യുദ്ധകാലത്തെ സമാധാന വിചാരം: ഗാന്ധിയുടെ അഹിംസാത്മക യുദ്ധങ്ങൾ

ഷ്യ-ഉക്രൈൻ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകുകയും നേരിട്ടുള്ള യുദ്ധത്തിലേക്കും ഉക്രൈനിലേക്കുള്ള റഷ്യൻ സൈന്യത്തിന്റെ അധിനിവേശം ശക്തമാകുകയും, ലോകരാഷ്ട്രങ്ങളിൽ ഒന്ന് പോലും ഉക്രൈനിന് സൈനിക സഹായം നൽകാൻ തയ്യാറാകാതിരിക്കുകയും യുദ്ധത്തിൽ ഉക്രൈനിന്റെ പരാജയം പൂർണ്ണമാക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ സംജാതമായിരിക്കുകയാണ്. ആത്യന്തിക പോരാട്ടമെന്ന നിലയിൽ സ്വന്തം ജനതയെ ആയുധ സജ്ജരാക്കി നിർത്തിയിരിക്കുകയാണ് ഉക്രൈൻ ഭരണകൂടം. അധിനിവേശ സൈന്യത്തിൽ നിന്നും സ്വയംപ്രതിരോധിക്കാൻ ഉക്രൈൻ ജനങ്ങൾക്ക് ആയുധം കയ്യിൽവെക്കാനുള്ള നിയമപരമായ അവകാശം നൽകിക്കൊണ്ട് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉക്രൈൻ പാർലമെന്റ് നിയമം പാസാക്കുകയുണ്ടായി.

യുദ്ധം രാഷ്ട്ര ശരീരത്തിലും മനുഷ്യ മനസ്സുകളിലും ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിക്കുന്നവയാണെന്ന് അനുഭവങ്ങളിലൂടെ ബോദ്ധ്യപ്പെടുമ്പോഴും ആയുധമല്ലാതെ മറ്റൊരു പോംവഴികളും കണ്ടെത്താൻ മനുഷ്യന് സാധിക്കുന്നില്ലെന്നത് ദുഃഖകരമായ സംഗതിയാണ്. സർവ്വ സജ്ജരായി എത്തുന്ന അധിനിവേശ സൈന്യത്തെ ആയുധമെടുത്ത് പ്രതിരോധിക്കുന്ന തദ്ദേശീയ ജനതയുടെ ചിത്രം ധീരതയുടെയും രാജ്യസ്‌നേഹത്തിന്റെയും പ്രതീകമായി വാഴ്ത്തപ്പെടുന്നതാണ് പലപ്പോഴും കാണാറുള്ളത്. ഈയൊരു പശ്ചാത്തലത്തിൽ യുദ്ധവേളകളിൽ അധിനിവേശ സൈന്യത്തെ അഹിംസാത്മകമായി എങ്ങിനെ പ്രതിരോധിക്കാം എന്നത് യുദ്ധവിരുദ്ധ/സമാധാന പ്രവർത്തകരെ സംബന്ധിച്ചിടത്തോളം എക്കാലത്തെയും വെല്ലുവിളി നിറഞ്ഞ ചോദ്യമാണ്.

അഹിംസ എന്നത് ഒരു ജീവിത രീതിയായി തിരിച്ചറിയുന്ന ഗാന്ധിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ജീവിതകാലത്ത് പല വേളകളിലും ഈയൊരു വെല്ലുവിളിയെ നേരിടേണ്ടി വന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലായിരിക്കുമ്പോൾ നടന്ന ബോയർ യുദ്ധത്തിൽ ആംബുലൻസ് ടീം അംഗമായി പ്രവർത്തിച്ചുകൊണ്ട് മുറിവേറ്റ സൈനികരെ ശുശ്രൂഷിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുകയായിരുന്നു ഗാന്ധിയും കൂട്ടരും ചെയ്തത്. എന്നാലതേ സമയം, തന്റെ അഹിംസ ദുർബലരുടേതല്ലെന്നും ധീരരുടെ അഹിംസയാണ് താൻ അനുഷ്ഠിക്കുന്നതെന്നും പ്രഖ്യാപിച്ച ഗാന്ധി ബ്രിട്ടീഷ് സൈന്യത്തിലേക്ക് ആളുകളെ ചേർക്കുന്ന പ്രവർത്തനങ്ങളിലും ഏർപ്പെടുകയുണ്ടായി എന്നതും ഓർമ്മിക്കേണ്ടതുണ്ട്.

1935ൽ ഫാസിസ്റ്റ് ഇറ്റലി എബിസീനിയയ്ക്ക് മേൽ ആക്രമണം നടത്തിയപ്പോൾ ഗാന്ധി തന്റെ എതിർപ്പ് രേഖപ്പെടുത്തുകയുണ്ടായി. ആയുധബലം കുറഞ്ഞ എബിസീനിയ അഹിംസാത്മക മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ ആയുധബലം കൂടിയ ഇറ്റലിക്ക് നേരെ എന്തുചെയ്യാൻ കഴിയുമെന്ന ചോദ്യത്തിന് അദ്ദേഹം അക്കാലത്ത് മറുപടി എഴുതി:
""എബിസീനിയ അഹിംസാത്മക മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ തങ്ങളുടെ പക്കലുള്ള അൽപമാത്രമായ ആയുധങ്ങൾപോലും വലിച്ചെറിയേണ്ടതുണ്ട്. അവർക്ക് അതിന്റെ ആവശ്യകത ഉണ്ടായിരിക്കരുത്. അഹിംസാത്മക എബിസീനിയ തങ്ങളുടെ ആയുധങ്ങൾ വലിച്ചെറിഞ്ഞ് ഇറ്റലിക്കെതിരെ യുദ്ധം നടത്താതിരിക്കുകയും ഇച്ഛാപൂർവ്വം അവരുമായി നിസ്സഹകരണം നടത്തുകയും ചെയ്താൽ ഇറ്റലിക്ക് അവരെ കീഴടക്കാൻ കഴിയില്ല. കേവലം അവരുടെ ഭൂമി മാത്രമേ പിടിച്ചെടുക്കാൻ കഴിയുകയുള്ളൂ. കേവലം ഭൂമി പിടിച്ചെടുക്കുക മാത്രമല്ല ഇറ്റലിയുടെ ലക്ഷ്യമെന്നും അവിടുത്തെ ജനങ്ങളെ കീഴടക്കുകയാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. ഈ ലക്ഷ്യം സാധിതമാക്കാൻ കഴിഞ്ഞില്ലായെങ്കിൽ ഇറ്റലി ആർക്കെതിരെ യുദ്ധം ചെയ്യും?'' (കലക്ടഡ് വർക്‌സ് ഓഫ് മഹാത്മാഗാന്ധി, വോള്യം 68, പേജ് 28).

മഹാത്മാ ഗാന്ധി / Photo: Wikimedia Commons

രണ്ടാം ലോകയുദ്ധകാലത്ത് ഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തിന്റെ പ്രായോഗികതയെ സംബന്ധിച്ച് വലിയ ചോദ്യങ്ങൾ ഉയരുകയുണ്ടായി. ജർമ്മനിയുടെയും ജാപ്പാന്റെയും സൈന്യത്തെ അഹിംസാത്മ രീതിയിൽ എങ്ങിനെ നേരിടാം എന്നത് സംബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ കത്തുകളുടെയും ടെലഗ്രാമുകളുടെയും രൂപത്തിൽ ഗാന്ധിയെ തേടിയെത്തി. "ഹരിജൻ ബന്ധു'വിലും മറ്റുമായി അക്കാലത്ത് എഴുതിയ നിരവധി ലേഖനങ്ങളിലൂടെ ഗാന്ധി തന്റെ ആശയങ്ങൾ ലോകത്തിന് മുന്നിൽ വെച്ചു.

ഗാന്ധി എഴുതി;
""നിങ്ങൾ അഹിംസയുടെ ഖഡ്ഗവുമായി സജ്ജരായി നിൽക്കുകയാണെങ്കിൽ ലോകത്തിലെ ഒരു അധികാരത്തിനും നിങ്ങളെ വശപ്പെടുത്തുവാൻ കഴിയില്ല. പരാജയപ്പെടുന്നവനെയും വിജയിക്കുന്നവനെയും അത് ഉയരങ്ങളിലേക്കെത്തിക്കുന്നു'' (ഹരിജൻ ബന്ധു, 9-6-1946)
അധികാരത്തിന്റെ ആത്യന്തിക വേരുകൾ കുടികൊള്ളുന്നത് ഭരണാധികാരികൾക്ക് ജനങ്ങൾ നൽകുന്ന സഹകരണമാണെന്നും, ഈ സഹകരണം നൽകാൻ ജനങ്ങൾ വിസമ്മതിക്കുന്നതോടെ എത്ര ബലവത്തായ ഭരണകൂടവും പരാജയം രുചിക്കേണ്ടിവരുമെന്നും ഗാന്ധി ഉറച്ചുവിശ്വസിച്ചു.

സ്വേച്ഛാപൂർവ്വം ഏറ്റെടുക്കുന്ന കഷ്ടസഹനങ്ങൾ എതിരാളികളുടെ ഹൃദയങ്ങളെ സ്വാധീനിക്കപ്പെടാതെ പോകില്ലെന്നും ധീരത, നൈർമ്മല്യം എന്നീ മനോവൃത്തിയാൽ പ്രേരിതമാക്കപ്പെടുന്ന അഹിംസ ഏത് കഠിനഹൃദയത്തെയും അലിയിക്കാൻ പര്യാപ്തമായവയാണെന്നും ഉള്ള ദാർശനിക ബോധത്തിന്മേലായിരുന്നു ഗാന്ധി തന്റെ അഹിംസാ സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയിരുന്നത്.

വിദേശാക്രമണത്തെ അഹിംസാത്മകമായി പ്രതിരോധിക്കുന്നത് സംബന്ധിച്ച ഒരു സുരക്ഷാ പദ്ധതി ഒരു രാജ്യവും നാളിതുവരെ സ്വീകരിച്ചിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്. എങ്കിലും സമാധാനവാദികളായ ഗവേഷകരുടെയും രാഷ്ട്രീയ പാർട്ടികളുടെയും ആലോചനകളിൽ ഇത് കടന്നുവന്നിരുന്നുവെന്നതും അത്രതന്നെ വാസ്തവമാണ്. രണ്ടാം ലോകയുദ്ധ കാലത്ത് ജാപ്പാൻ ഇന്ത്യയ്ക്ക് മേൽ ആക്രമണം നടത്തുകയാണെങ്കിൽ എങ്ങിനെ പ്രതിരോധിക്കണമെന്നത് സംബന്ധിച്ച് 1942 ഏപ്രിൽ മാസത്തിൽ അലഹബാദിൽ ചേർന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റി യോഗത്തിൽ ചർച്ച നടക്കുകയുണ്ടായി. ഈ യോഗത്തിൽ ഇത് സംബന്ധിച്ച് ഒരു പ്രമേയം അവതരിപ്പിക്കുന്നതിനായി തയ്യാറാക്കിയ കരടിലൂടെ ഗാന്ധി തന്റെ ചിന്തകൾ കോൺഗ്രസ്സ് പ്രവർത്തകർക്ക് മുന്നിൽ വെച്ചു.

ജാപ്പാനീസ് സൈന്യം ഇന്ത്യയിലേക്ക് കടക്കുകയാണെങ്കിൽ ഹിന്ദുസ്ഥാനിലെ ജനങ്ങൾ അഹിംസാത്മക നിസ്സഹകരണം നടത്തുമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ പദ്ധതികൾ അക്കമിട്ട് നിരത്തി.
1. ആക്രമണകാരികൾക്ക് മുന്നിൽ ജനങ്ങൾ കീഴടങ്ങരുത്, അവരുടെ യാതൊരു ഉത്തരവുകളും മാനിക്കരുത്.
2, അവരിൽ ഒരു പ്രതീക്ഷയും സൂക്ഷിക്കരുത്, പ്രലോഭനങ്ങൾക്ക് വഴങ്ങുകയുമരുത്. അവരുമായി വിദ്വേഷം സൂക്ഷിക്കുകയോ അഹിതം പ്രവർത്തിക്കുകയോ ചെയ്യരുത്.
3. അവർ കൃഷി സ്ഥലങ്ങൾ പിടിച്ചെടുക്കുകയാണെങ്കിൽ മരിക്കേണ്ടിവന്നാൽ പോലും ജനങ്ങൾ അതിന് അനുവദിക്കരുത്.
4. അവർ രോഗബാധിതരാണെങ്കിൽ, ദാഹംകൊണ്ട് വലയുകയാണെങ്കിൽ, സഹായം അഭ്യർത്ഥിക്കുകയാണെങ്കിൽ തീർച്ചയായും അത് നിഷേധിക്കുവാൻ പാടുള്ളതല്ല.
5. ബ്രിട്ടീഷ്-ജാപ്പാനീസ് സൈന്യങ്ങൾ ഏറ്റുമുട്ടുന്നിടങ്ങളിൽ ഈ രീതിയിലുള്ള നിസ്സഹകരണം നിരർത്ഥകവും അനാവശ്യവുമായിരിക്കും.
അധിനിവേശ സൈന്യം പ്രദേശം കയ്യടക്കുംമുമ്പ് "ചുട്ടെരിച്ച് പിൻവാങ്ങുക' എന്ന നയത്തിന് ഗാന്ധിയുടെ പ്രമേയത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. അലഹബാദ് കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ട ഈ പ്രമേയത്തിന്മേൽ രാജേന്ദ്ര പ്രസാദും ജവാഹർലാൽ നെഹ്രുവും ചില ഭേദഗതികൾ നിർദ്ദേശിക്കുകയുണ്ടായി.

അതേസമയം, പ്രമേയങ്ങളിലും ലേഖനമെഴുത്തിലും മാത്രമായി തന്റെ ചിന്തകള ഒതുക്കി നിർത്താൻ ഗാന്ധി തയ്യാറായിരുന്നില്ല. ബർമ്മ വഴി ഇന്ത്യയിലേക്ക് കടക്കാനിരുന്ന ജാപ്പാനീസ് സൈന്യത്തെ അഹിംസാത്മകമായി പ്രതിരോധിക്കുന്നതിന് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് ആലോചിക്കുന്നതിനും മറ്റുമായി ഗാന്ധിയുടെ താൽപ്പര്യപ്രകാരം മീരാബെഹൻ ഒറീസ്സയിലെത്തി. ഉത്കൽ കോൺഗ്രസ് മീരാബെഹന്റെ യാത്രയ്ക്കുള്ള ഏർപ്പാടുകൾ ചെയ്തുകൊടുത്തു.

ഒറീസ്സയിലെത്തിയ മീരാബെഹന്, സാമ്രാജ്യത്വ യുദ്ധം എങ്ങിനെയാണ് മനുഷ്യ ജീവന് ഇരുമ്പ്-കൽക്കരി പോലുള്ള ധാതുക്കളെക്കാളും കുറഞ്ഞ മൂല്യം നിശ്ചയിക്കുന്നതെന്ന് മനസ്സിലാക്കാൻ സഹായിച്ചു. ഒറീസ്സയിലെ വിശാലമായ തീരപ്രദേശങ്ങളെയും കാർഷിക ഭൂമിയെയും ജനങ്ങളെയും ശത്രുസൈന്യത്തിന്റെ കാരുണ്യത്തിന് വിട്ടുകൊടുത്തുകൊണ്ട്, ബ്രിട്ടീഷ് സൈന്യം ബീഹാർ-ഒറീസ്സ അതിർത്തിയോട് ചേർന്ന് നിൽക്കുന്ന സ്റ്റീൽ നഗരമായ ജംഷെഡ്പൂരിനെയും കൽക്കരി ഖനികേന്ദ്രങ്ങളായ താൽചേർ, ധൻബാദ് എന്നിവയെയും സംരക്ഷിക്കുന്നതിനായി തമ്പടിച്ചിരിക്കുകയായിരുന്നു. ജംഷെഡ്പൂരിലേക്ക് നയിക്കുന്ന റോഡുകളെ വനങ്ങളിലിരുന്ന് സംരക്ഷിക്കുക എന്നതായിരുന്നു ബ്രിട്ടീഷ് സൈന്യത്തിന്റെ തന്ത്രം.

വിദേശ ആക്രമണവേളയിൽ എന്തൊക്കെ സംഭവിക്കാം എന്നതിനെക്കുറിച്ച്, ബ്രിട്ടീഷ് നാവികസേനയുടെ അഡ്മിറലിന്റെ പുത്രിയായ, മീരാബെഹൻ വളരെ സൂക്ഷ്മമായിത്തന്നെ ഗാന്ധിക്ക് എഴുതി.
ബ്രീട്ടീഷ് സൈനികരാൽ ഉപേക്ഷിക്കപ്പെട്ട, ഒറീസ്സയിലെ ദരിദ്ര നാരായണന്മാരോടൊപ്പം സഞ്ചരിച്ച് അവരുടെ മനസ്സറിഞ്ഞ് അവർ തന്റെ നിർദ്ദേശങ്ങൾ അക്കമിട്ട് എഴുതി.
1. ജാപ്പാൻ സൈന്യം, വീട്, ഭൂമി, മറ്റ് ജംഗമ വസ്തുക്കൾ എന്നിവ ആവശ്യപ്പെടുകയാണെങ്കിൽ അഹിംസാത്മക രീതിയിൽ ദൃഢതാപൂർവ്വം അതിനെ എതിരിടുക.
2. ജാപ്പാനികൾക്ക് വേണ്ടി അടിമപ്പണി ചെയ്യരുത്.
3. ജാപ്പാനികളുടെ കീഴിൽ യാതൊരുവിധത്തിലുമുള്ള ഔദ്യോഗിക ജോലികളും ചെയ്യരുത്.
4. ജാപ്പാനികളിൽ നിന്നും ഒന്നും വാങ്ങരുത്.
5. അവരുടെ പണം സ്വീകരിക്കരുത്. ഭരണം സ്ഥാപിക്കാനുള്ള അവരുടെ ശ്രമങ്ങളിൽ യാതൊരുവിധ സഹകരണവും പാടുള്ളതല്ല.
ഇതോടൊപ്പം തന്റെ സന്ദേഹങ്ങളും മീരാബെഹൻ പങ്കുവെച്ചു;
1. പ്രതിരോധം ദീർഘകാലം തുടരേണ്ടിവരുമ്പോൾ എന്ത് സംഭവിക്കും?
2. പാലങ്ങളും കനാലുകളും ബ്രിട്ടീഷുകാർ തകർക്കുകയും അവ പിന്നീട് പുനർനിർമ്മിക്കേണ്ടി വരികയും ചെയ്യുന്ന വിഷയത്തിൽ എന്തുചെയ്യണം?
3. ഭാരതീയ സൈനികർ ആക്രമണകാരികളായ ജാപ്പാനീസ് സൈന്യത്തോട് ചേരുകയാണെങ്കിൽ അവരോടുള്ള നമ്മുടെ നിലപാട് എന്തായിരിക്കണം?
4. ബ്രിട്ടീഷ് ഭരണം തകർന്നതിന്‌ശേഷം കറൻസിയുടെ കാര്യത്തിൽ എന്തുചെയ്യണം?
5. ഉപേക്ഷിക്കപ്പെടുന്ന ആയുധങ്ങളുടെ കാര്യത്തിൽ എന്താണ് ചെയ്യേണ്ടത്?

ഗാന്ധിയും മീരാബെഹനും ലാങ്കഷറിലെ തുണിമിൽ തൊഴിലാളികളെ സന്ദർശിക്കാനെത്തിയപ്പോൾ / Photo: www.cottontown.org

അതേസമയം, മുറിവേൽക്കപ്പെടുന്ന ശത്രുസൈന്യത്തോട് കാരുണ്യപൂർവ്വം പെരുമാറേണ്ടതുണ്ടെന്നും അവർക്കുള്ള ശുശ്രൂഷ നൽകാൻ ജാപ്പാനീസ് സൈന്യത്തിന് ആവശ്യമായ സഹായം ചെയ്തുകൊടുക്കാൻ യാതൊരു മടിയും ആവശ്യമില്ലെന്നും ഉള്ള കാര്യത്തിൽ മീരാബെഹന് സംശയമൊന്നും ഉണ്ടായിരുന്നില്ല. യുദ്ധ ഭൂമിയിൽ ഉപേക്ഷിക്കപ്പെടുന്ന ആയുധങ്ങൾ ശേഖരിച്ച് കടലിലൊഴുക്കണമെന്നായിരുന്നു അവരുടെ മറ്റൊരു നിലപാട്.
മീരാബെഹന്റെ മേൽസൂചിപ്പിച്ച കത്തിന്, 1942 മെയ് 31ാം തീയ്യതി വിശദമായ മറുപടി തന്നെ ഗാന്ധി നൽകുകയുണ്ടായി.

ഈ കത്തിൽ, മീരാബെഹനിൽ നിന്ന് വ്യത്യസ്തമായി ഗാന്ധിക്ക് പറയാനുണ്ടായിരുന്നത്, ജനങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്തം കോൺഗ്രസ് ഏറ്റെടുക്കരുതെന്നും ജനങ്ങൾ സ്വന്തം സുരക്ഷാ ഉത്തരവാദിത്തം അവരുടേതായ രീതിയിൽ ഏറ്റെടുക്കണമെന്നും അതിന് അവർക്ക് പരിശീലനം നൽകുക മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നും അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം എഴുതി. ജാപ്പാൻ സൈനികരുമായി സമ്പൂർണ്ണമായ നിസ്സഹകരണമാണ് നമ്മുടെ രീതിയെന്ന് ജനങ്ങളെ ഓർമ്മിപ്പിക്കുക എന്ന കടമയാണ് കോൺഗ്രസിന് നിവർത്തിക്കാനുള്ളത് എന്നും അദ്ദേഹം വിശദീകരിച്ചു.
തന്റെ അഹിംസാത്മക പ്രതിരോധത്തിന്റെ ശക്തിയിൽ വിശ്വാസമർപ്പിച്ചുകൊണ്ട്, അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന, "ലിബർട്ടി' മാസികയിൽ 1940ൽ ഗാന്ധി എഴുതി;
""പ്രതിരോധത്തിന്റെയും സംരക്ഷണത്തിന്റെയും ഈ ദർശനത്തിൽ ആധുനിക യുഗത്തിൽ നീറോവിൽ പോലും ഹൃദയമുണ്ടെന്ന വിശ്വാസം അടങ്ങിയിരിക്കുന്നു. ഒരു പ്രകാരത്തിലുമുള്ള ഹിംസാത്മ പ്രതിരോധവും കൂടാതെ, സ്ത്രീകളുടെയും പുരുഷന്മാരുടെയും അനന്തമായ നിരകൾ മൃത്യൂവിന് മുന്നിൽ സമർപ്പണം ചെയ്യുക എന്ന ദൃശ്യം അയാളുടെ മേൽ സ്വാധീനം ചെലുത്താതിരിക്കില്ല. ഇതിന്റെ സ്വാധീനം നീറോയിൽ ഉണ്ടായില്ലായെങ്കിൽ അയാളുടെ സൈനികരിലെങ്കിലും സംഭവിക്കാതെ തരമില്ല. യുദ്ധച്ചൂടിൽ മനുഷ്യൻ വർഷങ്ങളോളം പരസ്പരം കൊല്ലാം, അവരെ സംബന്ധിച്ചിടത്തോളം ഇത് കൊല്ലാനും കൊല്ലപ്പെടാനുമുള്ള സന്ദർഭമാണ്. എന്നാൽ നിങ്ങൾ ആരെയാണോ കൊല്ലാൻ പോകുന്നത് അയാളുടെ കൈകൾ കൊണ്ട് മരിക്കുന്നതിൽ അപകടമൊന്നിമില്ലായെങ്കിൽ പ്രതിരോധശൂന്യരും നിരായുധരുമായ ജനങ്ങളെ സദാകാലം കൊന്നൊടുക്കുവാൻ നിങ്ങൾക്ക് സാധിക്കുകയില്ല. സ്വയം ലജ്ജിതരായി നിങ്ങൾ തോക്ക് താഴെയിടാതെ നിർവ്വാഹമില്ല'' (പ്യാരേലാൽ, 'പൂർണ്ണാഹുതി', പുസ്തകം 4, അനുബന്ധം 1, പേജ് 512).

ഗാന്ധിക്ക് തന്റെ അഹിംസാത്മക പ്രതിരോധ പദ്ധതിക്ക് പ്രായോഗിക രൂപം നൽകുന്നതിനുള്ള അവസരം ലഭിച്ചിരുന്നില്ല. ഇതുസംബന്ധിച്ച കർമ്മ പരിപാടികൾ രൂപപ്പെടുത്തുന്നതിന് മുന്നെ തന്നെ അദ്ദേഹത്തിന്റെ അറസ്റ്റ് നടക്കുകയും ദീർഘകാലത്തോളം കരുതൽ തടങ്കലിൽ സൂക്ഷിക്കുകയും ചെയ്തു.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments