ശബരിമലയിലെ ബ്രാഹ്മണ സംവരണം:
കോടതിവിധികൊണ്ടുമാത്രം
മറികടക്കാനാകാത്ത പ്രശ്നം
ശബരിമലയിലെ ബ്രാഹ്മണ സംവരണം: കോടതിവിധികൊണ്ടുമാത്രം മറികടക്കാനാകാത്ത പ്രശ്നം
ശബരിമല മേല്‍ശാന്തി നിയമനത്തെ സംബന്ധിച്ച തര്‍ക്കവിതര്‍ക്കങ്ങള്‍ കേരള സമൂഹം ആര്‍ജിച്ചതായി കരുതപ്പെടുന്ന നവോത്ഥാന മൂല്യങ്ങളെ തന്നെയാണ് വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത്. കീഴാളരും പിന്നാക്കക്കാരുമായ മനുഷ്യരുടെ ആത്മാഭിമാനത്തെയാണ് മേല്‍ശാന്തി നിയമനത്തിലെ ബ്രാഹ്മണര്‍ക്ക് മാത്രമായ സംവരണം ചോദ്യം ചെയ്യുന്നത്.
4 Dec 2022, 11:08 AM
ശബരിമല മേല്‍ശാന്തി നിയമനം സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതി ശനിയാഴ്ച പ്രത്യേക സിറ്റിംഗ് നടത്തി. സിറ്റിങ് യുട്യൂബ് വഴി തത്സമയം സംപ്രേഷണം നടത്തുകയും ചെയ്തു. അന്തിമവാദത്തിന് 17ന് വീണ്ടും പരിഗണിക്കാൻ ഹർജി മാറ്റിയിരിക്കുകയാണ്.
ശബരിമല- മാളികപ്പുറ ക്ഷേത്രങ്ങളിലെ മേൽശാന്തി നിയമനത്തിന് മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്മയാണ് എന്നും ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശത്തിന് എതിരാണ് എന്നുമാണ് ഹർജിക്കാരുടെ വാദം. എന്നാൽ, പതിറ്റാണ്ടുകളായി തുടരുന്ന രീതി മാറ്റാനാകില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മേൽശാന്തി നിയമനത്തിന് അപേക്ഷിച്ച ടി.എൽ. സജിത്ത്, പി.ആർ. വിജീഷ്, സി.വി. വിഷ്ണുനാരായണൻ എന്നിവരാണ് ഹർജിക്കാർ. മലയാള ബ്രാഹ്മണർ എന്നതല്ലാത്ത എല്ലാ യോഗ്യതയും ഉണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്.
പുരാതന കാലം മുതൽ മലയാള ബ്രാഹ്മണരെയാണ് മേൽശാന്തിമാരായി നിയമിക്കുന്നത് എന്നതിന് രേഖകളുണ്ടോ എന്ന് കോടതി ചോദിച്ചു. എന്നാൽ, ഇക്കാര്യം തെറ്റാണെങ്കിൽ തെളിയിക്കേണ്ടത് ഹർജിക്കാരാണ് എന്നായിരുന്നു ദേവസ്വംബോർഡിന്റെ മറുപടി.
ഈ വിഷയത്തിൽ വിധി എന്തുതന്നെയായാലും നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ആഴമേറിയ പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കേവലം ദേവസ്വം ബോര്‍ഡിനെ പഴിചാരി ഒഴിഞ്ഞുമാറാവുന്നതിനപ്പുറം സമൂഹത്തെ കാര്‍ന്നുതിന്നുന്ന ഗൗരവതരമായ അടരുകളെയാണ് ഇത് തുറന്ന് കാട്ടുന്നത്.

താന്ത്രികവിദ്യ അഭ്യസിച്ച ഹിന്ദുമത വിശ്വാസികളെ തുല്യരായി പരിഗണിക്കാതെ ശബരിമല മേല്‍ശാന്തി നിയമനം ബ്രാഹ്മണര്‍ക്ക് മാത്രമായി ‘സംവരണം' ചെയ്യുന്നത് വലിയൊരു അനീതിയും അസമത്വവുമാണെന്ന് പൊതുവെ തിരിച്ചറിയുന്നില്ല. ശബരിമലയില്‍ പതിനെട്ടു പടികളും കടന്നു ചെല്ലുമ്പോള്‍ കാണുന്ന ‘തത്വമസി' എന്ന ഉപനിഷദ് വചനം ദര്‍ശനത്തിനെത്തുന്ന ഏവരിലും തുല്യതയാണ് അടയാളപ്പെടുത്തുന്നത്. എന്നാല്‍ മേല്‍ശാന്തി നിയമനം മലയാള ബ്രാഹ്മണര്‍ക്ക് മാത്രമാണന്ന് വരുന്നതോടെ ഈ തത്വമസിയില്‍ കീഴാളരും പിന്നാക്കക്കാരും ഉള്‍പ്പെടുന്നില്ല എന്നാണ് പരസ്യമായി പ്രഖ്യാപിക്കുന്നത്. ഇതാകട്ടെ വ്യക്തമായ അയിത്താചരണമാണ്. ഭരണഘടന നിയമം മൂലം നിരോധിച്ച അയിത്ത വ്യവസ്ഥയാണ് ശബരിമലയില്‍ മലയാള ബ്രാഹ്മണര്‍ മാത്രം മേല്‍ശാന്തിയായി നിയമിതരായാല്‍ മതി എന്ന അനുഷ്ഠാന ദുര്‍വാശിക്കുപിന്നിലുള്ളത്.
ഹിന്ദുരാഷ്ട്ര സങ്കല്പത്തില്‍ ബ്രാഹ്മണരുള്‍പ്പെടുന്ന സവര്‍ണരാണ് അധികാരശക്തികളെന്നതിന്റെ സൂചന മാത്രമാണ് മേല്‍ശാന്തി നിയമനത്തിലെ പ്രത്യേക നമ്പൂതിരി സംവരണം. മറ്റിതര കീഴാള- പിന്നാക്ക ശാന്തിക്കാര്‍ ശബരിമല മേല്‍ശാന്തി നിയമനത്തിന് അര്‍ഹരല്ലാത്ത ഹീന മനുഷ്യരാണെന്ന ചാതുര്‍വര്‍ണ്യ തന്ത്രമാണ് ഇന്നും പുലരുന്നത്. ഉന്നതാധികാര സ്ഥാനങ്ങളിലെല്ലാം തുടരുന്ന ത്രൈവര്‍ണികാധിപത്യത്തെയാണ് ഇത് വെളിവാക്കുന്നത്. നിലവില്‍ 90 ശതമാനം തസ്തികകളും സവര്‍ണ കുത്തകയായി തുടരുന്ന ദേവസ്വം സ്ഥാപനങ്ങള്‍ കേരളീയ സമൂഹത്തില്‍ അധീശത്വം വഹിക്കുന്ന സവര്‍ണാധിപത്യത്തിന്റെ ഒരു പരിച്ഛേദം മാത്രമാണ്. ഇതിന്റെ മറ്റൊരു ചിത്രമാണ് എയ്ഡഡ് സ്ഥാപനങ്ങളില്‍ തുടരുന്ന സവര്‍ണാധികാര കുത്തക. ഇത്തരം സ്ഥാപനങ്ങളില്‍ ഭൂരിഭാഗം അധ്യാപക അനധ്യാപക തസ്തികകളും സവര്‍ണ മുന്നാക്ക ജാതിവിഭാഗങ്ങളാണ് കൈയടക്കി വച്ചിരിക്കുന്നത് എന്ന് ലഭ്യമായ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒ. പി. രവീന്ദ്രന്റെയും വിനില്‍ പോളിന്റെയും മറ്റും പഠനങ്ങള്‍ ഈ രംഗത്ത് തുടരുന്ന ഭീകരമായ പുറന്തള്ളല്‍ പ്രക്രിയ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

നിയമാധ്യാപകനും ഭരണഘടനാ വിദഗ്ദനുമായ ഡോ. മോഹന്‍ ഗോപാല്‍ ചൂണ്ടിക്കാട്ടിയതുപോലെ, എല്ലാ രംഗങ്ങളിലും പ്രാതിനിധ്യത്തിനായുള്ള പോരാട്ടം ഉയര്‍ന്നുവരേണ്ടതായിട്ടുണ്ട്. ശബരിമല മേല്‍ശാന്തി നിയമനത്തിലും കേവലം ബ്രാഹ്മണ കുത്തകയാവാതെ യോഗ്യരായ എല്ലാ ജാതികളിലും ഉള്‍പ്പെട്ട ഹിന്ദുമത വിശ്വാസികളെയും പരിഗണിക്കേണ്ടതായുണ്ട്. ഈശ്വരനെ പൂജിക്കാന്‍ ഒരു പ്രത്യേക വിഭാഗത്തിനുമാത്രമേ അനുവാദമുള്ളൂ എന്ന സിദ്ധാന്തം എത്രമേല്‍ അനീതി നിറഞ്ഞതാണെന്ന് പറയേണ്ടതില്ല. കീഴാളരും പിന്നാക്കക്കാരുമായ മനുഷ്യരുടെ ആത്മാഭിമാനത്തെയാണ് മേല്‍ശാന്തി നിയമനത്തിലെ ബ്രാഹ്മണര്‍ക്ക് മാത്രമായ സംവരണം ചോദ്യം ചെയ്യുന്നത്.
താന്ത്രികവിദ്യയുടെ ചരിത്രത്തിലൂടെ കടന്നുപോയാലും ബ്രാഹ്മണര്‍ക്ക് ഇത്തരമൊരു സവിശേഷാധികാരം ഉന്നയിക്കുവാന്‍ സാധ്യമല്ല. മേല്‍ശാന്തി നിയമനത്തില്‍ പ്രസ്താവിക്കുന്ന മലയാള ബ്രാഹ്മണര്‍ എന്ന സവിശേഷ പദവി തന്നെ ആ അര്‍ത്ഥത്തില്‍ ചോദ്യം ചെയ്യേണ്ടതാണ്. കേരളത്തിലെ ബ്രാഹ്മണര്‍ രചിച്ച തന്ത്രഗ്രന്ഥങ്ങളിലൊന്നും മലയാള ബ്രാഹ്മണര്‍ എന്ന വിശേഷ വര്‍ഗത്തെ കാണാനില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. പ്രതിമാപൂജകള്‍ ബ്രാഹ്മണര്‍ ചെയ്യാന്‍ പാടില്ല എന്ന മനുസ്മൃതിയുടെ നിയമം ഉല്ലംഘിച്ചാണ് യഥാര്‍ത്ഥത്തില്‍ ബ്രാഹ്മണര്‍ ബിംബ പൂജകള്‍ അനുഷ്ഠിക്കുന്നതും.
സമൂഹത്തെ ബാധിച്ച ആഴമേറിയ ബ്രാഹ്മണ്യ ഉന്മുഖതയെ കോടതി വിധികളിലൂടെ മാത്രം മറികടക്കാനാകില്ല. സമൂഹത്തില്‍ വ്യാപകമായിത്തീരേണ്ട ആധുനിക മൂല്യങ്ങളുടെയും നീതിവിചാരങ്ങളുടെയും ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. സാമൂഹ്യ പരിഷ്‌കരണം കോടതി വിധികളിലൂടെ മാത്രം ഇറങ്ങിവരേണ്ട ഒന്നല്ലെന്നും ജനത ഒന്നാകെ അത്തരമൊരു ബോധ്യത്തിലേക്ക് പരിവര്‍ത്തിക്കപ്പെടേണ്ടതുണ്ടെന്നും തിരിച്ചറിയേണ്ടതുണ്ട്.
ശബരിമല മേല്‍ശാന്തി നിയമനത്തെ സംബന്ധിച്ച തര്‍ക്കവിതര്‍ക്കങ്ങള്‍ കേരള സമൂഹം ആര്‍ജിച്ചതായി ഗണിക്കപ്പെടുന്ന നവോത്ഥാന മൂല്യങ്ങളെ തന്നെയാണ് വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത്. ബ്രാഹ്മണ്യം പിടിമുറുക്കിയ സാംസ്‌കാരിക വ്യവസ്ഥയുടെ വിമോചനത്തിലൂടെ മാത്രമേ ശബരിമല മേല്‍ശാന്തി നിയമനം മാത്രമല്ല, എല്ലാ അധികാരസ്ഥാനങ്ങളും പ്രാതിനിധ്യ ജനായത്ത വ്യവസ്ഥക്കനുസൃതമായി തുല്യമായി വിതരണം ചെയ്യപ്പെടേണ്ടതാണെന്ന സാമൂഹ്യ നീതി വിചാരങ്ങളിലേക്ക് ‘മലയാളികള്‍ക്ക് ' ഉയരാന്‍ കഴിയൂ.
ഡോ. ടി.എസ്. ശ്യാംകുമാര്‍
Jan 22, 2023
2 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Jan 09, 2023
5 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Dec 16, 2022
10 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Nov 19, 2022
5 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 31, 2022
4 Minutes Read
മുഹമ്മദ് ഫാസില്‍
Jan 06, 2022
3 minutes read
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
Jan 06, 2022
3 minutes read
Truecopy Webzine
Aug 02, 2021
2 Minutes Read