സൈബറാക്രമണങ്ങൾ മാനസികാരോഗ്യം തന്നെ തകരാറിലാക്കിയിരുന്നു

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

നിങ്ങളുടെ അഭിപ്രായത്തെ മരണം വരെ ഞാൻ എതിർക്കും. പക്ഷേ, അഭിപ്രായം പറയാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനായി എന്റെ ജീവൻ കൊടുക്കാനും ഞാൻ തയ്യാറാണ്. ജനാധിപത്യത്തെ പ്രതിഫലിപ്പിക്കുന്ന ഏറ്റവും മികച്ച വാചകങ്ങളിലൊന്നാണിത്. മറ്റുള്ളവരുടെ അഭിപ്രായത്തിൽ വിയോജിപ്പ് രേഖപ്പെടുത്താനുള്ള അവകാശം എല്ലാർക്കുമുണ്ട്. എന്നാൽ അങ്ങനെ വരുന്ന ഒരു അഭിപ്രായത്തെ കൂട്ടം ചേർന്ന് ആക്രമിച്ച് എതിർപ്പുകളെ ഇല്ലാതാക്കുന്നത് ജനാധിപത്യ രീതിയല്ല. വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള ഒരാളുടെ അവകാശത്തെ അംഗീകരിക്കണം. ആ വിയോജിപ്പുകളെ ആശയങ്ങൾ കൊണ്ടാണ് നേരിടേണ്ടത്, അല്ലാതെ കൂട്ടമായ ആക്രമണം കൊണ്ടല്ല.

മോശമായ ഭാഷ കൊണ്ടും പദപ്രയോഗം കൊണ്ടുമാണ് കൂടുതലാളുകളും വിയോജിപ്പുകളെ കൈകാര്യം ചെയ്യുന്നത്. അവിടെ ആശയങ്ങളില്ല, സംവാദങ്ങൾ ഇല്ലേ ഇല്ല. ജനാധിപത്യമെന്നാൽ യോജിപ്പുകളും വിയോജിപ്പുകളും ആശയങ്ങളും സംവാദങ്ങളും എല്ലാം ചേരുന്നതാണ്. വിവിധ അഭിപ്രായരൂപീകരണങ്ങൾ സംഭവിക്കുമ്പോഴും പല വീക്ഷണകോണുകളിലൂടെയും നമ്മുടെ മുന്നിലുള്ള വിഷയത്തെ ജനാധിപത്യപരമായി സമീപിക്കുമ്പോഴുമാണ് സംവാദം സാദ്ധ്യമാകുന്നത്. മികച്ച സംവാദം വരികയാണെങ്കിൽ കൂടുതൽ പക്വതാപരമായ ഒരു കാഴ്ചപ്പാടിലേക്കായിരിക്കും എത്തിച്ചേരുന്നത്. അതല്ലാതെ വിയോജിപ്പുകളെ ഏതുവിധേനെയും തകർത്തുകളയുക എന്നാണെങ്കിൽ അത് ഫാസിസമാണ്.

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

സംവാദത്തിൽ ഭാഷയ്ക്ക് തീർച്ചയായും പ്രാധാന്യമുണ്ട്. മറ്റുള്ളവരുടെ സ്പേസ് അംഗീകരിച്ചുകൊണ്ടുള്ള ഒരു രീതിയാണെങ്കിലേ ക്രിയാത്മകമായ സംവാദം സാദ്ധ്യമാകുള്ളൂ. ഇവിടെ സംഭവിക്കുന്നത് വിയോജിപ്പുകൾ ഉയരുമ്പോൾ അവയെ ഏതുവിധേനെയും നേരിടുക എന്നു മാത്രമാണ്. അതിന് ഏറ്റവും എളുപ്പമുള്ള വഴി മോശമായ പദപ്രയോഗങ്ങൾ ഉപയോഗിക്കുക എന്നതാണ്. ആശയങ്ങൾ കൊണ്ടല്ല, പദപ്രയോഗങ്ങൾ കൊണ്ടാണ് എതിർപ്പുകളെ നേരിടുന്നത്. അതോടെ എതിർശബ്ദങ്ങൾ അവസാനിക്കുമെന്ന് മോശപ്പെട്ട പദപ്രയോഗങ്ങൾ നടത്തുന്നവർക്കറിയാം. മുഖമില്ലാത്ത രൂപങ്ങളാണ് കൂടുതലും എന്നതിനാൽ തന്നെ ഇപ്പുറത്ത് നിൽക്കുന്നയാൾ കരുതിയിരിക്കുന്നതിന്റെ, പ്രതീക്ഷിക്കുന്നതിന്റെ അങ്ങേയറ്റം പോകാൻ അവർക്ക് മടി ഉണ്ടാകുകയുമില്ല. സോഷ്യൽ മീഡിയ ശ്രദ്ധിച്ചാലറിയാം.

ഏതുവിഷയവുമായി ബന്ധപ്പെട്ട അഭിപ്രായമാണെങ്കിലും അവയെ നേരിടുന്നത് സമാനമായ പൊതുപദപ്രയോഗങ്ങൾ കൊണ്ടാണെന്ന്. വർഗീയ, സ്ത്രീവിരുദ്ധ പരാമർശങ്ങളായിരിക്കും കൂടുതലും. ജാതി, ലിംഗം, ശരീരം എന്നിവയും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. സംവാദഭാഷ പ്രയോഗഭാഷയിൽ നിന്നും വേറിട്ട് നിൽക്കേണ്ടത് അഭിപ്രായം പറയാനുള്ള മറ്റൊരാളുടെ അവകാശത്തെ അംഗീകരിച്ചുകൊണ്ടാവണം. അതല്ലെങ്കിൽ അവയെ സംവാദമായി കാണാൻ പറ്റില്ല.

സൈബർ സ്പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

സൈബർ സ്പേസ് സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും സൈബർ സ്പേസ് പക്വമായിട്ടില്ല. നല്ല സംവാദങ്ങൾ തീർച്ചയായും ഇവിടെ നടക്കുന്നുണ്ട്. എങ്കിൽപോലും വിവാദവിഷയങ്ങളോ, ചർച്ചയാകുന്ന വിഷയങ്ങളോ വരുമ്പോൾ അസഹിഷ്ണുതയോടെയാണ് കൂടുതലും കൈകാര്യം ചെയ്യപ്പെടുന്നത്.

അവിടെ എതിരഭിപ്രായങ്ങളെ പക്വതയോടെയല്ല സ്വീകരിക്കുന്നതും വിലയിരുത്തുന്നതും. ജനാധിപത്യം പോയിട്ട് സാമാന്യ മര്യാദ പോലും കാണിക്കാറുണ്ട് എന്ന് തോന്നുന്നില്ല. ആളുകൾ ആൾക്കൂട്ടമായി മാറുമ്പോൾ പക്വത ആവശ്യമായി വരുന്നേ ഇല്ല. വ്യാജ പ്രൊഫൈലുകളിലെ ഐഡന്റിറ്റിയുടെ ഒളിച്ചുവയ്ക്കൽ കൂടിയാകുമ്പോൾ ധൈര്യം കൂടുന്നു. ഞങ്ങൾ ഒരു കൂട്ടമാണ് എന്ന കരുത്തും സൈബർ സ്പേസിൽ പക്വത ആവശ്യപ്പെടുന്നില്ല.

ഡിജിറ്റൽ സ്പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?

ഡിജിറ്റൽ സ്പേസ് ആക്രമണവും അല്ലാത്തവയും രണ്ടും ആക്രമണങ്ങൾ തന്നെയാണ്. അസഹിഷ്ണുതയിൽ നിന്നു തന്നെയാണ് രണ്ടാക്രമണങ്ങളും പുറപ്പെടുന്നത് എന്നും കാണാം. ഡിജിറ്റൽ അല്ലാത്ത സ്പേസിൽ ശാരീരികമായുള്ള കടന്നുകയറ്റം നടക്കുന്നു, സൈബർ സ്പേസിൽ ശാരീകമായതിനുപകരം മാനസികമായി തകർക്കാനായുള്ള പരമാവധി ശ്രമം നടത്തുന്നു. കായികമായി നേരിടണമെന്നാഗ്രഹിക്കുകയും അതിന് കഴിയാത്തതുകൊണ്ട് വ്യക്തിപരമായ അധിക്ഷേപങ്ങൾ കൊണ്ട് ഒറ്റപ്പെടുത്താനുമാണ് സൈബർ സ്പേസിലെ ആക്രമണങ്ങൾ ലക്ഷ്യമിടുന്നതെന്ന് കാണാം. രണ്ടും വ്യത്യസ്തമാണെന്ന് കരുതുന്നില്ല. ആൾക്കൂട്ട ആക്രമണത്തിന്റെ മനശാസ്ത്രം തന്നെയാണ് രണ്ടിടത്തും പ്രതിഫലിക്കുന്നത്. സൈബർ സ്പേസിൽ അല്ലാത്ത ആക്രമണം ഒന്നുകൂടെ ആപത്ക്കരമാണെന്ന് പറയാമെങ്കിലും സൈബർ സ്പേസും അതിന്റെ തൊട്ടടുത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. നമ്മളാരാണെന്ന് മറച്ചുവച്ച് എന്തും വിളിച്ചുപറയാമെന്നത് അവർക്ക് നൽകുന്ന ധൈര്യം ചെറുതല്ല. നേരിട്ട് ആക്രമിക്കാൻ കഴിയാത്തതിന്റെ വിഷമം അവർ ഭാഷാപ്രയോഗങ്ങളിലൂടെ തീർക്കുന്നുണ്ട്.

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

സൈബർ ആക്രമണം എന്ന് പൊതുവേ പറയപ്പെടുന്ന രീതിയിൽ അല്ലെങ്കിലും ഇതേ പോലെയുള്ള ആക്രമണം നേരിട്ട അനുഭവമുണ്ട്. 2019ൽ വീട്ടിൽ അതിക്രമിച്ച് കയറി എന്നെയും കുട്ടികളെയും അക്രമിച്ച സംഭവത്തിൽ 600 ഓളം അംഗങ്ങളുള്ള തിരുവനന്തപുരം പ്രസ് ക്‌ളബിന്റെ മെയിൽ ഗ്രൂപ്പിൽ നിന്നും കൂട്ടായ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.

ഒരു വനിതാമാദ്ധ്യമപ്രവർത്തകയുടെ മെയിലിൽ നിന്നു തന്നെ ഇതേ ഗ്രൂപ്പിലേക്ക് വളരെ മോശപ്പെട്ട ഭാഷയിൽ യാഥാർത്ഥ്യവിരുദ്ധമായ പരാമാർശങ്ങൾ ഉണ്ടായിരുന്നു. സൈബർ സെല്ലിൽ അന്നു തന്നെ പരാതി നൽകുകയും ചെയ്തിരുന്നു. എന്നെ വ്യക്തിപരമായി യാതൊരു തരത്തിലും അറിയാത്ത ആൾക്കാരായിരുന്നു ഈ ആക്രമണത്തിന് മുന്നിൽ നിന്നത്. വളരെ നിന്ദ്യമായ ഭാഷയിലായിരുന്നു അന്ന് ആ ഗ്രൂപ്പിൽ വന്നുകൊണ്ടിരുന്ന തുടർച്ചയായ മെയിലുകൾ എന്നത് ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്. നമുക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ അസ്വസ്ഥതയിൽ തുടരുമ്പോഴായിരുന്നു ഈ ആക്ഷേപങ്ങളുമെന്നത് അന്ന് മാനസികാരോഗ്യം തന്നെ തകരാറിലാക്കിയിരുന്നു. കൂലി എഴുത്തുകാരാണ് മെയിൽ തയ്യാറാക്കി തരുന്നതെന്നായിരുന്നു അന്ന് നേരിട്ട മറ്റൊരു ആക്ഷേപം. നമ്മൾ അത്രയും കാലം ചെയ്ത തൊഴിലിനെ പോലും അടച്ചാക്ഷേപിക്കുന്ന രീതിയിലായിരുന്നു ഈ പരാമർശം. ഈ മെയിലുകൾക്ക് മറുപടി നൽകി തുടങ്ങിയപ്പോഴാണ് താത്കാലികമായി ആക്രമണം അവസാനിച്ചത്.

Comments