പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട്ട് നടത്തിയ ജനമഹാസമ്മേളനത്തിന്റെ ഭാഗമായുള്ള റാലി

പോപ്പുലർ ഫ്രണ്ട്​ എന്ന
​അനുഭവത്തിൽനിന്ന്​ പഠിക്കാനുള്ളത്​...

ഭരണകൂടം അതിന്റെ സൈനികശേഷിയുടെ ഒരംശം മാത്രം പുറത്തെടുത്തപ്പോൾ നിഷ്​പ്രഭമാവുന്ന പ്രതിരോധം മാത്രമേ പോപ്പുലർ ഫ്രണ്ടിന് നടത്താനായുള്ളൂ. സൈനികമാതൃകയിലുള്ള പരേഡുകളും അച്ചടക്കമുള്ള പ്രവർത്തകരും എല്ലാം അപ്രസക്തമായി. വേദികളിലെ ആക്രോശങ്ങളും റോഡിലെ അഭ്യാസങ്ങളും കേവലം പ്രകടനപരത മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.

നീതിയെക്കുറിച്ചുള്ള ആശങ്കകളാണ് തീവ്രവാദം എന്നുവിളിക്കപ്പെടുന്ന എല്ലാ ചിന്താരീതികളുടെയും കേന്ദ്രബിന്ദു. ഈ അനീതി ചിലപ്പോൾ യഥാർഥത്തിൽ അനുഭവിക്കുന്നതായിരിക്കാം, അല്ലെങ്കിൽ അത് കേവലമായ ഭാവനാസൃഷ്ടിയായിരിക്കും. അനീതിയെ എങ്ങനെ നേരിടണം എന്ന കാര്യത്തിലാണ് ജനാധിപത്യവും തീവ്രവാദവും വേർതിരിയുന്നത്.

അനീതിക്കെതിരായ ജനാധിപത്യവിരുദ്ധമായതും ഹിംസാത്മകമായതും പലപ്പോഴും നിരാശാഭരിതമായതുമായ പ്രതികരണമാണ് തീവ്രവാദം. അത് വ്യവസ്ഥാപിത മാർഗങ്ങളിലൂടെ അനീതിയെ മറികടക്കാമെന്ന ധാരണയെ പൂർണമായി തള്ളിക്കളയുന്നു.

‘ദൈവത്തിന്റെ ഭൂമിയിൽ ദൈവത്തിന്റെ ഭരണം’

അനിസ്‌ലാമികമായ വ്യവസ്ഥിതി അടിസ്ഥാനപരമായി അനീതിയാണ് എന്നതാണ് തീവ്ര ഇസ്‌ലാമിക സംഘടനകളുടെ കാഴ്ചപ്പാട്. അനിസ്‌ലാമിക വ്യവസ്ഥ അടിസ്ഥാനപരമായി ‘താഗൂത്തി’ അഥവാ പൈശാചികമാണെന്നും അതിനുള്ളിൽ ഒരു യഥാർഥ മുസ്‌ലിമിന് മനഃസമാധാനത്തോടെ ജീവിക്കാൻ കഴിയില്ല എന്നും അവർ വാദിക്കുന്നു. ഇവരുടെ വീക്ഷണത്തിൽ ജനാധിപത്യം, സോഷ്യലിസം, മുതലാളിത്തം എന്നിവ പൈശാചിക വ്യവസ്ഥകളാണ്. ഇവ തകർത്ത്, ദൈവത്തിന്റെ ഭൂമിയിൽ ദൈവത്തിന്റെ ഭരണം സ്ഥാപിക്കുക എന്നതായിരിക്കണം ഒരു യഥാർഥ മുസ്‌ലിമിന്റെ കടമ എന്നും അവർ പറഞ്ഞുകൊണ്ടിരിക്കുന്നു. മനസ്സുകൊണ്ടാണെങ്കിലും ഇസ്‌ലാമിക വ്യവസ്ഥയെ ആഗ്രഹിക്കാത്തവർ മുസ്‌ലിംകളല്ലെന്നും അവർ സിദ്ധാന്തിച്ചു. മർദകമായ ഒരു അനിസ്‌ലാമിക വ്യവസ്ഥയിൽനിന്ന് ഇസ്‌ലാമിക രാജ്യത്തേക്ക് ഹിജ്‌റ പോവുക, അല്ലെങ്കിൽ പലായനം ചെയ്യുക എന്നത് ഓരോ മുസ്‌ലിമിനും പുണ്യകർമം കൂടിയാണ് എന്നാണ് ഇവർ വാദിക്കുന്നത്.

1980കളുടെ അവസാനം, ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിൽ നടന്ന രഥയാത്ര സൃഷ്ടിച്ച ഭീതിയുടെ അന്തരീക്ഷത്തിലായിരുന്നു എൻ.ഡി.എഫിന്റെ പിറവി. / Photo: Flickr

എന്നാൽ, ജനാധിപത്യവ്യവസ്ഥയിൽ പൂർണ മുസ്‌ലിമായി ജീവിക്കാൻ ഒരു വിശ്വാസിക്ക് സാധിക്കുമെന്നാണ് ഇന്ത്യയിലെ ഭൂരിപക്ഷം മുസ്‌ലിംകളും വിശ്വസിക്കുന്നത്. ഇസ്‌ലാമിക കർമങ്ങൾ അനുഷ്ഠിക്കാനും സ്വത്തിനും ജീവനും സംരക്ഷണം ലഭിക്കാനുമുള്ള അവസരമുണ്ടെങ്കിൽ അനിസ്‌ലാമിക വ്യവസ്ഥിതി ത്യജിക്കേണ്ടതില്ലെന്ന് അവർ കരുതുന്നു. ഇതിന് ഇസ്‌ലാമികമായി അനുവാദമുണ്ടെന്നും ഇസ്‌ലാമിക ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങൾ നിരത്തി അവർ പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയിൽ ന്യൂനപക്ഷമായ മുസ്‌ലിംകൾക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങൾ നേടിയെടുക്കുകയും അവ നിഷേധിക്കപ്പെടുമ്പോൾ വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെ പ്രതിഷേധിക്കുകയുമാണ് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ രീതി.

പോപ്പുലർ ഫ്രണ്ടിന്റെ ആദ്യരൂപമായ എൻ.ഡി.എഫിന്റെ നേതാക്കളിൽ പലരും ജമാഅത്ത് പ്രവർത്തകരായിരുന്നു. ജമാഅത്തിന്റെ ആശീർവാദത്തോടെ നിലവിൽവന്ന ‘സിമി'യിലും ഇവർ പ്രവർത്തിച്ചിരുന്നു.

ഇന്ത്യയിലെ മുസ്‌ലിംകളെ അപരവത്കരിച്ചു എന്നതാണ് ജമാഅത്തെ ഇസ്‌ലാമി നേരിടുന്ന ഏറ്റവും വലിയ ആരോപണം. ‘താഗൂത്തി’ വ്യവസ്ഥയിൽ ഒരു മുസ്‌ലിമിന് സർക്കാർ ജോലി സ്വീകരിക്കാനോ വോട്ട് ചെയ്യാനോ ഇസ്‌ലാം അനുവദിക്കുന്നില്ല എന്നതായിരുന്നു ജമാഅത്ത് നിലപാട്. അതിൽനിന്ന് പിന്നീട് മാറി എന്ന് അവർ അവകാശപ്പെടുന്നുണ്ടെങ്കിലും ജനാധിപത്യത്തെക്കുറിച്ച് ഇന്ത്യൻ മുസ്‌ലിംകൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിൽ ജമാഅത്തെ ഇസ്‌ലാമി കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ ആദ്യരൂപമായ എൻ.ഡി.എഫിന്റെ നേതാക്കളിൽ പലരും ജമാഅത്ത് പ്രവർത്തകരായിരുന്നു. ജമാഅത്തിന്റെ ആശീർവാദത്തോടെ നിലവിൽവന്ന ‘സിമി'യിലും ഇവർ പ്രവർത്തിച്ചിരുന്നു. എന്നാൽ, അനിസ്‌ലാമിക വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ എൻ.ഡി.എഫ്. പരസ്യമായി പ്രകടിപ്പിച്ചിരുന്നില്ല.

എൻ.ഡി.എഫ്.​ ചെയ്​തത്​

1980കളുടെ അവസാനം, ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിൽ നടന്ന രഥയാത്ര സൃഷ്ടിച്ച ഭീതിയുടെ അന്തരീക്ഷത്തിലായിരുന്നു എൻ.ഡി.എഫിന്റെ പിറവി. നാദാപുരം, വടകര ഭാഗങ്ങളിൽ നിലനിന്നിരുന്ന സി.പി.എം.- ലീഗ് സംഘർഷവും ആ സംഘടനയുടെ വളർച്ചക്ക് വേഗം കൂട്ടി. മുസ്‌ലിംകളുടെ പ്രതിരോധപ്രസ്ഥാനം എന്ന രീതിയിൽ എൻ.ഡി.എഫ്. സമൂഹത്തിൽ ക്രമേണ സ്വാധീനം ചെലുത്തി. ഇതേ അന്തരീക്ഷത്തിൽ രൂപംകൊണ്ട അബ്ദുന്നാസർ മഅ്ദനിയുടെ പി.ഡി.പി.യിൽനിന്ന് ഭിന്നമായ രീതിയായിരുന്നു എൻ.ഡി.എഫ്. സ്വീകരിച്ചത്. മഅ്ദനിയുടേത് തികച്ചും വ്യക്തികേന്ദ്രീകൃതവും വീരാരാധനയിൽ അധിഷ്ഠിതവും ആയിരുന്നുവെന്നാണ് എൻ.ഡി.എഫ്. വിലയിരുത്തിയത്. എൻ.ഡി.എഫിന്റെ സ്ഥാപക ചെയർമാനായിരുന്ന ഇ. അബൂബക്കർ ഇക്കാര്യം അദ്ദേഹത്തിന്റെ ആത്മകഥയായ ‘ശിശിര സന്ധ്യകൾ ഗ്രീഷ്മ മധ്യാഹ്‌നങ്ങൾ’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പി.ഡി.പി.യുടെ രീതിയിൽനിന്ന് വ്യതിരിക്തമായി കൂടിയാലോചന എന്ന ഇസ്‌ലാമിക തത്വത്തിന്റെ അടിസ്ഥാനത്തിലാണ് എൻ.ഡി.എഫ്. പ്രവർത്തിച്ചിരുന്നത് എന്ന് അദ്ദേഹം ആ പുസ്തകത്തിൽ പറയുന്നു. സി.പി.എം. ആക്രമണങ്ങളെ ചെറുക്കാനുണ്ടാക്കിയ മുസ്‌ലിം കൾച്ചറൽ സെന്ററും (എം.സി.സി.) ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി പോലെ ഒരേ ഉദ്ദേശ്യത്തോടെ രൂപീകരിക്കപ്പെട്ട സമാന സ്വഭാവമുള്ള പല ചെറുസംഘങ്ങളുമാണ് 1993-ൽ എൻ.ഡി.എഫ്. ആയി രൂപാന്തരം പ്രാപിച്ചത്.

ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്നതാണ് ഫാസിസത്തിന്റെ എക്കാലത്തെയും തന്ത്രമെന്നും ഭയരഹിതരായി ഇരിക്കുക എന്നതാണ് ഇതിനുള്ള മറുപടി എന്നുമാണ് എൻ.ഡി.എഫ്. നേതൃത്വം അണികളെ പഠിപ്പിച്ചത്. / Photo: Wikimedia Commons

ഇന്ത്യയിലെ ദലിത്- പിന്നാക്ക- ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ ശാക്തീകരണമായിരുന്നു എൻ.ഡി.എഫിന്റെ ലക്ഷ്യം. പക്ഷെ, മുസ്‌ലിംകൾക്കിടയിലാണ് സംഘടനയുടെ പ്രധാന
പ്രവർത്തനങ്ങൾ നടന്നിരുന്നത്. ദലിതുകൾക്കിടയിലോ മറ്റു വിഭാഗങ്ങൾക്കിടയിലോ കാര്യമായ ചലനമുണ്ടാക്കാൻ സംഘടനക്ക് കഴിഞ്ഞിരുന്നില്ല. മുസ്‌ലിംകളെ കായികമായി സംഘടിപ്പിച്ച് ശാക്തീകരിക്കുക എന്നതിനായിരുന്നു എൻ.ഡി.എഫിന്റെ പ്രഥമ പരിഗണന. എൻ.ഡി.എഫിന്റെ ‘പ്രതിരോധം അപരാധമല്ല' എന്ന മുദ്രാവാക്യവും എസ്.ഡി.പി.ഐ.യുടെ ‘ഭയത്തിൽ നിന്ന് മോചനം' എന്ന മുദ്രാവാക്യവും കേന്ദ്രീകരിച്ചത് ഈ ഒറ്റ പോയിന്റിലാണ്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്നതാണ് ഫാസിസത്തിന്റെ എക്കാലത്തെയും തന്ത്രമെന്നും ഭയരഹിതരായി ഇരിക്കുക എന്നതാണ് ഇതിനുള്ള മറുപടി എന്നുമാണ് എൻ.ഡി.എഫ്. നേതൃത്വം അണികളെ പഠിപ്പിച്ചത്. ജൈന- ബുദ്ധ മതങ്ങളെയും ദ്രാവിഡ സംസ്‌കാരത്തെയും ഉന്മൂലനം ചെയ്ത ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഇപ്പോഴത്തെ ഇരയാണ് മുസ്‌ലിംകൾ എന്നും അവർ ക്ലാസുകളിൽ പഠിപ്പിച്ചു. തൃശൂരിൽ കാട്ടൂർ അലവി മുസ്‌ലിയാരെയും കൊല്ലത്ത് തേവലക്കരയിൽ അലവിക്കുഞ്ഞ് മുസ്‌ലിയാരെയും സംഘപരിവാർ ശക്തികൾ കൊന്നുകളഞ്ഞത് മുസ്‌ലിംകളിൽ ഭയം ജനിപ്പിക്കാനും അവരെ മാനസികമായി തളർത്താനുമായിരുന്നുവെന്ന് അബൂബക്കർ ആത്മകഥയിൽ പറയുന്നുണ്ട്.

എൻ.ഡി.എഫും പിന്നീട് പോപ്പുലർ ഫ്രണ്ടും ശ്രമിച്ചത്, ആയുധങ്ങൾ കൊണ്ട് സമുദായത്തെ ശാക്തീകരിക്കാനായിരുന്നു, അക്രമത്തിന് ഇസ്‌ലാമിക ന്യായീകരണം ഉണ്ടാക്കാനും അതിൽ കൊല്ലപ്പെടുന്നവർക്ക് രക്തസാക്ഷിയുടെ ഉന്നത പദവി വാഗ്ദാനം ചെയ്യാനുമായിരുന്നു.

ആക്രമിക്കപ്പെടുമ്പോൾ പ്രതികരിക്കുകയെന്നത് എല്ലാ ജീവജാലങ്ങളുടെയും നൈസർഗിക പ്രതികരണമാണ്. എന്നാൽ, ഇതിനെ ഒരു പ്രത്യയശാസ്ത്രമാക്കി വളർത്തിയെടുക്കാനും ഇസ്‌ലാമികമായ മാനങ്ങൾ നൽകാനുമാണ് എൻ.ഡി.എഫ്. ശ്രമിച്ചത്. ഇസ്‌ലാമിൽ നിർഭയത്വത്തെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ, അത് ആയുധങ്ങളുടെ ബലം കൊണ്ടുണ്ടാകുന്ന നിർഭയത്വമല്ലെന്നും വിശ്വാസത്തിന്റെ ദൃഢതകൊണ്ട് സ്വായത്തമാക്കേണ്ട ഒന്നാണെന്നും ഇസ്‌ലാമിക പണ്ഡിതന്മാർ പറയുന്നു. എന്നാൽ, എൻ.ഡി.എഫും പിന്നീട് പോപ്പുലർ ഫ്രണ്ടും ശ്രമിച്ചത്, ആയുധങ്ങൾ കൊണ്ട് സമുദായത്തെ ശാക്തീകരിക്കാനായിരുന്നു, അക്രമത്തിന് ഇസ്‌ലാമിക ന്യായീകരണം ഉണ്ടാക്കാനും അതിൽ കൊല്ലപ്പെടുന്നവർക്ക് രക്തസാക്ഷിയുടെ ഉന്നത പദവി വാഗ്ദാനം ചെയ്യാനുമായിരുന്നു. സംഘപരിവാറിന്റെ ആക്രമണങ്ങളെ കായികമായി പ്രതിരോധിക്കുകയും തിരിച്ചാക്രമിക്കുകയും ചെയ്യുക വഴി മുസ്‌ലിംകൾക്ക് ആത്മവിശ്വാസവും സംരക്ഷണവും നൽകാൻ തങ്ങൾക്കായി എന്നായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ കണ്ടെത്തൽ.

ഭരണകൂടത്തിനുമുന്നിൽ നിഷ്​പ്രഭമായ പ്രതിരോധം

ആർനറ്റ് വാൾട്ടർ എമരിച്ച് / Photo: Wikimedia Commons

പോപ്പുലർ ഫ്രണ്ടിനെക്കുറിച്ച് ഗവേഷണം നടത്തിയ ജർമൻ ഗവേഷകനായ ആർനറ്റ് വാൾട്ടർ എമരിച്ച് (Arndt Walter Emmerich) പഠനശേഷം, ‘ഇസ്‌ലാമിക് മൂവ്‌മെൻറ്​സ്​ ഇൻ ഇന്ത്യ' എന്നൊരു പുസ്തകമെഴുതിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന പ്രത്യേകതയായി ആ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നത്, ‘ലീഗൽ പ്രാഗ്​മാറ്റിസം’ (‘Legal Pragmatism') എന്ന നിലപാടാണ്. ഇന്ത്യയിലെ മുസ്‌ലിംകൾ നേരിടുന്ന പ്രശ്‌നങ്ങളെ നിലവിലുള്ള നിയമവ്യവസ്ഥയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി പരിഹരിക്കാനുള്ള ശ്രമങ്ങളെയാണ് ‘ലീഗൽ പ്രാഗ്​മാറ്റിസം’ എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്. എന്നാൽ, ഇത് ഭാഗികമായി മാത്രമേ ശരിയാകുന്നുള്ളൂ. തീർച്ചയായും, നീതിന്യായവ്യവസ്ഥയെ കാര്യമായി ഉപയോഗിക്കാൻ പോപ്പുലർ ഫ്രണ്ടിന് കഴിഞ്ഞിട്ടുണ്ട്. ഹാദിയ കേസ് അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. എന്നാൽ, ആ വ്യവസ്ഥക്കുപുറത്ത് സ്വന്തമായ രീതിയിൽ നീതി നടപ്പാക്കാനും സംഘടന ശ്രമിച്ചിട്ടുണ്ട്. കോഴിക്കോടിനടുത്ത് കല്ലാച്ചിയിലെ ബിനു എന്ന സി.പി.എം. പ്രവർത്തകന്റെ കൊലയും ടി.ജെ. ജോസഫിന്റെ കൈവെട്ടലും ഇത്തരത്തിലുള്ള ശ്രമങ്ങളിൽ ചിലതുമാത്രമാണ്.

അതിവൈകാരികത ജ്വലിപ്പിച്ചുനിർത്തിയും പരമ്പരാഗത പണ്ഡിതന്മാരെ ഭീരുക്കളായി ചിത്രീകരിച്ചും ഗാലറിയുടെ കൈയടി വാങ്ങാൻ എളുപ്പമാണ്. എന്നാൽ, ജനങ്ങളെ സംഘടിപ്പിച്ച് ക്ഷമയോടെ ദീർഘകാലം പ്രവർത്തിക്കാനും പ്രകോപനങ്ങളിൽ വീഴാതിരിക്കാനുള്ള തന്ത്രം സ്വായത്തമാക്കിയും മാത്രമേ ഫാസിസത്തെ നേരിടാനാകൂ.

ഐ.എസ്. എന്ന സംഘടന കേരളത്തിൽ സ്വാധീനമറിയിച്ചപ്പോൾ അതിനെ എതിർക്കാൻ പോപ്പുലർ ഫ്രണ്ടുമുണ്ടായിരുന്നു. ഇസ്‌ലാമിക പ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിച്ചും സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്തുമാണ് ഐ.എസ്. യുവാക്കളെ ആകർഷിക്കുന്നത് എന്നതായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാക്കൾ പറഞ്ഞിരുന്നത്. അക്ഷരവായനക്കാരുടെ ദുർവ്യാഖ്യാനങ്ങൾ എന്നായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാവ് പി. കോയ ഐ.എസ്. പ്രചാരണങ്ങളെക്കുറിച്ച് എഴുതിയത്. ഇന്ത്യ പോലുള്ള ഒരു ബഹുസ്വര സമൂഹത്തിന് ചേർന്നതല്ല അത്തരം വായനകൾ എന്നും പോപ്പുലർ ഫ്രണ്ട് പറഞ്ഞിരുന്നു. എന്നാൽ, അത്തരം വ്യാഖ്യാനങ്ങളുമായി പോപ്പുലർ ഫ്രണ്ട് നേതാക്കൾ തന്നെ മുന്നോട്ടുവരുന്നതായിരുന്നു പിന്നീട് കണ്ടത്. പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച ‘സേവ് ദ റിപ്പബ്ലിക്' റാലിയിൽ ഇമാംസ് കൗൺസിൽ നേതാവ് അഫ്‌സൽ ഖാസിമിയുടെ പ്രസംഗത്തെ ഇസ്‌ലാമിക പണ്ഡിതന്മാർ തന്നെ നിശിതമായി വിമർശിച്ചിട്ടുണ്ട്. സംഘപരിവാറിനോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിക്കാൻ ഓരോ പ്രവർത്തകനും തയാറാകണം എന്നായിരുന്നു ഖാസിമിയുടെ ആഹ്വാനം.

ജനങ്ങളെ സംഘടിപ്പിച്ച് ക്ഷമയോടെ ദീർഘകാലം പ്രവർത്തിക്കാനും പ്രകോപനങ്ങളിൽ വീഴാതിരിക്കാനുള്ള തന്ത്രം സ്വായത്തമാക്കിയും മാത്രമേ ഫാസിസത്തെ നേരിടാനാകൂ. / Photo: Wikimedia Commons

ഫാസിസത്തെ കായികമായി പ്രതിരോധിക്കുക എന്ന ആശയം എത്രമാത്രം ബാലിശമാണെന്ന് തെളിയിച്ച ദിനങ്ങളായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ നടത്തിയ പരിശോധനയും അറസ്റ്റും. ഇതിനെ തടയാനുള്ള പ്രവർത്തകരുടെ എല്ലാ ശ്രമങ്ങളും വിഫലമാകുകയാണുണ്ടായത്. ഭരണകൂടം അതിന്റെ സൈനികശേഷിയുടെ ഒരംശം മാത്രം പുറത്തെടുത്തപ്പോൾ നിഷ്​പ്രഭമാവുന്ന പ്രതിരോധം മാത്രമേ പോപ്പുലർ ഫ്രണ്ടിന് നടത്താനായുള്ളൂ. സംഘടനയുടെ സൈനികമാതൃകയിലുള്ള പരേഡുകളും അച്ചടക്കമുള്ള പ്രവർത്തകരും എല്ലാം ഈ അവസരത്തിൽ അപ്രസക്തമായി. വേദികളിലെ ആക്രോശങ്ങളും റോഡിലെ അഭ്യാസങ്ങളും കേവലം പ്രകടനപരത മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. അവസാനം, നിയമവ്യവസ്ഥയെ അംഗീകരിച്ച് സംഘടന പിരിച്ചുവിടുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് നേതാക്കൾ പിൻവാങ്ങിയത്.

വൈകാരികമായി മാത്രം ചിന്തിക്കുന്നവർക്ക് പോപ്പുലർ ഫ്രണ്ട് നിരോധനം നിരാശ മാത്രമായിരിക്കും നൽകുക. എന്നാൽ, ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ചും പ്രത്യയശാസ്ത്രത്തെക്കുറിച്ചും അവഗാഹമുള്ള പണ്ഡിതർക്ക് നിരാശപ്പെടേണ്ടിവരില്ല.

പോപ്പുലർ ഫ്രണ്ടിന്റെ അനുഭവത്തിൽനിന്ന് പ്രധാനമായും പഠിക്കേണ്ട ചില പാഠങ്ങളുണ്ട്. അതിവൈകാരികത ജ്വലിപ്പിച്ചുനിർത്തിയും പരമ്പരാഗത പണ്ഡിതന്മാരെ ഭീരുക്കളായി ചിത്രീകരിച്ചും ഗാലറിയുടെ കൈയടി വാങ്ങാൻ എളുപ്പമാണ്. എന്നാൽ, ജനങ്ങളെ സംഘടിപ്പിച്ച് ക്ഷമയോടെ ദീർഘകാലം പ്രവർത്തിക്കാനും പ്രകോപനങ്ങളിൽ വീഴാതിരിക്കാനുള്ള തന്ത്രം സ്വായത്തമാക്കിയും മാത്രമേ ഫാസിസത്തെ നേരിടാനാകൂ. ഇന്ത്യയിലെ മുസ്‌ലിംകൾ സംഘ്പരിവാറിനുമുന്നിൽ നിരന്തരം പ്രതികരിച്ചുകൊണ്ടിരിക്കുന്ന വെറും പ്രതികരണസംഘങ്ങളല്ല. അവർക്ക് സ്വന്തമായ അജണ്ടകളും വഴികളുമുണ്ട്. വൈകാരികമായി മാത്രം ചിന്തിക്കുന്നവർക്ക് പോപ്പുലർ ഫ്രണ്ട് നിരോധനം നിരാശ മാത്രമായിരിക്കും നൽകുക. എന്നാൽ, ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ചും പ്രത്യയശാസ്ത്രത്തെക്കുറിച്ചും അവഗാഹമുള്ള പണ്ഡിതർക്ക് നിരാശപ്പെടേണ്ടിവരില്ല. അവർ ഇസ്‌ലാമിക സമൂഹം മുമ്പ് കടന്നുപോയ വഴികളെക്കുറിച്ച് പൂർണ ബോധ്യമുള്ളവരാണ്. മുസ്‌ലിംകളെ വെറും ഇരകളായി കാണുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനും നിരാശാഭരിതരായ ആൾക്കൂട്ടമായി കാണുന്ന ഇസ്‌ലാമിക സംഘടനകൾക്കും അപ്പുറത്താണ് യഥാർഥ ഇന്ത്യൻ മുസ്‌ലിമിന്റെ യാഥാർഥ്യം. ▮

Comments