ഉരുകിത്തെളിയുന്ന
അമേരിക്കന്‍ ജനാധിപത്യം
ഉരുകിത്തെളിയുന്ന അമേരിക്കന്‍ ജനാധിപത്യം
കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡിനെ വെള്ളക്കാരനായ പൊലീസ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതിനെതിരായ ജനരോഷം അമേരിക്കയില്‍ പടരുകയാണ്. ഈ സാഹചര്യത്തില്‍ അമേരിക്കയിലെ വംശവെറിയന്മാരുടെ അടിച്ചമര്‍ത്തലിന്റെ ചരിത്രത്തെകുറിച്ചും പ്രതിഷേധത്തെ കുറിച്ചും വിശദീകരിക്കുകയാണ് സാജന്‍ ജോസ്. ഒപ്പം ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ അമേരിക്കയില്‍ ഉരുത്തിരിഞ്ഞ് വരുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് വിശകലനം ചെയ്യുകയാണ് ലേഖകന്‍.
2 Jun 2020, 12:27 PM
തിരിഞ്ഞു നോക്കിയാല്‍ പത്ത് നാനൂറ് കൊല്ലത്തെ ചരിത്രം പറയാനുണ്ട് അമേരിക്കയുടെ മണ്ണില്‍ വംശവെറിയന്മാര്‍ നടമാടിയ അടിച്ചമര്‍ത്തലിന്റെ മനുഷ്യമനസ്സാക്ഷി നടുക്കുന്ന സംഭവപരമ്പരകള്‍ക്ക്. അധിനിവേശക്കാലത്ത് തദ്ദേശീയരെ നിഷ്‌ക്കരുണം കൊന്നുതള്ളിയവരുടെ പിന്മുറക്കാര്‍ പിന്നീട് ജനാധിപത്യപ്രക്രിയയെ ആശ്ലേഷിച്ചുവെങ്കിലും വര്‍ണ്ണവര്‍ഗ്ഗചിന്തകളില്‍ നിന്നും അടിസ്ഥാനപരമായി മുക്തിനേടിയിട്ടില്ലെന്നതിന്റെ നേര്‍തെളിവാണ് ഇതര വംശങ്ങളിലുള്ളവര്‍ക്ക് പൊതുവിലും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ക്ക് പ്രത്യേകിച്ചും നേരിടേണ്ടിവരുന്ന പൊലീസ് അതിക്രമങ്ങള്‍. ഇക്കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ വിവിധ സംസ്ഥാനങ്ങളിലായി നൂറുകണക്കിന് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ വെള്ളക്കാരായ പൊലീസിന്റെ പിടിയില്‍ അറസ്റ്റിനിടയിലോ അതിനടുത്ത സമയങ്ങളിലോ കൊല്ലപ്പെട്ടിട്ടുണ്ട്.

2014 - ല്‍ ന്യുയോര്‍ക്ക് പൊലീസ് Chokehold (ശ്വാസം മുട്ടിക്കുന്ന വിധത്തില്‍ ഒരാളുടെ കഴുത്ത് കൈകൊണ്ടു ചുറ്റിപ്പിടിക്കല്‍) എന്ന ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ശ്വാസംമുട്ടി മരണപ്പെട്ട എറിക്ക് ഗാര്‍നെര്‍ (Eric Garner), 2014 ആഗസ്റ്റില്‍ ലോസ് ഏഞ്ചല്‍സില്‍ പൊലീസ് വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയ നിരായുധനായിരുന്ന 25 കാരന്‍ എസ്സെല്‍ ഫോര്‍ഡ് (Ezell Ford). 2014 ആഗസ്റ്റ് 9 ന് മിസൗറി സംസ്ഥാനത്തെ ഫെര്‍ഗുസണ്‍ (Ferguson) എന്ന പട്ടണത്തില്‍ മൈക്കല്‍ ബ്രൗണ്‍ (Michael Brown) എന്ന് പേരായ 18 കാരന്‍ ആഫ്രിക്കന്‍ അമേരിക്കനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തത്തിയതിനെതിരെ രാജ്യവ്യാപകമായി പ്രതിക്ഷേധങ്ങള്‍ നടക്കുന്ന സമയത്താണ് ഫോര്‍ഡിന്റെ കൊലപാതകവും അരങ്ങേറുന്നത്. ഇങ്ങനെ നൂറുകണക്കിന് കൊലപാതകങ്ങള്‍. ജോര്‍ജ്ജ് ഫ്‌ളോയിഡ് കൊലചെയ്യപ്പെട്ട അതെ മിനിയാപ്പോളിസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അറസ്റ്റിനിടെ സമാനമായ Chokehold നടപടിക്ക് വിധേയരായ ഏതാണ്ട് അന്‍പത്തഞ്ചോളം പേരാണ് ശ്വാസം നിലച്ച് അബോധാവസ്ഥയില്‍ പോയിരുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ ഈ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാധാരണ ഗതിയില്‍ ഇത്തരം പൊലീസ് അതിക്രമങ്ങള്‍ക്കെതിരായി നടക്കുന്ന പ്രതിക്ഷേധസമരങ്ങള്‍ ഒരാഴ്ചയിലവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഈ കുറിപ്പെഴുതുന്ന നേരത്തും അമേരിക്കയിലെ മിക്ക നഗരങ്ങളിലും രാത്രികാല കര്‍ഫ്യൂ നിലനില്‍ക്കുകയാണ്
സാധാരണ ഗതിയില്‍ ഇത്തരം പൊലീസ് അതിക്രമങ്ങള്‍ക്കെതിരായി നടക്കുന്ന പ്രതിക്ഷേധസമരങ്ങള്‍ ഒരാഴ്ചയിലവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഈ കുറിപ്പെഴുതുന്ന നേരത്തും അമേരിക്കയിലെ മിക്ക നഗരങ്ങളിലും രാത്രികാല കര്‍ഫ്യൂ നിലനില്‍ക്കുകയാണ്. ഇക്കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തെ ആദ്യത്തെ വ്യക്തിപരമായ അനുഭവം. മുന്‍പ് പരാമര്‍ശിച്ച സമാന സംഭവങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിക്ഷേധസ്വരങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അതില്‍നിന്നെല്ലാം വ്യത്യസ്തമായി കഴിഞ്ഞയാഴ്ച തുടങ്ങിവച്ച പ്രതിഷേധപ്രകടനങ്ങളും കൊള്ളയും കൊള്ളിവയ്പ്പും ഒരാഴ്ച പിന്നിടുമ്പോഴും തുടരുകയാണ്. കാരണം ജോര്‍ജ്ജ് ഫ്‌ളോയ്ഡ് പ്രതിക്ഷേധസമരങ്ങളില്‍ പങ്കെടുക്കുന്നവരില്‍ ബഹുഭൂരിപക്ഷവും നടപ്പ് രാഷ്ട്രീയ വ്യവസ്ഥകളില്‍ വിശ്വാസം നഷ്ടപ്പെട്ട യുവാക്കളാണ്. ജനകീയനായിരുന്ന ബാരക്ക് ഒബാമ "മാറ്റം' എന്ന മുദ്രാവാക്യവുമായി എട്ടുകൊല്ലം അമേരിക്കന്‍ ഐക്യനാടുകള്‍ ഭരിച്ചെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും സാധാരണക്കാരന് അനുഭവപ്പെട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഒബാമ കെയറുപോലുള്ള ആരോഗ്യപരിരക്ഷാപദ്ധതികളൊക്കെത്തന്നെ ആവിഷ്‌ക്കരിക്കപ്പെട്ടപ്പോഴും സാധാരണക്കാരായ കുടിയേറ്റക്കാരുടെയും ദിവസക്കൂലിക്കാരന്റെയും അരികുവല്‍ക്കരിക്കപ്പെട്ട നിറമുള്ളവന്റെയും (POC, person of color) ആഗ്രഹങ്ങള്‍ക്കൊത്തുയരാന്‍ സാക്ഷാല്‍ ഒബാമയ്ക്ക് പോലുമായില്ല എന്നതാണ് പരമാര്‍ത്ഥം.

അത്രമേല്‍ കോര്‍പ്പറേറ്റുവല്‍ക്കരിക്കപ്പെട്ടുപോയി അമേരിക്കയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍. വാള്‍സ്ട്രീറ്റ് മുതലാളിമാരുടെ ഫണ്ട് കൈപ്പറ്റാതെ ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് പോലും പിടിച്ച് നില്‍ക്കാനോ ഇലക്ഷനില്‍ വിജയിക്കാനോ കഴിയുന്നില്ല. കേര്‍പ്പറേറ്റുകള്‍ അവരുടെ കച്ചവടതാല്പര്യങ്ങള്‍ ലോബിയിങ്ങിലൂടെ നടത്തിയെടുക്കാന്‍ സൂപ്പര്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മറ്റി (Super PAC) എന്ന ലേബലില്‍ ഇലക്ഷനുകള്‍ക്ക് പരോക്ഷമായി മുതലാളിമാര്‍ ഫണ്ട് ചെയ്യും. സ്വതന്ത്രമായാണ് ഇവരൊക്കെ പ്രവര്‍ത്തിക്കുന്നതെന്നാണ് പൊതുവെയുള്ള പറച്ചില്‍. എന്നാല്‍ ഫണ്ട് നല്‍കുന്നവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് അത് വാങ്ങി തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചു വരുന്നവരുടെ പരമപ്രധാനമായ ലക്ഷ്യം. വേണ്ടുന്നവരെ ഉയര്‍ത്താനും ഇഷ്ടമില്ലാത്തവരെ വെട്ടാനും ഈ "അജ്ഞാത' ഫണ്ടുകള്‍ക്ക് ശക്തിയുണ്ട്.
നടപ്പുരാഷ്ട്രീയ വ്യവസ്ഥിതിയില്‍ മനസ്സുമടുത്ത് മാറിനിന്നിരുന്നവരെ രാഷ്ട്രധര്‍മ്മത്തിന്റെ വഴികളിലേക്ക് തിരിച്ചുവിടാന്‍ ബെര്‍ണി സാന്‌ഡേഴ്‌സിനും കൂട്ടര്‍ക്കും വളരെപ്പെട്ടെന്ന് സാധ്യമായി.
പ്രധാനമായും ഇന്ത്യയിലെ പൊതുവഴികളില്‍ കേന്ദ്രീകൃതമായിരിക്കുന്ന തിരഞ്ഞെടുപ്പുപ്രചാരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി അമേരിക്കന്‍ തിരഞ്ഞെടുപ്പുകള്‍ ടെലിവിഷനിലൂടെയും ഇപ്പോള്‍ നിരവധിയായ സോഷ്യന്‍ മീഡിയ ചാനലുകള്‍ വഴിയുമാണ് നടത്തപ്പെടുന്നത്. വഴിയരികില്‍ കാണുന്ന ഫ്‌ളക്‌സുകള്‍ക്കും ചുവരെഴുത്തുകള്‍ക്കും ബദലായി ടെലിവിഷന്‍ ചാനലുകളുടെ പ്രൈം ടൈം പരസ്യങ്ങള്‍ കൊണ്ട് നിറയ്ക്കും. കാശുകൊടുത്തുനടത്തുന്ന ഇത്തരം പ്രൊപ്പഗണ്ട വീഡിയോകള്‍ ആവശ്യമനുസരിച്ച് സ്ഥലത്തെ വര്‍ണ്ണ-വര്‍ഗ്ഗ-സാമ്പത്തിക നിലയനുസ്സരിച്ച് വെട്ടിയൊതുക്കിത്തല്ലിപ്പതംവരുത്തി നാഴികയ്ക്ക് നാല്പത് വട്ടം സംപ്രക്ഷേണം ചെയ്യും. താരതമ്യേന കുറഞ്ഞ ഉപദ്രവകാരിയായ ഒരു വ്യാളിയെ (lesser evil) തിരഞ്ഞെടുക്കുക എന്നൊരു സ്വാതന്ത്ര്യം മാത്രമേ വോട്ടു ചെയ്യുന്നവന്റെ മുന്‍പിലവശേഷിക്കുന്നുണ്ടാവൂ. ഇത്തരം പ്രൊപ്പഗണ്ടാ മെഷിനറികളിലൂടെയുള്ള തീവ്രപ്രചാരണതന്ത്രങ്ങള്‍ക്കൊടുവില്‍ ആര്‍ക്കാണോ കക്ഷിരാഷ്ട്രീയത്തിലൊന്നും കാര്യമായി ഇടപെടാതെനില്‍ക്കുന്ന സ്വതന്ത്രവോട്ടര്‍മാരെ പക്ഷം ചേര്‍ക്കാനാവുന്നത്, ആ തിരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി വിജയിക്കുന്നു. എന്നാല്‍, രണ്ടിടത്തും വാതുവച്ച കോര്‍പ്പറേറ്റുകള്‍ക്ക് ഏത് വ്യാളി തിരഞ്ഞെടുക്കപ്പെട്ടാലും സമം. വര്‍ണ്ണവിവേചനവും കടുത്ത ദേശീയതയും കൈമുതലായുള്ള നിലവിലെ പ്രസിഡന്റ് പ്രതിനിധാനം ചെയ്യുന്ന വലതുപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെക്കുറിച്ച് പരാമശിക്കുന്നതിലര്‍ത്ഥമില്ല, എന്നാല്‍ പൊതുവെ സാധാരണക്കാരും കുടിയേറ്റക്കാരും വിശ്വസിച്ച് നെഞ്ചേറ്റുന്ന ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ അവസ്ഥയും മറ്റൊന്നല്ല. മുന്‍പ് ഹിലരി ക്ലിന്റണും ഇനി വരുന്ന നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ഥിയാകുന്ന ജോ ബൈഡനും തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി സൂപ്പര്‍ പായ്ക്കുകളുടെ സഹായം സ്വികരിച്ചിരിക്കുന്നതിനാല്‍ വിജയിച്ചുവരുന്നപക്ഷം അവരുടെ ചൊല്‍പ്പടിയ്ക്കു നില്‍ക്കാനെ ഇപ്പറഞ്ഞവര്‍ക്കും ആവതുള്ളൂ. കാരണം, പറഞ്ഞ പ്രകാരം പണമെണ്ണി വാങ്ങിയാണ് ഇലക്ഷന്‍ പ്രചാരണം നടത്തിയത്. ആയതിനാല്‍, തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്നാല്‍ ഫണ്ട് ചെയ്തവന്‍ പറയുന്നത് കേള്‍ക്കേണ്ടിവരുമെന്നത് സ്വാഭാവികപ്രക്രിയയാണ്.

രാഷ്ട്രീയപ്പാര്‍ട്ടികളുടെ അവിശുദ്ധ കോര്‍പറേറ്റ് കൂട്ടുകെട്ടുകളുടെ ദുഷിച്ച കഥകള്‍ വിക്കിലീക്‌സ് പോലുള്ള പ്രസാധകരിലൂടെ ലോകം കണ്ടപ്പോള്‍ ഇത്തരം നിലപാടുകള്‍ക്കെതിരെ സാധാരണക്കാരിലും യുവജനങ്ങളിലും വളര്‍ന്നുവന്ന എതിര്‍പ്പുകള്‍ക്കൊടുവിലാണ് മേല്‍പ്പറഞ്ഞ ജനവിഭാഗങ്ങള്‍ സെനറ്റര്‍ ബെര്‍ണി സാന്‌ഡേഴ്‌സില്‍ അവരുടെ രക്ഷകനെ കണ്ടത്. വാള്‍സ്ട്രീറ്റ് ഭീമന്‍മാരുടെ പക്കല്‍നിന്നും നയാപൈസ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സ്വീകരിക്കാതെ സാധാരണക്കാരുടെ പോക്കറ്റുമണിയില്‍ നിന്നും അഞ്ചും പത്തും കൂട്ടിവച്ച് ജനങ്ങളെ സംഘടിപ്പിച്ച് സാന്‌ഡേഴ്‌സും സഹയാത്രികരും നടത്തിയ പ്രൈമറി കാംപയിനുകള്‍ യുവാക്കള്‍ക്കും കുടിയേറ്റക്കാര്‍ക്കും അരികുവല്‍ക്കരിക്കപ്പെട്ട ഇതര അമേരിക്കക്കാരനും എന്തെന്നില്ലാത്ത പ്രതീക്ഷകളാണ് കൊടുത്തത്. നടപ്പുരാഷ്ട്രീയ വ്യവസ്ഥിതിയില്‍ മനസ്സുമടുത്ത് മാറിനിന്നിരുന്നവരെ രാഷ്ട്രധര്‍മ്മത്തിന്റെ വഴികളിലേക്ക് തിരിച്ചുവിടാന്‍ ബെര്‍ണി സാന്‌ഡേഴ്‌സിനും കൂട്ടര്‍ക്കും വളരെപ്പെട്ടെന്ന് സാധ്യമായി. ചടുലമായ ഇത്തരമൊരു നീക്കത്തില്‍ തെല്ലു ഭയന്നുപോയ സൂപ്പര്‍ പായ്ക്കുകളുടെ അമരത്തെ ലോബിയിസ്റ്റുകള്‍ സാധാരണക്കാരന്റെ മാറ്റത്തിനായുള്ള പ്രതീക്ഷകളെ മുളയിലെ നുള്ളിക്കളഞ്ഞ് ബെര്‍ണി സാന്‌ഡേഴ്‌സിന്റെ പടയോട്ടത്തെ ചരിത്രത്തിന്റെ ഭാഗമാക്കുന്നതില്‍ വിജയിക്കുന്നത് ഇക്കഴിഞ്ഞ മാസങ്ങളില്‍ നമ്മളൊക്കെക്കണ്ടതാണ്.
വ്യവസ്ഥിതിയുടെ ഉരുക്കുമൂഷ്ടികള്‍ക്കിടയില്‍പ്പെട്ട് ശ്വാസം കിട്ടാതെ പിടയുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ പ്രതീകം മാത്രമാണ് ജോര്‍ജ്ജ് ഫ്ളോയ്ഡ്
മേല്‍പ്പറഞ്ഞ പ്രകാരം അമര്‍ഷമൊടുങ്ങാത്ത, ഇരുരാഷ്ട്രീയപ്പാര്‍ട്ടികളിലും പ്രതീക്ഷ നഷ്ടപ്പെട്ട, കാര്യമായ ജീവിതമാര്‍ഗ്ഗങ്ങളോ ആരോഗ്യ ഇന്‍ഷുറന്‍സോ ഇല്ലാതെ ഭാവി ഇരുളറഞ്ഞെതെന്ന് ഉറപ്പിച്ച ലക്ഷക്കണക്കായ അതേ അമേരിക്കന്‍ ജനതയാണ് ഈ ആഴ്ചകളില്‍ കണ്ട ജോര്‍ജ്ജ് ഫ്‌ളോയ്ഡ് കസ്റ്റഡിക്കൊലപാതക പ്രതിക്ഷേധസമരങ്ങള്‍ക്ക് പിന്നിലണിനിരന്നിരിക്കുന്നത് എന്നതാണ് വരികള്‍ക്കിടയിലെ വായനയില്‍ നിന്നും മനസ്സിലാവുന്നത്. ഒരു രാഷ്ട്രീയക്കാരന്റെയും പൊള്ളയായ വാഗ്ദാനങ്ങളില്‍ ഇന്നിവര്‍ വിശ്വസിക്കുന്നില്ല. കൊള്ളിവയ്പ്പും കൊള്ളയും നടത്തി ഈ ദുഷിച്ചുനാറിയ വ്യവസ്ഥിതിയോട് ആവുന്നത്ര ശക്തിയില്‍ നിരായുധരായി അവര്‍ യുദ്ധം ചെയ്യുകയാണ്. വ്യവസ്ഥിതിയുടെ ഉരുക്കുമൂഷ്ടികള്‍ക്കിടയില്‍പ്പെട്ട് ശ്വാസം കിട്ടാതെ പിടയുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ പ്രതീകം മാത്രമാണ് ജോര്‍ജ്ജ് ഫ്ളോയ്ഡ്. അതില്‍ കറുത്തവനും വെളുത്തവനും മഞ്ഞനിറമുള്ളവനും തവിട്ടുനിറമുള്ളവനും ഉണ്ട്. ഒരു വശത്ത് കോവിഡ് മഹാമാരി കാരണമുണ്ടായ തൊഴില്‍ നഷ്ടവും കടുത്ത സാമ്പത്തിക ബാധ്യതകളും. വൈറസ് ബാധമൂലം മരണപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും പൊതുവിതരണം, ആരോഗ്യം, ഗതാഗതം തുടങ്ങിയ അവശ്യ സര്‍വ്വീസുകളില്‍ പണിയെടുക്കുന്ന തൊഴിലാളികളും ദിവസവേതനക്കാരും തലചായ്ക്കാനൊരു വീടില്ലാതെ തെരുവില്‍ കഴിയുന്നവരുമൊക്കെയായിരുന്നു. മറുവശത്ത് അതിസങ്കീര്‍ണങ്ങളായ സമ്പത്ത് കൈമാറ്റ അല്‍ഗരിതങ്ങളാല്‍ നയിക്കപ്പെടുന്ന കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ വാള്‍സ്ട്രീറ്റിലെ വലിയ സെര്‍വറുകളിലൊളിച്ചിരുന്ന് ദുരന്തങ്ങളും പ്രക്ഷോഭങ്ങളും കണ്ട് മനമിടറാതെ മുതലാളിയെ വലിയ മുതലാളിയാക്കുന്നു. അസമാനതകളുടെ ഈ വൈജാത്യമാണ് അമേരിക്കന്‍ ജനതയെ പ്രജാക്ഷോഭത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്. അല്ലാതെ അവര്‍ക്ക് ടാര്‍ഗറ്റ് എന്ന സൂപ്പര്‍ മാര്‍ക്കറ്റ് മുതലാളിയോടോ ആപ്പിള്‍ കമ്പനിയോടോ പ്രത്യേകിച്ചെതിര്‍പ്പൊന്നുമില്ല. പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ഒരു ജനത ഏതു തരത്തിലും പ്രതികരിക്കും. അടുത്തകാലത്ത് കേട്ട മാറ്റത്തിനായുള്ള ഉച്ചത്തിലുള്ള മുറവിളിയാണിത്. കാതുള്ളവർക്ക് കേള്‍ക്കാമത്. ഈ മുറവിളികള്‍ ഏറ്റവും പഴക്കമുള്ള ഈ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകതന്നെ ചെയ്യുമെന്ന് വിലയിരുത്താനാണ് ആഗ്രഹിക്കുന്നത്. പ്രതീക്ഷയ്ക്ക് വകയുണ്ടെങ്കിലും തികച്ചും ദുര്‍ഘടം പിടിച്ച ഞെരുങ്ങിയിടുങ്ങിയ വഴികളിലൂടെയാണ് അമേരിക്കന്‍ ജനാധിപത്യത്തിന്റെ ഈ നടത്തം. ആ നടത്തത്തിനിടയില്‍ ജോര്‍ജ്ജ് ഫ്ളോയിഡിനും, ട്രെവോണ്‍ മാര്‍ട്ടിനും, എറിക് ഗാര്‍നര്‍ക്കും, എസ്സെല്‍ ഫോര്‍ഡിനും, മൈക്കല്‍ ബ്രൗണിനും കൂടെ ആയിരക്കണക്കായ പരാമര്‍ശിക്കപ്പെടാത്തവര്‍ക്കും നീതി ലഭിക്കട്ടെ.
Sajeesh K
2 Jun 2020, 09:01 PM
നല്ല രാഷ്ട്രീയ വായന. ഋജുവായ എഴുത്തു ശൈലി. അഞ്ചു മിനുട്ടിനുള്ളിൽ വായിച്ചു തീർക്കാവുന്ന വിഷയങ്ങളും വസ്തുതകളും.
ജോണ്‍ ബ്രിട്ടാസ്
Mar 24, 2023
3 Minutes Read
ഒ.കെ. ജോണി
Mar 24, 2023
2 Minutes Read
ലിജീഷ് കുമാര്‍
Mar 24, 2023
5 Minutes Read
എസ്. മുഹമ്മദ് ഇര്‍ഷാദ്
Sep 26, 2022
6 Minutes Read
മുസാഫിര്‍
Aug 03, 2022
6 Minutes Read
ബി.രാജീവന്‍
Jul 11, 2022
9 Minutes Read
ഡോ. പി.ജെ. വിൻസെന്റ്
Jul 09, 2022
32 Minutes Watch
ഡോ. പി.ജെ. വിൻസെന്റ്
Apr 06, 2022
32 Minutes Watch
Madhu S
4 Jun 2020, 07:37 AM
ഒരവസരം കിട്ടിയാൽ ലേഖകൻ പോകും അമേരിക്കയിൽ കുടിയേറാൻ