വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക്; മുസ്‌ലിം സമുദായത്തിന് നഷ്ടമല്ല, ലാഭമാണ്

പി.എസ്.സി. നിയമനം വഴി സമുദായത്തിലെ കഴിവുള്ള ഉദ്യോഗാർത്ഥികൾ തൊഴിൽ മേഖലയിൽ എത്തിപ്പെടും. രാഷ്ട്രീയ നിയമനങ്ങൾ കാരണം കഴിവുള്ളവർക്ക് അവസരം നിഷേധിക്കപ്പെട്ട സ്ഥിതി മാറുന്നത് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ പേർക്ക് തൊഴിൽ അവസരം ഉണ്ടാകാനും അതുവഴി സമുദായത്തിന്റെ പൊതു താൽപര്യങ്ങൾ കൂടുതൽ സംരക്ഷിക്കപ്പെടാനും സഹായകമാകും. വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളെ ഇത് കൂടുതൽ ജനാധിപത്യവത്കരിക്കുകയും പ്രവർത്തനങ്ങൾ സുതാര്യതമാക്കുകയും ചെയ്യും. സമസ്ത കേരളാ സുന്നി യുവജന സംഘം സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം എഴുതുന്നു.

ഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള കേരള സർക്കാരിന്റെ തീരുമാനം മുസ്‌ലിം സമുദായത്തിനകത്ത് വിവിധ തലങ്ങളിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കും. കേരളത്തിലെ സുന്നി സംഘടനകളുടെ ദീർഘ കാലത്തെ ആവശ്യമാണ് ഈ തീരുമാനത്തിലൂടെ നടപ്പിലാക്കപ്പെടുന്നത്. കേരളത്തിലെ വഖഫ് ബോർഡിന്റെയും വഖഫ് സ്വത്തുക്കളുടെയും മുസ്‌ലിം സാമുദായിക രാഷ്ട്രീയത്തിന്റെയും സൂക്ഷ്മ ചരിത്രം അറിയുന്നവരെ സംബന്ധിച്ചടുത്തോളം നിർണ്ണായകമായ മാനങ്ങൾ ഉള്ള തീരുമാനം എന്നു തന്നെ വേണം ഈ നീക്കത്തെ വിശേഷിപ്പിക്കാൻ. കാലങ്ങളോളമായി കൊട്ടിയടക്കപ്പെട്ട വഖഫ് ബോർഡിന്റെ വാതിലുകൾ കേരളാ മുസ്‌ലിംകളിലെ വലിയൊരു വിഭാഗത്തിനു മുന്നിൽ തുറക്കപ്പെടുകയാണ്. ആ അർഥത്തിൽ, ദേവസ്വം ബോർഡിൽ ഹിന്ദു സമുദായത്തിലെ പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവരെ നിയമിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനു സമാനമായ നീക്കമാണ് വഖഫ് ബോർഡിന്റെ കാര്യത്തിലും നടക്കുന്നത് എന്ന് അനുമാനിക്കാം.

മുസ്‌ലിംകൾ അവരുടെ സമ്പത്തിന്റെ ഒരു ഭാഗം, അല്ലെങ്കിൽ മുഴുവനും തന്നെയും, സമുദായത്തിന്റെ പൊതു ആവശ്യങ്ങൾക്ക് വേണ്ടി നീക്കി വെക്കുന്ന സമ്പ്രദായമാണ് വഖഫ്. ചരിത്രപരമായി തന്നെ മുസ്‌ലിംകൾ അവരുടെ മതപരവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കിയത് വഖഫ് സ്വത്തുക്കളിലൂടെയാണ്. മുസ്‌ലിം നാഗരികത വളർന്നു വികസിച്ച സമൂഹങ്ങളിൽ എല്ലാം തന്നെ അതിന്റെ അടിസ്ഥാന കാരണമായി പ്രവർത്തിച്ചത് വഖഫ് സ്വത്തുക്കൾ ആണെന്നു കാണാം. മികച്ച ലൈബ്രറികൾ, കുടിവെള്ള പദ്ധതികൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ, യാത്രികർക്ക് താമസിക്കാനുള്ള മുസാഫിർ ഖാനകൾ എല്ലാം തന്നെ സ്ഥാപിക്കപ്പെട്ടത് വഖഫിലൂടെയാണ്. ലോകത്തെ തന്നെ ആദ്യത്തെ സർവ്വകലാശാലയായി കണക്കാക്കപ്പെടുന്ന മൊറോക്കോയിലെ ഖറവിയ്യീൻ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത് ഫാഥ്വിമ അൽ ഫിഹ്രി ആണ്. വ്യാപാരിയായ തന്റെ പിതാവിൽ നിന്നും അനന്തരമായി ലഭിച്ച സ്വത്ത് വഖഫ് ചെയ്താണ് ഫാഥ്വിമ അൽ ഫിഹ്രി ആ സർവകലാശാല സ്ഥാപിച്ചത്. കോഴിക്കോട് ചാലിയത്തെ പ്രസിദ്ധമായ ലൈബ്രറിക്കു വേണ്ടി തന്റെ പുസ്തകങ്ങൾ വഖഫ് ചെയ്യുക മാത്രമല്ല അഹമ്മദ് കോയ ശാലിയാത്തി ചെയ്തത്. ആ ലൈബ്രറിയിൽ എത്തുന്ന പഠിതാക്കൾക്ക് മൂന്നു ദിവസം താമസിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യം ഏർപ്പെടുത്താനുള്ള സ്വത്ത് കൂടി വഖഫ് ചെയ്തിരുന്നു. വഖഫ് മുസ്‌ലിംകൾക്കിടയിൽ നിർവഹിക്കുന്ന സാമൂഹിക ദൗത്യത്തെ കുറിച്ച് മനസ്സിലാക്കാൻ ഈ ഉദാഹരണങ്ങൾ തന്നെ ധാരാളം.

കേരളത്തിലെ വഖഫ് സ്വത്തുക്കളിൽ 99 ശതമാനവും സുന്നികളുടെതാണ്. വഖഫ് ചെയ്ത ആളുകളുടെ ഉദ്ദേശ്യ ലക്ഷ്യത്തിൽ നിന്നും വിഭിന്നമായി ഈ വക സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ പാടില്ല എന്നതാണ് ഇസ്‌ലാമിക നിയമം. വിശ്വാസികൾ അവരുടെ പാരത്രിക മോക്ഷം ആഗ്രഹിച്ചാണ് സ്വത്തുക്കൾ പൊതു ആവശ്യങ്ങൾക്കു വേണ്ടി വഖഫ് ചെയ്യുന്നത്.

മരണപ്പെട്ടുപോയവരോടുള്ള മുസ്‌ലിംകളുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗം കൂടിയാണ് വഖഫ് സ്വത്തുക്കൾ നേരാംവിധം നോക്കി നടത്തുക എന്നത്. എന്നാൽ കേരളത്തിൽ ഈ ലക്ഷ്യം വലിയ തോതിൽ അട്ടിമറിക്കപ്പട്ടതായി കാണാം. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ വഖഫ് സ്വത്തുക്കൾ വലിയ തോതിൽ അന്യാധീനപ്പെട്ടിട്ടുണ്ട്. വിഭജനാനന്തര ഇന്ത്യയിൽ രൂപപ്പെട്ട പുതിയ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിൽ ദുർബലമായിപ്പോയ മുസ്‌ലിം സാമുദായികതയാണ് ഈ അന്യാധീനപ്പെടലിനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഡൽഹി, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കളുടെ കണക്ക് നമ്മുടെ കണ്ണു തള്ളിപ്പിക്കും. ഇതേ കുറിച്ചൊക്കെയുള്ള വിശദമായ പഠനങ്ങൾ കേന്ദ്ര വഖഫ് ബോർഡും മറ്റു പല ഏജൻസികളും പല കാലങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്നാൽ കേരളത്തിൽ സംഭവിച്ചത് മറ്റൊന്നാണ്. താരതമ്യേന പ്രബലമാണ് കേരളത്തിലെ മുസ്‌ലിം സാമുദായിക അന്തരീക്ഷം. എന്നിട്ടും കേരളത്തിലെ വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുകയും അനർഹമായി കൈകാര്യം ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായി. സമുദായത്തിനകത്തെ തന്നെ ഉൾപ്പിരിവുകളും ആ ഉൾപ്പിരിവുകളെ രാഷ്ട്രീയ ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്ത മുസ്‌ലിം സാമുദായിക രാഷ്ട്രീയത്തിന്റെ സ്വഭാവവും സമീപനങ്ങളുമാണ് ഇക്കാര്യത്തിലെ പ്രധാന കാരണമായി പ്രവർത്തിച്ചത്. സമുദായത്തിനകത്തെ രാഷ്ട്രീയവും മതപരവുമായ പോരാട്ടത്തിന്റെ വേദിയായി വഖഫ് ബോർഡും വഖഫ് സ്വത്തുക്കളും മാറി. അങ്ങിനെയാണ് കേരളത്തിലെ വഖഫ് ബോർഡിലെ പ്രധാന കൈകാര്യ കർത്താക്കളായി മുസ്‌ലിം ലീഗിലെ ഒരു വിഭാഗത്തിന്റെ സ്വാധീനം ഉപയോഗിച്ച് ബോർഡ് അംഗങ്ങളും ജീവനക്കാരും ആയി സലഫികൾ വലിയ തോതിൽ റിക്രൂട്ട് ചെയ്യപ്പെട്ടത്. വഖഫ് ബോർഡിൽ നടന്ന നിയമന അട്ടിമറികളാണ് ഇതിനു വഴിയൊരുക്കിയത്. ഇതോടെ വഖഫ് സംബന്ധിച്ച അടിസ്ഥാന ഇസ്‌ലാമിക തത്വങ്ങൾ പോലും ലംഘിക്കപ്പെട്ടു. വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുക, അനർഹമായി കൈകാര്യം ചെയ്യപ്പെടുക, വഖഫ് സംബന്ധിച്ച നിയമ പ്രശ്നങ്ങളിലും തർക്കങ്ങളിലും നീതി നിഷേധിക്കപ്പെടുക തുടങ്ങിയവ പതിവായി മാറി. സമുദായ രാഷ്ട്രീയത്തിന്റെ താല്പര്യങ്ങളും മുൻഗണനകളും സലഫികളുടെ മതകീയ താല്പര്യങ്ങളും വഖഫ് ബോർഡിൽ ഒത്തൊരുമിച്ചു പ്രവർത്തിച്ചപ്പോൾ ആണ് ഇത് സംഭവിച്ചത്. കേരളത്തിൽ അന്യാധീനപ്പെട്ടുപോയ വഖഫ് സ്വത്തുക്കളെക്കുറിച്ചുള്ള ശരിയാം വിധത്തിലുള്ള പഠനങ്ങൾ പോലും നടന്നിട്ടില്ല എന്നതാണ് വാസ്തവം. ഈ ലക്ഷ്യം മുൻനിർത്തി നിയോഗിക്കപ്പെട്ട നിസാർ കമ്മീഷൻ പോലും കാര്യങ്ങളെ സമഗ്രമായും സൂക്ഷമമായും കണ്ടുള്ള റിപ്പോർട്ട് അല്ല സമർപ്പിച്ചത്.

വിവിധ കാലങ്ങളിൽ വഖഫ് ബോർഡിൽ നടന്ന രാഷ്ട്രീയ നിയമങ്ങളാണ് ഈ അനീതിയുടെ നട്ടെല്ലായി പ്രവർത്തിച്ചത്. രാഷ്ട്രീയ നേതൃത്വം ഇച്ഛിക്കുന്നതിലും അപ്പുറം കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന ഒരു വലിയ ഉദ്യോഗസ്ഥ വൃന്ദം തന്നെ ഇതുവഴി വഖഫ് ബോർഡിൽ സ്ഥാപനവത്കരിക്കപ്പെട്ടു. കേരളത്തിലെ സലഫികൾക്കിടയിൽ നിന്നുള്ളവരായിരുന്നു ഈ ഉദ്യോഗസ്ഥ കൂട്ടായമയിലെ തൊണ്ണൂറു ശതമാനവും. സലഫികളും സാമുദായിക രാഷ്ട്രീയത്തിലെ ചില പ്രബല വിഭാഗങ്ങളും സംയുക്തമായി കൊണ്ടുപോകുന്ന ഒരു സംരംഭം ആയി വഖഫ് ബോർഡ് മാറി. അങ്ങിനെ ഒരു ഭാഗത്ത് കോടിക്കണക്കിനു രൂപയുടെ വഖഫ് സ്വത്തുക്കൾ ചില പ്രബല കുടുംബങ്ങളും ഭൂമാഫിയകളും അന്യാധീനപ്പെടുത്തിയപ്പോൾ മറുഭാഗത്ത് സമുദായത്തിന്റെ പൊതു നന്മയും വികസനവും, പ്രത്യേകിച്ചും വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കി സ്ഥാപിച്ച വഖഫ് സ്വത്തുക്കൾ മുസ്‌ലിംകൾക്കിടയിലേ കക്ഷി രാഷ്ട്രീയ തർക്കങ്ങളുടെ ഭാഗമായി കൈകാര്യം ചെയ്യപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി. മുസ്‌ലിം ലീഗിലെ പിളർപ്പിന്റെ കാലത്ത് സുന്നികളുടെ നോമിനിയായി ആദ്യമായി അക്കാലത്തെ സമസ്ത ജനറൽ സെക്രട്ടറി ഇ.കെ. അബൂബക്കർ മുസ്‌ലിയാർ വഖഫ് ബോർഡിൽ അംഗമായപ്പോൾ അദ്ദേഹത്തിന്റെ അംഗത്വത്തെ പരിഹസിച്ചു കൊണ്ട് അക്കാലത്ത് ചന്ദ്രിക, മാപ്പിള നാട് തുടങ്ങിയ മുസ്‌ലിം ലീഗ് പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി വാർത്തകൾ വരാറുണ്ടായിരുന്നു.

ഇ.കെ. അബൂബക്കർ മുസ്‌ലിയാർ.

പരമ്പരാഗത സുന്നി മുസ്‌ലിംകളുടെ സ്ഥാപനങ്ങളും സ്വത്തുക്കളും കുതന്ത്രങ്ങളിലൂടെയും വ്യാജ രേഖകൾ ചമച്ചും തട്ടിയെടുക്കാൻ വഴിയൊരുക്കിയത് വഖഫ് ബോർഡിൽ രാഷ്ട്രീയ നിയമനം നേടിയ ഉദ്യോഗസ്ഥ ലോബിയാണ്. സുന്നികളുടെ വഖഫ് സ്വത്തുക്കൾ സലഫികൾക്ക് തീറെഴുതിക്കൊടുക്കാനുള്ള സംവിധാനമായി വഖഫ് ബോർഡ് മാറി. നിയമ പോരാട്ടങ്ങളിൽ ഏകപക്ഷീയമായ നിലപാടുകൾ സ്വീകരിച്ചു. കോഴിക്കോട് നഗര പരിധിയിൽ മാത്രം 20 ലധികം പള്ളികൾ സലഫികൾ ഇങ്ങിനെ തട്ടിയെടുത്തിട്ടുണ്ട്. എല്ലാം സുന്നികൾ വഖഫ് ചെയ്തവ. സലഫികൾ എതിർക്കുന്ന സൂഫീ പ്രമുഖരായ മുഹ്‌യദ്ധീൻ ശൈഖിന്റെ പേരിലുള്ള പാളയത്തെ മുഹ്‌യദ്ധീൻ പള്ളിയും ശാദുലി പള്ളിയും സലഫികളുടെ കൈയിൽ എത്തിപ്പെട്ടത് ഇത്തരം രാഷ്ട്രീയ താല്പര്യങ്ങളിലൂടെയാണ്. ചരിത്രപരമായ ഇത്തരം ദുര്യോഗങ്ങൾക്കു മാറ്റം വരാൻ സർക്കാരിന്റെ പുതിയ തീരുമാനം സഹായകമാകും.

പി .എസ്.സി. നിയമനം വഴി സമുദായത്തിലെ കഴിവുള്ള ഉദ്യോഗാർത്ഥികൾ തൊഴിൽ മേഖലയിൽ എത്തിപ്പെടും. രാഷ്ട്രീയ നിയമനങ്ങൾ കാരണം കഴിവുള്ളവർക്ക് അവസരം നിഷേധിക്കപ്പെട്ട സ്ഥിതി മാറുന്നത് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ പേർക്ക് തൊഴിൽ അവസരം ഉണ്ടാകാനും അതുവഴി സമുദായത്തിന്റെ പൊതു താൽപര്യങ്ങൾ കൂടുതൽ സംരക്ഷിക്കപ്പെടാനും സഹായകമാകും. വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളെ ഇത് കൂടുതൽ ജനാധിപത്യവത്കരിക്കുകയും പ്രവർത്തനങ്ങൾ സുതാര്യതമാക്കുകയും ചെയ്യും. നിരീശ്വരവാദികളായ കാനേഷുമാരി മുസ്‌ലിംകൾ വഖഫ് സ്വത്ത് കൈകാര്യം ചെയ്യുന്ന സ്ഥിതി സംജാതമാകില്ലേ എന്നാണു ഈ നീക്കത്തെ വിമർശിക്കുന്നവർ ചോദിക്കുന്നത്. മഖാമുകളും മറ്റും അടങ്ങുന്ന വഖഫ് സ്വത്തുക്കളുടെ കൈകാര്യ കർത്താക്കളായി സലഫികളെ നിയമിച്ചവർ ആണ് ഈ സംശയം ഉന്നയിക്കുന്നത് എന്നതാണ് വിരോധാഭാസം. ഒരു കാലത്ത് സുന്നികളുടെ വഖഫ് സ്ഥാപനങ്ങൾ ബോർഡിൽ രജിസ്റ്റർ ചെയ്യാൻ പോലും അനുവദിച്ചിരുന്നില്ല എന്ന കാര്യവും ഓർക്കണം.

പി.എസ്.സി. വിടുമ്പോൾ മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവരെ മാത്രമേ നിയമിക്കൂ എന്നതിനാൽ സമുദായത്തിന് ഒരു നഷ്ടവും സംഭവിക്കുന്നുമില്ല. അതുറപ്പുവരുത്താൻ കഴിയുന്ന നിർദേശങ്ങൾ പുതിയ ബില്ലിൽ ഉണ്ട്. കേരളത്തിലെ മുസ്‌ലിംകൾക്കിടയിലേ കക്ഷി രാഷ്ട്രീയ തർക്കങ്ങളുടെ ഭാഗമായി വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യപ്പെടുന്ന സ്ഥിതി മാറണം. അതിനു സർക്കാരിന്റെ പുതിയ നീക്കം സഹായകമാകും. കേരളത്തിലെ മുസ്‌ലിം സൂക്ഷ്മ രാഷ്ട്രീയത്തിൽ ഈ നീക്കത്തിനു വലിയ അനുരണങ്ങൾ ഉണ്ടാകും. ആ അനുരണങ്ങൾ ഈ സമുദായത്തിന്റെ പൊതു താല്പര്യങ്ങളെ സ്വാധീനിക്കുകയും ഗുണപരമായ മാറ്റങ്ങൾ സാധ്യമാക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കാം.

സമുദായത്തിന്റെ പൊതു താല്പര്യങ്ങളെയും വാഖിഫുകളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെയും മുൻ നിർത്തി വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന സ്ഥിതി വിശേഷം ഉണ്ടാകാൻ പി.എസ്.സി. നിയമനങ്ങൾ സഹായിക്കും. രാഷ്ട്രീയ താല്പര്യങ്ങളും വഖഫ് സ്വത്തുക്കളിൽ കച്ചവട കണ്ണുള്ളവരും സുന്നികളുടെ അധ്വാനവും സമ്പത്തും ചുളുവിൽ അടിച്ചുമാറ്റാൻ തക്കം പാർത്തിരിക്കുന്നവരും മാത്രമേ പുതിയ നീക്കത്തെ എതിർക്കുകയുള്ളൂ.

Comments