6 Oct 2020, 01:11 PM
കടല്‍പക്ഷികളുടെ ശബ്ദം ഫ്രാന്‍സിസ്‌ക്കോ ജെറാര്‍ഡിയെ ഉണര്‍ത്തി. ഉറക്കമെണീറ്റതും കണ്ണുകളെ തുറക്കാതെ കട്ടിലില്‍തന്നെ ഇരുന്നുകൊണ്ട് കുരിശ് നെഞ്ചിലണിഞ്ഞു. അതുകഴിഞ്ഞ് കണ്ണുകള്‍ സാവധാനം തുറന്നുകൊണ്ട് കാലുകളെ റബ്ബര്‍ ചെരുപ്പുകളിലേക്ക് കടത്തിയ അയാള്‍ മെല്ലെ നടന്ന് ജനാലയെ തുറന്നു. വെളിയില്‍ കൊച്ചി ഇടതൂര്‍ന്ന പച്ചയില്‍ കുളിച്ചു കിടന്നിരുന്നു. രാത്രിയില്‍ നന്നായി മഴ പെയ്തിരുന്നിരിക്കണം.
ഈ മഴക്കാലത്തെ കൊച്ചിയില്‍ താമസിക്കാനായിത്തന്നെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഫ്രാന്‍സിസ്‌ക്കോ ഇറ്റലിയില്‍നിന്ന് വരും. അയാള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും താമസിച്ചിട്ടുണ്ട്. കൊല്ക്കത്ത, ഗോവ, പോണ്ടിച്ചേരി എന്നിങ്ങനെയുള്ള പല സ്ഥലങ്ങളിലെവിടെയും അയാള്‍ സ്വന്തത്തെ ഇത്രയളവിൽ വിട്ടുകൊടുത്തിട്ടില്ല. കൊച്ചിയെ ആദ്യമായി കണ്ടപ്പോൾ അതയാളിൽ എന്തോ തരം വികാരമുണ്ടാക്കി. പ്രത്യേകിച്ചും ഫോര്‍ട്ട് കൊച്ചി.
ഫോര്‍ട്ട് കൊച്ചിക്ക് ഒരു പുരാതന ഭംഗിയുണ്ട്. മട്ടാഞ്ചേരി മുതല്‍ ചെല്ലാനം വരെയുള്ള പാത ഒരു പൗരസ്ത്യദേശത്തെ തിരയുന്ന യൂറോപ്യന്‍ സ്വപ്നം പോലെ നീണ്ടുകിടക്കുന്നു. ഫ്രാന്‍സിസ്‌ക്കോയുടെ അമ്മ കാതറീന എപ്പോഴും അയാളോട് പറയും: ‘‘നാം സ്വപ്നം കാണുന്ന സ്ഥലം ഭൂമിയിലെവിടെയോ ഉണ്ട്. എല്ലാ മനുഷ്യരുടെ സ്വപ്നത്തിലും ഒരു ഭൂപ്രദേശമുണ്ട്. ഭൂരിപക്ഷവും അവിടെയെത്താതെയാണ് മരിക്കാറുള്ളത്''.
അമ്മ ജീവിതത്തില്‍ തന്റെ സ്വപ്നത്തിലെ ഇടത്തെ കണ്ടുവോയെന്ന് ഫ്രാന്‍സിസ്‌ക്കോയ്ക്ക് അറിയില്ല. എന്നാല്‍ താന്‍ അത്തരമൊരു സ്ഥലത്തെ അണഞ്ഞതായിത്തന്നെ കരുതി. അമേരിക്കയിലും യൂറോപ്പിലുമായി ഫ്രാന്‍സിസ്‌ക്കോയുടെ കുടുംബം ചിതറിക്കിടക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ അവരുടെ കുടുംബപ്പേരായ ‘ഗ്‌ളുസെപ്പേ ജെറാര്‍ഡി' എന്നടിച്ചു കൊടുത്താല്‍ എട്ടു പക്കങ്ങളോളം വംശാവലി കൃത്യമായി വിരിയും.

അയാളുടെ രണ്ടു സഹോദരന്മാര്‍ അമേരിക്കയിലും ഒരു സഹോദരി പാരിസിലുമാണ് കഴിയുന്നത്. സിസിലി നഗരത്തില്‍ അവര്‍ക്ക് ഗണ്യമായ സ്വത്തുണ്ട്. കയറ്റുമതി വ്യാപാരം കൂട്ടുകുടുംബത്തിന്റെ ഉടമസ്ഥതയില്‍ നടന്നുവരുന്നുണ്ട്. ഫ്രാന്‍സിസ്‌ക്കോയുടെ ജീവിതത്തില്‍ മൂന്നു വിവാഹമോചനങ്ങള്‍ നടന്നു; രണ്ടു കുട്ടികളുമുണ്ട്. എഴുപതു വയസിലും ജീവിതത്തിന്റെ അര്‍ഥമെന്താണെന്ന് അയാള്‍ക്കറിയില്ല. അതിനെയാണ് ഭൂഖണ്ഡങ്ങള്‍ പലതും താണ്ടി തീവ്രമായി അയാള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
തന്റെ ജീവിതത്തിലെപ്പോഴും തികവിനെയും ശുചിത്വത്തെയും പ്രധാനപ്പെട്ടതായി ഫ്രാന്‍സിസ്‌ക്കോ കരുതുന്നു. അയാളുടെ ശുചിത്വവുമായി ബന്ധപ്പെട്ട പീഡനം സഹിക്കാന്‍ കഴിയാതെതന്നെ രണ്ടു ഭാര്യമാര്‍ പിരിഞ്ഞുപോയി. മൂന്നാമത്തെ ഭാര്യ ശുചിത്വത്തില്‍ അയാളെക്കാളും കണിശക്കാരിയായതിനാല്‍ അയാളെ ഒഴിവാക്കിപ്പോയി.
ഫ്രാന്‍സിസ്‌ക്കോയെ സംബന്ധിച്ച് കൊച്ചിയില്‍ സഹിക്കാന്‍ പറ്റാത്തത് അവിടെയുള്ള മാലിന്യവും ശുചിത്വമില്ലായ്മയുമാണ്. താന്‍ വാടകക്ക് കഴിയുന്ന വീടിനെ ആവോളം കലാഭംഗിയോടെ ഫ്രാന്‍സിസ്‌ക്കോ തെരെഞ്ഞെടുക്കുന്നത് പതിവാണ്. അയാള്‍ക്ക് വേണ്ടി വീട് അന്വേഷിക്കുന്നതിനെപ്പറ്റി ആലോചിക്കുമ്പോള്‍ തന്നെ ബ്രോക്കര്‍ ഷിബുവിന് ഹാലിളകും. അമ്പത് വീടുകള്‍ കണ്ടാലും ഫ്രാന്‍സിസ്‌ക്കോയ്ക്ക് തൃപ്തിയാവില്ല. ചോദിക്കുന്ന പണം ലഭിക്കുന്നതിനാല്‍ ഷിബു സഹിക്കും.
ഇപ്പോള്‍ അയാള്‍ താമസിക്കുന്ന വീടുതന്നെ അങ്ങനെ തെരെഞ്ഞെടുത്തതാണ്. ഡച്ച് സെമിത്തിരി റോഡിലാണ് ആ വീടുള്ളത്. എതിര്‍വശത്ത് വലിയ കാല്‍പ്പന്ത് മൈതാനം. കേരളശൈലിയും യൂറോപ്യന്‍ശൈലിയും സമ്മേളിച്ച ഒറ്റപ്പെട്ട വീടാണത്. ആ തെരുവില്‍ ആ ഒരു വീട് മാത്രമാണുള്ളത്. അടുത്ത തെരുവിലുള്ള പള്ളിയില്‍ നിന്ന് പെൺകുട്ടികള്‍ ഗുൽമോഹര്‍ പറിക്കാന്‍ അയാളുടെ വീടിനു മുമ്പിലുള്ള മൈതാനത്തിലേക്ക് വൈകുന്നേരങ്ങളില്‍ വരാറുണ്ട്. ചിലപ്പോള്‍ അയാള്‍ അവരെ തന്റെ മുറിയിലേക്ക് ക്ഷണിച്ച് ഇറ്റലിയില്‍ നിന്ന് അയച്ചുകൊടുക്കപ്പെട്ട ചോക്ക്‌ലേറ്റുകളും മധുരങ്ങളും നല്‍കും. ചില പെണ്‍കുട്ടികള്‍ ചോക്ലേറ്റുകള്‍ക്കുവേണ്ടി വീണ്ടും വീണ്ടും മരത്തിനടിയില്‍ നില്‍ക്കാറുമുണ്ട്.

രാത്രിയുടെ ആദ്യ പകുതി ഫ്രാന്‍സിസ്‌ക്കോയ്ക്ക് ഏറെയിഷ്ടമാണ്. മട്ടുപ്പാവിലിരുന്നാല്‍ കടല് കാണാം. ഭീമാകാരങ്ങളായ കപ്പലുകള്‍ പുരാതനമായ തനിമയോടെ സോഡിയം വേപ്പര്‍ലാമ്പുകളില്‍നിന്നുള്ള വെളിച്ചം വെള്ളത്തില്‍ തങ്കത്തിളക്കത്തോടെ പ്രതിഫലിപ്പിച്ച് പൊങ്ങിയൊഴുകും. വലതുഭാഗത്തേക്ക് തിരിഞ്ഞാല്‍ ദേവാലയം. പാതിരാത്രി വിളക്കണച്ച ശേഷം കട്ടിലില്‍ കിടന്നുകൊണ്ട് മിന്നുന്ന കുരിശിനെ നോക്കുന്നത് അയാളുടെ ശീലമാണ്.
ഉച്ചയ്ക്ക് മൂന്നുമണി കഴിഞ്ഞാല്‍ കുരിശിന്റെ ഒരു പകുതി നിഴല്‍ അയാളുടെ കട്ടിലിനു മീതെ കുറുകെ പതിയും. ചിലപ്പോള്‍ കര്‍ത്താവും കുരിശിനോടൊപ്പം കിടക്കുന്നതായി ഫ്രാന്‍സിസ്‌ക്കോ ഭാവന ചെയ്യും. വാടക വീടാണെങ്കിലും അതിനെ കലാചാതുരിയോടെ ഫ്രാന്‍സിസ്‌ക്കോ വെച്ചുകൊണ്ടിരിക്കുന്നത് മുംബൈയിലുള്ള വീട്ടുടമസ്ഥന്‍ ബാലന്‍നായര്‍ക്ക് ഇഷ്ടമാണ്. മട്ടുപ്പാവില്‍ ചെറിയൊരു പൂന്തോട്ടമുണ്ട്. പാചകം ചെയ്യാനായി അവിടെത്തന്നെ സൗകര്യവുമുണ്ട്. നിലാരാത്രികളില്‍ ഫ്രാന്‍സിസ്‌ക്കോ വളരെനേരം അവിടെ ചെലവഴിക്കും.
ഫ്രാന്‍സിസ്‌ക്കോയ്ക്ക് സുഹൃത്തുക്കളായി ആരുമേയില്ല. അയാളുടെ സ്വഭാവവുമായി ഇണങ്ങിപ്പോകുന്ന ആളുകളെ ജീവിതത്തില്‍ അയാളധികം കണ്ടുമുട്ടിയിട്ടില്ല. ശുചിത്വമാണ് അയാള്‍ക്ക് വളരെ പ്രാധാന്യമുള്ള വിഷയം. മിക്കവാറും അയാളുടെ പ്രസന്നമായ മനോനിലയില്‍ കൂട്ടാളിയായി ഏകാന്തത മാത്രം മുന്നിലെ കസേരയില്‍ ഇരിക്കുന്നുണ്ടായിരിക്കും.
ഫ്രാന്‍സിസ്‌ക്കോ തന്റെ ദിവസത്തെ വളരെ ശ്രദ്ധയോടെ ആസൂത്രണം ചെയ്യും. രാവിലെ കടല്‍ക്കര വരെ ജോഗിംഗ്. ബസാര്‍ തെരുവിലെ ഷാനുവിന്റെ ചായക്കടയില്‍നിന്ന് ഒരു കട്ടന്‍കാപ്പി. ചില മലയാളികളുമായി കൈക്കുലുക്കലുകളും പുഞ്ചിരികളും. പല വര്‍ഷങ്ങളായി വന്നു പോകുന്ന ആളാണ്. അതിനാല്‍ എല്ലാവര്‍ക്കും അയാളെയറിയാം. പട്ടാള അധികാരി പോലുള്ള അയാളുടെ ആകാരം എല്ലാവരുടെ മനസ്സിലും അയാളെ പതിപ്പിക്കുക തന്നെ ചെയ്യും. വീട്ടിലേക്ക് മടങ്ങി പ്രാതല്‍ തയ്യാറാക്കും. അല്‍പനേരം സംഗീതം കേള്‍ക്കും. പിന്നീട് ബൈബിള്‍ വായനയില്‍ മുഴുകും. ബൈബിളിനോട് അയാള്‍ക്ക് തീവ്രമായ അഭിനിവേശമുണ്ടായിരുന്നു. ചെറിയൊരു ലൈബ്രറിയും വീട്ടിലുണ്ട്.

പത്തര മണിയാകുമ്പോള്‍ സൈക്കിളെടുത്തുകൊണ്ട് നിരത്തിലേക്കിറങ്ങും. മനസിന്റെ നിലയ്‌ക്കൊത്ത് സൈക്കിള്‍ സഞ്ചരിക്കും. അതുകഴിഞ്ഞ് പന്ത്രണ്ടിനും ഒരു മണിക്കുമിടയില്‍ ബരിസ്റ്റയിലോ കൊച്ചിന്‍ ഹൗസിലോ ഡാര്‍ക്ക് നൈറ്റിലോ പെപ്പര്‍ഹൗസിലോ ഏതെങ്കിലുമൊരു കോഫീ ഹൗസിലേക്ക് ചെല്ലും. ഇവിടെയെല്ലാം ഇറ്റാലിയന്‍ ഭക്ഷണം കിട്ടും. പോയപാടെ ഒരു ഫ്രഞ്ച് കോഫി കഴിക്കും. കൈയ്യില്‍ കരുതിയിരിക്കുന്ന പുസ്തകമെടുത്ത് വായിക്കാൻ തുടങ്ങും.
പല വര്‍ഷങ്ങളായുള്ള പറ്റുകാരനായതിനാല്‍ ചോദിക്കാതെത്തന്നെ അയാള്‍ക്കാവശ്യമുള്ളത് സമയത്തെത്തിച്ചേരും. ഇന്നെന്താണെന്നറിയില്ല ഫ്രാന്‍സിസ്‌ക്കോയ്ക്ക് വിഷാദം മൂടുന്നതായി തോന്നി. രാവിലത്തെ പതിവുകള്‍ക്കു ശേഷം ചെടികള്‍ക്ക് വെള്ളമൊഴിച്ചു കൊടുത്തു. വെയില്‍ ആലസ്യതയോടെ ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു. പതിവായി പത്തുമണിക്ക് വരാറുള്ള കുരുവികള്‍ പറന്നുവന്ന് പോയി.
മനസ്സിന്റെ ഗതിക്കൊത്ത് ബൈബിള്‍ മറിച്ചു നോക്കി. ‘ഞാനെന്റെ സഹോദരന്മാര്‍ക്ക് എത്ര തവണ മാപ്പു നല്‍കണം'. യാക്കോബ് യഹോവയോട് ചോദിച്ചു. അയാള്‍ ബൈബിള്‍ മൂടിവെച്ചു.
മദ്യകുപ്പികളെല്ലാം തന്നെ കാലിയായി കിടക്കുന്നു. പതിവായി അതു കൊണ്ടുവരുന്ന വര്‍ഗീസിനെ രണ്ടു മൂന്നു നാളായി കാണാനേയില്ല.
പുസ്തകത്തട്ടിലേക്ക് കണ്ണോടിച്ചു. ഹെമിംഗ്‌വേയുടെ ‘കിഴവനും കടലും' കണ്ണില്‍പ്പെട്ടു. തലക്കെട്ട് നോക്കി തനിക്കുള്ളില്‍തന്നെ ഒന്നു ചിരിച്ചു. രാവിലെ കഴിച്ച ബ്രെഡിന്റെ ബാക്കികിടന്ന കഷ്ണങ്ങള്‍ പിറകുവശത്ത് തൂങ്ങിക്കിടക്കുന്ന പൂച്ചെട്ടിയിലിട്ടു, അവ കാക്കകള്‍ക്ക്. തലേന്നാളിലെ മീനിന്റെ ബാക്കി ഒരു പ്ലേറ്റിലാക്കി ബാല്‍ക്കണിയുടെ ഓരത്തെത്തിച്ചു, അത്തവിട്ടുനിറത്തിലുള്ള തെരേസയെന്ന പൂച്ചയ്ക്ക്.
വീടും പൂട്ടി സൈക്കിളുമായി അയാള്‍ തെരുവിലേക്കിറങ്ങി. അന്നേരം മൊബൈല്‍ ഫോണ്‍ ചിണുങ്ങി. നോക്കിയപ്പോള്‍ മൊബൈല്‍ ഫോണ്‍ സേവനദാതാവില്‍നിന്നുള്ള സന്ദേശമാണ്. അയാള്‍ക്ക് ആഴ്ചയില്‍ ഒരു വിളി വന്നാല്‍തന്നെ അധികമാണ്. അയാളും ആരെയും വിളിക്കാറില്ല. അയാളെയും ആരും വിളിക്കാറുമില്ല.
ഇറ്റലിയില്‍നിന്ന് മാസത്തിലൊരു തവണ ആ മാസത്തെ വരവുചെലവ് കണക്ക് അയച്ചിട്ടുണ്ടെന്ന് പറയാനായി ഇടയ്ക്ക് അയാളുടെ സഹോദരി വിളിക്കും. അതൊഴിച്ച് ആരും അയാളെ വിളിക്കാറില്ല. വര്‍ഗീസ് തന്നെ അയാളോട് പല പ്രാവശ്യം ഫോണ്‍ നമ്പര്‍ ചോദിച്ചിട്ടുണ്ട്. ‘ഞാന്‍ ആര്‍ക്കും നമ്പര്‍ കൊടുക്കാറില്ല. ഞാനെല്ലാ ദിവസവും കോഫീ ഷോപ്പിലുണ്ടാവും. എന്നെ അവിടെ വന്നു കാണുക'. അയാള്‍ പറയും.
അന്ന് അയാള്‍ക്ക് മട്ടാഞ്ചേരി ഭാഗത്തേക്ക് പോകണമെന്ന തോന്നലുണ്ടായി. പഴയ ഇസ്ലാമിക ശൈലിയിലുള്ള കെട്ടിടങ്ങളും വീടിന്റെ അവസാനത്തെ കതകുകള്‍ കടലില്‍ ചെന്നവസാനിക്കുന്നതും അയാളുടെയുള്ളില്‍ എന്തൊക്കെയോ ഉണ്ടാക്കും. തെരുവോരം മുഴുവന്‍ ഏലക്കയും ഗ്രാമ്പുവും പോലുള്ള സുഗന്ധദ്രവ്യങ്ങള്‍ വില്‍ക്കുന്ന കടകള്‍. അവയുടെ ഗന്ധത്തില്‍ നൂറ്റാണ്ടു കാലത്തെ കച്ചവടത്തിന്റെ മണമുണ്ടാകും.

മഴയുടെ ലക്ഷണം മാഞ്ഞ് നല്ല വെയിലടിക്കാൻ തുടങ്ങി. ദേവാലയത്തോട് ചേര്‍ന്നുള്ള സ്‌കൂളിലേക്ക് പത്തു പന്ത്രണ്ടു വയസ്സുള്ള പെണ്‍കുട്ടികള്‍ നടന്നു പോകുന്നുണ്ടായിരുന്നു. ഫ്രാന്‍സിസ്‌ക്കോ സൈക്കിള്‍ബെൽ നിർത്താതെ മുഴക്കിക്കൊണ്ടിരുന്നു. അവര്‍ നടത്തം നിര്‍ത്തി പുറംതിരിഞ്ഞ് നോക്കി. അയാള്‍ അവരുടെ തലകളെ മൃദുവായി തഴുകിക്കൊണ്ട് കടന്നുപോയി.
മട്ടാഞ്ചേരിയിലെ ബസാര്‍ റോഡില്‍ കച്ചവടം പൊടിപൊടിക്കുന്നു. ഇടതും വലതും ഭാഗത്ത് ലോറികള്‍ കൂട്ടിയിടിക്കുന്നതുപോലെ മുഖാമുഖം നില്‍ക്കുന്നു. ഇടവഴികളിലെ ഗതാഗതക്കുരുക്കുകളെ അയാള്‍ മറികടന്നു. ലോബോ എന്നു വിളിക്കപ്പെടുന്ന മുസ്‌ലിംകള്‍ താമസിക്കുന്ന വസതി സമുച്ചയത്തിന്റെ മുന്നില്‍ കുറച്ചുനേരം അയാള്‍ നിന്നു. ‘U' വടിവില്‍ പണിതിരിക്കുന്ന ആ കെട്ടിടം ഇറാനെ ഓര്‍മ്മിപ്പിക്കും.
മുപ്പതു നാല്‍പത് കുടുംബങ്ങള്‍ അതില്‍ താമസിച്ചു വരുന്നു. അതിന്റെ മുറ്റത്ത് ആളുകള്‍ക്ക് കൈകാലുകള്‍ കഴുകാനായി വലിയൊരു വെള്ളത്തൊട്ടിയുണ്ട്. അഴകുള്ള കുട്ടികളും സ്ത്രീകളും നടമാടുന്നപോലെ അവിടെയുണ്ടായിരിക്കും. ഫ്രാന്‍സിസ്‌ക്കോ അതിനെ തമാശ കാണുന്നതുപോലെ നോക്കി നിന്നു. ഒരു വെള്ളക്കാരന്‍ എത്രനേരം വേണമെങ്കില്‍ നോക്കി നിന്നാലും ആരും ചോദിക്കില്ലെന്ന് അയാള്‍ക്കറിയാം.
കുട്ടികള്‍ ഊര്‍ജ്ജസ്വലരായി ഓടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. കളങ്കമറ്റ പളുങ്കുപോലെയുള്ള മുഖങ്ങള്‍. അഴകുള്ള കുട്ടികള്‍. നീണ്ടനേരം അയാള്‍ നോക്കിക്കൊണ്ടേയിരുന്നു.
കടലോരത്ത് ചൈനീസ് വലയുമായി മീന്‍പിടിത്തം നടക്കുന്നുണ്ടായിരുന്നു. പൂര്‍ണ്ണമായും വല ഒരേയിടത്തേക്ക് താഴ്ന്ന് ആളുകള്‍ കയറില്‍ പിടിച്ച് അതിനെ വലിക്കുമ്പോള്‍ മീനുകളോടൊപ്പം പറവകളും വെള്ളത്തില്‍നിന്ന് ഉയര്‍ന്നുപൊങ്ങുന്നതുപോലുള്ള ഒരു മായക്കാഴ്ച.
എങ്ങോട്ടു പോകാമെന്ന് അയാളാലോചിച്ചു. എല്ലാ കോഫീഷോപ്പുകളും മനസ്സില്‍ മിന്നിമറഞ്ഞെങ്കിലും ഒടുവില്‍ പെപ്പര്‍ ഹൗസിലേക്ക് പോകാമെന്ന് തീരുമാനിച്ചു. അവിടെയുള്ള ഇറ്റാലിയന്‍ ചെഫ് ആന്റോണിയോവിനെക്കൊണ്ട് ഈ ഉച്ചനേരത്ത് ഫ്രാന്‍സിസ്‌ക്കോയെ സിസിലിയിലേക്ക് കൊണ്ടുപോകാന്‍ കഴിയും. സിസിലിയില്‍നിന്ന് അമ്പതു കിലോമീറ്റര്‍ ദൂരെയാണ് ആന്റോണിയോയുടെ സ്വന്തം നാട്. സിസിലിയിലെ ഗ്രാമ്യഭാഷ തന്നെയാണ് അവനും സംസാരിക്കുന്നത്.
പഴയ പോര്‍ച്ചുഗീസ് ശൈലിയിലുള്ള കെട്ടിടനിര്‍മ്മിതിയുടെ നടുമുറ്റത്ത് വലിയ പുല്‍ത്തകിടോടു കൂടിയ പെപ്പര്‍ ഹൗസിന്റെ അന്തരീക്ഷം വളരെ ശാന്തമായിരുന്നു. പരിചയമുള്ളവര്‍ ആരുമില്ല. രണ്ടു അപരിചിതരായ യൂറോപ്യന്മാര്‍ സാമ്പ്രദായികമായ രീതിയില്‍ അഭിവാദ്യം ചെയ്തു. അയാള്‍ തന്റെ പ്രത്യേകമായ കസേരയിലിരുന്നുകൊണ്ട് ഹെമിംഗ്‌വേയെ വായിക്കുന്നത് തുടര്‍ന്നു. കിഴവന്‍ മത്സ്യവുമായി പോരാടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
അധികം ആളുകളില്ലാത്തതിനാല്‍ ആന്റോണിയോ അയാളെ കാണാന്‍ വെളിയിലേക്ക് വന്നു. ഇറ്റാലിയന്‍ മൊഴിയില്‍ കുശലന്വേഷണങ്ങള്‍. ‘‘ഉച്ചഭക്ഷണം പതിവുപോലെത്തന്നെയല്ലേ?'' അവന്‍ ചോദിച്ചു.
‘‘അതെ, നീ തന്നെയാണ് എന്നെ സിസിലിയിലേക്ക് കൂട്ടിക്കൊണ്ടു പോകേണ്ടത്''.
അല്‍പനേരത്തേക്ക് പുസ്തകത്തെ മടക്കിവെച്ചു. ഉച്ചഭക്ഷണം വന്നു. അതിലൂടെ അയാള്‍ തന്റെ ബാല്യകാലത്തിലൂടെ അലഞ്ഞു. ഏതേതോ തുണ്ടുകളായി ഓര്‍മകള്‍ കിളിര്‍ത്തു. എതിര്വശത്തെ ടേബിളിലെ ഫ്രഞ്ചു ഇണകള്‍ ചുംബിച്ചുകൊണ്ടിരിക്കുന്നു.
വെയില്‍ മെല്ലെ മങ്ങുവാന്‍ തുടങ്ങി, ആ കെട്ടിടത്തിലെ ഭീമാകാരമായ തൂണിനെ പിന്നെയും മിനുസപ്പെടുത്തി. പുല്‍ത്തകിടിയുടെ പച്ച വെയിലിലൂടെ മാനത്തേക്ക് കയറിപ്പോകാന്‍ നോക്കി. പിഞ്ഞാണപ്പാത്രങ്ങള്‍ വെയിലില്‍പ്പെട്ട് മറ്റേതോ കാലത്തേക്ക് പോയി. ജനാലയിലൂടെ കടല്‍ കഷ്ണങ്ങളായി കാണപ്പെട്ടു.
സീക്ക് സീക്ക് എന്നുറക്കെ ശബ്ദിച്ചുകൊണ്ട് കടല്‍ പക്ഷികള്‍ പറന്നുപോയി. കപ്പലിന്റെ സൈറണ്‍വിളി പെപ്പര്‍ഹൗസിലെ ചുവരുകളില്‍ തട്ടി. ദേവാലയത്തില്‍ നിന്ന് വൈകുന്നേര പ്രാര്‍നയ്ക്കുളള മണിയടി ശബ്ദം കേള്‍ക്കാന്‍ തുടങ്ങി.

അകലെനിന്ന് ഒരു പൂച്ച തന്റെ ഇണയെ ഒതുക്കുവാന്‍ ശ്രമിക്കുന്ന ശബ്ദം കേട്ടു. ഫ്രാന്‍സിസ്‌ക്കോ എല്ലാറ്റിനെയും കേട്ടവിധം അമര്‍ന്നിരുന്നു. മൊബൈല്‍ഫോണ്‍ ചെറുതായി ചിണുങ്ങി. എതിര്‍വശത്തുണ്ടായിരുന്ന ഫ്രഞ്ച് ഇണകളെ കാണാനില്ല. ഒരു ചെറിയ സന്ദേശം വന്നിരിക്കുന്നു.
‘‘പതിമൂന്ന് വയസ്സ്, വേണോ?''
‘‘എത്ര''
‘‘ഒരു ലക്ഷം. മൂന്നു മണിക്കൂര്‍''
‘‘കൂടുതലാണ്''
‘‘അതിനേക്കാള്‍ കൂടുതല്‍ നല്‍കാന്‍ ആളുകളുണ്ട്. നിങ്ങള്‍ പഴയ കസ്റ്റമറാണെന്നതിനാലാണ്...’’
‘‘സ്ഥലം?''
‘‘പതിവുസ്ഥലം തന്നെ''
‘‘ശരി''
‘‘അക്കൗണ്ട് നമ്പര്‍ അയച്ചിട്ടുണ്ട്. പണം ഉടനെ ഓണ്‍ലൈനില്‍ ട്രാന്‍സ്ഫര്‍ ചെയ്യുക''
ഫ്രാന്‍സിസ്‌ക്കോ എഴുന്നേറ്റു. ആന്റോണിയോ അകത്തുനിന്ന് ‘‘ചായ എടുക്കട്ടെ'' എന്നു ചോദിച്ചു.
‘‘വേണ്ട, നേരം വൈകി'' എന്നു പറഞ്ഞ് ഫ്രാന്‍സിസ്‌ക്കോ അവിടെനിന്ന് പുറപ്പെട്ടു.
ജൂതത്തെരുവില്‍ മൗനമായ ശാന്തതയോടെ പൂച്ചകള്‍ കടകളുടെ മുറ്റത്ത് കിടപ്പുണ്ടായിരുന്നു. തെരുവ് എതോ തരത്തിലുള്ള ആലസ്യവുമായി കിടക്കുന്നുണ്ടായിരുന്നു. പുറത്തു നില്‍പ്പുണ്ടായിരുന്ന ഒരു ജൂതന്‍ അയാളെ നോക്കി തന്റെ തൊപ്പിയെടുത്ത് ചുഴറ്റി അഭിവാദ്യം ചെയ്തു. ഫ്രാനസിസ്‌ക്കോയും തൊപ്പിയെ ഉയര്‍ത്തി. ജൂതത്തെരുവിന്റെ വളവില്‍ ഷക്കീറിന്റെ മീന്‍വണ്ടി അയാളുടെ സൈക്കിളിനെ മറികടന്ന് നിന്നു.
‘‘ചെറിയ നത്തോലിയാണ്. പെടപെടയ്ക്കണുണ്ട്. ഇപ്പളാണ് ബോട്ടീന്ന് ഇറക്കിയേ''
ഫ്രാന്‍സിസ്‌ക്കോ അവന്റെ കുട്ടയിലേക്ക് എത്തിനോക്കി. നത്തോലികള്‍ കുട്ടയ്ക്കുള്ളില്‍ കൂമ്പാരമായി ഒന്നിനു മേലെ ഒന്നായി തുടിച്ചുകൊണ്ടിരുന്നു.
‘‘ഇന്ന് അത്താഴം പുറത്തു നിന്നാണ്''; അയാള്‍ പറഞ്ഞു.
വാങ്ങാത്തതിനാല്‍ കോട്ടിയ ചുണ്ടുമായി ഷക്കീര്‍ അവിടുന്ന് നീങ്ങി. ദേവാലയത്തിന്റെ നീണ്ടുകിടക്കുന്ന മതിലിന്റെ ഓരത്തിലൂടെ സൈക്കിളുമോടിച്ചുകൊണ്ട് അയാള്‍ പോയി.
തന്റെ വീട്ടിലേക്കുള്ള പാതയിലേക്ക് തിരിയുമ്പോള്‍ പള്ളിയില്‍നിന്ന് പെണ്‍കുട്ടികള്‍ വീട്ടിലേക്ക് മടങ്ങുന്നുണ്ടായിരുന്നു. അവരെ നോക്കി ഉത്സാഹത്തോടെ അയാള്‍ കൈവീശി. അയാളുടെ കൈവിരലുകള്‍ പിന്നെയും ഹാന്‍ഡില്‍ ബാറില്‍ മുറുകെപ്പിടിക്കവേ സൈക്കിളിന്റെ ഗതിക്ക് വേഗത കൂടി.

സാംരാജ്: മധുര ജില്ലയിലെ തല്ലാകുളത്ത് ജനിച്ച സാംരാജ് തമിഴ് സാഹിത്യത്തില്‍ പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ്. കവി, കഥാകൃത്ത്, ഉപന്യാസകാരന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച സാംരാജിന്റെ കഥകള്‍ വാക്യങ്ങളിലെ കുറുക്കലുകള്‍കൊണ്ടും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികൊണ്ടും വേറിട്ട് നില്‍ക്കുന്നു. സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന സാംരാജ് പ്രശസ്ത സംവിധായകന്‍ റാമിന്റെ തങ്കമീന്‍കള്‍, പേരന്‍പ് എന്നീ ചിത്രങ്ങളിലും മലയാള ചിത്രമായ ‘ഒഴിമുറി'യിലും അസ്സോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ'ആധാരമാക്കി പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള ശ്രമത്തിലാണ്. കുടുംബത്തോടൊപ്പം ഇപ്പോള്‍ ചെന്നൈയില്‍. പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍: എന്റു താനേ സൊന്നാര്‍ഗള്‍ (കവിതാസമാഹാരം - 2012), പട്ടാളത്തു വീട് (കഥാസമാഹാരം - 2015), നിലൈക്കണ്ണാടിയുടന്‍ പേസുബവന്‍ (സിനിമാലേഖനങ്ങള്‍ - 2016 ), ജാര്‍ ഒഴിക (കഥാസമാഹാരം - 2019). കവിതയ്ക്ക് 2013ലെ ‘രാജ മാര്‍ത്താണ്ഡന്‍’ പുരസ്‌കാരം ലഭിച്ചു.
Anie Thomas
28 Apr 2021, 03:37 PM
നല്ല കഥ.. കൊച്ചിയിൽ കൂടി ഫ്രാൻസിസ്കോ യോടൊപ്പം കുറച്ചു സമയം നടന്ന പ്രതീതി
Sindhu Thulasi
12 Oct 2020, 04:58 PM
കണ്ടും കേട്ടും തഴമ്പിച്ചുപോയതാണെങ്കിലും മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന കഥ...
P Sudhakaran
9 Oct 2020, 10:09 PM
Sam കഥ വളരെ ഇഷ്ട മായി. താങ്കളുടെ കഥ ആദ്യ മായാ ണ് വായിക്കു ന്നത് നന്ദി തങ്ങൾക്കും think meadeakkum
ഇയ്യ വളപട്ടണം
8 Oct 2020, 09:39 PM
കൊച്ചിയുടെ ചിത്രവും കാഴ്ചയും ജീവിതവും സമകാലീക അവസ്ഥയും യോജിപ്പിച്ച കഥ
Divya Prasad
7 Oct 2020, 01:33 AM
നല്ല കഥ..... ഗംഭീര വിവർത്തനം 💜
മുരളി കടമ്പേരി
6 Oct 2020, 10:51 PM
വിശ്വ വിഖ്യാത ചിത്രകാരൻ ഡാനിഞ്ചിയുടെ അവസാനത്തെ അത്താഴത്തിന്റെ സൃഷ്ടിയുടെ ഒരു പിന്നാമ്പുറ കഥയുണ്ട്. നിഷ്കളങ്കനും സുന്ദരനുമായ ഒരു പുരുഷനെ ഡാവിഞ്ചി അന്വേഷിച്ചു നടന്നു, യേശുവിന്റെ ഒരു മാതൃകയാക്കുവാൻ. അങ്ങിനെയൊരു യുവാവിനെ കണ്ടെത്തുകയും അദ്ദ്യേഹത്തെ മാതൃകയാക്കി യേശുവിനെ വരക്കുകയും ചെയ്തു. മറ്റുള്ളവരെ വരച്ച് നീണ്ട ഏഴു വർഷങ്ങൾക്കു ശേഷം യൂദാസിന്റെ മാതൃക അന്വേഷിച്ചു നടന്നു ഡാവിഞ്ചി. കരുണയില്ലാത്ത ക്രൂരനായ മുഖം മുഴുവൻ ചുക്കിച്ചുളിഞ്ഞ കാപട്യക്കാരനായ ഒറ്റുകാരനായ ഒരു മുഖം. റോമിലെ ജയിലറയിൽ വച്ച് ഡാവിഞ്ചി അങ്ങിനെയൊരാളെ കണ്ടെത്തുകയും അധികാരികളുടെ പ്രത്യേക അനുവാദത്തോടെ അദ്ദ്യേഹത്തെ മിലാനിലേക്ക് കൊണ്ടുവരപ്പെടുകയും ചെയ്തു. പിന്നീട് യൂദാസിന്റെ വരയൊക്കെക്കഴിഞ്ഞ് യാത്രക്കൊരുങ്ങിയ യൂദാസ് തിരിച്ചു വന്ന് ഡാവിഞ്ചിയോട് ചോദിച്ചു, എന്നെ ഓർക്കുന്നുണ്ടോ? റോമിലെ ഒരു തടവുപുള്ളിയെ തീർച്ചയായും ഡാവിഞ്ചിക്ക് ഓർത്തിരിക്കാനൊരു കാരണവുമില്ല. കരഞ്ഞുകൊണ്ട് തടവുകാരൻ പറഞ്ഞു. താങ്കൾക്ക് യേശുവിനെ വരയ്കാൻ മാതൃകയായത് ഞാൻ തന്നെയായിരുന്നു. മനുഷ്യൻ അത്ര സുന്ദരമായ പദമൊന്നുമല്ല, അന്നും ഇന്ന് പ്രത്യേകിച്ചും. "ഞാനെന്റെ സഹോദരന്മാര്‍ക്ക് എത്ര തവണ മാപ്പു നല്‍കണം'. യാക്കോബ് യഹോവയോട് ചോദിച്ചു" ആയിരമോ? പതിനായിരമോ? ലക്ഷം? കോടി? ഫ്രാൻസിസ്ക്കോ ജെറാഡി നീ എത്ര സങ്കീർണ്ണമായ മനുഷ്യൻ? സാമാന്യ ബുദ്ധിയിൽ നിന്ന് നീ മോചിതനായിപ്പോയോ? നിന്റെ ശരിയും ഉണ്മയും? ജെറാഡിക്കൊപ്പം കൊച്ചിയും നിറഞ്ഞാടിയ കഥ. അതും ഒരു മലയാളിയല്ലാത്തയാൾ എഴുതിയത്. റിയാസിന്റെ മൊഴിമാറ്റം പൂർണ്ണ അർത്ഥത്തിൽ കഥ മലയാളിയായി.സൂക്ഷ്മമായ മൊഴിമാറ്റം.കാൽപ്പന്ത് എന്ന് ഫുട്‌ബോളിന്ന്. ആനുകാലിക പ്രസക്തിയുള്ള കഥ. കൊച്ചിയെ, കേരളത്തെ മറ്റുള്ളവർ ഇങ്ങിനെയാണോ അടയാളപ്പെടുത്തുന്നത്? ആശങ്ക...
സന്തോഷ് കുമാർ
6 Oct 2020, 09:32 PM
ഗംഭീരം
Mohamed K
6 Oct 2020, 09:10 PM
വളരെ ചുരുക്കി പറഞ്ഞാൽ കഥാപാത്രങ്ങളുടെയും കഥാപരിസരങ്ങളുടെയും സൂക്ഷ്മതലത്തിലുള്ള ആഖ്യാനം. ഒടുവിൽ വായനക്കാരൻ ഞെട്ടിത്തരിച്ചിരുന്നു പോകുന്ന കഥാന്ത്യം. മനുഷ്യൻ എത്ര സങ്കീർണ്ണമായൊരു പ്രതിഭാസമാണെന്ന നമ്മുടെ തന്നെ പല ഘട്ടങ്ങളിലെ തിരിച്ചറിവുകളെ വീണ്ടും സ്വയം ബോധ്യപ്പെടുത്തുന്ന ശക്തമായ രചന. തീർച്ചയായും വായിക്കപ്പെടേണ്ട, വിലയിരുത്തപ്പെടേണ്ട നല്ല ഒന്നാന്തരം കഥ.
ഉഷാ നായർ
6 Oct 2020, 05:33 PM
നന്നായിട്ടുണ്ട്,തീരെ പ്രതീക്ഷിക്കാത്ത പരിസമാപ്തി, നല്ല വായനാ അനുഭവംനൽകുന്നു.
വി.കെ. ബാബു
Jan 28, 2023
8 minutes read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ടി.ഡി രാമകൃഷ്ണന്‍
Jan 07, 2023
27 Minutes Watch
എം. ജയരാജ്
Jan 06, 2023
12 Minutes Read
മധുപാൽ
Jan 05, 2023
5 Minutes Read
Madhupal
28 Apr 2021, 06:26 PM
Good feel... unexpected