മലയാളം സർവകലാശാല നിയമനത്തിലെ ആരോപണം: പരാതി ലഭിച്ചാൽ അന്വേഷണമെന്ന് മന്ത്രി ആർ. ബിന്ദു

അസിസ്റ്റൻറ്​ പ്രൊഫസർ നിയമനങ്ങളിൽ സംവരണ തത്വം അട്ടിമറിക്കപ്പെട്ടു, മറ്റൊരു വിഷയത്തിൽ അടിസ്ഥാന യോഗ്യത നേടിയ വ്യക്തിയെ ചലച്ചിത്ര പഠനത്തിൽ നിയമിച്ചു, ഇന്റർവ്യൂബോർഡിൽ ഉദ്യോഗാർത്ഥികളുടെ പിഎച്ച്ഡി ഗൈഡുമാരെ ഉൾപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് ഉയരുന്നത്.

ലയാളം സർവ്വകലാശാല നടത്തിയ അസിസ്റ്റൻറ്​ പ്രൊഫസർ നിയമനങ്ങൾക്കെതിരെ ഉദ്യോഗാർഥികളുടെ ആരോപണം. സംവരണ തത്വം അട്ടിമറിക്കപ്പെട്ടു, മറ്റൊരു വിഷയത്തിൽ അടിസ്ഥാന യോഗ്യത നേടിയ വ്യക്തിയെ ചലച്ചിത്ര പഠനത്തിൽ നിയമിച്ചു, ഇന്റർവ്യൂബോർഡിൽ ഉദ്യോഗാർത്ഥികളുടെ പിഎച്ച്ഡി ഗൈഡുമാരെ ഉൾപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് ഉയരുന്നത്.

ഈ വിഷയത്തിൽ പ്രാഥമികമായി ഒരു അന്വേഷണം താൻ നടത്തിയിരുന്നെന്നും എന്നാൽ ചട്ടവിരുദ്ധമായി യാതൊന്നും നടത്തിയിട്ടില്ലെന്നാണ് സർവ്വകലാശാല അധികൃതരിൽ നിന്ന് ലഭിച്ച മറുപടിയെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ‘തിങ്കി'നോട് വ്യക്തമാക്കി. ‘‘ഫേസ്ബുക്കിൽ ഉയർന്ന ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടാണ് അന്വേഷണം നടത്തിയത്. മൂന്ന് നിയമനങ്ങളിൽ റാങ്ക് ലിസ്റ്റ് ഇടാത്തത് എന്താണെന്ന് ചോദിച്ചപ്പോഴും സർവ്വകലാശാലയിൽ നിന്നും എവിടെയും തൊടാതെയുള്ള മറുപടിയാണ് ലഭിച്ചത്. രേഖാമൂലമുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലാത്തതിനാലാണ് ഔദ്യോഗികമായി വിശദീകരണം ചോദിക്കാത്തത്. അത്തരത്തിലൊരു പരാതി ലഭിച്ചാൽ ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തും''- മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു

‘സംവരണം മൂടിവെക്കുന്നു'

സാഹിത്യരചനയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്ന എഴുത്തുകാരി ഇന്ദുമേനോനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണമുന്നയിച്ചത്. അവരുടെ ആരോപണം ഇതാണ്:
‘‘ഏതൊരു നിയമനം നടത്തുമ്പോഴും ഏതൊക്കെ തസ്തികകളിൽ റിസർവേഷൻ ഉണ്ടെന്ന് വ്യക്തമാക്കേണ്ടതാണെങ്കിലും സർവകലാശാല അത് പറഞ്ഞിട്ടില്ല. ഒന്നുകിൽ യൂണിവേഴ്സിറ്റി ചട്ടങ്ങൾ സംവരണത്തിന് പാലിക്കണം. അതില്ലാത്ത സമയത്ത് കേരള സർക്കാർ പി എസ് സി വഴി പറയുന്ന ചട്ടങ്ങൾ എന്താണോ അത് പാലിക്കണം. സംവരണത്തിന്റെ കാര്യം മുൻകൂട്ടി പറയാത്തതെന്താണെന്നതിന് അവർ നൽകുന്ന മറുപടി കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് പ്രത്യേകമായി ഹൈക്കോടതി ഉത്തരവ് നൽകിയിട്ടുണ്ടെന്നാണ്. അത് എന്ത് ഉത്തരവാണെന്ന് അവർ വ്യക്തമാക്കാൻ തയ്യാറായിട്ടില്ല. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ദേശീയ പട്ടിക വർഗ കമ്മിഷനും യു.ജി.സിയും ഇടപെടുകയും നിർബന്ധമായും പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു സർക്കുലർ ഇറക്കുകയും ചെയ്തിരുന്നു. സംവരണത്തെക്കുറിച്ച് പറയാതിരുന്നതിന് അവർ നൽകുന്ന മറ്റൊരു വിശദീകരണം എല്ലാ യൂണിവേഴ്സിറ്റികളിലും ഇങ്ങനെയാണെന്നാണ്. എന്നാൽ കാലിക്കറ്റിൽ മാത്രമേ അങ്ങനെ ഉള്ളൂ. ബാക്കിയെല്ലാ യൂണിവേഴ്സിറ്റികളിലും ആദ്യമേ തന്നെ ഇത് പറയുന്നുണ്ട്. സംവരണതത്വങ്ങൾ ലംഘിക്കപ്പെടുന്നത് ജനറൽ ഉദ്യോഗാർത്ഥികളെ തിരുകിക്കയറ്റാനുള്ള ശ്രമമായാണ് എല്ലായ്പ്പോഴും കാണുന്നത്''.

‘‘കഴിഞ്ഞ നിയമനത്തിൽ ഭാഷാ ശാസ്ത്രത്തിലാണ് ആദ്യ തസ്തിക ഒഴിവ് വന്നത്. അത് ഓപ്പൺ ആയിരുന്നു. രണ്ടാമത്തേത് സാഹിത്യ പഠനത്തിലാണ് വന്നത്. അത് ഈഴവ- തിയ്യ- ബില്ലവ (ഇ.ടി.ബി) സംവരണമായിരുന്നു. നിയമനം ലഭിച്ച വ്യക്​തി ജോലിയിൽ പ്രവേശിക്കാൻ വന്നപ്പോഴാണ് വിശ്വകർമ്മയാണെന്ന് തിരിച്ചറിയുന്നത്. ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാത്തതിനെതുടർന്ന്​ആ വ്യക്​തി കോടതിയിൽ പോയതോടെ ആ പോസ്റ്റിംഗ് തകരാറിലായി.

അതുകഴിഞ്ഞ് വീണ്ടും എല്ലാ ഡിപ്പാർട്ടുമെന്റുകളിലും കുറെ തസ്തികകൾ അനുവദിക്കപ്പെട്ടു. സാഹിത്യപഠനത്തിൽ ഒഴിവിൽ കിടന്ന നിയമനം എന്നാൽ ഓപ്പണിനാണ് കൊടുത്തത്. അങ്ങനെ നോക്കിയാൽ ഇപ്പോഴത്തെ നിയമനം ഇ.ടി.ബിക്കാണ് നൽകേണ്ടത്. എന്നാൽ യൂണിവേഴ്സിറ്റി പറഞ്ഞത് ഇ.ടി.ബി സംവരണം കോടതിയിലാണെന്നും ഇപ്പോഴത്തെ സംവരണം എസ്. സിക്കുള്ളതാണെന്നുമാണ്. സംവരണ കേസ് എന്ന വാദം തന്നെ ശരിയല്ല. സംവരണ തീരുമാനം കോടതിയിലാണോ അല്ലയോ എന്നത് അർഹതപ്പെട്ട സംവരണക്കാരന്റെ വിഷയമല്ല, അത് സർവ്വകലാശാലയുടെ വിഷയമാണ്. രണ്ടാമത്, ഈ പോസ്റ്റ് ഓപ്പൺ ചെയ്ത സാഹചര്യത്തിൽ അത് ഈഴവ- തിയ്യ- ബില്ലവയ്ക്ക് തന്നെ കൊടുക്കേണ്ടതാണ്. യൂണിവേഴ്സിറ്റി പറയുന്നതുപോലെ സംവരണ നിയമനം കോടതിയിലാണെന്ന വാദം അംഗീകരിക്കുകയാണെങ്കിൽ തന്നെയും റോസ്റ്റർ പ്രകാരം ഇത് മൂന്നാമത്തെ പോസ്റ്റാണ്. മൂന്നാമത്തെ പോസ്റ്റ് ജനറൽ ആണ്''- ഇന്ദു മേനോൻ പറയുന്നു.

അസിസ്റ്റൻറ്​ പ്രൊഫസർ ചലച്ചിത്ര പഠനത്തിലാണ് മറ്റൊരു അട്ടിമറി നടന്നതെന്നാണ് ഇന്ദുവിന്റെ ആരോപണം: ‘‘അത് എസ്.സി റിസർവേഷൻ ആയിരുന്നു. എന്നാൽ യൂണിവേഴ്സിറ്റി അത് ഓപ്പൺ ചെയ്തിട്ട് മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കുള്ള റിസർവേഷൻ ആക്കി മാറ്റി. അതെങ്ങനെയാണ് സാധിക്കുക? ഒരു ഉദ്യോഗാർഥിയുടെ പിഎച്ച്ഡി ഗൈഡ് ആയിരുന്ന വ്യക്തി ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്നു. ഈ ഉദ്യോഗാർഥിയുടെ അടിസ്ഥാന യോഗ്യത കമ്പാരറ്റീവ് ലിറ്ററേച്ചറിലാണ്. കമ്പാരറ്റീവ് ലിറ്ററേച്ചർ എങ്ങനെയാണ് ചലച്ചിത്ര പഠനത്തിനുള്ള യോഗ്യതയായി മാറുന്നത്?. യു.ജി.സി ക്രിയേറ്റീവ് റൈറ്ററായി അംഗീകരിക്കുകയും മുപ്പത്തിയഞ്ചിലേറെ പുസ്തകങ്ങൾ ക്രെഡിറ്റിലുള്ളതുമായ എനിക്ക് സാഹിത്യരചനാ വിഭാഗത്തിൽ അപേക്ഷിക്കാൻ യോഗ്യതയില്ലെന്നാണ് സർവ്വകലാശാല കണ്ടെത്തിയിരിക്കുന്നത്. നിയമനം അട്ടിമറിക്കാനാണ്​ യൂണിവേഴ്സിറ്റി റോസ്റ്റർ പൂർണ്ണമായും മാറ്റിമറിച്ചത്''; ഇന്ദു ആരോപിക്കുന്നു.

‘‘സാഹിത്യപഠനത്തിൽ ചട്ടപ്രകാരം ഇപ്പോൾ നിയമനം നടത്തേണ്ടത് ഈഴവ- തിയ്യ- ബില്ലവ സംവരണമായാണ്. നല്ല അക്കാദമിക് സ്‌കോറുള്ള ഒരു ഉദ്യോഗാർഥിയെ അഭിമുഖത്തിന് പോലും വിളിച്ചിട്ടില്ല. ഇവർക്ക് മൂന്ന് പിജിയും എംഫിലും പോസ്റ്റ് ഡോക്കും പിഎച്ച്ഡിയും ജെആർഎഫും നിരന്തരമായി പബ്ലിക്കേഷനുകളുണ്ട് ഇരുപത്തിയഞ്ചോളം ജേണലുകളും പ്രബന്ധങ്ങളും അമ്പതിലധികം പ്രസന്റേഷനുകളും ഉണ്ട്. പിന്നീട് പരാതിപ്പെട്ടപ്പോൾ ഇവരെ അഭിമുഖത്തിന് വിളിച്ചെങ്കിലും റാങ്ക് ലിസ്റ്റിൽ പോലും ഉൾപ്പെടുത്തിയില്ല. അവരെ പരിഗണിച്ചില്ലെന്ന് മാത്രമല്ല, ഇ.ടി.ബിക്ക് നൽകേണ്ട നിയമനം ഓപ്പണിലേക്ക് മാറ്റി ജനറലിന് അനുവദിക്കുകയും ചെയ്തു. ഇതാണ് ഇത്തവണത്തെ മലയാള സർവ്വകലാശാല നിയമനത്തിൽ നടന്നത്. മൂന്ന് പോസ്റ്റുകളെ സംവരണത്തിൽ അല്ലാതെ ആക്കി മാറ്റുക എന്നതായിരുന്നു അവരുടെ ആവശ്യം''; ഇന്ദു കൂട്ടിച്ചേർത്തു.

കിർത്താഡ്സ് ഒരു അംഗീകൃത റിസർച്ച് സ്ഥാപനമല്ലെന്നും തനിക്ക് അധ്യാപന പരിചയമില്ലെന്നും പറഞ്ഞ് അവർ തന്നെ ആദ്യം ഇന്റർവ്യൂവിന് വിളിച്ചിരുന്നില്ലെന്നും ഇന്ദു വ്യക്തമാക്കി: ‘‘കിർത്താഡ്സിൽ എം.എയോ ബി.എയോ ഒന്നുമില്ലെങ്കിലും അവിടെ ഗവേഷണം നടക്കുന്നുണ്ട്. ഏതൊരു സമുദായത്തെയും എസ്.സി, എസ്.ടി, ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളിൽ ഉൾപ്പെടുത്തി ഭരണഘടനാ ഭേദഗതി വരുത്തുന്നത് ഞങ്ങൾ നടത്തുന്ന ഗവേഷണങ്ങളുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ്. അവിടുത്തെ ലക്ചററാണ് ഞാൻ. കിർത്താഡ്സിലെ റിസർച്ച് ഓഫീസർമാർക്ക് പോലും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. കാരണം, യു.ജി.സി ചട്ടങ്ങൾ പ്രകാരം ടീച്ചിംഗ് വേണമെന്നില്ല, റിസർച്ച് മാത്രം മതി. പക്ഷെ എനിക്ക് പതിനേഴ് വർഷത്തെ ടീച്ചിംഗ് എക്സ്പീരിയൻസും ഉണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ആന്ത്രപ്പോളജി ഡിപ്പാർട്ട്മെൻറ്​ മുഴുവനും ഇവിടെ നിന്നും പോയ അധ്യാപകരാണ്. എന്നാൽ മലയാള സർവ്വകലാശാലയ്ക്ക് ഇതൊന്നും ബാധകമല്ല. ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന പലരെയും പിന്നീട് ഞാൻ വിളിച്ച് അന്വേഷിച്ചിരുന്നു. അവരിൽ പലരും പറഞ്ഞത് ഞാൻ ടെക്നിക്കലി ക്വാളിഫൈഡ് അല്ലാത്തതിനാൽ എന്നെ റാങ്ക് ചെയ്യേണ്ടെന്നാണ് വിസിയും രജിസ്ട്രാറും നിർദ്ദേശിച്ചിരുന്നതെന്നാണ്. രണ്ട് ഒഴിവിലും പതിനേഴ് വർഷത്തെ അധ്യാപന പരിചയവും അക്കാദമിക് ബുക്കുകളും ഉള്ള ഒരാളും ഉണ്ടായിരുന്നില്ല. വിദേശ സർവ്വകലാശാലയിൽ പോയി പ്രസന്റേഷനുകളും കീനോട്ട് പ്രസംഗങ്ങളും നടത്തിയ ഒരാൾ പോലുമില്ല. സർക്കാരിന് പരാതി നൽകിയതിന്റെ പേരിൽ എന്നെ അഭിമുഖത്തിന് വിളിച്ചപ്പോൾ തന്നെ എന്നെ ഒഴിവാക്കണമെന്ന് അവർ തീരുമാനിച്ചിരുന്നു. റാങ്ക് ലിസ്റ്റിൽ ഏറ്റവും അവസാനമായി എന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ എനിക്ക് കേസിന് പോകാൻ സാധിക്കില്ല''; ഇന്ദു പറയുന്നു.

‘നിയമനങ്ങളെല്ലാം യു.ജി.സി റഗുലേഷൻ പാലിച്ച്'

അതേസമയം, 2018ലെ യു.ജി.സി റെഗുലേഷൻ അനുസരിച്ചാണ് നിയമനങ്ങൾ നടന്നിട്ടുള്ളതെന്ന് മലയാള സർവകലാശാല വൈസ് ചാൻസലർ അനിൽ വള്ളത്തോളിന്റെ പ്രൈവറ്റ് സെക്രട്ടറി സ്റ്റാലിൻ വി. ‘തിങ്കി'നോട് പറഞ്ഞു. ഇതനുസരിച്ച് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻറ്​ പ്രൊഫസർ തസ്തികകളിൽ നിയമനം നടത്തുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന്റെ സെലക്ഷൻ കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയായി ഒരു സബ്ജക്ട് എക്സ്പേർട്ടും സിൻഡിക്കേറ്റ് കമ്മിറ്റിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും അംഗീകരിച്ച പാനലിൽ നിന്ന് വി.സി നോമിനേറ്റ് ചെയ്യുന്ന മൂന്ന് സബ്ജക്ട് എക്സ്പേർട്ടുകളും വകുപ്പ് മേധാവിയുമാണ് ഉണ്ടായിരിക്കേണ്ടത്. എസ്.സി- എസ്.ടി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥി അപേക്ഷകരായിട്ടുണ്ടെങ്കിൽ അവരുടെ ഒരു പ്രതിനിധിയും മൈനോരിറ്റി കമ്മ്യൂണിറ്റിയിൽ പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ ഒരു പ്രതിനിധിയും വനിതകൾ ഉണ്ടെങ്കിൽ അവരുടെ ഒരു പ്രതിനിധിയും ഇന്റർവ്യൂ ബോർഡിൽ ഉണ്ടാകണം. എക്സ്പേർട്ട് ആയി മൈനോരിറ്റി അല്ലെങ്കിൽ എസ്.സി- എസ്.ടി പ്രതിനിധിയോ വനിതയോ ആണ് ഉള്ളതെങ്കിൽ ഇനി പ്രത്യേകിച്ച് ഉൾപ്പെടുത്തേണ്ടതില്ല. എല്ലാ സെലക്ഷൻ കമ്മിറ്റിയുടെയും അധ്യക്ഷൻ വൈസ് ചാൻസലർ ആയിരിക്കും. അസോസിയേറ്റ് പ്രൊഫസറുടെയും പ്രൊഫസറുടെയും ഒഴിവുകളിൽ വകുപ്പ് മേധാവി ആയിരിക്കില്ല, പകരം ഡീൻ ആയിരിക്കും കമ്മിറ്റിയിൽ ഉണ്ടായിരിക്കുക.

സർവ്വകലാശാലയ്ക്ക് ഇതിന് മുകളിൽ വേറെ താൽപര്യങ്ങളൊന്നുമില്ലെന്ന് മാത്രമല്ല, ഏറ്റവും യോഗ്യരായവരെത്തന്നെ കിട്ടണമെന്നുള്ളതിനാലാണ് ഈ നടപടിക്രമങ്ങളെല്ലാം പാലിച്ചുതന്നെ നിയമനം നടത്തുന്നതെന്നാണ് സ്റ്റാലിന്റെ വിശദീകരണം. സെലക്ഷൻ കമ്മിറ്റിക്ക് മുമ്പായി ആവശ്യമാണെങ്കിൽ ഒരു സ്‌ക്രീനിംഗ് കമ്മിറ്റിയെയും രൂപീകരിക്കാം. സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരണത്തിന് കൃത്യമായ മാനദണ്ഡങ്ങൾ പറയുന്നില്ലെങ്കിൽ കൂടിയും കേരളത്തിലെ ഇതര സർവ്വകലാശാലകൾ പാലിക്കുന്ന മാനദണ്ഡങ്ങൾ തങ്ങളും പാലിക്കുന്നുണ്ട്. സംസ്ഥാന സർക്കാരും പി എസ് സിയും പറയുന്ന സംവരണ തത്വങ്ങൾ പാലിക്കുവാൻ സർവ്വകലാശാല ബാധ്യസ്ഥരാണ്. 2019 ഡിസംബറിൽ പ്രസിദ്ധീകരിച്ച സ്റ്റാറ്റിയൂട്ട് അനുസരിച്ചാണ് ഈ സംവരണ തത്വങ്ങൾ പാലിക്കുന്നത്. ഈ സർവ്വകലാശാലയിൽ പത്ത് ഡിപ്പാർട്ട്മെന്റുകളിലായി പതിനൊന്ന് കോഴ്സുകളാണ് ഉള്ളത്. ആദ്യം തുടങ്ങിയ ഡിപ്പാർട്ട്മെന്റ് മുതൽ മുൻഗണനാ ക്രമത്തിലായിരിക്കും നിയമനം നടത്തുക. അസിസ്റ്റൻറ്​ പ്രൊഫസർമാരുടെ ഇരുപത്തിയഞ്ച് തസ്തികകളാണ് സർവ്വകലാശാല അനുവദിച്ചിട്ടുള്ളത്. 2020 മാർച്ച് 21ന് അനുവദിച്ചതാണിത്. ആദ്യഘട്ടത്തിൽ പതിനഞ്ചും രണ്ടാം ഘട്ടത്തിൽ പത്ത് നിയമനങ്ങളുമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഓരോ ഡിപ്പാർട്ട്മെന്റിനും യൂണിവേഴ്സിറ്റി ചോദിക്കുന്ന അനുപാതം 1:2:3 അതായത് ഒരു പ്രൊഫസർ, രണ്ട് അസോസിയേറ്റ് പ്രൊഫസർ മൂന്ന് അസിസ്റ്റന്റ് പ്രൊഫസർ എന്നാണ്. എന്നാൽ സർക്കാർ അനുവദിച്ചിരിക്കുന്നത് 1:1:3 അനുപാതത്തിലാണ്.

ഡിപ്പാർട്ട്മെന്റുകൾ രൂപീകരിച്ച ഉടനെ സംവരണ തത്വങ്ങൾ പാലിച്ചുതന്നെ പതിനഞ്ചുപേരെ നിയമിച്ചിരുന്നു. പത്തുപേരെ നിയമിക്കാൻ ഇരുപതിന്റെ ഒരു യൂണിറ്റായിട്ടാണ് സംവരണത്തിന്റെ ലിസ്റ്റ് തയ്യാറാക്കുക. ഇതിൽ ആദ്യത്തെ നിയമനം മെറിറ്റിലായിരിക്കും. രണ്ടാമത്തേത് ഇ.ടി.ബിയ്ക്കും മൂന്നാമത്തെ നിയമനം വീണ്ടും മെറിറ്റിനുമായിരിക്കും. നാലാമത്തെ നിയമനം എസ്.സി- എസ്.ടിയ്ക്കും അഞ്ചാമത്തേത് മെറിറ്റിനും ആറമത്തേത് മുസ്‌ലിം ഇസ്‌ലാം വിഭാഗത്തിനും ഏഴാമത്തേത് വീണ്ടും മെറിറ്റിലും എട്ടാമത്തേത് ലാറ്റിൻ കാത്തലിക് അല്ലെങ്കിൽ ആംഗ്ലോ ഇന്ത്യനും ഒമ്പാതാമത്തേത് വീണ്ടും മെറിറ്റിനും പത്താമത്തേത് ഒബിസിയ്ക്കുമായാണ് അനുവദിക്കുക. അങ്ങനെ പത്ത് പോസ്റ്റുകളിൽ അഞ്ച് മെറിറ്റും അഞ്ച് സംവരണവുമാണ് വരിക. ഒരു റാങ്ക് ലിസ്റ്റുണ്ടാക്കുമ്പോൾ സമുദായമോ മതമോ പരിഗണിക്കാതെ അഞ്ച് പേരുടെ ലിസ്റ്റാണ് ഉണ്ടാക്കുക. അതിൽ നിന്നും നിയമനത്തിന്റെ റൊട്ടേഷൻ ഉണ്ടാക്കും. ഇതിൽ ആദ്യത്തെയാളെ ഒന്നിലേക്കും രണ്ടാമത്തെയാളെ മൂന്നിലേക്കും മൂന്നാമത്തെയാൾ അഞ്ചിലേക്കും നാലമത്തെയാൾ ഏഴിലേക്കും അഞ്ചാമത്തെയാൾ ഒമ്പതിലേക്കും ഇട്ടാണ് റൊട്ടേഷൻ തയ്യാറാക്കുക. ഇനി റിസർവേഷനിലുള്ളവരെയാണ് റൊട്ടേഷനിലെത്തിക്കേണ്ടത്. റാങ്ക് ലിസ്റ്റിലെ ആദ്യത്തെ ഇടിബി എവിടെയാണോ കിടക്കുന്നത് ആ റാങ്കിലുള്ളയാളെയായിരിക്കും അതിൽ ആദ്യം പരിഗണിക്കുക. പിന്നീട് നോക്കുന്നത് എസ്.സിയെയാണ്. പതിനഞ്ച് പേരുടെ റാങ്ക് ലിസ്റ്റിൽ എസ്.സി വിഭാഗത്തിൽപ്പെട്ടയാൾ ഇല്ലെങ്കിൽ എസ്.സിക്ക് വേണ്ടി തയ്യാറാക്കിയ സപ്ലിമെന്ററി റാങ്ക് ലിസ്റ്റിൽ നിന്നുള്ള ഒന്നാമത്തെ ആളെ നാലമത്തെ റൊട്ടേഷനിൽ എത്തിക്കും. ഇത്തരത്തിൽ സംവരണത്തിലുള്ള മറ്റുള്ളവരെയും റാങ്ക് ലിസ്റ്റിൽ ഉണ്ടെങ്കിൽ അതിൽ നിന്നും ഇല്ലാത്തവരെ സപ്ലിമെന്ററി റാങ്ക് ലിസ്റ്റിൽ നിന്നും റൊട്ടേഷനിൽ ചേർക്കും. എൽസി പോലുള്ള വിഭാഗങ്ങളിൽ നിന്നും ഉദ്യോഗാർത്ഥികൾ ഇല്ലാതെ വരാറുണ്ട്. അപ്പോൾ ടെമ്പററിലി പാസ് ഓവർ എന്ന് എഴുതിവയ്ക്കുകയാണ് ചെയ്യുക. പാസ് ഓവർ ചെയ്ത കമ്മ്യൂണിറ്റിക്ക് അടുത്ത നിയമനത്തിൽ ആദ്യത്തെ നിയമനം നൽകുകയും ചെയ്യും. പതിനഞ്ച് പേരെ നിയമിച്ചതിൽ ഒരാൾ രാജിവയ്ക്കുകയോ മറ്റോ ചെയ്താൽ ടേൺ പതിനാറ് ആകുമെന്നതിനാൽ അത് മുസ്ലിം സമുദായത്തിനുള്ള സംവരണമായി മാറും. അതാണ് റൊട്ടേഷൻ റൂൾ. 2013ലാണ് ഒടുവിലത്തെ നിയമനം നടന്നത്. അത് ഇപ്പോഴത്തെ വി.സി വരുന്നതിന് മുമ്പായിരുന്നു.

പിന്നീട് പുതിയ കോഴ്സ് തുടങ്ങുന്നതിനായി നാല് പോസ്റ്റുകൾ കൂടി അനുവദിച്ചിരുന്നു. എന്നാൽ ആ കോഴ്സുകൾ ഉടൻ തുടങ്ങാൻ സാധിച്ചിരുന്നില്ല. ആ കൂട്ടത്തിൽ തന്നെ സർക്കാർ ഒരു ആറ് പോസ്റ്റുകൾ കൂടി തന്നിരുന്നു. അതോടെ ആകെ പോസ്റ്റുകളുടെ എണ്ണം 25 ആയി മാറി. 2017ൽ ജയകുമാർ വി.സിയായിരുന്നപ്പോൾ അതിന് നോട്ടിഫിക്കേഷൻ കൊടുത്ത് ഇരുപത്തിയാറാമത്തെ ആളെ വരെ അവർ എടുത്തുവച്ചിരുന്നു. പുതിയ വി.സി വന്നപ്പോൾ മൂന്ന് പോസ്റ്റുകളാണ് ലഭിച്ചത്. അതിൽ ആദ്യത്തേത് സാഹിത്യപഠനത്തിനും രണ്ടാമത്തേത് പരിസ്ഥിതി പഠനത്തിനും മൂന്നാമത്തേത് ചലച്ചിത്ര പഠനത്തിനും ആണ്. സാഹിത്യപഠനത്തിൽ വരുന്ന നിയമനം 27-ാമത്തെ റൊട്ടേഷൻ ആണ്. ഒറ്റസംഖ്യ മെറിറ്റിൽ പോകേണ്ടതാണ്. പരിസ്ഥിതി പഠനത്തിലെ നിയമനം 29-ാമത്തെ നിയമനം ആയതിൽ അത് ഇടിബിക്ക് പോകും. ഇരുപത്തിയൊമ്പതാമത്തെ പോസ്റ്റ് ഒറ്റ സംഖ്യയായതിനാൽ മെറിറ്റിലാണ് വരുന്നതെങ്കിലും അത് മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള(ഇ.ഡബ്ല്യു.എസ്) സംവരണമാണ്. മെറിറ്റിൽ നിന്നും പത്ത് ശതമാനമെടുത്താണ് ഇ.ഡബ്ല്യു.എസിന് കൊടുക്കുന്നത്. മുന്നാക്കക്കാരിലെ പിന്നാക്കക്കാർ ആരും ഇല്ലായിരുന്നെങ്കിൽ അത് മെറിറ്റിൽ പോകുമായിരുന്നു. ഒരു നിയമന വർഷത്തിൽ അമ്പത് ശതമാനത്തിൽ അധികം സംവരണ നിയമനം പാടില്ല എന്ന് സുപ്രിംകോടതി വിധിയുണ്ട്. അതിനുള്ളിൽ നിന്നുവേണം മുന്നാക്കക്കാരിലെ പിന്നാക്കക്കാരെയും നിയമിക്കേണ്ടത്. അതില്ലെങ്കിൽ അത് മെറിറ്റ് വിഭാഗത്തിൽ തന്നെ പോകണം. 2014ലെ സംസ്ഥാന സർക്കാരിന്റെ ഒരു നിയമഭേദഗതി അനുസരിച്ച് വേണമെങ്കിൽ ആദ്യത്തെ മൂന്ന് തസ്തികകൾ ഓപ്പൺ മെറിറ്റിൽ നിയമിക്കാം. അതനുസരിച്ച് ഈ മൂന്ന് തസ്തികകളും ഞങ്ങൾക്ക് വേണമെങ്കിൽ ഓപ്പണിൽ കൊണ്ടുവരാമായിരുന്നെങ്കിലും സംവരണ തത്വങ്ങൾ പാലിക്കണമെന്നതിനാൽ ഞങ്ങൾ അത് ചെയ്തില്ല. അതിനാലാണ് പുതിയ തസ്തികകൾ വന്നപ്പോഴും മുമ്പ് നടന്ന നിയമനങ്ങളുടെ തുടർച്ചയായി തന്നെ നിയമനങ്ങൾ നടത്തുവാൻ ഞങ്ങൾ തീരുമാനിച്ചത്. മാത്രമല്ല, സോഷ്യോളജിയിൽ ഒന്നാം റാങ്ക് കിട്ടിയത് എസ്.സി വിഭാഗത്തിൽപ്പെട്ടയാൾക്കാണ്. അങ്ങനെ നോക്കിയാൽ രണ്ട് പേർക്ക് സംവരണം കൊടുത്തിരിക്കുകയാണ്. അപ്പോൾ പിന്നെ സംവരണം അട്ടിമറിക്കുന്നവെന്ന വാദത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.

ഇന്റർവ്യൂബോർഡിൽ ഗൈഡ്; ആരോപണം അടിസ്ഥാന രഹിതം

അതേസമയം ഇന്റർവ്യൂ ബോർഡിൽ ഗൈഡ് വന്നുവെന്ന ആരോപണത്തിനും യാതൊരു അടിസ്ഥാനവുമില്ലെന്നും സ്റ്റാലിൻ പറയുന്നു. ഇന്റർവ്യൂ ബോർഡിൽ ആളെ എടുക്കുന്നത് ഗൈഡിനെ വച്ചിട്ടല്ല. ഉദ്യോഗാർത്ഥിയെ ഇന്റർവ്യൂബോർഡിൽ ആരൊക്കെയുണ്ടെന്ന് അറിയിക്കാൻ സാധിക്കില്ലല്ലോ? ഏതൊരു ഉദ്യോഗാർത്ഥിക്കും പിഎച്ച്ഡി ഉണ്ടോയെന്ന് മാത്രമേ നോക്കൂ. അല്ലാതെ അവരുടെ തീസിസ് എടുത്ത് ഗൈഡ് ആരാണെന്ന് നോക്കാൻ സാധിക്കില്ല. ജോലി അപേക്ഷയിൽ ഗൈഡ് ആരാണെന്ന് നമ്മൾ ചോദിക്കുന്നുമില്ല. എക്സ്പേർട്ടുകൾ ആയി വരുന്ന പ്രൊഫസർമാരോട് അവർ ഗൈഡ് ചെയ്ത പിഎച്ച്ഡികളെക്കുറിച്ചും എംഫിലുകളെക്കുറിച്ചും ചോദിക്കാറുണ്ടെങ്കിലും ആരും അതൊന്നും തരാൻ തയ്യാറാകുക തന്നെയില്ല. മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ സംവരണത്തിന് നിയമനം ലഭിച്ച ഉദ്യോഗാർത്ഥി യോഗ്യയല്ലെന്നാണ് മറ്റൊരു ആരോപണം. അവർ അവരുടെ താലൂക്ക് ഓഫീസിൽ നിന്നും ഹാജരാക്കിയ സാക്ഷിപത്രത്തിന്റെ അടിസ്ഥാനത്തിലാണ് അത് തീരുമാനിച്ചിരിക്കുന്നത്. അപേക്ഷയ്ക്കൊപ്പം നൽകിയ കോപ്പിയിലും ഇന്റർവ്യൂവിന് വന്നപ്പോൾ ഹാജരാക്കിയ ഒർജിനലിലും അവർ സംവരണ നിയമനത്തിന് യോഗ്യയാണ്. ഇനി ജോലിയിൽ പ്രവേശിക്കാൻ വരുമ്പോഴും അതേ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. സർക്കാർ അനുവദിച്ച സർട്ടിഫിക്കറ്റിൽ തകരാറുണ്ടെങ്കിൽ അത് ഞങ്ങളുടെ ഉത്തരവാദിത്വമല്ല. മാത്രമല്ല, സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഭാവിയിൽ തെളിഞ്ഞാൽ ഉദ്യോഗാർത്ഥിക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറയുന്നു.

ചലച്ചിത്ര പഠനവും കമ്പാരറ്റീവ് ലിറ്ററേച്ചറും

ചലച്ചിത്ര പഠനത്തിൽ യോഗ്യതയായി യൂണിവേഴ്സിറ്റി പറഞ്ഞിരുന്നത് മീഡിയ സ്റ്റഡീസ് പഠിക്കുകയും ചലച്ചിത്രവുമായി ബന്ധപ്പെട്ട് പിഎച്ച്ഡി ചെയ്യുകയും എന്നതായിരുന്നു. അതുതന്നെ തെറ്റാണെന്ന അഭിപ്രായമാണ് തനിക്കെന്ന് ചലച്ചിത്രപഠനം അസിസ്റ്റൻറ്​ പ്രൊഫസർ തസ്തികയിൽ ഉദ്യോഗാർത്ഥിയായിരുന്ന എമിൽ മാധവി വ്യക്തമാക്കി. മീഡിയ സ്റ്റഡീസിൽ ചെറിയൊരു ഭാഗം മാത്രമാണ് സിനിമയുമായി ബന്ധപ്പെട്ട് വരുന്നത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലും തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ടുകളിലും സിനിമയെപ്പറ്റിയും ദൃശ്യങ്ങളെപ്പറ്റിയും സൗണ്ടിനെപ്പറ്റിയും കൃത്യമായി പ്രാക്ടീസും തിയറിയും പഠിക്കുന്ന ചില ആളുകളുണ്ട്. അത്തരം ആളുകളെ മാറ്റിനിർത്തുകയാണ് ഇവർ ചെയ്തിരുന്നത്. പുസ്തകം നോക്കി വായിച്ചു പഠിപ്പിക്കുന്നതിനപ്പുറം ഈ കലകളുടെ സൗന്ദര്യാത്മകതയെക്കുറിച്ച് ധാരണയുള്ള ആളുകൾ അവിടെ വരണം എന്ന ആഗ്രഹത്തിൽ അവരെ പരിഗണിക്കണമെന്ന ആവശ്യം ഏറെനാളായി ഉന്നയിക്കുന്നുണ്ട്. ഈവർഷത്തെ നോട്ടിഫിക്കേഷനിൽ മീഡിയ സ്റ്റഡീസ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ, അതല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട അനുബന്ധ പ്രസക്ത വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ള ആളുകൾ എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഒരു കാരണവശാലും കമ്പാരറ്റീവ് ലിറ്ററേച്ചർ അനുബന്ധ പ്രസക്ത വിഷയത്തിൽ ഉൾപ്പെടില്ല. കമ്പാരറ്റീവ് ലിറ്ററേച്ചർ വന്നാൽ ഏത് എം.എ കോഴ്സ് ചെയ്ത ആൾക്കും ഇതിൽ അപേക്ഷിക്കാം എന്നാണ് അർത്ഥം. അങ്ങനെ വന്നാൽ നോട്ടിഫിക്കേഷൻ തന്നെ മാറുകയാണ്. എന്നാൽ ഇപ്പോൾ അവർ നിയമിച്ചിരിക്കുന്ന വ്യക്തി എം.എ കംപാരറ്റീവ് ലിറ്ററേച്ചർ പഠിച്ച ആളാണ്. അവർ പിഎച്ച്ഡി ചെയ്തിരിക്കുന്നത് ഫിലോസഫിയിൽ അറുപതുകളിലെയും എഴുപതുകളിലെയും മലയാള സിനിമയെക്കുറിച്ചാണ്. അതുകൊണ്ട് മാത്രം ഫിലിം സ്റ്റഡീസ് എന്ന വലിയ ഏരിയ പഠിപ്പിക്കാൻ അവർ യോഗ്യരല്ല. അവരുടെ സബ്ജക്ട് അതല്ലാത്തതിനാൽ അപേക്ഷിക്കാൻ പോലും അവർ യോഗ്യയല്ല. അപേക്ഷിക്കുന്നതിന് മുമ്പ് ഞാൻ പഠിച്ചത് പെർഫോമിംഗ് ആർട്സ് ആണെന്നും പ്രാക്ടീസ് ചെയ്യുന്നതും അതാണെന്നും അപേക്ഷിക്കാൻ സാധിക്കുമോയെന്നും വിളിച്ചു ചോദിച്ചിരുന്നു. നിങ്ങളെപ്പോലുള്ള ആളുകൾക്ക് അപേക്ഷിക്കാനാണ് അനുബന്ധ പ്രസക്ത വിഷയം ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് അന്ന് അവിടെ നിന്നും ലഭിച്ച മറുപടി. അപേക്ഷിക്കുകയും ഇന്റർവ്യൂവും വളരെ ഭംഗിയായി നടന്നു. എന്നാൽ റിസൽറ്റ് വന്നപ്പോൾ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ് റാങ്ക് ലിസ്റ്റിൽ വന്നിരിക്കുന്നത്. ഇതിനെക്കുറിച്ച് ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന സബ്ജക്ട് എക്സ്പേർട്ടിനെ വ്യക്തിപരമായി വിളിച്ച് ചോദിച്ചിരുന്നു. സിനിമയെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ യോഗ്യതയുള്ളവരെന്ന് അവർ തയ്യാറാക്കിയ മൂന്ന് പേരുടെ ലിസ്റ്റിൽ നിയമനം ലഭിച്ച വ്യക്തി വരുന്നുണ്ടായിരുന്നില്ല. എന്നാൽ റാങ്ക് ലിസ്റ്റ് പബ്ലിഷ് ചെയ്തപ്പോൾ ഈ വ്യക്തി ഒന്നാം സ്ഥാനത്ത് വരികയായിരുന്നു.
ഒന്നാം സ്ഥാനത്ത് വന്ന വ്യക്തിയുടെ ഗൈഡും ഈ ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നു. അപേക്ഷിക്കാൻ പോലും യോഗ്യതയില്ലാത്ത ഈ വ്യക്തിക്ക് റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് വരാനായത് സർവ്വകലാശാലയുമായും രാഷ്ട്രീയപരമായുമൊക്കെയുള്ള സ്വാധീനം കൊണ്ടാണെന്നും എമിൽ ആരോപിച്ചു. ഈ തസ്തിക ഒരു കാരണവശാലം മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കുള്ള സംവരണമായി വരില്ല. അങ്ങനെ വരുത്തുന്ന വിധത്തിൽ സർവ്വകലാശാല അധികൃതർ മൊത്തം റൊട്ടേഷനെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ഇതിൽ മാറ്റം വരുത്തിയപ്പോൾ മറ്റ് തസ്തികകളിലെ റൊട്ടേഷനും ഇവർ മാറ്റിമറിച്ചു. സർവ്വകലാശാല അധികൃതർ അവരുടേതായ രീതിയിൽ നിയമം വളച്ചൊടിച്ചിട്ടുള്ളതിനാൽ ഇതിന് അവർക്ക് വിശദീകരണം ഉണ്ടാകും. റൊട്ടേഷനിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് അവർ തെളിയിച്ചാലും അയോഗ്യയായ വ്യക്തിക്കാണ് നിയമനം ലഭിച്ചതെന്ന വസ്തുത നിലനിൽക്കുന്നതായും എമിൽ വ്യക്തമാക്കി.


Comments