌ലാമിക്കാരനോട് ആമിനുമ്മ മുഖത്തടിച്ച പോലെ പറഞ്ഞു: "നെയ്‌ച്ചോറില്ലാത്ത നിന്റെ സൊർഗം എനക്ക് വേണ്ടാ'. മാടായിയിൽ മുജാഹിദുകൾ ആ കാലത്ത് ഒരു വിരലിൽ എണ്ണിപ്പെറുക്കാൻ പോലുമുണ്ടായിരുന്നില്ല. ഒരു ചായക്കടയിലിരിക്കാവുന്നത്രയും എണ്ണം ആളുകൾ ജമാഅത്തെ ഇസ്‌ലാമിക്കാരായി ഉണ്ട്. അവർ നബിദിനത്തിലെ നേർച്ചച്ചോറ് വാങ്ങുന്നതിനെ എതിർത്തു. അങ്ങനെയൊരാളോടാണ് ആമിനുമ്മ മറുപടി പറഞ്ഞത്.

ഞങ്ങളുടെ നാട്ടിലെ ആട് മേയ്ച്ച ആമിനുമ്മ ആ നിമിഷം, സൂഫി വനിത റാബിയയെപ്പോലെ സ്വർഗത്തെ തന്നെ വേണ്ട എന്നു വെച്ചു. പള്ളിയിലെ ചോറിന് അത്രയും വൈകാരികമായ ഒരു രുചിയുണ്ടായിരുന്നു. "അന്നദാനം സർവ്വധനാൽ പ്രധാനം' എന്ന് പുതിയങ്ങാടിയിലെ ഹംസാജീക്ക "ഉദ്‌ബോധന'ത്തിന് വന്ന ചെറുപ്പക്കാരോട് പറഞ്ഞു. അത് ആ കാലത്ത് മാത്രമല്ല, ഈ കാലത്തും പ്രസക്തമാണ്. ആശുപത്രിക്ക് മുന്നിൽ ഡി.വൈ.എഫ്.ഐ യുടെ കൊടി പാറുന്ന ഭക്ഷണപ്പൊതിയുമായി വരുന്ന വാഹനങ്ങൾ കാത്ത് നിൽക്കുന്നവരുടെ എണ്ണം വളരെയധികമാണ്. ആ ക്യൂ കാണുമ്പോൾ നമ്മുടേത് ഒരു ക്ഷേമ സ്റ്റേറ്റ് അല്ല എന്നു ഉറപ്പിച്ചു തന്നെ പറയാം. റോഡിലെ കുഴി കൂടി കാണുമ്പോൾ, ഐജാസ് അഹമ്മദ് മുമ്പ് നിരീക്ഷിച്ചതു പോലെ, ആധുനികോത്തരത പോയിട്ട് ആധുനികത പോലും കേരളത്തിൽ വന്നിട്ടില്ല. നമ്മുടേത് ഒരു ക്ഷേമരാഷ്ട്രമല്ല. സാഹിത്യത്തിൽ മാത്രമാണ് വാചകമടികൾ. പ്രയാഗത്തിൽ അല്ല.

മതത്തിന്റെ "വാക്യത്തിൽ പ്രയോഗ'ങ്ങളിലും ഈ വിരുദ്ധോക്തികൾ കാണാം. മുജാഹിദുകൾ നബിദിന അന്നദാനത്തെ പരിഹസിച്ചു വിട്ടു. ആക്രോശം പോലെ (പ്രഭാഷണമെന്നാണ് പേരെങ്കിലും ആക്രോശമാണ് മിക്കവാറും. വൈലിത്തിറയുടെയൊക്കെ പ്രഭാഷണങ്ങൾ കേട്ട തലമുറക്ക് ഇപ്പോഴത്തെ ആക്രോശങ്ങൾ കേൾക്കുമ്പോൾ കലിപ്പ് വരും) "ശിർക്ക്' "ശിർക്ക്' എന്നു പറഞ്ഞു. അങ്ങനെ രണ്ടു തരം മുസ്‌ലിങ്ങളുടെ മുഖാമുഖം നിൽക്കലായി, നബിദിനങ്ങൾ. "കലർപ്പുള്ള ഇസ്‌ലാമും', "കലർപ്പില്ലാത്ത ഇസ്‌ലാമും'. ബ്രാഹ്മണരെ പോലെ മുജാഹിദുകൾ തങ്ങൾ ഇസ്‌ലാമിലെ ദ്വിജന്മാരായി സ്വയം അവരോധിക്കാൻ തുടങ്ങി.

Photo: Ali Hyder

കേരളത്തിലെ സാംസ്‌കാരിക തുടർച്ചകളിൽ ആഘോഷങ്ങൾ മൈത്രിയുടെ അടയാളങ്ങളാണ്. എന്നാൽ, ബോധത്തിന്റെ കലർപ്പുകളിൽ, ഇടതുപക്ഷക്കാർ മുസ്‌ലിം ലീഗിനെ പരിഹസിക്കാൻ "ബിരിയാണി' ഒരു രൂപകമായി ഉപയോഗിക്കാറുണ്ട്. മുസ്‌ലിം ലീഗ് മീറ്റിങ്ങുകളിൽ വിളമ്പുന്ന ബിരിയാണിയെ മുൻ നിർത്തിയാണ് ഈ പരിഹാസം. അന്ന വിചാരം, മുന്ന വിചാരം. എന്നാൽ, ഡി.വൈ.എഫ്.ഐ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളെ മുസ്‌ലിം ലീഗ് ആ നിലയിൽ പരിഹസിക്കാറുമില്ല.

ജ്ഞാനമാണ് ബോധം എന്നത് എത്ര പ്രധാനമാണോ, അത്ര തന്നെ പ്രധാനമാണ് അന്നമാണ് ജീവൻ എന്ന അറിവ്. അന്നം നൽകിയാണ് സുന്നി പൂർവ്വികൾ ജ്ഞാനത്തിന്റെ വഴി ചവിട്ടിത്തെളിച്ചത്. അത് മറ്റൊരു തരത്തിൽ, "കൾച്ചറൽ ഫ്രീഡ'മാണ്. നബിദിനത്തിന്റെ പേരിൽ ആ ഫ്രീഡം വേണ്ട എന്നാണ് മുജാഹിദുകൾ പരോക്ഷമായി പറയുന്നത്. സംഗീതം ഹറാമാണ് എന്ന വാദത്തെ "മൗലൂദ്' സംഗീതാത്മകമായി തിരുത്തുന്നു. മതം പരിമിതമായ രീതിയില്ലെങ്കിലും നൽകാൻ ശ്രമിക്കുന്ന കൾച്ചറൽ ഫ്രീഡത്തെ "ശിർക്ക്' എന്ന മാരകമായ പ്രയോഗം വെച്ച് തടയാൻ ശ്രമിക്കുകയാണ് മുജാഹിദുകൾ. ഇപ്പോൾ, സുന്നി പള്ളികൾ മുമ്പെങ്ങുമില്ലാത്ത വിധം വിളക്കുകൾ കൊണ്ട് അലങ്കരിച്ചതു കാണാം. മൈസൂർ ദസറ പോലെ, എവിടെയും വെളിച്ചം. എന്താ കാരണം? സുന്നികളും മുജാഹിദുകളും തമ്മിലുള്ള ശീതയുദ്ധം മൂർദ്ധന്യത്തിലാവുക നബിദിന നാളുകളിലാണ്. അവർ മുഖാമുഖം നിൽക്കുന്നതിന്റെ ലങ്കിമറിയലാണ്, ഇപ്പോൾ കാണുന്ന വെളിച്ചത്തിന്റെ ഈ മിനാരങ്ങൾ.

"ഖസ്‌വ' എന്നു പേരുള്ള സ്വന്തം ഒട്ടകപ്പുറത്തിരുന്ന്, അറഫയിലെ വിട പറയൽ പ്രസംഗത്തിലൂടെ മാനുഷികമായ വലിയൊരു ആഹ്വാനം ഒരു ജനതയ്ക്ക് നൽകിയ പ്രവാചകനെ ഓർക്കാൻ മതേതരമായ കാരണങ്ങൾ തന്നെ നിരവധിയുണ്ട്.

നബിദിനമാകുമ്പോൾ വീട്ടിലെ തലയണയിൽ, ഒരു വെള്ളത്തുണി പുതച്ച്, മൺ നിറച്ച ഒരു ഗ്ലാസിൽ ഊദു തിരി കത്തിച്ചു വെച്ച്, ഗഫൂർ ഉസ്താദും മമ്മുഞ്ഞി ഉസ്താദും ഉപ്പയും ഞങ്ങൾ കുട്ടികളുമിരുന്ന് മൗലൂദ് പാരായണം ചെയ്യും. ശേഷം ഉമ്മ വെച്ച നെയ്‌ച്ചോറ് വിളമ്പും. ബീഫ് കറിയും... ഊദും നെയ്‌ച്ചോറും ബീഫ് കറിയും...

സ്വർഗവും നരകവും സുന്നികളും മുജാഹിദുകളും കൊണ്ടു പോവട്ടെ. ആർക്കാണോ സ്വർഗം വേണ്ടത്, അവരെല്ലാം അതാഗ്രഹിക്കട്ടെ. എനിക്ക്, സ്വർഗമോ നരകമോ വേണ്ട. ഓർക്കുമ്പോൾ തന്നെ വെള്ളമൂറുന്ന നെയ്‌ച്ചോറ് മതി.

അതു കൊണ്ട്, യാ, നബീ സലാമലൈക്കും. യാ, റസൂൽ സലാമ ലൈക്കും.


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments