17 ദ്വീപുകളിൽ പ്രവേശന നിയന്ത്രണം;
കോർപറേറ്റുകൾക്കായി ആട്ടിയോടിക്കപ്പെടുന്ന
ലക്ഷദ്വീപ് ജനത
17 ദ്വീപുകളിൽ പ്രവേശന നിയന്ത്രണം; കോർപറേറ്റുകൾക്കായി ആട്ടിയോടിക്കപ്പെടുന്ന ലക്ഷദ്വീപ് ജനത
ലക്ഷദ്വീപില്‍ സ്ഥിരമായി ജനവാസമില്ലാത്ത 17 ദ്വീപുകളിലേക്ക് പോകാൻ ദ്വീപുനിവാസികളടക്കമുള്ളവർക്ക് ഇനി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ രേഖാമൂലമുള്ള അനുമതി വേണം. വിനോദ സഞ്ചാരത്തിന്റെ പേരില്‍ സ്വകാര്യ സംരംഭകര്‍ക്ക് പാട്ടത്തിന് നല്‍കാന്‍ ലക്ഷ്യമിടുന്ന ദ്വീപുകളിലാണ്, സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നത്. ലക്ഷദ്വീപുജീവിതം ദുസ്സഹമാക്കുന്ന ഭരണകൂട- കോർപറേറ്റ് ചങ്ങാത്തനയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിത്.
3 Jan 2023, 01:04 PM
ലക്ഷദ്വീപില്‍ സ്ഥിരമായി ജനവാസമില്ലാത്ത 17 ദ്വീപുകളില്‍, ദ്വീപ് നിവാസികളടക്കമുള്ളവർക്ക് പ്രവേശിക്കാന്‍ ഇനി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ രേഖാമൂലമുള്ള അനുമതി വേണം. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിന്റെ നിര്‍ദ്ദേശപ്രകാരം കലക്ടര്‍ ഡോ. രാകേഷ് മിന്‍ഹാസാണ് ഉത്തരവിറക്കിയത്. ‘തീവ്രവാദത്തില്‍ നിന്ന് സുരക്ഷിതമാക്കാനും പൊതുസുരക്ഷയ്ക്ക് ഭീഷണിയാകാതിരിക്കാനും സമാധാനം തകരാതിരിക്കാനും മുന്‍കരുതല്‍ ആവശ്യമാണ്. ഇതിന്റെ ഭാഗമായാണ് 17 ദ്വീപുകളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവേശനം നിരോധിക്കുന്നത്’ എന്നാണ് ഉത്തരവില്‍ പറയുന്നത്. പ്രഫുല്‍ കെ. പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ ശേഷം ദ്വീപുനിവാസികളുടെ സ്വൈര്യജീവിതം അസാധ്യമാക്കുംവിധം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ‘പരിഷ്കാരങ്ങളി’ൽ ഒടുവിലത്തേതാണ് ഈ നിയന്ത്രണം.
1973ലെ ക്രിമിനല്‍ നടപടി നിയമം സെക്ഷന്‍ 144 പ്രകാരമുള്ള ഉത്തരവ് ലംഘിച്ചാല്‍ സി.ആര്‍.പി.സി 188 പ്രകാരമുള്ള ശിക്ഷ ലഭിക്കും. 36 ദ്വീപുകളുള്ള ലക്ഷദ്വീപില്‍ പത്തെണ്ണത്തിലേ ജനവാസമുള്ളൂ. ഇവിടെയുള്ളവർക്ക് ജനവാസമില്ലാത്ത 17 ദ്വീപുകളിലും സ്വന്തം സ്ഥലമുണ്ട്. കൃഷിക്കുവേണ്ടിയാണ് പ്രധാനമായും ദ്വീപുജനത ഇവിടേക്കുപോകുന്നത്. ചെറിയ തോതില്‍ മത്സ്യബന്ധനവുമുണ്ട്. തേങ്ങ ശേഖരിച്ച് ഉണക്കി കൊപ്രയാക്കാനും തൊഴിലാളികളെ പാര്‍പ്പിക്കാനും താല്‍ക്കാലിക ഷെഡുകളുമുണ്ട്. ‘ഈ ഷെഡുകളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്കൊപ്പം നിയമവിരുദ്ധ- ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ഉണ്ടെന്ന വസ്തുത തള്ളിക്കളയാനാവില്ല’ എന്നാണ് ഉത്തരവില്‍ പറയുന്നത്. ‘ഇത്തരം ദ്വീപുകളെ കള്ളക്കടത്ത്, ആയുധങ്ങള്‍ മയക്കുമരുന്ന് തുടങ്ങിയവ ഒളിപ്പിക്കാനും കുറ്റകൃത്യങ്ങളില്‍പെട്ടവര്‍ ഒളിത്താവളമാക്കാനും ഉപയോഗിക്കുന്നു’ എന്ന ആരോപണത്തിന്റെ മറവിലാണ് നിയന്ത്രണം.

വിനോദസഞ്ചാരത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാർ ഒത്താശയോടെ സ്വകാര്യ സംരംഭകര്‍ക്ക് പാട്ടത്തിന് നല്‍കാന്‍ ലക്ഷ്യമിടുന്ന ദ്വീപുകളിലാണ് പുതിയ നിയന്ത്രണം എന്നത്, ഇതിനുപിന്നിലെ ഭരണകൂട- കോര്‍പറേറ്റ് ചങ്ങാത്തത്തിലേക്ക് വിരൽ ചൂണ്ടുന്നു. ദ്വീപില്‍ കർശന തീരദേശ സുരക്ഷാനിയമങ്ങളുണ്ടായിരിക്കേയാണ് ഇത്തരമൊരു നീക്കം എന്നതും ശ്രദ്ധിക്കേണ്ടതാണ്. അഡ്മിനിസ്‌ട്രേറ്ററുടെ നിര്‍ദേശ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും കലക്ടര്‍ ഒപ്പിട്ടിട്ടില്ല. എങ്കിലും ഉത്തരവ് പുറപ്പെടുവിച്ച ശേഷം ദ്വീപുനിവാസികള്‍ ഈ ദ്വീപുകളിലേക്ക് പോകുന്നത് നിര്‍ത്തിയിട്ടുണ്ട്.

ദ്വീപുനിവാസികളെ പ്രതിയാക്കി ഒരുത്തരവ്
ദ്വീപിലെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും ഉപജീവന മാര്‍ഗവും തടയുന്ന ഉത്തരവ് എന്ത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് ദ്വീപ് ഭരണകൂടം വ്യക്തമാക്കിയിട്ടില്ല. ഈ 17 ദ്വീപുകളില്‍ ഉള്‍പ്പെട്ടതാണ് അഗത്തി ദ്വീപിന്റെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന വളയാകൃതിയിലുള്ള ബംഗാരം അറ്റോള്‍. 1974-ല്‍ ബംഗാരം ദ്വീപ് ബീച്ച് റിസോര്‍ട്ട് ടൂറിസത്തിനായി തുറന്നുകൊടുത്തു. എന്നാല്‍ വാണിജ്യ വിമാനങ്ങളുടെ അഭാവവും ദ്വീപുകളിലേക്ക് പ്രവേശിക്കാനുള്ള ഗതാഗതസൗകര്യങ്ങളുടെ കുറവും പ്രവേശനം ദുഷ്കരമാക്കി. സമീപത്തെ അഗത്തി ദ്വീപിലെ അഗത്തി എയ്‌റോഡ്രോം കമീഷന്‍ ചെയ്യപ്പെടുകയും കൊച്ചിയില്‍നിന്ന് പതിവായി വാണിജ്യ വിമാന സർവീസ് ഏർപ്പെടുത്തുകയും ചെയ്തശേഷമാണ് ബംഗാരത്തില്‍ ടൂറിസം വികസിക്കുന്നത്. അവിടെ ടൂറിസ്റ്റുകൾക്കായി ഹട്ട് റിസോര്‍ട്ടുമുണ്ട്.
ദ്വീപുകളുടെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലക്ഷദ്വീപ് ഭരണകൂടം 1982-ല്‍ രൂപീകരിച്ച സൊസൈറ്റി ഫോര്‍ പ്രൊമോഷന്‍ ഓഫ് നേച്ചര്‍ ടൂറിസം ആന്‍ഡ് സ്‌പോര്‍ട്‌സ് (SPORTS) അഡ്മിനിസ്‌ട്രേഷന്റെ നോഡല്‍ ഏജന്‍സിയാണ്. ആല്‍ക്കഹോളിന് നിയന്ത്രണമുള്ള ലക്ഷദ്വീപില്‍ ബംഗാരം അറ്റോളില്‍ മാത്രമേ മദ്യം കഴിക്കാന്‍ അനുവദിക്കൂ.
നിലവില്‍ ദ്വീപ് നിവാസികള്‍ക്ക് ബംഗാരത്തിലേക്ക് പ്രവേശനാനുമതിയുണ്ട്. അഗത്തി ദ്വീപില്‍ നിന്നാണ് പ്രധാനമായും ബോട്ടിൽ ബംഗാരത്തിലേക്ക് ആളുകളെ കൊണ്ടുപോകുന്നത്. ഇതിനായി നിരവധി ദ്വീപ് നിവാസികള്‍ തങ്ങളുടെ മത്സ്യബന്ധന ബോട്ടുകള്‍ ടൂറിസ്റ്റ് ബോട്ടുകളാക്കി മാറ്റിയിട്ടുമുണ്ട്.

ഇപ്പോള്‍ ടൂറിസ്റ്റ് സീസണ്‍ ആയതുകൊണ്ട് നിരവധി സഞ്ചാരികളാണ്ബംഗാരത്തിലേക്ക് വരുന്നത്. അവരിൽ സർക്കാർ അതിഥികളും വ്യക്തികളും തദ്ദേശീയരും ഉള്‍പ്പെടുന്നു. ബംഗാരത്തിലേക്ക് കൃഷിക്കും മറ്റും വരുന്ന ദ്വീപ് നിവാസികള്‍ ടൂറിസ്റ്റുകള്‍ക്ക് ശല്ല്യമുണ്ടാക്കുന്നു എന്ന ആരോപണങ്ങള്‍ ദ്വീപ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുയര്‍ന്നിരുന്നു. കഴിഞ്ഞ ആഴ്ച ബംഗാരത്തിലെ റിസോര്‍ട്ടില്‍ വന്ന കലക്ടറുടെ ഗസ്റ്റിന് ദ്വീപുനിവാസികളിലാരോ ശല്യമുണ്ടാക്കിയെന്ന കാരണമാണ് ഇത്തരമൊരു ഉത്തരവിലേക്ക് നയിച്ചതെന്നാണ് കടമത്ത് സ്വദേശി സാബിത്തും അഗത്തി സ്വദേശിയായ മറ്റൊരു ദ്വീപ് നിവാസിയും ട്രൂകോപ്പി തിങ്കിനോട് പറഞ്ഞത്. ഈ സംഭവത്തെതുടർന്നാണ്, കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് പെട്ടെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.
സ്വന്തം വീട്ടിൽ പോകാൻ പെർമിഷൻ?
ബോട്ടിംഗിനെയും കൃഷിയേയും മത്സ്യബന്ധനത്തേയും ആശ്രയിച്ച് ഉപജീവനം നടത്തുന്ന ദ്വീപുജനതക്ക് മുന്‍കൂട്ടി ഒരു സൂചനയും നല്‍കാതെയാണ് ഉത്തരവിറക്കിയത്. കലക്ടറോടും ബ്ലോക്ക് ഡെവലപ്പ്‌മെൻറ് ഓഫീസറോടും പഞ്ചായത്തിലും അന്വേഷിച്ചെങ്കിലും ഇതേക്കുറിച്ച്മറുപടിയുണ്ടായിരുന്നില്ല. വാക്കാൽ ഉത്തരവ് നിലനില്‍ക്കില്ലെന്ന ദ്വീപ് നിവാസികളുടെ പ്രതിഷേധങ്ങള്‍ക്കിടെയാണ് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും കള്ളക്കടത്തുമൊക്കെ കാരണമായി ആരോപിച്ച് പിന്നീട് പുതിയ നോട്ടീസിറക്കുന്നത്. എന്നാല്‍, ഇതുവരെ കലക്ടര്‍ ഒപ്പിട്ടിട്ടില്ലെന്നും നിയന്ത്രണം നടപ്പിലാക്കുകയാണെങ്കില്‍ നിയമപരമായി നേരിടാന്‍ തയാറാണെന്നും ലക്ഷദ്വീപ് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. കോയ അറഫ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

മത്സ്യബന്ധന ബോട്ടുകള്‍ ആള്‍താമസമില്ലാത്ത ദ്വീപുകളിലേക്ക് പോകുന്നതിന് പെര്‍മിഷന്‍ എടുക്കണം എന്ന റെഗുലേഷന്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ബംഗാരം ഒരു പ്രധാന ഇന്റര്‍നാഷണല്‍ ടൂറിസ്റ്റ് സ്‌പോട്ട് ആയതുകൊണ്ടുതന്നെ അതിനെ ജനവാസ മേഖലയെന്ന പോലെ പരിഗണിച്ച് ആരും പെര്‍മിഷന്‍ എടുക്കാറില്ലായിരുന്നു.
"നാട്ടുകാർക്ക് പെര്‍മിഷന്‍ വേണ്ടല്ലോ. ഞാന്‍ ലക്ഷദ്വീപുകാരനാണ്. എനിക്ക് ഏത് ദ്വീപിലേക്കും എപ്പോള്‍ വേണമെങ്കിലും പോകാമല്ലോ. സ്വന്തം വീട്ടിലേക്ക് പോകാന്‍ പെര്‍മിഷന്‍ എടുക്കണം എന്ന് പറയുന്നതില്‍ എന്തു ന്യായമാണുള്ളത്?' കടമത്ത് സ്വദേശിയായ ഒരു ലക്ഷദ്വീപുകാരന്‍ ചോദിക്കുന്നു.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 മീറ്റിംഗുകള്‍ക്ക് 2022 ഡിസംബര്‍ 1 മുതല്‍ 2023 നവംബര്‍ 30 വരെ 55 സ്ഥലങ്ങളാണ് വേദിയാകുന്നത്. അതില്‍ ഒരു ഈവൻറ് ഫെബ്രുവരിയില്‍ ബംഗാരം ദ്വീപിലാണ് നടക്കുന്നത്. അതിന്റെ ഭാഗമായുള്ള സുരക്ഷാപ്രശ്‌നങ്ങളും ഒരുപക്ഷെ ഉത്തരവിന് പിന്നിലുണ്ടാകാമെന്നും സൂചനയുണ്ട്.
തുടരുന്ന വേട്ടയാടല്‍
വ്യക്തമായ കോര്‍പറേറ്റ് താല്പര്യങ്ങളുള്ളയാളെന്ന് മുന്‍പേ ആരോപണവിധേയനായ പ്രഫുല്‍ കെ. പട്ടേല്‍ ഗുജറാത്തില്‍ മന്ത്രിയായിരിക്കെ നടപ്പിലാക്കിയ അതേ തന്ത്രങ്ങളാണ് ദ്വീപിലും പയറ്റുന്നത്. അഡ്മിനിസ്‌ട്രേറ്ററുടെ ദ്വീപ് വിരുദ്ധ നയങ്ങള്‍ക്കെതിരെ ലക്ഷദ്വീപ് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. കോയ അറഫയുടെ നേതൃത്വത്തില്‍ കേരളാ ഹൈകോടതിയില്‍ നിരവധി ഹര്‍ജികളാണ് കൊടുത്തിട്ടുള്ളത്.

ദ്വീപിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസം നിരോധിച്ചതും ദ്വീപിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏക കന്നുകാലി ഫാം അടച്ചുപൂട്ടാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തിയ ശ്രമവുമെല്ലാം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
ലക്ഷദ്വീപില്‍ ബില്‍ഡിങ് മെറ്റീരിയല്‍സ് പുറമെനിന്നാണ് കൊണ്ടുവരുന്നത്. അതിന് വലിയ ചെലവുള്ളതിനാൽ, ലക്ഷദ്വീപ് ബില്‍ഡിംഗ് ഡെവലപ്പ്‌മെൻറ് ബോര്‍ഡി (LBDB) ലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് ഇളവനുവദിക്കുകയും അതിലൂടെ മിനിമം തുകക്ക് സാധനങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. പ്രഫുല്‍ പട്ടേല്‍ വന്ന ശേഷം അത് നിര്‍ത്തി. അതിനെതിരെ ഹൈക്കോടതില്‍ പോയെങ്കിലും ദ്വീപ് ഭരണകൂടം മിനിസ്ട്രിയെകൊണ്ട് ആ നിയമം റദ്ദാക്കിച്ചു.
ലക്ഷദ്വീപില്‍ രണ്ടുതരം ഭൂമികളാണുള്ളത്. അതിലൊന്ന് ദ്വീപിലെ ജനങ്ങള്‍ കാലങ്ങളായി ഉപയോഗിക്കുന്നതും അവരുടെ കൈവശവും അധികാരത്തിലും ഉള്ളതുമായ ഭൂമിയാണ്. അതില്‍ അവർക്ക് നിയമപരമായി അവകാശം നല്‍കിയിട്ടുണ്ട്. പക്ഷേ, ഭൂമി കാലങ്ങളായി അവരുടെ നിയന്ത്രണത്തിലുള്ളതാണെന്ന occupancy right അഡ്മിനിസ്‌ട്രേറ്റര്‍ ഉറപ്പ് വരുത്തണം. ഇപ്പോള്‍ അതിന് അപേക്ഷിച്ചാല്‍ occupancy right ഇല്ലെന്നു പറഞ്ഞ് തള്ളുകയാണ്. ഇതിനെതിരെ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്.

ഇത്തരത്തില്‍ ദ്വീപ് ജനതയെ ദുരിതത്തിലാഴ്ത്തുന്ന അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ക്കെതിരെ നിരന്തരം നിയമയുദ്ധം നടത്തേണ്ട അവസ്ഥയിലാണ്ദ്വീപുനിവാസികൾ. പല ഉത്തരവുകള്‍ക്കുമെതിരെ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിച്ചതായി അഡ്വ. കോയ പറഞ്ഞു.
അഡ്മിനിസ്‌ട്രേറ്ററുടെ ദ്വീപ് വിരുദ്ധ നയങ്ങള്‍, പുതിയ ഉത്തരവോടെ അവസാനിക്കുമെന്ന് ദ്വീപുജനത കരുതുന്നില്ല. കേന്ദ്രത്തിന്റെ ഒത്താശയോടെ അത് തുടരും. അതീവ പരിസ്ഥിതിലോല പ്രദേശത്ത്, പരിമിത ജീവിതസാഹചര്യങ്ങളിൽ കഴിഞ്ഞുകൂടുന്ന ഒരു ജനതയുടെ അതിജീവനം ദിവസംചെല്ലുംതോറും കൂടുതൽ ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്.
സല്‍വ ഷെറിന്‍
Mar 16, 2023
3 Minutes Read
സല്‍വ ഷെറിന്‍
Mar 13, 2023
2 Minutes Read
സല്‍വ ഷെറിന്‍
Mar 08, 2023
11 Minutes Watch
സല്‍വ ഷെറിന്‍
Feb 24, 2023
3 Minutes Read
സല്‍വ ഷെറിന്‍
Feb 01, 2023
5 Minutes Read
സല്‍വ ഷെറിന്‍
Jan 15, 2023
21 Minutes Read
എം.സുല്‍ഫത്ത്
Jan 12, 2023
10 Minutes Read
സച്ചു ഐഷ
Jan 05, 2023
4 Minutes Read