വഖഫ് ബോർഡിലേക്ക്​ പി.എസ്​.സി; എന്തിന്​ യോജിപ്പ്​? എന്തിന്​ വിയോജിപ്പ്​?

വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള ബിൽ സർക്കാർ പാസാക്കിയതോടെ അനുകൂലവും പ്രതികൂലവുമായ വാദങ്ങളുയരുകയാണ്​. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് മുസ്‌ലിംലീഗ് വാദിക്കുമ്പോൾ സമുദായത്തിന്റെ പൊതു താൽപര്യങ്ങൾ സംരക്ഷിക്കാൻ സഹായകമാകുമെന്നാണ് എ.പി.വിഭാഗം സുന്നികൾ പറയുന്നത്​. ​ദേവസ്വം ബോർഡ്​ നിയമനങ്ങൾ പി.എസ്​.സിക്ക്​ വിടാത്ത സർക്കാർ നടപടിയും ചർച്ചയാകുന്നുണ്ട്​

ഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള ബിൽ കേരള സർക്കാർ നിയമസഭയിൽ പാസാക്കിയതോടെ അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ ഉയരുകയാണ്. 112 തസ്തികകളിലേക്ക് മാത്രമാണ് നിയമനമെങ്കിലും ദൂരവ്യാപക പ്രത്യാഘാതം ഇതുണ്ടാക്കുമെന്ന് മുസ്‌ലിംലീഗ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും നിയമനങ്ങൾ പി.എസ്.എസിക്ക് വിടുന്നത് വഴി ബോർഡിന്റെ പ്രവർത്തനം സുതാര്യവും ശാസ്ത്രീയവുമാകുമെന്ന് സർക്കാറും ഉറപ്പിച്ചുപറയുന്നു.

വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്ന 2021ലെ കേരള പബ്ലിക് സർവിസ് കമീഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവിസുകൾ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ബില്ലാണ്​ നിയമസഭ പാസാക്കിയത്. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. നിയമനം പി എസ് സിക്ക് വിടാൻ ഒന്നാം പിണറായി സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു. ഈ ഓർഡിനൻസിന് പകരമുള്ള ബില്ലാണ് പാസാക്കിയിരിക്കുന്നത്.

വഖഫ് ബോർഡ് ചെയ്യുന്നത്​

ഗവൺമെന്റിനു കീഴിലുള്ള ഒരു സ്റ്റാറ്റ്യൂറ്ററി സ്ഥാപനമാണ് വഖഫ് ബോർഡ്. 1995 ലെ കേന്ദ്ര വഖഫ് നിയമ പ്രകാരം കേരള സർക്കാർ രൂപീകരിച്ച സ്ഥാപനമാണ് കേരള സ്റ്റേറ്റ് വഖഫ് ബോർഡ്. 1954-ൽ ഇന്ത്യ ഗവൺമെൻറ്​ രൂപം നൽകിയ കേന്ദ്ര വഖഫ് ആക്റ്റ് അനുസരിച്ചാണ് രാജ്യത്തെ വഖഫ് ബോർഡുകൾ രൂപീകരിച്ചത്. സംസ്ഥാനത്തെ മുസ്‌ലിം പള്ളികൾ, അനാഥാലയങ്ങൾ, ദർഗകൾ, വസ്തുക്കൾ തുടങ്ങിയ വഖഫ് സ്ഥാപനങ്ങളുടെയും സ്ഥാവരജംഗമ വസ്തുക്കളുടെയും പൊതുവായ മേൽനോട്ടം, വഖഫ് സ്വത്തുക്കളുടെ വിശദമായ രേഖകൾ സൂക്ഷിക്കുക, അവയുടെ ആദായം നിശ്ചിത ഉദ്ദേശ്യലക്ഷ്യങ്ങൾക്കു മാത്രമാണ് ചെലവിടുന്നതെന്ന് ഉറപ്പുവരുത്തുക, കോടതി നടപടികളിൽ ഭാഗമാക്കുക, നിർബന്ധിത സാഹചര്യങ്ങളിൽ മേൽനോട്ടക്കാരെ മാറ്റുക തുടങ്ങിയ കർത്തവ്യങ്ങളാണ് വഖഫ് ബോർഡ് നിർവഹിക്കുന്നത്.

വഖഫ് നിയമം അനുശാസിക്കുന്നപ്രകാരം വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട ആറ് പേരും നാമനിർദേശം ചെയ്യപ്പെട്ട നാല് പേരും ഉൾപ്പെടുന്നതാണ് വഖഫ് ബോർഡിന്റെ ഭരണസമിതി. അഞ്ചുവർഷമാണ് അംഗങ്ങളുടെ കാലാവധി. ബോർഡ്​ അധ്യക്ഷനെ അംഗങ്ങളാണ് തെരഞ്ഞെടുക്കുന്നത്. വഖഫ് സ്വത്തുക്കൾ മുസ്‌ലിം സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ വിശ്വാസ - ആചാര അനുഷ്ഠാനങ്ങൾക്കനുസൃതമായി നിയന്ത്രിക്കാൻ ബോർഡ് ബാധ്യസ്ഥമാണ്.

ഒമ്പത് പേരുടെ സംഘമാണ് വഖഫ് ബോർഡ്​ ഭരണം നടത്തുന്നത്. ചെയർമാനെ കൂടാതെ മറ്റ് അംഗങ്ങളിൽ രണ്ടു പേർ നിയമസഭയിലേക്കും പാർലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ട എംഎൽഎ, എംപിമാരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഇസ്​ലാം വിശ്വാസിയായ ഒരു എം.എൽ.എയും ഒരു എം.പിയുമായിരിക്കും. ഹൈക്കോടതിയിലെ ബാർ കൗൺസിലിൽ നിന്ന്​തെരഞ്ഞെടുക്കപ്പെടുന്ന ഇസ്​ലാം വിശ്വാസിയായ ഒരു അഭിഭാഷകൻ, ഒരു ലക്ഷം രൂപ വരുമാനമുള്ള മഹല്ലുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് മുത്തവല്ലിമാർ, ശരീയത്ത് നിയമം അറിയുന്ന സമൂഹിക പ്രവർത്തകരായ രണ്ടു പേർ, ഒരു ഗവൺമെൻറ്​ സെക്രട്ടറി എന്നിവരാണ് വഖഫ് ബോർഡിലെ ഒമ്പതു പേർ. അവസാനത്തെ മൂന്നു പേരെ സർക്കാരാണ് നോമിനേറ്റ് ചെയ്യുന്നത്. വഖഫ് ചെയ്ത വസ്തുവിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിലനിർത്തിക്കൊണ്ട് സ്വത്ത് സംരക്ഷിക്കുകയാണ് വഖഫിന്റെ പ്രധാന ചുമതല.

വഖഫിന്റെ സ്വഭാവമുള്ള എല്ലാ സ്ഥാപനങ്ങളും സംസ്ഥാന വഖഫ് ബോർഡുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. രജിസ്റ്റർ ചെയ്യാതിരുന്നാൽ ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഒരു പ്രോപ്പർട്ടി അള്ളാഹുവിന് സമർപ്പിക്കുകയാണെങ്കിൽ അത് രജിസ്റ്റർ ചെയ്യേണ്ടതാണ്.

വഖഫ് സ്വത്തുക്കൾ വിൽക്കാൻ ബോർഡിന് അധികാരമില്ല. കാരണം അത് ‘ദൈവത്തിന് സമർപ്പിച്ച’താണ്. അവ സംരക്ഷിക്കാനാണ് ബോർഡ്. വഖഫ് സ്വത്തുക്കളിൽ ഓഡിറ്റ് നടത്തി കണക്കുകൾ കൃത്യമായി സൂക്ഷിക്കേണ്ടതും അതിൽ എന്തെങ്കിലും വിധത്തിൽ അഴിമതി കണ്ടാൽ നടപടി സ്വീകരിക്കാനും വഖഫിന് അധികാരമുണ്ട്.

വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്ന 2021ലെ കേരള പബ്ലിക് സർവിസ് കമീഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവിസുകൾ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ബില്ലിൽ നിന്ന്.

സംസ്ഥാന വഖഫ് ബോർഡിൽ കേന്ദ്രത്തിന് കാര്യമായ റോളില്ല. കേന്ദ്ര അപക്‌സ് ബോഡിയാണ് സെൻട്രൽ വഖഫ് കൗൺസിൽ. അതിന്റെ എക്​സ്​ ഒഫീഷ്യോ ചെയർമാൻ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ആണ്. എല്ലാ സംസ്ഥാന വഖഫ് ബോർഡുകളെയും നിയന്ത്രിക്കുന്നത് കേന്ദ്ര അപക്‌സ് ബോഡിയാണ്. വഖഫ് ബോർഡുകളുടെ പ്രവർത്തനത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ടുണ്ടാക്കി നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് അയച്ചുകൊടുക്കാൻ അധികാരമുണ്ട്.

രാജ്യത്തെ മൂന്നാമത്തെ വലിയ ഭൂ ഉടമ

ഇസ്‌ലാമിക രാജ്യങ്ങളിലെ മന്ത്രിസഭയിൽ അതിപ്രധാന വകുപ്പായാണ് വഖഫ് സ്വത്തുക്കളെ പരിഗണിച്ചുപോരുന്നത്. നൂറുകണക്കിന് വർഷങ്ങളുടെ ചരിത്രവും അനുദിനം വികസിച്ചു വരുന്നതുമായ വഖഫ് സ്വത്തുക്കൾ പ്രത്യേക ബോർഡുകൾക്ക് കീഴിലായാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. സംസ്ഥാനങ്ങളിൽ പ്രത്യേകമായി വഖഫ് ബോർഡുകൾ നിലനിന്നുപോരുന്നതോടൊപ്പം ഇവക്ക് മുകളിലായി കേന്ദ്ര ന്യൂനപക്ഷ വകുപ്പിന് കീഴിൽ സെൻട്രൽ വഖഫ് കൗൺസിലും പ്രവർത്തിച്ചുവരുന്നു. 2009ൽ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനായിരുന്ന കെ.റഹ്‌മാൻ ഖാൻ രാജ്യസഭയെ അറിയിച്ചത് നാലു ലക്ഷത്തോളം ഏക്കർ ഭൂമി വഖഫ് സ്വത്തുക്കളായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ്. ഇതുപ്രകാരം റെയിൽവേയും പ്രതിരോധ വകുപ്പും കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ ഭൂ ഉടമസ്ഥ വഖഫ് ബോർഡിന്റെ കൈയ്യിലാണെന്ന് സബ നഖ്‌വി ഔട്ട്‌ലുക് മാഗസിനിലെഴുതിയ ലേഖനത്തിൽ നിരീക്ഷിക്കുന്നുണ്ട്.

രാജ്യത്തെ പലസംസ്ഥാനങ്ങളിലും വഖഫ് ബോർഡുകൾ നിരന്തരം വിവാദങ്ങളിലും കോടതി വ്യവഹാരങ്ങളിലുമെത്തുമ്പോഴും കേരളത്തിൽ സുതാര്യമായും ശാസ്ത്രീയമായും വഖഫ് സ്വത്തുക്കൾ സംരക്ഷിച്ചുവരുന്നു എന്നാൽ സംസ്ഥാന വഖഫ് ബോർഡിലെ നിയമനം കൂടുതൽ കാര്യക്ഷമകേണ്ടതുണ്ട് എന്നാണ് സർക്കാർ ബില്ലിലൂടെ വ്യക്തമാക്കുന്നത്.

മുസ്​ലിം ലീഗ്​ എതിർക്കുന്നു

പുതിയ ബിൽ വഖഫ് ബോർഡിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും പി.എസ്.സിക്ക് വിടുന്നതിന് പകരം വഖഫ് ബോർഡ് റിക്രൂട്ട്മെന്റ് ബോർഡിന് രൂപം നൽകുകയാണ് വേണ്ടതെന്നുമാണ് പ്രതിപക്ഷം പറയുന്നത്. പി.എസ്.സി മുഖേനയാവുന്നതോടെ മുസ്​ലിംകൾക്ക് മാത്രം നിയമനമെന്ന നിഷ്‌കർഷത ഭാവിയിൽ നീതിപീഠങ്ങൾക്കുമുമ്പാകെ ചോദ്യംചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് ബില്ലിനെ ശക്തമായി എതിർക്കുന്ന മുസ്‌ലിം ലീഗിന്റെ വാദം.

‘‘മുസ്‌ലിം മതവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികള മാത്രമാണ് നിയമിക്കുക എന്ന് ഇടപക്ഷ സർക്കാർ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ കണ്ണിൽ പൊടിയിടാൻ വേണ്ടി ബോധപൂർവ്വ എഴുതിച്ചേർത്തതാണ്. സർക്കാറിന് കീഴിലുള്ള ഒരു സ്ഥാപനത്തിലെ തൊഴിലിന് ഒരു വിഭാഗത്തിൽ പെട്ടവർക്ക് മാത്രമായി നീക്കിവെക്കുമ്പോൾ ഭാവിയിൽ അത് കോടയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെ റദ്ദാക്കിയാൽ എല്ലാ വിഭാഗം ആളുകൾക്കും തൊഴിൽ ലഭിക്കുന്ന അവസ്ഥയുണ്ടാകും. അപ്പോൾ സ്വാഭാവികമായും ചെറിയൊരു ശതമാനം മാത്രമായിരിക്കും ബോർഡിൽ മുസ്‌ലിം വിഭാഗം ഉണ്ടാവുക. ചില ഘട്ടങ്ങളിൽ പള്ളികളിലെയും മദ്രസകളുടെയും മതസ്ഥാപനങ്ങളുടെയുമൊക്കെ നിയന്ത്രണം വഖഫ് ബോർഡ് ഏറ്റെടുക്കുന്ന ഘട്ടങ്ങളുണ്ട്. അപ്പോൾ മുസ്‌ലിംകൾ അല്ലാത്ത ഉദ്യോഗസ്ഥർക്ക് ഈ നിയന്ത്രണ ചുമതലകൾ വരും. അത് അനഭിലഷണീയമായ പ്രവണതകൾക്ക് തെറ്റിദ്ധാരണകൾക്കും വഴിവെക്കും. ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന് ഹൈക്കോടതി പറഞ്ഞത് പോലെ ഈ ബില്ലിലും അങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ന്യായമായും ഞങ്ങൾക്ക് ആശങ്കയുണ്ട്. ഭാവിയിൽ ഈ ബില്ലിന് കോടതിയിൽ തിരിച്ചടി ലഭിക്കുമെന്ന് അറഞ്ഞ് കൊണ്ട് തന്നെയാണ് സർക്കാർ ബില്ല് പാസാക്കിയിട്ടുള്ളത് എന്നുറപ്പാണ്''- മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം തിങ്കിനോട് പറഞ്ഞു.

ഒരു പ്രത്യേക മതത്തിനായി നിയമനം പി.എസ്.സി മാന്വൽ വഴി സാധ്യമല്ലായെന്ന സർവിസ് - നിയമവൃത്തങ്ങളിലെ ചട്ടം ചൂണ്ടിക്കാട്ടിയാണ് ലീഗ് ബില്ലിനെ എതിർക്കുന്നത്. തുല്യനീതിക്കും അവസര സമത്വത്തിനും വിരുദ്ധമാണ് ഇത്തരം നിയമനമെന്ന വാദം ഭാവിയിൽ ഉയർന്നുവരുവാൻ സാധ്യത വളരെയേറെയാണെന്നാണ് സംസ്ഥാന വഖഫ് ബോർഡ് അംഗം പി.വി. സൈനുദ്ദീൻ മാധ്യമത്തിലെഴുതിയ ലേഖനത്തിൽ പറയുന്നത്​. മുസ്‌ലിം പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് സച്ചാർ സമിതിയുടെ ശിപാർശയനുസരിച്ച് 100 ശതമാനവും മുസ്‌ലിംകൾക്ക് നൽകേണ്ടുന്ന സ്‌കോളർഷിപ്പ്​ ആനുകൂല്യം പാലോളി റിപ്പോർട്ട് പ്രകാരം 80-20 അനുപാതത്തിലാക്കുകയും കേരള ഹൈകോടതി അത് റദ്ദ് ചെയ്ത് 50:50 അനുപാതത്തിലാക്കിയതിന്റെ സമാന അവസ്ഥ ഇതിലും സംഭവിക്കുമെന്നുമാണ് സൈനുദ്ദീൻ പറയുന്നത്.

മുസ്‌ലിം സംഘടനകളുടെ നിലപാട്

നിയമനം പി.എസ്.സിക്ക് വിടുന്നതിൽ മുസ്‌ലിം സംഘടനകൾക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. രാഷ്ട്രീയ നിയമനങ്ങൾ വഴി കഴിവുള്ളവർക്ക് അവസരം നിഷേധിക്കപ്പെട്ട സ്ഥിതി മാറുന്നത് സമുദായത്തിന്റെ പൊതു താൽപര്യങ്ങൾ സംരക്ഷിക്കാൻ സഹായകമാകുമെന്നാണ് സമസ്​ത കേരള എസ്.വൈ.എസ്. ജനറൽ സെക്രട്ടറി ഹക്കീം അസ്ഹരി തിങ്കിനോട് പറഞ്ഞത്: ‘‘കേരളത്തിലെ സുന്നി സംഘടനകളുടെ ദീർഘ കാലത്തെ ആവശ്യമാണ് വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ് സിക്ക് വിടണം എന്നത്. കേരളത്തിലെ വഖഫ് സ്വത്തുക്കൾ 99 ശതമാനവും സുന്നികളുടെതാണ്. എന്നാൽ ഇതിന്റെ നടത്തിപ്പിന്റെ നിയന്ത്രണം നിർവ്വിക്കുന്ന വഖഫ് ബോർഡിലെ നിയമനങ്ങളിൽ സലഫികൾക്കായിരുന്നു മേൽകൈ. രാഷ്ട്രീയ നിയമനങ്ങൾ ആയിരുന്നു ഇതെല്ലാം തന്നെ. ഫലമായി സംഭവിച്ചതോ, പല വഖഫ് സ്വത്തുക്കളും സുന്നികൾക്ക് നഷ്ടപ്പെട്ടു. വഖഫ് ചെയ്ത ആളുകളുടെ ഉദ്ദേശ്യ ലക്ഷ്യത്തിൽ നിന്നും വിഭിന്നമായി വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യപ്പെടരുത് എന്നാണ് ഇസ്ലാമിക നിയമം. ആ അടിസ്ഥാന തത്വം ലംഘിച്ചാണ് പലപ്പോഴും വഖഫ് ബോർഡ് പ്രവർത്തിച്ചത്. കോഴിക്കോട്ടെ മുഹ്​യുദ്ദീൻ പള്ളിയും ശാദുലി പള്ളിയും സുന്നികൾക്ക് നഷ്ടപ്പെട്ടത് ഇതിന്റെ ഉദാഹരണമാണ്. ഇത്തരം ആയിരക്കണക്കിന് നഷ്ടങ്ങൾ സുന്നികൾക്ക് സംഭവിച്ചത് വഖഫ് ബോർഡിലെ രാഷ്ട്രീയ നിയമനങ്ങൾ കാരണമാണ്. ആ അവസ്ഥക്ക് മാറ്റം വരാൻ പുതിയ തീരുമാനം സഹായകമാകും. പി എസ് സി നിയമനം വഴി സമുദായത്തിലെ കഴിവുള്ള ഉദ്യോഗാർത്ഥി കൾ തൊഴിൽ മേഖലയിൽ എത്തിപ്പെടും. രാഷ്ട്രീയ നിയമനങ്ങൾ വഴി കഴിവുള്ളവർക്ക് അവസരം നിഷേധിക്കപ്പെട്ട സ്ഥിതി മാറുന്നത് സമുദായത്തിന്റെ പൊതു താൽപര്യങ്ങൾ സംരക്ഷിക്കാൻ സഹായകമാകും. പി എസ് സി വിടുമ്പോൾ മുസ്ലിം സമുദായത്തിൽ നിന്നുള്ളവരെ മാത്രമേ നിയമിക്കൂ എന്നതിനാൽ സമുദായത്തിന് ഒരു നഷ്ടവും സംഭവിക്കുന്നു മില്ല. കേരളത്തിലെ മുസ്ലിംകൾക്കിടയിലേ കക്ഷി രാഷ്ട്രീയ തർക്കങ്ങളുടെ ഭാഗമായി വഖഫ് സ്വത്തുക്കൾ മാറുന്ന സ്ഥിതി മാറണം. അതിനു സർക്കാരിന്റെ പുതിയ നീക്കം സഹായകമാകും എന്നാണ് പ്രതീക്ഷ’’ - ഡോ.ഹക്കിം അസ്ഹരി വ്യക്തമാക്കി.

ഡോ.ഹക്കിം അസ്ഹരി, നാസർ ഫെെസി കൂടത്തായി

നിരീശ്വരവാദി ഭരിക്കുമെന്ന്​ ഇ.കെ. വിഭാഗം

ദേവസ്വം ബോഡ് നിയമനം ഹൈന്ദവ വിശ്വാസികൾക്ക് മാത്രമാക്കിയ പോലെ വഖഫ് ബോഡ് മുസ്‌ലിംകൾക്ക്​ മാത്രമാണ്​. എന്നാൽ ദേവസ്വം ബോഡിൽ ഹൈന്ദവ നാമധാരിയായ നിരീശ്വരവാദി കടന്നുവരാതിരിക്കാൻ ബോർഡിന് ശ്രദ്ധിക്കാം. ആ അധികാരം വഖഫ് ബോർഡിന് മാത്രം എടുത്തുമാറ്റുന്നതിലൂടെ മുസ്‌ലിം പേരുള്ള (വഖഫിൽ വിശ്വാസമില്ലാത്ത) നിരീശ്വരവാദിക്കും വഖഫ് ബോഡിൽ കയറി ഭരിക്കാൻ സർക്കാർ അവസരം നൽകുകയാണെന്നാണ് ഇ.കെ.വിഭാഗം സുന്നികളുടെ നിലപാട്.

പി.എസ്.സി നിയമനത്തിൽ, ഭാവിയിൽ തുല്യതാ വാദവും ജനസംഖ്യാനുപാതികവാദവും ഉയർത്തി കോടതിയിൽ നിന്നുപോലും ഇതര സമുദായക്കാർക്കും വഖഫ് ബോഡ് ഭരിക്കാൻ വിധി ഒപ്പിച്ചെടുക്കാൻ അവസരം സർക്കാർ ഒരുക്കി കൊടുക്കുകയാണെന്നും മുസ്‌ലിംകൾക്ക് മാത്രം അവകാശപ്പെട്ട സച്ചാർ, പാലോളി പാക്കേജിലെ 100 % മുസ്‌ലിം സമുദായത്തിന്റെ അവസരത്തിന് മൈനോരിട്ടി എന്ന പൊതു നാമം നൽകിയും 80:20 അവസരം സൃഷ്ടിച്ചും സർക്കാർ ഒരുക്കി കൊടുത്തത് വഴി ഒരു വിഭാഗം ക്രൈസ്തവർ കോടതിയിലൂടെ ജനസംഖ്യാനുപാതിക ‘ന്യായം' ഒപ്പിച്ചെടുത്തത് അനുഭവമുള്ളതാണെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി തിങ്കിനോട് പറഞ്ഞു.

‘‘നൂറോളം നിയമനങ്ങൾ വരുന്ന വഖഫ് ബോഡിൽ നിയമനം പി.എസ്.സിക്ക് വിടുമ്പോൾ ആയിരത്തോളം നിയമനമുള്ള ദേവസ്വം ബോർഡ് നിയമനം പി.എസ്.സി വിടാതെ നിയമനാധികാരം ദേവസ്വം ബോഡിന് തന്നെ നൽകുന്നത്​ പ്രകടമായ അനീതിയാണ്. ദേവസ്വം ബോഡ് പി.എസ്.സിക്ക് വിടരുതെന്ന് ഹൈന്ദവ സംഘടനകൾ ആവശ്യപ്പെട്ടപ്പോൾ അതപ്പടി അംഗീകരിച്ച സർക്കാർ വഖഫ് ബോഡ് കാര്യത്തിൽ മുസ്‌ലിം സംഘടനകളുടെ ആവശ്യത്തിന് മുമ്പിൽ പുറം തിരിഞ്ഞ് നിൽക്കുന്നു. ഇന്ന് വഖഫ് ബോഡിൽ കൈവെച്ചത് കേരള സർക്കാറെന്ന മതേതര ഭരണമാണെങ്കിൽ ഇതുവഴി നാളെ ഏകതാവാദികളായ സംഘ് പരിവാർ -കേന്ദ്ര ഭരണമാവുമെന്ന് ഉറപ്പുമാണ്. അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവരെ വർഗീയമുദ്ര ചാർത്തി മുസ്‌ലിം സമുദായത്തെ മൗനികളാക്കാമെന്ന് സർക്കാർ കരുതരുത്.'' നാസർ ഫൈസി കൂടത്തായി പറഞ്ഞു.

പി.എസ്​.സി, അഡ്​മിനിസ്​ട്രേറ്റീവ്​ തസ്​തികകളിൽ മാത്രം

ബോർഡിൽ രജിസ്റ്റർ ചെയ്യുന്ന പള്ളികളിലോ മദ്രസകളിലോ ഉള്ള നിയമനം പി.എസ്.സിക്ക് കീഴിലാകുന്നില്ലെന്നും അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിലെ 112 പേരുടെ നിയമനം മാത്രമാണ് പി.എസ്.സിക്ക് വിടുന്നതെന്നും യോഗ്യരായ ആളുകളിൽ നിന്ന് മിടുക്കരെ കണ്ടെത്താനാണ് നിയമനം പിഎസ് സിക്ക് വിടുന്നതെന്നുമാണ് സർക്കാർ പറയുന്നത്.

‘‘വഖഫ് ബോർഡിലെ നിയമനങ്ങൾ വഖഫ് റെഗുലേഷൻസ് പ്രകാരം വഖഫ് ബോർഡ് തന്നെയാണ് നടത്തിയിരുന്നത്. അതിന് അധികാരം വഖഫ് ബോർഡിന് തന്നെയായിരുന്നു. ഇത് വഖഫ് ആക്ടിൽ പറയുന്നുണ്ട്. പ്രസ്തുത നിയമത്തിലെ 110ാം വകുപ്പ് പ്രകാരമാണ് വഖഫ് ബോർഡ്, സംസ്ഥാന സർക്കാറിന്റെ മുൻകൂർ അനുമതിയോടുകൂടിയും നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമായും വഖഫ് റഗുലേഷൻസ് നിർമിച്ചത്. ഈ റഗുലേഷനിൽ 2020ൽ വഖഫ് ബോർഡ് നിർദേശിച്ച ഭേദഗതിയാണ്, അഡ്മിനിസ്ട്രേറ്റിവ് തസ്തികകളിലെ എല്ലാ നിയമനങ്ങളും നടത്താൻ പി.എസ്.സിയെ ചുമതലപ്പെടുത്താം എന്നത്.'' വഖഫ് ബോർഡ് മന്ത്രി വി.അബ്ദുൽ റഹ്‌മാൻ പറയുന്നു.

നിയമസഭയിൽ പാസാക്കിയ ബില്ലിൽ പറയുന്നത് : ‘‘2016 -ലെ കേരള സംസ്ഥാന വഖഫ് ബോർഡ് റെഗുലേഷനുകളിലെ റെഗുലേഷൻ 51), സബ്-റെഗുലേഷൻ (2) പ്രകാരം, നേരിട്ടുള്ള നിയമനം നടത്തുന്ന ബോർഡിലെ ഭരണപരമായ സർവ്വീസിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും എല്ലാ നിയമനങ്ങളും, കേരള പബ്ലിക് സർവ്വീസ് കമ്മീഷന് അധിക ചുമതലകൾ വിനിയോഗിക്കുന്നതിന് വേണ്ടി ഉണ്ടാക്കുന്ന നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, നൽകുന്ന മുസ്​ലിം മതവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ സെലക്ട് ലിസ്റ്റിൽ നിന്നും നടത്തേണ്ടതാണെന്ന് വ്യവസ്ഥ ചെയ്യുന്നു. അതിനാൽ വഖഫ് ബോർഡിലെ ഭരണപരമായ സർവ്വീസുകളിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനങ്ങൾ, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നടത്തുവാനായി. പ്രസ്തുത ആവശ്യത്തിലേയ്ക്ക് ഒരു നിയമനിർമ്മാണം നടത്തുവാൻ സർക്കാർ തീരുമാനിച്ചു.''

ഈ ബില്ലിന്മേൽ കോടതിയ്ക്ക് ഏതെങ്കിലും തരത്തിൽ ഇതിൽ ഇടപെടാൻ കഴിയുമെന്ന് കരുതുന്നില്ലെന്ന് വഖഫ് ബോർഡ് ചെയർമാൻ ടി.കെ.ഹംസ തിങ്കിനോട് പറഞ്ഞു. അങ്ങനെ സാധിക്കുമെങ്കിൽ ഇത്തരമൊരു ബില്ലിന് സർക്കാർ മുൻകൈ എടുക്കില്ലെന്നും സുതാര്യവും കാര്യക്ഷമതയുമുള്ള ഒരു സ്വതന്ത്ര ബോർഡ് ഉണ്ടാവാൻ ചെയ്ത കാര്യമാണിതെന്നും ഇതിൽ മുസ്‌ലിം വിഭാഗം ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിൽ ഇല്ലെന്നും അദ്ദേഹം പറയുന്നു.

Comments