truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 29 March 2023

truecoppy
Truecopy Logo
Readers are Thinkers

Wednesday, 29 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
the-fall-of-democracy
Image
the-fall-of-democracy
https://truecopythink.media/t/the-fall-of-democracy
kseb

Governance

സ്വകാര്യവൽക്കരണത്തിലൂടെ
സാധാരണ ഉപഭോക്താക്കളെ
കറന്റടിപ്പിക്കുന്ന കേന്ദ്രം

സ്വകാര്യവൽക്കരണത്തിലൂടെ സാധാരണ ഉപഭോക്താക്കളെ കറന്റടിപ്പിക്കുന്ന കേന്ദ്രം

വന്‍കിട ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഇളവുകളോടെ വൈദ്യുതി നല്‍കാന്‍ സ്വകാര്യകമ്പനികള്‍ തയ്യാറാകും. എന്നാല്‍ കുറഞ്ഞ നിരക്ക് നല്‍കുന്ന സാധാരണ ഉപഭോക്താക്കള്‍ക്കും കൃഷി പോലുള്ള ആവശ്യങ്ങള്‍ക്കും വൈദ്യുതി നല്‍കാന്‍ അത്ര താല്‍പര്യം ഉണ്ടാകില്ല. ലാഭം ഉള്ള മേഖല സ്വകാര്യകമ്പനികളുടെ കയ്യിലാവുകയും, ഇളവ് നല്‍കേണ്ട സാധാരണ ഉപഭോക്താക്കള്‍ പൊതുമേഖലാ സ്ഥാപനത്തിന്റെ ഉത്തരവാദിത്തം ആയിത്തീരുകയും ചെയ്യും. ഇങ്ങനെവരുമ്പോള്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വലിയ തോതില്‍ ഉയര്‍ത്താന്‍ നിര്‍ബന്ധിതമാകുകയോ അല്ലെങ്കില്‍ കനത്ത സാമ്പത്തിക നഷ്ടം താങ്ങാനാകാതെ തകര്‍ച്ച നേരിടുകയോ ചെയ്യും.

15 Jan 2023, 06:20 PM

സല്‍വ ഷെറിന്‍

റെഗുലേറ്ററി കമീഷന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ മാസംതോറും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ വിതരണ കമ്പനികളെ അനുവദിക്കുന്ന ചട്ടഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നു. വൈദ്യുത ഭേദഗതി ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ പരിഗണനയിലിരിക്കെയാണ് ഇപ്പോള്‍ പുതിയ ചട്ടഭേദഗതി കേന്ദ്ര ഗവണ്‍മെൻറ്​ നടപ്പിലാക്കുന്നത്. കേരള സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ഈ തീരുമാനം. കേന്ദ്ര വൈദ്യുതി നിയമത്തിലെ ഈ ഭേദഗതി കേരളവും നടപ്പാക്കേണ്ടി വരും. വൈദ്യുതി വിതരണ മേഖലയില്‍ സ്വകാര്യ സംരംഭകരുടെ കടന്നുകയറ്റം ഉണ്ടാകുന്നതോടെ ഗാര്‍ഹിക ഉപയോക്താക്കള്‍ അവഗണിക്കപ്പെടുമെന്നും പൊതുമേഖലയിലെ വൈദ്യുതി സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാകുമെന്നും ചൂണ്ടിക്കാട്ടി വൈദ്യുത ഭേദഗതി ബില്ലിനെ കേരളം എതിര്‍ത്തിരുന്നു.

electricity lines
Photo: Pexels

ഡിസംബര്‍ 29 നാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം മാസംതോറും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള ചട്ടഭേദഗതി അന്തിമമാക്കി വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. ഇത് നടപ്പിലാക്കുമ്പോള്‍ കേരളാ സ്റ്റേറ്റ് ഇലക്​ട്രിസിറ്റി ബോര്‍ഡിന്​ (കെ.എസ്.ഇ.ബി) മാസംതോറും വിപണിയിലെ സാഹചര്യമനുസരിച്ച് നിരക്കില്‍ മാറ്റം വരുത്താനാകും. ചട്ടഭേദഗതി പ്രകാരം വൈദ്യുതി വാങ്ങുമ്പോള്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ ഇന്ധനത്തിന്റെ വിലയിലെ വര്‍ധനവ് മൂലമുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ വിതരണക്കമ്പനികള്‍ക്ക് സാധിക്കും. ഇന്ധന സര്‍ച്ചാര്‍ജായാണിത് ഈടാക്കുക. നിലവില്‍ മൂന്നുമാസത്തിലൊരിക്കല്‍ സംസ്ഥാന റെഗുലേറ്ററി കമീഷന്‍ ജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് അധികച്ചെലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതിയ ഭേദഗതി നിലവില്‍ വരുന്നതോടെ റെഗുലേറ്ററി കമീഷന്റെ അനുമതിയില്ലാതെ വിതരണക്കമ്പനികള്‍ക്ക് നേരിട്ട് വിലയില്‍ മാറ്റം വരുത്താന്‍ സാധിക്കും. രാജ്യത്ത് ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു കേന്ദ്രതീരുമാനം സ്വകാര്യ വൈദ്യുതി വിതരണ കമ്പനികളുടെ ലാഭം കൂടി ലക്ഷ്യമിട്ടുള്ളതാണ്. കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധതയും കോര്‍പറേറ്റ് താല്‍പര്യങ്ങളും വീണ്ടും പ്രകടമാവുകയാണിവിടെ.

ഉപഭോക്താക്കൾക്ക്​ അധിക ബാധ്യത

ഇന്ധനവില വര്‍ധനവ് മാത്രമല്ല പുതിയ ചട്ടപ്രകാരം വിതരണക്കാര്‍ അടിച്ചേൽപ്പിക്കുക. വിപണിയിലെ സാഹചര്യങ്ങള്‍ മൂലം കമ്പനികള്‍ക്ക് വൈദ്യുതി വാങ്ങുമ്പോള്‍ ഉണ്ടായേക്കാവുന്ന എല്ലാ അധിക ചെലവും റെഗുലേറ്ററി കമീഷനെ സമീപിക്കാതെത്തന്നെ ഉപഭോക്താക്കളില്‍ നിന്ന് മാസം തോറും ഈടാക്കാം. ഈ അധികച്ചെലവ് ശരാശരി ചെലവിന്റെ ഇരുപത് ശതമാനത്തില്‍ അധികമായാല്‍ മാത്രമേ കമീഷനെ സമീപിക്കേണ്ടതുള്ളൂ. അധിക ചെലവ് അതത് സമയം ഈടാക്കിയില്ലെങ്കില്‍ പിന്നീട് ഈടാക്കാനാവില്ല എന്നതിനാല്‍ കെ.എസ്.ഇ.ബി ഉള്‍പ്പെടെ എല്ലാവരും ഈ ചട്ടം അനുസരിക്കേണ്ടി വരും. റെഗുലേറ്ററി കമീഷന്‍ വര്‍ഷത്തിലൊരിക്കല്‍ ഈ കണക്കുകള്‍ പരിശോധിച്ച് ക്രമീകരിച്ചാല്‍ മതി.

increasing rate

ഇന്ധനവിലയിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് സര്‍ചാര്‍ജ് ഈടാക്കുമ്പോള്‍ വിലയിലുണ്ടാകുന്ന വര്‍ധനവ് മാത്രമല്ല, കുറവിന്റെ ആനുകൂല്യവും ഉപഭോക്താക്കള്‍ക്ക് ലഭിക്കണം. എന്നാല്‍ ഇന്ത്യയിലെ നിലവിലുള്ള ഇന്ധന വിലവര്‍ധനവിന്റെ സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിക്കുക മാത്രമേ ചെയ്യുകയുള്ളൂ. ഇന്ധനമേഖയിലെ സ്വകാര്യവല്‍ക്കരണം മൂലം രാജ്യത്ത് നിലനില്‍ക്കുന്ന അനിയന്ത്രിതമായ ഇന്ധനവില വര്‍ധനവില്‍ പൊറുതിമുട്ടിയ ഒരു ജനതയ്ക്കുമേലുള്ള ഭരണകൂടത്തിന്റെ അടുത്ത പ്രഹരമാണ് വൈദ്യുതി ഭേദഗതി ബില്ലും അതിനെത്തുടര്‍ന്ന് വന്ന ഈ ചട്ടഭേദഗതിയും.

സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന വൈദ്യുതി മേഖല

2003 ലെ ഇലക്​ട്രിസിറ്റി ആക്റ്റിന് മുമ്പ്, 1910 ലെ ഇന്ത്യന്‍ ഇലക്​ട്രിസിറ്റി ആക്ട്, 1948 ലെ ഇലക്​ട്രിസിറ്റി ആസപ്ലൈ) ആക്ട്, 1998 ലെ ഇലക്​ട്രിസിറ്റി റെഗുലേറ്ററി കമീഷന്‍ ആക്ട് എന്നിവ അനുസരിച്ചായിരുന്നു ഇന്ത്യയില്‍ വൈദ്യുതി മേഖല പ്രവര്‍ത്തിച്ചിരുന്നത്. രാഷ്ട്രീയ- സാമ്പത്തിക സാഹചര്യങ്ങള്‍ കാരണം സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ക്ക് ക്രോസ് സബ്സിഡി താങ്ങാനാകാതെ വന്നപ്പോള്‍ സംസ്ഥാന സര്‍ക്കാരുകളെ താരിഫ് നിര്‍ണയത്തില്‍ നിന്ന് അകറ്റാന്‍ വേണ്ടിയാണ് 1998-ല്‍ ഇലക്​ട്രിസിറ്റി റെഗുലേറ്ററി കമീഷന്‍ ആക്ട് നിലവില്‍ വന്നത്. വൈദ്യുതി ഉത്പാദനം, പ്രസരണം, വിതരണം, വ്യാപാരം, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട പഴയ നിയമങ്ങള്‍ ഏകീകരിക്കുക, സ്വകാര്യ മേഖലയുടെ പങ്കാളിത്തം വഴി വൈദ്യുതി മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്തുക, അതില്‍ മത്സരം പ്രോത്സാഹിപ്പിക്കുക, അതുവഴി ത്വരിത വികസനം ഉറപ്പുവരുത്തുക, ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ടതും ചെലവുകുറഞ്ഞതുമായ സേവനം ഉറപ്പുവരുത്തുക എന്നിങ്ങനെയുള്ള പ്രഖ്യാപിത ലക്ഷ്യങ്ങളാണ് 2003 ജൂണ്‍ 2 മുതല്‍ പ്രാബല്യത്തില്‍ വന്ന "ഇലക്​ട്രിസിറ്റി ആക്ട് 2003' ലൂടെ അന്നത്തെ വാജ്‌പേയ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ഈ ലക്ഷ്യങ്ങളൊന്നും പൂര്‍ണമായും ഫലപ്രാപ്തിയിലെത്തിയിട്ടില്ല എന്നതാണ് വൈദ്യുതി മേഖലയിലെ അനുഭവം.

kseb power station
Photo: KSEB FB Page

ഊര്‍ജ്ജ മേഖലയുടെ സ്വകാര്യവല്‍ക്കരണം ലക്ഷ്യമിട്ടാണ് 2003 ലെ വൈദ്യുതി നിയമം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്. അതിന്റെ ഭാഗമായി വൈദ്യുതി ഉല്‍പാദന മേഖല ഡീലൈസന്‍സിംഗ് ചെയ്‌തെങ്കിലും അത് ഊര്‍ജ്ജ മേഖലയിലെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തിയിട്ടില്ല. ഉല്‍പ്പാദന മേഖല ഡീലൈസന്‍സ് ചെയ്തതുമൂലം ഉല്‍പാദന മേഖലയില്‍ വന്‍തോതിലുള്ള സ്വകാര്യനിക്ഷേപം ഉണ്ടായെങ്കിലും ഇതില്‍ ഭൂരിപക്ഷവും രാജ്യത്തെ പൊതുമേഖലാബാങ്കുകളില്‍ നിന്നുള്ള വായ്പയായിരുന്നു. ഉല്‍പാദന ശേഷിയിലുണ്ടായ വര്‍ധനവിനനുസരിച്ച് വൈദ്യുതി ഉപഭോഗവും ഡിമാന്റും വര്‍ധിക്കാതിരുന്നതിനാല്‍ 40,000 മെഗാവാട്ടിലധികം താപ വൈദ്യുതി നിലയങ്ങള്‍ പൂട്ടിക്കിടക്കുന്ന സ്ഥിതിയാണുണ്ടായത്. വായ്പകള്‍ തിരിച്ചടക്കപ്പെടാതിരിക്കുകയും അതുമൂലം ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തു. 

യഥാര്‍ത്ഥത്തില്‍ സ്വകാര്യ മൂലധന ശക്തികള്‍ക്ക് ലാഭമുണ്ടാക്കാനുള്ള മറ്റൊരു സ്രോതസ്സായി വൈദ്യുതി മേഖലയേയും മാറ്റിയെടുക്കുക എന്നതിനപ്പുറം മറ്റു താല്‍പര്യങ്ങളൊന്നും ഇത്തരം നടപടികള്‍ക്ക് ഉണ്ടായിരുന്നില്ല. അതിന്റെ തുടര്‍ച്ച മാത്രമാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പുതിയ പരിഷ്‌കരണങ്ങള്‍.

വിതരണ മേഖലയും വില്‍പ്പനയ്ക്ക്

വൈദ്യുതി വിതരണമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്ന വിവാദ വൈദ്യുതി നിയമ ഭേദഗതി ബില്‍-2022, പ്രതിപക്ഷ പാര്‍ട്ടികളുടേയും വൈദ്യുതി മേഖലയിലെ ജീവനക്കാരുടേയും കര്‍ഷക സംഘടനകളുടേയും പ്രതിഷേധത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ ഈ രംഗത്തുള്ള കുത്തുക അവസാനിപ്പിക്കുകയും വൈദ്യുത വിതരണരംഗത്തെ മത്സരം വര്‍ധിപ്പിക്കുന്നതുവഴി മികച്ച സേവനം ഉറപ്പാക്കുകയുമാണ് വൈദ്യുതി നിയമഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

the electricity amendment bill 2022
വൈദ്യുതി നിയമ ഭേദഗതി ബില്‍-2022 ൽ നിന്ന്

കഴിഞ്ഞ ആഗസ്റ്റ് 8 ന് പാര്‍ലമെന്റില്‍ വൈദ്യുതി നിയമ ഭേദഗതി ബില്‍ അവതരിപ്പിച്ചപ്പോള്‍ ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വൈദ്യുതി തൊഴിലാളികള്‍ രാജ്യവ്യാപകമായി ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചിരുന്നു. ഭൂരിപക്ഷം സംസ്ഥാന ഗവണ്‍മെന്റുകളുടെയും വൈദ്യുതി മേഖലയിലെ ട്രേഡ് യൂണിയനുകളുടേയും കര്‍ഷകരുടെയും എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ല് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ലോക്സഭയില്‍ ബില്‍ അവതരണ ഘട്ടത്തില്‍ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള നിരാകരിച്ചിരുന്നു. ബില്ലവതരണത്തിനായി ഊര്‍ജമന്ത്രി ആര്‍.കെ. സിംഗിനെ സ്പീക്കര്‍ ക്ഷണിച്ചപ്പോള്‍ത്തന്നെ ഇടതുപക്ഷ എംപിമാരും കോണ്‍ഗ്രസ്, തൃണമൂല്‍, ഡിഎംകെ എംപിമാരും എഴുന്നേറ്റു നിന്ന് പ്രതിഷേധിക്കുകയും നടുത്തളത്തിലിറങ്ങിയ എംപിമാര്‍ മുദ്രാവാക്യം മുഴക്കി ബില്‍ കീറിയെറിയുകയും സഭയില്‍നിന്ന് ഇറങ്ങിപ്പോവുകയുമുണ്ടായി.

r k singh
ആര്‍.കെ. സിംഗ്

വൈദ്യുതി ഭേദഗതി ബില്‍ സംസ്ഥാനങ്ങളുടെ അധികാരത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്നും സംസ്ഥാനങ്ങളുടെ അധികാരവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് ബില്ലിലെ വ്യവസ്ഥകളെന്നും എ.എം ആരിഫ് ചൂണ്ടിക്കാട്ടുകയുണ്ടായി. കര്‍ഷകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നതാണ് ബില്ലെന്ന് കോണ്‍ഗ്രസിലെ അധിര്‍രഞ്ജന്‍ ചൗധരിയും ഡിഎംകെയുടെ ടി.ആര്‍. ബാലുവും ആരോപിച്ചു. ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ് ബില്ലെന്ന് തൃണമൂലിന്റെ സൗഗത റോയ് അഭിപ്രായപ്പെട്ടു. പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചതിനു പിന്നാലെ ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനിയേഴ്സ് നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്യത്തെ 27 ലക്ഷത്തോളം വൈദ്യുതി ജീവനക്കാര്‍ പണിമുടക്കി. സംയുക്ത കിസാന്‍ മോര്‍ച്ചയടക്കമുള്ള കര്‍ഷക, ട്രേഡ് യൂണിയന്‍ സംഘടനകളും വൈദ്യുതി ജീവനക്കാരുടെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി.

2021 ലെ കര്‍ഷക സമരത്തില്‍ രാജ്യത്തെ കര്‍ഷകര്‍ ഉയര്‍ത്തിയ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുക എന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ശക്തമായ സമരത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി നടപടികളില്‍ നിന്ന് പിന്‍മാറുകയും ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി സമവായ തീരുമാനങ്ങള്‍ക്ക് ശേഷമേ ഭേദഗതി നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് പോവുകയുള്ളൂ എന്ന് സംയുക്ത കിസാന്‍ മോര്‍ച്ചക്ക് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കര്‍ഷക സംഘടനകളുമായോ സംസ്ഥാന സര്‍ക്കാരുകളുമായോ വൈദ്യുതി ജീവനക്കാരുടേയും എഞ്ചിനീയര്‍മാരുടേയും സംഘടനകളുമായോ യാതൊരു ചര്‍ച്ചയും കേന്ദ്രസര്‍ക്കാര്‍ നടത്താതെയാണ് തികച്ചും ജനാധിപത്യവിരുദ്ധമായി വൈദ്യുതിനിയമ (ഭേദഗതി) ബില്‍ 2022 പാര്‍ലമെന്റില്‍ പാസാക്കാനുള്ള നീക്കം നടത്തിയത്.

farmers protest
കര്‍ഷക സമരത്തില്‍ നിന്നും  / Photo: Wikimedia Commons

ബില്ലിലെ ചില നിര്‍ദേശങ്ങളും ദോഷഫലങ്ങളും:

  • സ്വകാര്യ കമ്പനികള്‍ക്ക് യാതൊരു നിയന്ത്രണവും കൂടാതെ വൈദ്യുതി വിതരണ മേഖലയിലേക്ക് കടന്നുവരാം. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഏതൊരു കമ്പനിക്കും അപേക്ഷ നല്‍കി 75 ദിവസത്തിനുള്ളില്‍ റെഗുലേറ്ററി കമീഷന്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. അല്ലെങ്കില്‍ രജിസ്ട്രേഷന്‍ ലഭിച്ചതായി കണക്കാക്കാം.

  • സംസ്ഥാന സര്‍ക്കാരുകളുടെ വിതരണസംവിധാനം നിലനില്‍ക്കുമ്പോള്‍ത്തന്നെ ഒരേ മേഖലയില്‍ ഒന്നിലേറെ സ്വകാര്യ വൈദ്യുതി വിതരണ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി. വൈദ്യുതി വാങ്ങല്‍ കരാര്‍ പ്രകാരം ലഭ്യമാകുന്ന വൈദ്യുതി എല്ലാ കമ്പനികള്‍ക്കുമായി പങ്കുവയ്ക്കണം. എന്നാല്‍ ആര്‍ക്കൊക്കെയാണ് വൈദ്യുതി നല്‍കേണ്ടതെന്ന് കമ്പനികള്‍ തീരുമാനിക്കും. സ്വഭാവികമായും അതിസമ്പന്നരും വന്‍വ്യവസായങ്ങളുമൊക്കെയാകും സ്വകാര്യ കമ്പനികളുടെ ഉപയോക്താക്കള്‍. സൗജന്യനിരക്കില്‍ വൈദ്യുതി ലഭിക്കേണ്ട കര്‍ഷകരും ദരിദ്രരും ചെറുകിട യൂണിറ്റുകളുമൊക്കെ അവഗണിക്കപ്പെടും. ഇവര്‍ക്ക് വൈദ്യുതി നല്‍കേണ്ട ഉത്തരവാദിത്വം സംസ്ഥാന ഉടമസ്ഥതയിലെ വിതരണ കമ്പനികള്‍ക്കാകും.

  • ഒന്നിലേറെ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിതരണകമ്പനികള്‍ക്ക് രജിസ്ട്രേഷനുള്ള അധികാരം കേന്ദ്ര റഗുലേറ്ററി അതോറിറ്റിക്ക്. ഇത് സംസ്ഥാനങ്ങളുടെ അധികാരത്തെ ദുര്‍ബലപ്പെടുത്തും.

  • വാങ്ങുന്ന വൈദ്യുതിയുടെ പണം മുന്‍കൂറായി ഉറപ്പുവരുത്തുന്നില്ലെങ്കില്‍ മേഖലാതല- സംസ്ഥാനതല ലോഡ് ഡെസ്പാച്ച് കേന്ദ്രങ്ങള്‍ വിതരണം നിര്‍ത്തണം.

  • കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന പുനരുപയോഗ വൈദ്യുതി വാങ്ങല്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ കനത്ത പിഴ ഈടാക്കാമെന്ന് ബില്ലില്‍ വ്യവസ്ഥ. കേന്ദ്രീകൃത സൗരോര്‍ജ നിലയങ്ങളുള്ള വന്‍കിട കുത്തകകളെ സഹായിക്കാനുള്ള ഉപാധിയെന്ന് ആക്ഷേപം.

electricity lines
Photo: Pexels

പുതിയ വൈദ്യുത നിയമഭേദഗതി സ്വകാര്യ വിതരണക്കമ്പനികള്‍ക്ക് രാജ്യത്തെവിടേയും യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുന്നു. പുതുതായി കടന്നുവരുന്ന സ്വകാര്യ കമ്പനികള്‍ക്ക് യാതൊരു മുതല്‍മുടക്കും ഇല്ലാതെ പൊതുമേഖലയില്‍ പടുത്തുയര്‍ത്തിയ സൗകര്യങ്ങള്‍ ഉപയോഗിക്കാനും നിലവിലെ വൈദ്യുതി ലൈനുകള്‍ തന്നെ ഉപയോഗിക്കാനും നിയമഭേദഗതി അധികാരം നല്‍കുന്നു. സ്വകാര്യ സംരംഭകരുടെ യോഗ്യത നിര്‍ണയിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ആണെന്നിരിക്കേ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ നിയന്ത്രണം ഉണ്ടാകില്ല. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണെന്നാണ് വിമര്‍ശനം. മാത്രമല്ല നിലവിലുള്ള വൈദ്യുതി യൂട്ടിലിറ്റിയുടെ കൈവശമുള്ള വൈദ്യുതി വാങ്ങല്‍ക്കരാറുകളുടെ പങ്ക് പുതിയ കമ്പനികള്‍ക്ക് ലഭിക്കുകയും ചെയ്യും. അതായത് പുതിയൊരു വൈദ്യുതിക്കമ്പനിക്ക് വൈദ്യുതി വിതരണം ആരംഭിക്കാന്‍ സ്വന്തമായി വൈദ്യുതിശൃംഖല നിര്‍മ്മിക്കുകയോ വൈദ്യുതി വാങ്ങല്‍ക്കരാര്‍ ഉണ്ടാക്കുകയോ ഒന്നും ആവശ്യമില്ല. കമ്പനികള്‍ക്ക് ഇഷ്ടമുള്ള ഉപഭോക്താക്കള്‍ക്കു വൈദ്യുതി നല്‍കാം, നല്‍കാതിരിക്കാം. സ്വാഭാവികമായി നിലവില്‍ ഉയര്‍ന്ന വൈദ്യുതി നിരക്ക് നല്‍കുന്ന ഹൈടെന്‍ഷന്‍ വാണിജ്യ ഉപഭോക്താക്കളെ ആകര്‍ഷകമായ താരീഫും ഇളവുകളും നല്‍കി വരുതിയിലാക്കാന്‍ ഇതിലൂടെ സാധിക്കും. പുതിയ നിയമം ഉപഭോക്താവിനും അവര്‍ക്ക് ഇഷ്ടമുള്ള സപ്ലൈയേഴ്‌സില്‍ നിന്നും വൈദ്യുതി വാങ്ങാമെന്ന സ്വാതന്ത്ര്യം നല്‍കുന്നു. പക്ഷേ വന്‍കിട ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കാന്‍ തയ്യാറാകുന്ന സ്വകാര്യകമ്പനികള്‍ കുറഞ്ഞ നിരക്ക് നല്‍കുന്ന സാധാരണ ഉപഭോക്താക്കള്‍ക്കും കൃഷി പോലുള്ള ആവശ്യങ്ങള്‍ക്കും വൈദ്യുതി നല്‍കാന്‍ തയ്യാറാകില്ല. അങ്ങനെ വരുമ്പോള്‍ സാധാരണ ഉപഭോക്താക്കള്‍ക്കും നാട്ടിന്‍പുറങ്ങളിലും കാര്‍ഷിക മേഖലയ്ക്കും വൈദ്യുതി എത്തിക്കുന്നത് പൊതുമേഖലാ സ്ഥാപനത്തിന്റെ മാത്രം ബാധ്യതയായിത്തീരും. ഇപ്പോള്‍ ഈ മേഖലകളിലെ താഴ്ന്ന നിരക്കുകൊണ്ടുണ്ടാകുന്ന നഷ്ടം ഹൈടെന്‍ഷന്‍ വാണിജ്യ മേഖലകളിലെ ഉയര്‍ന്ന നിരക്കുകളിലുള്ള ലാഭംകൊണ്ട് നികത്തപ്പെടുകയാണ് ചെയ്യാറ്. ഈ ക്രോസ് സബ്‌സിഡി ഇല്ലാതാകുന്നതോടു കൂടി നിലവിലുള്ള വിതരണ യൂട്ടിലിറ്റികള്‍ (കെ.എസ്.ഇ.ബി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍) സാധാരണ ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന സൗജന്യങ്ങളും ഇളവുകളും തുടരാന്‍ കഴിയാത്ത സ്ഥിതി വരും. സ്വാഭാവികമായും അവര്‍ സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വലിയ തോതില്‍ ഉയര്‍ത്താന്‍ നിര്‍ബന്ധിതമാകുകയോ അല്ലെങ്കില്‍ കനത്ത സാമ്പത്തിക നഷ്ടം താങ്ങാനാകാതെ തകര്‍ച്ച നേരിടുകയോ ചെയ്യും. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതിയുടെ വില കുത്തനെ വര്‍ധിക്കുന്നത് പൊതുജനങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിനും കാരണമാകും.

protest against electricity bill
വിജയവാഡയിൽ ബില്ലിനെതിരെ പ്രതിഷേധം നടത്തുന്ന വൈദ്യുതി മേഖലയിലെ ജീവനക്കാർ / Photo: GIRI KVS

മാത്രമല്ല, വിതരണ ലൈനുകളുടെ പരിപാലനമടക്കമുള്ള കാര്യങ്ങളില്‍ പുതിയ കമ്പനികള്‍ക്ക് യാതൊരു ചുമതലയുമുണ്ടാകില്ല. അത് നിലവിലുള്ള പോലെത്തന്നെ തുടരും. ഒരു പ്രദേശത്ത് ഒന്നില്‍ കൂടുതല്‍ വിതരണ ലൈസന്‍സികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതാണ് സുപ്രധാന ഭേദഗതി. ഒന്നിലധികം വിതരണ കമ്പനികള്‍ ഒരു പ്രദേശത്ത് പ്രവര്‍ത്തിക്കുമ്പോഴും ശൃംഖലയുടെ പരിപാലനം, സാങ്കേതിക നഷ്ടം കുറയ്ക്കുക, സുരക്ഷ ഉറപ്പാക്കുക, വൈദ്യുതി ലഭ്യത ഉറപ്പാകുക തുടങ്ങിയ ഉത്തരവാദിത്വങ്ങളും പങ്കുവെക്കപ്പെടുന്നില്ല. റവന്യൂശേഷിയുള്ള വന്‍കിട ഉപഭോക്താക്കളെ നഷ്ടപ്പെടുന്നതിലൂടെ ദുര്‍ബലമാകുന്ന പൊതുമേഖലാ യൂട്ടിലിറ്റി തന്നെ ഇത്തരം ചുമതലകളെല്ലാം നിര്‍വഹിക്കുകയും വേണം എന്ന സ്ഥിതിയാണ് ഉണ്ടാകുക. ഒന്നിലേറെ കമ്പനികള്‍ ഒരേ ശൃംഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മീറ്ററിംഗ് അടക്കമുള്ള കാര്യങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ വേണ്ടിവരും. കണക്കുകള്‍ തിട്ടപ്പെടുത്തുന്നതിലും മറ്റും ഉണ്ടാകാനിടയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഏര്‍പ്പെടുത്തുന്ന പുതിയ സംവിധാനങ്ങള്‍ മേഖലയുടെ മൊത്തം പ്രവര്‍ത്തനച്ചെലവ് വലിയ തോതില്‍ വര്‍ദ്ധിപ്പിക്കും. ഇതും സാധാരണ ജനങ്ങളുടെ വൈദ്യുതി നിരക്കുകളില്‍ത്തന്നെയാണ് പ്രധാനമായും പ്രതിഫലിക്കുക. സ്വകാര്യ സംരംഭകര്‍ നഗരമേഖലകളില്‍ കേന്ദ്രീകരിക്കപ്പെടുന്നതോടെ ഗ്രാമീണ മേഖലകളില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ നല്‍കുന്ന ക്രോസ് സബ്സിഡിയെ ബാധിക്കാം എന്നതിന് പുറമെയാണിത്. ക്രോസ് സബ്‌സിഡി ബാധ്യതകള്‍ സ്വകാര്യകമ്പനികള്‍ നിര്‍വഹിക്കാതിരിക്കുക വഴി താഴെ തട്ടിലുള്ളവരുടെ കാര്‍ഷിക - വ്യാവസായിക താരിഫ് ഉള്‍പ്പടെ വൈദ്യുതി ചാര്‍ജ്ജ് കുത്തനെ ഉയരുന്നത് കാര്‍ഷികമേഖലയെ പ്രതിസന്ധിയിലേക്കും രാജ്യത്തെ ഭക്ഷ്യക്ഷാമത്തിലേക്കും തള്ളിവിടും. അതായത് പുതിയ നിയമ ഭേദഗതി ബില്‍ സാധാരണക്കാരുടേയും കാര്‍ഷികമേഖലയടക്കമുള്ള മുന്‍ഗണനാ വിഭാഗങ്ങളുടേയും വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനപ്പുറം അടിസ്ഥാന വികസനത്തില്‍ നേട്ടങ്ങളൊന്നും ഉണ്ടാക്കുകയില്ല. 

വൈദ്യുതി വിതരണ ശൃംഖലയുടെ സംരക്ഷണം സ്വകാര്യ മേഖലയുടെ ബാധ്യതയല്ലാത്തതിനാല്‍ വിതരണത്തിന്റെ കാര്യക്ഷമതയേയും ഈ നിയമം പ്രതികൂലമായി ബാധിക്കുന്നതിനിടയാക്കും. അന്തര്‍ സംസ്ഥാന ലൈസന്‍സികള്‍ക്ക് അനുമതി നല്‍കുന്നത് വൈദ്യുതിവിതരണത്തില്‍മേലുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണം ഇല്ലാതാക്കും. രാജ്യത്തെ വിതരണശൃംഖല ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വലിയ അളവിലുള്ള പ്രസരണ-വിതരണ നഷ്ടമാണ്. കുറഞ്ഞ വോള്‍ട്ടേജ്, വിതരണ തടസ്സങ്ങള്‍, ലൈനുകളുടെ ഓവര്‍ലോഡിംഗ് തുടങ്ങിയ പ്രശ്‌നങ്ങളും രൂക്ഷമാണ്. കേരളം പോലെ അപൂര്‍വ്വം ചില സംസ്ഥാനങ്ങളിലൊഴികെ മിക്കയിടങ്ങളിലും ലോഡ് ഷെഡിംഗ് വ്യാപകമാണ്. വൈദ്യുതി ലഭിക്കാത്ത കോടിക്കണക്കിന് ജനങ്ങള്‍ ഇന്ത്യയിലുണ്ട്. അടിയന്തിരമായി പരിഹാരം കാണേണ്ട ഇത്തരം മൗലികപ്രശ്‌നങ്ങള്‍ക്കൊന്നും ബദലാകുന്നില്ല കേന്ദ്രം മുന്നോട്ടുവെച്ച ഈ വൈദ്യുതി നിയമഭേദഗതി ബില്‍. ഈ പ്രശ്‌നങ്ങളൊന്നും ഭേദഗതി ചര്‍ച്ച ചെയ്യുന്നുപോലുമില്ല. വിതരണ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പിക്കല്‍ മാത്രമാണ് ഭേദഗതിയില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. അതായത് വൈദ്യുതി മേഖല ഇന്നു നേരിടുന്ന ഒരു പ്രശ്‌നത്തിനും നിയമഭേദഗതി പരിഹാരം നിര്‍ദ്ദേശിക്കുന്നില്ല. ഈ നിയമഭേദഗതി ഗുണപരമമായ എന്തെങ്കിലും മാറ്റം വൈദ്യുതി മേഖലയില്‍ കൊണ്ടുവരുമെന്ന് കരുതാനാകില്ല.

electricity meter

കേരളത്തിലും കനത്ത പ്രത്യാഘാതം

കേരളത്തിലെ വൈദ്യുതി മേഖലയിലും പുതിയ വൈദ്യുത നിയമഭേദഗതി ബില്‍ കനത്ത പ്രത്യാഘാതമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ഇന്ത്യയില്‍ കേരളത്തിന് പുറത്ത് നിന്നുമുള്ള സപ്ലൈയര്‍ കമ്പനികൾക്കും കേരളത്തിലെ വന്‍കിട കമ്പനികള്‍, മാളുകള്‍ തുടങ്ങിയവരുമായി കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാവുന്ന കരാറുണ്ടാക്കാം. കേരളത്തില്‍ ജലവൈദ്യുത പദ്ധതിയിലൂടെയെല്ലാം ഉല്‍പ്പാദിപ്പിക്കുന്ന ചെലവു കുറഞ്ഞ വൈദ്യുതി ഈ കമ്പനികളുമായി പങ്കുവയ്‌ക്കേണ്ടി വരും. കെ.എസ്.ഇ.ബിക്ക് അവശേഷിക്കുക കര്‍ഷകരുടെയും വീടുകളുടെയും കണക്ഷനുകള്‍ മാത്രമായിരിക്കും.
ഹൈടെന്‍ഷന്‍ വാണിജ്യ കണക്ഷനുകളില്‍ നിന്നുള്ള ഉയര്‍ന്ന നിരക്കില്‍ നിന്നുള്ള ലാഭം ഉപയോഗിച്ച് സാധാരണക്കാര്‍ക്ക് സബ്‌സിഡൈസ് നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്നതിന് കഴിയാതെ വരും. അതിന്റെ നഷ്ടം മുഴുവന്‍ നികത്തിക്കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈവശവും പണമുണ്ടാവില്ല. സ്വാഭാവികമായും നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടിവരും. വൈദ്യുതി നിയമഭേദഗതി ബില്ലും ഒപ്പം ചട്ടഭേദഗതിയും നടപ്പിലാക്കുന്നതുവഴി ഉണ്ടാകാനിടയുള്ള ജനരോഷം മുഴുവന്‍ പൊതുമേഖലാ സ്ഥാപനം നേരിടേണ്ടി വരുമ്പോള്‍ ഒരു മുതല്‍മുടക്കും ഇല്ലാതെ സ്വകാര്യ വിതരണ കമ്പനികള്‍ ലാഭം കൊയ്യും.

കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വൈദ്യുതി അപ്രാപ്യമാക്കുന്നതാണ് വൈദ്യുതി ഭേദഗതി ബില്ലെന്നും ഈ നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും കേരളാ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടിരിന്നു. കഴിഞ്ഞ വര്‍ഷം അഭിപ്രായത്തിനായി കരട് ബില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചപ്പോള്‍, സര്‍ക്കാരിന്റെ ശക്തമായ വിയോജിപ്പും അഭിപ്രായങ്ങളും കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിരുന്നു. 

ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയ മാസം തോറും നിരക്ക് വര്‍ധിപ്പിക്കാന്‍ വിതരണക്കാരെ അനുവദിക്കുന്ന ചട്ടഭേദഗതി നടപ്പിലാക്കിയാല്‍ ഇന്ധനവിലയില്‍ വരുന്ന വര്‍ധനവിനനുസരിച്ച് ഇലക്ട്രിസിറ്റി നിരക്കും വര്‍ധിക്കുമെന്നും മുമ്പ് റെഗുലേറ്ററി കമ്മീഷന്‍ പരിശോധിച്ചതിന് ശേഷം മാത്രം നിരക്കില്‍ വര്‍ധനവ് വരുത്തണോ വേണ്ടയോ എന്ന് തീരുമാനിച്ചിരുന്നത് പരിശോധനയില്ലാതെ വര്‍ധിപ്പിക്കാന്‍ കഴിയുന്ന ഒരു അവസ്ഥയിലേക്ക് എത്തുമെന്നും ഇത് രാജ്യവ്യാപകമായി ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കും എന്നും കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി സുരേഷ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

kseb hd
കെ.എസ്.ഇ.ബി ഹെഡ്കോട്ടേഴ്സ്, തിരുവനന്തപുരം  / Photo: Wikipedia

അതേ സമയം, മാസം തോറും നിരക്ക് വര്‍ധിപ്പിക്കാന്‍ വിതരണക്കാരെ അനുവദിക്കുന്ന ചട്ടഭേദഗതി കെ.എസ്.ഇ.ബിക്ക് ഗുണകരമായ ഒന്നായും കാണാമെന്ന് എം.ജി സുരേഷ് പറഞ്ഞു: "കെഎസ്.ഇ.ബിയെ മാത്രമായി പരിഗണിക്കുകയാണെങ്കില്‍ കെഎസ്.ഇ.ബി പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് അഡിഷണലായി കൊടുക്കേണ്ടി വരുന്ന വില അതത് മാസം തന്നെ പിരിച്ചെടുക്കാനാകും. അത് കെഎസ്.ഇ.ബിയെ സംബന്ധിച്ച്​ഗുണകരമാണ്. കെ.എസ്.ഇ.ബിക്ക് കൊടുക്കേണ്ടി വരുന്ന തുക ഉപഭോക്താക്കളുടെ അടുത്ത് നിന്നുതന്നെ അതാതു മാസം പിരിച്ചെടുക്കാന്‍ കഴിയുന്നു എന്നത് റെഗുലേറ്ററി കമ്മീഷന്റെ പരിശോധനയൊക്കെ കഴിഞ്ഞ് പിരിച്ചെടുക്കുന്നതിനേക്കാളും ഗുണകരമായിരിക്കും. അപ്പോള്‍ യൂട്ടിലിറ്റി എന്ന നിലക്ക് മാത്രം പരിശോധിച്ചാല്‍ കെ.എസ്.ഇ.ബിക്ക് ഗുണകരമായ ഒരു ചട്ടഭേദഗതിയാണിത്.'

ഡി- ലൈസെന്‍സിംഗ് വിതരണ മേഖലയ്ക്ക് ഗുണകരമാകുമോ?

വൈദ്യുത നിയമഭേദഗതിയിലെ ഏറ്റവും പ്രധാന നിര്‍ദേശങ്ങളില്‍ ഒന്നാണ് വിതരണമേഖലയുടെ ഡീലൈസന്‍സിംഗ്. ബന്ധപ്പെട്ട റെഗുലേറ്ററി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഏത് കമ്പനിക്കും യാതൊരു ലൈസന്‍സുമില്ലാതെ രാജ്യത്തിന്റെ ഏതൊരു പ്രദേശത്തിന്റെയും വിതരണ കമ്പനിയായി പ്രവര്‍ത്തിക്കാമെന്ന് നിയമഭേദഗതി വ്യവസ്ഥചെയ്യുന്നു. ഒരു പ്രദേശത്ത് ഒന്നിലധികം കമ്പനികള്‍ക്ക് വൈദ്യുതി വിതരണം നടത്തുവാനും പുതുക്കിയ ഭേദഗതി അനുവദിക്കുന്നു. വൈദ്യുതി വിതരണക്കമ്പനികള്‍ മത്സരിച്ച് ഉപഭോക്താക്കളെ തേടുന്നതോടെ വൈദ്യുതി നിരക്കുകള്‍ കുറയുമെന്നും വൈദ്യുതി ഗുണമേന്‍മ വര്‍ധിക്കുമെന്നുമാണ് ഭേദഗതിക്കനുകൂലമായി കേന്ദ്രം ഉയര്‍ത്തുന്ന വാദം. എന്നാല്‍ വിതരണ മേഖലയില്‍ പുതിയ ഓപ്പറേറ്റര്‍മാര്‍ കടന്നുവരുന്നതിലൂടെ പ്രവര്‍ത്തനച്ചെലവുകള്‍ കൂടി ഉപഭോക്താക്കളുടെ അധികബാധ്യതയാകും. വൈദ്യുതി ശൃംഖലയുടെ പരിപാലനമോ നടത്തിപ്പോ ഭേദഗതിയുടെ ഭാഗമായി ഒരു മാറ്റത്തിനും വിധേയമാകുന്നില്ല എന്നതിനാല്‍ വൈദ്യുതി ഗുണമേന്മയില്‍ വ്യത്യാസമൊന്നും വരുകയുമില്ല. അതായത് ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം വര്‍ധിക്കുന്നതിനപ്പുറം ഡീലൈസന്‍സിംഗ് വൈദ്യുതി വിതരണ മേഖലയില്‍ ഗുണകരമായ മാറ്റമൊന്നും വരുത്താനിടയില്ല.

ALSO READ

കര്‍ഷകര്‍ തുടരുന്ന സമരം വൈദ്യുതി സമരം കൂടിയാണ്

മുന്‍പ് വൈദ്യുതി ഉദ്പാദന മേഖല ഡീലൈസന്‍സ് ചെയ്തതും വൈദ്യുതി വിപണനം എന്ന പുതിയൊരു പ്രവര്‍ത്തന മേഖല നിയമപരമായി സ്ഥാപിതമായതും 2003 ലെ വൈദ്യുതി നിയമത്തിന്റെ ഭാഗമായാണ്. മാത്രമല്ല, സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ പിരിച്ചുവിടുകയും വിഭജിച്ച് കമ്പനികളാക്കി മാറ്റാനും നിയമത്തിന്റെ ഭാഗമായി വ്യവസ്ഥ ചെയ്യപ്പെട്ടിരുന്നു. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ ഉദ്പാദനം, പ്രസരണം, വിതരണം എന്നിവയ്ക്കായി പ്രത്യേകം മൂന്നു കമ്പനികളായി വിഭജിക്കപ്പെട്ടെങ്കിലും കേരളത്തില്‍ നിയമത്തിലെ ചില പഴുതുകള്‍ ഉപയോഗിച്ച് കേരള സ്റ്റേറ്റ് ഇലക്​ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് (കെ.എസ്.ഇ.ബി) എന്ന ഏക കമ്പനിയായി തുടരുകയായിരുന്നു.

bulb

2003 ആക്ടിന്റെ ഭാഗമായി ഉദ്പാദന മേഖല ഡീലൈസന്‍സ് ചെയ്യപ്പെട്ടതോടെ വന്‍തോതിലാണ് സ്വകാര്യ വൈദ്യുതി ഉദ്പാദകക്കമ്പനികള്‍ രംഗത്തു വന്നത്. സ്വകാര്യ വൈദ്യുതി ഉല്‍പ്പാദക കമ്പനികള്‍ക്കു വലിയ തോതില്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്നു വായ്പയും കൊടുത്തു. ഇറക്കുമതി സാങ്കേതിക വിദ്യയും ഇറക്കുമതി ചെയ്ത കല്‍ക്കരിയുമുപയോഗിച്ചുള്ള വൈദ്യുതി ഉദ്പാദനം വൈദ്യുതി വിലയിലും പ്രതിഫലിച്ചു. വൈദ്യുതി വിതരണക്കമ്പനികള്‍ ഉല്‍പാദനകമ്പനികള്‍ക്ക് വലിയ തോതില്‍ കുടിശ്ശിക വരുത്തുന്ന സ്ഥിതിയുണ്ടായി. പൊതുമേഖലാ ബാങ്കുകള്‍ ഉദ്പാദകക്കമ്പനികള്‍ക്ക് നല്‍കിയ വായ്പയൊക്കെ കിട്ടാക്കടമായി മാറുകയും ഒപ്പം പവര്‍ പര്‍ച്ചേസ് കരാറുകള്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ ബാദ്ധ്യതയായി മാറുകയും ചെയ്തു.

യു.പിയിലും യു.കെയിലും പരാജയപ്പെട്ട നയം

ബി.ജെ.പി അധികാരത്തിലുള്ള ഉത്തര്‍പ്രദേശില്‍ വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം പരാജയപ്പെട്ടിരുന്നു. യു.പിയില്‍ പൊതുമേഖലയിലെ അഞ്ച് വൈദ്യുതി വിതരണ കമ്പനികളില്‍ ഒന്നായ പൂര്‍വാഞ്ചല്‍ വിദ്യുത് വിതരണ്‍ നിഗം ലിമിറ്റഡിനെ സ്വകാര്യവല്‍ക്കരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പുരും ഉള്‍പ്പെടുന്ന കിഴക്കന്‍ യു.പിയിലെ വൈദ്യുതി വിതരണമായിരുന്നു ഈ കമ്പനി നിര്‍വഹിച്ചിരുന്നത്. വൈദ്യുതിവിതരണം കൂടുതല്‍ ആധുനീകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമാണ് സ്വകാര്യവല്‍ക്കരണമെന്നാണ് യോഗി സര്‍ക്കാര്‍ വാദിച്ചിരുന്നത്. എന്നാല്‍, വൈദ്യുതി ജീവനക്കാര്‍ പണിമുടക്കിയതോടെ നീക്കത്തില്‍നിന്ന് സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വന്നു.

പൊതുമേഖലയിലുള്ള കാണ്‍പുര്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയാണ് കാണ്‍പുര്‍ നഗരത്തില്‍ വൈദ്യുതിവിതരണം നടത്തിയിരുന്നത്. ലാഭത്തിലുള്ള ഈ കമ്പനി 2009 ല്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കമുണ്ടായി. ബില്ലിങ്ങിന്റെയും കണക്ഷന്റെയും ഉത്തരവാദിത്വം ടൊറൻറ്​ പവര്‍ എന്ന സ്വകാര്യ കമ്പനിക്ക് കൈമാറാനായിരുന്നു ശ്രമം. ഇവിടെയും ജീവനക്കാരുടെ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് നീക്കം പാളി. യു.പിയില്‍ ആഗ്രയില്‍ മാത്രമാണ് നിലവില്‍ വൈദ്യുതി വിതരണം സ്വകാര്യമേഖല നിയന്ത്രിക്കുന്നത്. ടൊറൻറ്​ കമ്പനിക്കാണ് ആഗ്രയിലെ വൈദ്യുതി വിതരണത്തിന്റെ ചുമതല. കേന്ദ്രം ഇപ്പോള്‍ കൊണ്ടുവരുന്ന വൈദ്യുതി ഭേദഗതി ബില്ലിനെതിരായും ശക്തമായ എതിര്‍പ്പാണ് യു.പിയിലെ വൈദ്യുതി ജീവനക്കാര്‍ ഉയര്‍ത്തുന്നത്.

puvvani varanasi
പൂര്‍വാഞ്ചല്‍ വിദ്യുത് വിതരണ്‍ നിഗം ലിമിറ്റഡിന്റെ ആസ്ഥാനം / Photo: Puvvani Varanasi FB Page

സ്വകാര്യവല്‍ക്കരണം നടപ്പാക്കിയ ഇന്ത്യന്‍ നഗരങ്ങളായ ബീഹാറിലെ ഗയ, സമസ്തിപൂര്‍, ഭാഗല്‍പ്പൂര്‍, ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍, മധ്യപ്രദേശിലെ ഗ്വാളിയോര്‍, സാഗര്‍, ഉജ്ജയിന്‍, മഹാരാഷ്ട്രയിലെ ഔറംഗാബാദ്, ജലഗാവ്, ഝാര്‍ഖണ്ഡിലെ റാഞ്ചി, ജാംഷഡ്പൂര്‍ എന്നിവിടങ്ങളിലെല്ലാം അത് പരാജയപ്പെട്ടിട്ടുണ്ട്. അവിടെയെല്ലാം സംസ്ഥാന റെഗുലേറ്ററി കമ്മീഷനുകള്‍ സ്വകാര്യ ഏജന്‍സികളെ റദ്ദാക്കാന്‍ നിര്‍ബന്ധിതരാകുകയാണുണ്ടായത്.
വൈദ്യുതി വിതരണമേഖല സ്വകാര്യവത്കരിച്ച യു.കെയിലും അത് കനത്ത പരാജയമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം തെറ്റായ നയങ്ങളുടെ ഫലമായി സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് 2.6 ബില്യണ്‍ പൗണ്ടില്‍ അധികം വൈദ്യുത നിരക്കായി നല്‍കേണ്ടി വന്നു എന്ന് ഓഡിറ്റേഴ്സിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ നിന്നൊന്നും പാഠം ഉള്‍ക്കൊള്ളാതെയാണ് കേന്ദ്ര സര്‍ക്കാര്‍ വൈദ്യുതി വിതരണമേഖല സ്വകാര്യവത്കരിക്കാന്‍ ശ്രമിക്കുന്നത്.

പൊതുമേഖലകളെ വില്‍പ്പനയ്ക്ക് വെയ്ക്കുന്ന ഭരണകൂടം 

The Government has "no business to be in business'എന്ന് പറഞ്ഞ്​ പൊതുമേഖലാ സ്ഥാപനങ്ങളെ 100% വും സ്വകാര്യവല്‍ക്കരിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 ല്‍ പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 2.5 ലക്ഷം കോടി രൂപ സമാഹരിക്കും എന്നായിരുന്നു പ്രഖ്യാപനം. 

"Monetize or modernise' എന്നതാണ് തന്റെ സര്‍ക്കാറിന്റെ പ്രവര്‍ത്തന മന്ത്രമെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്വകാര്യവല്‍ക്കരണത്തിനാണ് മോദി അധികാരത്തിലെത്തിയ ശേഷം രാജ്യം സാക്ഷ്യം വഹിച്ചിട്ടുള്ളത്. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന കേന്ദ്രസര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണം സഹായിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ ഇതുവരെ വിറ്റഴിച്ചതെല്ലാം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി എന്നതാണ് യാഥാര്‍ഥ്യം. 

narendra modi
നരേന്ദ്ര മോദി

വൈദ്യുതി മേഖലയെ പൂര്‍ണമായും സ്വകാര്യവൽക്കരിക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍തന്നെ വൈദ്യുതി വിതരണ മേഖലയെ സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതി കൊടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. അന്ന് എതിര്‍പ്പുകളെത്തുടര്‍ന്ന് നടപ്പിലാക്കാന്‍ കഴിയാതെപോയതാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. 
ടെലികോം മേഖലയിലേതു പോലെ സ്വകാര്യ കമ്പനികള്‍ക്ക് മത്സരം നടത്താനുള്ള വേദിയായി വൈദ്യുതി മേഖലയെ മാറ്റുമെന്നും അത് വൈദ്യുതി മേഖലയുടെ നിലവാരം ഉയര്‍ത്തുമെന്നുമാണ് മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ യാതൊരു നിക്ഷേപവും നടത്താതെ പൊതുമുതല്‍കൊണ്ട് സ്ഥാപിച്ച വൈദ്യുതി വിതരണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി മത്സരിച്ച് വൈദ്യുതിവില വര്‍ധിപ്പിച്ച് ലാഭം കൊയ്യാന്‍ സ്വകാര്യ കമ്പനികളെ സഹായിക്കുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. അദാനി ഗ്രൂപ്പ്, ടാറ്റാ പവര്‍, റിലയന്‍സ് പവര്‍, ജെ.എസ്.ഡെബ്ല്യൂ തുടങ്ങിയ സ്വകാര്യ കുത്തക കമ്പനികള്‍ തന്നെയാകും വൈദ്യുതി വിതരണ മേഖലയും കൈയ്യടക്കാന്‍ പോകുന്നത്.

പൊതുജനവിരുദ്ധവും തൊഴിലാളി വിരുദ്ധവും കര്‍ഷകവിരുദ്ധവുമായ ഇത്തരം നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. വൈദ്യുതി ഭേദഗതി ബില്‍ ഒരു തുടര്‍ച്ചമാത്രമാണ്. അതേ സമയം വൈദ്യുതി മേഖലയിലെ സ്വകാര്യവത്ക്കരണത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഉപഭോക്താക്കള്‍ വേണ്ടത്ര ബോധവാന്മാരല്ല. നിരക്കിലുണ്ടാവുന്ന വിലവര്‍ധനവിന് പിന്നിലെ കാരണത്തെക്കുറിച്ച് അഥവാ സ്വകാര്യവത്ക്കരണത്തെക്കുറിച്ച് ഉപഭോക്താക്കള്‍ തിരിച്ചറിയേണ്ടതുണ്ട്. അല്ലാത്തപക്ഷം സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരിക്കും ജനങ്ങളില്‍ നിന്ന് പഴി കേള്‍ക്കേണ്ടിവരുന്നത്.

Remote video URL
  • Tags
  • #Salva Sharin
  • #Electricity Amendment Bill 2022
  • #Kerala State Electricity Board
  • #Privatization
  • #Narendra Modi
  • #R.K. Singh
  • #K. Krishnankutty
  • #Uttar pradesh
  • #Samyukta Kisan Morcha
  • #Think Stories
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
pinarayi-rahul

National Politics

പിണറായി വിജയൻ

എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ച ചെയ്യുന്നത് ഫാഷിസ്റ്റ് രീതി

Mar 24, 2023

3 Minutes Read

Rahul Gandhi

National Politics

ടി.എന്‍. പ്രതാപന്‍

ഭരണകൂട ഭീഷണിയെ രാജ്യം​ ചെറുക്കും, അതിന്​ രാഹുൽ നേതൃത്വം നൽകും

Mar 23, 2023

3 Minutes Read

pune film institute

Higher Education

സല്‍വ ഷെറിന്‍

ഭിന്നശേഷിക്കാരിയായ സഹപാഠിയുടെ അവകാശ സംരക്ഷണത്തിന്​ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്​ വിദ്യാര്‍ഥികള്‍ സമരത്തില്‍

Mar 16, 2023

3 Minutes Read

brahmapuram

Waste Management

ഷഫീഖ് താമരശ്ശേരി

ബ്രഹ്മപുരത്തെ കുറ്റകൃത്യം

Mar 13, 2023

12 Minutes Watch

The Elephant Whisperers

Documentary

സല്‍വ ഷെറിന്‍

'ദ എലഫൻറ്​ വിസ്പറേഴ്സ്': മനുഷ്യരുടെയും മൃഗങ്ങളുടെയും പാരസ്​പര്യങ്ങൾ

Mar 13, 2023

2 Minutes Read

think stories

Labour Issues

സല്‍വ ഷെറിന്‍

സ്വയംതൊഴില്‍ പദ്ധതിയില്‍ വഞ്ചിക്കപ്പെട്ട അഞ്ച് ദലിത് സ്ത്രീകള്‍ ജപ്തി ഭീഷണിയില്‍

Mar 08, 2023

11 Minutes Watch

womens cricket

Sports

അലി ഹൈദര്‍

ഗ്രൗണ്ടിലിറങ്ങുന്നത് കളിക്കാനല്ല കളി തുടരാനാണ്‌

Mar 03, 2023

9 Minutes Watch

congress

National Politics

സന്ധ്യാമേരി

മതേതരത്വവും ​കോൺഗ്രസും: ചില പ്രതീക്ഷകൾ

Feb 26, 2023

8 minutes read

Next Article

അധ്യാപകന്‍ ഉഴപ്പനെന്ന ആരോപണം, അടൂരിന്റെ മുറിച്ചു മാറ്റപ്പെട്ട ജാതിവാലിന്റെ ധാര്‍ഷ്ട്യം: വിദ്യാര്‍ഥികളുടെ തുറന്ന കത്ത്

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster