കേരള വഖഫ് ബോർഡ്

ഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള കേരള സർക്കാരിന്റെ തീരുമാനം മുസ്‌ലിം സമുദായത്തിനകത്ത് വിവിധ തലങ്ങളിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കും. കേരളത്തിലെ സുന്നി സംഘടനകളുടെ ദീർഘ കാലത്തെ ആവശ്യമാണ് ഇതിലൂടെ നടപ്പിലാക്കപ്പെടുന്നത്. കേരളത്തിലെ വഖഫ് ബോർഡിന്റെയും വഖഫ് സ്വത്തുക്കളുടെയും സൂക്ഷ്മ ചരിത്രം അറിയുന്നവരെ സംബന്ധിച്ച്​ ചരിത്രപരമായ തീരുമാനം എന്നു തന്നെ വേണം ഈ നീക്കത്തെ വിശേഷിപ്പിക്കാൻ.

കേരളത്തിലെ വഖഫ് സ്വത്തുക്കളിൽ 99 ശതമാനവും സുന്നികളുടെതാണ്. എന്നാൽ അതിന്റെ കൈകാര്യ കർത്താക്കൾ സലഫികളായി മാറി. വഖഫ് ബോർഡിൽ നടന്ന നിയമന അട്ടിമറികളാണ് ഇതിനു വഴിയൊരുക്കിയത്. വിവിധ ആവശ്യങ്ങൾക്ക്​ മുസ്‌ലിംകൾ അവരുടെ സമ്പത്തിന്റെ ഒരു ഭാഗം, അല്ലെങ്കിൽ മുഴുവനും തന്നെയും, സമുദായത്തിന്റെ പൊതു ആവശ്യങ്ങൾക്ക് നീക്കി വെക്കുന്ന സമ്പ്രദായമാണല്ലോ വഖഫ്. വഖഫ് ചെയ്ത ആളുകളുടെ ഉദ്ദേശ്യ ലക്ഷ്യത്തിൽ നിന്ന്​ വിഭിന്നമായി ഈ വക സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ പാടില്ല എന്നതാണ് ഇസ്‌ലാമിക നിയമം. ആ അടിസ്ഥാന തത്വം ലംഘിച്ചായിരുന്നു കേരള വഖഫ് ബോർഡ് പലപ്പോഴും പ്രവർത്തിച്ചത്.

വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുക, അനർഹമായി കൈകാര്യം ചെയ്യപ്പെടുക, വഖഫ് സംബന്ധിച്ച നിയമ പ്രശ്നങ്ങളിലും തർക്കങ്ങളിലും നീതി നിഷേധിക്കപ്പെടുക തുടങ്ങിയവ പതിവായി മാറി. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ താല്പര്യങ്ങളും സലഫികളുടെ മതകീയ താല്പര്യങ്ങളും വഖഫ് ബോർഡിൽ ഒത്തൊരുമിച്ചു പ്രവർത്തിച്ചപ്പോൾ ആണ് ഇത് സംഭവിച്ചത്. മുസ്‌ലിം ലീഗിന്റെ ഭരണ കാലങ്ങളിൽ വഖഫ് ബോർഡിൽ നടന്ന രാഷ്ട്രീയ നിയമങ്ങളാണ് ഈ അനീതിയുടെ നട്ടെല്ലായി പ്രവർത്തിച്ചത്. രാഷ്ട്രീയ നേതൃത്വം ഇച്​ഛിക്കുന്നതിലും അപ്പുറം കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന ഒരു വലിയ ഉദ്യോഗസ്ഥ വൃന്ദം തന്നെ ഇതുവഴി വഖഫ് ബോർഡിൽ സ്ഥാപന വത്കരിക്കപ്പെട്ടു. കേരളത്തിലെ സലഫികൾക്കിടയിൽ നിന്നുള്ളവരായിരുന്നു ഈ ഉദ്യോഗസ്ഥ കൂട്ടായമയിലെ തൊണ്ണൂറു ശതമാനവും. സലഫികളും മുസ്​ലിം ലീഗും സംയുക്തമായി കൊണ്ടുപോകുന്ന ഒരു സംരംഭം ആയി വഖഫ് ബോർഡ് മാറി. സമുദായത്തിന്റെ പൊതു നന്മയും വികസനവും, പ്രത്യേകിച്ചും വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കി സ്ഥാപിച്ച വഖഫ് സ്വത്തുക്കൾ മുസ്‌ലിംകൾക്കിടയിലേ കക്ഷി രാഷ്ട്രീയ തർക്കങ്ങളുടെ ഭാഗമായി കൈകാര്യം ചെയ്യപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി.

പാളയത്തെ മുഹ്‌യുദ്ദീൻ പള്ളി / Photo: Google Maps

പരമ്പരാഗത സുന്നി മുസ്​ലിംകളുടെ സ്ഥാപനങ്ങളും സ്വത്തുക്കളും കുതന്ത്രങ്ങളിലൂടെയും വ്യാജ രേഖകൾ ചമച്ചും തട്ടിയെടുക്കാൻ വഴിയൊരുക്കിയത് വഖഫ് ബോർഡിൽ രാഷ്ട്രീയ നിയമനം നേടിയ ഉദ്യോഗസ്ഥ ലോബിയാണ്. കോഴിക്കോട് നഗര പരിധിയിൽ മാത്രം 20 പള്ളികൾ സലഫികൾ ഇങ്ങനെ തട്ടിയെടുത്തിട്ടുണ്ട്. സലഫികൾ എതിർക്കുന്ന സൂഫീ പ്രമുഖരായ മുഹ്‌യുദ്ദീൻ ശൈഖിന്റെ പേരിലുള്ള പാളയത്തെ മുഹ്‌യുദ്ദീൻ പള്ളിയും ശാദുലി ഇമാമിന്റെ പേരിലുള്ള ശാദുലി പള്ളിയും സലഫികളുടെ കൈയിൽ എത്തിപ്പെട്ടത് ഇതിന്റെ മികച്ച ഉദാഹരണമാണ്. ഈ അവസ്ഥക്ക് മാറ്റം വരാൻ പുതിയ തീരുമാനം സഹായകമാകും.

പി.എസ്.സി. നിയമനം വഴി സമുദായത്തിലെ കഴിവുള്ള ഉദ്യോഗാർത്ഥികൾ തൊഴിൽ മേഖലയിൽ എത്തിപ്പെടും. രാഷ്ട്രീയ നിയമനങ്ങൾ കാരണം കഴിവുള്ളവർക്ക് അവസരം നിഷേധിക്കപ്പെട്ട സ്ഥിതി മാറുന്നത് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ പേർക്ക് തൊഴിൽ അവസരം ഉണ്ടാകാനും അതുവഴി സമുദായത്തിന്റെ പൊതു താൽപര്യങ്ങൾ കൂടുതൽ സംരക്ഷിക്കപ്പെടാനും സഹായകമാകും. വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ജനാധിപത്യവത്കരിക്കുകയും പ്രവർത്തനങ്ങൾ സുതാര്യതമാക്കുകയും ചെയ്യും. പി എസ് സിക്ക്​ വിടുമ്പോൾ മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവരെ മാത്രമേ നിയമിക്കൂ എന്നതിനാൽ സമുദായത്തിന് ഒരു നഷ്ടവും സംഭവിക്കുന്നുമില്ല. കേരളത്തിലെ മുസ്‌ലിംകൾക്കിടയിലേ കക്ഷി രാഷ്ട്രീയ തർക്കങ്ങളുടെ ഭാഗമായി വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യപ്പെടുന്ന സ്ഥിതി മാറണം. അതിനു സർക്കാരിന്റെ പുതിയ നീക്കം സഹായകമാകും.

Comments