ഈ അക്രമാഹ്ലാദങ്ങളിൽ ഡിസംബർ ആറിന്റെ ദുർഗന്ധമുണ്ട്

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായി അഭിനയിക്കുന്ന 'മിന്നൽ മുരളി' എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാലടിയിൽ നിർമ്മിച്ച ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് കഴിഞ്ഞ ദിവസം ബജ്‌റംഗ്ദൾ പ്രവർത്തകർ അടിച്ചു തകർത്തിരുന്നു. ഒരു ക്ഷേത്രത്തിന് സമീപം പള്ളി നിർമ്മാണം അനുവദിക്കില്ല എന്നു പറഞ്ഞാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഈ കടന്നാക്രമണം നടന്നത്.

ലുവായ്ക്കടുത്തുള്ള കാലടിയിൽ ഒരു പള്ളിയുടെ സിനിമാസെറ്റ് പൊളിയ്ക്കപ്പെടുമ്പോൾ തികച്ചും ആകസ്മികമായിരുന്നു എന്റെ വായനകൾ/ കേൾവികൾ ഒരു തരത്തിൽ അതുമായി ബന്ധപ്പെട്ടതായി മാറിയത്. മിന്നൽ മുരളിയുടെ പള്ളിമാതൃക പൊളിയുമ്പോൾ

ഇന്ത്യാ ചരിത്രത്തിലെ ഒരു തൂണിനെ കുറിച്ചുള്ള ഒരു പ്രസംഗം കേൾക്കുകയായിരുന്നു ഞാൻ. അശോകചക്രവർത്തി ക്രിസ്തുവിനും മുൻപ് മൂന്നാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ വിജയസ്തംഭം. അതിപ്പോൾ നിലനിൽക്കുന്നത് അലഹബാദിലെ (പുതിയ പ്രയാഗ്‌രാജ്) കോട്ടയിലാണ്. പ്രാകൃത ബ്രാഹ്മിഭാഷയിൽ ആ തൂണിൽ ബൗദ്ധസന്ദേശങ്ങൾ എഴുതിയിരിക്കുന്നു. ( ആ തൂൺ ഉണ്ടായി 350 കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ കാലടി വഴി മലയാറ്റൂരിലേക്ക് തോമാശ്ലീഹാ നടന്നുപോയിരുന്നു എന്നത് ഓർത്തപ്പോൾ ഇപ്പോഴേ പറഞ്ഞു വെയ്ക്കുന്നു ). ക്രിസ്തുവിനു ശേഷം നാലാം നൂറ്റാണ്ടിൽ ഗുപ്ത സാമ്രാജ്യത്തിന്റെ ചക്രവർത്തി ആയിരുന്ന സമുദ്രഗുപ്തൻ അശോകസ്തംഭത്തിൽ സംസ്കൃത ഭാഷയിൽ തന്റെ പ്രശസ്തി എഴുതിചേർത്തു. അശോകൻ അഹിംസയെ കുറിച്ച് തൂണിൽ എഴുതിയപ്പോൾ ഗുപ്തൻ യുദ്ധവിജയങ്ങളെ കുറിച്ചാണ് എഴുതിയത് . അതിന് പന്ത്രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം വന്ന ജഹാംഗീർ ചക്രവർത്തി, അതിനോടകം തകർന്ന തൂണിനെ വീണ്ടും നിവർത്തുകയും അതേപടി നിലനിർത്തുകയും പേർഷ്യൻ ഭാഷയിൽ സ്വന്തം കുടുംബവൃക്ഷം കൂടി എഴുതിച്ചേർക്കുകയും ചെയ്തു. ഇത്രയും പറഞ്ഞിട്ട് പ്രൊഫസ്സർ റോമിലെ ഥാപ്പർ പ്രസംഗത്തിൽ തുടർന്നു , അലഹബാദിലെ തൂൺ എന്നു പറയുന്നത് നമ്മുടെ പൈതൃകമാണ് എന്ന്. കോസല സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കൗശാംബിയിൽ നിന്നാണ് ഈ തൂൺ അലഹബാദിൽ എത്തിയത്. ഒരു തൂൺ പൈതൃകമാകുന്ന രാജ്യത്താണ് 1921 ൽ ആലുവായിൽ പെരിയാറിൻ തീരത്ത് ശ്രീ നാരായണഗുരു വിശ്വ സാഹോദര്യ സമ്മേളനം നടത്തിയത്. അടുത്ത വർഷം 2021 ൽ അതിന്റെ നൂറാം വാർഷികം ആചരിക്കേണ്ട സമയത്താണ് ആലുവായ്ക്ക് സമീപം കാലടിയിൽ പള്ളി ഛായ തകർക്കപ്പെട്ടത്. അവിടെ തകർക്കപ്പെട്ടത് ശ്രീ നാരായണഗുരുവിന്റെ അനുകമ്പാദശകം കൂടിയാണ്. ആ മഹദ് കൃതി നൂറുകൊല്ലങ്ങൾക്കു മുൻപ് 1920 ൽ ആലുവായിൽ എഴുതപ്പെട്ടതാണ്. അനുകമ്പാദശകത്തിലെ ഏഴാം ശ്ലോകം റോമില ഥാപ്പർ പറയുന്ന പൈതൃകസ്തംഭം തന്നെയാണ്.

"പുരുഷാകൃതി പൂണ്ട ദൈവമോ ?
നരദിവ്യാകൃതി പൂണ്ട ധർമ്മമോ ?
പരമേശപവിത്രപുത്രനോ ?
കരുണാവാൻ നബി മുത്തുരത്നമോ ?'
കൃഷ്ണനും, ബുദ്ധനും, ക്രിസ്തുവും, നബിയും ആണ് തനിയ്ക്ക് അനുകമ്പയാണ്ടവൻ എന്നാണ് ഗുരു എഴുതിയത്. ഇതെഴുതിക്കഴിഞ്ഞ ഗുരുവിനെയാണ് ഗുരുദേവ് ടാഗോർ കണ്ടിട്ട് ഇത്രയും അനുകമ്പയാണ്ട കണ്ണുകൾ വേറേ കണ്ടിട്ടില്ല എന്നു പറഞ്ഞത്.

ആലുവയിൽ മിന്നൽ മുരളിയുടെ പള്ളി തകർക്കുന്നതിൽ കണ്ട അക്രമാഹ്ലാദത്തിൽ ഡിസംബർ ആറിന്റെ ദുർഗന്ധം വമിക്കുന്നു. നിരവധി രാമായണങ്ങളിൽ ചിലതിൽ രാവണൻ തട്ടിക്കൊണ്ടു പോകുന്നത് ഛായാസീതയെ ആണ്, യഥാർത്ഥ സീതയെ അല്ല. ആലുവായിൽ തകർക്കപ്പെട്ടത് ഛായാസീതയാണ്. അതിൽ നിറഞ്ഞു നിൽക്കുന്നത് യഥാർത്ഥ പള്ളികൾ പൊളിക്കാനുള്ള അദമ്യമായ ആർത്തിയാണ്. നാരായണഗുരുവിനെ സ്വന്തമാക്കുവാൻ പള്ളി രൂപം പൊളിച്ചവരെ അനുവദിച്ചു കൂടാ.

Comments