ഇസ്‌ലാമോഫോബിയ ഒരു യൂറോപ്യൻ നിർമിതിയായാണ് പലപ്പോഴും പരിഗണിക്കപ്പെടുന്നത്. യൂറോപ്യൻ ആധുനികതയും പ്രാകൃത ഇസ്‌ലാമും തമ്മിലുള്ള സംഘർഷങ്ങളിലൂടെയാണ് ഇസ്‌ലാമോഫോബിയ രൂപപ്പെട്ടത് എന്ന രീതിയിൽ വലിയ ചർച്ച നടന്നിരുന്നു, ഇപ്പോഴും നടക്കുന്നുണ്ട്. Runnymede Trust Commission on British Muslims and Islamophobia in 1997 എന്ന പഠന റിപ്പോർട്ടാണ് ഇസ്‌ലാമോഫോബിയ അഥവാ ഇസ്‌ലാം പേടിയെ കുറിച്ചുള്ള ബ്രിട്ടീഷ് അന്വേഷണം ഒരു അക്കാദമിക്- രാഷ്ട്രീയ അന്വേഷണ വിഷയമാക്കി തീർത്തത്.
യൂറോപ്യൻ ചിന്തകർ ഈ പ്രശ്‌നത്തെ ആധുനികതയുടെ ഒരു പ്രതിസന്ധി എന്ന നിലയ്ക്കാണ് കണ്ടിരുന്നത്. ഫെക്റ്റ് (2009) തന്റെ പഠനത്തിൽ ചൂണ്ടിക്കാണിച്ച വസ്തുത, യൂറോപ്പിലെ കുടിയേറ്റത്തിൽനിന്നും വംശീയതയിൽ നിന്നുമാണ് ഇസ്‌ലാം പേടി രൂപപ്പെടുന്നത് എന്നാണ്. യൂറോപ്യൻ നാഗരികതയുടെ കൊളോണിയൽ മേധാവിത്തം ചോദ്യം ചെയ്യപ്പെടുകയും ദേശസുരക്ഷ തന്നെ ചോദ്യം ചെയ്യപ്പെടാൻ ശേഷിയുള്ള അപകടം പിടിച്ച ഒരു സാന്നിധ്യമായി ഇസ്‌ലാം പരിഗണിക്കപ്പെടുന്നിടത്തുമാണ് ഇസ്‌ലാമോഫിബിയയുടെ തുടക്കം എന്ന് ഫെക്റ്റ് നിരീക്ഷിക്കുന്നു. Suitable enemy, അതായത് അനുയോജ്യനായ ശത്രു എന്നും ഫെക്റ്റ് ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. വംശീയതയിലൂന്നിയ ഒരു ദേശരാഷ്ട്ര സങ്കൽപ്പനത്തിൽ നിന്നുമാണ് ഇസ്‌ലാം പേടി യൂറോപ്പിൽ രൂപപ്പെട്ടത് എന്നു പറയാം.
ഇസ്‌ലാം ആധുനികതയെ നിഷേധിക്കുന്ന മതമാണ് എന്ന പൊതുബോധത്തെ അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ ആധുനിക പൗരബോധം രൂപപ്പെട്ടിരിക്കുന്നത്
യൂറോപ്പിൽ രൂപപ്പെട്ട ഈ പ്രത്യയശാസ്ത്രം വളരെ പെട്ടന്ന് സാംസ്‌കാരിക ഭീഷണിയായി പരിഗണിക്കപ്പെട്ടു തുടങ്ങി എന്നതാണ് വസ്തുത. ഇബ്രാഹിം കാലിനെ പോലെയുള്ള ഗവേഷകർ (2011) ഇസ്‌ലാം പേടിയെ ബഹുസ്വരതയുടെ പ്രതിസന്ധികൂടിയായി പരിഗണിക്കുന്നുണ്ട്. യൂറോപ്പിലെ നാഗരികതയുടെ ഭാഗമായി രൂപം കൊണ്ട മതേതര- ഉദാര ആശയങ്ങൾക്ക് യൂറോപ്യൻ നാഗരികതക്കുപുറത്ത് രൂപപ്പെട്ട ഇസ്‌ലാം നാഗരികതയെ ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ പരിമിതിയായി കാലിൻ ഇസ്‌ലാം പേടിയെ പരിഗണിക്കുന്നുണ്ട്.
ഇസ്‌ലാം ആധുനികതയെ നിഷേധിക്കുന്ന മതമാണ് എന്ന പൊതുബോധത്തെ അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ ആധുനിക പൗരബോധം രൂപപ്പെട്ടിരിക്കുന്നത്. ആധുനിക കാലത്തെ മതവിശ്വാസി എന്നത് മതത്തെ വ്യക്തിയിലേക്ക് ചുരുക്കുകയും ആധുനിക മൂല്യങ്ങളെ പൊതു ഇടപെടലിൽ ഉൾക്കൊള്ളുകയും ചെയ്യുന്ന വൈരുദ്ധ്യമാണ്. വർത്തമാനകാലത്തെ മുസ്‌ലിംമിൽ നിന്ന് ദേശരാഷ്ട്രം ആവശ്യപ്പെടുന്നത് ഇത്തരത്തിലുള്ള രാഷ്ട്ര/സാമൂഹിക/പൗരബോധമാണ്. ഇതൊരു പാശ്ചാത്യ നിരീക്ഷണമോ ആവശ്യമോ ഒക്കെയായി തോന്നാമെങ്കിലും നമ്മുടെ രാജ്യത്തേക്കും ഈ "ദേശപൗര' ബോധം കടന്നുവന്നിട്ടുണ്ട്.
ഇസ്‌ലാമോഫോബിയയും ഇന്ത്യൻ മതേതരത്വവും
മതേതരത്വത്തിന് ഏൽക്കുന്ന ഭീഷണിയും മുസ്‌ലിംകളുടെ അസ്തിത്വ പ്രശ്‌നങ്ങളും പൊതുചർച്ചയിൽ വരുമ്പോൾ ഗോൾവാക്കറും സവർക്കറും ഒക്കെ മുന്നോട്ട് വച്ച വിചാരധാരയുടെ അപകടമായിക്കണ്ടാണ് ഇടതു- ഉദാര വീക്ഷണമുള്ളവർ ഉത്തരം കണ്ടെത്താറുള്ളത്. എന്നാൽ ഗോൾവാക്കറും സവർക്കറും മുന്നോട്ട് വച്ച ആശയധാര നീണ്ടകാലം അവരുടെ പ്രസ്ഥാനത്തിന്റെ ആശയാടിത്തറയായി മാത്രം ചുരുക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. ഗാന്ധിവധത്തിനുശേഷം ഒരു നീണ്ട കാലം ഈ ആശയധാരക്ക് ഇന്ത്യൻ/ കേരള മുഖ്യധാരയിൽ ഇടമില്ലായിരുന്നു. എന്നാൽ ബാബരി മസ്ജിദ് തകർക്കലിലേക്ക് നയിച്ച രാഷ്ട്രീയ വിജയമാണ് ഇന്ത്യയിൽ ഇസ്‌ലാമോഫോബിയയെ വലിയതോതിൽ സംരക്ഷിക്കുന്നതിലേക്ക് ഇന്ത്യൻ വലതുപക്ഷ മതരാഷ്ട്രവാദം എത്തുന്നതും, ഇവരുടെ പ്രത്യയശാസ്ത്രം ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ അജണ്ടയുടെ ഭാഗമാകുന്നതും.
ഒരു ബഹുസ്വര സമൂഹത്തിൽ പൗരാവകാശത്തോടെ ജീവിക്കുന്ന മുസ്ലിമിനാണ് ഇസ്‌ലാമോഫോബിയ തിരിച്ചറിയാനും അനുഭവിക്കാനും കഴിയുന്നത്.
മുംബൈ കലാപത്തെ തുടർന്നുണ്ടായ സ്ഫോടനങ്ങളും മുംബൈ ഭീകരാക്രമണവും അതിലൊക്കെ പ്രതികളായ മുസ്‌ലിംകളെ, മുഴുവൻ മുസ്‌ലിംകളുടെയും പ്രതിനിധികളായും ഇത്തരം അക്രമങ്ങളെല്ലാം ഇസ്‌ലാമിന്റെ നിലനിൽപിനായുള്ള കൊലപാതകങ്ങളായും ചിത്രീകരിക്കപ്പെട്ട 1990കളാണ് ഇന്ത്യയിൽ രാഷ്ട്രീയ രംഗത്തെ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് എന്നുപറയാം. ഇന്ത്യയിൽ മതരാഷ്ട്ര വാദത്തെ അധികാരത്തിലേക്കുള്ള ചവിട്ടു പടിയായി മാറ്റാം എന്ന് തെളിയിക്കാൻ ഈ സംഭവത്തിനായി. ഇന്ത്യൻ മുസ്‌ലിംകളെ രാഷ്ട്രീയമായി പ്രസക്തവും, എന്നാൽ വോട്ടുബാങ്കിൽ അപ്രസക്തവുമാക്കാൻ തുടങ്ങിയത് ഈ കാലം മുതലാണ്.
ലോകത്തെവിടെ ഒരു ഭീകരാക്രമണം ഉണ്ടായാലും അതിനെ അപലപിക്കേണ്ടതും പ്രതികൾ തങ്ങളിൽ പെട്ടവരല്ല എന്ന് പ്രഖ്യാപിക്കേണ്ടതും ഒരു ബഹുസ്വര സമൂഹത്തിൽ നിലനിൽക്കുന്നതിന് മുസ്‌ലിംകൾക്ക് ആവശ്യമായിത്തീർന്നിട്ടുണ്ട്. ഏകദൈവവിശ്യാസത്തിന്റെ ഭാഗമായ ഒരു സമൂഹത്തിന് ഇത്തരത്തിൽ ഒരു കേന്ദ്രീകൃത ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രയോഗികമായി ബുദ്ധമുട്ടില്ല, എന്നാൽ ഇത്തരം ഉത്തരവാദിത്തമേറ്റെടുക്കൽ മുസ്‌ലിംകളുടെ അപരവൽക്കരണത്തിന് കാരണമാകുന്നു എന്ന വസ്തുത നിഷേധിക്കാൻ കഴിയില്ല. ഒരു ബഹുസ്വര സമൂഹത്തിൽ പൗരാവകാശത്തോടെ ജീവിക്കുന്ന മുസ്ലിമിനാണ് ഇസ്‌ലാമോഫോബിയ തിരിച്ചറിയാനും അനുഭവിക്കാനും കഴിയുന്നത്. ആൾക്കൂട്ടത്തിൽ പോലും ഒരാൾക്കിത് അനുഭവിക്കാൻ കഴിയും.
ഫാസിസ്റ്റു രാഷ്ട്രീയത്തിന്റെ ഇരകൾ എന്ന രീതിയിലാണ് ഇടതുപക്ഷമടക്കം മുസ്‌ലിം പ്രശ്നത്തെ സമീപിക്കുന്നത്. എന്നാൽ അതുമാത്രമല്ല പ്രശ്‌നം
ചില വ്യക്തിപരമായ അനുഭവങ്ങളാണ് പലപ്പോഴും ഇസ്‌ലാമോഫോബിയ ഉണ്ടെന്ന് മനസിലാക്കി തരുന്നത്. ഒരിക്കൽ മുംബൈയിൽ ഒരു അക്കാഡമിക് സെമിനാർ കഴിഞ്ഞ് സംഘാടകർ തന്നെ ബുക്ക് ചെയ്ത് യൂബർ ടാക്‌സിയിൽ യാത്ര ചെയ്ത എന്നോട് ടാക്‌സി ഡ്രൈവർ യൂബർ പോലെയുള്ള കുത്തക കമ്പനികൾ നടത്തുന്ന ചൂഷണത്തെ കുറിച്ചും അതുണ്ടാക്കുന്ന അസമത്വങ്ങളെ കുറിച്ചും തൊഴിലാളികളുടെ അവകാശത്തെകുറിച്ചും വാചാലനായി. അദ്ദേഹം എന്നിൽ വലിയ മതിപ്പുണ്ടാക്കി. തൊഴിലാളികൾക്കിടയിൽ ശക്തമായ സാന്നിധ്യമുണ്ടായിരുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീനം കൊണ്ടാകാം അദ്ദേഹം അങ്ങനെ സംസാരിച്ചതെന്നാണ് ഞാൻ കരുതിയത്. എന്നാൽ ടാക്‌സി മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന ചേരിപ്രദേശത്തെത്തിയപ്പോൾ അതുവരെയുണ്ടായിരുന്ന ഭാഷയിൽ മാറ്റം വന്നു, പിന്നീടുള്ള ചർച്ച മുസ്‌ലിംകളെ കുറിച്ചായി.
എന്റെ പേര് പറയാത്തതുകൊണ്ടും വേഷം കൊണ്ടും ഞാൻ മുസ്‌ലിം അല്ല എന്ന് അദ്ദേഹത്തിന് തോന്നിയിരിക്കും. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഓരോ മുസ്‌ലിം ജീവിക്കുന്നതും ‘ഹിന്ദുക്കളുടെ തലയറുക്കണം’ എന്ന വിശ്വാസത്തിലാണ്. അതിന് അദ്ദേഹം കണ്ടെത്തിയ കാരണം, ഓരോ മുസ്‌ലിമിനും പതിനഞ്ചും പതിനാറും മക്കളുണ്ട്; കൂടാതെ മുംബൈയിലെ എല്ലാ കുറ്റകൃത്യങ്ങൾക്കുപിന്നിലും മുസ്ലിംകളാണ്. ഞാൻ പേരുപറയാത്തതുകൊണ്ട് കൂടിയാണ് ആ ഒന്നര മണിക്കൂർ ഞങ്ങൾക്കിടയിൽ സ്വതന്ത്ര ചർച്ച നടന്നത്. ആ ഒന്നര മണിക്കൂർ എന്റെ അസ്തിത്വം മറച്ചുവെക്കേണ്ടിവന്നു, കാരണം എനിക്കറിയാവുന്ന, ഞാൻ അനുഭവിക്കുന്ന മുസ്‌ലിം ജീവിതപരിസരം ഇതൊന്നുമല്ല. അമർത്യ സെൻ (2012) ഒരിക്കൽ വിശദീകരിച്ചതുപോലെ, ഒരു വ്യക്തി ഇന്നത്തെ സമൂഹത്തിൽ പലതരം സ്വത്വങ്ങളോടെയാണ് ജീവിക്കുന്നത്. അതിൽ ചില സ്വത്വങ്ങൾ ദേശത്തോടും വ്യവസ്ഥിതിയോടും കലഹിക്കും, ചിലത് സമരസപ്പെട്ടുപോകാം. ചില സ്വത്വങ്ങൾ രൂപപ്പെടുന്നത് വ്യക്തിപരതയിൽ നിന്നല്ല, പകരം ദേശം, മതം, ഭാഷ, സംസ്‌കാരം ഒക്കെയായി സംവദിച്ചുകൊണ്ടാണ്.
മുസ്‌ലിംകൾ പൊതു ഇടങ്ങളിൽ അവരുടെ മതചിഹ്നങ്ങളോടെ ഇടപെടുന്നു എന്നത് കേരളത്തിന്റെ മതേതര വിശ്വാസത്തിന് ഭീഷണിയായി കണക്കാക്കപ്പെടുന്നുണ്ട്. ഇതൊരു ഗൂഢാലോചനയായിട്ടാണ് ഇടതുപക്ഷം പോലും കാണുന്നത്.
ആ ഒന്നരമണിക്കൂർ എന്റെ ഭാഷയും വേഷവും ആ ടാക്‌സി ഡ്രൈവറുടെ കാഴ്ചപ്പാടിൽ മുസ്ലിമുമായി പൊരുത്തപ്പെടുന്നതല്ല. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ അദ്ദേഹം പരിചയപ്പെട്ട വ്യക്തി ഇന്നത്തെ ദേശരാഷ്ട്ര, രാഷ്ട്രീയ നിലപാടുകളോട് ചേർന്നുനിൽക്കുന്ന ഒരാളാണ്. അയാൾ ഒരിക്കലും മുസ്‌ലിം ആകില്ല എന്ന ഉറപ്പാണ് ആ മനുഷ്യൻ എന്നോട് പ്രകടിപ്പിച്ചത്. ആ ടാക്‌സി ഡ്രൈവറുടെ അഭിപ്രായത്തെ ഞാൻ കാണുന്നത് നമ്മുടെ ബഹുസ്വരതയുടെ ആന്തരിക വൈരുധ്യമായിട്ടാണ്. ഒരു സമൂഹത്തിൽ വ്യത്യസ്തതകൾ രൂപപ്പെടുന്നതും നിലനിൽക്കുന്നതും പല വിധ സാംസ്‌കാരിക കൊടുക്കൽ വാങ്ങലുകൾ വഴിയാണ്. എന്നാൽ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന സാമൂഹിക- ജാതി- മത മേധാവിത്വം നിർണയിക്കുന്ന മുഖ്യധാരാ സാംസ്‌കാരിക മാതൃക, ഇത്തരം സാംസ്‌കാരിക വിനിമയത്തെ പ്രായോഗികവൽക്കരിച്ചില്ല എന്നതാണ് ഞാൻ ആ ടാക്‌സി ഡ്രൈവറിൽ കണ്ടത്. മുംബൈ പോലെയുള്ള ഒരു നഗരത്തിൽ അതിന് വലിയ മാനങ്ങളുണ്ട് താനും. അതുകൊണ്ടുതന്നെ ഇസ്‌ലാം പേടിയെ പ്രതിരോധിക്കാൻ ഈ സമൂഹത്തിന്റെ ഭാഗമായ ഒരു മുസ്‌ലിമിന് പരിമിതികൾ ധാരാളമുണ്ട്.
കേരളത്തിലെ ഇസ്‌ലാം പേടി
കേരളത്തിൽ ഇസ്‌ലാംപേടി നിലനിൽക്കുന്നു എന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അഷ്റഫ് (2020) ഇസ്‌ലാമോഫോബിയയുടെ കേരള പരിസരം എന്ന തന്റെ പഠനത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. "ഇസ്‌ലാമോഫോബിയ മലയാള ഭൂപടം' എന്ന പുസ്തകം കേരളത്തിൽ എങ്ങനെയാണ് ഇസ്‌ലാംപേടി ഒരു ആശയായി രൂപപ്പെട്ടു എന്ന് വ്യക്തമാക്കുന്നുണ്ട്. ബീമാപള്ളി വെടിവപ്പ് മുതൽ ഫാസിസ്റ്റു വിരുദ്ധ സമരങ്ങളിലെ മുസ്‌ലിം സാന്നിധ്യം വരെ അഷ്റഫ് പുസ്തകത്തിൽ ചർച്ചചെയ്യുന്നുണ്ട്. ഈ വിശകലനങ്ങൾ എല്ലാം മുന്നോട്ട് വയ്ക്കുന്ന ആശയം മുസ്‌ലിംകളുടെ രാഷ്ട്രീയത്തെ കുറിച്ചാണ്.
ഫാസിസ്റ്റു രാഷ്ട്രീയത്തിന്റെ ഇരകൾ എന്ന രീതിയിലാണ് ഇടതുപക്ഷമടക്കം മുസ്‌ലിം പ്രശ്നത്തെ സമീപിക്കുന്നത്. എന്നാൽ അതുമാത്രമല്ല പ്രശ്‌നം. ബാബാസാഹിബ് അംബേദ്കർ സ്റ്റേറ്റ് ആൻഡ് മൈനോറിറ്റി എന്ന പുസ്തകത്തിൽ (1945) എഴുതുന്നു: "when India has arrived at the fully developed non-violent stage, there will be no minority having a feeling of separateness or inferiority'.
അപകർഷതാബോധമില്ലാതെ ന്യൂനപക്ഷങ്ങൾക്ക് ജീവിക്കാൻ കഴിയുന്നിടത്താണ് ജനാതിപത്യം വിജയിക്കുന്നത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്നാൽ മതസമൂഹമെന്നനിലയിൽ മുസ്‌ലീങ്ങളിൽ ഇത്തരം അപകർഷതാബോധം സൃഷ്ടിക്കുന്നതിൽ ഇസ്‌ലാമോഫോബിയ വിജയിച്ചിട്ടുണ്ട്.
കേരളത്തിൽ ഇസ്‌ലാം പേടി രൂപപ്പെടുന്നത് സാവധാനത്തിലും ആഴത്തിലുമാണ്. വടക്കേ ഇന്ത്യയിലെ ഇസ്‌ലാം പേടിക്കും/ മുസ്‌ലിംകളുടെ അപരവൽക്കരണത്തിനും പ്രധാന കാരണമായി സയ്യദ് നഖ്വി (2016) ചൂണ്ടിക്കാണിക്കുന്നത്, വിഭജനത്തിന്റെയും കാശ്മീർ പ്രശ്‌നത്തിന്റെയും കാരണക്കാരും അയോധ്യയിലെ രാമക്ഷേത്രത്തിന് തടസം നിന്നവരുമായ മുസ്‌ലിം എന്ന പൊതുബോധത്തിൽ നിന്നാണ്. ദാരിദ്ര്യവും പട്ടിണിയും കൊണ്ട് വലയുന്ന വടക്കേ ഇന്ത്യൻ മുസ്‌ലിം ഭൂരിപക്ഷത്തിന് ഇത്തരം അപരവൽക്കരണത്തെ ചെറുക്കാനും കഴിയില്ല. അതുകൊണ്ട് തന്നെ അവർക്കുവേണ്ടി പ്രതിരോധിക്കാൻ രാഷ്ട്രീയ കക്ഷികളും തയ്യാറല്ല. എന്നാൽ കേരളത്തിൽ ഇതിനൊരു രാഷ്ട്രീയ സ്വാഭാവമുണ്ട്. വളരെ ഗൗരവമായി തന്നെ ചർച്ച ചെയ്യേണ്ടതാണ് ഈ മാറ്റങ്ങൾ.
മുസ്‌ലിംകൾ അവരുടെ മതസൂചനകൾ മറയ്ക്കാതെ പങ്കെടുക്കുന്ന എല്ലാ ജനകീയ സമരങ്ങളും "പൊതു' സമൂഹത്തിൽ ഒറ്റപ്പെടുകയോ ജനപിന്തുണ ഇല്ലാതെ പോകുകയോ ചെയ്തു. ഈ സമരങ്ങളുടെ ഒറ്റപ്പെടൽ ഇസ്‌ലാമോഫോബിയയുടെ കേരളീയ രൂപം എന്ന് പറയാം
കൃത്യമായി പറഞ്ഞാൽ മുസ്‌ലിംകൾ പൊതു ഇടങ്ങളിൽ അവരുടെ മതചിഹ്നങ്ങളോടെ ഇടപെടുന്നു എന്നത് കേരളത്തിന്റെ മതേതര വിശ്വാസത്തിന് ഭീഷണിയായി കണക്കാക്കപ്പെടുന്നുണ്ട്. ഇതൊരു ഗൂഢാലോചനയായിട്ടാണ് ഇടതുപക്ഷം പോലും കാണുന്നത്. ദേശീയ പാതക്ക് സ്ഥലമെടുക്കുന്നതിനേതിരെ കേരളത്തിൽ സമരങ്ങൾ നടന്നിരുന്നു. ഇതിൽ മുസ്‌ലിംകൾ മാത്രമല്ല ഉണ്ടായിരുന്നത്. എന്നാൽ അന്ന് ഇടതുപക്ഷം ഈ സമരത്തിൽ പങ്കെടുത്ത പർദ്ദയിട്ട എല്ലാ മുസ്‌ലിം സ്ത്രീകളെയും നമസ്‌കരിക്കുന്ന മുസ്‌ലിം പുരുഷന്മാരെയും ജമാഅത്തെ ഇസ്‌ലാമിയും പിന്നെ തീവ്രവാദികളും ആയി ചിത്രീകരിച്ചു. ഇടതുപക്ഷത്തിന് ഇതുവഴി വലിയ നേട്ടമുണ്ടായി. അതിലൊന്ന്, മുസ്‌ലിംകൾ അവരുടെ മതസൂചനകൾ മറയ്ക്കാതെ പങ്കെടുക്കുന്ന എല്ലാ ജനകീയ സമരങ്ങളും "പൊതു' സമൂഹത്തിൽ ഒറ്റപ്പെടുകയോ ജനപിന്തുണ ഇല്ലാതെ പോകുകയോ ചെയ്തു. ഈ സമരങ്ങളുടെ ഒറ്റപ്പെടൽ ഇസ്‌ലാമോഫോബിയയുടെ കേരളീയ രൂപം എന്ന് പറയാം.
മുസ്‌ലിംകൾ എന്തിനാണ് സമരങ്ങളിൽ പങ്കെടുക്കുന്നത്, അതും ഇത്തരം ഒരു "പൊതു പ്രശ്‌നത്തിൽ' എന്നാണ് കേരളത്തിലെ ഇടതുപക്ഷം ചോദിച്ചത്. ഗെയിൽ പൈപ്പ് ഇടുന്നതിനെതിരെ നടന്ന പ്രാദേശിക സമരങ്ങളിൽ മുസ്‌ലിംകൾ പങ്കെടുത്തതിനെ സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി ‘പ്രാകൃത മതക്കാരുടെ സമരമായി’ ചിത്രീകരിച്ച് പോസ്റ്റർ ഇറക്കിയത് കേരളത്തിൽ വലിയ വിവാദമുണ്ടാക്കാതെ കടന്നു പോയി. വലിയ വിവാദമായി എന്നൊക്കെ ഒരു മറുപടിക്ക് വേണ്ടി പറയാം എന്നല്ലാതെ കേരളത്തിലെ ഇടതുമനസ് വലിയതോതിൽ ഈ പ്രസ്താവന നിഷേധിച്ചില്ല. സമരം ചെയ്ത എല്ലാ മുസ്ലിംകളെയും സി.പി.എം ജമാഅത്തെ ഇസ്‌ലാമിക്കാരാക്കി. ക്രമേണ ഈ പരിഗണയിലേക്ക് മുസ്‌ലിം ലീഗും കടന്നു വന്നു. മതസംഘടനക്കപ്പുറം മുസ്‌ലിം സഖ്യങ്ങൾ രൂപപ്പെടില്ല എന്ന ഇടതു വായന അവരുടെ ആശയാടിത്തറയുടെ പരാജയം കൂടിയാണ് കാണിച്ചത്.
കേരളത്തിലെ മുസ്‌ലിംകൾക്കിടയിലെ ബഹുസ്വരതയെ മനസിലാക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഇസ്‌ലാം പേടി മുസ്ലിംകളിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ മനസിലാക്കാൻ ഇടതു പക്ഷത്തിന് കഴിയുന്നില്ല എന്നതാണ് വസ്തുത
കേരളത്തിലെ മുസ്‌ലിംകൾക്കിടയിലെ ബഹുസ്വരതയെ മനസിലാക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഇസ്‌ലാം പേടി മുസ്ലിംകളിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ മനസിലാക്കാൻ ഇടതു പക്ഷത്തിന് കഴിയുന്നില്ല എന്നതാണ് വസ്തുത. പൊതുസമൂഹത്തിൽ ഇസ്‌ലാം പേടി ഒരു ആശയമായി രൂപപ്പെടുന്നു എന്ന് തിരിച്ചറിയുന്നതോടെ മുസ്‌ലിംകൾ അവരവരുടെ സാമൂഹിക- മത പരിസരങ്ങളിലേക്ക് ചുരുക്കപ്പെടും എന്ന് അജ്മൽ ഖാൻ (2014) മുംബൈയിലെ മുസ്‌ലിം ചെറുപ്പക്കാരെ കുറിച്ചു നടത്തിയ ഒരു പഠനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കേരളത്തിൽ പതുക്കെയെങ്കിലും ഈ മാറ്റം കാണാം. കേരളം ഇസ്‌ലാമിക തീവ്രവാദികളുടെ പരിശീലനക്കളരിയാണ് എന്ന സംഘപരിവാർ ആരോപണത്തിന് പല കാരണങ്ങളുണ്ട്. അത് കേരളത്തിൽ നിന്ന് ഐ.എസിൽ ചേരാൻ ഒരു സംഘം പോയത് മുതലല്ല, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ മുസ്‌ലിം രാഷ്ട്രീയം മുഖ്യധാരാ രാഷ്ട്രീയത്തോട് ചേർന്നു പോകുന്നതും അതോടൊപ്പം മുസ്‌ലിം ജനപ്രതിനിധികൾ കൂടുതൽ ഉണ്ടാകുന്നതും കേരളത്തിലാണ് എന്നതുകൊണ്ട് കൂടിയാണ്. ദേശരാഷ്ട്രം/മാതൃരാഷ്ട്രം എന്ന രീതിയിൽ സംഘപരിവാർ, രാഷ്ട്രത്തെ പുനർനിർണയിക്കുന്നുണ്ട്, ഇത്തരം പുനർനിർണയങ്ങളാണ് ഇസ്‌ലാം പേടിയെ സജീവമാക്കി നിർത്തുന്നത്. ഇസ്‌ലാം പേടി എന്നത് ഇസ്‌ലാമിസ്റ്റുകളുടെ മതസംരക്ഷണവാദമായി ചിത്രീകരിക്കപ്പെടുന്നുണ്ട്. എന്നാൽ അതിനുമപ്പുറം മാനങ്ങൾ ഇസ്‌ലാം പേടിക്കുണ്ട്. അതിൽ പ്രധാനം, മുസ്‌ലിംകളുടെ കർതൃത്വം എന്നത് മതപരമായി മാത്രം ചുരുക്കപ്പെടുന്നതിലേക്ക് എത്തിക്കുന്നു എന്നതാണ്. മുസ്‌ലിം സമൂഹത്തിലെ തന്നെ ആന്തരിക മാറ്റങ്ങളെ തകർക്കാൻ കഴിയുന്ന തരത്തിലാണ് ഈ മാറ്റം.
ഇന്ത്യയിൽ ഒരു മുസ്‌ലിം ജീവിതം സാധ്യമാകുന്നത് മതേതര സംവിധാനത്തിൽ മാത്രമാണ് എന്ന് തിരിച്ചറിയിക്കുന്നതാണ് മുസ്‌ലിംകളുടെ രാഷ്ട്രീയം. മറ്റൊരു സമൂഹത്തിനും അത്തരം ബാധ്യതയില്ല എന്നതും തിരിച്ചറിയപ്പെടേണ്ടതാണ്.
മുസ്‌ലിം പെൺകുട്ടികളുടെ ഉയർന്ന വിദ്യാഭാസം, മുസ്‌ലിം പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഒക്കെ സംഭവിക്കുന്നത് ഇസ്‌ലാം പേടി സജീവമായ ഈ കാലത്താണ് എന്നതും വിസ്മരിക്കാൻ കഴിയില്ല. ഈ മാറ്റങ്ങൾ മുസ്‌ലിംകളെ രാഷ്ട്രീയമായും സജീവമാക്കും എന്നത് കേരളത്തിലെ ഇടതുപക്ഷം വിസ്മരിച്ചു. പൗരത്വ ഭേദഗതി നിയമം, മുസ്‌ലിംകളുടെ രാഷ്ട്രീയ പങ്കാളിത്തമില്ലായ്മ, തീവ്രവാദ കേസുകളിൽ മുസ്‌ലിംകൾ പ്രതികളാകുമ്പോഴുണ്ടാകുന്ന ആന്തരിക സംഘർഷങ്ങൾ, പൊതു ഇടപെടലുകളിൽ മുസ്‌ലിം പങ്കാളിത്തം ഉണ്ടാകുമ്പോൾ ഉയർന്നു വരുന്ന "പൊതു ചോദ്യങ്ങൾ' എല്ലാ ചേർന്നതാണ് വർത്തമാനകാല മുസ്‌ലിം ജീവിതം. ഈ മുസ്‌ലിം ജീവിതത്തിന്റെ മറുവശം, മുസ്‌ലിംകളുടെ പൊതു- സ്വകാര്യ ജീവിതം രാഷ്ട്രീയവൽക്കരിക്കപ്പെടുന്നു എന്നതാണ്. ഇവിടെയാണ് ഇടതുപക്ഷം പരാജയപ്പെടുന്നത്, കാരണം ഈ പുതിയ രാഷ്ട്രീയം കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ വ്യവഹാരങ്ങളോടാണ് ഏറ്റുമുട്ടുന്നത്. ഇതിൽ ഏറ്റവും പ്രധാനം മതേതര രാഷ്ട്രീയത്തോടുള്ള സമീപനമാണ്.
ഇന്ത്യയിൽ ഒരു മുസ്‌ലിം ജീവിതം സാധ്യമാകുന്നത് മതേതര സംവിധാനത്തിൽ മാത്രമാണ് എന്ന് തിരിച്ചറിയിക്കുന്നതാണ് മുസ്‌ലിംകളുടെ രാഷ്ട്രീയം. മറ്റൊരു സമൂഹത്തിനും അത്തരം ബാധ്യതയില്ല എന്നതും തിരിച്ചറിയപ്പെടേണ്ടതാണ്. ഇന്ത്യൻ മുസ്‌ലിംകളുടെ ഈ രാഷ്ട്രീയ പ്രതിസന്ധി മനസിലാക്കാനുള്ള ആശയാടിത്തറ അധികാരപാർട്ടിയായി ചുരുക്കപ്പെട്ട ഇടതുപക്ഷത്തിനില്ല എന്നതിന്റെ ഉദാഹരണമാണ്, ഇടതുപക്ഷത്തിന് മുസ്‌ലിം രാഷ്ട്രീയത്തോടുള്ള സമീപനത്തെക്കുറിച്ചുള്ള വിമർശനം. അതായത്, ഇസ്‌ലാം പേടിയെ സജീവമാക്കാനും അതുവഴി ഭൂരിപക്ഷ വോട്ടുകൾ ഉറപ്പാക്കാനും ഉള്ള പദ്ധതിയാണ് ഇടതുപക്ഷത്തിന്റേത് എന്ന വിമർശനമാണ് എല്ലാ മുസ്‌ലിം സംഘടനകളും ഉയർത്തിയത്. നവമാധ്യങ്ങളിലെ ട്രോളുകൾ അല്ലാതെ ഈ വിമർശനത്തെ നേരിടാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഇത്തരത്തിൽ ഇടതുപക്ഷത്തിന് ഭൂരിപക്ഷത്തിന്റെ വോട്ട് നേടാൻ കഴിയുന്നതാണ് കേരള രാഷ്ട്രീയമെങ്കിൽ കേരളത്തിൽ ഇസ്‌ലാമോഫോബിയ സജീവമാണ് എന്ന് മനസിലാക്കാം.▮
Reference: Ambedkar, B R.1947. State and Minorities : What Are Their Rights and How to Secure Them in the Constitution of Free (https://www.constitutionofindia.net/.)Allen, Chris.2010. Islamophobia. Ashgate, University of Birmingham, UKFekete, Liz.2009. A Suitable Enemy Racism, Migration and Islamophobia in Europe. Pluto Press, New YorkKalin, Ibrahim.2011. Islamophobia and the limits of Multiculturalism, in 'Islamophobia: The Challenge of Pluralism in the21st Century. Edited by Johan L. Esposito and imbrahim Kalin. OUP Halliday, Fred. 1999. 'Islamophobia' reconsidered, , 22:5, 892-902, DOI: 10.1080/014198799329305Sen, Amratya.2012. Identity and Violence: The Illusion of Destiny. Penguin Booksഅഷ്റഫ്, കെ. 2020. ഇസ്‌ലാമോഫോബിയ മലയാള ഭൂപടം,പെൻഡുലം ബുക്സ്. കോഴിക്കോട്നഖ്വി, സയീദ്. 2016. Being The Other: The Muslims in India. Aleph Book CompanyKhan, Ajma. 2014. Being a Muslim youth in Mumbai, Indian Journal of Secularism, October13.