രാഷ്​ട്രീയ ഇസ്​ലാമും
സാമ്രാജ്യത്വ ഇടപെടലുകളും

താലിബാൻ: മതതീവ്രവാദം ​പ്രത്യയശാസ്​ത്രമാകുമ്പോൾ- 2

അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരയുദ്ധങ്ങൾക്കും താലിബാന്റെ ഉദയത്തിനും അവരുടെ പ്രവർത്തനങ്ങൾക്കുമുള്ള ഭൗതികപരിസരം സൃഷ്ടിക്കപ്പെട്ടതിൽ അമേരിക്കൻ സാമ്രാജ്യത്വം വഹിച്ച പങ്ക് പ്രധാനപ്പെട്ടതാണ്​

താലിബാന് പ്രത്യയശാസ്ത്രപരമായി പിൻബലം നൽകുന്ന പ്രധാന ഘടകം ദിയോ ബാന്ധിസം ആണ്. സുന്നി മുസ്​ലിം വിഭാഗത്തിലെ നാല് ആചാരസംഹിത (Madh hub / school of thought) കളാണ് ‘ഹനഫി', ‘ഷാഫി', ‘ഹമ്പൽ', ‘മാലികി' എന്നിവ. വിവിധ രാജ്യങ്ങളിലെ ഇസ്​ലാം മതവിശ്വാസികൾക്കിടയിൽ വ്യാപകമായി സ്വീകരിക്കപ്പെട്ടത് ഹനഫി സ്‌കൂൾ ആണ്. ഹനഫി ശരീഅത്ത്​മതനിയമങ്ങളെക്കുറിച്ചും ആചാരാനുഷ്​ഠാനങ്ങളെക്കുറിച്ചുമുള്ള ലോകത്തിലെ ഏറ്റവും പ്രധാന പഠനകേന്ദ്രം ഉത്തർപ്രദേശിൽ സഹരാൺപുർ ജില്ലയിലെ ദിയോബാന്ധ് നഗരത്തിലുള്ള ‘ദാറുൽ ഉലൂം' ആണ്. 1867 ലാണ് ഈ സ്ഥാപനം ദിയോബാന്ധിൽ ആരംഭിച്ചത്.

18ാം നൂറ്റാണ്ടിൽ ഡൽഹിയിൽ ജീവിച്ചിരുന്ന സൂഫി പണ്ഡിതനായിരുന്ന ഷാ വലിയുള്ള ദഹ്​ലവിയുടെയും പിൻഗാമികളായിരുന്ന സൂഫിവര്യൻമാരുടെയും പ്രവർത്തനങ്ങളിൽനിന്ന്​ പ്രചോദനമുൾക്കൊണ്ട് സൂഫി പണ്ഡിതനായിരുന്ന മൗലാന മുഹമ്മദ് കാസിം നാനൗതവിയും സഹപ്രവർത്തകരായിരുന്ന മൗലാന റാഷിദ് മുഹമ്മദ് ഗംഗേഹി, ഫസലുൽ റഹ്മാൻ ഉസ്മാനി, സയ്യിദ് മുഹമ്മദ് ആബിദ്, മെഹ്താബ് അലി എന്നിവരും ചേർന്നാണ് ഈ മതപഠന കേന്ദ്രം ആരംഭിച്ചത്. മുസ്​ലിം യുവാക്കളെ ഇസ്​ലാമിലെ മൗലിക ആശയങ്ങളും മതനിയമങ്ങളും, ആചാര അനുഷ്​ഠാനമുറകളും പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം.

ഉത്തർപ്രദേശിൽ സഹരാൺപുർ ജില്ലയിലെ ദിയോബാന്ധ് നഗരത്തിലുള്ള  ‘ദാറുൽ ഉലൂം'
ഉത്തർപ്രദേശിൽ സഹരാൺപുർ ജില്ലയിലെ ദിയോബാന്ധ് നഗരത്തിലുള്ള ‘ദാറുൽ ഉലൂം'

ഇന്ത്യയിലെ കൊളോണിയൽ ഭരണാധികാരികൾ അധിനിവേശത്തിന്റെ എല്ലാ കാലത്തും, 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം പ്രത്യേകിച്ചും, തുടർന്നുവന്ന ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രം വടക്കേ ഇന്ത്യയിലെ മുസ്​ലിം ജനവിഭാഗത്തെ കൊളോണിയൽ വിരുദ്ധരാക്കിയിരുന്നു. ദിയോബാന്ധികൾ ഇസ്​ലാമിക ആശയങ്ങൾ പരിപോഷിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും ശ്രമിച്ചതോടൊപ്പം, ദേശീയപ്രസ്ഥാനത്തിന്റെ ആവിർഭാവത്തിനുമു​മ്പുതന്നെ​കൊളോണിയൽ വിരുദ്ധത ഉയർത്തിപ്പിടിച്ചിരുന്നു. അവർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തു.

യാഥാസ്ഥിതിക ശരീഅത്ത്​ നിയമങ്ങളനുസരിച്ച് ജീവിക്കലാണ് രക്ഷാമാർഗമെന്ന് ദിയോബാന്ധിലെ മതാധ്യാപകർ പഠിപ്പിച്ചിരുന്നു. 19ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ദിയോബാന്ധി പഠനസ്‌കൂളിന്റെ സ്വാധീനം വർധിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മതകാര്യങ്ങളിൽ താല്പര്യമുണ്ടായിരുന്ന മുസ്​ലിം യുവാക്കൾ വിദ്യാഭ്യാസം നേടുകയും സമാന ആശയഗതിയിലുള്ള മതവിദ്യാഭ്യാസം നല്കുന്നതിന്​ അങ്ങിങ്ങായി ദിയോബാന്ധി മദ്രസകൾ സ്ഥാപിക്കുകയും ചെയ്തു. പാകിസ്താനുൾപ്പെടെയുള്ള ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും അഫ്ഗാനിസ്ഥാനിലെ തെക്കൻ പ്രദേശങ്ങളിലുമുള്ള പഷ്തൂൺ ജനവിഭാഗങ്ങൾക്കിടയിലും ദിയോബാന്ധി ആശയഗതിയിലുള്ള ഇസ്​ലാമിക ചിന്തക്കും പാഠ്യപദ്ധതിക്കും ആഴത്തിൽ വേരോട്ടമുണ്ടായി.

മദ്രസകൾ തീവ്രവാദ പരിശീലന ​കേന്ദ്രങ്ങളാകുന്നു

മറ്റെല്ലായിടത്തെയും പോലെ പാക്കിസ്ഥാൻ - അഫ്ഗാനിസ്ഥാൻ പ്രദേശങ്ങളിലെ മദ്രസകളിലും 1979 വരെ മൗലികമായ മതനിയമങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും പഠനപ്രവർത്തങ്ങൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ, അഫ്ഗാനിസ്ഥാനിൽ 1978ലുണ്ടായ സോഷ്യലിസ്റ്റ് വിപ്ലവം, അതേത്തുടർന്ന് സോഷ്യലിസ്റ്റ് ഭരണസംവിധാനത്തിനെതിരെ മതതീവ്രവാദ ഗ്രൂപ്പുകൾ നടത്തിയ പ്രവർത്തനങ്ങൾ, സോഷ്യലിസത്തിനും സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ ഇടപെടലിനും എതിരെ അമേരിക്കൻ സാമ്രാജ്യത്വം പാകിസ്താനെ മുന്നിൽ നിർത്തി നടത്തിയ പ്രവർത്തനങ്ങൾ എന്നിവ ദിയോബാന്ധി ശൈലിയിൽ മതപഠനം നടത്തിയിരുന്ന പാകിസ്ഥാൻ- അഫ്ഗാനിസ്ഥാൻ പ്രദേശങ്ങളിലെ മദ്രസകളുടെ പഠനരീതികളെ മാറ്റിമറിച്ചു.

‘പരിശ്രമം', ‘സമരം' എന്നീ ലളിതമായ അർത്ഥങ്ങളുണ്ടായിരുന്ന ‘ജിഹാദ്' എന്ന സങ്കൽപനത്തെ വിശ്വാസസംരക്ഷണത്തിനുവേണ്ടിയുള്ള തീവ്രയുദ്ധം എന്ന തരത്തിൽ വ്യാഖ്യാനം നൽകി പ്രചാരണപ്രവർത്തനം നടത്തിയത് മുജാഹിദ്ദീൻ തീവ്രവാദികളാണ്.

മുജാഹിദ്ദീൻ തീവ്രവാദി വിഭാഗങ്ങൾ അഫ്ഗാനിസ്ഥാനിൽ നടത്തിയ ഗറില്ലാ യുദ്ധ മുറകളും അഫ്ഗാനിസ്ഥാനിലെ സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ സൈന്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളും സോവിയറ്റ്​ സൈന്യത്തിന്റെ ഇടപെടലുകളും കൊണ്ട് ഒട്ടേറെ അഫ്ഗാനികൾ വടക്കൻ പാക്കിസ്ഥാനിലെ അഭയാർഥിക്യാമ്പുകളിലെത്തി. അങ്ങനെ ക്യാമ്പുകളിൽ മദ്രസകളുണ്ടായി, അത്തരം മദ്രസകളിൽ തീവ്രവാദ പരിശീലനം ശക്തമായി.

‘പരിശ്രമം', ‘സമരം' എന്നീ ലളിതമായ അർത്ഥങ്ങളുണ്ടായിരുന്ന ‘ജിഹാദ്' എന്ന സങ്കൽപനത്തെ വിശ്വാസസംരക്ഷണത്തിനുവേണ്ടിയുള്ള തീവ്രയുദ്ധം എന്ന തരത്തിൽ വ്യാഖ്യാനം നൽകി പ്രചാരണപ്രവർത്തനം നടത്തിയത് മുജാഹിദ്ദീൻ തീവ്രവാദികളാണ്. അമേരിക്കൻ രഹസ്യാന്വേഷണ സംഘടനയായ സി.ഐ.എ.യുടെ കൃത്യമായ ആസൂത്രണത്തോടുകൂടിയ രഹസ്യ ഇടപെടലിന്റെ ഫലമായിട്ടാണ് മുജാഹിദ്ദിൻ തീവ്രവാദി പ്രവർത്തനം ശക്തിപ്പെട്ടത്.
ആധുനികകാലത്ത് ഇസ്​ലാമിക തീവ്രവാദത്തിന്റെ വേരുകൾ ചെന്നെത്തുന്നത് സയണിസ്​റ്റ്​ രാഷ്ട്രമായ ഇസ്രായേൽ രൂപീകരണത്തിലും അമേരിക്കൻ പിന്തുണയോടെയുള്ള ഇസ്രയേലിന്റെ പലസ്തീൻ അധിനിവേശത്തിലുമാണ്. ഈ വസ്തുതയോടൊപ്പം തുല്യ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടേണ്ട കാര്യമാണ്, അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരയുദ്ധങ്ങൾക്കും താലിബാന്റെ ഉദയത്തിനും അവരുടെ പ്രവർത്തനങ്ങൾക്കുമുള്ള ഭൗതികപരിസരം സൃഷ്ടിക്കപ്പെട്ടതിൽ അമേരിക്കൻ സാമ്രാജ്യത്വം വഹിച്ച പങ്ക്.

 അഫ്ഗാനികൾ വടക്കൻ പാക്കിസ്ഥാനിലെ  അഭയാർഥിക്യാമ്പുകളിലെത്തി. അങ്ങനെ ക്യാമ്പുകളിൽ മദ്രസകളുണ്ടായി, അത്തരം മദ്രസകളിൽ തീവ്രവാദ പരിശീലനം ശക്തമായി.
അഫ്ഗാനികൾ വടക്കൻ പാക്കിസ്ഥാനിലെ അഭയാർഥിക്യാമ്പുകളിലെത്തി. അങ്ങനെ ക്യാമ്പുകളിൽ മദ്രസകളുണ്ടായി, അത്തരം മദ്രസകളിൽ തീവ്രവാദ പരിശീലനം ശക്തമായി.

സാമ്രാജ്യത്വ ഇടപെടൽ

ദിയോബാന്ധി ഹനഫി ചിന്താധാര പഷ്തൂൺ ഗോത്രവർഗക്കാരുടെ പഷ്തൂൺവാലി ആചാരങ്ങളുമായി സമന്വയിച്ചത് താലിബാന്റെ പ്രത്യശാസ്ത്രപരമായ അടിത്തറക്ക് വഴിയൊരുക്കി. അതിൽത്തന്നെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും പാക്കിസ്ഥാന്റെയും ആസൂത്രിത ഇടപെടലുകളുടെ സ്വാധീനഫലമായി തീവ്രമായ പോരാട്ട സങ്കൽപ്പങ്ങൾ കൂടി ഇഴുകിച്ചേർന്നു. തീവ്രവാദ ആശയങ്ങൾ കുത്തിനിറച്ച പാഠപുസ്തകങ്ങൾ അഫ്​ഗാൻ മദ്രസകളിലെ കുട്ടികൾക്ക് യഥേഷ്ടം ലഭിക്കുന്നതിന് അമേരിക്ക ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സോഷ്യലിസ്റ്റ് ഭരണകൂടത്തിനും സോവിയറ്റ് സൈന്യത്തിനുമെതിരെ ജിഹാദ് നടത്തുന്നതിന് സർവ സഹായവും ചെയ്തുകൊടുത്തു. തോക്കുകൾ, പീരങ്കികൾ, മൈനുകൾ എന്നിവ നൽകിയതുകൂടാതെ സോഷ്യലിസ്റ്റുകളെയും സോവിയറ്റ് സൈനികരെയും നിഷ്​ഠൂരമായി കൊലപ്പെടുത്തുന്നതിന് പ്രേരണ നൽകുന്ന ചിത്രീകരണങ്ങൾ അടങ്ങിയ അമേരിക്കൻ നിർമിത തീവ്രവാദ പുസ്തകങ്ങളും പ്രചരിപ്പിച്ചു. അവയൊക്കെ അറബി ഭാഷയിലും അഫ്​ഗാനിസ്ഥാനിലെ ഭാഷകളിലും അച്ചടിച്ചവയായിരുന്നു. താലിബാൻ മദ്രസകളിൽ അവ യഥേഷ്​ടം ഉപയോഗിച്ചു. അതൊക്കെ അഫ്​ഗാൻ യുവതലമുറയെ അക്രമത്തിൽ മുക്കികൊല്ലുന്ന അസംസ്‌കൃതവസ്തുക്കളായി വർത്തിച്ചു. യു.എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെൻറ്​ എന്ന സ്ഥാപനം മുഖേനയാണ് ദശലക്ഷക്കണക്കിന് ഡോളർ അഫ്ഗാനിസ്ഥാനിൽ തീവ്രവാദം വളർത്തുന്നതിന് അമേരിക്ക ചെലവഴിച്ചത്. അമേരിക്കയിലെ ‘യൂണിവേഴ്‌സിറ്റി ഓഫ് നെബ്രാസ്‌ക ഒമാഹ' (UNO) യിൽ ഒരു പ്രത്യേക വിഭാഗം തന്നെ അഫ്ഗാനിസ്ഥാനിൽ തീവ്രവാദം വളർത്തുന്നതിനുള്ള പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതിന് പ്രവർത്തിച്ചിരുന്നു. മദ്രസകളിലേക്ക് തീവ്രവാദ പാഠപുസ്തകങ്ങളും അധ്യാപക പരിശീലന കിറ്റുകളും നൽകുന്നതിന് യു.എസ്.എ.ഐ.ഡി. 65 മില്യൺ ഡോളർ പ്രസിഡൻറ്​ ജോർജ് ബുഷ് സീനിയറിന്റെ ഭരണകാലത്ത്​ ചെലവഴിച്ചതിനെക്കുറിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വഹാബിസവും ജമാഅത്തെ ഇസ്​ലാമിയും

താലിബാന്റെ പ്രവർത്തനങ്ങൾക്ക് പരോക്ഷമായി പിൻബലമേകിയ മറ്റു ചില ആശയധാരകൾ കൂടിയുണ്ട്. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ‘വഹാബിസം'. മുഹമ്മദ് ഇബിൻ അബ്ദുൽ വഹാബ് 18ാം നൂറ്റാണ്ടിൽ സൗദി അറേബ്യയിൽ ജീവിച്ചിരുന്ന ഇസ്​ലാമിക മതപണ്ഡിതനായിരുന്നു. നാല് സുന്നി ഇസ്​ലാമിക വ്യാഖ്യാനശാഖകളിലൊന്നായ ഹൻബലി സ്‌കൂളിന്റെ രീതികൾ പിന്തുടർന്നിരുന്ന അബ്ദുൽ വഹാബിന്റെ പ്യൂരിറ്റാനിക്കൽ മതആശയങ്ങൾ പിൽക്കാലത്ത് വഹാബിസം എന്ന പേരിൽ അറിയപ്പെട്ടു. ഇസ്​ലാമിലെ യാഥാസ്ഥിതിക പുനരുദ്ധാന പ്രസ്ഥാനമായി മാറിയ വഹാബിസം പിൽക്കാലത്ത്​ സലഫി പ്രസ്ഥാനത്തിന്റെയും ഖുതുബിസത്തിന്റെയും ആവിർഭാവത്തിനും ശാക്തീകരണത്തിനും പശ്ചാത്തലമൊരുക്കി. ഇസ്​ലാം മതത്തിന്റെ അടിസ്ഥാന മൗലികാശയങ്ങളിലധിഷ്ഠിതമായി പ്രവർത്തിക്കുന്നവരെന്ന് അവകാശപ്പെടുന്ന സലഫികളുടെ കൊളോണിയൽ വിരുദ്ധത ശ്രദ്ധേയമായിരുന്നു. ഇസ്​ലാം മതാധിപത്യമുണ്ടായിരുന്ന പ്രദേശങ്ങളിൽ യൂറോപ്യൻ കൊളോണിയലിസത്തിനെതിരായി നിലകൊണ്ട സലഫി ആശയക്കാർ ജിഹാദ് എന്ന സങ്കൽപനത്തിന് കൊളോണിയൽ വിരുദ്ധ പോരാട്ടം എന്ന വ്യാഖ്യാനം കൂടി നൽകി.

ദേശീയത എന്ന ആധുനിക പാശ്ചാത്യ ആശയത്തെ ജമാലുദ്ദിൻ അഫ്ഘാനി ഇസ്​ലാം മതസ്വത്വവുമായി സംയോജിപ്പിക്കുന്നതിനുള്ള ആശയപ്രചരണം നടത്തിയത് ഇസ്​ലാമിക ദേശീയതയുടെ ആവിർഭാവത്തിനു കാരണമായിത്തീർന്നു.

19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇസ്​ലാമിക പണ്ഡിതനായിരുന്ന ജമാലുദ്ദീൻ അഫ്ഘാനി മുസ്​ലിം അധിവാസ പ്രദേശങ്ങളിലൂടെ വ്യാപകമായി സഞ്ചരിച്ച് നടത്തിയ മത രാഷ്ട്രീയ പ്രബോധനങ്ങളും കൊളോണിയൽ വിരുദ്ധതയും ആധുനികകാലത്തെ രാഷ്ട്രീയ ഇസ്​ലാമിന്റെ (Political Islam) ആവിർഭാവത്തിന് പശ്ചാത്തലമൊരുക്കിയിരുന്നു. ദേശീയത എന്ന ആധുനിക പാശ്ചാത്യ ആശയത്തെ ജമാലുദ്ദിൻ അഫ്ഘാനി ഇസ്​ലാം മതസ്വത്വവുമായി സംയോജിപ്പിക്കുന്നതിനുള്ള ആശയപ്രചരണം നടത്തിയത് ഇസ്​ലാമിക ദേശീയത (Islamic Nationalism)യുടെ ആവിർഭാവത്തിനു കാരണമായിത്തീർന്നു. പാൻ ഇസ്​ലാമിസത്തിന്റെ ഉപജ്ഞാതാവായിരുന്ന ജമാലുദ്ദീൻ അഫ്​ഗാനിയും സമകാലീനനായിരുന്ന ഈജിപ്ഷ്യൻ ഇസ്​ലാമിക പണ്ഡിതൻ മുഹമ്മദ് അബ്ദുവും സലഫിസത്തിന് പുത്തനുണർവ് നൽകി രാഷ്ട്രീയ ഇസ്​ലാമിന് പ്രത്യയശാസ്ത്ര പരിസരമൊരുക്കി.

ജമാലുദ്ദീൻ അഫ്ഘാനി, ഹസനുൽ ബന്ന
ജമാലുദ്ദീൻ അഫ്ഘാനി, ഹസനുൽ ബന്ന

ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്ന സിറിയൻ- ഈജിപ്ഷ്യൻ ഇസ്​ലാമിക പണ്ഡിതനായിരുന്ന മുഹമ്മദ് റഷീദ് റിദ യുടെ സലഫിസ്​റ്റ്​ ഇസ്​ലാമിക പുനരുദ്ധാന പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ഉറ്റ അനുയായി ഹസനുൽ ബന്ന ഈജിപ്തിൽ രൂപീകരിച്ച ‘അൽ ഇഖ്വാനിൽ മുസ്​ലിമിൻ' 'അഥവാ മുസ്​ലിം ബ്രദർഹൂഡ്' എന്ന സുന്നി ഇസ്​ലാമിസ്റ്റ് സംഘടനയും സജീവമാക്കിയ ഇസ്​ലാമിക ആധുനികതയുടെയും പാൻ ഇസ്​ലാമിസത്തിന്റെയും (Islamic Modernity & Pan Islamism) ആശയധാരകൾ രാഷ്ട്രീയ ഇസ്​ലാമിന്റെ പിറവി സാധ്യമാക്കി.

"ജമാ അത്തെ ഇസ്​ലാമി'എന്ന ഇസ്​ലാമിക രാഷ്ട്രീയ ശൃംഖലയുടെ തുടക്കക്കാരനായ അബുൽ അലാ അൽ മൗദൂദിയുടെ ആശയങ്ങളും രാഷ്ട്രീയ പ്രവർത്തനങ്ങളും ഇസ്​ലാമിക തീവ്രവാദരാഷ്ട്രീയത്തിന്റെ വളർച്ചയെ അത്യധികം ത്വരിതപ്പെടുത്തി.

20ാം നൂറ്റാണ്ടിൽ ജീവിച്ച ഈജിപ്ഷ്യൻ ഇസ്​ലാമിക സൈദ്ധാന്തികനായിരുന്ന സയ്യിദ് ഇബ്രാഹിം ഹുസ്സൈൻ ഖുതുബിന്റെ രചനകളും പ്രവർത്തനങ്ങളും രാഷ്ട്രീയ ഇസ്​ലാമിന്റെ ലക്ഷ്യസാക്ഷാത്കാരത്തിന് ആക്രമണോത്സുകതയെ പ്രോത്സാഹിപ്പിക്കുന്നവയായിരുന്നു. 20ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യയിലും സ്വാതന്ത്ര്യാനന്തരം പാകിസ്താനിലുമായി ജീവിച്ച ഇസ്​ലാമിക സൈദ്ധാന്തികനും ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ "ജമാ അത്തെ ഇസ്​ലാമി'എന്ന ഇസ്​ലാമിക രാഷ്ട്രീയ ശൃംഖലയുടെ തുടക്കക്കാരനുമായ അബുൽ അലാ അൽ മൗദൂദിയുടെ ആശയങ്ങളും രാഷ്ട്രീയ പ്രവർത്തനങ്ങളും ഇസ്​ലാമിക തീവ്രവാദരാഷ്ട്രീയത്തിന്റെ വളർച്ചയെ അത്യധികം ത്വരിതപ്പെടുത്തി. പാകിസ്താനിലെ ശരിഅത്ത്​വൽക്കരണത്തിനുവേണ്ടി ജനറൽ സിയാവുൽ ഹഖിന് പ്രേരണയും സഹായസഹകരണങ്ങളും നൽകിയ ജമാ അത്തെ ഇസ്​ലാമിയുടെ രാഷ്ട്രീയ ഇസ്​ലാമിക പ്രത്യയശാസ്ത്രവും ജിഹാദ് നിലപാടുകളും അഫ്ഗാനിസ്ഥാനിലെ മുജാഹിദ്ദീൻ ഗ്രൂപ്പുകളുടെ യുദ്ധമുറകൾക്ക് ഉറവ വറ്റാത്ത ഊർജ്ജ സ്രോതസായി വർത്തിച്ചു. അഫ്ഗാനിസ്ഥാനിലെ സോഷ്യലിസ്റ്റ് ഭരണകൂടത്തിനും സോവിയറ്റ് സൈന്യത്തിനുമെതിരെ മുജാഹിദ്ദീൻ ഗ്രൂപ്പുകൾ നടത്തിയ ഒളിപ്പോർ യുദ്ധകാലത്തെ അരാജക സാഹചര്യത്തിൽനിന്ന് ​ഉരുത്തിരിഞ്ഞ താലിബാൻ പ്രസ്ഥാനത്തിന് പ്രത്യയശാസ്ത്ര പിൻബലം നൽകിയ ഇസ്​ലാമിക ചിന്താധാരകളായ വഹാബിസവും സലഫിസവും ഖുതുബിസവും പിന്നണിയിലായിരുന്നുവെങ്കിൽ പ്രധാന മാർഗദർശകമായി വർത്തിച്ചത് ദിയോബാന്ധിസം തന്നെയായിരുന്നു.

"അബുൽ അലാ അൽ മൗദൂദി'
"അബുൽ അലാ അൽ മൗദൂദി'

സുന്നി ഹനഫി ശരീഅത്തിന്റെ പ്രധാന പഠനകേന്ദ്രമായ ദിയോബാന്ധിലെ ദാറുൽ ഉലൂമിൽ പഠനം പൂർത്തിയാക്കിയ മൗലവി അബ്ദുൽ അലി ദിയോബാന്ധി താലിബാന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു. താലിബാന്റെ സ്ഥാപക നേതാക്കളായിരുന്ന മൗലവി മുഹമ്മദ് വാലി ഹഖാനി, മൗലവി പസനായി സാഹെബ്, മുല്ല നൂറുദ്ദീൻ തുറാബി, സ്ഥാപകനും പരമോന്നത നേതാവുമായ മുല്ല മുഹമ്മദ് ഒമർ, അദ്ദേഹത്തിന്റെ മരണശേഷം പരമോന്നത നേതാവായ അക്തർ മൻസൂർ, നിലവിലുള്ള തലവനായ ഹിബത്തുള്ള ആകുന്ദ്‌സാദ, ഉപ നേതാക്കളായ ഹസൻ അക്കുന്ദ്, അബ്ദുൽ ഗനി ബറാദാർ, അബ്ദുൽ സലാം ഹനഫി തുടങ്ങിയവരൊക്കെ ഉത്തർപ്രദേശിലെ ദിയോബാന്ധ് ദാറുൽ ഉലൂമിലുള്ള ക്ലാസിക്കൽ ദിയോബാന്ധിസം പഠിച്ചവരല്ല, പകരം വടക്കുപടിഞ്ഞാറൻ പാകിസ്താനിലും തെക്കൻ അഫ്ഗാനിസ്ഥാനിലുമുള്ള "ഹുജറ' കളിൽനിന്നും മദ്രസകളിൽനിന്നും നവ ദിയോബാന്ധി മത പഠനരീതികൾ ആർജിച്ചവരായിരുന്നു.

താലിബാന്റെ അധികാര ശ്രേണിയിലുള്ളവർ മാത്രമല്ല, യോദ്ധാക്കളും മതവിദ്യാഭ്യാസം ആർജിച്ചത് ദിയോബാന്ധി ശൈലിയിലുള്ള മതപാഠശാലകളിൽനിന്നുമായിരുന്നു. പെരുമാറ്റത്തിലും, ജീവിതചര്യയിലും, ശരീരഭാഷയിലും, വസ്ത്രധാരണത്തിലും, എന്തിനേറെ താടി വളർത്തുന്നതിൽപോലും ചിട്ടയായ സുന്നി ഹനഫി രീതികൾ പിന്തുടരുന്നവരാണ് താലിബാൻ തീവ്രവാദികൾ. അധികാരം പിടിച്ചടക്കുന്നതിന് നടത്തുന്ന ആഭ്യന്തര യുദ്ധത്തെ വിശ്വാസസംരക്ഷത്തിനുവേണ്ടി നടത്തുന്ന വിശുദ്ധയുദ്ധമാണ് എന്ന തരത്തിലുള്ള രൂക്ഷമായ ആശയങ്ങൾ കൃത്യമായി സാംശീകരിച്ച് ദൃഢതയുള്ള പ്രത്യയശാസ്ത്രമായി താലിബാൻ തീവ്രവാദികളിൽ സന്നിവേശിപ്പിക്കപ്പെട്ടത് രാഷ്ട്രീയ ഇസ്​ലാമിന്റെ ആസൂത്രിത പ്രവർത്തനങ്ങളുടെ ഫലമായിട്ടുകൂടിയാണ്.

അബ്ദുർ റഹിമാൻ ഖാൻ
അബ്ദുർ റഹിമാൻ ഖാൻ

1880കളിൽ അഫ്ഗാനിസ്ഥാനിൽ ഭരണം നടത്തിയ അമീർ അബ്ദുർ റഹിമാൻ ഖാന്റെ ഭരണരീതികൾ താലിബാന്റെ പ്രത്യയശാസ്ത്ര ചോദനകൾക്ക് പ്രചോദനം നൽകിയ സംഗതിയായിരുന്നു. ഉരുക്ക് അമീർ (iron Ameer) എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അബ്ദുറഹിമാൻ ഖാൻ ശരീഅത്ത്​ മതനിയമങ്ങൾ പഷ്തൂൺവാലി ആചാരരീതികളുമായി സംയോജിപ്പിച്ച് നടത്തിയ ഭരണനിർവഹണത്തിന്റെയും ശിക്ഷാവ്യവസ്ഥയുടെയും സ്വാധീനം താലിബാന്റെ പ്രവർത്തനങ്ങളിലും അധികാരപ്രയോഗങ്ങളിലും ദർശിക്കാൻ കഴിയും.

മൂന്ന്​: സൂഫിസത്തിന്റെ വഴിത്താരകൾ

ദ്രസകൾ കൂടാതെ മറ്റൊരു തരത്തിലുള്ള മത വിദ്യാഭ്യാസ സംവിധാനവും പാരമ്പരാഗതമായിത്തന്നെ അഫ്​ഗാൻ ഗോത്രമേഖലകളിലുണ്ടായിരുന്നു. പ്രധാനപ്പെട്ട സുന്നി മസ്ജിദുകളോട് ചേർന്നുള്ള ഹാളിലോ മുറികളിലോ താമസിച്ച്​അവിടുത്തെ പുരോഹിത പ്രമുഖന്റെ മേൽനോട്ടത്തിലും ശിക്ഷണത്തിലും മതവിജ്ഞാനം ആർജിക്കുന്ന രീതിയെ കേരളത്തിൽ "ദർസ് ഓത്ത്' എന്നാണല്ലോ അറിയപ്പെടുന്നത്. സമാനമായ സംവിധാനത്തെ അഫ്ഗാനിസ്ഥാനിൽ "ഹുജറ' എന്ന പേരിലാണ് അറിയപ്പെടുന്നത്. മദ്രസകളിലും, ഹുജറകളിലും വിശദമായ മതപഠനം പൂർത്തിയാക്കുന്നവർക്ക് ‘മൗലവി', ‘മുല്ല' എന്നിങ്ങനെയുള്ള പദവികൾ ലഭിച്ചിരുന്നു. അവർ ‘ഹദീസ്' (മുഹമ്മദ് നബിയുടെ വചനങ്ങളും പ്രവർത്തനങ്ങളും രേഖപ്പെടുത്തിയ ആദ്യകാല അനുയായികളുടെ കൃതികൾ) വ്യാഖ്യാനിക്കാനും ‘ഫത്‌വ' (ഇസ്​ലാമിക മത മേധാവികളുടെയും മതപണ്ഡിതരുടെയും മതാശയാധിഷ്ഠിത വിധിതീർപ്പുകൾ) പുറപ്പെടുവിക്കാനുമുള്ള യോഗ്യതയും കഴിവും ഉള്ളവരായി കാണക്കാക്കപ്പെട്ടിരുന്നു. അവരുടെ പാഠ്യപദ്ധതിയിൽ ‘ഫ്ഖ്ഹ്' അഥവാ നിയമശാസ്ത്രം, ‘സുന്നത്ത്' അഥവാ നബിചര്യ, മതയുക്തി, ‘തഫ്സിർ' അഥവാ ഖുർആൻ വ്യാഖ്യാനം, ‘താജാവിദ്' അഥവാ ഖുർആൻ ഉച്ചാരണവും പാരായണവും എന്നിവയൊക്കെ ഉൾപ്പെട്ടിരുന്നു.

താലിബാൻ പ്രത്യയശാസ്ത്രത്തിന്റെ വഴികളിലൊന്നിന്റെ ഉത്ഭവം വഹാബിസത്തിൽ നിന്നാണെങ്കിൽ അതിൽനിന്ന്​ തികച്ചും വ്യത്യസ്തമായതും വളരെ പ്രധാനപ്പെട്ടതുമായ ഒരു വഴിത്താര സൂഫിസത്തിൽനിന്നുമുള്ളതാണ്.

കർമങ്ങളെക്കുറിച്ചും മതപരമായ വിലക്കുകളെക്കുറിച്ചുമൊക്കെ പാഠ്യപദ്ധതികളിലുണ്ടായിരുന്നെങ്കിലും ആധുനിക വിജ്ഞാനശാഖകളിൽ അവഗാഹമില്ലാത്ത താലിബാനിലെ പുരോഹിതനേതൃത്വം തങ്ങളുടെ മതബോധനത്തിൽക്കൂടി ഗ്രഹിച്ചെടുത്ത ​ശരീഅത്ത്​ നിയമങ്ങളും ഹദീസുകളും ആത്മനിഷ്ഠതയോടുകൂടി വ്യാഖ്യാനിക്കുന്നത് താലിബാൻ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗവത്കരണത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
താലിബാൻ പ്രത്യയശാസ്ത്രത്തിന്റെ വഴികളിലൊന്നിന്റെ ഉത്ഭവം വഹാബിസത്തിൽ നിന്നാണെങ്കിൽ അതിൽനിന്ന്​ തികച്ചും വ്യത്യസ്തമായതും വളരെ പ്രധാനപ്പെട്ടതുമായ ഒരു വഴിത്താര സൂഫിസത്തിൽനിന്നുമുള്ളതാണ്. തെക്കൻ അഫ്​ഗാനിസ്ഥാനിലെ സാംസ്‌കാരിക പൈതൃകം ഒരു പരിധിവരെ സൂഫിസത്തിൽ അന്തർലീനമാണ്. കവിതകളുടെയും നാടോടിക്കഥകളുടെയും സംഗീതത്തിന്റെയും ചിത്രരചനയുടേയുമൊക്കെ പാരമ്പര്യമുണ്ടായിരുന്ന ഗ്രാമീണ ആരാധന ശൃംഖലകൾ സൂഫിവര്യന്മാരുടെ സ്വാധീനഫലമായിട്ടാണ് ഉയർന്നുവന്നിരുന്നത്.

ദോഹയിൽ വെച്ച് 2020 ഫെബ്രുവരിയിൽ 'അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കുന്ന കരാറിൽ' ഒപ്പുവെക്കുന്ന അമേരിക്കൻ പ്രതിനിധി സൽമായ് കലിൽസാദും താലിബാൻ പ്രതിനിധി അബ്ദുൽ ഗാനി ബരാദറും / Photo: Wikimedia Commons
ദോഹയിൽ വെച്ച് 2020 ഫെബ്രുവരിയിൽ 'അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കുന്ന കരാറിൽ' ഒപ്പുവെക്കുന്ന അമേരിക്കൻ പ്രതിനിധി സൽമായ് കലിൽസാദും താലിബാൻ പ്രതിനിധി അബ്ദുൽ ഗാനി ബരാദറും / Photo: Wikimedia Commons

മുല്ല ഉമർ സ്വപ്നങ്ങളിൽ കൂടി ലഭിച്ചതെന്ന് അനുയായികളെ ബോധ്യപ്പെടുത്തി അവതരിപ്പിച്ചിരുന്ന വെളിപാട് പ്രഖ്യാപനങ്ങൾ ‘സൂഫി പീറു'കളുടേതിന് സമാനമായിരുന്നു. ‘ഹാജിബാബ' യെന്ന സൂഫി പ്രബോധകന്റെ കീഴിൽ കുട്ടിക്കാലത്ത് മുല്ല ഒമർ പഠനം നടത്തിയിരുന്നു. വിശ്വാസികളുടെ തലവൻ (അമീറുൽ മുഹ്​മിനീൻ) ആയി അവരോധിക്കപ്പെട്ടിരുന്ന മുല്ല ഒമർ തന്നെ ഒരു ‘നക്ഷ്ബന്ധി' സൂഫി പീർ ആയിരുന്നുവെന്ന് പഷ്ത്തൂണുകൾ കരുതുന്നു. താലിബാന്റെ സ്ഥാപകപ്രധാനികളിൽ ഒരാളായ ‘ആലിം' (പണ്ഡിതൻ) എന്ന് കണക്കാക്കപ്പെട്ടിരുന്ന മൗലവി അബ്ദുൽ അലി ദിയോബന്ധി ഒരിക്കൽ പ്രഖ്യാപിച്ചത്, ഖാണ്ഡഹാറിൽ ജീവിച്ചിരുന്ന സൂഫിവര്യനായിരുന്ന ‘പാദ്ഷാ ആഘ'യുടെ ഖബറിടത്തിൽ പ്രാർത്ഥന നടത്തണമെന്നും അവരുടെ വചനങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നുമായിരുന്നു.

ദിയോബാന്ധി ശൈലിയിലുള്ള അഫ്​ഗാനിസ്ഥാനിലെയും പാകിസ്താനിലെയും മദ്രസകളിലെ പഠനങ്ങളെ സൂഫി തത്വചിന്തകളും, സൂഫിസാഹിത്യവും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്.

മറ്റൊന്ന്, സൂഫിസത്തിന്റെ രീതിയിലുള്ള ‘പീർ - മുരീദ്' (അധ്യാപക-അനുയായി അഥവാ ഗുരു-ശിഷ്യർ) ശൈലി തുടരണമെന്നും സൂഫി വിശുദ്ധന്മാരുടെ മാർഗദർശകത്വം തുടരണമെന്നുമുള്ള താലിബാൻ പുരോഹിതരുടെ നിർദേശങ്ങളാണ്. താലിബാൻ സ്വാധീനത്താൽ ഗ്രാമപ്രദേശങ്ങളിലെ മതപരമായ ആചാരങ്ങൾ സൂഫി ആചാരങ്ങളും അനുഷ്​ഠാനങ്ങളുമായി ആഴത്തിൽ ഇടകലർന്നിരുന്നു. ദിയോബാന്ധിസതിന്റെ അഭിവാജ്യ ഘടകമാണ് സൂഫിസം. ദിയോബാന്ധിലെ ദാറുൽ ഉലൂമിന്റെ സ്ഥാപകർ സൂഫിസത്തെ പിൻപറ്റി ജീവിച്ചവരായിരുന്നു. ദിയോബാന്ധി ശൈലിയിലുള്ള അഫ്​ഗാനിസ്ഥാനിലെയും പാകിസ്താനിലെയും മദ്രസകളിലെ പഠനങ്ങളെ സൂഫി തത്വചിന്തകളും, സൂഫിസാഹിത്യവും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ‘തസാഫൂഫ്' അഥവാ സൂഫി പീറുകൾ തുടർന്നിരുന്ന ആത്മീയപഠന പ്രബോധനങ്ങളും (Islamic theology) അതോടൊപ്പം ‘പഞ്ച കിതാബ്' എന്നറിയപ്പെടുന്ന പ്രധാനപ്പെട്ട മൗലിക മതപഠന ഗ്രന്ധങ്ങളും ദിയോബാന്ധി മാതൃകയിലുള്ള താലിബാൻ മദ്രസകളിൽ പഠിപ്പിച്ചിരുന്നു.

മുജാഹിദ്ദീനികളിൽനിന്ന് വ്യത്യസ്തമായി താലിബാന് ഒരു അച്ചടക്കമുണ്ടായിരുന്നു. ഈ അച്ചടക്കം അവരുടെ പ്രത്യയശാസ്ത്ര പിൻബലംകൊണ്ടുണ്ടായതാണ് / Photo : Wikimedia Commons
മുജാഹിദ്ദീനികളിൽനിന്ന് വ്യത്യസ്തമായി താലിബാന് ഒരു അച്ചടക്കമുണ്ടായിരുന്നു. ഈ അച്ചടക്കം അവരുടെ പ്രത്യയശാസ്ത്ര പിൻബലംകൊണ്ടുണ്ടായതാണ് / Photo : Wikimedia Commons

താലിബാൻ പ്രത്യയശാസ്ത്രത്തിൽ സൂഫിസം ഒരു പ്രധാന ഘടകമാണെന്നതിനെക്കുറിച്ച് എടുത്തുകാട്ടാവുന്ന മറ്റൊരു കാര്യമാണ് വഹാബിസത്തിൽ വിശ്വസിച്ചിരുന്ന ‘അൽ ഖായിദ' എന്ന തീവ്രവാദ പ്രസ്ഥാനത്തിന്റെ ആശയപ്രചാരകരായ ‘യൂസുഫുൽ അയിരി'യുടെയും ‘അബു മസൂദ് അൽസൂരി'യുടെയും കുറ്റപ്പെടുത്തലുകൾ. അൽ ഖായിദയും താലിബാനും തമ്മിലുള്ള പ്രധാന വ്യത്യാസവും സൂഫിസത്തിന്റെ കാര്യത്തിലാണ്. താലിബാൻകാർ അഹിൽ സുന്നത്തിൽനിന്ന് വ്യതിചലിച്ച് ഖബർ ആരാധനയും സൂഫിസവും തുടരുന്നവരാണെന്ന് അൽ ഖായിദ തീവ്രവാദികൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. താലിബാൻ സ്ഥാപകരിൽ പ്രധാനികളൊക്കെയും സൂഫി രീതിയിലുള്ള പീർകളോ മുദിരിദുകളോ ആയിരുന്നു. യഥാർത്ഥത്തിൽ താലിബാൻ അനുഷ്​ഠാനങ്ങളും ശീലങ്ങളും പ്രാർത്ഥനാകർമങ്ങളുമെല്ലാം സുന്നി രീതിയിൽത്തന്നെയാണ്.

ആചാരപരമായ സുന്നത്ത് അടിസ്ഥാനമാക്കിയുള്ള പരിശീലനമുറകൾ ആവിഷ്‌കരിച്ച്​ മതാധ്യാപകവൃത്തിയിലേർപ്പെട്ടിരുന്ന മൗലവിമാരും മുല്ലമാരും മുജാഹിദ്ദീൻ തീവ്രവാദികളിൽ നിയന്ത്രണം സ്ഥാപിച്ചു.

താലിബാൻ പരിശീലനം

മുജാഹിദ്ദീൻ ഗ്രൂപ്പുകൾ സോവിയറ്റു വിരുദ്ധ ജിഹാദ് നടത്തിയ കാലത്ത് അഫ്ഗാനിസ്ഥാനിലെ കേന്ദ്രഭരണകൂടം ദുർബലമായിരുന്നു. ആ കാലങ്ങളിൽ ആചാരപരമായ സുന്നത്ത് അടിസ്ഥാനമാക്കിയുള്ള പരിശീലനമുറകൾ ആവിഷ്‌കരിച്ച്​ മതാധ്യാപകവൃത്തിയിലേർപ്പെട്ടിരുന്ന മൗലവിമാരും മുല്ലമാരും മുജാഹിദ്ദീൻ തീവ്രവാദികളിൽ നിയന്ത്രണം സ്ഥാപിച്ചു. പാകിസ്താന്റെ ചാരസംഘടനായ ഐ.എസ്.ഐ യെ മുൻനിർത്തി സി.ഐ.എ നടത്തിയ ഫണ്ടിംഗ് ഇടപെടൽ തീവ്രവാദ വളർച്ചയെ പരിപോഷിപ്പിച്ചു. ഗറില്ലാ യുദ്ധവിദഗ്ദരായിരുന്ന മുജാഹിദ്ദീനുകൾ സാവധാനം താലിബാൻ ആയി പരിവർത്തനം ചെയ്യപ്പെട്ടു. മതാനുഷ്​ഠാനങ്ങളും യുദ്ധപരിശീലനങ്ങളും സമന്വയിക്കപ്പെട്ടു.

പോരാട്ടത്തിനുവേണ്ടി റിക്രൂട്ട് ചെയ്യപ്പെട്ടവർ അതിരാവിലെ സൂര്യോദയത്തിനുമുമ്പ് ഉണർന്ന് പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ്​ പള്ളികളിൽ കൂട്ടപ്രാർത്ഥന നടത്തും. അതിനുശേഷം ഒരുമിച്ചിരുന്ന് വിശുദ്ധ ഗ്രന്ഥപാരായണം. പ്രാർഥനക്കുശേഷവും പാരായണത്തിനുശേഷവും ഒത്തുചേർന്ന് വിശ്വാസസംരക്ഷണത്തിന് രക്തസാക്ഷിയാവാൻ തയ്യാറെടുത്ത്​ കൂട്ടപ്രതിജ്ഞ. ഇവയൊക്കെ പരിശീലനത്തിന്റെ ഭാഗമായിരുന്നു. മുതിർന്ന താലിബാൻ അംഗങ്ങൾ ഇളയവരെ പഠിപ്പിക്കുമായിരുന്നു.

താലിബാൻ കാബൂൾ പിടിച്ചെടുത്തതിനെ തുടർന്ന് രാജ്യം വിടാൻ കാബൂൾ എയർപോർട്ടിൽ തടിച്ച് കൂടിയ ജനങ്ങൾ.
താലിബാൻ കാബൂൾ പിടിച്ചെടുത്തതിനെ തുടർന്ന് രാജ്യം വിടാൻ കാബൂൾ എയർപോർട്ടിൽ തടിച്ച് കൂടിയ ജനങ്ങൾ.

ഓരോ താലിബാൻ അംഗവും മതപഠനത്തിലൂടെയും പരിശീലനത്തിലൂടെയും പോരാട്ടത്തിലൂടെയും മതാഭിനിവേശത്തിന്റെ തീവ്രസ്വരൂപങ്ങളായി മാറി. അവരുടെയിടയിൽനിന്ന്​ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും ആസ്വാദനങ്ങളുമൊക്കെ അപ്രത്യക്ഷമായി. മത കോടതികൾ കലകളും സംഗീതവും മയക്കുമരുന്നുമൊക്കെ നിരോധിച്ചു. പകരം മതം അവരിൽ പോരാട്ടത്തിനുവേണ്ടിയുള്ള ആവേശത്തിന്റെ ഉന്മാദാവസ്ഥ സൃഷ്ടിച്ചു. ഇവിടെ അക്ഷരാർത്ഥത്തിൽ മതം അവരെ മയക്കുന്ന കറുപ്പായി പ്രവർത്തിച്ചു. അവരുടെ ദിനചര്യകളും, ശീലങ്ങളും, ദൃഢനിശ്ചയവും, ലക്ഷ്യബോധവും, പോരാട്ടവീര്യവും സ്വയം സമർപ്പണവുമൊക്കെ പുറത്തുള്ള സാധാരണക്കാരായ ഗ്രാമീണ ജനങ്ങളെയും സ്വാധീനിച്ചിരുന്നു.

മുജാഹിദ്ദീനികളിൽനിന്ന് വ്യത്യസ്തമായി താലിബാന് ഒരു അച്ചടക്കമുണ്ടായിരുന്നു. ഈ അച്ചടക്കം അവരുടെ പ്രത്യയശാസ്ത്ര പിൻബലം കൊണ്ടുണ്ടായതാണ്. മതസംഹിത താലിബാൻ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയായി നിലകൊണ്ടു.

ആഭ്യന്തരയുദ്ധകാലത്തെ ദുർബല ഭരണസംവിധാനത്തിന്റെയും അരാജകത്വത്തിന്റെയും നാളുകളിൽ ക്രമസമാധാനനില എന്നൊന്നില്ലാതായി. സ്വഭാവികമായും ​ശരീഅത്ത്​ നിയമങ്ങൾ തർക്കപരിഹാരത്തിന്റെ പ്രിയപ്പെട്ട രീതിയായി. ആചാരകാര്യങ്ങളുടെ രക്ഷാകർത്താക്കളെന്ന നിലയിലുള്ള പ്രവർത്തനങ്ങൾ അവർക്ക് ഒരുതരം മതപരമായ സാംസ്‌കാരിക മൂലധനം പ്രദാനം ചെയ്തു. ഖാണ്ഡഹാർ പ്രദേശങ്ങളിലുടനീളം ഉയർന്നുവന്ന താലിബാൻ കോടതികൾ നീതിയുടെ പ്രധാന ദാതാക്കളായി മാറി. ഗോത്രസംസ്‌കൃതിയുടെയും പ്രാദേശികതയുടെയും മുന്നിൽ മതാശയങ്ങൾ സ്ഥാനം പിടിച്ചു. ജിഹാദും അതുവഴിയുള്ള ആധിപത്യസ്ഥാപനവും ഏകലക്ഷ്യമായി മാറി.

മുജാഹിദ്ദീനികളിൽനിന്ന് വ്യത്യസ്തമായി താലിബാന് ഒരു അച്ചടക്കമുണ്ടായിരുന്നു. ഈ അച്ചടക്കം അവരുടെ പ്രത്യയശാസ്ത്ര പിൻബലം കൊണ്ടുണ്ടായതാണ്. മതസംഹിത താലിബാൻ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയായി നിലകൊണ്ടു. രാഷ്ട്രീയ ഇസ്​ലാം വാസ്തവത്തിൽ ഈജിപ്തിലും മാറ്റ് അറബ് പ്രദേശങ്ങളിലും സംവാദത്തിന്റെ വാതായനങ്ങൾ സൃഷ്ടിച്ചിരുന്നുവെങ്കിൽ താലിബാനെ സംബന്ധിച്ച്​അത് അന്യമായിരുന്നു.

ദിയോബാന്ധി ഹനഫി ചിന്താധാര പഷ്തൂൺ ഗോത്രവർഗക്കാരുടെ പഷ്തൂൺവാലി ആചാരങ്ങളുമായി സമന്വയിച്ചത് താലിബാന്റെ പ്രത്യശാസ്ത്രപരമായ അടിത്തറക്ക് വഴിയൊരുക്കി
ദിയോബാന്ധി ഹനഫി ചിന്താധാര പഷ്തൂൺ ഗോത്രവർഗക്കാരുടെ പഷ്തൂൺവാലി ആചാരങ്ങളുമായി സമന്വയിച്ചത് താലിബാന്റെ പ്രത്യശാസ്ത്രപരമായ അടിത്തറക്ക് വഴിയൊരുക്കി

താലിബാന്റെ ഒന്നാം വരവിൽ സംഗീതാദി കലകളൊക്കെ നിരോധിച്ചിരുന്നു. പരമ്പരാഗത വിനോദോപാധികൾ ഒന്നടങ്കം നിരോധിക്കപ്പെട്ടത് അവരുടെ ആശയങ്ങളുടെയും പ്രവർത്തനങ്ങളുടെയും കിരാതമായ സങ്കുചിത്വം വെളിവാക്കുന്നു. പ്രാവ് വളർത്തലും, പ്രാവുകളെ പറത്തുന്നതും കുട്ടികൾ പട്ടം പറത്തുന്നതുമൊക്കെ നിരോധിക്കപ്പെട്ടു. സ്ത്രീകൾക്ക് വീടുവിട്ട് പുറത്തുപോകുവാനോ മുഴുവൻ മൂടിപ്പൊതിയാതെ പുറത്തിറങ്ങുവാനോ കഴിയുമായിരുന്നില്ല.

ഇറാനും താലിബാനും

ഇറാനിലെ ഖൊമൈനിയുടെ പിൻഗാമികൾ പ്രഖ്യാപിച്ചത്, തങ്ങളുടെ പ്രവർത്തനങ്ങളുടെ ലക്ഷ്യം ഇസ്​ലാമികരാഷ്ട്രം കെട്ടിപ്പടുക്കുകയെന്നുള്ളതാണ്. താലിബാൻ അവകാശപ്പെടുന്നതും ഇതേ ലക്ഷ്യം തന്നെ. പക്ഷെ ഇറാൻ മതയാഥാസ്ഥിതികത്വത്തിൽ അധിഷ്ഠിതമാണെങ്കിലും (ഷിയാ വിഭാഗമെന്ന ഒരു വ്യത്യാസമുണ്ട്) ആധുനിക വിദ്യാഭ്യാസത്തിനും ആധുനിക ശാസ്ത്ര സാങ്കേതിക സൗകര്യങ്ങൾക്കും പ്രാധാന്യം കുറക്കുന്നില്ല. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇസ്​ലാമിക്​ റിപ്പബ്ലിക്ക് ഓഫ് ഇറാനിൽ സ്ത്രീകൾക്ക് എല്ലാവിധ വിദ്യാഭ്യാസവും നൽകുന്നു. അവിടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും മിക്ക തൊഴിൽ മേഖലകളിലും സ്ത്രീകൾക്ക് പങ്കാളിത്തമുണ്ട്. അതേസമയം, വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഇറാനിൽ സ്ത്രീകളുടെമേൽ കടുത്ത നിയന്ത്രണങ്ങൾ തുടരുന്നു. സൗകര്യപ്രദമായ രീതിയിലുള്ള വസ്ത്രധാരണമെന്നത് മനുഷ്യന്റെ മൗലികാവകാശങ്ങളുടെ ഭാഗമാണ്. അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സാമൂഹിക സജീവതയുടെയും അവിഭാജ്യഘടകമാണ്. ഇറാനിൽ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ വസ്ത്രധാരണത്തിൽ, പ്രത്യേകിച്ച്​ മതാശയങ്ങളുടെ അടിസ്ഥാനത്തിൽ, അടിച്ചർമത്തൽ നിലപാട് തുടരുമ്പോൾ അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്ത്രീകളോട് മനുഷ്യത്വരഹിതമായി ഇടപെടുന്നു. രണ്ട് കൂട്ടരും അടിസ്ഥാനപരമായി ഒരേ മതവും വിശുദ്ധ ഗ്രന്ഥങ്ങളും ഒരേ ശരിഅത്ത്​ നിയമങ്ങളും തന്നെയാണ് പിന്തുടരുന്നത്. (മുഹമ്മദ് നബിയുടെ മരണശേഷം നേതൃത്വത്തെച്ചൊല്ലിയുള്ള അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ രണ്ട് വിഭാഗങ്ങളുണ്ടായത്. പ്രധാനപ്പെട്ട വ്യത്യാസം, സുന്നി വിഭാഗക്കാർ മുഹമ്മദ് നബിയുടെ ഏറ്റവും അടുത്ത അനുചരനായിരുന്ന ഖലീഫ അബൂബക്കറിനെ നബിയുടെ പിൻഗാമിയായി അംഗീകരിച്ച് പ്രവർത്തിക്കുമ്പോൾ ഷിയാ വിഭാഗക്കാർ നബിയുടെ മരുമകനും നാലാമത്തെ ഖലീഫയുമായ അലിയെ പ്രവാചകന്റെ ശരിയായ പിൻഗാമിയായി വിശ്വസിച്ച് പ്രവർത്തിക്കുന്നുവെന്നതാണ്). പക്ഷെ പ്രയോഗത്തിൽ പലകാര്യങ്ങളിലും പ്രകടമായ വ്യത്യാസങ്ങളും വൈരുധ്യങ്ങളും കാണുന്നു. ആ വൈരുധ്യങ്ങളിലാണ് താലിബാന്റെ പ്രത്യയശാസ്ത്രത്തിന്റെ വ്യതിരിക്തത നിലകൊള്ളുന്നത്. ▮

(തുടരും)


ഡോ. പി.എം. സലിം

ഗവേഷകൻ. മഞ്ചേശ്വരം ഗോവിന്ദപൈ സ്​മാരക സർക്കാർ കോളേജിലെ ചരിത്രവിഭാഗം അധ്യാപകൻ. കമ്മ്യൂണിസ്റ്റ്‌ ഭരണവും വിമോചനസമരവും: ഒരു ചരിത്രാന്യോഷണം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments