ഈ ബിഷപ്പുമാരും വിശ്വാസികളും ചേർന്ന്​ മാർപാപ്പയെക്കൊണ്ട്​ ഇനിയും മാപ്പ്​ പറയിക്കും

മെത്രാന്റെ "നാർക്കോട്ടിക്ക് ജിഹാദ്' പ്രസ്താവനയെപ്പറ്റി കേരളം ചർച്ച ചെയ്യുമ്പോൾ മോൺസിഞ്ഞോർ ജോസഫ് ടിസോയെക്കുറിച്ചും അഡോൾഫ് ഹിറ്റ്‌ലറെക്കുറിച്ചും ജനാധിപത്യത്തിന്റെ പുറം ചട്ടയ്ക്കുള്ളിൽ ഫാസിസം പൊതിഞ്ഞുകടത്തുന്ന സംഘപരിവാർ ശക്തികളെക്കുറിച്ചും ലാറ്റിനമേരിക്കൻ മയക്കുമരുന്ന് ലോബികളെക്കുറിച്ചുമൊക്കെ മലയാളികൾ, വിശിഷ്യാ പാലാ മെത്രാനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന മതാന്ധരായ ക്രിസ്ത്യൻ നാമധാരികളും ഹൈന്ദവ ഫാസിസ്റ്റുകളും ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ത്തിക്കാനിലെ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന്​ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ക്രിസ്ത്യൻ മതപണ്ഡിതനാണ് ജോസഫ് കല്ലറങ്ങാട്ട് മെത്രാൻ. ഇത് പാലാ രൂപതയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങളാണ്. അതായത്, ഡോക്ടറേറ്റ് ഇൻ തിയോളജി. കൂടാതെ സിറിയൻ, ഇറ്റാലിയൻ, ജർമ്മൻ ഭാഷകളിലും ഇദ്ദേഹത്തിന് പരിജ്ഞാനമുണ്ടെന്നും വെബ്സൈറ്റ് പറയുന്നു.

ഇതേ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ മറ്റൊരു മഹാപണ്ഡിതൻ രണ്ടാം ലോകമഹായുദ്ധകാലത്ത് സ്ലോവാക്യയിലുണ്ടായിരുന്നു. മോൺസിഞ്ഞോർ ജോസഫ് ടിസോ (Monsignor Jozef Gašpar Tiso, ThD). ഹങ്കേറിയൻ, ജർമൻ, ലാറ്റിൻ, തുടങ്ങി അറബി ഭാഷയിൽ വരെ അഗ്രഗണ്യൻ. സ്‌കൂൾ പഠനകാലത്തെ ജോസഫ് ടിസ്സോയുടെ സകല പ്രോഗ്രസ്​ കാർഡുകളിലും ബഹുമിടുക്കനെന്നാണ് അധികൃതർ കുറിച്ചിരിക്കുന്നത്. 1911-ൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റോടെ കത്തോലിക്കാ പുരോഹിതനായി പുറത്തിറങ്ങി. പിന്നീടുള്ള ഇരുപത് കൊല്ലക്കാലം സ്ലോവെക്കുകൾക്കിടയിലെ പട്ടിണി, അമിതമദ്യപാനം തുടങ്ങി നിരവധി സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെട്ടിരുന്നെങ്കിലും സ്ലോവാക്കിലെ യഹൂദവംശജരോട് എന്തെന്നില്ലാത്ത വെറുപ്പും പകയും വിദ്വേഷവും ടിസ്സോ മനസ്സിൽ കൊണ്ടുനടന്നിരുന്നു. ഒടുക്കം മോൺസിഞ്ഞോറായി, കത്തോലിക്കന്റെ പാർട്ടി എന്ന പേരിൽ നാസികളുടെ ആശിർവാദത്തോടെ ഫാസിസ്റ്റുകളുടെ ഒരു രാഷ്ട്രീയ പാർട്ടിയുണ്ടാക്കി.

ജോസഫ് ടിസോ ഹിറ്റ്‌ലറോടൊപ്പം
ജോസഫ് ടിസോ ഹിറ്റ്‌ലറോടൊപ്പം

യുദ്ധകാലത്ത് ഹിറ്റ്‌ലറുടെ സഹായത്താൽ ചെക്കോസ്ലോവാക്യയെ വിഭജിച്ച് സ്ലൊവേക്കിൽ ഒരു പാവസർക്കാരുമുണ്ടാക്കി നാസി ജർമ്മനിയോട് പരിപൂർണ വിധേയത്വം പ്രഖ്യാപിച്ച് അധികാരത്തിലെത്തി. സ്ലോവാക്യൻ ഗ്രാമങ്ങളിലെ ചെറു പീടികകളിൽ മദ്യക്കച്ചവടം നടത്തിയിരുന്ന ജൂതന്മാർ മദ്യം നൽകി ക്രിസ്ത്യാനികളെ ഇല്ലായ്മ ചെയ്യുന്നു ("കള്ള് ജിഹാദ്') എന്ന ആരോപണത്തിലൂന്നിയാണ് ജോസഫ് ടിസോ തന്റെ ജൂത വിരോധത്തിന് മണ്ണൊരുക്കിയത്. പിൽക്കാലത്ത് ലോകത്തെ ഏറ്റവും വലിയ കള്ളുകച്ചവടക്കാരായി നസ്രാണികൾ മാറിയെന്നത് ഒരുപക്ഷെ ചരിത്രം പക തീർത്തതുകൊണ്ടാവാം. മേൽപ്പറഞ്ഞ "കള്ള് ജിഹാദ്' ആരോപണങ്ങളുടെ മറപറ്റി രണ്ടാം ലോകമഹായുദ്ധകാലത്ത് പതിനായിരക്കണക്കിന് ജൂതന്മാരെ ജർമനിയുടെ കോൺസൻട്രേഷൻ ക്യാമ്പുകളിലേയ്ക്ക് നാസികളുടെ സഹായത്താൽ മോൺസിഞ്ഞോർ ജോസഫ് ടിസോ നാടുകടത്തി.

ആയിരക്കണക്കിന് യുവാക്കളെ നാസിത്തടവറകളിലെ അടിമപ്പണിക്ക് വിട്ടുകൊടുത്തു. ഇവരെല്ലാം തന്നെ നാസി ജർമ്മനിയുടെ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ പിന്നീട് കൊന്നുതള്ളപ്പെട്ടു. സ്ലോവാക്കിലുണ്ടായിരുന്ന മൂന്നിൽ രണ്ട് യഹൂദവംശജരെയും ജോസഫ് ടിസ്സോയും അഡോൾഫ് ഹിറ്റ്‌ലറും ചേർന്ന് ചുരുങ്ങിയ കാലത്തിനുള്ളിൽ ഇല്ലായ്മ ചെയ്തു. ഇടക്ക് ചെറിയ തരത്തിലുള്ള ഇടപെടലുകളൊക്കെ വത്തിക്കാൻ നടത്തിയിരുന്നെകിലും തിയോളജി തലയ്ക്ക് പിടിച്ച മോൺസിഞ്ഞോർ യാതൊന്നും വകവയ്ക്കാതെ ഒരു ജനതയെ ഉന്മൂലനം ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുകയും, ആഴത്തിലുള്ള തിയോളജി പഠനം കൊണ്ടൊന്നും ഒരു മനുഷ്യന് ആവശ്യം വേണ്ടുന്ന എമ്പതിയുണ്ടാകില്ല എന്ന് വീണ്ടും തെളിയിക്കുകയും ചെയ്തു. ഒടുക്കം 1945 ലുണ്ടായ സ്ലൊവേക്ക് വിപ്ലവത്തിൽ അധികാരം നഷ്ടമാവുകയും തുടർന്ന് 1947-ൽ സ്ലോവാക്ക് ദേശീയ കോടതി നിരവധിയായ യുദ്ധക്കുറ്റങ്ങൾക്ക് വിചാരണ നടത്തി കത്തോലിക്കാ ദൈവശാസ്ത്ര പണ്ഡിതനായ മോൺസിഞ്ഞോർ, ഡോക്ടർ ജോസഫ് ടിസ്സോയെ വധശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്തു.

മോൺസിഞ്ഞോർ എൺപത് വർഷങ്ങൾക്ക് മുൻപ് സ്ലോവാക്ക് യഹൂദരോട് ചെയ്ത മഹാപരാധങ്ങൾക്ക് പോപ്പ് ഫ്രാൻസിസ് കഴിഞ്ഞ ദിവസമാണ് (2021 സെപ്റ്റംബർ 12 ന്) സ്ലോവാക്കിന്റെ തലസ്ഥാനമായ ബ്രാട്ടിസ്ലാവയിലെത്തി പരസ്യമായി മാപ്പ് പറഞ്ഞത്. തിയോളജി അരച്ചുകലക്കിപ്പഠിച്ച ഒരു ദൈവവിശ്വാസിക്ക് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള വെറുപ്പിന്റെ രാഷ്ട്രീയം എങ്ങനെയാണുണ്ടാകുന്നു എന്നതിന്റെ സാംഗത്യം തനിക്ക് പിടികിട്ടുന്നില്ല എന്നാണ് പോപ്പ് പറഞ്ഞത്. കൂടെ ദൈവത്തിന്റെ നാമത്തിൽ പകയും വിദ്വേഷവും പ്രചരിപ്പിക്കുന്നതിലപ്പുറം മറ്റൊരു ദൈവനിന്ദയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊടിയ പീഡനങ്ങൾക്കിരയായ ജൂതരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളെ സാക്ഷിനിർത്തി പേർത്തും പേർത്തും അദ്ദേഹം മാപ്പുചോദിച്ചു. മതത്തിന്റെ പേരിൽ ക്രിസ്ത്യാനികൾ ചെയ്തുകൂട്ടിയ കൊടിയ പീഡനങ്ങളെക്കുറിച്ച് നല്ല ധാരണയുള്ള പോപ്പ് ഫ്രാൻസിസിന് ഒരായുസ്സുമുഴുവൻ യാത്രചെയ്ത് മാപ്പുപറഞ്ഞാലും തീരാത്തത്ര പട്ടണങ്ങളും ഗ്രാമങ്ങളും ജനതതികളും ഭൂഖണ്ഡാന്തരങ്ങളിൽ ഇനിയും ബാക്കികിടക്കുന്നു.

പോപ്പ് ഫ്രാൻസിസ് സ്ലോവാക്ക് യഹൂദരോടൊപ്പം
പോപ്പ് ഫ്രാൻസിസ് സ്ലോവാക്ക് യഹൂദരോടൊപ്പം

ഇനി "മയക്കുമരുന്ന് ജിഹാദി'നെക്കുറിച്ച് പറഞ്ഞാൽ, അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് ഏറ്റവും കൂടുതൽ മയക്കുമരുന്നുല്പങ്ങൾ കടത്തിയിരുന്ന പാബ്ലോ എസ്‌കോബാർ മുതൽ ഇങ്ങു സിനോല കാർട്ടൽ മുതലാളി എൽ ചാപ്പോ ഗുസ്മാൻ വരെ ഇവരുടെ പ്രവർത്തന മേഖലകളിലുൾപ്പെടുന്നിടത്തെ പ്രാദേശിക കത്തോലിക്കാ രൂപതകളും പള്ളികളുമായി അത്യാവശ്യം നല്ല ബന്ധത്തിലുമായിരുന്നു, ഇപ്പോഴുമാണുതാനും. കാർട്ടലുകൾ മരുന്നു ചെടികൾ വളർത്തും, സംസ്‌കരിക്കും, പോരാത്തത് ഡ്രഗ് ലാബുകളിൽ നിർമ്മിക്കും, കടത്തും. വരുമാനത്തിന്റെ ഒരു വിഹിതം പള്ളിയ്ക്ക് ദശാംശം കൊടുക്കും. എൽ ചാപ്പോയും മോഡലായിരുന്ന ഭാര്യയും ഇപ്പോൾ അമേരിക്കയിൽ തടവിലാണെങ്കിലും മരുന്ന് കച്ചവടം തടസങ്ങളൊന്നുമില്ലാതെ നടക്കുന്നു എന്നാണ് പത്രവാർത്തകൾ. മറ്റു കാർട്ടലുകളും സമാന രീതിയിൽ മത്സരിക്കുന്നു. "ജിഹാദാ'ണ്, അമേരിക്കയ്ക്കുള്ളത് അമേരിക്കയ്ക്കും ദൈവത്തിനുള്ളത് ദൈവത്തിനും, മിച്ചമുള്ളത് കാർട്ടൽ ഡോണുകൾക്കും.

ടിസ്സോയും കല്ലറങ്ങാടനും തമ്മിലുള്ള നേർത്ത സാദൃശ്യങ്ങൾ യാദൃശ്ചികമായിരിക്കാമെങ്കിലും, കേരളത്തിന്റെ മത സാമുദായിക സമവാക്യങ്ങളിൽ ദൂരവ്യാപകങ്ങളായ ഭവിഷ്യത്തുകളുണ്ടാക്കാൻ തക്ക ശേഷിയുള്ള മെത്രാന്റെ "നാർക്കോട്ടിക്ക് ജിഹാദ്' പ്രസ്താവനയെപ്പറ്റി കേരളം ചർച്ച ചെയ്യുമ്പോൾ മോൺസിഞ്ഞോർ ജോസഫ് ടിസോയെക്കുറിച്ചും അഡോൾഫ് ഹിറ്റ്‌ലറെക്കുറിച്ചും ജനാധിപത്യത്തിന്റെ പുറം ചട്ടയ്ക്കുള്ളിൽ ഫാസിസം പൊതിഞ്ഞുകടത്തുന്ന സംഘപരിവാർ ശക്തികളെക്കുറിച്ചും ലാറ്റിനമേരിക്കൻ മയക്കുമരുന്ന് ലോബികളെക്കുറിച്ചുമൊക്കെ മലയാളികൾ, വിശിഷ്യാ പാലാ മെത്രാനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന മതാന്ധരായ ക്രിസ്ത്യൻ നാമധാരികളും ഹൈന്ദവ ഫാസിസ്റ്റുകളും ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. അവരോട് ചേർന്ന് നിന്ന് ഇരുണ്ടനൂറ്റാണ്ടുകളിലേയ്ക്ക് മടങ്ങിപ്പോവാനാഗ്രഹിക്കുന്നവർ ഒരു ചെറു ന്യൂനപക്ഷമേ ഉണ്ടാവൂ, എങ്കിലും ചെറിയൊരാവൃത്തി പോലും ചരിത്രം ആവർത്തിക്കപ്പെടാതിരിക്കുകയാണ് മനുഷ്യജാതിക്ക് നല്ലത്.

വെറുപ്പിന്റെ അച്ചിൽ വാർത്തെടുക്കുന്ന സകല ചിന്താധാരകളും കാലത്തിന്റെ കുത്തൊഴുക്കിൽ ഉടഞ്ഞില്ലാതാവും. അത് ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം, ജൂത, ബുദ്ധ, സിക്ക്, പാഴ്‌സി എന്നിത്യാദി മതങ്ങളായാലും, ഇതര പ്രത്യയശാസ്ത്രങ്ങളായാലും, അതല്ല ആൾക്കൂട്ടം വിശ്വസിക്കുന്ന മറ്റെന്ത് കെട്ടുകഥകളായാലും. ഒന്നും സ്ഥായിയല്ല. ആയതിനാൽ ദയവായി ചരിത്രത്തിലേക്ക്​ തിരിഞ്ഞുനോക്കുക. കേവലം ആയിരമോ രണ്ടായിരമോ വർഷങ്ങളല്ല, മനുഷ്യൻ ഒരു സമൂഹജീവിയായി ആവാസമാരംഭിച്ച കാലം മുതലുള്ള നാല്പതിനായിരമോ അമ്പതിനായിരമോ വർഷങ്ങളുടെ ചരിത്രം. അപ്പോൾ മനസ്സിലാവും, ജനിച്ച് മരിച്ച മതങ്ങളുടെയും ദൈവങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പേരുകൾ.


Summary: മെത്രാന്റെ "നാർക്കോട്ടിക്ക് ജിഹാദ്' പ്രസ്താവനയെപ്പറ്റി കേരളം ചർച്ച ചെയ്യുമ്പോൾ മോൺസിഞ്ഞോർ ജോസഫ് ടിസോയെക്കുറിച്ചും അഡോൾഫ് ഹിറ്റ്‌ലറെക്കുറിച്ചും ജനാധിപത്യത്തിന്റെ പുറം ചട്ടയ്ക്കുള്ളിൽ ഫാസിസം പൊതിഞ്ഞുകടത്തുന്ന സംഘപരിവാർ ശക്തികളെക്കുറിച്ചും ലാറ്റിനമേരിക്കൻ മയക്കുമരുന്ന് ലോബികളെക്കുറിച്ചുമൊക്കെ മലയാളികൾ, വിശിഷ്യാ പാലാ മെത്രാനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന മതാന്ധരായ ക്രിസ്ത്യൻ നാമധാരികളും ഹൈന്ദവ ഫാസിസ്റ്റുകളും ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്.


Comments