truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 31 March 2023

truecoppy
Truecopy Logo
Readers are Thinkers

Friday, 31 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Sabarimala

Report

Flagpole illustration by Mamatha George, Behance

ശബരിമലയില്‍
ദളിത് മേല്‍ശാന്തി;
ദേവസ്വം മന്ത്രി എന്തു പറയുന്നു?

ശബരിമലയില്‍ ദളിത് മേല്‍ശാന്തി; ദേവസ്വം മന്ത്രി എന്തു പറയുന്നു?

2021 സീസണിലേക്കുള്ള ശബരിമല മേല്‍ശാന്തി നിയമനത്തിനുള്ള വിജ്ഞാപനത്തില്‍ മലയാളി ബ്രാഹ്‌മണര്‍ക്കു മാത്രമേ ശബരിമല / മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് അപേക്ഷിക്കാന്‍ കഴിയൂ എന്നാണ് ദേവസ്വം വ്യവസ്ഥ ചെയ്യുന്നത്. ക്ഷേത്രങ്ങളിലെ ശാന്തിനിയമനത്തില്‍ ജാതീയ വിവേചനം പാടില്ലെന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും വിധിച്ചിട്ടുണ്ട്. ദേവസ്വം ശാന്തിനിയമനങ്ങളില്‍ മലയാള ബ്രാഹ്‌മണര്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തിയിട്ടില്ല എന്ന കാര്യവും കോടതി പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. എന്നിട്ടും ശബരിമല മേല്‍ശാന്തി തസ്തിക ബ്രാഹ്‌മണ സംവരണമായി തുടരുന്നതിനെതിരെ മേല്‍ശാന്തി നിയമനത്തിന് അപേക്ഷിച്ച രണ്ട് അവര്‍ണ വിഭാഗക്കാര്‍ ഹൈകോടതിയെ സമീപിച്ച സാഹചര്യത്തില്‍, ഇതുസംബന്ധിച്ച ദേവസ്വം മന്ത്രിയുടെയും സര്‍ക്കാറിന്റെയും നിലപാട് നിര്‍ണായകമാകുന്നു

17 Jul 2021, 02:20 PM

ഡോ. അമല്‍ സി. രാജന്‍

ജാതീയമായ അധീശത്വത്തെ തകര്‍ത്ത് ജനാധിപത്യ സംവിധാനത്തിലേക്ക് കേരളം സഞ്ചരിച്ചെത്തുന്നത് നവോത്ഥാനത്തിന്റെ സന്ദര്‍ഭത്തിലാണ്. എന്നാല്‍ നവോത്ഥാനാനന്തരവും ബ്രാഹ്‌മണിക് മൂല്യവ്യവസ്ഥ രൂപപ്പെടുത്തിയ ജന്മസിദ്ധമായ വിശുദ്ധി - അശുദ്ധി സങ്കല്‍പങ്ങള്‍ നിലനില്‍ക്കുന്നുവെന്നു പറയുമ്പോള്‍ ചിലര്‍ക്കെങ്കിലും അവിശ്വസനീയമായി തോന്നിയേക്കാം. പുറമേക്ക് അത്ര പ്രകടമാകാതെ ജാതീയമായ ശ്രേണീക്രമങ്ങളും അതുണ്ടാക്കിയ അധീശത്വവ്യവസ്ഥയും ശക്തമായി തന്നെ തുടര്‍ന്നിരുന്നുവെന്നതിന് സമകാല അനുഭവങ്ങള്‍ സാക്ഷി.

അത്തരം അനുഭവങ്ങളെ പ്രശ്‌നവത്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ രണ്ടുവിധം പ്രതിരോധങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ജാതിയുമായി ബന്ധപ്പെട്ട് വ്യക്തികള്‍ അനുഭവിക്കുന്ന പരിഗണനകളോ വിവേചനങ്ങളോ ആചാരത്തിന്റേയോ വിശ്വാസത്തിന്റേയോ പേരില്‍ ന്യായീകരിക്കുക എന്നതാണ് ഒന്നാമത്തെ പ്രവണത. രണ്ടാമതായി, ജാതിയുമായി ബന്ധപ്പെട്ട അനുഭവങ്ങളെയും അതുമായി ബന്ധപ്പെട്ട് ഉയരുന്ന സംവാദങ്ങളെയും നിസ്സാരവത്കരിക്കുകയോ അവഗണിക്കുകയോ ചെയത് വിവേചനങ്ങളെ, അതുണ്ടാക്കുന്ന വ്യവസ്ഥയെ ആ നിലയില്‍ തന്നെ തുടരാന്‍ അനുവദിക്കുക എന്നതാണ്. ഇവയില്‍ ഒന്നാമത്തെ വാദത്തിന്റെ വക്താക്കള്‍ തീവ്രവലതുപക്ഷത്തെ പിന്‍പറ്റുന്നവരാണെങ്കില്‍ രണ്ടാമത്തെ മാര്‍ഗം സ്വീകരിക്കുവരിലധികവും പുരോഗമന രാഷ്ട്രീയം പിന്‍തുടരുന്നവരാണ്. ഇരു വാദങ്ങളും ഫലത്തില്‍ സവര്‍ണ ബ്രാഹ്‌മണിക് താത്പര്യങ്ങള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നതും അതുവഴി ശ്രേണീകൃതമായ അസമത്വത്തെ ദൃഢീകരിക്കുന്നതുമാണ്. ഇത്തരത്തിലുള്ള ചില തീര്‍പ്പുകള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന താല്‍പര്യങ്ങളെപ്പോലും അട്ടിമറിക്കുന്നതാണ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനു കീഴിലുള്ള ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തി നിയമനം സംബന്ധിച്ച വ്യവസ്ഥകള്‍ ചോദ്യം ചെയ്യപ്പെടേണ്ടത് ഈയൊരു പശ്ചാത്തലത്തില്‍ വളരെ പ്രധാനമാണ്.

ശബരിമല മേല്‍ശാന്തി നിയമനം

2021 സീസണിലേക്കുള്ള ശബരിമല മേല്‍ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം ജൂണ്‍ ഒന്നിനാണ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത്. അപേക്ഷിക്കാനുള്ള നീട്ടിയ കാലാവധി 2021 ജൂലൈ 9ന് അവസാനിച്ചു. മലയാളി ബ്രാഹ്‌മണര്‍ക്കു മാത്രമേ ശബരിമല / മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് അപേക്ഷിക്കാന്‍ കഴിയൂ എന്നാണ് ദേവസ്വം വെബ്‌സൈറ്റിലെ വിശദാംശങ്ങളിലുള്ളത്. ജാതീയമായ സാമൂഹ്യവിഭജനങ്ങളെയും ബ്രാഹ്‌മണിക് അധികാരങ്ങളെയും ഉറപ്പിക്കുന്ന ഈ നിബന്ധനയിലൂടെ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെപ്പോലും മറികടന്ന് ബ്രാഹ്‌മണരുടെ ജാതി / ജന്മ ശ്രേഷ്ഠതയെ സ്ഥാപിക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. 

appl
ശബരിമല /മാളികപ്പുറം മേല്‍ശാന്തിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ നിന്ന്​

സിജിത്ത് ടി.എല്‍., വിജീഷ് പി.ആര്‍., സി.വി. വിഷ്ണുനാരായണന്‍ തുടങ്ങി അവര്‍ണ വിഭാഗങ്ങളില്‍ നിന്നുള്ള ശാന്തിക്കാര്‍ ഈ വര്‍ഷം ശബരിമല മേല്‍ശാന്തി തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ശ്രീനാരായണഗുരു ദീപപ്രതിഷ്ഠ നടത്തിയ തൃശൂര്‍ കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ മേല്‍ശാന്തിയായ സിജിത്ത് സംസ്‌കൃതത്തില്‍ രണ്ട് എം.എ. ബിരുദം നേടിയിട്ടുണ്ട്. സി.വി. വിഷ്ണുനാരായണനും സംസ്‌കൃത സാഹിത്യത്തില്‍ ബിരുദാനനന്തര ബിരുദധാരിയാണ്. വിജീഷും സംസ്‌കൃതത്തില്‍ ബിരുദമുള്ളയാളാണ്. ശബരിമല മേല്‍ശാന്തി വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ. ടി.ആര്‍. രാജേഷ് മുഖേന സിജിത്തും വിജീഷും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അഡ്വ.ബി.ജി. ഹരീന്ദ്രനാഥ് മുഖേന സി.വി.വിഷ്ണുനാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതിയുടെ മുന്‍പിലെത്തിയിട്ടുണ്ട്.

എന്‍.ആദിത്യന്‍ vs തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേസ്

ശബരിമല മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും വിധികള്‍ക്കെതിരായതും പ്രസ്തുത വിധികളെ മുന്‍നിര്‍ത്തി ദേവസ്വം ബോര്‍ഡുതന്നെ പുറപ്പെടുവിച്ച ഉത്തരവുകള്‍ക്ക് വിരുദ്ധവുമാണ്. ക്ഷേത്രങ്ങളിലെ ശാന്തിനിയമനത്തില്‍ ജാതീയ വിവേചനം പാടില്ലെന്ന് എന്‍.ആദിത്യന്‍ vs തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേസില്‍ കേരള ഹൈക്കോടതിയും സുപ്രീംകോടതിയും അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വിധിച്ചിട്ടുണ്ട്. 

k_26.jpg

ബ്രാഹ്‌മണിക് അധികാരങ്ങള്‍ രൂപപ്പെടുത്തിയ ജന്മമഹത്വം എന്ന സങ്കല്പവും ഭരണഘടനാ മൂല്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു യഥാര്‍ത്ഥത്തില്‍ ആദിത്യന്‍ vs തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേസ്. ഈഴവ സമുദായത്തില്‍ ജനിച്ച കെ.എസ്. രാകേഷിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തില്‍ ശാന്തിയായി നിയമിച്ചതിനെതിരെ മലയാള ബ്രാഹ്‌മണനായ, ശിവഭക്തന്‍ എന്നവകാശപ്പെട്ട എന്‍. ആദിത്യന്‍ നല്‍കിയ ഹര്‍ജിയാണ് നീണ്ട ഒന്‍പതു വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കു കാരണമായത്. 

1992 ലാണ് കേസിനാസ്പദമായ വിജ്ഞാപനം പുറത്തിറങ്ങിയത്. 299 അപേക്ഷ ദേവസ്വത്തിന് ലഭിക്കുകയും 234 പേര്‍ അഭിമുഖത്തില്‍ പങ്കെടുക്കുകയും ചെയ്തു. അഭിമുഖത്തില്‍ പങ്കെടുത്തവരില്‍ നിന്ന് 54 പേരെ ഉള്‍പ്പെടുത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്. നിയമനത്തിന് അര്‍ഹത ലഭിച്ചവരില്‍ 31ാം റാങ്കുകാരനായിരുന്നു കെ.എസ്. രാകേഷ്. ഈഴവ സമുദായത്തില്‍ നിന്നുള്ള പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകനാണ് അദ്ദേഹം. രാകേഷിന് നിയമനം ലഭിച്ചത് പറവൂരിലെ നീറിക്കോട് ശിവക്ഷേത്രത്തിലാണ്. (കൊങ്ങോര്‍പ്പിള്ളി നീറിക്കോട് ശിവക്ഷേത്രം, ആലേങ്ങാട് വില്ലേജ്, എറണാംകുളം). തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള താരതമ്യേന ചെറിയ ഒരു ക്ഷേത്രമായിരുന്നു ഇത്. 

ഈഴവ സമുദായത്തില്‍പ്പെട്ട ഒരാള്‍ ശിവക്ഷേത്രത്തില്‍ കടന്ന് പൂജ ചെയ്യുന്നത് ഭക്തന്‍ എന്ന നിലയ്ക്കുള്ള തന്റെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. മലയാള ബ്രാഹ്‌മണരല്ലാത്ത ആരും അതിനു മുന്‍പ് ആ ക്ഷേത്രത്തില്‍ പൂജ ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ ശാന്തിക്കാരന്‍ മലയാള ബ്രാഹ്‌മണനായിരിക്കണമെന്നും ക്ഷേത്രം പിന്‍തുടരുന്ന മാമൂല്‍ (usage) അതാണെന്നുമായിരുന്നു ഹര്‍ജ്ജിയില്‍ വിശദീകരിച്ചിരുന്നത്. ഈഴവ സമുദായത്തില്‍പ്പെട്ട രാകേഷ് പൂജ ചെയ്യുന്നത് ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണെന്നും ഹര്‍ജ്ജിക്കാരന്‍ ആരോപിച്ചിരുന്നു. ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷങ്ങള്‍ കഴിഞ്ഞ് നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ശിവക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ അവര്‍ണന് അധികാരമില്ലെന്നാരോപിച്ചു കൊണ്ടുള്ള ഒരു കേസ് കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെടുന്നതെന്നുകൂടി ഓര്‍ക്കണം. കേരള നവോത്ഥാനത്തെ സംബന്ധിച്ച മഹത്വവത്കരണങ്ങള്‍ (glorified narratives) തകര്‍ന്നു പോകുന്ന സന്ധി കൂടിയായി ഇതിനെ മനസ്സിലാക്കേണ്ടതുണ്ട്. 

രാകേഷ് അബ്രാഹ്‌മണനായതിനാല്‍ അദ്ദേഹത്തെ ശാന്തിയായി നിയമിക്കുന്നതിനെതിരെ വേഴപ്പറമ്പുമനയിലെ കാരണവര്‍ കത്തു നല്‍കിയിരുന്നതായും കോടതി രേഖകളില്‍ കാണാം. കേസിനെ തുടര്‍ന്ന് ശാന്തിനിയമനം സ്റ്റേ ചെയ്യപ്പെട്ടു. രാകേഷിന് പകരം ശ്രീനിവാസന്‍ പോറ്റിയെ ക്ഷേത്രത്തിലെ താല്‍കാലിക ശാന്തിയായി നിയമിക്കുകയും ചെയ്തു. ഹൈക്കോടതി സിങ്കിള്‍ ബഞ്ച് രാകേഷിന്റെ നിയമനം സ്റ്റേ ചെയ്തതിനൊപ്പം കേസ് ഡിവിഷന്‍ ബഞ്ചിനു കൈമാറി. ജസ്റ്റിസുമാരായ കെ.തോമസ്, കെ. ഉഷ, കെ. ഷണ്‍മുഖം എന്നിവരുടെ ബഞ്ചാണ് കേസ് കേട്ടത്.

രാകേഷിന്റെ നിയമനം 1950 ലെ തിരുവിതാംകൂര്‍ - കൊച്ചി ഹിന്ദുമത സ്ഥാപനനിയമം 24, 31 വകുപ്പുകളുടെ ലംഘനമാണ് എന്ന വാദത്തിന്റെ സാധുതയാണ് കോടതി ആദ്യം പരിശോധിച്ചത്. നിയമത്തിന്റെ 24, 31 വകുപ്പുകളില്‍ പറയുന്ന usage അഥവാ കീഴ്‌വഴക്കം എന്ന പദത്തിന് യാതൊരു പ്രയോഗസാധുതയും ശാന്തി നിയമനക്കാര്യത്തിലില്ലെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. ഭരണഘടനയുടെ അനുഛേദം 15 (1), 16 (2) എന്നിവയുടെ വെളിച്ചത്തിലാണ് കോടതി ഈ തീര്‍പ്പിലെത്തിയത്. 

hc order
usage അഥവാ കീഴ്‌വഴക്കത്തിന് യാതൊരു പ്രയോഗസാധുതയും ശാന്തി നിയമനക്കാര്യത്തിലില്ലെന്ന് വ്യക്തമാക്കുന്ന 1995- ലെ കേരള ഹൈക്കോടതി വിധിയിലെ പ്രസക്തഭാഗം.

മലയാള ബ്രാഹ്‌മണര്‍ മാത്രമേ പൂജ ചെയ്യാവൂ എന്ന ഹര്‍ജിക്കാരന്റെ വാദം ഭരണഘടനയുടെ 25, 26 ആര്‍ട്ടിക്കിളുകളില്‍ വ്യക്തമാക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമോ എന്നതും ഈ വിധിന്യായത്തില്‍ പരിശോധിക്കപ്പെട്ടിരുന്നു. ജാതികളുടെ ആചാരങ്ങളെ മതാചാരമായി പരിഗണിക്കുക സാധ്യമല്ല. ഒരു മതത്തിനകത്ത് അത്യന്താപേക്ഷിതവും (essential) അവിഭാജ്യവുമായ (Integral part) പ്രാക്റ്റീസുകള്‍ക്കു മാത്രമേ മേല്‍പ്പറഞ്ഞ അനുച്ഛേദങ്ങളുടെ സംരക്ഷണം ലഭിക്കൂ എന്ന് നിരവധി കോടതി വിധികളെ ഉദ്ധരിച്ച് ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും വ്യക്തമാക്കി. മാത്രമല്ല മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ ഒരു മതാവകാശവും ആര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ലെന്നും എന്‍. ആദിത്യന്‍ vs തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേസില്‍ ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. ദേവസ്വം ശാന്തിനിയമനങ്ങളില്‍ മലയാള ബ്രാഹ്‌മണര്‍ക്ക് പ്രത്യേക സംവരണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല എന്ന കാര്യം ആദിത്യന്‍ കേസില്‍ കോടതി പ്രത്യേകം എടുത്തു പറഞ്ഞിരുന്നതാണ്, എന്നിട്ടും ശബരിമല മേല്‍ശാന്തി തസ്തിക ഇപ്പോഴും നൂറു ശതമാനം ബ്രാഹ്‌മണ സംവരണമായി തുടരുന്നു.

con part 3

ദേവസ്വം ബോര്‍ഡിന്റെ തന്ത്രവിദ്യാ പാഠശാല

ദേവസ്വം ബോര്‍ഡിന്റെ ആരംഭകാലത്തു തന്നെ ശാന്തിക്കാരായി ജാതിഭേദമില്ലാതെ ആളുകളെ തെരഞ്ഞെടുത്ത് പരിശീലിപ്പിച്ചിരുന്നു എന്നതാണ് വസ്തുത. ഇക്കാര്യം ആദിത്യന്‍ കേസിലെ വിധിന്യായത്തില്‍ ഹൈക്കോടതിയും സുപ്രീംകോടതിയും എടുത്തു പറഞ്ഞിരുന്നു. 7.5.1969 ലാണ് ജാതിയുടേയോ സമുദായത്തിന്റേയോ പേരില്‍ വിവേചനം നടത്താതെ താല്‍പര്യമുള്ള എല്ലാവരേയും തന്ത്രവിദ്യ അഭ്യസിപ്പിച്ച് ശാന്തിക്കാരാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പദ്ധതി തയ്യാറാക്കി അംഗീകാരം നല്‍കിയത്. പദ്ധതിയുടെ ഭാഗമായി തിരുവല്ലയില്‍ ശ്രീരാമകൃഷ്ണ മഠത്തിനു കീഴില്‍ തന്ത്രവിദ്യാ പാഠശാലയും ആരംഭിച്ചിരുന്നു. പത്തുപേരായിരുന്നു ആദ്യ പഠിതാക്കളായി എത്തിയത്. അതില്‍ നായര്‍ വിഭാഗത്തില്‍ നിന്ന് നാലുപേരും ഈഴവ വിഭാഗത്തില്‍ നിന്ന് മൂന്നുപേരും ബ്രാഹ്‌മണരില്‍ നിന്ന് ഒരാളും പട്ടികജാതി വിഭാഗത്തില്‍ നിന്ന് രണ്ടുപേരും ഉണ്ടായിരുന്നു. പന്തളം സ്വദേശി പരമു, തൃശ്ശൂര്‍ സ്വദേശി സുബ്രഹ്‌മണ്യന്‍ എന്നിവരാണ് ദളിത് വിഭാഗത്തില്‍ നിന്ന് പ്രവേശനം നേടിയത്. ഇരുവരേയും പിന്നീട് ദേവസ്വം ക്ഷേത്രങ്ങളില്‍ നിയമിക്കുകയും ചെയ്തു. ശ്രീരാമകൃഷ്ണ മിഷനിലെ സന്ന്യാസിയായിരുന്ന സ്വാമി വ്യോമകേശാനന്ദയായിരുന്നു സ്‌കൂളിന്റെ ഡയറക്ടര്‍. താഴ്മണ്‍ കണ്ഠരര് ശങ്കരര്, മഹേശ്വര ഭട്ടതിരിപ്പാട് (കീഴുക്കാട്ട് ഇല്ലം) എന്നീ തന്ത്രിമാര്‍ സ്‌കൂളിന്റെ കമ്മിറ്റി അംഗങ്ങളായിരുന്നു.

sc
എന്‍. ആദിത്യന്‍ vs തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിലെ പ്രസക്ത ഭാഗങ്ങള്‍

1969 മുതല്‍ അബ്രാഹ്‌മണരായ മനുഷ്യര്‍ പൂജാപഠനം വിജയകരമായി പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയിരുന്ന ചരിത്രംകൂടി പരിഗണിച്ചുകൊണ്ടാണ് ബ്രാഹ്‌മണരെ മാത്രമേ ശാന്തി ജോലികളില്‍ പരിഗണിക്കാവൂ എന്ന ആദിത്യന്റെ വാദത്തെ കോടതികള്‍ തള്ളി കളഞ്ഞത്. മന്ത്രതന്ത്രവിധികളും അവശ്യം വേണ്ട വേദജ്ഞാനവുമുള്ള അപേക്ഷകരെ മലയാള ബ്രാഹ്‌മണരല്ലാത്തതുകൊണ്ടു മാത്രം ഒഴിവാക്കിയാല്‍ അത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ പതിനാലിന്റേയും പതിനാറിന്റേയും ലംഘനമാകുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ദേവസ്വംബോര്‍ഡിലെ ആദ്യ ദളിത് ശാന്തി

തിരുവല്ലയില്‍ ദേവസ്വം തന്ത്രവിദ്യാ പാഠശാലയില്‍ നിന്ന് പഠിച്ചിറങ്ങിയ പരമുശര്‍മയാണ് ദേവസ്വം ബോര്‍ഡിനു കീഴില്‍ ശാന്തിയായി നിയമനം ലഭിച്ച ആദ്യത്തെ ദളിതന്‍. അച്യുതമേനോന്‍ മുഖ്യമന്ത്രിയും പ്രാക്കുളം ഭാസി ദേവസ്വംബോര്‍ഡ് പ്രസിഡന്റുമായിരുന്ന കാലത്താണ് ദേവസ്വത്തില്‍ ആദ്യമായി അവര്‍ണ വിഭാഗക്കാര്‍ ശാന്തിക്കാരായി നിയമിതരാകുന്നത്. പത്തിയൂര്‍ ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ മേല്‍ശാന്തിയായിട്ടാണ് പരമുശര്‍മയ്ക്ക് ആദ്യ നിയമനം ലഭിച്ചത്. അവിടെ അദ്ദേഹത്തിന് നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് സ്വദേശമായ മുടിയൂര്‍കോണം ധര്‍മ്മശാസ്താക്ഷേത്രത്തിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. 12 വര്‍ഷം ശാന്തിക്കാരനായി തുടര്‍ന്ന അദ്ദേഹം പിന്നീട് ശ്രീകാര്യം പരീക്ഷയെഴുതി ( ഇപ്പോഴത്തെ സബ് ഗ്രൂപ്പ് ഓഫീസര്‍) ഓഫീസറായി. ആ സ്ഥാനത്തിരുന്നാണ് 1996-ല്‍ അദ്ദേഹം വിരമിച്ചത്.

paramusharma
പരമുശര്‍മ. ദേവസ്വം ബോര്‍ഡിനു കീഴില്‍ ശാന്തിയായി നിയമനം ലഭിച്ച ആദ്യ ദളിതന്‍

ആദിത്യന്‍ കേസില്‍ കക്ഷി ചേര്‍ന്നിരുന്ന ശ്രീനാരായണ ധര്‍മപരിപാലന യോഗം (എസ്​.എൻ.ഡി.പി യോഗം) തന്ത്രവിദ്യ അഭ്യസിച്ച അവര്‍ണരെ ശാന്തിക്കാരാകുന്നതില്‍ നിന്നും തടയുന്നത് ആര്‍ട്ടിക്കിള്‍ 17 ന്റെ ലംഘനമാണെന്നും അയിത്താചരണമാണെന്നും വാദിച്ചിരുന്നു. യോഗ്യതയുമുള്ള അവര്‍ണ സമുദായാംഗങ്ങളെ അവര്‍ക്കര്‍ഹതപ്പെട്ട ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുന്ന ദേവസ്വം അധികാരികള്‍ അയിത്താചരണ നിരോധന നിയമപ്രകാരമുള്ള ശിക്ഷക്ക് അര്‍ഹരാണ്.
ആദിത്യന്‍ കേസില്‍ വിധി പ്രഖ്യാപിച്ച് കേരള ഹൈക്കോടതി നടത്തിയ ഏറ്റവും ശ്രദ്ധേയമായ പ്രസ്താവന ഭരണഘടനയുടെ സത്തയെ വൈകാരികമായി ഉയര്‍ത്തിപ്പിടിക്കുന്നതാണ്. ഭരണഘടനയുടെ പ്രധാന ആപ്ത ഗീതങ്ങളിലൊന്ന് ജാതീയതയുടെ പഴയ കാലം തിരിച്ചു വരില്ലെന്ന് ഉറപ്പുവരുത്തലാണെന്നും, ജാതി എന്നത് ഭാവിയില്‍ സാമൂഹ്യശാസ്ത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള ഫോസില്‍ മാത്രമായിത്തീരണമെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞിരുന്നു.

const-values
ഭരണഘടനയുടെ  പ്രധാന ആപ്ത ഗീതങ്ങളിലൊന്ന് ജാതീയതയുടെ പഴയ കാലം തിരിച്ചു വരില്ലെന്ന്  ഉറപ്പുവരുത്തലാണെന്ന്​ സൂചിപ്പിക്കുന്ന ഹൈകോടതി വിധിയിലെ ഭാഗം

അബ്രാഹ്‌മണ സമുദായത്തില്‍ ജനിച്ച രാകേഷിന്റെ നിയമനം ഹൈക്കോടതി ശരിവയ്ക്കുകയും ഈ വിധി സമാനമായ എല്ലാ ക്ഷേത്രനിയമനങ്ങള്‍ക്കും ബാധകമാണെന്നു എന്നു തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്തു. ഈ വിധിക്കെതിരെ 1996 ല്‍ ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചുവെങ്കിലും ജസ്റ്റിസുമാരായ എസ്.രാജേന്ദ്രബാബു, ദുരൈ സ്വാമി രാജു എന്നിവരുടെ ബഞ്ച് അപ്പീല്‍ തള്ളികയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് പൂര്‍ണ്ണമായി ശരിവക്കുന്നതായിരുന്നു 2002 ലെ സുപ്രീം കോടതി നടപടി. 

വിധിയുടെ അനന്തര ഫലങ്ങള്‍

ദേശീയ- അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട വിധിയായിരുന്നു ആദിത്യന്‍ കേസില്‍ സുപ്രീംകോടതി നടത്തിയത്. ദേശീയ മാധ്യമങ്ങളും സാമൂഹ്യശാസ്ത്രജ്ഞരും വിധിയെക്കുറിച്ച് എഴുതി. കേരളത്തിലെ ക്ഷേത്രശാന്തി നിയമനക്കേസുകളെക്കുറിച്ച് പഠിച്ച ഫ്രഞ്ച് സാമൂഹ്യശാസ്ത്രജ്ഞനായ ജില്‍സ് ടരാബൗട്ട് Filing Religion. State, Hinduism, and Courts of Law എന്ന പുസ്തകത്തിലെ Birth vs Merit: kerala Temple Priests and the Courts എന്ന അധ്യായത്തില്‍ ഡെക്കാണ്‍ ഹെറാള്‍ഡ് നല്‍കിയ വാര്‍ത്തയിലെ പരാമര്‍ശം ഉദ്ധരിച്ച് വളരെ പഴയ ആചാരത്തിനേറ്റ കനത്ത പ്രഹരമായി ആദിത്യന്‍ കേസ് വിധിയെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സംവാദങ്ങളൊന്നും തന്നെ ബ്രാഹ്‌മണ്യത്തെയും അതുണ്ടാക്കിയ ജന്മശ്രേഷ്ഠതാ സങ്കല്‍പങ്ങളെയും തകര്‍ക്കാന്‍ പോന്നതായിരുന്നില്ല. നിയമപരവും അക്കാദമികവുമായ എല്ലാ വിമര്‍ശനങ്ങള്‍ക്കും മുകളില്‍ അധികാരം സ്ഥാപിച്ചുകൊണ്ടാണ് ബ്രാഹ്‌മണ്യം ഇപ്പോഴും നിലയുറപ്പിച്ചു നില്‍ക്കുന്നു എന്നതാണ് സമകാല യാഥാര്‍ത്ഥ്യം.
കോടതിയുടെ 2002 ലെ വിധിയെ തുടര്‍ന്ന് പ്രസ്തുത കോടതി വിധി എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണെന്നു ചൂണ്ടിക്കാട്ടി നിയമസഭാ സമിതികള്‍ക്കു മുന്‍പിലും സര്‍ക്കാരിനും പിന്നാക്ക സംഘടനകളും വ്യക്തികളും നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

വളരെ വര്‍ഷങ്ങള്‍ നീണ്ട സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ 2014 ല്‍ മാത്രമാണ് ഈ വിഷയത്തില്‍ വ്യക്തമായ ഒരു സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. 29/04/2014 ല്‍ നം.19128/ദേവ.2/2013/ ആര്‍.ഡി ഉത്തരവില്‍ മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതായിരുന്നു ഉത്തരവ്. ഉത്തരവില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.
‘പൂജാരി ഉള്‍പ്പെടെയള്ള ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ ജാതി പരിഗണന പാടില്ലെന്നത് 3/10/2012 -ലെ അപ്പീല്‍ സിവില്‍ നം . 6965/96 കേസ്സില്‍ ബഹു . സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ടുള്ളതാണ്. വിധി പകര്‍പ്പ് ഉള്ളടക്കം ചെയ്യുന്നു . ടി കേസ്​ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ സംബന്ധിക്കുന്നതാകയാല്‍ മറ്റ് ദേവസ്വം ബോര്‍ഡുകള്‍ക്ക് ബാധകമാക്കണമെന്ന് നിയമസഭാ മുന്‍പാകെയും അല്ലാതെയും സ്വകാര്യവ്യക്തികളും മറ്റും സര്‍ക്കാരിനോട് വളരെ ശക്തമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിയമോപദേശം നേടുകയും ബഹു. സുപ്രീം കോടതിവിധി എല്ലാ ദേവസ്വം ബോര്‍ഡുകള്‍ക്കും ബാധകമാണെന്നുള്ള നിയമോപദേശം ലഭിച്ചിട്ടുള്ളതുമാണ്. ആയതിനാല്‍ ശാന്തി മുതലായ തസ്തികകളിലെ നിയമനം ജാതിപരിഗണന കൂടാതെ എല്ലാ ദേവസ്വ ബോര്‍ഡുകളിലും നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട് . ഇക്കാര്യത്തില്‍ അടിയന്തിരമായി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് ദേവസ്വം കമ്മീഷണര്‍മാരെ അറിയിക്കുന്നു'

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സമയത്ത് പുറത്തിറങ്ങിയ ഈ ഉത്തരവിന്റെ വെളിച്ചത്തില്‍ ദേവസ്വങ്ങള്‍ പിന്നീട് തുടര്‍നടപടി സ്വീകരിക്കുകയുണ്ടായി. അതിനു ശേഷം കേരള ദേവസ്വം റിക്രൂട്ട്‌മെൻറ്​ ബോര്‍ഡ് ബില്ല് 2015, നിയമസഭ പാസാക്കിയിരുന്നു. പുതിയ റിക്രൂട്ട്‌മെൻറ്​ ബോര്‍ഡ് നടത്തിയ എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 62 പേരെ ശാന്തിക്കാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തു. ഇതില്‍ ആറുപേര്‍ പട്ടിക വിഭാഗത്തില്‍ നിന്നടക്കം 36 പേര്‍ പിന്നാക്കവിഭാഗങ്ങളില്‍ നിന്നായിരുന്നു. ഈ 36 പേരില്‍ 16 പേര്‍ ഓപ്പണ്‍ മെറിറ്റ് വിഭാഗത്തിലാണ് നിയമിതരായത് എന്ന വസ്തുത യോഗ്യത സംബന്ധിച്ച എല്ലാ സവര്‍ണ വാദങ്ങളുടേയും മുനയൊടിക്കാന്‍ പര്യാപ്തമാണ്. പിന്നീട് കൊച്ചിന്‍ ദേവസ്വംബോര്‍ഡും ഇതേ മാതൃകയില്‍ നിയമനം നടത്തി. എന്നാല്‍ ശബരിമല മേല്‍ശാന്തി നിയമനത്തില്‍ മാത്രം മലയാള ബ്രാഹ്‌മണന്‍ തന്നെ വേണമെന്ന നിയമവിരുദ്ധമായ നിര്‍ബന്ധം ദേവസ്വം ബോര്‍ഡ് തുടരുകയാണ്.

മലയാള ബ്രാഹ്‌മണന്‍ ഒരു കൃ​ത്രിമ വർഗം

മേല്‍ശാന്തി നിയമന വിഷയത്തില്‍ ശബരിമലയിലെ ബ്രാഹ്‌മണിക് താത്പര്യങ്ങളെ നിലനിര്‍ത്താന്‍ സാധ്യമാകുന്ന എല്ലാ ശ്രമങ്ങളും നടത്തുന്ന ദേവസ്വം ബോര്‍ഡിനെയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടത്. പ്രത്യക്ഷത്തില്‍ പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ തന്നെ, ആന്തരികമായി ബ്രാഹ്‌മണദാസ്യം ദേവസ്വം നിലപാടുകളില്‍ നിറയുന്നുണ്ട്. ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്ന പുരോഗമന നിലപാടുകള്‍ മാത്രമാണ് മാധ്യമങ്ങളും പൊതുസമൂഹവും ഇക്കാലയളവില്‍ ചര്‍ച്ച ചെയ്തത്. മുഖ്യധാരാ മാധ്യമങ്ങളുടെ സവര്‍ണ്ണ മനോഭാവം കൂടി വെളിപ്പെടുന്ന സന്ദര്‍ഭങ്ങളായി ദേവസ്വത്തിലെ ജാതി പ്രശ്‌നത്തെ കാണാം. ദേവസ്വത്തിലെ ജാതി വിവിവേചനവും വര്‍ഷങ്ങളായി തുടരുന്ന നിയമ പോരാട്ടവുമൊന്നും മുഖ്യധാരാ പത്രങ്ങളില്‍ വാര്‍ത്തയാകാറില്ല.

yadhu
യദു കൃഷ്ണന്‍

2017 ഒക്ടോബര്‍ ഒന്‍പതിനാണ് തിരുവല്ല വളഞ്ഞവട്ടം മണപ്പുറം ശിവക്ഷേത്രത്തില്‍ ദളിത് വിഭാഗത്തില്‍ ജനിച്ച യദുകൃഷ്ണന്‍ ശാന്തിയായി ചുമതലയേല്‍ക്കുന്നത്. യദുകൃഷ്ണന്റെ നിയമനം നവോത്ഥാനത്തിന്റെ ഫലവും തുടര്‍ച്ചയുമായി ആഘോഷിക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും മാധ്യമങ്ങളും വലിയ താത്പര്യം കാണിച്ചിരുന്നു. 
‘താന്ത്രിക വിധിപ്രകാരം പൂജ പഠിച്ച യോഗ്യതയുള്ളവരെ ജാതി പരിഗണിക്കാതെ ശാന്തിക്കാരാക്കണം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. താന്ത്രിക വിധിയില്‍ പ്രാവീണ്യമില്ലെങ്കിലും ജാതിയുടെ അടിസ്ഥാനത്തില്‍ പൂജയ്ക്ക് നിയമിക്കപ്പെടുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഈ രീതി മാറണം. അറിവുള്ളവരെ നിയമിക്കണം, ദേവസ്വം ശാന്തി നിയമനത്തിലെ അഴിമതി അവസാനിപ്പിച്ച് സുതാര്യമാക്കണം എന്നിങ്ങനെയുള്ള താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. ദേവസ്വം ബോര്‍ഡ് ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ് ഇത്.' (ദേശാഭിമാനി). ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ വാക്കുകളാണ് മുകളില്‍ ഉദ്ധരിച്ചത്. 
എന്നാല്‍ വകുപ്പു മന്ത്രിയായിരുന്ന കടകംപള്ളിയുടെ പ്രസ്താവനയ്ക്ക് എതിരായ നടപടികളാണ് ദേവസ്വം ബോര്‍ഡില്‍ അതേ സമയം സംഭവിച്ചുകൊണ്ടിരുന്നത് എന്നതാണ് വസ്തുത.

യദുകൃഷ്ണന്‍ അടക്കമുള്ളവരുടെ നിയമനം നടക്കുന്നതിന് രണ്ടുമാസം മുന്‍പ് 20.7.2017ല്‍ ശബരിമല മേല്‍ശാന്തി നിയമനത്തിനുള്ള വിജ്ഞാപനം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിദ്ധീകരിച്ചിരുന്നു. സി.വി.വിഷ്ണുനാരായണന്‍ എന്ന അവര്‍ണ സമുദായത്തില്‍ ജനിച്ച ശാന്തിക്കാരന്റെ അപേക്ഷ പരിഗണിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തയ്യാറായില്ല. വിഷ്ണുനാരായണന്‍ കേസില്‍ ആദിത്യന്‍ കേസിന്റെ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിക്കാനാണ് ദേവസ്വം ശ്രമിച്ചത്. ആദിത്യന്‍ കേസ് വിധി സ്ഥിരം ശാന്തിക്കാരെ സംബന്ധിച്ചാണെന്നും, ശബരിമലയിലേത് ഒരു വര്‍ഷത്തേക്കുള്ള താല്‍ക്കാലിക നിയമനമാണെന്നുമായിരുന്നു അന്ന് ദേവസ്വം നിലപാട്.

vishnu
സി.വി.വിഷ്ണുനാരായണൻ

ശബരിമലയിൽ മേൽശാന്തി നിയമനത്തിന് അപേക്ഷിക്കാൻ ബ്രാഹ്മണർക്കു മാത്രമേ അർഹതയുള്ളൂ എന്ന നിലപാട് ദേവസ്വം പ്രഖ്യാപിച്ചത് രണ്ടായിരത്തിനു ശേഷം മാത്രമാണ്. സി.വി.വിഷ്ണുനാരായണന്റെ ഗുരു മാത്താനം വിജയൻ തന്ത്രികൾ 1979ൽ ശബരിമല മേൽശാന്തി ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു. മാത്രമല്ല ആദിത്യന്‍ കേസ് വിധിയില്‍ സ്ഥിരമെന്നോ താത്കാലികമെന്നോ ഉള്ള വിഭജനങ്ങളൊന്നും സുപ്രീംകോടതി പരാമര്‍ശിക്കുന്നില്ല എന്നോര്‍ക്കണം. ദേവസ്വം ശാന്തി നിയമനങ്ങളില്‍ ബ്രാഹ്‌മണര്‍ക്കു പ്രത്യേകിച്ച് സംവരണമൊന്നുമില്ലെന്നും ജാതിവിവേചനം പാടില്ലെന്നും സുപ്രീംകോടതി വിധിച്ച ശേഷം സ്ഥിരനിയമനങ്ങള്‍ക്കു മാത്രം ജാതിവിവേചനം കാണിക്കില്ലെന്ന നിലപാടാണ് ദേവസ്വംബോര്‍ഡ് തുടരുന്നത്. ശബരിമല പോലുള്ള പ്രധാനക്ഷേത്രങ്ങളിലെ ‘താല്‍ക്കാലിക' ശാന്തി നിയമനങ്ങളില്‍ നൂറു ശതമാനം ബ്രാഹ്‌മണ സംവരണം തുടരുമെന്ന ബോര്‍ഡ് തീരുമാനം ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇപ്പോഴും വ്യക്തമല്ല. ദേവസ്വം നിയമത്തിലെ കീഴ്‌വഴക്കം/ usage എന്ന വാക്ക് ശാന്തി നിയമനത്തിലെ ജാതിയെ ഒരു നിലക്കും സാധൂകരിക്കുന്നതല്ലെന്ന വ്യക്തമായ ഉത്തരവ് നിലനില്‍ക്കെത്തന്നെ ശബരിമലയില്‍ ആചാരങ്ങളും കീഴ് വഴക്കങ്ങളും പിന്‍തുടരുക മാത്രമാണ് ചെയ്യുന്നതെന്നാണ് ദേവസ്വംബോര്‍ഡ് പറയുന്നത്. 

rejection
2018-ല്‍ ശബരിമല ദേവസ്വത്തിലെ മേല്‍ശാന്തി നിയമനത്തിന് നല്‍കിയ അപേക്ഷ നിരസിച്ചു കൊണ്ട് വിഷ്ണുനാരായണന് ലഭിച്ച അറിയിപ്പ്.

മേല്‍പറഞ്ഞ വിതണ്ഡവാദങ്ങളേക്കാള്‍ വിചിത്രമായ വാദങ്ങളാണ് മലയാള ബ്രാഹ്‌മണന്‍ എന്ന പദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് 2017ല്‍ ഉയര്‍ത്തിയത്. കേരളത്തില്‍ സവര്‍ണരിലെ ബ്രാഹ്‌മണ ജാതികളെ സൂചിപ്പിക്കാനാണ് മലയാള ബ്രാഹ്‌മണന്‍ എന്ന പദം ഉപയോഗിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ മലയാള ബ്രാഹ്‌മണന്‍ എന്നത് ജാതിയെയല്ല പ്രത്യേക വര്‍ഗ്ഗത്തെ (Particular Class) സൂചിപ്പിക്കുന്ന പദമാണെന്നാണ് സര്‍ക്കാര്‍ പ്രതിനിധി കോടതിയില്‍ സ്വീകരിച്ച നിലപാട്. ആരാണ് മലയാള ബ്രാഹ്‌മണര്‍? മലയാള ബ്രാഹ്‌മണരില്‍ ഏതെല്ലാം ജാതിക്കാര്‍ ഉള്‍പ്പെടും? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരമന്വേഷിക്കേണ്ടി വരുന്നത് ഈ ഘട്ടത്തിലാണ്.

നാഗം അയ്യയുടെ തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വലില്‍ മലയാള ബ്രാഹ്‌മണര്‍ എന്ന പദം കാണുന്നുണ്ട്. സ്‌കൂളുകളെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ ടി.കെ.വേലുപ്പിള്ള മലയാള ബ്രാഹ്‌മണന്‍ എന്നു പ്രയോഗിച്ചു കാണുന്നുണ്ട്. മലബാര്‍ ഗസറ്റീയറില്‍ ‘മലബാര്‍ ബ്രാഹ്‌മണന്‍' എന്ന പ്രയോഗമുണ്ട്. എന്നാല്‍ മലബാര്‍ ഗസറ്റിയര്‍ രണ്ടാം പുസ്തകം വിവര്‍ത്തനം ചെയ്ത കെ.സി. മാനവിക്രമന്‍ രാജ മലബാര്‍ ബ്രാഹ്‌മണന് മലയാള ബ്രാഹ്‌മണന്‍ എന്നു തര്‍ജ്ജമ ചെയ്തിരിക്കുന്നു. ഇതാകട്ടെ നമ്പൂതിരിമാരെ ഉദ്ദേശിച്ചാണുതാനും. ‘മലയാള ബ്രാഹ്‌മണര്‍ക്കു സാധാരണമായിട്ടുള്ള പേര്‍ നമ്പൂതിരി എന്നാകുന്നു' എന്നാണ് വിവര്‍ത്തനത്തില്‍ പറയുന്നത്. 
‘മലയാള ബ്രാഹ്‌മണരായ നമ്പൂതിരിമാര്‍ക്കു പുറമേ പട്ടന്മാര്‍, എമ്പ്രാന്തിരിമാര്‍ ഇങ്ങനെ പറയപ്പെടുന്ന രണ്ടു ബ്രാഹ്‌മണവര്‍ഗ്ഗവും വളരെക്കാലമായി മലയാളത്തില്‍ കൂടിയേറി പാര്‍ത്തു വന്നിട്ടുണ്ട് . ഇവരും നമ്പൂതിരിമാരും തമ്മില്‍ കാഴ്ചയിലും ആചാര നടപടികളിലും വളരെ വ്യത്യാസപ്പെട്ടിരിക്കുന്നുണ്ട് . ഇതില്‍ പട്ടന്മാര്‍ കിഴക്കന്‍ ജില്ലകളില്‍നിന്നും എമ്പ്രാന്തിരിമാര്‍ കര്‍ണ്ണാടക രാജ്യത്തില്‍നിന്നും അല്ലെങ്കില്‍ തുളു രാജ്യത്തില്‍നിന്നും ആണ് മലയാളത്തിലേക്കു വന്നു ചേര്‍ന്നിരിക്കുന്നത്' എന്ന്​ പുസ്തകത്തില്‍ വിശദീകരിച്ചു കാണാം. എമ്പ്രാന്തിരിമാര്‍ തുളു ബ്രാഹ്‌മണരാണ് എന്ന് ശബ്ദതാരാവലി പറയുന്നു. മലയാള ബ്രാഹ്‌മണരെക്കുറിച്ച് ശബ്ദതാരാവലി വിശദീകരിക്കുന്നില്ലെങ്കിലും നമ്പൂതിരി ഒരു മലയാള ബ്രാഹ്‌മണവിഭാഗമാണെന്നു പറയുന്നുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ നമ്പൂതിരി എമ്പ്രാന്തിരി, പോറ്റി തുടങ്ങിയവരെ ഇപ്പോള്‍ ‘മലയാള ബ്രാഹ്‌മണന്‍’ എന്ന കൃത്രിമ വര്‍ഗമാക്കിയിരിക്കുയാണ് ദേവസ്വം ബോര്‍ഡ് ചെയ്തിരിക്കുന്നത്. പൂജാ സമ്പ്രദായത്തിലും ആഗമങ്ങളിലും വ്യത്യാസമുള്ളതിനാല്‍ മറുനാട്ടിലെ ബ്രാഹ്‌മണരാരും ശബരിമല ക്ഷേത്രത്തില്‍ അപേക്ഷകരായി എത്തില്ലെന്നിരിക്കെ, കേരളത്തിലെ അവര്‍ണശാന്തിക്കാര്‍ ശബരിമല / മാളികപ്പുറം ക്ഷേത്രങ്ങളില്‍ മേല്‍ശാന്തി തസ്തികയിലേക്ക് അപേക്ഷിക്കുന്നതു തടയുക എന്നതു മാത്രമാണ് ഈ ക്ലാസിഫിക്കേഷന്റെ ഏകലക്ഷ്യം. ചരിത്രത്തേയും സാമൂഹ്യനീതിയേയും ഒരുപോലെ വെല്ലുവിളിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ ‘മലയാള ബ്രാഹ്‌മണ വര്‍ഗസിദ്ധാന്തത്തെ' തളളിപ്പറയാന്‍ പുരോഗമ സര്‍ക്കാരിനും വര്‍ഗരാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ബാധ്യതയുണ്ട്. ബ്രാഹ്‌മണവാദത്തിന് ആശയാടിത്തറയൊരുക്കാനുള്ള കേന്ദ്രങ്ങളായി കോടതി വ്യവഹാരങ്ങള്‍ മാറുന്നില്ല എന്ന് ദേവസ്വം വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ ഉറപ്പു വരുത്തണം.

mathanam
മാത്താനം വിജയൻ  തന്ത്രികൾ

ദളിതനെ ശാന്തിയായി നിയമിച്ചത് ചരിത്രപരമായ തീരുമാനമെന്നു പ്രഖ്യാപിച്ച് വാര്‍ത്തയില്‍ ഇടം നേടുകയും അതേസമയം മലയാള ബ്രാഹ്‌മണര്‍ വര്‍ഗ്ഗമാണെന്നു വാദിക്കുകയും ചെയ്യന്നത് ഇരട്ടത്താപ്പാണ്. ഈ നില ദേവസ്വംബോര്‍ഡും സര്‍ക്കാരും അവസാനിപ്പിച്ചേ തീരൂ. സംഘപരിവാര്‍ രാഷ്ട്രീയത്തിന് വേരോട്ടം നല്‍കുന്ന ഈ തീരുമാനം ഇന്ത്യന്‍ ഭരണഘടനാമൂല്യങ്ങളെയും കേരളത്തിന്റെ നവോത്ഥാനചരിത്രത്തേയും റദ്ദുചെയ്യുന്നതാണ്. ഇതേ കാലഘട്ടത്തിലാണ് തൊണ്ണൂറ്റിയഞ്ചു ശതമാനം ജീവനക്കാരും സവര്‍ണ്ണരായ ദേവസ്വം ബോര്‍ഡുകളില്‍ പത്തു ശതമാനം സവര്‍ണ്ണ സംവരണം ഏര്‍പ്പെടുത്തി ഉത്തരവായത് എന്നതുകൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. 

കാരാണ്മയും ദളിത്- പിന്നാക്ക ശാന്തിക്കാരും

അവര്‍ണ വിഭാഗത്തില്‍പ്പെട്ട ശാന്തിക്കാരേയും കഴകക്കാരേയും നിയമിക്കുന്നതിലൂടെ സവര്‍ണ സമുദായംഗങ്ങള്‍ക്ക് അവരുടെ പാരമ്പര്യത്തൊഴിലുകള്‍ പോലും നഷ്ടപ്പെടുകയാണ് എന്ന തരത്തിലുള്ള പ്രചരണം വ്യാപകമായി നടന്നിരുന്നു. ദേവസ്വം ബോര്‍ഡില്‍ സവര്‍ണ്ണ സംവരണം നടപ്പാക്കാന്‍ ഈ പ്രചരണം കൂടി കാരണമായിട്ടുണ്ട്. 
സവര്‍ണ്ണര്‍ക്ക് പാരമ്പര്യതൊഴിലുകള്‍ നഷ്ടപ്പെടുന്നു എന്ന പ്രചരണം അടിസ്ഥാന രഹിതമായിരുന്നു എന്നതാണ് വസ്തുത. ക്ഷേത്രസംബന്ധിയായ തൊഴിലുകളില്‍ നിന്ന് പാരമ്പര്യ അവകാശികളും സവര്‍ണ്ണരും പിന്‍മാറുന്ന സാഹാചര്യം എന്താണെന്ന് കടകംപള്ളി സുരേന്ദ്രന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സവര്‍ണ്ണ തൊഴില്‍ നഷ്ടം എന്ന പ്രചരണത്തെക്കുറിച്ച് അദ്ദേഹം ദേശാഭിമാനിക്കു നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നത് കാണാം:
‘സവര്‍ണ സമുദായക്കാര്‍ക്ക്)തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കകള്‍ക്കൊന്നും ഒരടിസ്ഥാനവുമില്ല. ഇപ്പോഴും ക്ഷേത്രങ്ങളില്‍ ആവശ്യത്തിന് ശാന്തിക്കാരെ ലഭിക്കാനില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ തന്നെ പറയുന്നത്. നമ്പൂതിരിമാരുള്‍പ്പെടെ പരമ്പരാഗതമായി ശാന്തിവൃത്തി ചെയ്യുന്ന സമുദായങ്ങളിലെ പുതിയ തലമുറ അമ്പലവാസികളാവാന്‍ തയ്യാറാവുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അവര്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടി ഉന്നത യോഗ്യതകളുമായി മറ്റ് തൊഴില്‍ രംഗത്ത് പ്രതിഭ തെളിയിക്കുന്നവരാണ്. പ്രൊഫഷണല്‍ രംഗത്ത് മികവുതെളിയിച്ച് പുതിയ മേഖലകള്‍ കണ്ടെത്തുകയാണവര്‍ '. 

മുന്‍ ദേവസ്വം മന്ത്രിയുടെ ഈ നിരീക്ഷണം വസ്തുതാപരമായി ശരിയാണെന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ ദേവസ്വം ക്ഷേത്രങ്ങളെക്കുറിച്ച് പഠിക്കുമ്പോള്‍ തെളിഞ്ഞു വരും. നിരീക്ഷിച്ചാല്‍ കാണാനാവും. പാരമ്പര്യ അവകാശികള്‍ കാരാണ്മ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ തന്നെ ഉദാഹരണം.
 ആദിത്യന്‍ കേസിലെ എതിര്‍ സത്യവാങ്ങ്മൂലത്തില്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ ശാന്തിക്കാരെ നിയമിക്കുന്നത് കാരാണ്മ , നോണ്‍- കാരാണ്മ എന്നിങ്ങനെ രണ്ടു രീതിയിലാണ് എന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വത്തിന്റെ കാര്യത്തില്‍ കാരാണ്മ എന്നാല്‍ ഒരു പ്രത്യേക കുടുംബത്തിന് ഒരു ക്ഷേത്രത്തില്‍ പാരമ്പര്യമായി നിലനില്‍ക്കുന്ന അവകാശമാണ്. പാരമ്പര്യ അവകാശിയായ കുടുംബത്തിലെ കാരണവര്‍ നിര്‍ദ്ദേശിക്കുന്ന ആളെ ദേവസ്വം ശാന്തിയായി നിയമിക്കുന്നതാണ് കാരാണ്മ ശാന്തി നിയമനത്തിന്റെ രീതി. നോണ്‍- കാരാണ്മ ശാന്തി പോസ്റ്റുകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ച് അപേക്ഷ ക്ഷണിച്ച് പരീക്ഷ / അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാണ് നിയമനം നടത്തുക.

കാരാണ്മ ശാന്തിക്കാരനായി ജോലിയില്‍ പ്രവേശിച്ചയാളാണ് കവി വിഷ്ണുനാരായണന്‍ നമ്പൂതിരി. അധ്യാപന ജോലിയില്‍ നിന്ന്​ വിരമിച്ച ശേഷമാണ് കവി തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ കാരാണ്മ മേല്‍ശാന്തിയായത്. ശ്രീവല്ലഭക്ഷേത്രത്തില്‍ കാരാണ്മ ശാന്തിക്ക് അവകാശമുള്ള അഞ്ച് ഇല്ലങ്ങളിലൊന്നായ ശീരവള്ളി ഇല്ലത്തെ അംഗമായിരുന്നു അദ്ദേഹം. ഇത്തരത്തില്‍ കാരാണ്മ അവകാശം നിലനില്‍ക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. ശാന്തിക്കാരാകാന്‍ കാരാണ്മ കുടുംബത്തില്‍പ്പെട്ട ആളുകളെ ലഭിക്കാതെ വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. താരതമ്യേന ചെറുതും അപ്രശസ്തങ്ങളുമായ ക്ഷേത്രങ്ങളിലെ കാരാണ്മ പല കുടുംബങ്ങളും കൈയ്യൊഴിയുകയും ദേവസ്വത്തിന് തിരിച്ചേല്‍പ്പിക്കുകയും ചെയ്യുകയാണിപ്പോള്‍.

2021 ഏപ്രില്‍ 27ലെ ഗസറ്റ് വിജ്ഞാപനത്തില്‍ എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കിഴക്കൊമ്പ് ക്ഷേത്രത്തിലെ കാരാണ്മ അവകാശി കുടുംബം ഒഴിവാക്കുന്നതു സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നിരവധി ക്ഷേത്രങ്ങളുടെ കാരാണ്മ അവകാശികള്‍ കൈയ്യൊഴിയുന്ന കാലത്താണ് ആര്‍ക്കും കാരാണ്മയോ പാരമ്പര്യ അവകാശമോ ഇല്ലാത്ത ശബരിമല, മാളികപ്പുറം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലെ മേല്‍ശാന്തി തസ്തികകള്‍ ‘മലയാള ബ്രാഹ്‌മണര്‍' എന്ന പ്രത്യേക വിഭാഗം കുത്തയാക്കി വച്ചിരിക്കുന്നത്.

karanma
എറണാംകുളത്തെ കിഴക്കൊമ്പ് ക്ഷേത്രത്തിലെ കാരാണ്മ അവകാശി കുടുംബം ഒഴിവാക്കുന്നതു സംബന്ധിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ച വിജ്ഞാപനം

ചില ക്ഷേത്രങ്ങളില്‍ ദളിത് പിന്നാക്ക ശാന്തിക്കാരെ നിയമിക്കുകയും മറ്റു ചിലയിടങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുകയും ചെയ്യുന്നതിനു പിന്നിലെ താൽപര്യം വ്യക്തവും കൃത്യവുമാണ്. വരുമാനവും പദവി മൂല്യങ്ങള്‍ കുറവുള്ള ക്ഷേത്രങ്ങളില്‍ ശാന്തി ചെയ്യാന്‍ ബ്രാഹ്‌മണ സമുദായങ്ങളില്‍ നിന്നും ആളുകളെ ലഭിക്കാത്ത സാഹചര്യമുണ്ട്. ആ ഒഴിവിലേക്കാണ് ഇപ്പോള്‍ ദളിത് / പിന്നാക്ക ശാന്തിക്കാരെ നിയമിക്കപ്പെടുന്നത്. പ്രധാനക്ഷേത്രങ്ങളിലേക്ക് അബ്രാഹ്‌മണര്‍ നിയമിക്കപ്പെട്ട സംഭവങ്ങള്‍ അപൂര്‍വ്വമായേ ഉണ്ടായിട്ടുള്ളൂ. അവിടെയെല്ലാം സംഘടിതമായ എതിര്‍പ്പിലൂടെ അവരെ പുറത്താക്കാന്‍ ബ്രാഹ്‌മണ്യവും ഹിന്ദുത്വ സംഘടനകളും കൈകോര്‍ത്തിട്ടുമുണ്ട്.ആലപ്പുഴ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ കീഴ്ശാന്തിയായി സുധികുമാര്‍ അബ്രാഹ്‌മണനായിരുന്നു. അദ്ദേഹത്തെ ക്ഷേത്രം ശാന്തിയായി നിയമിച്ചപ്പോഴുണ്ടായ പ്രതിഷേധങ്ങള്‍ ഓര്‍ക്കുക. സമൂഹത്തില്‍ ബ്രാഹ്‌മണരുടെ അധീശത്വവും അതുണ്ടാക്കുന്ന പൗരോഹിത്യാധികാരങ്ങളും സ്ഥാപിക്കാനും നിലനിര്‍ത്താനും സഹായിക്കുന്ന അധികാരസ്ഥാനങ്ങളെ ഭരണഘടനാ മൂല്യങ്ങളെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ബ്രാഹ്‌മണിസം കൈയ്യടക്കുന്നു. സമൂഹത്തില്‍ ബ്രാഹ്‌മണിക് അധികാരങ്ങളെയും മേല്‍ക്കോയ്മയേയും നിലനിര്‍ത്താനുതകുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നത് ഏറെ ദുഃഖകരമാണ്.

പിന്നാക്ക പൗരോഹിത്യവും സംഘ്പരിവാര്‍ അജണ്ടയും

കേരളത്തിൽ പിന്നാക്ക വിഭാഗക്കാർക്ക് ശാന്തി പരിശീലനം നൽകുന്നതിൽ ഹിന്ദുത്വ ശക്തികൾ ഇപ്പോൾ വച്ചു പുലർത്തുന്ന പ്രത്യേക താത്പര്യം സൂക്ഷ്മമായി അപഗ്രഥിക്കപ്പെടേണ്ടതാണ്. ജിൽസ് ടരാബൗട്ട് അദ്ദേഹത്തിൻ്റെ പഠനത്തിൽ ഇതേക്കുറിച്ച് പരാമർശിക്കുന്നുണ്ട്. സംഘ്പരിവാറിൻ്റെ നേതൃത്വത്തിൽ നടക്കുന്ന തന്ത്രവിദ്യാ പഠനക്ലാസുകളെക്കുറിച്ചും അവർ നടത്തിയ "പാലിയം വിളംബരം 'എന്ന പ്രഖ്യാപനത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.

കേരളത്തിൽ അബ്രാഹ്മണരായ തന്ത്രിമാരെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചത് സംഘപരിവാറാണെന്ന പ്രചരണം ഇപ്പോഴും ശക്തമാണ്. എന്നാൽ ഈ വാദത്തിന് ചരിത്രപരമായി സാധുതയില്ല. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ തന്നെ അവർണ്ണർ ക്ഷേത്രാരാധനയിൽ അവകാശം സ്ഥാപിക്കാൻ ശ്രമം തുടങ്ങിയിരുന്നു. ആറാട്ടുപുഴ വേലായുധപണിക്കരായിരുന്നു അത് തുടങ്ങി വച്ചത്. ദളിത് സന്ന്യാസിയായ ഓമലും വിഗ്രഹം സ്ഥാപിച്ച് ആരാധന നടത്തിയിരുന്നു. ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ ഈ വഴിയിലെ നാഴികക്കല്ലാണ്. ഗുരുവിന് ശേഷം അവർണ്ണ വിഭാഗങ്ങൾ സംഘടിതമായി തന്നെ സ്വന്തം ക്ഷേത്രങ്ങൾ സ്ഥാപിച്ച് ആരാധന നടത്താൻ ആരംഭിച്ചിരുന്നു. നാരായണ ഗുരുവിന്റെ അനുയായിയായിരുന്ന ശങ്കരൻ പരദേശിയാണ് അക്കാലത്ത് ക്ഷേത്ര പൂജാദി കാര്യങ്ങൾ അവർണ്ണരെ പരിശീലിപ്പിച്ചിരുന്നത്. ആ പരമ്പരയിൽ നിന്ന് തന്ത്രവിദ്യ അഭ്യസിച്ചവരുടെ പിൻഗാമികളാണ് കേരളത്തിലെ അവർണ്ണശാന്തിക്കാരിൽ ഭൂരിഭാഗവും. പിന്നീട് ശ്രീരാമകൃഷ്ണ മിഷനിലെ സന്ന്യാസിമാരും അവർണ്ണരെ ക്ഷേത്രാരാധനങ്ങൾ നടത്താൻ പരിശീലനം നൽകിയിരുന്നു. ദേവസ്വം തന്ത്ര പാഠശാലയുടെ ചുമതലയേറ്റെടുത്തത് ശ്രീരാമകൃഷ്ണ മിഷനായിരുന്നുവെന്ന് മുൻപ് സൂചിപ്പിച്ചിരുന്നുവല്ലോ. സംഘ്പരിവാർ കേരളത്തിൽ സജീവമാകുന്നതിനു അരനൂറ്റാണ്ടു മുൻപു തന്നെ അവർണ്ണശാന്തിക്കാർ പൗരോഹത്യം ഏറ്റെടുക്കുകയും കേരളത്തിലെമ്പാടും സ്വന്തം ക്ഷേത്രങ്ങൾ സ്ഥാപിച്ച് നിത്യപൂജകൾ മുതൽ ഉത്സവങ്ങളും പ്രതിഷ്ഠകളും വരെ നിർവഹിച്ചു വരികയും ചെയ്തിരുന്നു.ഈ വസ്തുതകൾ മുഴുവൻ റദ്ദുചെയ്തുകൊണ്ടാണ് അവർണ്ണ ശാന്തിക്കാർക്കു മേൽ സംഘ് രാഷ്ട്രീയം അവകാശമുന്നയിക്കുന്നത്.

കേരളത്തിലെ ആദ്യകാല ആർ.എസ്.എസ്. നേതാവായ പി. മാധവൻ ക്ഷത്രിയ സമുദായക്കാരനായിരുന്നു. നിലനിന്നിരുന്ന വ്യവസ്ഥയനുസരിച്ച് തന്ത്ര പൂജകൾക്ക് അധികാരമില്ലാതിരുന്ന മാധവൻ തന്ത്രവിദ്യ പഠിക്കുകയും ഹിന്ദുത്വ രാഷ്ട്രീയത്തിന് പിന്നാക്ക വിഭാഗങ്ങളിൽ വേരോട്ടമുണ്ടാക്കാനുള്ള എളുപ്പവഴിയായി ഈ മേഖലയെ മനസ്സിലാക്കുകയും ചെയ്തു. 1975 മുതൽ കെ.കേളപ്പൻ സ്ഥാപിച്ച ക്ഷേത്ര സംരക്ഷണ സമിതി വഴി അതിനുള്ള ആസൂത്രിതമായ ശ്രമങ്ങൾ സംഘ് രാഷ്ട്രീയം നടത്തിയിരുന്നു. ക്ഷേത്രപൂജാ സമ്പ്രദായങ്ങളെ ഏകീകരിക്കുന്നതിനു വേണ്ടി 1987 ൽ ആലുവ അദ്വൈതാശ്രമത്തിൽ ഒരു യോഗം വിളിച്ചു ചേർക്കാൻ ഇവർക്കു സാധിച്ചു. അക്കാലത്ത് പ്രശസ്തരായ പല തന്ത്രിമാരും ശാന്തിക്കാരും യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രസ്തുത പരിപാടിയിൽ പൂജകൾ ചെയ്തത് പിന്നാക്ക വിഭാഗങ്ങളിലെ തന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നുവെന്ന് പിൽക്കാലത്ത് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ പരിപാടിക്കു ശേഷം സംഘ്പരിവാർ നടത്തിയ ആസൂത്രിതമായ പ്രവർത്തനങ്ങളിലൂടെ അവർണ്ണതന്ത്രിമാർക്ക് അവകാശപ്പെടാനുണ്ടായിരുന്ന നവോത്ഥാനപാരമ്പര്യം ഏതാണ്ട് പൂർണ്ണമായി മായ്ച്ചു കളയുകയും പി.മാധവനെ കേന്ദ്രീകരിച്ച് പുതിയൊരു ചരിത്രം നിർമ്മിച്ചെടുക്കുകയും ചെയ്തു. പി.മാധവൻ സ്ഥാപിച്ച ആലുവ തന്ത്രവിദ്യാപീഠം, സർക്കാർ ഗ്രാൻ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനമായിട്ടു കൂടി അല്പകാലം മുൻപുവരെ അവിടെ അവർണ്ണ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ലെന്ന് ഓർക്കുക. അവർണ്ണ സമുദായത്തിലെ കുട്ടികൾക്ക് അപേക്ഷിക്കാൻ സാധിക്കാത്ത വിധം പ്രവേശന മാനദണ്ഡങ്ങൾ നിശ്ചയിച്ചാണ് തന്ത്രവിദ്യാപീഠവും തങ്ങളുടെ സവർണ്ണ താത്പര്യങ്ങളും മേധാവിത്തവും നിലനിർത്തിപ്പോന്നത്.

"കർമ്മം കൊണ്ട് ബ്രാഹ്മണരാകാം' എന്ന പ്രഖ്യാപനവുമായി 1987 ൽ നടന്ന "പാലിയം വിളംബരം' സംഘ്പരിവാർ അജണ്ടയുടെ ഭാഗമായിരുന്നുവെന്ന് സൂക്ഷ്മ നോട്ടത്തിൽ വെളിപ്പെടും. ബ്രാഹ്മണ്യമാണ് സർവ്വശ്രേഷ്ഠമാണെന്നു പരോക്ഷമായി പറഞ്ഞു വയ്ക്കുന്നതാണ് കർമ്മ ബ്രാഹ്മണ്യവാദത്തിന്റെ കാതൽ. അതുതന്നെയാണ് പാലിയം പരിപാടിയും ലക്ഷ്യമാക്കിയത്.

അരുവിപ്പുറം പ്രതിഷ്ഠയെ മുൻനിർത്തികൊണ്ട് ശ്രീനാരായണ ഗുരു മുന്നോട്ടു വച്ച ഈഴവശിവ സങ്കല്പത്തിന് നേർവിപരീതമായ വാദമാണ് കർമ്മബ്രാഹ്മണ്യം എന്നു കാണാം. കീഴാളരുടെ സ്വത്വം നിലനിർത്തിക്കൊണ്ടു തന്നെ ക്ഷേത്രാരാധനയിൽ അവകാശം സ്ഥാപിക്കാനാണ് നവോത്ഥാനം ശ്രമിച്ചതെങ്കിൽ ആ സ്വത്വത്തെ ബ്രാഹ്മണികവത്കരിക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. നവോത്ഥാനഘട്ടത്തിനു ശേഷം വന്ന അവർണ്ണ ക്ഷേത്രങ്ങൾക്കു പുറമേ തൊള്ളായിരത്തി എഴുപതുകളിൽ സർക്കാർ ക്ഷേത്രങ്ങളിൽ പോലും ശാന്തിക്കാരായി അവർണ്ണർ നിയമിക്കപ്പെട്ടിരുന്നുവെന്ന വസ്തുത നിലനിൽക്കേ , ചരിത്രത്തെ അട്ടിമറിച്ചുകൊണ്ട് അവർണ്ണ പൗരോഹിത്യത്തിൻ്റെ അവകാശം സ്വന്തമാക്കുകയെന്ന ലക്ഷ്യമാണ് സംഘ്പരിവാർ നടത്തുന്നത്. അതിലവർ ഏറെക്കുറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ശബരിമല കോടതിവിധിയുടെ പശ്ചാത്തലത്തിൽ അവർണ്ണ ശാന്തിക്കാരിൽ ചിലർ നടത്തിയ പ്രസ്താവനകളിൽ സംഘ്പരിവാർ അജണ്ടയുടെ വിജയം കാണാനാകും.

‘ഞങ്ങള്‍ക്കും സര്‍ക്കാര്‍ വക ക്ഷേത്രങ്ങളില്‍ ഒന്ന്.. '

തിരുവിതാംകൂറില്‍ അവര്‍ണരുടെ ക്ഷേത്രപ്രവേശനവാദം രൂപപ്പെടുന്നതിന്റെ പശ്ചാത്തലം പി.കെ.ബാലകൃഷ്ണന്‍ നാരായണഗുരു ആന്തോളജിയില്‍ വിശകലനം ചെയ്തിട്ടുണ്ട്. ക്ഷേത്രപ്രവേശന വാദത്തെ ശക്തിപ്പെടുത്തിയത് സി.വി.കുഞ്ഞിരാമനാണെന്ന് അദ്ദേഹം പറയുന്നു. സര്‍ക്കാര്‍ വക ക്ഷേത്രങ്ങളില്‍ പ്രവേശനമനുവദിക്കാനായി പ്രജാസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈഴവ മെമ്പര്‍മാര്‍ സര്‍ക്കാരിരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നുള്ളതായിരുന്നു സി.വി.യുടെ ആവശ്യം. സര്‍ക്കാര്‍ നടത്തുന്ന ഹിന്ദു ക്ഷേത്രത്തില്‍ ഹിന്ദുക്കള്‍ എന്ന് അംഗീകരിക്കപ്പെടുന്ന എല്ലാവര്‍ക്കും അവകാശമുണ്ട് എന്ന യുക്തിയെ മുന്‍നിര്‍ത്തിയാണ് ‘ഞങ്ങള്‍ക്കും സര്‍ക്കാര്‍ വക ക്ഷേത്രത്തില്‍ ഒന്ന്.. ' എന്ന അവകാശവാദത്തിലേക്ക് സി.വി യും കൂട്ടരും എത്തിച്ചേര്‍ന്നത്. പൗരാവകാശത്തെ സംബന്ധിച്ച ബോധ്യങ്ങളാണ് ഈ ചിന്തക്കു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നു കാണാം.

പൗരോഹിത്യാധികാരത്തിനു വേണ്ടിയുള്ള സമരങ്ങളില്‍ അവര്‍ണര്‍ പങ്കാളികളായിട്ട് നൂറ്റാണ്ടുകളായി. ഇപ്പോഴും ആവശ്യപ്പെടുന്ന നീതി അവര്‍ണ വിഭാഗങ്ങള്‍ക്കു ലഭിച്ചിട്ടില്ല. അതേസമയം ഇന്ത്യയില്‍ ശക്തിപ്പെട്ടു കഴിഞ്ഞ ഹിന്ദുത്വ രാഷ്ട്രീയം അവര്‍ണ മുന്നേറ്റങ്ങളെ നെടുകേയും കുറുകേയും പിളര്‍ത്തി ഏതാണ്ട് തകര്‍ത്തുകളഞ്ഞിരിക്കുകയാണ്. അവര്‍ണരില്‍ തന്നെയുള്ള ഒരു വിഭാഗം നവ സവര്‍ണരാകാന്‍ ശ്രമിക്കുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ണരുടെ പൗരോഹിത്യാധികാര വാദത്തിന് പ്രതിലോമകരമായ പരിണിതിയ്ക്ക് സാധ്യതകളുണ്ട്. അതുകൊണ്ടു തന്നെ ഏറെ ജാഗ്രതയോടെയും പ്രത്യയശാസ്ത്രപരമായ തെളിച്ചത്തോടെയും വേണം ഈ വിഷയത്തെ സമീപിക്കേണ്ടത്.

അവര്‍ണര്‍ക്കു വേണ്ടത് ബ്രാഹ്‌മണ്യത്തിലേക്കുള്ള പരകായപ്രവേശമല്ല, മറിച്ച് അവര്‍ണസ്വത്വം നിലനിര്‍ത്തിക്കൊണ്ടുത്തന്നെ പൗരോഹിത്യത്തിലും വിഭവങ്ങളിലും പ്രാതിനിധ്യവും പങ്കും ലഭിക്കുക എന്നതാണ്. സംവരണക്രമം പാലിച്ചുകൊണ്ടുള്ള നിയമന രീതിയിലേക്ക് ദേവസ്വങ്ങള്‍ കടക്കുന്നതോടെ ഉണ്ടായ ഏറ്റവും പ്രധാനപ്പെട്ട മാറ്റവും ഇതുതന്നെയാണ് . പുരാണങ്ങള്‍ക്കോ സ്മൃതികള്‍ക്കോ ഹിന്ദു പുനരുദ്ധാരണവാദികള്‍ നല്‍കുന്ന അവസരവാദപരമായ വ്യാഖ്യാനങ്ങളുടെ പുറത്തല്ല, മറിച്ച് ഭരണഘടന നല്‍കുന്ന സംവരണാവകാശത്തിന്റേയും തുല്യസംരക്ഷണത്തിന്റേയും ബലത്തിലും അന്തസ്സിലുമാണ് അവര്‍ണര്‍ സര്‍ക്കാര്‍ വക ക്ഷേത്രങ്ങളിലെ ശാന്തിജോലികളില്‍ അവകാശവാദമുന്നയിക്കുന്നത്.

ശബരിമലയുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ആ അവകാശം നല്‍കാന്‍ സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും ബാധ്യതയുണ്ട്. ശബരിമല ഒരു സ്വതന്ത്ര ബ്രാഹ്‌മണ നാട്ടുരാജ്യമല്ലെന്ന് ഭരണാധികാരികള്‍ മനസ്സിലാക്കിയേ തീരൂ. തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ സ്ത്രീകളെ ശാന്തിക്കാരായി നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഈ കാലത്തും ശബരിമലയിലെ ശാന്തിക്കാരനായി ബ്രാഹ്‌മണര്‍ മാത്രം മതിയെന്നുള്ള സര്‍ക്കാര്‍ തീരുമാനം മുഴുവന്‍ മലയാളികള്‍ക്കും അപമാനകരവും ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയുമാണ്.


1
  • Tags
  • #Casteism
  • #Sabarimala
  • #Dr. Amal C. Rajan
  • #Brahmanism
  • #Discrimination
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

ശ്രീധർ ഘോഷ്

18 Jul 2021, 03:47 PM

തികച്ചും സ്വതന്ത്രമായി വസ്തുനിഷ്ഠമായി ഈ വിഷയം അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ..

എൻ സി ഹരിദാസൻ

17 Jul 2021, 07:55 PM

ശബരിമല ശാന്തി വിജ്ഞാപനത്തിൽ ഭിന്നശേഷി വിഭാഗങ്ങൾക്ക് അവസരം നിഷേധിക്കുന്നത് ഭിന്നശേഷി അവകാശസംരക്ഷണ നിയമത്തിന്റെ ലംഘനമാണ്...

twin point

Twin Point

അഡ്വ. പി.എം. ആതിര

കേരളത്തില്‍ ജാതിയൊക്കയുണ്ടോ എന്നാണ് കുട്ടികള്‍ ചോദിക്കുന്നത്

Mar 09, 2023

33 Minutes Watch

kr-narayanan-institute

Casteism

ഡോ. രാജേഷ്​ കോമത്ത്​

കെ.ആർ. നാരായണൻ ഇൻസ്​റ്റിറ്റ്യൂട്ട്​: അന്വേഷണ റിപ്പോർട്ടും ഒരു ജാതിക്കുറിപ്പാണ്​

Mar 06, 2023

5 Minutes Read

cover

Casteism

മുഹമ്മദ് അബ്ഷീര്‍ എ.ഇ.

ഡോ. രമയുടെ പ്രതികാര നടപടിയിൽ ഭാവി തകർന്ന നിരവധി വിദ്യാർഥികളുണ്ട്​...

Feb 26, 2023

3 Minute Read

nair

Caste Politics

ഡോ. രാജേഷ്​ കോമത്ത്​

നമ്പൂതിരി, നായർ, ഈഴവർ: ​ഏതാണ്​ കേരളത്തിലെ ആധിപത്യ ജാതി?

Feb 26, 2023

4 Minutes Read

Saeed Mirsa - KR Narayanan Institute

Higher Education

ഷാജു വി. ജോസഫ്

പട്ടിക വിഭാഗ വിദ്യാർഥികളുടെ ഗ്രാന്റ്​: പുതിയ ചെയർമാന്റെ ഇടപെടൽ ആവശ്യമായ ഒരു അടിയന്തര വിഷയം

Feb 25, 2023

5 Minutes Read

K R Narayanan Film Institute

Casteism

ഷാജു വി. ജോസഫ്

കെ.ആർ. നാരായണൻ ഇൻസ്​റ്റിറ്റ്യൂട്ട്​: ക്രിമിനൽ കുറ്റത്തിന്​ സർക്കാർ നടപടിയാണ്​ ഇനി വേണ്ടത്​

Feb 23, 2023

5 Minutes Read

rohith

Higher Education

കെ.വി. മനോജ്

വിദ്യാർഥികളുടെ ജീവനെടുക്കുന്ന ഐ.ഐ.ടികൾ, എൻ.ഐ.ടികൾ

Feb 20, 2023

5 Minutes Read

Guruvayur-Devaswom

Casteism

ഡോ. ടി.എസ്. ശ്യാംകുമാര്‍

ഗുരുവായൂർ ദേവസ്വം വിജ്​ഞാപനത്തിൽ കേരളം ഒരു ‘ഉത്തമ ബ്രാഹ്​മണ രാജ്യ’മാണ്​

Feb 04, 2023

3 Minutes Read

Next Article

എൻഡോസൽഫാൻ: ഞങ്ങൾ എന്തിന്​ ഇപ്പോഴും സമരം ചെയ്യുന്നു? ദുരിതബാധിതർ പറയുന്നു

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster