ഷാജഹാൻ മാടമ്പാട്ട്​

മുസ്‌ലിം വിരോധത്തിന്റെ വിചിത്ര വർത്തമാനങ്ങൾ

ഫാസിസത്തിന്റെ പിടിയിൽ നിന്ന് എങ്ങനെയാണ് രാജ്യത്തെ രക്ഷിക്കുക എന്ന മൗലിക ചോദ്യം മാത്രമാണ് ഇന്ന് പ്രസക്തം. മുസ്‌ലിംവിരോധത്തിന്റെ പൊതുപ്രകടനങ്ങളെ നേരിടുന്നതും തുറന്നുകാണിക്കുന്നതും ആ നിലക്ക് ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ മുഖ്യഘടകങ്ങളിൽ ഒന്നാണ്. അതെങ്ങനെ വേണം എന്ന വിഷയത്തിലാണ് പുരോഗമന സംവാദങ്ങളെല്ലാം ഇന്ന് കേന്ദ്രീകരിക്കേണ്ടത്

സ്‌ലാമോഫോബിയ എന്ന പ്രയോഗത്തോട് താൽപര്യമില്ലാത്ത ഒരാളാണ് ഇതെഴുതുന്നത്. അത് ഇസ്‌ലാമാഫോബിയയുടെ നൃശംസസാന്നിധ്യത്തെ തിരിച്ചറിയാത്തതുകൊണ്ടല്ല, മറിച്ച്​, ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനുള്ളിലുമുള്ള ആന്തരിക വിമർശകരെ വിളിക്കാനുള്ള തെറിയായിക്കൂടി ഈ വാക്ക് ഉപയോഗിക്കാറുള്ളതിനാൽ, ഇസ്‌ലാമോഫോബ് എന്ന് ചിലപ്പോഴൊക്കെ വിളിപ്പേര് കിട്ടിയതിനാലും, പ്രയോഗത്തെക്കുറിച്ചു ചില ജാഗ്രതകൾ പുലർത്തിവരുന്നുവെന്നു മാത്രം.

അതവിടെ നിൽക്കട്ടെ. വിശ്വാസിയോ അവിശ്വാസിയോ ആയ ഒരു സമകാലിക മുസ്‌ലിം കടന്നു പോകുന്ന സാഹചര്യങ്ങൾ വിവരണാതീതമാം വിധം പരിതാപകരമാണ്. ഈ അവസ്ഥയുടെ കാരണങ്ങളിൽ മുസ്‌ലിംകളിൽ ചിലരുടെയെങ്കിലും ചിന്താശൂന്യതയും അവിവേകവും മതഭ്രാന്തും ഉണ്ടെന്ന വസ്തുത അംഗീകരിക്കാതെ ഈ സങ്കീർണാവസ്ഥ മനസ്സിലാക്കാനാവില്ല. അതേ സമയം ഒരു സ്വയം വിമർശനം നടത്തിയത് കൊണ്ടുമാത്രം മുസ്‌ലിംകൾക്ക് മറികടക്കാവുന്ന അവസ്ഥയല്ല അവരിന്നു നേരിടുന്നത്. ഒരു ഭാഗത്തു ആഗോളസ്വഭാവമുള്ള, ലോകരാഷ്ട്രീയത്തിന്റെ ഗതിവിഗതികളുമായി അഭേദ്യബന്ധമുള്ള ഒരു പ്രതിഭാസമാണ് മുസ്‌ലിം വിരോധം. മറുഭാഗത്തു ഇത് പലരാജ്യങ്ങളുടെയും ആന്തരിക സാമൂഹിക രാഷ്ട്രീയ കിടമത്സരങ്ങളുമായും വലതുപക്ഷ രാഷ്ട്രീയാതിപ്രസരത്തിന്റെ വ്യാപനവുമായും ബന്ധപ്പെട്ട ഒരു സങ്കീർണ പതിഭാസമാണ്. ഈ രണ്ടുതലങ്ങളിലും പൊതുവായുള്ള സംഗതി മുസ്‌ലിം വിരോധത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറ കുടികൊള്ളുന്നത് പാശ്ചാത്യാധിനിവേശത്തിന്റെ ചരിത്രസന്ദർഭത്തിലാണെന്ന യാഥാർഥ്യമാണ്.

അങ്ങേയറ്റം മതനിരപേക്ഷത അവകാശപ്പെടുന്നവർ പോലും അവസരവാദപരമായോ സ്വയമറിയാതെയോ മുസ്‌ലിം വിരോധത്തിന്റെ പൊതുസന്ദർഭത്തെ തീവ്രമാക്കുന്നു

മുസ്‌ലിം വിരോധത്തിന്റെ സ്ഥൂലവും സൂക്ഷ്മവുമായ പ്രകടനങ്ങളെ വിലയിരുത്തുമ്പോൾ രണ്ടു കാര്യങ്ങൾ വ്യക്തമാണ്. ഒന്ന്, മുസ്‌ലിംകളുടെ ഇന്നത്തെ അവസ്ഥയോട് രാഷ്ട്രീയമായും നൈതികമായും അനുതപിക്കുന്നവർ തന്നെ പലപ്പോഴും മുസ്‌ലിം വിരുദ്ധ മുൻവിധികൾ പരസ്യമായി പ്രദർശിപ്പിക്കുകയും അത് വിമർശനവിധേയമാകുമ്പോൾ മുട്ടുന്യായം പറഞ്ഞു തടിതപ്പുകയും ചെയുന്നത് നാം പലവട്ടം കണ്ടതാണ്. മലപ്പുറത്ത് കുട്ടികൾ പരീക്ഷകളിൽ ഉന്നതവിജയം നേടുന്നത് കോപ്പിയടിച്ചാണെന്ന് പറഞ്ഞത് മതനിരപേക്ഷ കേരളത്തിന്റെ പ്രതീകമായി പലരും കരുതുന്ന വി.എസ്. അച്യുതാനന്ദനാണ്.

വി.എസ്. അച്യുതാനന്ദൻ

സഖാവിന്റെ ഈ പ്രസ്താവന വെറുമൊരു നാക്ക്പിഴവായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന മറ്റു പ്രസ്താവനകളും വന്നിട്ടുള്ളതിനാൽ താൻ പോലുമറിയാതെ തന്റെ ഉള്ളിൽ അദ്ദേഹം ഒരു മുസ്‌ലിംവിരോധിയെ പേറുന്നുണ്ടെന്ന് ഊഹിക്കുന്നതിൽ തെറ്റില്ല. ഹസ്സനും കുഞ്ഞാലിക്കുട്ടിയും അമീറുമാണ് യു.ഡി.എഫിനെ നയിക്കുന്നതെന്ന് കോടിയേരി പറയുന്നതും നിഷ്‌കളങ്കമായ നാക്കുപിഴവായി കാണുക ബുദ്ധിമുട്ടാണ്. ഈ രണ്ടുദാഹരണങ്ങൾ എടുത്തു പറഞ്ഞത് സി.പി.എമ്മിനെ ഒരു മുസ്‌ലിംവിരുദ്ധകക്ഷിയായി ചാപ്പകുത്താനല്ല, മറിച്ച് അങ്ങേയറ്റം മതനിരപേക്ഷത അവകാശപ്പെടുന്നവർ പോലും അവസരവാദപരമായോ സ്വയമറിയാതെയോ മുസ്‌ലിം വിരോധത്തിന്റെ പൊതുസന്ദർഭത്തെ തീവ്രമാക്കുന്നുവെന്നു ചൂണ്ടിക്കാണിക്കാനാണ്.

രണ്ട്, മുസ്‌ലിംകളോടുള്ള വിരോധം - ആഗോളതലത്തിലായാലും ദേശീയതലത്തിലായാലും - രണ്ടു തട്ടുകളിലായാണ് നിലനിൽക്കുന്നത്. ചരിത്രപരമോ സാമൂഹികമോ വ്യക്തിപരമോ ആയ കാരണങ്ങളാൽ രൂപപ്പെട്ട, തികച്ചും സ്വാഭാവികമെന്ന് വേണമെങ്കിൽ പറയാവുന്ന, മതമാത്സര്യങ്ങളുടെ അടിവേരാണ് ഇതിലെ ഒരു തട്ട്. ഇതിന്റെ രൂക്ഷതയും ഹിംസാത്മകതയും പലയിടങ്ങളിൽ പല രീതിയിലായിരിക്കും. ധ്രുവീകരണത്തിന്റെ ഫലഭൂയിഷ്ഠമായ ഈ മണ്ണ് രാഷ്ട്രീയമായ ലാഭത്തിന് ഉഴുതുമറിച്ചു കൂട്ടുകൃഷി നടത്തിയാണ് വർഗീയാന്ധതതയുടെ ദേശിയ-ആഗോള അന്തരീക്ഷം രൂപപ്പെടുത്തുന്നത്.

വിഷവ്യാപനത്തിനു "അതിവേഗം ബഹുദൂരം' സഞ്ചരിക്കുന്ന സാങ്കേതികോപാധികൾ ലഭ്യമാണെന്നത് നമ്മുടെ കാലഘട്ടത്തിലെ ധ്രുവീകരണങ്ങളെ മുമ്പത്തേക്കാൾ അപകടകരങ്ങളാക്കുന്നു. ഇസ്‌ലാം- മുസ്‌ലിം വിരോധത്തിന്റെ പ്രചാരണോപാധികളായി പാശ്ചാത്യമാധ്യമങ്ങൾ എങ്ങനെ വർത്തിക്കുന്നുവെന്നു വിശദീകരിച്ചു എഡ്വേഡ് സഈദ് "കവറിങ് ഇസ്‌ലിം' എന്ന പുസ്തകമെഴുതിയത് കഴിഞ്ഞ നൂറ്റാണ്ടിലെ എഴുപതുകളിലാണ്. ഇസ്‌ലാം - മുസ്‌ലിം വിരുദ്ധ മുൻവിധികൾ എങ്ങനെ പാശ്ചാത്യസാഹിത്യത്തിന്റെ പ്രബല അന്തർധാരയായി നൂറ്റാണ്ടുകളോളം തുടർന്നുവെന്നു സ്പഷ്ടമാക്കുന്ന സഈദിന്റെ മാസ്റ്റർപീസ് "ഓറിയെന്റലിസം' പുറത്തുവന്നതും എഴുപതുകളിൽ തന്നെ. അതായത് നാം ചർച്ച ചെയ്യുന്നത് പുതിയൊരു പ്രതിഭാസത്തെയല്ല, പഴയൊരു പാഷാണത്തിന്റെ പുത്തൻരൂപങ്ങളെക്കുറിച്ചാണ്.

മുസ്‌ലിം വിരോധത്തിന്റെ ചരിത്രപരമായ വേരുകളെക്കുറിച്ചുള്ള ഒരന്വേഷണമല്ല ഈ ലേഖനം. അതിന്റെ ആന്തരികവും ബാഹ്യവുമായ കാരണങ്ങളെ വിലയിരുത്തലും ഈ ഹൃസ്വ ലേഖനത്തിന്റെ ലക്ഷ്യമല്ല. ഇന്നത്തെ ലോകത്ത്, പ്രത്യേകിച്ച് ഇന്നത്തെ അഭിശപ്തവും സംസ്‌കാരക്ഷയം സംഭവിച്ചതുമായ ഇന്ത്യയിൽ, മുസ്‌ലിമായി ജീവിക്കുന്നതിന്റെ അനുഭവത്തെക്കുറിച്ച ചില നിരീക്ഷണങ്ങൾ മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം.

സ്വത്വം കൊണ്ട് മാത്രം ജീവനഷ്ടം സംഭവിക്കാവുന്ന ഒരു സാഹചര്യം മുസ്‌ലിംകൾക്ക് ഇന്ന് ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിലനിൽക്കുന്നുണ്ട്. അഖ്ലാഖ് മുതൽ ജുനൈദ് വരെയുള്ള ഇരകളുടെ ഒരു നീണ്ട പട്ടിക നമ്മുടെ മുമ്പിലുണ്ട്.

ആൾക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖ്. കേസിൽ പൊലീസ് അറസ്റ്റു ചെയ്ത 18 പ്രതികളും ജാമ്യത്തിലിറങ്ങിയിരുന്നു. അഖ്‌ലാഖിന്റെ കുടുംബത്തിന് പിന്നീട് ഗ്രാമത്തിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നു.

വർഗീയ അറുകൊലയുടെ ഒരു പൊതുസംസ്‌കാരത്തിന് ജനമാന്യത ഉണ്ടാക്കാൻ കഴിഞ്ഞുവെന്നത് കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്തെ സംഘ്പരിവാരരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വിജയമാണ്. മതഭ്രാന്തിന്റെ നിരന്തരമായ പ്രചാരണത്തിലൂടെ മനുഷ്യരിലെ മാനവികതയുടെ അകക്കാമ്പിനെ പതുക്കെ പതുക്കെ എന്നാൽ സമഗ്രവും വ്യവസ്ഥാപിതവുമായി ചുരണ്ടിയെടുക്കുന്ന ഈ പ്രക്രിയ ചരിത്രത്തിൽ പുതിയതൊന്നുമല്ല.
ഇന്ത്യയിലെ ഹിന്ദുക്കൾ മുഴുവൻ നരഹത്യയിൽ അഭിരമിക്കുന്ന പ്രാകൃതരായി മാറിക്കഴിഞ്ഞുവെന്നല്ല പറഞ്ഞുവരുന്നത്. അവരിൽ ഗണ്യമായ ഒരു വിഭാഗം ഇതൊന്നും കാര്യമാക്കാതെ അരാഷ്ട്രീയമനോരാജ്യങ്ങളിൽ മുഴുകി മോദി ഇന്ത്യയെ ഒരു മഹാശക്തിയാക്കി ചരിത്രം സൃഷ്ടിക്കുമെന്നു വിശ്വസിക്കുന്ന ഒരു മാനസികാവസ്ഥയിൽ എത്തിയെന്നത് സുവ്യക്തമാണ്. അവരിൽ തന്നെ വലിയൊരു വിഭാഗം നരഹത്യയിൽ മുഖം ചുളിച്ചാലും മറ്റു നിലയ്ക്ക് മുസ്‌ലിംകളും മറ്റു ന്യൂനപക്ഷങ്ങളും വിവേചനവിധേയരാവുമ്പോൾ അത് സ്വാഭാവികമാണെന്നും വലിയ കാര്യമൊന്നുമല്ലെന്നും വിചാരിക്കുന്ന മനോഘടനയിലേക്ക് സംക്രമിച്ചുവെന്നതു ഒരു ജനതയെന്ന നിലയ്ക്ക് നാമെത്തിച്ചേർന്ന അപമാനവീകരത്തിന്റെ ആഴമാണ് സൂചിപ്പിക്കുന്നത്. നിരന്തരമായ മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ സൃഷ്ടിച്ചെടുത്ത ഭൂരിപക്ഷപ്പകയുടെ ഈ കരാളദശയിലാണ് ഇന്ത്യൻ മുസ്‌ലിം അതിവർത്തനത്തിന്റെ വഴികൾ തേടുന്നത്. അവനെ / അവളെ സംബന്ധിച്ച് വിവിധതല സ്പർശിയായ അപമാന അപമാനവീകരണ സാധ്യതകൾ രാപ്പകൽ വേട്ടയാടുന്നു. സ്വന്തം രാജ്യത്തിന്റെ ഭരണകൂടത്തിലെ മഹാമന്ത്രിമാരും ഭരിക്കുന്ന കക്ഷിയുടെ ദേശീയനേതാക്കളും അവന്റെ രാജ്യസ്‌നേഹം നിരന്തരമായി ചോദ്യം ചെയ്യുന്നു. അവന്റെ / അവളുടെ വോട്ട് ഇനി രാജ്യത്ത് അപ്രസക്തമാണെന്ന് ആവർത്തിച്ചു കൊണ്ടിരിക്കുന്നു. മുഖ്യധാരാമാധ്യമങ്ങൾ അവരെ ശത്രുപക്ഷത്ത് നിർത്തി അന്തിച്ചർച്ചകൾ അനുദിനം കൊഴുപ്പിക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻ ബാഗിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സമരം ചെയ്യുന്ന സ്ത്രീ.

അവരെ രണ്ടാംതരാം പൗരനാക്കാനുള്ള നിയമങ്ങൾ പാസ്സാവുമ്പോൾ, അതിനെതിരിൽ നടത്തുന്ന സമരങ്ങൾ ദയനീയമായി പരാജയപ്പെടുമ്പോൾ, അവരുടെ ശബ്ദം രാജ്യത്ത് അപശബ്ദമാണെന്ന് വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ, ഒരു മുസ്‌ലിം ഒരു കുറ്റകൃത്യം ചെയ്താൽ അതവരുടെ മതത്തിന്റെയും സംസ്‌കാരത്തിന്റെയും വെളിപ്പെടലാണെന്ന് ഉത്തരവാദിത്തമുള്ളവർ പോലും പൊതുമണ്ഡലത്തിൽ പറയുമ്പോൾ, അവരുടെ വിവാഹവും വിവാഹമോചനവും രതിയും ആഹാരരീതികളും വസ്ത്രധാരണശൈലികളും ഉപജീവനമാർഗങ്ങളുമെല്ലാം വിദ്വേഷകലുഷമായ ഭീതിയുളവാക്കുന്ന മാധ്യമ രാഷ്ട്രീയാക്രമണങ്ങൾക്ക് വിഷവിശകലനങ്ങൾക്ക് ശരവ്യമാകുമ്പോൾ, അവന്റെ / അവളുടെ പ്രണയം പോലും വിശുദ്ധയുദ്ധത്തിന്റെ ഭാഗമാണെന്ന കുൽസിത പ്രചാരണങ്ങൾ ദേശീയസാമാന്യബോധമായി രൂപപ്പെടുമ്പോൾ, അവരുടെ പ്രാതിനിധ്യം പാർലമെന്റിലും നിയമനിർമാണസഭകളിലും ശുഷ്‌കിച്ചുകൊണ്ടേ ഇരിക്കുകയും അവരുടെ പ്രാന്തവൽക്കരണവും അന്യവൽക്കരണവും നാടിന്റെ ദേശീയതയുടെ മഹാവിജയമായി ആഘോഷിക്കപ്പെടുകയും ചെയ്യുമ്പോൾ - ഇങ്ങനെ പറഞ്ഞാൽ തീരാത്ത ദുര്യോഗങ്ങൾക്ക് ഒരു സമുദായം വഴിപ്പെടേണ്ടി വരുമ്പോൾ അതിലെ അംഗങ്ങൾക്ക് സമാശ്വസിക്കാൻ എന്താണുള്ളത്? അവരെന്താണ് ചെയ്യേണ്ടത്? അവരെ സമാധാനത്തോടെ അവരുടെ തന്നെ നാട്ടിൽ ജീവിക്കാൻ വിടണണമെങ്കിൽ എന്തൊക്കെ ഉപാധികളാണ് അവർ അംഗീകരിക്കേണ്ടി വരിക? ഇത്തരമൊരു ഘട്ടത്തിൽ കാര്യകാരണബന്ധങ്ങളെക്കുറിച്ചുള്ള സൈദ്ധാന്തികനിർധാരണങ്ങളല്ല വിഷവ്യാപനം തടയാനുള്ള സത്വരനടപടികളാണ് അത്യാവശ്യമായിട്ടുള്ളത്.

തികച്ചും മതനിരപേക്ഷവും ആധുനികവുമായ ഭരണഘടനയുള്ള തിയോക്രസി എന്ന വൈരുദ്ധ്യാത്മകവിശേഷണമാണ് ഇന്നത്തെ ഇന്ത്യക്കു ചേരുക

സൈദ്ധാന്തികാവലോകനങ്ങളുടെയും ബാലൻസൊപ്പിക്കുന്ന താരതമ്യദുഷ്ടതാപഠനങ്ങളുടെയും കാലം 2014 ൽ അവസാനിച്ചു. 2014 മെയ് മാസത്തിൽ മതേതര ജനാധിപത്യ ബഹുസ്വര ഭാരതത്തിന്റെ ചരിത്രം താൽക്കാലികമായെങ്കിലും അവസാനിച്ചെന്നും ആർ. എസ്. എസ് ഒരു നൂറ്റാണ്ടായി സ്വപ്നം കണ്ട ഹിന്ദുരാഷ്ട്രം സ്ഥാപിതമായെന്നും പറയുന്നത് അതിശയോക്തിയല്ല, പച്ചപ്പരമാർത്ഥമാണ്. തികച്ചും മതനിരപേക്ഷവും ആധുനികവുമായ ഭരണഘടനയുള്ള തിയോക്രസി എന്ന വൈരുദ്ധ്യാത്മകവിശേഷണമാണ് ഇന്നത്തെ ഇന്ത്യക്കു ചേരുക. പൗരത്വഭേദഗതി നിയമം മുതൽ ഇപ്പോൾ വരുന്ന "ലവ് ജിഹാദ്' നിയമങ്ങൾ വരെ തിയോക്രസിയ്ക്ക് മാത്രം യോജിച്ച നിയമങ്ങളാണ്.

വിചിത്രമായ ഒരവസ്ഥയാണ് ഇന്ത്യൻ മുസ്‌ലിമിന്റേത്. ഒരു ഭാഗത്തു അവന്റെ സ്വത്വത്തെ രാജ്യസ്വത്വത്തിൽ നിന്നും രാജ്യചരിത്രത്തിൽ നിന്നും വേർപെടുത്തി അവനെ ഒരനഭിലഷണീയശത്രുസാന്നിദ്ധ്യമായി വിശേഷിപ്പിച്ച് കൊണ്ടേയിരിക്കുക. ഈ രാജ്യം നിന്റേതല്ലെന്നും നിനക്കിവിടെ യാതൊരു സ്ഥാനവുമില്ലെന്നും അവനെ എപ്പോഴും ഓർമിപ്പിച്ചു കൊണ്ടേയിരിക്കുക. മറുഭാഗത് ഇത് ചെയ്യുന്ന സംഘ് പരിവാർ തന്നെ ഇന്ത്യൻ മുസ്‌ലിമിന്റെ കൂറിലും രാജ്യസ്‌നേഹത്തിലും സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഞാൻ ഈ രാജ്യത്തിന്റെ ഭാഗമല്ലെന്നാണ് നിങ്ങളുടെ അഭിപ്രായമെങ്കിൽ പിന്നെ ഞാനെന്തിന് ഇതിനെ സ്‌നേഹിക്കണമെന്ന ഒരു തർക്കികപ്രതികരണം പോലും സാധ്യമല്ല താനും. ഒരു ഭാഗത്തു മുസ്‌ലിംകൾ ആവശ്യത്തിലേറെ മതകേന്ദ്രിതരാണെന്ന് വിമർശിക്കുക. അതേ സമയം മതവിശ്വാസമോ മതജീവിതമോ ഒട്ടുമില്ലാത്ത, എന്നാൽ മുസ്‌ലിം പേരുള്ള, തന്റെ പ്രവർത്തനമണ്ഡലത്തിൽ കഴിവ് തെളിയിച്ച ഒരാളോട് പോലും നീ മുസ്‌ലിം മാത്രമാണ് എന്ന് നിരന്തരമായി പറഞ്ഞു കൊണ്ടിരിക്കുക. സംഘ് പരിവാർ ഇന്ത്യൻ മുസ്​ലിമിനെ വരിഞ്ഞുമുറുക്കുന്ന ചെകുത്തനാണെങ്കിൽ അതിൽനിന്ന് അവന് സംരക്ഷണം കൊടുക്കേണ്ട "സെക്കുലർ' രാഷ്ട്രീയകക്ഷികളാകട്ടെ അവനെ വിഴുങ്ങാൻ സദാ സജ്ജമായ കടലാണ്. സ്വന്തം "ഏജൻസി'യെ പൂർണമായി മാറ്റിവച്ച്, താനടങ്ങുന്ന വിഭാഗത്തിന്റെ രാഷ്ട്രീയപ്രതിനിധ്യത്തെപ്പറ്റി പോലും ഒരക്ഷരം മിണ്ടാതെ, അടങ്ങിയൊതുങ്ങിനിൽക്കുന്ന ഒരു വോട്ടുസംഘാതമായി അവർക്ക് ഇന്ത്യൻ മുസ്‌ലിമിനെ വേണം. അവന്റെ നിശ്ശബ്ദതയും നിർജീവതയുമാണ് അവരുടെ പരിഗണനയുടെ മുന്നുപാധി. പക്ഷെ ആവശ്യം വരുന്ന ഘട്ടത്തിൽ മഷിയിട്ടു നോക്കിയാൽ പോലും കാണാത്ത ഈ കക്ഷികളിൽ മിക്കവയും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ബിജെപിയുമായി ഭരണശയ്യ പങ്കിട്ടവരാണ്. അത് ചെയ്യാത്ത കോൺഗ്രസ്സാവട്ടെ ബിജെപി മൊത്തമായിട്ട് ചെയ്യുന്ന കാര്യങ്ങൾ ചില്ലറയായി ചെയ്ത നീണ്ട പാരമ്പര്യമുള്ള കക്ഷിയാണ്. മുകുൾ കേശവൻ പറഞ്ഞത് പോലെ, കോൺഗ്രസ്സിന്റെ വർഗീയതയും മുസ്‌ലിം വിരോധവും അവസരവാദപരമായിരുന്നു, ബി.ജെ.പിയുടേതാകട്ടെ പ്രത്യയശാസ്ത്രബോധത്തിന്റെ ആഴങ്ങളിൽ സ്ഫുടം ചെയ്‌തെടുത്തതും. ഗുജറാത്ത് നരഹത്യയിൽ കൊല്ലപ്പെട്ട മുസ്‌ലിമിനും ഭഗൽപൂർ നരഹത്യയിൽ കൊല്ലപ്പെട്ട മുസ്​ലിമിനും ഈ വ്യത്യാസം പക്ഷെ അപ്രസക്തമാണ്.

2002 ലെ ഗുജറാത്ത് വംശഹത്യയുടെ ഭീകരത എടുത്തുകാട്ടിയ അശോക് മോച്ചിയുടെ ചിത്രം. പിന്നീട് ഇയാൾ സംഘപരിവാർ രാഷ്ട്രീയത്തോട് വിട പറയുകയും കുറ്റബോധം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഇത്രയും പറയുമ്പോൾ സ്വാഭാവികമായും വരുന്ന അടുത്ത ചോദ്യം ഇനിയെന്ത് എന്നതാണ്. സ്പഷ്ടമായ ഉത്തരം അതിനില്ല എന്നതാണ് ലളിതമായ സത്യം. 360 ഡിഗ്രി കീഴ്‌മേൽ മറിഞ്ഞ ഒരു രാജ്യത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. കേരളം ഭേദമാണ് എന്ന് പൊതുവെ പറയാമെങ്കിലും അതെത്രകാലത്തേയ്ക്ക് എന്ന ചോദ്യം ഇന്ന് മുമ്പത്തേക്കാൾ പ്രസക്തമാണ്. എന്റെ സുഹൃത്ത് യാസർ അറഫാത്ത് ഒരു ലേഖനത്തിൽ ചൂണ്ടിക്കാണിച്ചതുപോലെ, ബി.ജെ.പി ജയിച്ചാലും തോറ്റാലും അവർക്കു വോട്ടു ചെയ്യുന്നവരാണ് കേരളത്തിലെ ഹിന്ദുക്കളിൽ മുപ്പത് ശതമാനത്തോളം. ഇപ്പറഞ്ഞതിന്റെ യുക്തി ചെറുതായൊന്നു വിശദീകരിക്കാം. 45 ശതമാനത്തോളം വരുന്ന കേരളത്തിലെ മുസ്‌ലികളും ക്രിസ്ത്യാനികളും ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ സാധ്യതയില്ല. അങ്ങനെ വരുമ്പോൾ ബി.ജെ.പിയുടെ 15 ശതമാനം വോട്ട് വരുന്നത് കേരളത്തിലെ ഹിന്ദുക്കളിൽ നിന്ന് തന്നെയാണ്. അതായത് ശ്രീനാരായണഗുരുവും ഇടതുപക്ഷവും ഉഴുതുമറിച്ച നമ്മുടെ മണ്ണിൽ മൂന്നിലൊന്ന് വിഭാഗം ഹിന്ദുക്കൾ ഹിന്ദുത്വവാദം ആന്തരീകരിച്ചവരാണ്. അതിന് പുറത്ത് വലിയൊരു വിഭാഗം മുസ്‌ലിം വിരോധത്തിന്റെ സാമൂഹ്യയുക്തി (രാഷ്ട്രീയായുക്തിയല്ല) ഏറിയും കുറഞ്ഞും ഉൾക്കൊണ്ടവരാണ്. ഈ അവസ്ഥ സംജാതമാക്കിയതിൽ മുസ്‌ലിംകളുടെ പങ്ക്, വിശേഷിച്ചു മുസ്‌ലിം മതമൗലികസംഘടനകളുടെ പങ്ക്, നാം കാണാതിരുന്നു കൂടാ. ആ വിഷയത്തിൽ ഇന്ത്യ മതനിരപേക്ഷമായിരുന്ന കാലത്ത് ധാരാളം എഴുതിയ ഒരാളാണ് ഈ ലേഖകൻ. പക്ഷെ ഇന്നത്തരം ചർച്ചകളല്ല നമ്മുടെ മുൻഗണനാക്രമത്തിൽ വരേണ്ടത്. ഫാസിസത്തിന്റെ പിടിയിൽ നിന്ന് എങ്ങനെയാണ് രാജ്യത്തെ രക്ഷിക്കുക എന്ന മൗലികമായ ചോദ്യം മാത്രമാണ് ഇന്ന് പ്രസക്തം. മുസ്‌ലിംവിരോധത്തിന്റെ പൊതുപ്രകടനങ്ങളെ നേരിടുന്നതും തുറന്നുകാണിക്കുന്നതും ആ നിലക്ക് ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ മുഖ്യഘടകങ്ങളിൽ ഒന്നാണ്. അതെങ്ങനെ വേണം എന്ന വിഷയത്തിലാണ് പുരോഗമന സംവാദങ്ങളെല്ലാം ഇന്ന് കേന്ദ്രീകരിക്കേണ്ടത്. ▮


ഷാജഹാൻ മാടമ്പാട്ട്​

സാംസ്​കാരിക വിമർശകൻ, കോളമിസ്​റ്റ്​. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ധിഷണയും വെളിപാടും, ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ, God is Neither a Khomeini nor a Mohan Bhagwat: Writings against Zealotryഎന്നിവ പ്രധാന കൃതികൾ

Comments