ചിത്രീകരണം : ജാസില ലുലു

ഇസ്​ലാമിൽ ജാതിയുണ്ടോ?

നിലവിലുള്ള സാമൂഹ്യവ്യസ്ഥയുടെ എല്ലാ വിവേചനങ്ങളും മുസ്‌ലിം സമുദായത്തിലും പ്രകടമായിരുന്നു. അതിനെ ജാതി എന്ന് അടയാളപ്പെടുത്താനാകുമോ എന്നതുതന്നെയാണ് മുഖ്യ പ്രശ്‌നം.

സ്‌ലാമിൽ ജാതിയുണ്ടോ?
ഇതിന് ഒറ്റവാക്കിലുത്തരം ഇല്ല എന്നുതന്നെയാണ്.
ദൈവത്തിന്റെ സൃഷ്ടിയാണ് മനുഷ്യർ, ആ മനുഷ്യർക്കു തമ്മിൽ വ്യത്യാസങ്ങളില്ല എന്ന് ഇസ്‌ലാം അനുശാസിക്കുന്നു. അത് ലിംഗവ്യത്യാസമോ ജാതിവ്യത്യാസമോ അംഗീകരിക്കാത്തതായി പലരും എടുത്തുപറഞ്ഞിട്ടുണ്ട് പല സന്ദർഭങ്ങളിൽ. അധികാരം പടച്ചവനു മാത്രം. തന്റെ സൃഷ്ടിയിൽ ഒരുതരത്തിലുള്ള വ്യത്യാസങ്ങളെയും ദൈവത്തിന്റെ കാഴ്ചപ്പാടിൽ അംഗീകരിക്കാനാവാത്തതാണ്. ഇതാണ് തത്വമെന്നിരിക്കെ പലതരം വ്യത്യാസങ്ങൾ മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ തന്നെ നിലനിൽക്കുന്നതുകാണാം. ആൺ/ പെൺ വ്യത്യാസങ്ങൾ, അതിനപ്പുറമുള്ള ലിംഗവ്യത്യാസങ്ങളെ അംഗീകരിക്കാൻ മടിക്കുന്ന മുസ്‌ലിം സംഘടനകൾ... എല്ലാം പ്രകടമായി നിൽക്കുന്നതാണ്.

ജാതിവ്യത്യാസം താത്വികമായി ഇസ്‌ലാമിലില്ലെങ്കിലും പലതരം വിവേചനങ്ങൾ നിലനിൽക്കുന്നുണ്ട്. പൂസ്ലാൻ/ പൂസ്ലാത്തി മാത്രമല്ല, ഒസ്സാൻ, തട്ടാൻ വിഭാഗങ്ങളെല്ലാം കേരളത്തിലെ മുസ്‌ലിങ്ങൾക്കിടയിലുള്ള തൊഴിൽ വിഭാഗങ്ങളാണ്. ഇവരുമായി മറ്റു വിഭാഗങ്ങൾ പൊതുവെ വിവാഹബന്ധത്തിൽ ഏർപ്പെടാറില്ലായിരുന്നു. ഇപ്പോഴതിന് ഏറെ മാറ്റം വന്നിട്ടുണ്ട്. എന്റെ ചെറുപ്പത്തിൽ അത്തരമൊരു വിവാഹത്തിൽ പങ്കെടുത്തത് ഓർമയുണ്ട്. കൗജുത്ത എന്ന് ഞങ്ങൾ വിളിക്കുന്ന കദീജ താത്താന്റെ മകൻ കല്യാണം കഴിച്ചത് തട്ടാൻ വിഭാഗത്തിൽ അല്ലാത്ത ഒരു പെൺകുട്ടിയെയാണ്. കദീജ താത്താന്റെ ഭർത്താവ് മുഹമ്മദ്​ഗൾഫിലായിരുന്നു. മുഹമ്മദിന്റെ ഉമ്മയും ബാപ്പയും ബാപ്പയും ഒരുമിച്ചിരുന്ന് പൊന്നുരുക്കുന്ന കാഴ്ച ഞങ്ങൾ ചെറുപ്പത്തിലെപ്പോഴോ കണ്ടിട്ടുണ്ട്. കദീസുന്തയും അബോക്കറാക്കയും ആയിരുന്നു അവർ. അവരുടെ മകൻ ഈ തൊഴിലെടുത്തില്ല, ദുബായ്ക്കാരനായി. അന്ന് കുറെ പുതിയ വസ്തുക്കൾ ഞങ്ങളുടെ നാട്ടിൽ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. കാസറ്റിട്ട് പാടുന്ന ടേപ് റെക്കോർഡർ അവിടെ നിന്നാണ് അടുത്തുകണ്ടത്. കുട്ടികളെയൊന്നും അത് തൊടാൻ അന്ന് അനുവദിച്ചിരുന്നില്ല. കുടുംബമഹിമയിൽ കുറവുള്ള അദ്ദേഹം ഇത്തരം പുതിയ കാര്യങ്ങളവതരിപ്പിക്കുന്നതിലുള്ള അസൂയ ഇതിനെക്കുറിച്ചുള്ള അനേകം കഥകളിൽ അന്ന് പ്രകടമായിരുന്നു.

ഇന്ന് തട്ടാൻപണി എടുക്കുന്നവർക്കും ജ്വല്ലറി ഉടമകൾക്കും തൊഴിൽപരമായി വ്യത്യാസങ്ങൾ നിലനിൽക്കുന്നതായി തോന്നുന്നില്ല. എല്ലാം കച്ചവടത്തിന്റെ ഭാഗമായി മാറുന്നു.

എന്നാൽ അക്കരെ എന്ന സിനിമയിൽ അവതരിപ്പിച്ചപോലെ, മുഹമ്മദ് ആ പ്രദേശത്തെ മുഴുവൻ ആൾക്കാരുടെയും സ്വപ്‌നഭൂമിയാക്കി ദുബായിയെ മാറ്റി. അദ്ദേഹത്തിന്റെ മകനും ഗൾഫിൽ പോയി. ഗൾഫിൽ പോയി പണക്കാരനും പത്രാസുകാരനുമായ മകനാണ് അന്ന് മറ്റു മുസ്‌ലിം വിഭാഗത്തിൽ നിന്ന് പെണ്ണ് കെട്ടിയത്. മറ്റു മുസ്​ലിം വിഭാഗം എന്നുപറയാൻ കാരണം, ഇത്തരം തൊഴിൽ വിഭാഗങ്ങളല്ലാതെ മറ്റുള്ളവരെ കുറിക്കാനായി തൊഴിൽ പേരുകളില്ലായിരുന്നു. അവർ കുടുംബപേരിലോ പഴയ പ്രതാപമുള്ള തറവാടുകളുടെ പേരിലോ അറിയപ്പെട്ടു. അധികവും കച്ചവടക്കാരായിരുന്നു. വലിയ ഭൂസ്വത്തുക്കളുള്ളവർ തേങ്ങ വിറ്റ് ജീവിച്ചു. ചെറിയ തോതിൽ കൃഷി ചെയ്തും ചെയ്യിപ്പിച്ചും ജീവിച്ചു. വിളവുകൾക്ക് തറവാടിന്റെ പ്രതാപം കാത്തുസൂക്ഷിക്കാനാവാതെ വന്നപ്പോൾ പറമ്പുകൾ വിറ്റ് പ്രതാപം നിലനിർത്തി. സത്യത്തിൽ പ്രതാപത്തിനല്ല, പലരും വലിയ കുടുംബങ്ങളുടെ വിശപ്പ് മാറ്റാൻ തന്നെ ഭൂമികൾ വിറ്റു.

പലരും ദുബായിലേക്ക് കുടിയേറി. ദുബായിക്കാർ മോഹവില കൊടുത്ത് ഭൂസ്വത്തുക്കൾ വാങ്ങാൻ തയ്യാറായി. ഇതെല്ലാം സാമൂഹ്യ വിഭാഗങ്ങളുടെ അന്തരം വലിയ തോതിൽ കുറച്ചിട്ടുണ്ട്. അങ്ങനെ കൗജുത്താന്റെയും മയമക്കാന്റെയും മകൻ കുഞ്ഞിമോൻ കല്യാണം കഴിച്ചു, വളരെ ആർഭാടമായി തന്നെ. പക്ഷെ പെണ്ണിന് അവരുടെ വീട്ടുകാർ പൊന്നുകൊടുത്തില്ല. തട്ടാൻമാരല്ലേ സ്വർണം അവരുണ്ടാക്കിക്കോട്ടെ എന്ന് കാരണവർ പറഞ്ഞുവത്രെ. അതൊന്നും കൗജുത്തായ്ക്ക് വിഷയമായിരുന്നില്ല. അവർ പരസ്യമായി മരുമകളെ ഓമനിച്ചു. മറ്റുള്ളവരുടെ മുന്നിൽവെച്ച് മരുമകളെ കെട്ടിപ്പിടിച്ചു. ‘എന്റെ മോളെ എനിക്ക് കിട്ടിപ്പോയതാണ്’ എന്നുറക്കെ പ്രഖ്യാപിച്ചു. ആ പെൺകുട്ടിയും വളരെ സന്തോഷത്തോടെ ആ വീടിന്റെ ഭാഗമായി. എല്ലാ സൗകര്യങ്ങളുമുള്ള വാർപ്പുവീടായിരുന്നു അപ്പോഴേക്കും അവരുടേത്. കുഞ്ഞിമോൻ മൂത്ത മകനായിരുന്നു. പിന്നീടുള്ള മക്കളുടെ വിവാഹത്തിലൊന്നും ഇത്തരം തൊഴിൽ/ ജാതി പ്രതിബന്ധങ്ങൾ ഉണ്ടായില്ലെന്നുതന്നെ കരുതണം. അതൊന്നും ഒരു പരാമർശം പോലുമില്ലാതെ സ്വാഭാവിക വിവാഹങ്ങളായി.

ഇന്ന് തട്ടാൻപണി എടുക്കുന്നവർക്കും ജ്വല്ലറി ഉടമകൾക്കും തൊഴിൽപരമായി ഇത്തരം വ്യത്യാസങ്ങൾ നിലനിൽക്കുന്നതായി തോന്നുന്നില്ല. എല്ലാം കച്ചവടത്തിന്റെ ഭാഗമായി മാറുന്നു. കടപ്പുറത്തുള്ളവരും വലിയ കച്ചവടക്കാരായി (ബിസിനസുകാർ എന്ന് അവർക്ക് ഓമനപ്പേര്) തീരപ്രദേശങ്ങളിൽ നിന്ന് പതുക്കെ കരകയറി. അക്കാലത്ത് ഞാൻ കണ്ട വലിയ വീടുകളിലൊന്ന് ഒരു ചെമ്മീൻ ബിസിനസുകാരന്റേതായിരുന്നു. അദ്ദേഹം തീരപ്രദേശത്ത് ജീവിച്ചയാളാണോ എന്നറിയില്ല. എന്തായാലും അദ്ദേഹത്തെ ആരും മാറ്റിനിർത്തിയില്ല. പകരം അദ്ദേഹം ആരെയും അടുപ്പിച്ചില്ല എന്ന അവസ്ഥയിലേക്ക് മാറി. വലിയ സിനിമാ നടൻമാർ വരെ അവിടെ വന്നുപോകുന്നതായി അടഞ്ഞ ഗേറ്റിനുമുമ്പിൽ നിന്ന് കഥകൾ ഒഴുകിവന്നു.

പെണ്ണുങ്ങളുടെ കൂട്ട നമസ്‌കാരങ്ങൾ പെണ്ണുങ്ങൾ തന്നെ നയിച്ചു. അതിൽ പലപ്പോഴും ചെറുപ്പക്കാരായ സ്ത്രീകളായി ഇമാമുകൾ. സ്ത്രീകൾ വീടുകളിൽ നിന്ന് നമസ്‌കരിക്കുമ്പോൾ അതിൽ വിഭാഗീയതകൾക്ക് വലിയ ഇടമുണ്ടാവാറില്ല.

ഈ വ്യത്യാസങ്ങളെല്ലാം വിവാഹബന്ധങ്ങളിലാണ് പ്രകടമായിരുന്നതെങ്കിലും മതപരമായ ചടങ്ങുകൾക്ക് ബാധമായിരുന്നില്ല. പള്ളിയിൽ നിസ്‌കരിക്കാൻ നിൽക്കുമ്പോൾ മതകാര്യങ്ങളിൽ അറിവുള്ള ഉസ്താദുമാരും മുസ്​ല്യാരുമാരും മുൻപന്തിയിൽ വന്നു. അവർക്കായിരുന്നു ഇമാം സ്ഥാനം (നിസ്‌കാരത്തെ നയിക്കുന്നയാൾ). ഇതിൽ പ്രായമോ കുടുംബമഹിമയോ അല്ല മതകാര്യങ്ങളിലുള്ള അറിവുമാത്രം പരിഗണിക്കപ്പെട്ടു. പെണ്ണുങ്ങളുടെ കൂട്ട നമസ്‌കാരങ്ങൾ പെണ്ണുങ്ങൾ തന്നെ നയിച്ചു. അതിൽ പലപ്പോഴും ചെറുപ്പക്കാരായ സ്ത്രീകളായി ഇമാമുകൾ. സ്ത്രീകൾ വീടുകളിൽ നിന്ന് നമസ്‌കരിക്കുമ്പോൾ അതിൽ വിഭാഗീയതകൾക്ക് വലിയ ഇടമുണ്ടാവാറില്ല. പള്ളികളിൽ ഇതിനുള്ള സാധ്യതകൾ ചെറുപ്പത്തിൽ പറഞ്ഞുകേട്ടില്ലെങ്കിലും പിൽക്കാലത്ത് എൻ.പി. മുഹമ്മദിന്റെ നോവലിൽ വായിച്ചിരുന്നു. എണ്ണപ്പാടം എന്ന നോവലിലെ നായകൻ ഒസ്സാൻ വിഭാഗത്തിൽപെട്ടയാളാണ്. ബാർബർ ജോലിയാണ് ഇവരുടെ തൊഴിൽ. മുസ്‌ലിങ്ങളെ സംബന്ധിച്ച്​ മാർക്കം കഴിക്കലും ഇവരുടെ തൊഴിലാണ്. മുസ്‌ലിമാവാൻ ഇത് നിർബന്ധമുള്ള ചടങ്ങായതിനാൽ ഇവർക്ക് സമുദായത്തിൽ വലിയ സ്ഥാനമുണ്ട്. ഇത് അംഗീകരിക്കാൻ തയ്യാറാവാത്ത തറവാട്ടുകാരെ അദ്ദേഹം ഇട്ട്​ കളിപ്പിക്കുന്നത്​ നോവലിൽ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് പള്ളിയിൽ ഒത്തുകൂടുമ്പോൾ മുൻനിരയിലേക്ക് കടന്നുനിൽക്കുന്ന അവറാനെ ചില പ്രമാണിമാർ ബോധപൂർവം തിക്കിത്തിരക്കി പിൻനിരയിലേക്ക് നീക്കുന്ന രംഗം വിവരിക്കുന്നുണ്ട് നോവലിൽ. ഇതിൽ പ്രമാണിമാർക്കുള്ള അസൂയയും കുശുമ്പും പ്രകടമാണെങ്കിലും മതാചാരങ്ങളിൽ എല്ലാവർക്കും ഒരുപോലെ സ്ഥാനമുണ്ടെന്ന കാര്യം കൂടി വ്യക്തമാണ്. തങ്ങളുടെ മുന്നിൽ ഇവൻ ആശാവേണ്ടതില്ല എന്ന പ്രമാണിമാരുടെ തീരുമാനമോ ഗൂഢാലോചനയോ ആണ് അവറാനെ പുറന്തള്ളുന്നത്. മതത്തിനകത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചെടുക്കുവാൻ ശ്രമിക്കുന്ന അവറാന്റെ പരിശ്രമങ്ങൾ ചെറിയ തമാശയാകുന്നുമുണ്ട് നോവലിൽ. നിലവിലുള്ള സാമൂഹ്യവ്യസ്ഥയുടെ എല്ലാ വിവേചനങ്ങളും മുസ്‌ലിം സമുദായത്തിലും പ്രകടമായിരുന്നു എന്നുതന്നെയാണിത് കാണിക്കുന്നത്. അതിനെ ജാതി എന്ന് അടയാളപ്പെടുത്താനാകുമോ എന്നത് തന്നെയാണ് മുഖ്യ പ്രശ്‌നം. ▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments