വിശ്വാസം വിദ്വേഷമാകുമ്പോൾ; മതങ്ങൾക്കകത്തെ മനുഷ്യരെ കുറിച്ച് ചില വിചാരങ്ങൾ

ഒരേ ജാതിയോ ഒരേ പാർട്ടിയോ മാത്രമുള്ളിടത്ത് ഒരു പ്രശ്നവുമില്ല എന്ന തെറ്റിദ്ധാരണയാലാവാം മതപുരോഹിതൻമാരും പ്രവർത്തകരും ആളെക്കൂട്ടുന്ന പ്രവൃത്തി ചെയ്യുന്നത്. അതു മിഥ്യാധാരണയാണെന്നതിന് പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയുമൊക്കെ സ്ഥിതി പരിശോധിച്ചാൽ മതിയാകും. സ്വന്തം മതത്തിൽത്തന്നെയുള്ള എത്രപേരെയാണ് മതനിയമങ്ങളുടെ പേരിൽ അവിടെയുള്ള തീവ്രവാദികൾ കൊന്നൊടുക്കുന്നത്!- മതത്തിന്റെ പേരിൽ വിദ്വേഷ ആഹ്വാനങ്ങളുയരുന്ന സാഹചര്യത്തിൽ വിശ്വാസത്തെയും മതത്തിനകത്തെ മനുഷ്യരെയും കുറിച്ച് ചില വിചാരങ്ങൾ

‘Religion is something we believe in without any proof.'
- Richard Dawkins

ന്ധവിശ്വാസം ഇരുട്ടാണ്. പ്രകാശത്തിന്റെ ഇല്ലായ്മയാണ് ഇരുട്ട്. ഇരുട്ടുകൊണ്ട് പ്രകാശത്തെ ഇല്ലാതാക്കാൻ പറ്റില്ല. മറിച്ച്, പ്രകാശം കൊണ്ട് ഇരുട്ടിനെ ഇല്ലാതാക്കാൻ കഴിയും. മതഗ്രന്ഥങ്ങളിലെ ഇരുട്ടാണ് അറിവില്ലായ്മ. ആ അന്ധകാരം മനുഷ്യനെ പിറകോട്ടു നടത്തുന്നു. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും മതത്തിന്റെ ആശ്വാസങ്ങളാണ്. ആ ശ്വാസം മുട്ടിയാലേ മതങ്ങളും മരിക്കുകയുള്ളൂ.

അന്ധവിശ്വാസമുള്ളവർ ഏതു മതവിഭാഗത്തിൽപ്പെട്ടവരാണെങ്കിലും അവർക്കു മാറിച്ചിന്തിക്കാൻ സാവകാശമുണ്ടാവില്ല. അവർ സ്വന്തം മതഗ്രന്ഥങ്ങൾ പോലും പൂർണമായി വായിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാറില്ല. ഒന്നുകിൽ മുഴുവനായി വായിക്കുകയും അതിൽ പതിയിരിക്കുന്ന അപകടങ്ങൾ അറിയുകയും ചെയ്യുക; അല്ലെങ്കിൽ വായിക്കാതിരിക്കുക. ഇത്, ‘ചെലപ്പോ ശരിയാകും, ചെലപ്പൊക്കെ ഒട്ടും ശരിയാവില്ല' എന്നു പറഞ്ഞതുപോലെയാണ്!
ഇന്നു മതഗ്രന്ഥങ്ങളിൽ നമ്മൾ പഠിക്കുന്ന പല നിയമങ്ങളും നൂറ്റാണ്ടുകൾക്കു മുമ്പുണ്ടായ, ചോദ്യം ചെയ്യപ്പെടാത്ത നിയമങ്ങളാണ്. അന്നത്തെ ഗോത്രത്തലവൻമാരും രാജാക്കൻമാരും അവരുടെ സൗകര്യത്തിന്​ ഉണ്ടാക്കിയവയാണ്. മഹായുദ്ധങ്ങളായി ഇന്നു വിശേഷിപ്പിക്കപ്പെടുന്ന പലതും അന്നത്തെ ഗോത്രവർഗക്കാർ തമ്മിൽ അധികാരത്തിനുവേണ്ടി നടത്തിയ ചെറിയ യുദ്ധങ്ങളാണ്. പിന്നീട് അവയെയൊക്കെ മഹത്വവൽക്കരിച്ചതും പുതിയ കഥകൾ മെനഞ്ഞെടുത്തതും മതഗ്രന്ഥങ്ങൾക്കുവേണ്ടിയാണ്. അവയുടെ എഴുത്തുകാർക്കുതന്നെയാണ് അതിന്റെയൊക്കെ പൂർണ ഉത്തരവാദിത്വം. ആ പുസ്തകങ്ങളൊക്കെ എഴുത്തുകാരുടെ സാങ്കൽപ്പിക സൃഷ്ടികളല്ലെന്നു കരുതിയവർക്കു ചിന്താശക്തി കുറവായിരുന്നു എന്നുവേണം മനസ്സിലാക്കാൻ. അതുകൊണ്ടാവാം, വിവേകബുദ്ധിയുള്ളവർക്കും പുതിയ തലമുറയിലെ ചിന്താശക്തിയുള്ളവർക്കും അവയിൽ പറയുന്നതൊന്നും ഉൾക്കൊള്ളാൻ പറ്റാത്തത്. വായിക്കുന്നവർ ചിന്തിക്കാത്തതുകൊണ്ടാണല്ലോ ആ പുസ്തകങ്ങൾ പുണ്യപുസ്തകങ്ങളായത്!

മതഗ്രന്ഥങ്ങൾ പഠിക്കുന്ന ഓരോരുത്തരും അവരുടെ മതത്തിലെ ശീലങ്ങൾക്ക് അടിമകളായതുകൊണ്ട് അവയിൽനിന്നു രക്ഷപ്പെടാനോ അവയെ വെറുക്കാനോ അവർക്കു കഴിയുന്നില്ല. പുസ്തകജ്ഞാനം മാത്രമല്ല നമുക്കാവശ്യം; വിശകലനജ്ഞാനം കൂടിയാണ്. എം. കൃഷ്ണൻനായർ ‘സാഹിത്യവാരഫല’ത്തിൽ പറഞ്ഞതാണ് ഓർമ വരുന്നത്; ‘‘കവിതയെ വെറുക്കാൻ രണ്ടു മാർഗങ്ങളേയുള്ളു: ഒന്ന്, വെറുതേയങ്ങു വെറുക്കുക; അല്ലെങ്കിൽ അലക്സാണ്ടർ പോപ്പിന്റെ കവിതകൾ വായിക്കുക!'’
ചെറിയ മാറ്റം വരുത്തിയാൽ, മതഗ്രന്ഥങ്ങളെ വെറുതേയങ്ങു വെറുക്കുക; അല്ലെങ്കിൽ ആ പുണ്യപുരാതനപുസ്തകങ്ങൾ മനസ്സിരുത്തി വായിക്കുക.

മതഗ്രന്ഥങ്ങളിലൂടെ മതത്തെ അന്ധമായി സ്നേഹിക്കുന്നവരും അതിനുവേണ്ടി സ്വന്തം ജീവൻവരെ ത്യജിക്കുന്നവരും അവർക്കു ജനിക്കുമ്പോൾ മുതൽ കിട്ടുന്ന മതബോധത്തിന്റെ ബലിയാടുകളാണ്

പ്രപഞ്ചം സൃഷ്ടിക്കാൻ ‘ഒരാൾ' ഉണ്ടെന്നു നമ്മൾ പഠിക്കുന്നത് മതഗ്രന്ഥങ്ങളിൽക്കൂടിയാണ്. പദപ്രയോഗംകൊണ്ടുതന്നെ അതൊരു പുരുഷനാണെന്നു വരുന്നു. അല്ലായിരുന്നെങ്കിൽ ‘ഒരുത്തി' എന്നോ ‘ഒരുവൾ' എന്നോ പറയുമായിരുന്നു. കൃത്യമായ പുരുഷമേധാവിത്വം ഇവിടെക്കാണാം. എന്തായാലും ആ ‘ഒരാളാ'ണ്​ ദൈവം. മതഗ്രന്ഥങ്ങളിലൂടെ മതത്തെ അന്ധമായി സ്നേഹിക്കുന്നവരും അതിനുവേണ്ടി സ്വന്തം ജീവൻവരെ ത്യജിക്കുന്നവരും അവർക്കു ജനിക്കുമ്പോൾ മുതൽ കിട്ടുന്ന മതബോധത്തിന്റെ ബലിയാടുകളാണ്. ഇതൊക്കെ പഠിപ്പിക്കുന്ന പുരോഹിതൻമാരും മുല്ലാക്കമാരും സന്യാസിമാരുമൊക്കെ തലമുറകളായി കേട്ടും പഠിച്ചും വന്ന തെറ്റിദ്ധാരണകളുടെ ഇരകളാണ്. അങ്ങനെ ബലിയാടുകളാകുന്നവർ ഇഹജീവിതം കഴിയുമ്പോൾ ഒരു സ്വർഗലോകം അവർക്കായി കാത്തിരിക്കുന്നുവെന്നു വിശ്വസിക്കുന്നു. സ്വർഗമില്ലെന്നുള്ള തിരിച്ചറിവ് എപ്പോഴുണ്ടാകുന്നോ അപ്പോൾ തീരാവുന്നതേയുള്ളു നമ്മുടെ പ്രധാന പ്രശ്നങ്ങളൊക്കെ. ഇപ്പോൾ അതറിയാവുന്നത് ആൾദൈവങ്ങൾക്കും മതപുരോഹിതൻമാർക്കും നിരീശ്വരവാദികൾക്കും മാത്രമാണ്.

ഒരു തുടക്കമുണ്ടെങ്കിൽ തുടക്കമിട്ടയാളുമുണ്ട് എന്നു വിശ്വസിക്കുന്നവരാണ് മതവിശ്വാസികളും പ്രവാചകൻമാരും. പ്രപഞ്ചത്തിനു തുടക്കമില്ലെന്ന വസ്തുത നമ്മുടെ സങ്കൽപ്പങ്ങൾക്കപ്പുറമാണ്. അതുകൊണ്ട് ഒരു തുടക്കത്തെയും തുടക്കക്കാരനെയും നമ്മൾ മതങ്ങൾക്കുവേണ്ടി സൃഷ്ടിക്കുകയാണ്. ആ തുടക്കക്കാരന്​ നമ്മൾ ദൈവമെന്നു പേരിടുന്നു. ഇല്ലാത്ത ആകാശം പോലെ, ദൈവവും ഉണ്ടെന്നത് ഒരു തോന്നൽ മാത്രമാണ്. എന്നിട്ടും ഇല്ലാത്ത ദൈവം ഇല്ലാത്ത ആകാശം സൃഷ്ടിച്ചുവെന്ന് മതഗ്രന്ഥങ്ങൾ പറയുന്നു.

ഞാൻ പ്രപഞ്ചത്തെ അളക്കുന്നത് ഇൻഫിനിറ്റ് എന്ന സംജ്ഞയിലൂടെയാണ്. എവിടെ നിന്നാലും ഏതു കാലത്തു ജനിച്ചാലും മരിച്ചാലും നമ്മൾ നമ്മുടെ ഡി. എൻ.എ പതിപ്പുകളായി മക്കളിലൂടെ, അവരുടെ മക്കളിലൂടെ ജീവിച്ചുകൊണ്ടേയിരിക്കുന്നു. ആ പ്രക്രിയയ്ക്ക് അവസാനമില്ല. അങ്ങനെ ഒരിക്കലുമവസാനിക്കാത്തതിനെയാണ് ഗണിതശാസ്ത്രത്തിൽ ഇൻഫിനിറ്റ് ലിമിറ്റ് എന്നു പറയുന്നത്. പിന്നിലേക്കു തിരിഞ്ഞുനോക്കിയാലും ഇതുതന്നെയാണവസ്ഥ. ആദ്യം അച്ഛനിലേക്ക്, പിന്നെ മുത്തച്ഛനിലേക്ക്, അങ്ങനെ എവിടെവരെ പോകാനാകും? പരിണാമത്തിന്റെ ആദ്യഘട്ടത്തിലെ സൂക്ഷ്മജീവിയിലെത്തിയാലും യാത്ര അവസാനിക്കുന്നില്ല. പ്രപഞ്ചത്തിന്റെ അവസ്ഥയും ഭിന്നമല്ല. അനാദ്യന്തമാണത്. അനന്തകോടി ഭീമൻനക്ഷത്രങ്ങൾക്കിടയിലെ ചെറുനക്ഷത്രമായ സൂര്യനെച്ചുറ്റുന്ന സൂക്ഷ്മഗോളമായ ഭൂമിയിലെ അതീവസൂക്ഷ്മാണുജീവികളായ നമ്മുടെ ചിന്തകൾക്കപ്പുറമാണ് ആ വസ്തുത. ചിന്തിച്ചുചിന്തിച്ച് അന്ത്യം കാണാനാവാത്ത ദശാസന്ധിയിലാണ് നമ്മൾ ദൈവത്തെ സൃഷ്ടിക്കുന്നത്. അതൊരു ഫുൾസ്റ്റോപ്പല്ല. അതിനപ്പുറത്തേക്കു നമുക്ക്​ പോകാനാവാത്തതുകൊണ്ട്​സംഭവിക്കുന്നതാണ്. ദൈവം നമ്മുടെ മാത്രം ഭാവനയാണ്. ആ ദൈവം നമ്മളെപ്പോലെയിരിക്കുകയും നമ്മേക്കാൾ കരുത്തരായിരിക്കുകയും വേണമെന്ന്​ നമുക്കു നിർബ്ബന്ധമുണ്ട്. ഭൂമിയിലുള്ള മറ്റു ജീവജാലങ്ങൾക്കൊന്നും ഇതു ബാധകമല്ല. അവർ പ്രകൃതിയുടെ അവിഭാജ്യഘടകങ്ങളായി സന്തോഷത്തോടെ ജീവിക്കുന്നു. നമ്മൾ പ്രകൃതിയെ നശിപ്പിക്കാൻവേണ്ടി ജീവിക്കുന്നു!

ദൈവം, ഇല്ലായ്മയിൽനിന്നു പ്രപഞ്ചത്തെ സൃഷ്ടിച്ചെന്നു സങ്കൽപ്പിക്കുക. ആ ദൈവം എവിടെനിന്നു വന്നു? ആ ദൈവത്തെ ആരു സൃഷ്ടിച്ചു? ആ അന്വേഷണവും ഒരിടത്തുമെത്താതെ ഇൻഫിനിറ്റ് ലിമിറ്റിലെത്തുന്നു എന്നതാണു രസകരം. അതുകൊണ്ട് പ്രപഞ്ചമാകെ മറ്റൊരു രൂപത്തിൽ, ഊർജ്ജരൂപത്തിൽ ഉണ്ടായിരുന്നു എന്ന ശാസ്ത്രം സ്വീകരിക്കാനേ കഴിയൂ. ഒന്നുമില്ലായ്മയിൽനിന്ന് ഒന്നുമുണ്ടാക്കാൻ കഴിയില്ല. എന്നിട്ടും ഇല്ലാത്ത ഒന്ന് ഉണ്ടോ ഇല്ലയോ എന്ന തർക്കത്തിനുവേണ്ടിയാണ് നാം സമയം മുഴുവനും പാഴാക്കുന്നത്. ഒടുക്കം ഒരുത്തരവും കിട്ടാതെ നമ്മളും ഇല്ലാതെയാകുന്നു!
മനുഷ്യരും ജീവജാലങ്ങളുമൊക്കെ പരിണമിച്ചുണ്ടായതാണെന്ന ഡാർവിന്റെ സിദ്ധാന്തത്തിനുള്ള തെളിവുകൾ ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നു. അനേകകോടി വർഷങ്ങളുടെ പരിണാമങ്ങളുടെ ചിത്രം ഇന്ന് ഏറെക്കുറേ വ്യക്തമാണ്. അഥവാ ഇനി അതു തെറ്റാണെങ്കിൽ അതു തെളിയിക്കേണ്ടതും ശാസ്ത്രമാണ്, മതഗ്രന്ഥങ്ങളല്ല.

അനേകായിരം ബീജങ്ങളുടെ പരക്കംപാച്ചിലിനിടെ യാദൃച്ഛികമായി അണ്ഡവുമായി കൂടിച്ചേർന്നാണ് അമ്മയുടെ ഗർഭപാത്രത്തിൽ മനുഷ്യജീവൻ രൂപപ്പെടുന്നത്. അതായത്, പുരുഷന്റെയും സ്ത്രീയുടെയും ശരീരങ്ങളിലുണ്ടാകുന്ന സൂക്ഷ്മാണുക്കളൊന്നിച്ച് മനുഷ്യജീവന്​ തുടക്കം കുറിക്കുന്നു. അങ്ങനെയേ മനുഷ്യനുണ്ടാകൂ. അല്ലാതെ ദൈവങ്ങൾ മണ്ണു കുഴച്ചുണ്ടാക്കുകയല്ല. ബീജാണ്ഡസംഗമത്തിലൂടെയുണ്ടാകുന്ന മനുഷ്യനെപ്പോലും ഇല്ലാതെയാക്കാനല്ലാതെ ആർക്കും നിയന്ത്രിക്കാൻ സാധിക്കുന്നില്ല. അതുപോലെതന്നെയാണു പ്രപഞ്ചവും. തനിയേ ഉണ്ടാകുന്നതൊന്നും ആരുടെയും നിയന്ത്രണത്തിലല്ല. അവ നശിക്കുന്നതും തനിയേയാകും. അതൊക്കെ ആരോ ചെയ്യുന്നതാണെന്ന് അന്ധവിശ്വാസികൾ കരുതുന്നു.

വയലാർ രാമവർമ്മ

പല വിഭാഗങ്ങളിലുള്ള ആളുകൾ സൃഷ്ടിക്കുന്ന ദൈവങ്ങളാണ് വിവിധ മതങ്ങളുടെ അടിസ്ഥാനം. ആ ദൈവങ്ങളാണ് പ്രപഞ്ചമുണ്ടാക്കിയതെന്ന് ആ മതക്കാർ വിശ്വസിക്കുന്നു. എന്നാൽ വയലാറിന്റെ ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു/ മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു' എന്ന വരികളാണ്​സത്യം!
പ്രപഞ്ചം അനാദിയും അനന്തവുമാണെന്ന്​ നേരത്തേ സൂചിപ്പിച്ചു. പ്രപഞ്ചത്തെ നമ്മൾ മനസ്സിലാക്കുന്നത് മൂന്നു കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്: സ്ഥലം, കാലം, ദ്രവ്യം (Space, Time, Matter) അതിൽനിന്നു സമയത്തെ എടുത്തുമാറ്റിയാൽ അതായിരിക്കും പ്രപഞ്ചം. കാലമുണ്ടാക്കിയത്​ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരാണ്. അത് ആപേക്ഷികമാണ്. ഭൂമിയിൽ നിന്ന്​ പുറത്തുപോയാൽ സമയക്രമം ഇതായിരിക്കില്ലല്ലോ. പ്രപഞ്ചത്തിനു സമയമില്ലെങ്കിൽ ഏതു സമയത്താണ് പ്രപഞ്ചകർത്താവ് ഈ സൃഷ്ടി നടത്തിയത് എന്ന ചോദ്യം ഉത്തരമില്ലാത്തതായിത്തീരും. അതുകൊണ്ടുതന്നെ സ്രഷ്ടാവും ഇല്ലാതാകുന്നു. ഭൂമിയിലെ മനുഷ്യർ സമയമില്ലെന്നു പറയുന്നതു മറ്റൊരർത്ഥത്തിലാണ്. നാം നമുക്കുവേണ്ടി സൃഷ്ടിച്ച സമയം നമുക്കു തികയുന്നില്ല എന്നതാണ് അതിന്റെ ഉദ്ദേശ്യം.

പ്രപഞ്ചം ഉണ്ടായിരുന്നതാണ്; എന്നും ഉണ്ടായിരിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഡോ. റിച്ചാഡ് ഡോക്കിൻസുൾപ്പെടെയുള്ള ചിന്തകൻമാർ പരിണാമസിദ്ധാന്തം എന്ന സാധ്യതയിൽ വിശ്വസിക്കുന്നത്. പ്രപഞ്ചസ്രഷ്ടാവിനെപ്പറ്റി ചിന്തിക്കുന്നതുതന്നെ അബദ്ധമാണെന്നാണ് അവരുടെ അഭിപ്രായം. സ്രഷ്ടാവുള്ളതായി നമ്മുടെ പൂർവ്വികർ സങ്കൽപ്പിച്ചുതുടങ്ങിയപ്പോൾ മുതൽ ഭാവനാശാലികളായ കഥാകാരൻമാരും എഴുത്തുകാരും പൊടിപ്പും തൊങ്ങലും വച്ച കഥകളുണ്ടാക്കിത്തുടങ്ങി. കഥാപാത്രങ്ങൾക്ക് അമാനുഷികഭാവം കൊടുത്തു. മതങ്ങളുണ്ടാക്കുകയും മതഗ്രന്ഥങ്ങളെഴുതുകയും ചെയ്തു. മതത്തിൽ വിശ്വസിക്കാത്തവർ നരകത്തിൽ പോകുമെന്ന് അന്ധവിശ്വാസികൾ പറയുന്നു. ഇത്തരം തെറ്റിദ്ധാരണകൾ തിരുത്തിയെഴുതേണ്ട ഉത്തരവാദിത്വം ഇന്നത്തെ എഴുത്തുകാരനുള്ളതാണ്. കാരണം അവരുടെ മുൻതലമുറക്കാരുടെ ഭാവനാസൃഷ്ടികളാണ് ആ അതിഭാവുകത്വമുള്ള കഥകളും കഥാപാത്രങ്ങളും. യുക്തിബോധമുള്ളവർക്കു മാത്രമല്ല, പുരോഹിതൻമാർക്കും ഇതെല്ലാം കെട്ടുകഥകളാണെന്നറിയാം. പാവം വിശ്വാസികൾ അതൊന്നുമറിയാതെ മതഗ്രന്ഥങ്ങൾ കാണാതെപഠിച്ച് എന്തൊക്കെയോ പുലമ്പുന്നു. അവയിൽ വിശ്വസിച്ച് അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്നു.

റിച്ചാർഡ് ഡോകിൻസ്

ഏറ്റവും കൂടതൽ നുണ പറയുന്നത്​ മതവും സാഹിത്യവുമാണ്. മതഗ്രന്ഥങ്ങളെ സാഹിത്യകൃതികൾ മാത്രമായിക്കണ്ടാൽ അവ ആസ്വദിക്കാൻ കഴിയും. അവ സത്യമാണെന്ന്​ വിശ്വസിക്കുമ്പോഴാണ്​ കുഴപ്പം. അങ്ങനെ വിശ്വസിക്കുന്നവർ തീവ്രവാദികളായി മാറുമ്പോൾ ആപത്തായിത്തീരുന്നു. അഫ്ഗാനിസ്ഥാനിൽ നടക്കുന്നത് അതാണ്. ഖാസാ സ്വാൻ എന്ന നാസർ മുഹമ്മദിനെപ്പോലെയുള്ള കലാകാരൻമാരെയും ഡാനിഷ് സിദ്ദിഖിയെപ്പോലെയുള്ള മാധ്യമപ്രവർത്തകരെയും കൊല്ലുന്നത് അത്തരക്കാരാണ്. പ്രപഞ്ചം ആരു സൃഷ്ടിച്ചാലും നമുക്കോരോരുത്തർക്കും ഒരു ജീവിതമേയുള്ളൂ എന്നും മരിക്കുന്നത് ഒറ്റയ്ക്കായിരിക്കുമെന്നും ഓർക്കാതെ പോകുന്നത് അന്ധവിശ്വാസത്തിൽ അതിരറ്റു മുങ്ങിപ്പോകുന്നതുകൊണ്ടാണ്.

ഏതു മതത്തിൽപ്പെട്ടവരായാലും അടിസ്ഥാനപരമായി മനുഷ്യർക്കു വേണ്ടതു സ്വാതന്ത്ര്യമാണ്. മതത്തിന്റെ പേരിലുള്ള ആചാരങ്ങൾ, അവ പാലിക്കണമെന്ന ശാഠ്യങ്ങൾ എല്ലാം മനുഷ്യന്റെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങളിൽനിന്നു വിട്ടുപോരുന്നത് എളുപ്പമല്ല. കഠിനപരിശ്രമം ഇതിനാവശ്യമാണ്. ഖുർആൻ, ബൈബിൾ, ഗീത എന്നിവയ്ക്കൊക്കെ സാഹിത്യമൂല്യവും ചരിത്രമൂല്യവുമുണ്ട്. അവയെ മതങ്ങൾക്കുവേണ്ടി വ്യാഖ്യാനിക്കുന്നതു ശരിയല്ല. നമ്മളെ സ്വതന്ത്രമായി ചിന്തിപ്പിക്കാനുള്ള പലതും അവയിലുണ്ട്. അവ മതങ്ങൾക്കുവേണ്ടി എഴുതപ്പെട്ടവയല്ലെന്നും മനുഷ്യനു സ്വയം മനസ്സിലാക്കാൻ രചിക്കപ്പെട്ടവയാണെന്നും തിരിച്ചറിയേണ്ടതുണ്ട്.

പ്രപഞ്ചസ്രഷ്ടാക്കളെന്നു വിശ്വാസികൾ അവകാശപ്പെടുന്ന ദൈവങ്ങൾക്ക് ഭൂമി ഉരുണ്ടതാണെന്നുപോലും അറിയില്ലായിരുന്നു! ഒരു മതഗ്രന്ഥവും അതടയാളപ്പെടുത്തിയിട്ടില്ല. അപ്പോൾപ്പിന്നെ ബാക്കി കാര്യങ്ങൾ കണ്ണടച്ചു വിശ്വസിക്കേണ്ടതുണ്ടോ? എന്തെങ്കിലും അവകാശപ്പെടുകയോ ആരോപിക്കുകയോ ചെയ്യുന്നവർക്ക് അതു തെളിയിക്കാൻ ബാധ്യതയുണ്ട്. തെളിവില്ലാതെ വിശ്വസിക്കാൻ തയ്യാറായവരുള്ളതുകൊണ്ടാണ് മതങ്ങൾ നിലനിൽക്കുന്നത്. മതപാഠശാലകളിലെ പഠിതാക്കൾ ചോദ്യങ്ങളുന്നയിക്കരുതെന്ന എഴുതപ്പെടാത്ത നിയമമുള്ളത്, ശരിയായ ഉത്തരങ്ങളില്ലാത്തതുകൊണ്ടാണ്. കൊച്ചു കുട്ടികളാകുമ്പോൾ ചോദ്യങ്ങളുണ്ടാവില്ലെന്നുറപ്പുണ്ട്. എന്നാൽ സയൻസ് പഠിക്കുമ്പോൾ ചോദ്യങ്ങൾ ചോദിക്കാം. ഉത്തരങ്ങളുമുണ്ട്. കാരണം അതിനൊക്കെ തെളിവുകളുണ്ട്. ശാസ്ത്രത്തിൽ പുതിയ പരീക്ഷണങ്ങൾ നടക്കുകയും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയും ചെയ്യും. എന്നാൽ ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ് എഴുതപ്പെട്ട മതഗ്രന്ഥങ്ങൾക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല. അഥവാ മാറ്റാൻ അന്ധവിശ്വാസികൾ സമ്മതിക്കുന്നില്ല. പുരാതനഗ്രന്ഥങ്ങളിൽ എഴുതിയിരിക്കുന്നതു മുഴുവൻ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വള്ളിപുള്ളി മാറ്റാതെ അനുസരിക്കുന്നതിൽ ഒരു യുക്തിയും കാണുന്നില്ല.

ഡാനിഷ് സിദ്ദിഖി / Photo: Wikimedia Commons

ഭൂരിപക്ഷം ആളുകളും മതത്തിന്റെ നിയമങ്ങളനുസരിച്ചു ജീവിക്കാനാഗ്രഹിക്കുന്നവരാണ്. സുരക്ഷിതത്വമാണു മാനദണ്ഡം! പലരും അതു സ്വയം അടിച്ചേൽപ്പിക്കുകയാണ്. അത്തരം നിയമങ്ങൾക്കകത്തു നിന്നുകൊണ്ട് ആർക്കും സൃഷ്ടിപരമായി ഒന്നും ചെയ്യാൻ സാധിക്കില്ല. ക്രിയാത്മകത കൂടുതലുള്ളവർ ആ നിയമങ്ങൾക്കു പുറത്തു നിൽക്കുന്നവരാണ്. ഇന്നുവരെ ജീവിച്ചിരുന്ന മഹാപ്രതിഭകളൊക്കെ ആ ഗണത്തിൽപ്പെട്ടവരാണ്.
ദേവാലയത്തിൽ വിഗ്രഹങ്ങൾവച്ചു പൂജ ചെയ്ത ജൂതൻമാരെയും ചുങ്കക്കാരെയും ഒരു വിപ്ലവകാരി ചാട്ടവാറുകൊണ്ടടിച്ചു പുറത്താക്കിയപ്പോൾ അവരുടെ കച്ചവടം പൊളിഞ്ഞു. അന്നത്തെ എല്ലാ മതനിയമങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും കാറ്റിൽപ്പറത്തിയ അവൻ സമൂഹത്തിൽ ഒറ്റപ്പെട്ടവനായി. അവനെ കുറ്റക്കാരനാക്കി ക്രൂശിൽത്തറച്ചു കൊന്നു. അവൻ ക്രിസ്തുവാണെന്നു മതഗ്രന്ഥങ്ങൾ പറയുന്നു. പിന്നീട്, ക്രിസ്തു പറഞ്ഞുവെന്നുപറഞ്ഞ് എഴുതിയിട്ടുള്ള കാര്യങ്ങളനുസരിക്കുന്ന ഒരു സമൂഹമുണ്ടായി. അവർ സംഘടിച്ചപ്പോൾ ഒരു മതമുണ്ടായി. ക്രിസ്തു ജീവിച്ചിരുന്നിട്ടുണ്ടെങ്കിൽത്തന്നെ ആ മനുഷ്യൻ ഒരു മതമുണ്ടാക്കുമായിരുന്നില്ല. ക്രിസ്തുവിന്റെ ജീവിതമോ അതിൽപ്പറയുന്ന സംഭവങ്ങളോ ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടില്ല എന്നതാണ് ഏറ്റവും രസകരം. അദ്ദേഹത്തിന്റെ ചിത്രംപോലും മൈക്കൽ ആഞ്ചലോ എന്ന പ്രശസ്ത കലാകാരന്റെ ഭാവനയിലുണ്ടായതാണ്. ക്രിസ്തുവിനെപ്പറ്റി ഏറ്റവും കൂടുതൽ പരമാർശമുള്ളത്​ ഖുർ ആനിലാണ്. അവർ പറയുന്ന ഈസാനബി മുഹമ്മദിനെപ്പോലെ പ്രവാചകൻ മാത്രമാണ്. അതു ശരിയാണെങ്കിൽ ക്രിസ്തു ജീവിച്ചിരുന്നതിന്​ തെളിവായിപ്പറയാം. പക്ഷേ അവരുടെ ഈസാനബിയുടെ ജീവിതവും മരണവും വ്യത്യസ്തമാണ്. ആ നബി ഒരിക്കലും ഉയിർത്തെഴുന്നേറ്റിട്ടില്ല. അതൊരിക്കലും ഒരു ക്രിസ്ത്യാനിയും വിശ്വസിക്കാൻ സാധ്യതയില്ല. കാരണം ഉയിർത്തെഴുന്നേൽപ്പാണല്ലോ ക്രിസ്തുമതത്തിന്റെ അടിസ്ഥാനംതന്നെ!

എല്ലാ മതങ്ങളും സംഘടനകളാണ്; ഒരേ രീതിയിൽ ചിന്തിക്കുന്നവർ അല്ലെങ്കിൽ ഒരേ ആചാരങ്ങളിൽ വിശ്വസിക്കുന്നവർ ഒന്നിച്ചുകൂടുന്ന കൂട്ടായ്മകൾ. അങ്ങനെ കൂടുമ്പോൾ പരസ്പരമുണ്ടാകുന്ന ആഭിമുഖ്യം മനുഷ്യന്റെ അടിസ്ഥാനസ്വഭാവമാണ്. അതുതന്നെയാണ് ഒരേ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവർ തമ്മിൽ കണ്ടുമുട്ടുമ്പോഴും സംഭവിക്കുന്നത്. ഒരേ രാഷ്ട്രീയപ്പാർട്ടിയിലുള്ളവരും ഒരേ സംഘടനയിൽ പ്രവർത്തിക്കുന്നവരും ഒരേ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരും ഒരുമിച്ചിരിക്കുമ്പോൾ ഈ പാരസ്പര്യമുണ്ടാകുന്നുണ്ട്. അതിനു മതവാദികളാവണമെന്നില്ല. എല്ലാ സംഘടനകളിലും വിഭാഗീയതകളുമുണ്ടാകാം. അതില്ലെന്നു പറയുന്നവർ ഹിപ്പോക്രാറ്റുകളാണ്.
ഒരേ ജാതിയോ ഒരേ പാർട്ടിയോ മാത്രമുള്ളിടത്ത് ഒരു പ്രശ്നവുമില്ല എന്ന തെറ്റിദ്ധാരണയാലാവാം മതപുരോഹിതൻമാരും പ്രവർത്തകരും ആളെക്കൂട്ടുന്ന പ്രവൃത്തി ചെയ്യുന്നത്. അതു മിഥ്യാധാരണയാണെന്നതിന് പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയുമൊക്കെ സ്ഥിതി പരിശോധിച്ചാൽ മതിയാകും. സ്വന്തം മതത്തിൽത്തന്നെയുള്ള എത്രപേരെയാണ് മതനിയമങ്ങളുടെ പേരിൽ അവിടെയുള്ള തീവ്രവാദികൾ കൊന്നൊടുക്കുന്നത്! രാജ്യസ്നേഹംപോലും ഒരുതരം ഫാസിസ്റ്റ് ചിന്താഗതിയിൽ നിന്നുണ്ടാകുന്നതാണ്.

മരണാനന്തരജീവിതത്തെക്കുറിച്ചുള്ള സങ്കൽപ്പമാണ്​ മതങ്ങളെ സൃഷ്ടിക്കുന്നതെന്ന്​ മുമ്പു സൂചിപ്പിച്ചു. അങ്ങനെയൊരു ജീവിതമുണ്ടെന്നുള്ള അന്ധവിശ്വാസമാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം. പല മതങ്ങൾക്കായി ഒരുപാടു ദൈവങ്ങളുണ്ട്. എന്നെങ്കിലും ജീവിച്ചിരുന്നിട്ടുണ്ടോ എന്നുപോലും ഉറപ്പില്ലാത്ത ഈ കഥാപാത്രങ്ങൾക്കുവേണ്ടി കടിപിടി കൂടുന്നവരാണ് വിശ്വാസികൾ. എല്ലാ മതങ്ങൾക്കും അടയാളങ്ങളുണ്ട്. സ്വന്തം മതചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നവരാരും മതേതരത്വത്തിൽ വിശ്വസിക്കുന്നവരല്ല. ആത്മവിശ്വാസത്തെപ്പോലും ഇല്ലാതാക്കുന്ന വൈറസാണ് അന്ധവിശ്വാസം. പുരുഷൻമാർക്കുവേണ്ടി പുരുഷൻമാരെഴുതിയതാണ് എല്ലാ മതഗ്രന്ഥങ്ങളും. അതംഗീകരിക്കാത്ത എല്ലാ സ്ത്രീകളും അവരുടെ മതങ്ങളെ ഉപേക്ഷിക്കേണ്ടിവരും. അതിനവർ തയ്യാറാകുമോ?
ഏതു മതത്തിന്റെ പേരിലാണെങ്കിലും ഒരു രാഷ്ട്രമുണ്ടാകുന്നത് അപകടകരമാണ്. അതൊരിക്കലും ഒരു ജനാധിപത്യരാജ്യമാകില്ല.

‘You have brains in your head.
You have feet in your shoes.
You can steer yourself any
direction you choose.'
-Dr. Seuss.


തമ്പി ആൻറണി

കഥാകൃത്ത്, നോവലിസ്​റ്റ്​, നടൻ, സിനിമാ നിർമാതാവ്​. ഇടിചക്കപ്ലാമൂട് പോലീസ് സ്റ്റേഷൻ (നാടകം), മല ചവിട്ടുന്ന ദൈവങ്ങൾ (കവിത സമാഹാരം), ഭൂതത്താൻകുന്ന്, കൂനംപാറ കവലയും, ഏകാന്തതയുടെ നിമിഷങ്ങൾ (നോവലുകൾ) വാസ്കോഡിഗാമ, പെൺബൈക്കർ, മരക്കിഴവൻ (ചെറുകഥാ സമാഹാരം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments