ഇറാനിൽ മഹ്സ അമിനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തെരുവിലേയ്ക്കിറങ്ങി ഹിജാബ് കത്തിയ്ക്കുന്ന സ്ത്രീ. / Photo: dokuz8haber, twitter

ഹിജാബ് മരണവും
​സ്വാതന്ത്ര്യവുമാകുന്ന മതവൈരുധ്യം

ഇറാനിലെ ഹിജാബ് വിരുദ്ധ സമരം ലോകത്തെങ്ങുമുള്ള സ്ത്രീപക്ഷ സമരപോരാട്ടങ്ങളിലെ നിർണായകമായ ഒരേടാണ്. ഇന്ത്യയിൽ മുസ്​ലിം വിദ്യാർത്ഥിനികൾക്ക് ഹിജാബ് ധരിക്കാൻ വിലക്കേർപ്പെടുത്തുന്ന സംഘപരിവാർ ഭരണകൂടത്തിനെതിരായ സമരവും സ്ത്രീപക്ഷ പോരാട്ടമാണ്, ജനാധിപത്യ പൗരാവകാശ പോരാട്ടമാണ്. ഹിജാബ് ധരിക്കാനുള്ള പൗരാവകാശം ഹിജാബ് ധരിപ്പിക്കാനുള്ള മതപൗരോഹിത്യത്തിന്റെ പുരുഷാധിപത്യ അധികാരത്തിനുള്ള സമ്മതിപത്രമല്ല എന്നതാണ് സ്ത്രീപക്ഷ രാഷ്ട്രീയം.

ഹിജാബ് (ശിരോവസ്ത്രം) ധരിക്കാത്തതിന് ഇസ്​ലാമിക്​ റിപ്പബ്ലിക്കായ ഇറാനിലെ മതധാർമിക പൊലീസ് (Garsht -e -Ershad ) മഹ്സ അമിനി എന്ന 22-കാരിയായ കുർദിഷ് യുവതിയെ മർദ്ദിച്ചുകൊന്നതിനെത്തുടർന്ന് ഇറാനിലാകെ ഇസ്​ലാമിക ഭരണകൂടത്തിനും അതിന്റെ പൗരോഹിത്യ ഭീകരതയ്ക്കുമെതിരെ സ്ത്രീകളുടെ വൻ പങ്കാളിത്തത്തോടെ ബഹുജന പ്രക്ഷോഭം നടക്കുകയാണ്. ഒരുപക്ഷെ, അടുത്തകാലത്ത് ലോകത്ത് നടക്കുന്ന ഏറ്റവും വലിയ സ്ത്രീപക്ഷ രാഷ്ട്രീയ പോരാട്ടങ്ങളിലൊന്ന്. അതും, ലോകത്തിലെ ഏറ്റവും പിന്തിരിപ്പനും അടിച്ചമർത്തൽ സ്വഭാവമുള്ളതുമായ ഒരു മതഭരണകൂടത്തിനെതിരെ.

ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന പ്രതിഷേധ പ്രകടനങ്ങളുടെ നടുവിൽ മുടി മുറിച്ചും ഹിജാബ് കത്തിച്ചും സ്ത്രീവിരുദ്ധ ഇസ്​ലാമിക മതഭീകരതയ്ക്കെതിരായ അതിധീരമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനുമുമ്പും പല പ്രതിഷേധങ്ങളും കുറഞ്ഞ തോതിലാണെങ്കിലും ഇറാനിൽ സ്ത്രീകൾ നടത്തിയിട്ടുണ്ട് (White Wednesdays, My Stealthy Freedom). എന്നാൽ ഇപ്പോഴുള്ള പ്രതിഷേധങ്ങൾ ആയത്തൊള്ള ഖൊമേനിയുടെയും പൗരോഹിത്യത്തിന്റെയും അധികാരത്തെ നേരിട്ടുതന്നെ വെല്ലുവിളിക്കുന്നതും എതിർക്കുന്നവയുമാണ്.

'My Stealthy Freedom' കാമ്പയിനിൽ നിന്ന്. / Photo: My Stealthy Freedom, Fb

ഖൊമേനി തട്ടി​യെടുത്ത വിപ്ലവം

1979-ൽ ഇസ്​ലാമിക വിപ്ലവത്തെ തുടർന്ന് ഇസ്​ലാമിക് റിപ്പബ്ലിക്കായി മാറിയ ഇറാൻ, എങ്ങനെയാണ് ഇസ്​ലാമിക മതഭരണകൂടം ഒരു ജനതയെ അടിച്ചമർത്തുന്നത്​ എന്നതിനും ജനാധിപത്യ, സ്ത്രീ വിരുദ്ധ ഇസ്​ലാമിക മതഭീകരതയെ പലതരം തട്ടിപ്പുകളിലും വാചാടോപങ്ങളിലും പൊതിഞ്ഞും നിലനിർത്തുന്നത് എന്നതിനും തെളിവാണ്. പാശ്ചാത്യശക്തികൾ (പലപ്പോഴും റഷ്യയും) വലിയ ഇടപെടലുകൾ നടത്തിക്കൊണ്ടിരുന്ന ഒന്നായിരുന്നു ഇറാനിലെ ഇസ്​ലാമിക വിപ്ലവപൂർവ ഭരണകൂടങ്ങൾ. മുഹമ്മദ് റെസ ഷാ പെഹ്​ലാവിയുടെ രാജഭരണവാഴ്ച യു.എസിനും ബ്രിട്ടനും അനുകൂലമായ നിലപാടുകളായിരുന്നു എടുത്തിരുന്നത്. അതേസമയം ശക്തമായ മതേതര, പുരോഗമന രാഷ്ട്രീയവും സാമ്രാജ്യത്വ വിരുദ്ധ ദേശീയ രാഷ്ട്രീയവും ഇടതുപക്ഷ രാഷ്ട്രീയവുമെലാം ഇറാനിൽ വ്യാപകമായിരുന്നു. ഷായുടെ പ്രധാനമന്ത്രിയും ശേഷം രാജവാഴ്ചയെ അട്ടിമറിക്കുന്നതിന് വക്കോളവുമെത്തിയ പ്രധാനമന്ത്രിയായ മുഹമ്മദ് മൊസാദേ ഈ രാഷ്ട്രീയത്തിന്റെ പ്രതിഫലനമായിരുന്നു. ബ്രിട്ടീഷ് പെട്രോളിയം ലിമിറ്റഡിന്റെ നിയന്ത്രണത്തിലായിരുന്ന (Anglo Iranian Oil Company) ഇറാനിലെ എണ്ണഖനനത്തെയും വ്യാപാരത്തെയും മൊസാദേ ദേശസാത്കരിച്ചു. ഇതിനെത്തുടർന്ന് ബ്രിട്ടനും അമേരിക്കയും യു.എസ്​ ചാരസംഘടന സി.ഐ.എ വഴി നടത്തിയ അട്ടിമറിയിൽ മൊസാദേ തടവിലാക്കപ്പെടുകയും ഷാ വാഴ്ച തുടരുകയും ചെയ്തു. ഇറാനിലെയും ഗൾഫ് രാജ്യങ്ങളിലെയും മിക്ക ആഭ്യന്തര പ്രശ്‌നങ്ങളും എണ്ണയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇറാനിൽ 1979 ൽ നടന്ന ഇസ്ലാമിക് റെവല്യൂഷനിൽ പങ്കെടുത്ത സ്ത്രീകൾ. / Photo: Wikimedia Commons

ഷായുടെ യഥാർത്ഥ യജമാനന്മാർ പടിഞ്ഞാറൻ രാജ്യങ്ങളായതുകൊണ്ട് അയാളുടെ ഭരണത്തിലെ കുഴപ്പങ്ങൾക്കും അവർ വലിയ അളവോളം ഉത്തരവാദികളായിരുന്നു. ഷാ ഭരണത്തിൻകീഴിലെ സാമ്പത്തിക അസന്തുലിതാവസ്ഥയും പാശ്​ചാത്യ ആധുനികതയുടെ പ്രയോക്താക്കളായി കരുതപ്പെട്ട സമ്പന്നവിഭാഗത്തോടുള്ള മറ്റ് ജനവിഭാഗങ്ങളുടെ അസംതൃപ്തിയുമെല്ലാം വലിയ തോതിൽ ഷായെ പുറത്താക്കിയ ജനകീയ കലാപത്തിലേക്ക് നയിക്കുകയായിരുന്നു.

ഈ അസംതൃപ്തിയുടെ സമരത്തിന്റെ നേതൃത്വം ഇസ്​ലാമിക മതനേതൃത്വത്തെക്കൂടി ഉൾക്കൊള്ളിക്കുന്ന തരത്തിലാക്കുമ്പോഴും മതേതര ഇടതുരാഷ്ട്രീയം ഇറാനിൽ ശക്തമായിരുന്നു. ആധുനിക ജനാധിപത്യ രാഷ്ട്രീയമുള്ള മതേതര ബുദ്ധിജീവികളടക്കമുള്ളവർ ഒരു സഖ്യകക്ഷിയായാണ് ഇസ്​ലാമിക പൗരോഹിത്യത്തെ കണ്ടത് (അതൊരു തെറ്റായി എങ്കിലും). ഇറാനിലെ ഇടതുകക്ഷിയായ തൂദേ പാർട്ടി ഷാക്കെതിരെ അതിശക്തമായ ജനപിന്തുണയോടെ സമരത്തിലുണ്ടായിരുന്നു. എന്നാൽ ഷായെ പുറത്താക്കുന്ന ഘട്ടത്തിൽ ഈ മതേതരകക്ഷികൾ മൂർത്ത സാഹചര്യത്തിൽ എങ്ങനെയാണ് അധികാരം പിടിച്ചെടുക്കേണ്ടത് എന്ന സന്ദിഗ്ധതയിലും സന്ദേഹങ്ങളിലും ഇടറിയപ്പോൾ ആയത്തൊള്ള ഖൊമേനി വിപ്ലവ നായകനായി വിമാനമിറങ്ങി.

മുഹമ്മദ് റെസ ഷാ പെഹ്​ലാവി, മുഹമ്മദ് മൊസാദേ, ആയത്തൊള്ള ഖൊമേനി. / Photos: Wikimedia Commons

ഇസ്​ലാമിക മതപൗരോഹിത്യത്തിന്റെ ആറാട്ട്​

പിന്നീടങ്ങോട്ട് ഇറാനിൽ നടന്നത് ആ രാജ്യവും നാഗരികതയും അത്രയും നാൾ നേടിയ എല്ലാ വികാസമൂല്യങ്ങളെയും പിന്നോട്ടടിപ്പിക്കുന്ന ഇസ്​ലാമിക മതഭീകരതയുടെ വാഴ്ചയായിരുന്നു. ഇപ്പോൾ നടക്കുന്ന ഹിജാബ് ഭീകരത ഇസ്​ലാം ഭരണമാതൃകയാണെന്ന് വ്യക്തമാക്കിയാണ് ഖൊമേനിയും പൗരോഹിത്യവും ഭരണം തുടങ്ങിയത്. ഹിജാബും ശരീരഭാഗങ്ങളുടെ അഴകളവുകൾ പുറത്തുകാണാത്ത വിധത്തിലുള്ള അയഞ്ഞ കുപ്പായങ്ങളും സ്ത്രീകൾക്കുമേൽ അടിച്ചേൽപ്പിച്ചു. സാമാന്യമായി ആധുനിക, മതേതര ജീവിതസ്വാതന്ത്ര്യമുണ്ടായിരുന്ന ഒരു സ്ത്രീസമൂഹം ഇറാനിലുണ്ടായി വന്നിരുന്ന കാലത്തായിരുന്നു ഈ പിറകോട്ടടി. മതധാർമികതയുടെ പൊലീസും ഇസ്​ലാമിക മതപൊലീസും തെരുവുകളിൽ നിറഞ്ഞു. സ്ത്രീകൾ അതിവേഗം പൊതുവിടങ്ങളിൽ നിന്ന്​ തമസ്‌കരിക്കപ്പെടുകയും അദൃശ്യരാക്കപ്പെടുകയും ചെയ്തു. അറബ് രാജ്യങ്ങളിൽ രാജഭരണവും ഇസ്​ലാമിക സർക്കാരുകളും നിലനിന്നിരുന്ന എല്ലായിടത്തും സ്ത്രീകൾക്കെതിരായും ജനാധിപത്യ രാഷ്ട്രീയത്തിനെതിരായും സമാനമായ അടിച്ചമർത്തലുകളുണ്ടായി. ഇറാനിൽ അതിന്റെ പേര് വിപ്ലവം എന്നായിരുന്നു!

ഇസ്ലാമിക വിപ്ലവത്തിന് മുൻപ് ഇറാനിലെ സ്ത്രീകൾ. / Photo: Twitter, Rita Panahi

അധികാരത്തിൽ വന്നതിന്റെ തൊട്ടുപിന്നാലെ ഇസ്​ലാമിക പൗരോഹിത്യ പരമോന്നത സമിതി ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് സ്ത്രീകൾക്ക് നിയമപരമായ അവകാശങ്ങളും സുരക്ഷയും ഒരളവോളം നൽകിയിരുന്ന ഫാമിലി പ്രൊട്ടക്ഷൻ ആക്​റ്റിലെ സ്ത്രീകൾക്കനുകൂലമായ എല്ലാ വകുപ്പുകളും എടുത്തുകളയുകയായിരുന്നു. പകരം, ബഹുഭാര്യാത്വം നിയന്ത്രങ്ങളൊന്നുമില്ലാതെ അനുവദനീയമായി. പെൺകുട്ടികളുടെ വിവാഹപ്രായം ഒമ്പതു വയസ്സാക്കി (പിന്നീടത് Puberty ആകുമ്പോൾ എന്നാക്കി). സ്ത്രീകൾക്ക് പൊതുവിടങ്ങളിലെല്ലാം നാനാതരം വിലക്കുകളേർപ്പെടുത്തി. അങ്ങനെയങ്ങനെ വിപ്ലവത്തിന്റെ ആദ്യപകുതിയിൽ ഷായുടെ ബ്രിട്ടീഷ്- അമേരിക്കൻ പാവഭരണകൂടത്തെ പുറത്താക്കുംവരെ ജനകീയ കലാപമായിരുന്നുവെങ്കിൽ രണ്ടാം പകുതിയിൽ ഇസ്​ലാമിക മതപൗരോഹിത്യത്തിന്റെ ആറാട്ടാണ്. സ്വാഭാവികമായും ആദ്യ ഇരകൾ സ്ത്രീകളും കമ്യൂണിസ്റ്റുകാരും മതേതര, ജനാധിപത്യ രാഷ്ട്രീയക്കാരും ബുദ്ധിജീവികളുമായിരുന്നു. ആയിരക്കണക്കിന് ഇടതുപക്ഷ, ജനാധിപത്യ രാഷ്ട്രീയപ്രവർത്തകർ കൊല്ലപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. സ്വാഭാവികമായ മനുഷ്യജീവിതത്തിന്റെ വികാസധാരയെ ഇസ്​ലാമിക മതഭീകരത അണകെട്ടി തടഞ്ഞു.

യു.എസിന്റെ നേതൃത്വത്തിലുള്ള പടിഞ്ഞാറൻ സാമ്രാജ്യത്വചേരിയുടെ ഭൗമ-രാഷ്ട്രീയ താത്പര്യങ്ങൾ, ഇറാനിലെ വമ്പൻ എണ്ണ നിക്ഷേപത്തിലുള്ള പിടി നഷ്ടപ്പെട്ടതോടെ ഇറാനിലെ ഇസ്​ലാമിക ഭരണകൂടത്തിനെതിരായി. വാസ്തവത്തിൽ ഷായെ പുറത്താക്കി ഖൊമേനി വരുമ്പോൾ, യു.എസ് തങ്ങൾക്കനുകൂലമായ സാമ്പത്തിക-രാഷ്ട്രീയ നിലപാട് സ്വീകരിച്ചാൽ അവരെ അംഗീകരിക്കാൻ സന്നദ്ധരായിരുന്നു.

പെൺകുട്ടികളുടെ വിവാഹപ്രായം ഒമ്പതു വയസ്സാക്കി (പിന്നീടത് Puberty ആകുമ്പോൾ എന്നാക്കി). സ്ത്രീകൾക്ക് പൊതുവിടങ്ങളിലെല്ലാം നാനാതരം വിലക്കുകളേർപ്പെടുത്തി. / Photo: Aslan Arfa, UNICEF

ഇതിലേറെ ഇസ്​ലാമിക മതഭീകരത ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന സൗദി അറേബ്യയൊക്കെ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ്. അതുകൊണ്ട് സ്ത്രീസ്വാതന്ത്ര്യവും ജനാധിപത്യവുമൊന്നുമല്ല പാശ്ചാത്യ സാമ്രാജ്യത്വ ചേരിയുടെ മുൻഗണന. അതുകൊണ്ടുതന്നെ ആഗോളതലത്തിൽ ഇറാനെ ഒറ്റപ്പെടുത്താനുള്ള അമേരിക്കൻ നേതൃത്വത്തിലുള്ള നീക്കങ്ങൾക്കെതിരെ ലോകത്തെ പുരോഗമന രാഷ്ട്രീയകക്ഷികളും പല രാഷ്ട്രങ്ങളും നിലപാടെടുത്തു. പ്രധാനമായും അന്ന് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും അന്താരാഷ്ട്ര പ്രശ്‌നങ്ങളിൽ സോവിയറ്റ് ചേരിക്കൊപ്പം പലപ്പോഴും നിന്നിരുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളും ഈ നിലപാടിനൊപ്പമായിരുന്നു. എന്നാൽ, ഇതൊന്നും ഇറാനിലെ മതപൗരോഹിത്യ ഭരണകൂടത്തെ നിലനിർത്താനുള്ള ന്യായങ്ങളാകുന്നില്ല. അത് തകർന്നടിയേണ്ട ഭരണകൂടമാണ്. മതാടിസ്ഥാനത്തിൽ നിലനിൽക്കുന്ന ഏതു ഭരണകൂടവും ജനാധിപത്യവിരുദ്ധമാണ്.

എങ്ങനെയാണോ ഒരു സമഗ്രാധിപത്യ ഭരണകൂടത്തിനുകീഴിൽ ഭൂരിപക്ഷം ജനങ്ങളും ഏറെക്കാലം അടിച്ചമർത്തലുകളെ നേരിട്ട് വെല്ലുവിളിക്കാതെ ഒതുങ്ങി ജീവിച്ചുപോകാൻ ശ്രമിക്കുന്നത്, ഏതാണ്ടതേ ഭയമാണ് മതത്തിനുള്ളിലെ സ്ത്രീജീവിതങ്ങളുടെ എതിർപ്പുരാഹിത്യത്തിലും കാണാൻ കഴിയുക.

മതഭരണകൂടങ്ങൾക്കുകീഴിലെ സ്ത്രീസ്വാതന്ത്ര്യം

ഇസ്​ലാമിക മതനിയമങ്ങൾ എത്രമാത്രം സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ് എന്നതിന്റെ പ്രത്യക്ഷമായ ഹിംസാദൃശ്യങ്ങളാണ് ഇറാനിൽ ഇന്നും കാണുന്നത്. പ്രശ്‌നം ഇസ്​ലാമിക ഭരണകൂടത്തിന്റേതു മാത്രമല്ല, ഇസ്​ലാമിക മതനിയമങ്ങളുടേതുകൂടിയാണ്. അടിസ്ഥാനപരമായി അതിലുള്ള സ്ത്രീവിരുദ്ധതയും ജനാധിപത്യവിരുദ്ധതയുമാണ് പ്രശ്‌നം. എല്ലാ മതങ്ങളിലും ഏറിയും കുറഞ്ഞും ഇതുണ്ട്. എന്നാൽ മതങ്ങൾ രാഷ്ട്രീയാധികാരം കയ്യാളുന്നതോടെ അത് അതിഭീകരമായ തരത്തിൽ സമൂഹത്തെ അടിച്ചമർത്തുന്നതിലേക്കും സമൂഹത്തിന്റെ സ്വാഭാവിക വികാസത്തെ തടസപ്പെടുത്തന്നതിലേക്കും നയിക്കും. ഇസ്​ലാമിക ഭരണമുള്ള രാജ്യങ്ങളിലും രാജഭരണമുള്ള ഇസ്​ലാമിക രാജ്യങ്ങളിലും ഇത് ഇരട്ടപ്രഹരമായി ജനങ്ങൾക്കുമുകളിലുണ്ട്. മതനിയമങ്ങൾ മറികടക്കുകയും തകർക്കുകയും ചെയ്യാതെ ഈ കടുംകെട്ടിനെ മറികടക്കാനാകില്ല. അതായത്, മതഭരണകൂടങ്ങൾക്കുകീഴിൽ ജനാധിപത്യവും സ്ത്രീസ്വാതന്ത്ര്യവും കേവലം ഔദാര്യങ്ങളായി അവശേഷിക്കും.

ഇറാനിൽ മഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരിയെ ഹിജാബ് ധരിക്കാത്തതിന് പൊലീസ് കൊലപ്പെടുത്തിയതിൽ ഹിജാബ് അഴിച്ച് പ്രതിഷേധിയ്ക്കുന്ന യുവതികൾ. / Photo: @AlinejadMasih, Twitter

പാശ്ചാത്യ ആധുനികതയും പാശ്ചാത്യ വസ്ത്രധാരണരീതിയും കൊളോണിയൽ ആധുനികതയും അതിന്റെ അനുബന്ധ സാമൂഹ്യ- ലാവണ്യ ബോധവുമാണ് ഹിജാബ്​ അടക്കമുള്ള ഇസ്​ലാമിക സ്ത്രീവസ്ത്രധാരണ നിബന്ധനകളെ സ്ത്രീവിരുദ്ധമാക്കി ചിത്രീകരിക്കുന്നത് എന്നൊരു വാദം ശക്തമാണ്. ഇതിലെ ഒരു ഭാഗം ശരിയാണ്. അതായത്, യൂറോകേന്ദ്രീകൃതമായ രാഷ്ട്രീയ- സാമൂഹ്യ- ലാവണ്യ ബോധങ്ങൾ ലോകത്തെമ്പാടും മാനകങ്ങളായി മാറ്റുന്ന പ്രശ്‌നം ചരിത്രപരമായിത്തന്നെ വലിയ സംവാദങ്ങളും സംഘർഷങ്ങളും ന്യായമായും ജനിപ്പിക്കുന്നതാണ്. എന്നാൽ മതപരമായ, പൗരോഹിത്യ മേൽനോട്ടത്തിലുള്ള, സ്ത്രീകളെ പുരുഷനുകീഴിലെ രണ്ടാംകിട മനുഷ്യരായിക്കാണുന്ന ആശയ, നിയമ ലോകമാണ് ഇസ്​ലാമിന്റേത് എന്നതുകൊണ്ട് യൂറോ കേന്ദ്രീകൃത ലോകചിന്തയുടെ പരിമിതികളിൽ ചാരി അതിന് തങ്ങളുടെ സ്ത്രീവിരുദ്ധതയിൽ നിന്ന്​രക്ഷപ്പെടാനാവില്ല. ഇസ്​ലാമിക നിയമസംഹിതയിൽ (‘ശരിയ') സ്ത്രീകളെ പ്രതിപാദിക്കുന്ന മിക്കയിടത്തും എങ്ങനെയാണ് സ്ത്രീകളെ രണ്ടാംകിട മനുഷ്യരാക്കുന്നത് എന്ന് കാണാൻ കഴിയും. അതായത്, എത്രയൊക്കെ കഷ്ടപ്പെട്ട് ഇസ്​ലാമിലെ സ്ത്രീയെ വീണ്ടെടുക്കാൻ ശ്രമിച്ചാലും ആത്യന്തികമായി രണ്ടു സ്ത്രീകളുടെ മൊഴി ഒരു പുരുഷന്റെ മൊഴിക്ക് തുല്യമാകുന്നേയുള്ളു എന്ന തരം ന്യായവിചാരങ്ങളുടെ ജനാധിപത്യവിരുദ്ധതയിലും സ്ത്രീവിരുദ്ധതയിലും തട്ടി മുടന്തിവീണുകൊണ്ടിരിക്കും.

ഹിന്ദുത്വരാഷ്ട്രീയം രാജ്യത്തിന്റെ രാഷ്ട്രീയാധികാരം കയ്യാളുന്ന അവസ്ഥയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം, അതിന്റെ ശരിതെറ്റുകൾക്ക് വിപുലമായ രാഷ്ട്രീയമാനം നൽകുന്നുണ്ട്.

സ്വതന്ത്രമായ തെരഞ്ഞെടുപ്പല്ല മതത്തിനുള്ളിലെ സ്ത്രീകളുടേത്. മതത്തിന്റെ നിബന്ധനകൾ സ്വാഭാവികമായ ഒന്നാണെന്ന മട്ടിൽ സ്വീകരിക്കുന്ന തരത്തിലേക്ക് പാകപ്പെടുന്നതുകൊണ്ടാണ് മഹാ ഭൂരിഭാഗം സ്ത്രീകളും ഇതിനെ അനുസരിക്കുന്നത്. ഇത്തരം മതശാസനകളിൽ നിന്ന്​ പുറത്തുവരിക എന്നത് എത്രമാത്രം കലുഷിതമായ സാമൂഹ്യജീവിതത്തിലേക്കാണ് തങ്ങളെ എടുത്തെറിയുക എന്ന അനുഭവധാരണ കണ്ടും കേട്ടും ഉള്ളതുകൊണ്ടുതന്നെ ഭൂരിപക്ഷം മനുഷ്യരും അത്തരമൊരു ഏറ്റുമുട്ടൽ ഒഴിവാക്കുകയാണ് ചെയ്യുക. എങ്ങനെയാണോ ഒരു സമഗ്രാധിപത്യ ഭരണകൂടത്തിനുകീഴിൽ ഭൂരിപക്ഷം ജനങ്ങളും ഏറെക്കാലം അടിച്ചമർത്തലുകളെ നേരിട്ട് വെല്ലുവിളിക്കാതെ ഒതുങ്ങി ജീവിച്ചുപോകാൻ ശ്രമിക്കുന്നത്, ഏതാണ്ടതേ ഭയമാണ് മതത്തിനുള്ളിലെ സ്ത്രീജീവിതങ്ങളുടെ എതിർപ്പുരാഹിത്യത്തിലും കാണാൻ കഴിയുക.

സതി നിരോധനത്തിനെതിരെയും ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുമൊക്കെ ഉയർന്ന വാദങ്ങൾ സമാനമാണ്. / Photo: Elavumthitta official, Fb

എന്നുമാത്രമല്ല ദൈവം, പരലോകം എന്നിവയുമൊക്കെയായി ബന്ധിപ്പിക്കുന്നതുകൊണ്ടും നൂറ്റാണ്ടുകളുടെ പ്രയോഗപ്പഴക്കമുള്ളതുകൊണ്ടും ഇത്തരം ആശയങ്ങളെ തങ്ങളുടെ തെരഞ്ഞെടുപ്പായി വ്യാഖ്യാനിക്കാനും വാദിക്കാനും അതിന്റെ ഇരകൾത്തന്നെ മുന്നോട്ടുവരുന്നതും ചരിത്രത്തിൽ പുതുമയല്ല. സതി സമ്പ്രദായം നിരോധിക്കുന്നതിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെയും ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ ആത്മാർത്ഥമായി തെരുവിലിറങ്ങിയ ആയിരക്കണക്കിന് സ്ത്രീകളെയും നമ്മൾ കണ്ടതാണ്. സതി നിരോധനത്തിനെതിരെയും ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുമൊക്കെ ഉയർന്ന വാദങ്ങൾ സമാനമാണ്. ഭാരതീയ ഹിന്ദു മതധാർമികതയുടെ മുകളിൽ പാശ്ചാത്യ നാഗരികതയുടെയും സംസ്‌കാരത്തിന്റെയും പാശ്ചാത്യ ആധുനികതയുടേയും കടന്നുകയറ്റമാണ് എന്നാണ് പൊതുവാദം. അതുകൊണ്ടാണ് ഭരണഘടനാ ധാർമികത എന്ന മതേതര ഭരണഘടനാ പ്രമാണമല്ല ശബരിമല വിഷയത്തിൽ പരിഗണിക്കേണ്ടതെന്നും സ്മൃതി, ശ്രുതി, വൈദിക പൗരോഹിത്യ പണ്ഡിതന്മാരാണ് അക്കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും വാദം വന്നത്. കൊളോണിയൽ ആധുനികതയുമായുള്ള തർക്കം നിലനിൽക്കുമ്പോഴും മതയാഥാസ്ഥിതികതയുടെ ജനാധിപത്യ വിരുദ്ധതയേയും സ്ത്രീവിരുദ്ധതയെയും അതുമായി കൂട്ടിക്കെട്ടുന്നത് ആത്മഹത്യാപരമാണ്.

തങ്ങളുടെ മതതെരഞ്ഞെടുപ്പുകൾക്ക് മുന്നിൽ ഭൂരിപക്ഷ ഹിന്ദുത്വരാഷ്ട്രീയം കൊണ്ടുവരുന്ന നിബന്ധനകൾ മുസ്​ലിം ജനസാമാന്യത്തിനുള്ളിൽ കൂടുതൽ അരക്ഷിതാവസ്ഥയും തങ്ങളുടെ മതബോധത്തെയും രീതികളെയും കൂടുതൽ ചേർത്തുപിടിക്കാനും പ്രതിരോധിക്കാനുമുള്ള പ്രവണതയുമുണ്ടാക്കും. ഇത് സംഘപരിവാറിനുമറിയാം.

ഇന്ത്യയിലെ ഹിജാബ്​: എന്താണ്​ മ​തേതര നിലപാട്​?

ഇറാനിലെ ഹിജാബ് കത്തിക്കൽ സമരം നടക്കുമ്പോൾ ഇന്ത്യയിൽ സുപ്രീം കോടതിയിൽ ഭരണഘടനാ ബെഞ്ച് വാദം കേൾക്കൽ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന ഒരു തർക്കം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് വിലക്കുന്ന കർണാടക സർക്കാരിന്റെ ഉത്തരവിനെതിരായ ഹർജികളാണ്. ഹിന്ദുത്വരാഷ്ട്രീയം രാജ്യത്തിന്റെ രാഷ്ട്രീയാധികാരം കയ്യാളുന്ന അവസ്ഥയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം, അതിന്റെ ശരിതെറ്റുകൾക്ക് വിപുലമായ രാഷ്ട്രീയമാനം നൽകുന്നുണ്ട്. എല്ലാത്തരം പിന്തിരിപ്പൻ മതമൂല്യങ്ങളെയും ഭൂരിപക്ഷ മതവാഴ്ചയുടെ അജണ്ടയിൽ ന്യായീകരിക്കാനും നടപ്പിലാക്കാനും തുനിയുന്ന സംഘപരിവാർ ഭരണം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കുന്നത് കാലങ്ങളായി അവർ വളർത്തിക്കൊണ്ടിരിക്കുന്ന മുസ്​ലിം അപരവത്ക്കരണത്തിന്റെ ഭാഗമായാണ്. മുസ്​ലിംകളെ ‘പൊതുസമൂഹത്തിന്റെ' ശീലങ്ങളിനിന്ന്​ വിഭിന്നമായ സമൂഹമാക്കി ചിത്രീകരിക്കുകയാണ്. ഹിജാബ് നിരോധനം പോലുള്ള നടപടികൾ ഇത്തരം വൈരുദ്ധ്യത്തെ കൂടുതൽ രൂക്ഷമാക്കും. തങ്ങളുടെ മതതെരഞ്ഞെടുപ്പുകൾക്ക് മുന്നിൽ ഭൂരിപക്ഷ ഹിന്ദുത്വരാഷ്ട്രീയം കൊണ്ടുവരുന്ന ഇത്തരം നിബന്ധനകൾ മുസ്​ലിം ജനസാമാന്യത്തിനുള്ളിൽ കൂടുതൽ അരക്ഷിതാവസ്ഥയും തങ്ങളുടെ മതബോധത്തെയും രീതികളെയും കൂടുതൽ ചേർത്തുപിടിക്കാനും പ്രതിരോധിക്കാനുമുള്ള പ്രവണതയുമുണ്ടാക്കും. ഇത് സംഘപരിവാറിനുമറിയാം. എത്രത്തോളം യാഥാസ്ഥിതികമാകുന്നുവോ, മുസ്​ലിം സമൂഹത്തിനോട് അത്രത്തോളം അപരവത്ക്കരണവും ശത്രുനിർമാണവും സാധ്യമാകും എന്ന കുടില അജണ്ടയും അവർക്കുണ്ട്.

ഹിജാബ് ധരിക്കാനുള്ള മുസ്​ലിം വിദ്യാർത്ഥിനികളുടെ സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന പൗരർക്ക്​ നൽകുന്ന മൗലികാവകാശങ്ങളുടെ വ്യാഖ്യാനത്തിനുള്ളിൽ വരുന്നതാണ്. അത് മതത്തിന്റെ പ്രശ്‌നമല്ല, മതേതര ജനാധിപത്യ ഭരണഘടനയുടെ അടിസ്ഥാന പ്രമാണമായിരിക്കേണ്ടതാണ്.

അപ്പോൾ എങ്ങനെയാണ് ഇന്ത്യയിൽ ഹിജാബ് പ്രശ്‌നത്തിൽ മതേതര നിലപാടെടുക്കുക? ഇന്ത്യയിൽ ഹിന്ദുത്വ ഫാസിസ്റ്റ്- കോർപ്പറേറ്റ് ഭരണകൂടം അടിച്ചമർത്തുന്നത് ഹിജാബ് മാത്രമല്ല. വ്യാപക രീതിയിൽ എല്ലാത്തരം ജനകീയ പ്രതിഷേധങ്ങളെയും അത് അടിച്ചമർത്തുന്നുണ്ട്. മുസ്​ലിംകളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ഏറ്റവുമൊടുവിൽ ഡൽഹിയിൽ നടന്നപോലുള്ള കലാപങ്ങളിലൂടെ നിരന്തരമായ അസ്തിത്വ ആശങ്കകളിലേക്ക് വലിച്ചെറിയുകയും ചെയ്യുമ്പോൾ മനുഷ്യാവകാശ, സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകരെ വേട്ടയാടുകയും തുറുങ്കിലടക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ വിശാലമായ ജനാധിപത്യവിരുദ്ധ അടിച്ചമർത്തലിന്റെ ഭാഗമാണ് മുസ്​ലിം പെൺകുട്ടികൾ ഹിജാബ് ധരിച്ച്​വിദ്യാഭ്യാസസ്ഥാപനങ്ങളിൽ എത്തരുതെന്ന കർണാടകയിലെ ബി. ജെ. പി സർക്കാർ ഉത്തരവ്.

കർണാടക സ്കൂളുകളിലെ ഹിജാബ് വിലക്കിനെതിരെ ഹിജാബ് ധരിച്ചെത്തി പ്രതിഷേധിയ്ക്കുന്ന വിദ്യാർഥികൾ

രണ്ടുതരത്തിൽ ഇതിനോട്​ എതിർപ്പുയർത്തുന്നുണ്ട്. ഒന്ന്; ഇത് ഇസ്​ലാമിന്റെ ‘അവശ്യ മതാനുശീലന'മാണ് (essential religious practices) എന്ന വാദം. മറ്റൊന്ന്, ഇത് അഭിപ്രായസ്വാതന്ത്ര്യത്തിനും ജീവിക്കാനുമുള്ള അവകാശത്തിൽപ്പെട്ട പൗരരുടെ തെരഞ്ഞെടുപ്പാണ് എന്ന വാദം. ആദ്യത്തേത് മതസ്വാതന്ത്ര്യവുമായി ചേർത്തുകൂടി വായിക്കാം. ഹിജാബ് മുസ്​ലിം സ്ത്രീയുടെ തെരഞ്ഞെടുപ്പാണ്, മതം അടിച്ചൽപ്പിക്കുന്നതല്ല എന്നും ഹിജാബ് ധരിക്കാത്തതുകൊണ്ട് ആരും ഇസ്​ലാമിന് പുറത്താകുന്നില്ല എന്നുമുള്ള വാദമുണ്ടെങ്കിൽ, അത് തെളിയിക്കാൻ കഴിഞ്ഞാൽ അവശ്യ മതാനുശീലനമാണ് എന്ന വാദം തള്ളിപ്പോകാം. എന്നാൽ പൗരരുടെ അഭിപ്രായസ്വാതന്ത്ര്യം, വസ്ത്രം, ജീവിതരീതി എന്നിവയൊക്കെ തെരഞ്ഞെടുക്കാനുള്ള മൗലികാവകാശത്തെ എങ്ങനെയാണ് അത് സമൂഹത്തിന്റെ പൊതുക്രമത്തിനെ തകരാറിലാക്കാത്തിടത്തോളം ഭരണകൂടത്തിന് നിയന്തിക്കാനാവുക എന്ന ചോദ്യം നിലനിൽക്കും. അതുകൊണ്ടുതന്നെ ഹിജാബ് ധരിക്കാനുള്ള മുസ്​ലിം വിദ്യാർത്ഥിനികളുടെ സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന പൗരർക്ക്​ നൽകുന്ന മൗലികാവകാശങ്ങളുടെ വ്യാഖ്യാനത്തിനുള്ളിൽ വരുന്നതാണ്. അത് മതത്തിന്റെ പ്രശ്‌നമല്ല, മതേതര ജനാധിപത്യ ഭരണഘടനയുടെ അടിസ്ഥാന പ്രമാണമായിരിക്കേണ്ടതാണ്. അങ്ങനെയായിരിക്കും ഈ വിഷയത്തിലെ സുപ്രീംകോടതി വിധി എന്നു പ്രതീക്ഷിക്കാം.

വസ്ത്രധാരണരീതികൾ ലോകമെമ്പാടും പലതരം സ്വാധീനങ്ങളിലൂടെയാണ് വികസിച്ചുവന്നിട്ടുള്ളത്. അതിലൊന്നുമാത്രമാണ് മതം. ഓരോ ഭൂപ്രദേശത്തെയും കാലാവസ്ഥ, ആ നാടുകളുടെ പുറംലോക ബന്ധം, കൊളോണിയൽ അധിനിവേശങ്ങൾ, സാംസ്‌കാരിക മുന്നേറ്റങ്ങൾ അങ്ങനെയങ്ങനെ നിരവധി ഘടകങ്ങൾ അതിലുണ്ട്. അതുകൊണ്ടുതന്നെ ഒരു ആഗോള പൊതുമാനകം വസ്ത്രധാരണത്തിനുണ്ടാകേണ്ട കാര്യമൊന്നുമില്ല. തലയിൽ തട്ടമിടുന്ന വസ്ത്രധാരണരീതി പ്രാകൃതമാകുന്നുമില്ല. എന്നാൽ, മതത്തിന്റെയും പുരുഷാധിപത്യത്തിന്റെയും ഭാഗമായി സ്ത്രീകൾ ശരീരഭാഗങ്ങൾ മറയ്ക്കണമെന്നും മുടി പുറത്തുകാണരുതെന്നും ശരീരഭാഗങ്ങളും അഴകളവുകളും പുറത്തുകാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്നുമൊക്കെ നിബന്ധനകൾ പുറപ്പെടുവിക്കുമ്പോൾ അത് സാംസ്‌കാരിക- സാമൂഹ്യ വൈവിധ്യത്തിന്റെ ഭാഗമായി അംഗീകരിക്കേണ്ടതില്ല. തകർത്തുകളയേണ്ട മതപൗരോഹിത്യത്തിന്റെയും പുരുഷാധിപത്യ സമൂഹത്തിന്റെയും കോട്ടവാതിലുകളിലെ കൂറ്റൻ താഴുകളായാണ് അവയെ കാണേണ്ടത്.

സ്ത്രീശരീരത്തെ എങ്ങനെയാണോ മതം നിയന്ത്രിക്കുന്നത് അതിന്റെ നിറം മാറ്റിയ സമാനയുക്തിയിലാണ് സംഘപരിവാർ ഹിജാബ് നിരോധനം നടപ്പാക്കുന്നത്.

ഇറാനിലെ ഹിജാബ് വിരുദ്ധ സമരം ലോകത്തെങ്ങുമുള്ള സ്ത്രീപക്ഷ സമരപോരാട്ടങ്ങളിലെ നിർണായകമായ മറ്റൊരേടാണ്. അത് ഉടനടി വിജയിക്കാൻ സാധ്യതയില്ലെങ്കിലും ആത്യന്തികമായി ജനാധിപത്യവിരുദ്ധമായ ഇറാനിലെ ഇസ്​ലാമിക റിപ്പബ്ലിക്കിനെ ദുർബലമാക്കുകതന്നെ ചെയ്യും. ഇന്ത്യയിൽ മുസ്​ലിം വിദ്യാർത്ഥിനികൾക്ക് ഹിജാബ് ധരിക്കാൻ വിലക്കേർപ്പെടുത്തുന്ന സംഘപരിവാർ ഭരണകൂടത്തിനെതിരായ സമരവും സ്ത്രീപക്ഷ പോരാട്ടമാണ്, ജനാധിപത്യ പൗരാവകാശ പോരാട്ടമാണ്. സ്ത്രീശരീരത്തെ എങ്ങനെയാണോ മതം നിയന്ത്രിക്കുന്നത് അതിന്റെ നിറം മാറ്റിയ സമാനയുക്തിയിലാണ് സംഘപരിവാർ ഹിജാബ് നിരോധനം നടപ്പാക്കുന്നത്. ഹിജാബ് ധരിക്കാനുള്ള പൗരാവകാശം ഹിജാബ് ധരിപ്പിക്കാനുള്ള മതപൗരോഹിത്യത്തിന്റെ പുരുഷാധിപത്യ അധികാരത്തിനുള്ള സമ്മതിപത്രമല്ല എന്നതാണ് സ്ത്രീപക്ഷ രാഷ്ട്രീയം. ▮


ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 96-ൽ പ്രസിദ്ധീകരിച്ചത്.

Comments