എസ്​. ശാരദക്കുട്ടി

എന്നിൽ നിന്നെറിഞ്ഞുകളയാൻ തയ്യാറല്ല, ഈശ്വരനും ചെകുത്താനുമുള്ള അത്ഭുതക്കോട്ടകളെ

അമ്പലത്തിലോ പള്ളിയിലോ പോയി മുട്ടുകുത്തുമ്പോഴും ശിരസ്സു തറയിൽ മുട്ടിച്ചു പ്രാർഥിക്കുമ്പോഴും ആരെങ്കിലും കാണുന്നുണ്ടോ എന്നു ഞാൻ ഭയപ്പെടാറില്ല. മറ്റാർക്കും, എനിക്കു തന്നെയും ഉപദ്രവമില്ലാത്തിടത്തോളം എന്റെ വിശ്വാസങ്ങളുടെ സൗന്ദര്യങ്ങൾ എനിക്കുമാത്രം അവകാശപ്പെട്ടതാണ്.

ബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികളും അവിശ്വാസികളും ചേരിതിരിഞ്ഞു കലാപം നടത്തിയ സമയം. സ്ത്രീകൾക്ക് ഏതു ദേവാലയത്തിലുമെന്നതുപോലെ ശബരിമലയിലും പോകാൻ കഴിയണമെന്ന പക്ഷക്കാരിയാണ് ഞാൻ അന്നുമിന്നും. ഒരു ദിവസം വൈകുന്നേരത്തെ ഇളവെയിൽ കൊണ്ട് ഞാൻ തൊട്ടടുത്ത ക്ഷേത്രത്തിലേക്കു നടക്കുകയാണ്. പെട്ടെന്ന് ക്ഷേത്രത്തിൽ തൊഴുതിറങ്ങുന്ന ഒരാൾ ക്ഷുഭിതനായി എന്റെ മുന്നിൽ. ‘ഓഹോ, നിങ്ങൾ അമ്പലത്തിലൊക്കെ കയറുമോ?'
അയാൾ വഴി തടഞ്ഞ് മുന്നിൽനിന്നു.
‘പിണറായി വിജയനേക്കാൾ വെറുപ്പാണെനിക്ക്​ നിങ്ങളെ' എന്നുപറഞ്ഞ് ആക്രോശിച്ച ആ മനുഷ്യനുമുന്നിൽ ഉള്ളിലെ ഭയം പുറത്തുകാണിക്കാതെ ഞാൻ നിന്നു. അയാളുടെ ഭാര്യയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

വിശ്വാസത്തെയും അവിശ്വാസത്തെയും കുറിച്ച് ഏറെ ചിന്തിച്ചുകൊണ്ടാണ് ഞാൻ തിരികെ വീട്ടിലേക്കുനടന്നത്. മുൻപൊരിക്കൽ ക്ലാസിൽ ചിന്താവിഷ്ടയായ സീത പഠിപ്പിക്കുമ്പോൾ രാമനെ വിമർശനബുദ്ധിയോടെ സമീപിച്ചതിന്റെ പേരിൽ കുപിതനായി എന്നെ ചോദ്യം ചെയ്ത വിദ്യാർഥിയെ ഞാൻ ഓർത്തു. സാറാ ജോസഫിന്റെ കന്യകയുടെ പുല്ലിംഗം പഠിപ്പിക്കുമ്പോഴും സമാനാനുഭവമുണ്ടായി. വിശ്വാസികളെയല്ല, മതത്തിന്റെ രക്ഷകരെന്ന് സ്വയം സങ്കൽപിച്ച ഭടന്മാരെ മാത്രമാണ് ഇവരിൽ ഞാൻ കണ്ടത്.

വീണ്ടും കേരളത്തിൽ വിശ്വാസവും അവിശ്വാസവും അന്ധവിശ്വാസവും ചർച്ചയാവുകയാണ്. ഞാനിതിലാരാണ്? വിശ്വാസിയോ അവിശ്വാസിയോ അന്ധവിശ്വാസിയോ?

അടിയുറച്ച ഈശ്വരവിശ്വാസത്തിലാണ് എന്റെ ബാല്യകാലം കടന്നുപോയത്. ദൈവത്തെ കുറിച്ചും അദ്ദേഹം കാണിക്കുന്ന അത്ഭുതവിദ്യകളെ കുറിച്ചും അപരലോകങ്ങളെ കുറിച്ചുമുള്ള പുരാണകഥകളും, പ്രേതങ്ങളെ കുറിച്ചും യക്ഷികളെ കുറിച്ചുമുള്ള കഥാപ്പുസ്തകങ്ങളും വായിച്ച് അതിന്റെയൊക്കെ അനുഭവ രസങ്ങളിൽ മുങ്ങിയും മുഴുകിയും ജീവിച്ച ബാല്യം. ആ കാലത്തിന്റെ സൗന്ദര്യങ്ങളെ യുക്തിയുമായി കൂട്ടിക്കുഴച്ചു വികൃതമാക്കാതെ അവയെ മനസ്സിന്റെ അതിമനോഹരവും സ്വകാര്യവുമായ ഒരു അറയിൽ സൂക്ഷിക്കുന്നുണ്ട് ഇന്നും ഞാൻ. അവിടെ എനിക്കിരിക്കാൻ വിസ്തൃതമായ ഒളിയിടങ്ങളുണ്ട്. ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ‘അന്ധ'വിശ്വാസങ്ങളുടെ വേരുകളുണ്ട്. അവിടെയിരുന്നാൽ ആരും നമ്മളെ കണ്ടുപിടിക്കില്ല. സ്വർഗനരകങ്ങളെ കുറിച്ചുള്ള വിചിത്രകൽപനകളും പാപികൾ കടന്നുപോകേണ്ട വൈതരണിയും അവരെ വറക്കുവാൻ സൂക്ഷിച്ചിരിക്കുന്ന ചുട്ടുപഴുത്ത ബ്രഹ്മാണ്ഡവലുപ്പമുള്ള ഉരുളികളും അവർ കടന്നുപോകേണ്ട തീപ്പാലങ്ങളും അതിനു താഴെ ചീറിപ്പുളയ്ക്കുന്ന വിഷനാഗങ്ങളും എന്നെ കുട്ടിക്കാലത്ത് ഭയപ്പെടുത്തിയിരുന്നു. ആ ഭയത്തിന് ഒരു സൗന്ദര്യമുണ്ടായിരുന്നു. കണ്ണടച്ച് പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്ന് അവയിലേക്ക് വീണ്ടും വീണ്ടും ഊളിയിടുന്നതും വീണ്ടും ഭയന്നുവിറയ്ക്കുന്നതും എനിക്കിഷ്ടമായിരുന്നു. അത്തരം ഭയങ്ങൾ എനിക്കിന്നുമിഷ്ടമാണ്. മരിക്കും വരെ എന്നിലതുണ്ടാകണമെന്ന് ഞാനാഗ്രഹിക്കുന്നു.

എന്റെ ദൈവത്തെയെന്നതു പോലെ തന്നെ എന്നെ ഭയപ്പെടുത്തുന്ന ഈ അതീതശക്തികളെയും ഞാൻ നിരന്തരം ആഗ്രഹിക്കുന്നു. അവരെന്നെ ചതിക്കുകയോ കളിപ്പിക്കുകയോ രക്ഷപ്പെടുത്തുകയോ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

പച്ചപിടിച്ചതും പാറകൾ നിറഞ്ഞതും ഇരുണ്ടതും വേഗതയുള്ളതും അഗാധമായതും യാഥാർഥ്യത്തേക്കാൾ മനോഹരവുമായ അത്തരം ചില ഭയങ്ങൾ എനിക്കാവശ്യമുണ്ട്. ഈശ്വരനും ചെകുത്താനുമുണ്ടവിടെ. അത് എനിക്ക് അന്ധവിശ്വാസങ്ങളല്ല, എന്റെയുള്ളിൽ തന്നെ നീന്താനായി ഞാൻ സൂക്ഷിക്കുന്ന കടലാണ്. പല നിലകളുള്ള, ഓരോ നിലയിലും നൂറായിരം മുറികളുള്ള, പേടിപ്പെടുത്തുന്ന ശബ്ദങ്ങൾ നിറഞ്ഞ ആ അത്ഭുതക്കോട്ടകളെ എന്നിൽ നിന്നെറിഞ്ഞുകളയുവാൻ ഞാൻ തയ്യാറല്ല. എന്റെ ദൈവത്തെയെന്നതു പോലെ തന്നെ എന്നെ ഭയപ്പെടുത്തുന്ന ഈ അതീതശക്തികളെയും ഞാൻ നിരന്തരം ആഗ്രഹിക്കുന്നു. അവരെന്നെ ചതിക്കുകയോ കളിപ്പിക്കുകയോ രക്ഷപ്പെടുത്തുകയോ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ, എനിക്കൊപ്പം, ഇരുണ്ടതും ഭയം നിറഞ്ഞതുമായ കോട്ടയുടെ ഇടനാഴികളിൽ അവരുമുണ്ട്.

അപകടങ്ങൾ ഉണ്ടാകുമ്പോൾ കാൽവിരൽ കൊണ്ട് തട്ടിത്തുറക്കാവുന്ന വാതിലുകളുള്ള വലിയ തുരങ്കങ്ങൾ അതിനുള്ളിലുണ്ട്. അത് സമയോചിതമായി തുറക്കാനുള്ള താക്കോൽ എന്റെ പ്രജ്ഞയിലുള്ളതിനാൽ ഞാൻ എന്റെ വിശ്വാസങ്ങളെ അന്ധമെന്നോ ശുദ്ധമെന്നോ അന്ധകാരമെന്നോ വേർതിരിക്കുന്നില്ല. എന്റെ പ്രജ്ഞയുടെ താക്കോലിലാണ് എനിക്കു വിശ്വാസം. അമ്പലത്തിലോ പള്ളിയിലോ പോയി മുട്ടുകുത്തുമ്പോഴും ശിരസ്സു തറയിൽ മുട്ടിച്ചു പ്രാർഥിക്കുമ്പോഴും ആരെങ്കിലും കാണുന്നുണ്ടോ എന്നു ഞാൻ ഭയപ്പെടാറില്ല. ‘ഞാൻ വിശ്വാസിയല്ല' എന്നോ ‘വിശ്വാസിയാണ്' എന്നോ നാഴികക്ക് നാൽപതു വട്ടം പ്രഖ്യാപിച്ച് ആരുടേയും സമ്മതിപത്രം വാങ്ങേണ്ടതുമില്ല. മറ്റാർക്കും, എനിക്കു തന്നെയും ഉപദ്രവമില്ലാത്തിടത്തോളം എന്റെ വിശ്വാസങ്ങളുടെ സൗന്ദര്യങ്ങൾ എനിക്കുമാത്രം അവകാശപ്പെട്ടതാണ്. അത് പ്രചരിപ്പിക്കുക എന്റെ ലക്ഷ്യമല്ലാത്തിടത്തോളം അത് സുന്ദരവുമാണ്. അതിൽ ചില ഫാന്റസികളുണ്ട്. സൗന്ദര്യത്തിന്റെയും ഭ്രമാത്മകതയുടെയും പേരിൽ ഞാൻ വിശ്വസിക്കുന്നവയുണ്ട്. മനഃസമാധാനത്തിന്റെയും ആശ്വാസത്തിന്റെയും പേരിൽ ഞാൻ വിശ്വസിക്കുന്നവയുമുണ്ട്. അതിന് മതഭീകരതയുടെ, സവർണദേശീയതയുടെ ഒന്നും ചതിക്കുഴികളിൽ ചെന്നുചാടാതിരിക്കാനുള്ള വകതിരിവുണ്ട്. അത് അഗാധമായ ഒരു സ്വയംബോധ്യത്തിന്റെ ഭാഗമാണ്. പ്രായോഗികമായി ഏതു പ്രതിസന്ധിയെയും പ്രതിരോധിക്കാനുള്ള ശക്തി അതിനുണ്ട്. ജ്ഞാനവും കലയും മാജിക്കും അടങ്ങിയ ഒന്നാണ് ആ വിശ്വാസം.

മതേതരവിശ്വാസങ്ങളെന്നതുപോലെ മതവിശ്വാസങ്ങളും വകതിരിവുള്ളവരെ പലതരം സാംസ്‌കാരികജീർണ്ണതകളിൽ നിന്നും മാറിനിൽക്കാൻ പ്രേരിപ്പിക്കും. അതുകൊണ്ട് വിശ്വാസങ്ങളിൽ വളരുന്നത് ഒരു വലിയ കുറ്റമൊന്നുമല്ല.

യഥാർഥ വിശ്വാസം ഏതാണ് അന്ധവിശ്വാസം ഏതാണ്? അന്ധമല്ലാത്ത വിശ്വാസം ഏതാണ്? എനിക്കറിയില്ല. വിശ്വാസങ്ങളെല്ലാം അന്ധമാണ് എന്നു തന്നെ പറയേണ്ടിവരും. ഓരോ മനുഷ്യനും ഓരോ വിശ്വാസം. അത് പ്രത്യയശാസ്ത്ര പരമാകാം, സിദ്ധാന്തങ്ങളിലുള്ള വിശ്വാസമാകാം, വിശ്വാസമില്ലായ്മയിലുള്ള വിശ്വാസമാകാം. വിശ്വാസമെന്നു പറഞ്ഞാൽ അത് ഏറെക്കുറെ അന്ധമായിരിക്കും. എന്റേതുവരെ വിശ്വാസം, എന്റേതിനപ്പുറം അന്ധവിശ്വാസം എന്ന സമീപനം ശരിയാവില്ല. യുക്തിയുടെയും ബോധ്യത്തിന്റെയും അടിസ്ഥാനത്തിൽ വിശ്വസിക്കാം. ഒരു യുക്തിയുമില്ലാതെയും വിശ്വസിക്കാം. മാർക്‌സ് പറയുന്നതുപോലെ, ഒരാശയം -മതപരമാകട്ടെ, അല്ലാത്തതാകട്ടെ - മനുഷ്യമനസ്സിൽ വേരൂന്നിക്കഴിഞ്ഞാൽ പിന്നെ, അതൊരാശയമല്ല, ഭൗതികശക്തിയാണ്. മാർക്‌സിസത്തിൽ വിശ്വസിക്കുമ്പോഴും ഈശ്വരനിൽ വിശ്വസിക്കുമ്പോഴും ഇത് സംഭവിക്കുന്നുണ്ട്.

മതേതരവിശ്വാസങ്ങളെന്നതുപോലെ മതവിശ്വാസങ്ങളും വകതിരിവുള്ളവരെ പലതരം സാംസ്‌കാരികജീർണ്ണതകളിൽ നിന്നും മാറിനിൽക്കാൻ പ്രേരിപ്പിക്കും. അതുകൊണ്ട് വിശ്വാസങ്ങളിൽ വളരുന്നത് ഒരു വലിയ കുറ്റമൊന്നുമല്ല. വളർച്ചയുടെ ഘട്ടങ്ങളിൽ യുക്തിയും ചിന്തയും ഇടപെടുമ്പോൾ അപരസ്‌നേഹത്തിനുതകാത്ത വിശ്വാസങ്ങളെ കൈയ്യൊഴിയാം. വെളിച്ചം തൂകീടുവോളം മാത്രമാണ് ആശയങ്ങൾ പൂജാർഹമാവുക.

Photo: Ivan walsh, flickr

സ്വർഗ്ഗരാജ്യം, രാമരാജ്യം എന്നൊക്കെ പറയുന്നതു പോലെ മനുഷ്യൻ എത്തിച്ചേരാൻ മോഹിക്കുന്ന ഒരു ഇടം മാത്രമാണ് സോഷ്യലിസ്റ്റ് രാഷ്ട്രം എന്നതും. ആദ്യത്തേത് ആത്മീയതലം, മറ്റേത് ഭൗതികതലം. ഒരു തെളിവും സാക്ഷ്യങ്ങളും നിരത്താനില്ലാത്ത വിശ്വാസങ്ങൾ. ചൂഷകർക്കെതിരെ ചൂഷിതർ അണിനിരക്കുക എന്ന വിപുലാർഥത്തിൽ മതപരമായാലും രാഷ്ട്രീയമായാലും മികച്ച ലക്ഷ്യത്തിലെത്താൻ സമൂഹം ഒരുമിക്കുകയാണ് വേണ്ടത്. വിശ്വാസികളും അവിശ്വാസികളും കൈ കോർത്തുനിന്ന മണ്ണാണ് കേരളത്തിന്റേത്. ശ്രീനാരായണ ഗുരുവിനോടൊപ്പമുണ്ടായിരുന്നിട്ടും സഹോദരൻ അയ്യപ്പനും കുറ്റിപ്പുഴ കൃഷ്ണപിള്ളയും ഒരേ വിശ്വാസങ്ങളല്ല പുലർത്തിയിരുന്നത്. പക്ഷേ അവരുടെ ലക്ഷ്യം ഒന്നായിരുന്നു.

സ്വയംപരിവർത്തിതമാകാത്ത ഒരു ചൂഷിതാവസ്ഥ നിലനിൽക്കുന്നുണ്ട് എങ്കിൽ അതിനെ ആശയ പ്രചരണവും നിയമവും ഉപയോഗിച്ച് പരിവർത്തിപ്പിക്കുകയാണ് വേണ്ടത്. കരുണയുടെ അഭാവത്തിലാണല്ലോ നീതിയുടെയും നിയമത്തിന്റെയും പ്രസക്തി.

ഇന്ന് മതമായാലും പ്രസ്ഥാനങ്ങളായാലും അതിക്രമങ്ങളിലൂടെയാണ് തങ്ങളുടെ വിശ്വാസസംരക്ഷണം സാധ്യമാക്കുന്നത്. മതകർമ്മങ്ങളിൽ ബലിക്കിരയാകുന്ന നരനും രാഷ്ട്രീയവിശ്വാസങ്ങളിലെ രക്തസാക്ഷിയും ബലിദാനിയും എല്ലാം ഫലത്തിൽ ഒന്നുതന്നെ. സമാധാനത്തിനായി ഒരു സാംസ്‌കാരിക- രാഷ്ട്രീയ- സംയുക്തദൗത്യമാണ് പ്രസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടത്. വിശ്വാസികളും അവിശ്വാസികളും ചേരിതിരിഞ്ഞുള്ള അപഹസിക്കലും പരിഹസിക്കലുമല്ല, കേവലവാദപരമായ തർക്കങ്ങളല്ല, മാനവികമായ ഇടപെടലുകളാണ് ഉണ്ടാകേണ്ടത്. സ്വയംപരിവർത്തിതമാകാത്ത ഒരു ചൂഷിതാവസ്ഥ നിലനിൽക്കുന്നുണ്ട് എങ്കിൽ അതിനെ ആശയ പ്രചരണവും നിയമവും ഉപയോഗിച്ച് പരിവർത്തിപ്പിക്കുകയാണ് വേണ്ടത്. കരുണയുടെ അഭാവത്തിലാണല്ലോ നീതിയുടെയും നിയമത്തിന്റെയും പ്രസക്തി.

തങ്ങൾക്കുണ്ടെന്നു കരുതുന്ന ജ്ഞാനം, അറിവ്, അനുഭവം ഇവ അതൊന്നുമില്ലാത്തവരുടെ മേൽ അപകടകരമായ രീതിയിൽ പ്രയോഗിച്ച് സ്വാർഥലാഭങ്ങൾക്കായി, സമൂഹത്തെയാകെ പിന്തിരിപ്പിച്ചു നടത്തുന്ന നിലയിലേക്ക് പ്രസ്ഥാനങ്ങൾ വളർന്ന് ഒരു സാമൂഹികവിപത്തായി പരിണമിക്കുമ്പോഴാണ് നിയമത്തിന്റെ പരിരക്ഷ തേടേണ്ടി വരുന്നത്. ആശയപ്രചരണം കൊണ്ടു മാത്രം സമൂഹത്തിൽ രൂഢമൂലമാകുന്ന അന്ധവിശ്വാസങ്ങൾ അവസാനിപ്പിക്കാനാവില്ല.

‘കൊല്ലുന്നവനിലില്ല ശരണ്യത മ - റ്റെല്ലാ വക നന്മയുമാർന്നീടിലും'
എന്ന് ജീവകാരുണൃ പഞ്ചകത്തിൽ ശ്രീനാരായണ ഗുരു എഴുതിയിട്ടുണ്ട്. ഇത് എല്ലാവർക്കും ബോധ്യപ്പെടണമെന്നില്ല. ‘ബോധവത്കരണം' എന്നത് പറയുന്നത്ര എളുപ്പമുള്ള കാര്യമല്ല. നിയമം ഉണ്ടാവുകയും ആ നിയമത്തെ അനുസരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയുമാണ് വേണ്ടത്. ആശയം ബോധ്യപ്പെടാത്തവർക്കും നിയമത്തെ ഭീതിയുണ്ടാകും.

ജൈവികമായ പൂർണതക്കുവേണ്ടിയുള്ള ഒരു ശ്രമത്തിലേർപ്പെടുമ്പോൾ മാത്രമാണ്, മനുഷ്യനെന്നാൽ ശരീരവും ബുദ്ധിയും യുക്തിയും മാത്രമല്ല, ആത്മാവും വിവേകവും വികാരവും കൂടിച്ചേർന്നതാണെന്ന ബോധത്തിലേക്ക് ഉയരൂ.

മതവിശ്വാസങ്ങളുടെ അശാസ്ത്രീയത വഴി ഉണ്ടാകുന്ന ഏതു മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളെയും തടയുന്ന ഒരു നിയമത്തിന്റെ പ്രസക്തി ഇവിടെയാണ്. Anti superstition bill എന്ന് വ്യാപകമായി അറിയപ്പെടുന്ന Karnataka prevention and irradiation of evil practices and black magic bill 2017 ലക്ഷ്യമാക്കുന്നത് അതാണ്. ബില്ലിൽ ന്യൂനതകളുണ്ടാകാം പരിഷ്‌കരിക്കപ്പെടേണ്ടതാകാം. പക്ഷേ അതൊരു തുടക്കമാണ്. ബോധവത്കരണത്തേക്കാൾ പ്രായോഗികമായത് നിയമം നടപ്പിലാക്കലാണ്.

സന്തുലനമില്ലാത്ത മനുഷ്യരുടെ കൂട്ടമായി നമ്മുടെ സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്. ജൈവികമായ പൂർണതക്കുവേണ്ടിയുള്ള ഒരു ശ്രമത്തിലേർപ്പെടുമ്പോൾ മാത്രമാണ്, മനുഷ്യനെന്നാൽ ശരീരവും ബുദ്ധിയും യുക്തിയും മാത്രമല്ല, ആത്മാവും വിവേകവും വികാരവും കൂടിച്ചേർന്നതാണെന്ന ബോധത്തിലേക്ക് ഉയരൂ. ▮


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments