ക്ഷേത്രവളപ്പിൽ​ മുസ്​ലിംകളെ വിലക്കുന്നതിനു പുറകിലെ യാഥാർഥ്യം ഇതാണ്​...

അങ്ങനെയാണ് കാവ് ക്ഷേത്രമായതും, മുസ്‌ലിം വില്ലനായതും, ആരാധനാ സ്വാതന്ത്യത്തിനും വഴിനടക്കലിനും സമരം ചെയ്തവർ പോലും യാതൊരു ഉളുപ്പുമില്ലാതെ ഇങ്ങനെ ഒരു ബോർഡെഴുതി ദേവസ്ഥാനത്ത് തൂക്കിയിട്ടതും- ക്ഷേത്രത്തിനുമുന്നിലെ മുസ്​ലിം വിരുദ്ധ ബോർഡിനുപുറകിലെ വസ്​തുത അന്വേഷിക്കുകയാണ്​ എഴുത്തുകാരനും നോവലിസ്​റ്റുമായ രാജേഷ്​ കിഴിശ്ശേരി

‘ഉത്സവകാലങ്ങളിൽ മുസ്​ലിംകൾക്ക്​ ക്ഷേത്രവളപ്പിൽ പ്ര​വേശനമില്ല’ എന്ന വിവാദ ബോർഡിന്റെ നിജസ്ഥിതി ഞാൻ അന്വേഷിച്ചപ്പോൾ തീയ്യൻമാരുടെ നവഹിന്ദു ബോധമാണ് മനസിലാക്കാനായത്. 1990 കൾക്കുശേഷമാണ് മലബാറിലെ തീയ്യർ തങ്ങളുടെ കോട്ടകൾ, മുണ്ട്യകൾ, തറകൾ, ദേവസ്ഥാനങ്ങൾ, കാവുകൾ ഇവയെല്ലാം "ക്ഷേത്രങ്ങൾ ' എന്ന രീതിയിലേക്ക് മാറ്റിപ്പണിയുന്നത്. പുനഃപ്രതിഷ്ഠയെന്നോ അമ്പലം പുതുക്കിപ്പണിയൽ എന്നോ ആയിരിക്കും അതിന്റെ പേര്.

തങ്ങളുടെ ദേവസ്ഥാനത്തെ പിന്നീടവർ വിളിക്കാൻ ശീലിച്ചത് ക്ഷേത്രം എന്നായിരുന്നു. ഒരു തരം മതം മാറ്റം (Conversion) തന്നെ ആയിരുന്നു നിശബ്ദമായ ഈ വിഗ്രഹവത്കരണം (ബ്രാഹ്‌മണവത്കരണം). ഇവിടെ തീയ്യർക്ക് അവരുടെ തനത് ആചാരങ്ങളിൽ മടുപ്പ്, ജുഗുപ്‌സ, അവജ്ഞ ഇവയൊക്കെ തോന്നിയതിന്റേയോ നവോത്ഥാനം എന്ന രീതിയിൽ നാരായണ ഗുരു ഉൾപ്പെടെയുള്ളവർ കെട്ടി എഴുന്നെള്ളിച്ച ബ്രാഹ്‌മണിക് പൂജകൾ / ആരാധന / വേദങ്ങൾ / അക്ഷര പുരുഷൻ ഇവയിൽ ആകൃഷ്ടരായതിന്റേയോ ഫലമായി തീയ്യർ പതിയെ ബ്രാഹ്‌മണിസം സ്വീകരിക്കുകയായിരുന്നുവെന്ന് അനുമാനിക്കാം.

ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് (1997) ഞങ്ങളുടെ മുത്തപ്പൻ തറപൊളിച്ച് ഭഗവതി ക്ഷേത്രമാക്കിയപ്പോൾ ഒരു ദിനം എന്റെ അപ്പനോട് "നമ്മൾ ബ്രാഹ്‌മണിസം സ്വീകരിക്കുകയാണോ ' എന്ന് ഞാൻ ചോദിച്ചിരുന്നു. പുള്ളി അന്ന് പറഞ്ഞ മറുപടി ഇതാണ്: "ബ്രാഹ്‌മണരെ ഏൽപിച്ചാൽ പണം കൊടുത്താൽ മതി. അവരത് ചെയ്‌തോളും. നമുക്ക് മുത്തപ്പനെ ആരാധിക്കൽ വീട്ടിൽ തുടരാം '.
"കാലക്രമത്തിൽ നമ്മുടെ തനത് രീതി ഇല്ലാതാവില്ലേ?'
"അങ്ങനെയാണെങ്കിൽ നീ ഏറ്റെടുത്തോ'
നമുക്കത് പറ്റില്ല. അപ്പോൾ പ്രഫഷണലായി കാര്യങ്ങൾ ചെയ്യുന്നവരെ (ബ്രാമണ പൂജാരിയെ ) ഏൽപിക്കുക. ഇതാണ് സംഭവിച്ചത്. അന്ന് ആരും ഇതിൽ പന്തികേട് കാണാനിടയില്ല. മധ്യ- തെക്കൻ കേരളം മുഴുവൻ SNDP / NSS വഴി ബ്രാഹ്‌മണ ധർമികളായി മാറിയ സ്ഥിതിക്ക് വടക്കരും (നായർ മുതൽ നായാടിവരെ) തെക്കൻ ചിട്ടയാണ് അഭികാമ്യമെന്ന് കരുതിക്കാണും.

ഈ പരിണാമം അന്തിമമായി പാൻ ഹിന്ദൂയിസത്തിലേക്കെത്തുമെന്നോ പിന്നീടത് രാഷ്ട്രീയ ഹിന്ദു (Political Hindu) വാകുമെന്നോ ഇസ്​ലാം എന്ന പൊതു ശത്രു അവിടെ സൃഷ്ടിക്കപ്പെടുമെന്നോ അറിഞ്ഞോ അറിയാതെയോ ആളുകൾ സംഘപരിവാർ പതാകാവാഹകരാക്കപ്പെടുമെന്നോ അന്നത്തെ മുതിർന്നവർ ചിന്തിച്ചുകാണില്ല. നവോത്ഥാന (ബ്രാഹ്‌മണ്യ സ്വീകരണം) ത്തെ അവർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

നാരായണ ഗുരു എതിർത്ത കാര്യങ്ങൾ ഇവയായിരുന്നു.
1. കോഴി വെട്ട്, മൃഗബലി, മദ്യം ഉപയോഗിച്ചുള്ള കർമങ്ങൾ അധമമാണ്.
(വൈഷ്ണവ ബ്രാഹ്‌മണർക്കും , ബൗദ്ധർക്കും മറ്റ് മതങ്ങൾക്കും മാത്രമേ ഇത് അധർമവും , അധമവും ആകുന്നുള്ളൂ. ശൈവ - ശാക്തേയ കർമങ്ങളാണ് മേൽപറഞ്ഞവ. നാരായണ ഗുരു തെറ്റിദ്ധരിച്ച സംഗതിയാണിത് )
ഇന്ത്യ മൊത്തത്തിൽ സംഭവിച്ച വെജിറ്റിയനിസത്തിന്റെ പ്രചാരം, വൈഷ്ണവ അവതാരങ്ങളായ രാമൻ, കൃഷ്ണൻ ഇവരുടെ സ്വീകാര്യത, വൈഷ്ണവ ബ്രാഹ്‌മണിക് സംഘടനയായ (മറാഠി - ചിത്പവൻ) RSS / VHP ഇവരുടെ ക്ഷേത്ര കയ്യേറ്റങ്ങൾ ഇവയെല്ലാം അബ്രാഹ്‌മണിക് വർഗങ്ങളെ മൊത്തം ഷണ്ഡീകരിക്കുന്ന കാഴ്ചയാണ് പിന്നീട് നാം കേരളത്തിൽ കണ്ടത്.

പെട്രോ - ഡോളറിന്റെ വരവോടെ ഇസ്‌ലാം മതത്തിൽ സംഭവിച്ച സലഫിസത്തോടുള്ള ചായ്വ് (സൗദിവത്കരണം), രാഷ്ട്രീയ ഇസ്‌ലാം (ഇറാനിയൻവത്കരണം) ഇവയും ബ്രാഹ്‌മണവത്കരണത്തിന് വളമേകിയതോടെയാണ് പിന്നാക്ക- ദളിതുകൾക്കിടയിൽ പോലും ഇസ്‌ലാമോ ഫോബിയ രൂഢമൂലമാകുന്നത്.

തങ്ങളുടെ സ്വത്വത്തെ ബ്രാഹ്‌മണമതത്തിൽ (ഇന്നത്തെ ഹിന്ദു മതം) ചെറിയ പരിണാമത്തോടെയാണെങ്കിലും തുടർന്നു പോകാമെന്ന ധാരണയിലാണ് ബ്രാഹ്‌മണർ ക്ഷണിക്കാതെ തന്നെ അബ്രാഹ്‌മണർ ആ പദ്ധതിയിലേക്ക് കൂട്ടത്തോടെ ചെന്ന് ചേരുന്നത്. അങ്ങനെയാണ് കാവ് ക്ഷേത്രമായതും, മുസ്‌ലിം വില്ലനായതും. ആരാധാനാ സ്വാതന്ത്യത്തിനും, വഴിനടക്കലിനും സമരം ചെയ്തവർ പോലും യാതൊരു ഉളുപ്പുമില്ലാതെ ഇങ്ങനെ ഒരു ബോർഡെഴുതി ദേവസ്ഥാനത്ത് തൂക്കിയിട്ടതും.

മുളയിലേ നുള്ളിക്കളയണമായിരുന്നു. വൈകിപ്പോയി. പക്ഷെ വായനയും , പഠനവും, ഗവേഷണവും ഇത്തരം മോഷ്ടിക്കപ്പെട്ട വർഗങ്ങളെ (stolen generation) രക്ഷിക്കുക തന്നെ ചെയ്യും.

Comments