യുദ്ധത്തെക്കുറിച്ചുള്ള നമ്മുടെ
എല്ലാ കവിതകളും
തീര്‍ന്നു പോയോ?
യുദ്ധത്തെക്കുറിച്ചുള്ള നമ്മുടെ എല്ലാ കവിതകളും തീര്‍ന്നു പോയോ?
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ യുക്രെയ്ന്‍ യുദ്ധത്തെ തുടക്കം മുതല്‍ നാടകീയ സ്വഭാവമുള്ള റെസ്‌ക്യു ഓപറേഷനായി ചുരുക്കുകയും, പിന്നീടതിനെ പൂര്‍ണമായും വിസ്മരിക്കുകയും ചെയ്യുകയായിരുന്നു. റഷ്യ യുക്രെയ്‌നു മേല്‍ ഏകപക്ഷീയമായി നടത്തുന്ന ആക്രമണങ്ങള്‍ യുദ്ധത്തെ ഏതൊക്കെ തരത്തില്‍ സാമാന്യവത്കരിക്കാന്‍ സഹായകരമാകുന്നു എന്നന്വേഷിക്കുകയാണ് വെബ്‌സീന്‍ പാക്കറ്റ് 73.
16 Apr 2022, 02:40 PM
രണ്ടു മാസങ്ങളായി റഷ്യ യുക്രെയ്‌നു മേല്‍ ഏകപക്ഷീയമായി നടത്തുന്ന ആക്രമണങ്ങള്‍ യുദ്ധത്തെ ഏതൊക്കെ തരത്തില്‍ സാമാന്യവത്കരിക്കാന്‍ സഹായകരമാകുന്നു എന്നന്വേഷിക്കുകയാണ് വെബ്‌സീന്‍ പാക്കറ്റ് 73. കെ. വേണു, എന്‍.എം. പിയേഴ്‌സണ്‍, കരുണാകരന്‍, ഇ.എ. സലിം എന്നിവരുടെ ലേഖനങ്ങള്‍ ചരിത്രത്തെയും വര്‍ത്തമാന സാഹചര്യങ്ങളെയും അടിസ്ഥാനമാക്കി യുദ്ധത്തെക്കുറിച്ചുള്ള ആധുനിക ലോകത്തിന്റെ, പ്രത്യേകിച്ച് മലയാളികളുടെ കാഴ്ചപ്പാടിനെ വിശകലനം ചെയ്യുന്നു. മോസ്‌കോയില്‍ നിന്ന് റഷ്യന്‍ സുഹൃത്ത് പറയുന്നു; "ഇവിടെ പ്രത്യേകിച്ചൊന്നുമില്ല' എന്ന ലേഖനത്തില്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് മോസ്‌കോയടക്കം ഏതാനും റഷ്യന്‍ നഗരങ്ങള്‍ സന്ദര്‍ശിക്കുകയും ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുകയും ചെയ്ത ഓര്‍മ്മയില്‍ ഈ യുദ്ധം ആ മനുഷ്യരെ എങ്ങനെയാവും ബാധിക്കുക എന്നോര്‍ക്കുകയാണ് വി. അബ്ദുള്‍ ലത്തീഫ്.
കെ. വേണു: പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയ്നില്‍ തങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളുണ്ടെന്ന മട്ടിലാണ് റഷ്യയുടെ സമീപനം. യുക്രെയ്നെപ്പോലെ സോവിയറ്റ് റിപ്പബ്ലിക്കുകളായിരുന്ന പല ദേശീയസമൂഹങ്ങളും ഇപ്പോള്‍ കിഴക്കന്‍ യൂറോപ്പിലെ സ്വതന്ത്ര രാജ്യങ്ങളാണ്. മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഈ രാജ്യങ്ങളും രാജ്യാന്തര നിയമങ്ങള്‍ക്കനുസരിച്ചു തന്നെയാണ് നിലനില്‍ക്കുന്നത്. യുക്രെയ്നുമാത്രം അത്തരം രാജ്യാന്തര നിയമങ്ങളൊന്നും ബാധകമല്ലെന്ന മട്ടിലാണ് വ്‌ലാദിമിര്‍ പുടിന്റെ നീക്കങ്ങള്‍. പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക സഖ്യമായ "നാറ്റോ'യെ നേരിടാനുള്ള ഒരു ഉപാധിയായിട്ടാണ് പുടിന്‍ യുക്രെയ്നെ ഉപയോഗപ്പെടുത്തുന്നത്. അമേരിക്കയുടെ സി.ഐ.എ.യ്ക്ക് ബദലായി സോവിയറ്റ് യൂണിയന്‍ വളര്‍ത്തിക്കൊണ്ടുവന്ന രാജ്യാന്തര ചാരസംഘടനയായ കെ.ജി.ബി.യുടെ തലവനായിരുന്നു പുടിന്‍. ഇപ്പോഴും ആ ചാരക്കണ്ണകള്‍ തന്നെയാണ് പുടിനെ നിയന്ത്രിക്കുന്നതെന്ന് കരുതേണ്ടിവരും.
നമ്മുടെ നാട്ടില്‍ സി.പി.എമ്മിനെ പോലുള്ള പാര്‍ട്ടികള്‍ പുടിന്റെ നടപടികളെ ന്യായീകരിക്കുകയും ഇപ്പോഴത്തെ യുദ്ധത്തിന് കാരണം പാശ്ചാത്യ രാജ്യങ്ങളാണെന്ന് സമര്‍ഥിക്കുകയും ചെയ്യുന്നതുകാണാം. തീര്‍ച്ചയായും കൗതുകകരമായ കാഴ്ച തന്നെയാണത്. റഷ്യ ഇപ്പോള്‍ പൂര്‍ണമായും ഒരു മുതലാളിത്ത രാജ്യമാണെന്ന യാഥാര്‍ഥ്യം പോലും അവര്‍ വിസ്മരിക്കുന്നു.
ഏതായാലും പുടിന്‍ കണക്കുകൂട്ടിയതുപോലെയല്ല കാര്യങ്ങളുടെ പോക്ക്. രണ്ടാഴ്ചകൊണ്ട് യുക്രെയ്?നെ വരുതിയിലാക്കാമെന്ന് കരുതിയ പുടിന്‍ രണ്ടുമാസം കഴിഞ്ഞിട്ടും കരകയറാനാകാതെ ഉഴലുകയാണ്. അക്ഷരാര്‍ഥത്തില്‍ ഐതിഹാസികമായ ചെറുത്തുനില്‍പ്പാണ് യുക്രെയ്ന്‍ സൈന്യവും ജനങ്ങളും നടത്തുന്നത്.
ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം:
റഷ്യയും പുടിനും ചില ന്യായീകരണ കൗതുകങ്ങളും | കെ. വേണു
എന്‍.എം. പിയേഴ്‌സണ്‍: ഇന്ന് ലോകം വലിയ ശൂന്യത അനുഭവിക്കുകയാണ്. യുദ്ധത്തിനെതിരെ മനുഷ്യാഭിപ്രായങ്ങളുടെ മിസൈല്‍ നിര്‍മിക്കുന്ന ഫാക്ടറി ഇന്ന് ഷട്ടറിട്ടിരിക്കുകയാണ്. മനുഷ്യസ്നേഹത്തിന്റെ അവാച്യമായ അത്ഭുത തുരത്തുകള്‍ നമുക്ക് നഷ്ടപ്പെട്ടു, പകരം നമുക്ക് മോദിയും പിണറായിയും. ഇരുവരും പ്രതിനിധീകരിക്കുന്നത് വലതുപക്ഷവും ഇടതുപക്ഷവും. മുഖംമൂടി മാറ്റിയാല്‍ ഇരുവര്‍ക്കും ഒരേ അഭിപ്രായം. റഷ്യയുടെ അധിനിവേശത്തെ ന്യായീകരിക്കുകയും യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലില്‍ അധിനിവേശ വിരുദ്ധ പ്രമേയത്തെ മൃദുതലോടലിലൂടെ തഴുകുകയും ചെയ്?ത മോദിയുടെ നയതന്ത്രം മനുഷ്യവിരുദ്ധവും ഇന്ത്യയുടെ വിദേശനയത്തിന്റെ നിരാസവുമാണ്. ഇന്ത്യന്‍ ഇടതുപക്ഷവും റഷ്യന്‍ അധിനിവേശത്തെ ന്യായീകരിക്കുകയാണ്.
ഇടതുപക്ഷ വ്യാഖ്യാനത്തില്‍ യുദ്ധത്തിന്റെ കാരണഭൂതര്‍ അമേരിക്കയാണ്. യുക്രെയ്നെ "നാറ്റോ' സഖ്യത്തില്‍ അംഗമാക്കി റഷ്യയെ ആക്രമിക്കാനുള്ള നീക്കമാണ് യുദ്ധത്തിലെത്തിയതെന്നാണ് ഇടതുന്യായീകരണം. കേരളത്തിലെ പല കവലകളിലും മുഴങ്ങുന്ന ഈ ന്യായീകരണം ഓക്കാനമുണ്ടാക്കുന്നതാണ്. ലോകത്തിന്റെ യഥാര്‍ഥ ദുരന്തം യുദ്ധത്തിന്റെ ഭീകരത തിരിച്ചറിഞ്ഞ് അതിനെതിരെ ശബ്ദിക്കാന്‍ ബെര്‍ട്രന്റ് റസലിനെപ്പോലെയുള്ള നൈതിക ശക്തികള്‍ ഇല്ലാതെപോയതാണ്. രണ്ടാം ലോകയുദ്ധകാലത്ത് യുദ്ധത്തിനെതിരെ തെരുവിലിറങ്ങിയ റസ്സലിനെ ബ്രിട്ടീഷ് ഭരണകൂടം ജയിലിലടച്ചു.
ഇന്ന് കേരളത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഒരു കാര്യത്തിലും വ്യക്തമായ നിലപാടില്ലാത്ത മനുഷ്യരുടെ കലപിലകളാണ് കേരളം കേള്‍ക്കുന്നത്. നമ്മുടെ വരേണ്യബുദ്ധിജീവികളും തൊഴിലാളിവര്‍ഗത്തിന്റെ ജൈവ ബുദ്ധിജീവികളും മൗനത്തിലാണ്. മൗനമാണ് സുരക്ഷിതമായ ഇടം ഒരുക്കുന്നതെന്ന് തിരിച്ചറിഞ്ഞ ഇവര്‍ മൗലികമായ വിഷയങ്ങളില്‍ നിശബ്ദത പാലിക്കുകയും ഉപരിപ്ലവ വിഷയങ്ങളില്‍ ഒച്ചവെക്കുകയും ചെയ്യും. അതുകൊണ്ട് അവരുടെ ശബ്ദം തകരച്ചെണ്ടയുടെ പതറുന്ന ശബ്ദമായി മാറിയിരിക്കുന്നു.
ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം:
യുദ്ധം നിരപരാധികളെ കൊന്നൊടുക്കുമ്പോള്‍ ലോകം ഇത്രമേല്‍ നിശ്ശബ്ദമാകുന്നതെന്തുകൊണ്ട്? | എന്‍.എം. പിയേഴ്‌സണ്‍
കരുണാകരൻ: "രാഷ്ട്രീയപ്രബുദ്ധ'മെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ പോലും അത്തരം യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ കുറവായിരുന്നു. അല്ലെങ്കില്‍ അത്തരം ചര്‍ച്ചകള്‍ പൊതു വാര്‍ത്താവിതരണത്തിനപ്പുറത്തേയ്ക്ക് വികസിച്ചില്ല, വികസിക്കുന്നില്ല. അങ്ങനെയെങ്കില്‍, യുദ്ധത്തെ മാത്രമല്ല, 'വരാനിരിക്കുന്ന' ഹിംസാത്മകമായ ഏതുതരം ആധിപത്യത്തെയുമല്ല, അപ്പോള്‍, നമ്മുടെ രാഷ്ട്രീയസമൂഹം ഏറ്റുവാങ്ങുന്നത്. മറിച്ച്, സ്വാതന്ത്ര്യത്തെ ഭയക്കുന്ന തരം ഒരു രാഷ്ട്രീയ മരവിപ്പിലേക്ക് നമ്മുടെ ജനാധിപത്യജീവിതം തന്നെ പരുവപ്പെടുന്നത് നാം അനുഭവിക്കുകയാണ്.
കേരളത്തിലെതന്നെ ബൗദ്ധികലോകം, യുക്രെയ്ന്‍ സംഭവത്തില്‍ പുലര്‍ത്തുന്ന നിഷ്പക്ഷസമീപനം, മറ്റൊരര്‍ഥത്തില്‍, ഈ മരവിപ്പിന്റെ അടയാളമാണ്. അല്ലെങ്കില്‍, പഴയ സോവിയറ്റ് റഷ്യയുടെ ഭരണകൂട രാഷ്ട്രീയത്തിനകത്തെ ബൗദ്ധിക മുരടിപ്പിനെയാണ് ഇത് കാണിക്കുന്നത്. ജനാധിപത്യത്തെ, ദേശങ്ങളിലേക്ക് പടരുന്ന അതിന്റെ ഉണ്മയെ, അവിശ്വസിക്കുകയാണ് അപ്പോള്‍ ചെയ്യുന്നത്. കേരളത്തിലെ ഔദ്യോഗിക ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന എഴുത്തുകാരുടെ കരുതലുള്ള മൗനത്തിനകത്ത് യുക്രെയ്ന്‍ യുദ്ധം റഷ്യയുടെ നിലനില്‍പ്പിന്റ പ്രശ്നം മാത്രമായത് അങ്ങനെയാണ്. അല്ലെങ്കില്‍, പഴയ ശീതയുദ്ധ രാഷ്ട്രീയകാലത്തെ ബൗദ്ധികവ്യവഹാരം അവര്‍ ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാകും?
"യുക്രെയ്ന്‍, അത് ലെനിന്‍ സൃഷ്ടിച്ചതാണ്' - ഇതായിരുന്നു വ്‌ലാദിമിര്‍ പുടിന്‍ തന്റെ അധിനിവേശത്തെ ന്യായീകരിക്കാന്‍ കഴിഞ്ഞ ഫെബ്രുവരി 21-ന് പറഞ്ഞത്. ആ നാളുകളിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയപ്രസ്താവവും അതായിരുന്നു. ആ പ്രസ്താവനയില്‍ ഒരു രാഷ്ട്രം എന്ന നിലയ്ക്ക് യുക്രെയ്ന്‍ ജനതയുടെ അതിജീവനം അവസാനിപ്പിക്കാനുള്ള അത്രയും ഹിംസാത്മകമായ നിശ്ചയവും ഉണ്ടായിരുന്നു. കഴിഞ്ഞ 40 ദിവസങ്ങളില്‍ ലോകം എന്നും "കാണുന്നതും' അതാണ്.
ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം:
മറ്റുള്ളവരുടെ വേദനയും മലയാളിയുടെ വിമുഖതയും|കരുണാകരന്‍
ഇ.എ. സലിം: നിരപരാധികളായ യുക്രെയ്ന്‍ ജനതയോട് റഷ്യ അഴിച്ചുവിട്ടിരിക്കുന്ന ബലപ്രയോഗം അതിരുവിട്ട് വളരുമ്പോഴും യുദ്ധവിരുദ്ധ വികാരമുണ്ടാകാതിരിക്കുന്നത് യുദ്ധങ്ങളെ സാധൂകരിക്കുന്ന വലതുപക്ഷ ചിന്തയോട് നാം അനുരജ്ഞനപ്പെടുന്നതുകൊണ്ടാണ്. ഇതാണ് മനുഷ്യാവസ്ഥ, ഇങ്ങനെയോക്കെയാണ് മനുഷ്യജീവിതം മുന്നോട്ടുപോകുന്നത് എന്ന്? പ്രബലമായ രാഷ്ട്രീയധാരണ പൊതുസമൂഹത്തിന്റെ ബോധത്തിന് സ്വീകാര്യമാകുന്നു. ഇതാണ് യഥാര്‍ഥ്യം, ഇങ്ങനെയാണ് കാര്യങ്ങള്‍ എന്ന പക്ഷവും ചിന്തയും എന്നും ഉണ്ടായിരുന്നു. അവര്‍ക്കായിരുന്നു അധികാരബലവും. പക്ഷെ, അങ്ങനെയല്ല വേണ്ടത്, അത് തിരുത്തപ്പെടെണ്ടതാണ്, ആ ജീവിതാവസ്ഥയെ മാറ്റിപ്പണിയേണ്ടതാണ് എന്നു വാദിച്ച് മുന്നോട്ടുവരുന്ന സംഘടനകളും ലോകസമാധാന പ്രസ്ഥാനങ്ങളും ഉണ്ടായിരുന്നു. ചിന്തകരും എഴുത്തുകാരും കലാപ്രവര്‍ത്തകരും സംഘംചേരുകയും യുദ്ധമില്ലാത്ത ലോകം സ്വപ്നം കാണുകയും അതിനായി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. യുദ്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ട് പക്ഷങ്ങളുടെയും പിന്തുണക്കാരോ അനുകൂലികളോ ആയിരുന്നില്ല അവര്‍. പകരം, മനുഷ്യപക്ഷത്ത് നിലയുറപ്പിച്ചവരായിരുന്നു. അതിനെയാണ് പുരോഗമന നിലപാടെന്ന് സമൂഹം കണ്ടത്.
റഷ്യയിലെയും അമേരിക്കയിലെയും തീവ്ര വലതുപക്ഷ - സമഗ്രാധികാരവാദികള്‍ "മനുഷ്യചരിത്രത്തിലെ ഏറ്റവും അപകടകരമായ ബിന്ദുവിലേക്ക് ഭൂമിയെ കൊണ്ടുപോകുന്നു' എന്നാണ് യുക്രെയ്ന്‍ യുദ്ധത്തെയും ഭൂഗോളം സമീപിച്ചുകൊണ്ടിരിക്കുന്ന അടിയന്തരാവസ്ഥയെയും സൂചിപ്പിച്ച്? ഏപ്രില്‍ ആറിന് ന്യൂ സ്റ്റേറ്റ്സ്മാന് നല്‍കിയ അഭിമുഖത്തില്‍ വിഖ്യാത പണ്ഡിതന്‍ നോം ചോംസ്‌കി പറഞ്ഞത്. "ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ നിലവിലുള്ള സാധ്യതകളെ നമ്മള്‍ ഉപയോഗപ്പെടുത്തുന്നില്ലെങ്കില്‍ ഒരുപക്ഷെ സര്‍വനാശകരമായ ആണവയുദ്ധത്തിലേക്ക് നാം നീങ്ങിയേക്കാം', അദ്ദേഹം പറഞ്ഞു- "ചിത്രം ഇതാ വഷളായിരിക്കുന്നു, ഭൂമിയിലെ മനുഷ്യരുടെ സംഘജീവിതം തകര്‍ന്നുപോയേക്കാമെന്ന തരത്തിലെ ദൃശ്യങ്ങളെയാണ് നാമിപ്പോള്‍ നേരിടുന്നത്.'- ആദ്യത്തെ ആണവയുദ്ധം മുതല്‍ക്കേ ഈ ലോകത്തെ കണ്ടുപഠിച്ചുകൊണ്ടിരിക്കുന്ന 93 കാരനായ ചോംസ്‌കി പറയുന്നു.
ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം:
യുദ്ധപക്ഷത്തെ മലയാളി | ഇ.എ. സലിം
വി. അബ്ദുൽ ലത്തീഫ്: റഷ്യയിലെ ജീവിതച്ചെലവ് കൂട്ടിമുട്ടിക്കാന്‍ വലിയ പാടാണ്. സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് റഷ്യന്‍ ഫെഡറേഷന്‍ നിലവില്‍വന്നതോടെ ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ വ്യക്തികളുടെ മാത്രം ഉത്തരവാദിത്തമായി. സ്വാതന്ത്ര്യം എന്ന വാക്കിന് ഇങ്ങനെയൊരര്‍ത്ഥം കൂടിയുണ്ടെന്ന് റഷ്യക്കാര്‍ അങ്ങനെയാണ് മനസ്സിലാക്കുന്നത്. മോസ്‌കോയില്‍ ഒരു ശരാശരിക്കാരന് മാസം കഴിയാന്‍ ഒരു ലക്ഷം റൂബിള്‍ ചെലവുണ്ട് എന്നാണ് കണക്ക്. കൊള്ളാവുന്ന ഒരു അപ്പാര്‍ട്ടുമെന്റിന് 40,000 റൂബിളിനുമേല്‍ വാടകകൊടുക്കണം. ഇതേ നിരക്കില്‍ത്തന്നെയാണ് മറ്റു ചെലവും. അപ്പോള്‍ മനുഷ്യര്‍ക്ക് ഓടി നടന്ന് ജോലിചെയ്യുകയല്ലാതെ വഴികളില്ല. നമ്മുടെ നാട്ടിലെ മനുഷ്യരുടെ മുഖത്തു കാണുന്ന ആഹ്ലാദഭാവം റഷ്യന്‍ നഗരവാസികള്‍ക്കില്ല എന്നതും ശ്രദ്ധിച്ചിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടില്‍ ജീവിതാഹ്ലാദം നഷ്ടപ്പെട്ടുപോയ മനുഷ്യരാണവര്‍. ആളുകളുടെ മുഖത്ത് സന്തോഷമില്ലെങ്കിലും അവര്‍ എപ്പോഴും തിരക്കുകൂട്ടി നടക്കുമെങ്കിലും മോസ്‌കോയും സെൻറ് പീറ്റേഴ്‌സ് ബര്‍ഗുമെല്ലാം പളപളാ മിന്നുന്ന കെട്ടിടങ്ങളും സൗകര്യമുള്ള നിരത്തുകളും ഇലക്ട്രിക് ബസുകളുമൊക്കെയായി സമ്പന്ന യൂറോപ്യന്‍ നഗരങ്ങളോട് കിടപിടിച്ചുനിന്നു.
യുക്രെയ്ൻ യുദ്ധത്തിന്റെ ആദ്യദിവസങ്ങളില്‍ മോസ്‌കോയിലെ സുഹൃത്തിനോട് യുദ്ധവാര്‍ത്തകള്‍ അന്വേഷിച്ചിരുന്നു. എന്നാല്‍, ‘ഇവിടെയൊന്നും യുദ്ധത്തിന്റേതായ ഒരു അനക്കവും വാര്‍ത്തയും ഇല്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. യുക്രെയ്നില്‍നിന്ന് സുഹൃത്തുക്കള്‍ അയച്ചുകൊടുത്ത ചില വീഡിയോകള്‍ പിന്നീടദ്ദേഹം ഷെയര്‍ ചെയ്തു. തകര്‍ന്ന കെട്ടിടങ്ങളുടെയും കത്തിക്കൊണ്ടിരിക്കുന്ന ഇലക്ട്രിസിറ്റി ലൈനുകളുടെയും തീയണയ്ക്കാന്‍ ശ്രമിക്കുന്ന ഫയര്‍ഫോഴ്‌സ് അംഗങ്ങളെയുമൊക്കെയാണ് ആ വീഡിയോയില്‍ കാണാന്‍ കഴിഞ്ഞത്. കീവിലും പരിസരത്തും നടന്ന മിസൈല്‍ ആക്രമണമോ എയര്‍ റെയ്‌ഡോ ഒക്കെയാവണം ആ നാശനഷ്ടങ്ങള്‍ക്കുപിന്നില്‍. യുദ്ധം രണ്ടോ മൂന്നോ ആഴ്ച പിന്നിട്ടപ്പോള്‍ രണ്ടാം ലോകയുദ്ധാനന്തരം യൂറോപ്പു കണ്ട ഏറ്റവും വലിയ അഭയാത്ഥിപ്രവാഹമാണ് യുക്രെയ്നില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്കുണ്ടായത്. 40 ലക്ഷത്തിലധികം മനുഷ്യരാണ് പല രാജ്യങ്ങളിലായി ചിതറിപ്പോയത്.
ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം:
മോസ്‌കോയില്‍ നിന്ന് റഷ്യന്‍ സുഹൃത്ത് പറയുന്നു; 'ഇവിടെ പ്രത്യേകിച്ചൊന്നുമില്ല' |വി. അബ്ദുല്‍ ലത്തീഫ്
Truecopy Webzine
Apr 26, 2022
4 Minutes Read
ഡോ. പി.ജെ. വിൻസെന്റ്
Apr 06, 2022
32 Minutes Watch
ശിഖ മാത്യു
Mar 20, 2022
42 Minutes Watch
വി.അബ്ദുള്‍ ലത്തീഫ്
Mar 05, 2022
5 Minutes Read
വി.അബ്ദുള്‍ ലത്തീഫ്
Mar 03, 2022
3 Minutes Read
പ്രിയ ജോസഫ്
Mar 01, 2022
25 Minutes Watch
കെ. സഹദേവന്‍
Feb 27, 2022
9 Minutes Read