മറക്കാനാകാത്ത ഗൗരിയമ്മ; ഒരപൂർവ അനുഭവമെഴുതുന്നു റോബിൻ ജെഫ്രി

1983 നവംബർ 30ന് കെ.ആർ. ഗൗരിയമ്മയുമായി നടത്തിയ കൂടിക്കാഴ്​ചയുടെ അനുഭവം പങ്കുവെക്കുകയാണ്​ കേരളത്തെക്കുറിച്ച്​ ഗൗരവകരമായ അന്വേഷണം നടത്തിയിട്ടുള്ള സാമൂഹിക ശാസ്​ത്രജ്​ഞനും ചരിത്രപണ്ഡിതനുമായ റോബിൻ ജെഫ്രി. 1957ലെ കമ്യൂണിസ്​റ്റ്​ സർക്കാർ, സംവരണം, കേരളത്തിലെ സ്​ത്രീ മുന്നേറ്റം എന്നീ വിഷയങ്ങളെക്കുറിച്ചാണ്​ അന്ന്​ ഗൗരിയമ്മ സംസാരിച്ചത്​

കെ.ആർ. ഗൗരിയെ കുറിച്ചുള്ള എന്റെ കുറിപ്പുകളിൽ ആദ്യത്തേത് പഴയ തിരുവിതാംകൂർ സർക്കാർ രേഖകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. കൃത്യമായി പറഞ്ഞാൽ സ്വാതന്ത്ര്യത്തിനും, ദിവാൻ സർ സി.പി. രാമസ്വാമി അയ്യരുടെ തിരുവിതാംകൂറിൽ നിന്നുള്ള വിടുതലിനും ഉദ്ദേശം ഒരു വർഷത്തിനിടെ, 1948 ജൂൺ 22 ന് എഴുതിയത്.

അതിനും മാസങ്ങൾ മുമ്പാണ് തിരുവിതാംകൂറിൽ, 1948 ഫെബ്രുവരിയിൽ ഇന്ത്യയിലാദ്യമായി സാർവത്രിക സമ്മതിദാനാവകാശത്തോടെ തെരഞ്ഞെടുപ്പ് നടന്നത്. 120 സീറ്റിൽ 17 എണ്ണത്തിൽ മത്സരിച്ച സി.പി.ഐ എല്ലായിടത്തും പരാജയപ്പെട്ടു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ 48 ശതമാനത്തിനെതിരെ സി.പി.ഐ അന്ന് ഏഴു ശതമാനം വോട്ട്​ നേടി. പരാജയപ്പെട്ട സി.പി.ഐ സ്ഥാനാർഥികളിൽ ഒരാളായിരുന്നു ഗൗരി. അന്നവർക്ക് 29 വയസ്സ്.

ഇതിനു പിന്നാലെ, ഗൗരിയെ അറസ്റ്റു ചെയ്യുമോ എന്നാരാഞ്ഞ് ജൂൺ മാസത്തിൽ തിരുവനന്തപുരത്തെ തന്റെ ഉന്നതാധികാരിക്ക് ക്വിലോൺ (കൊല്ലം) ജില്ലാ മജിസ്‌ട്രേറ്റ് എഴുതി. പൊതു പരിപാടികളിൽ അക്രമത്തിന് ആഹ്വാനം ചെയ്യുന്നു എന്നായിരുന്നു ജില്ലാ മജിസ്‌ട്രേറ്റ് കാരണമായി പറഞ്ഞത്. അതിൽ ആശ്ചര്യപ്പെടാനൊന്നും ഉണ്ടായിരുന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യം പൊയ് ആണെന്നും, സർവ്വസന്നാഹത്തോടെയുള്ള ചെറുത്തുനിൽപ്പിനുള്ള സമയമാണിതെന്നുമുള്ള രണദിവെ വാദമായിരുന്നു അന്ന് സി.പി.ഐ പിന്തുടർന്നത്. ഗൗരിയുടെ അനുശോചന കുറിപ്പുകളിൽ സൂചിപ്പിക്കുന്നതു പോലെ, അവർ അറസ്റ്റിലാവുകയും ജയലിലടക്കപ്പെടുകയുമുണ്ടായി. തന്റെ രാഷ്ട്രീയത്തിന്റെ പേരിൽ ജയിലിലയക്കപ്പെട്ട കേരളത്തിലെ ആദ്യ വനിതകളിലൊരാൾ.

ഗൗരിയമ്മയുൾപ്പെട്ട 1957ലെ ആദ്യ കേരള മന്ത്രിസഭ
ഗൗരിയമ്മയുൾപ്പെട്ട 1957ലെ ആദ്യ കേരള മന്ത്രിസഭ

കമ്യൂണിസ്റ്റുകാർ 1957-ലെ കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ച ശേഷം, 1952-ൽ ജയിലിലായിരിക്കെ ഗൗരി ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് സി.പി.ഐ മുഖപത്രം ജനയുഗം അഭിമാനത്തോടെ റിപ്പോർട്ടു നൽകിയിരുന്നു (മാർച്ച് 5, 1957, p.2). 1957-ലെ തെരഞ്ഞെടുപ്പ് ജയത്തിനുശേഷം, ഗൗരി ""ചേർത്തലയിൽ നിന്നുള്ള പ്രമുഖ അഭിഭാഷകയാണെന്നും'', ""ഇംഗ്ലീഷിലും മലയാളത്തിലും വാക്ചാതുര്യം ഉള്ളവളാണെന്നും'' ദ ഹിന്ദു (ഏപ്രിൽ 4, 1957, p.5) തങ്ങളുടെ വായനക്കാരോട് വിശദീകരിച്ചിരുന്നു.

1983 നവംബർ 30ന് ഗൗരി എനിക്ക് ഒരു അഭിമുഖം അനുവദിച്ചു. കൂടെ എന്റെ ഭാര്യയും ഉണ്ടായിരുന്നു. കേരള യൂണിവേഴ്‌സിറ്റിക്കും തിരുവനന്തപുരം സ്റ്റേഡിയത്തിനും സമീപത്തുള്ള എം.എൽ.എ. ക്വാട്ടേഴ്‌സിൽ വെച്ചായിരുന്നു ഗൗരി ഞങ്ങളെ കണ്ടത്. അവിടെ വെച്ച് ഞങ്ങൾ 75 മിനുട്ടോളം സംസാരിച്ചു. ചായയും വാഴപ്പഴവും കഴിച്ചു. അന്നവർക്ക് 64 വയസ്സായിരുന്നു. കാലിന്മേൽ കാൽ വെച്ച് അനായാസത്തോടെ ഓഫീസ് ചെയറിലിരിക്കുന്ന അവർ, ആകർഷകത്വവും സവിശേഷമായ മെയ്‌വഴക്കമുള്ളവരുമാണെന്ന് എന്റെ ഭാര്യ അഭിപ്രായപ്പെട്ടിരുന്നു.

എന്റെ കുറിപ്പുകളിലുള്ള പല കാര്യങ്ങളും ഇന്ന് പബ്ലിക് റെക്കോഡിലുള്ളതും, അവരുടെ മരണാനന്തരം ആദരവ് രേഖപ്പെടുത്തിക്കൊണ്ടുള്ള എഴുത്തുകളിൽ വിശദമായി പരാമർശിക്കപ്പെട്ടതുമാണ്. എന്നിരുന്നാലും ഓർത്തെടുക്കാൻ തക്ക പ്രാധാന്യമുള്ള ചില കാര്യങ്ങളുണ്ട്. അവർ തന്റെ വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിച്ചിരുന്നു. ഈഴവ സമുദായത്തിലെ സ്ത്രീകളിൽ ആദ്യ അഭിഭാഷകയാണെന്ന് പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം തങ്ങളുടെ ബോർഡിൽ അംഗമാവാൻ ക്ഷണിച്ചെങ്കിലും അവരത് നിരസിച്ചു. ഒരു സാമുദായിക സംഘടനയുടെ ഭാഗമാവാൻ താൻ ഇല്ലെന്നായിരുന്നു അവരുടെ കാരണം.

1957-ലെ ആദ്യ സി.പി.ഐ. സർക്കാറിനെ കുറിച്ച് അവർക്ക് വലിയ അഭിമാനമായിരുന്നു. കേരളത്തിന് ഇതുവരെ ലഭിച്ചതിൽ വെച്ചേറ്റവും മികച്ച സർക്കാർ എന്നായിരുന്നു അതിനെ കുറിച്ച് പറഞ്ഞത്. പൊലീസിനെ മനുഷ്യവത്കരിച്ചതും, ഭൂപരിഷ്‌കരണ നിയമവും, വിദ്യാഭ്യാസ നയവുമാണ് അതിന്റെ പ്രധാന നേട്ടങ്ങളായി അവർ ചൂണ്ടിക്കാട്ടിയത്. 1950- 70 കാലഘട്ടത്തിലെ സമഗ്രമായ ചരിത്രത്തെ കുറിച്ച് സംസാരിക്കുമ്പോൾ അവരിൽ ഭയങ്കരമായ ആത്മവിശ്വാസത്തിന്റെ പ്രതീതി എനിക്ക് നിറഞ്ഞു കാണാമായിരുന്നു.

കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങൾ ബുദ്ധിജീവികളെ അടിസ്ഥാനമാക്കിയായിരുന്നില്ല, മറിച്ച് ജോലി ചെയ്യുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു നടന്നതെന്ന് കേരളത്തിലെ സ്ത്രീകളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കവേ അവർ പറഞ്ഞു. 1983-ലെ വനിതാ ദിനാഘോഷ പരിപാടികളിൽ സംസ്ഥാനത്തുടനീളം വമ്പിച്ച പങ്കാളിത്തം ഉണ്ടായതും അവർ ചൂണ്ടിക്കാട്ടി. സംവരണത്തെ കുടില ബുദ്ധിയോടെ രാഷ്ട്രീയ രോഷം സൃഷ്ടിക്കാനുള്ള ഉപാധിയാക്കി മാറ്റുന്നതിനേയും അവർ നിശിതമായി വിമർശിച്ചു. എല്ലാ വർഷവും 15,000-ഓളം ഉദ്യോഗങ്ങൾ മാത്രമാണ് സംവരണത്തിന് കീഴിൽ വരാറ്, അതേസമയം രണ്ടു ദശലക്ഷത്തോളം ആളുകൾ തൊഴിൽരഹിതരാണെന്നും അവർ പറഞ്ഞു. എന്നാൽ "വർഗീയവാദികൾ', സംവരണത്തിന് കീഴിൽ വരുന്ന ഈ ഉദ്യോഗങ്ങളെ ആശ്രയിച്ചിരിക്കുകയാണ് തങ്ങളുടെ കൂട്ടങ്ങളുടെ ഭാവി എന്ന മട്ടിൽ പ്രചാരണം നടത്തുകയായിരുന്നു.

കീഴ് ജാതിയിൽ പെട്ടവരെ പൊതുനിരത്തുകളിൽ നിന്ന് ആട്ടിപ്പായിക്കുകയും, ക്ഷേത്രങ്ങളിൽ അവർ പ്രവേശനം നിഷേധിക്കുകയും ചെയ്ത കാലത്തായിരുന്നു ഗൗരിയുടെ ജനനം. അത്തരം കാര്യങ്ങൾ മാറുന്നതിന് അവർ സാക്ഷിയായി; അതിലുപരി, അത്തരം കാര്യങ്ങൾ മാറ്റുന്നതിലവർ പങ്കാളിയായി. അവരെ കാണാനായത് എനിക്ക് ആഹ്ലാദകരവും അഭിമാനകരവുമായ ഒരനുഭവമായിരുന്നു.


Summary: 1983 നവംബർ 30ന് കെ.ആർ. ഗൗരിയമ്മയുമായി നടത്തിയ കൂടിക്കാഴ്​ചയുടെ അനുഭവം പങ്കുവെക്കുകയാണ്​ കേരളത്തെക്കുറിച്ച്​ ഗൗരവകരമായ അന്വേഷണം നടത്തിയിട്ടുള്ള സാമൂഹിക ശാസ്​ത്രജ്​ഞനും ചരിത്രപണ്ഡിതനുമായ റോബിൻ ജെഫ്രി. 1957ലെ കമ്യൂണിസ്​റ്റ്​ സർക്കാർ, സംവരണം, കേരളത്തിലെ സ്​ത്രീ മുന്നേറ്റം എന്നീ വിഷയങ്ങളെക്കുറിച്ചാണ്​ അന്ന്​ ഗൗരിയമ്മ സംസാരിച്ചത്​


Comments