ഒരു വൈൽഡ് കാർഡ്
എൻട്രിയാകേണ്ട കളിക്കാരനല്ല
സഞ്ജു സാംസൺ
ഒരു വൈൽഡ് കാർഡ് എൻട്രിയാകേണ്ട കളിക്കാരനല്ല സഞ്ജു സാംസൺ
ഫോം ഔട്ടിന്റെ കാണാക്കയത്തിൽ മുങ്ങുമ്പോഴും റിഷഭ് പന്തിനു ബി.സി.സി.ഐ നൽകുന്ന പിന്തുണ കാണുമ്പോൾ സഞ്ജുവിനോടുള്ള ബി.സി.സി.ഐ യുടെ അവഗണന, പക്ഷപാതപരമായ സമീപനം എന്നതിലൊക്കെ ഒട്ടും കഴമ്പില്ല എന്ന് പറയാൻ സാധിക്കില്ല. യഥാർത്ഥ പ്രതിഭയെ ഏറെ നാൾ അവരുടെ ലക്ഷ്യസ്ഥാനത്ത് നിന്നും അകറ്റി നിർത്താൻ കഴിയില്ല. സഞ്ജു സാംസൺ കാത്തിരിക്കുകയാണ്, അയാളെ സ്നേഹിക്കുന്നവരും.
6 Jul 2022, 02:39 PM
പെട്ടെന്നോർമ വരുന്നത് 2019 ഐ.പി.എല്ലിലെ ഹൈദരാബാദ് - രാജസ്ഥാൻ മാച്ചാണ്. ഇന്ത്യയുടെ മുൻനിര ബൗളർ ഭുവനേശ്വർ കുമാർ എറിയുന്ന പതിനെട്ടാം ഓവർ. ഭുവിയുടെ ആദ്യ പന്ത് തന്നെ ഒരു സ്ലോ ലെഗ് കട്ടറാണ് ബൗളറുടെ കയ്യിൽനിന്നുതന്നെ പന്ത് പിക്ക് ചെയ്യുന്ന ക്രീസിലുള്ള യുവ ബാറ്റ്സ്മാൻ കവറിനുമുകളിലൂടെ പന്ത് ഗാലറിയിലെത്തിക്കുകയാണ്.
ഒരു സ്ലോവർ പന്തിൽ ബാറ്റ്സ്മാൻ ജനറേറ്റ് ചെയ്ത പവർ അസൂയാവഹമായിരുന്നു. അടുത്ത രണ്ടു പന്തും ചെറിയ വ്യത്യാസത്തിൽ ഭുവി യോർക്കർ മിസ് ചെയ്യുമ്പോൾ രണ്ടു തകർപ്പൻ സ്‌ക്വയർ ഡ്രൈവുകൾ ബൗണ്ടറിയിലേക്ക് ഒഴുകിപ്പോകുകയാണ്. അടുത്ത പന്തിലൊരു ഡബിൾ ഓടിയെടുത്തശേഷം അഞ്ചാമത്തെ പന്ത് വീണ്ടും സ്ലോ ലെഗ് കട്ടർ, മനോഹരമായി പന്തിനെ ബാക് വെഡ് പോയന്റിനും തേഡ് മാനും ഇടയിലൂടെ പ്ലേസ് ചെയ്തൊരു ബൗണ്ടറി. അവസാന പന്ത് പോയന്റിനുമുകളിലൂടെ മനോഹരമായി ഉയർത്തി ബൗണ്ടറിയിലേക്ക്.
ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ മികച്ച ഡെത്ത് ബൗളർമാരിൽ ഒരാളായ ഭുവിയുടെ ഓവറിൽ പിറന്നത് 24 റൺസ്. കണ്ണുമടച്ച വൈൽഡ് സ്‌ളോഗുകളോ എഡ്ജുകളോ കൂടാതെ പ്രോപ്പർ ക്രിക്കറ്റിങ് സ്ട്രോക്കുകൾ മാത്രം കളിച്ചുകൊണ്ട് 24 റൺസ് അടിച്ചെടുത്തപ്പോൾ നാല് ബൗണ്ടറിയും ഒരു സിക്‌സറും വന്നത് ഓഫ് സൈഡിലൂടെയായിരുന്നു എന്നതായിരുന്നു പ്രത്യേകത. സഞ്ജു സാംസൺ തന്റെ പ്രതിഭയുടെ ആഴം അടിവരയിട്ടുറപ്പിച്ച ഇന്നിംഗ്‌സുകളിൽ ഒന്ന്.
സഞ്ജു സാംസൺ തന്റെ സോണിൽ എത്തിക്കഴിഞ്ഞാൽ പിന്നെ പരിമിതികളുള്ള ബൗളർമാർക്കുമാത്രമല്ല നിലവാരമുള്ള ബൗളർമാർക്കുപോലും അയാളെ നിയന്ത്രിക്കാൻ കഴിഞ്ഞെന്നു വരില്ല. പന്ത് മിഡിൽ ചെയ്തു തുടങ്ങിയാൽ അനായാസകരമായ സ്ട്രോക്ക് പ്ളേയാണ് സഞ്ജു പുറത്തെടുക്കുന്നത്, ഫ്രണ്ട് ഫുട്ടിലും ബാക്ക് ഫുട്ടിലും ഒരേപോലെ ആധിപത്യം പുലർത്തുന്ന ക്ലാസ് പ്ലെയർ. അസാധാരണമായ ടൈമിംഗ് കൊണ്ട് അനുഗ്രഹീതനായ സഞ്ജു ആക്രമണം തുടങ്ങുമ്പോഴും മനോഹരമായ സ്ട്രോക്കുകൾ തന്നെയാണ് കളിക്കുന്നത്. ഒരു ബിഗ് ഹിറ്റർക്കെതിരെ പന്തെറിയുമ്പോൾ ഓഫ് സ്റ്റമ്പിന് പുറത്തുവരുന്നൊരു മികച്ച പന്ത് ശിക്ഷയിൽ നിന്നൊഴിവാകുമെന്ന് ബൗളർമാർക്ക് പ്രതീക്ഷയുണ്ടെങ്കിൽ സഞ്ജു സാംസണെ പോലൊരു ക്ലാസ് പ്ലെയർ ഹിറ്ററുടെ റോൾ ഏറ്റെടുക്കുമ്പോൾ ബൗളറുടെ മികച്ച പന്തുകൾ കവറിലൂടെയുള്ള മനോഹരമായ ഡ്രൈവുകളിൽ ഒഴുകിപ്പോകുകയും സ്ലോട്ടിൽ പിച്ച് ചെയ്യുന്ന പന്തുകൾ അനായാസം ലോംഗ് ഓഫിനു മുകളിലൂടെ ഗാലറിയിലെത്തുകയും ചെയ്യുകയാണ്.

മാർജിൻ ഓഫ് എറർ വളരെ നേരിയതാവുമ്പോൾ ബൗളർ പെട്ടെന്ന് ബാക്ക് ഫുട്ടിലാവുന്ന കാഴ്ച പലതവണ കണ്ടുകഴിഞ്ഞു. പരാതികൾ പ്രധാനമായും ഉയർന്നിരുന്നത് മികച്ച തുടക്കങ്ങൾ വലിയ സ്കോറുകളിലെത്തിക്കാതെ പെട്ടെന്ന് പുറത്താവുന്ന പ്രവണതയെയും സ്ഥിരതയില്ലായ്മയെയും കുറിച്ചായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ് സഞ്ജു രാജസ്ഥാന്റെ നായകപദവിയിലേക്കുയരുന്നത്. ഒരു ഐ.പി.എൽ ടീമിന്റെ നായകപദവിയെന്ന ഒട്ടും നിസ്സാരമല്ലാത്ത ഉത്തരവാദിത്വം സഞ്ജുവിനെ തളർത്തുമെന്ന് പലരും കരുതിയെങ്കിലും പടിപടിയായി സഞ്ജുവിലെ ബാറ്റ്സ്മാനെയും തേച്ചുമിനുക്കിയെടുക്കുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിച്ചത്.
സഞ്ജു സാംസണ് ഇന്ത്യൻ ടീമിലെത്താൻ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അതിനുള്ള അവസരങ്ങൾ തുറന്നുകൊടുക്കുന്ന രീതിയിലുള്ള ഇന്നിംഗ്‌സുകളാണ് കഴിഞ്ഞ ഐ.പി.എൽ സീസണിൽ സഞ്ജു കളിച്ചത്. ആദ്യ പകുതിയിൽ മിക്ക കളികളിലും രാജസ്ഥാൻ ടോപ് ഓർഡർ നൽകുന്ന മികച്ച തുടക്കം മുതലാക്കി മൊമന്റം നഷ്ടപ്പെടുത്താതെ ഫൈനൽ സ്‌കോർ പ്രതീക്ഷിക്കുന്നതിനപ്പുറത്തേക്ക് കൊണ്ടുപോകാൻ കെൽപ്പുള്ളൊരു എൻഫോഴ്‌സർ എന്ന റോളിൽ സഞ്ജു പെർഫെക്ട് ഫിറ്റ് ആയിരുന്നു.
ഈ സാഹചര്യങ്ങളിൽ ക്രീസിലെത്താൻ വൈകുന്ന സഞ്ജുവിനൊരു വമ്പൻ സ്‌കോർ ഉയർത്തി സെലക്ടർമാരുടെ ശ്രദ്ധയിലേക്ക് വീണ്ടുമെത്താനുള്ള അവസരങ്ങൾ നഷ്ടപ്പെടുന്നു എന്ന തോന്നൽ ചിലർക്കെങ്കിലും ഉണ്ടായേക്കാമെങ്കിലും ഇപ്പോഴത്തെ ഇന്ത്യൻ ടീമിന്റെ ഘടന ആലോചിച്ചു നോക്കിയാൽ തികച്ചും ഐഡിയലായൊരു റോളാണ് സഞ്ജു കൈകാര്യം ചെയ്യുന്നതെന്ന് മനസ്സിലാകും. പിന്നീട് സീസണിന്റെ അവസാന പകുതിയിൽ ഫസ്റ്റ് ഡൗൺ പൊസിഷനിലും പോസിറ്റിവായ അറ്റാക്കിങ് ഇന്നിംഗ്‌സുകൾ തന്നെയാണ് വന്നതും. ഇന്ത്യൻ ടീമിന്റെ ടോപ് ഓർഡർ ഇതിനകം നിറഞ്ഞു കഴിഞ്ഞു, ഇനിയവിടെ ഇത്തരം മിഡിൽ ഓർഡർ എൻഫോഴ്‌സർമാർ തന്നെയാണ് ആവശ്യവും.10 പന്തിൽ 25,18 പന്തിൽ 35 എന്നിങ്ങനെയുള്ള ഷോർട്ട് അറ്റാക്കിങ് കാമിയോസ് ആണ് ഒരു ടി ട്വൻറി ഗെയിമിനാവശ്യം എന്നിരിക്കെ അർദ്ധ സെഞ്ച്വറി, സെഞ്ച്വറി മുതലായ വ്യക്തിഗത റെക്കോർഡുകൾക്ക് അപ്പുറം ഇമ്പാക്റ്റിനും സ്ട്രൈക്ക് റേറ്റിനും ഇന്റന്റിനും പ്രാമുഖ്യമുള്ള ഇന്നിങ്‌സുകൾ കളിക്കുന്ന ബാറ്റ്സ്മാന്മാരാണ് ഒരു പെർഫെക്ട് ടി ട്വൻറി ഔട്ട് ഫിറ്റിന്റെ ജീവൻ. കഴിഞ്ഞ ഐ.പി. എല്ലിൽ 400നു മുകളിൽ റൺസടിച്ച ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ രാഹുൽ ത്രിപാഠി മാത്രമേ സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിൽ സഞ്ജുവിന് മുന്നിലുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ ഒരു ടി ട്വൻറി മത്സരത്തിൽ ടീമിന് ഉപകാരപ്രദമാവുന്ന ഇംപാക്റ്റ് ഇന്നിംഗ്‌സുകളാണ് സഞ്ജുവിന്റെ ബാറ്റിൽനിന്ന് വന്നത്.

പ്രതിഭാധാരാളിത്തം എന്ന പ്രശ്നമാണ് ഇപ്പോൾ സഞ്ജുവിന്റെ മുന്നിലുള്ള കടമ്പ. ലോകകപ്പിനുശേഷം സീനിയർ ബാറ്റ്സ്മാന്മാരിൽ പലരും കളമൊഴിയാൻ സാധ്യതയുള്ളത് ടോപ് ഓർഡറിൽ കുറഞ്ഞത് 2 ബാറ്റിംഗ് സ്പോട്ടുകളെങ്കിലും ഉറപ്പുവരുത്തേണ്ടതാണ് എന്നിരിക്കെ സഞ്ജുവിന് വ്യക്തമായ സാധ്യതയുണ്ട്. അതൊക്കെ ലോകകപ്പിനുശേഷമായിരിക്കും എന്നതുകൊണ്ട് ലോകകപ്പിനുള്ള സ്‌ക്വഡിൽ ഇടം പിടിക്കാനുള്ള സാധ്യതയാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.
പോസിറ്റിവ് ആയി കളിച്ചൊരു ഐ.പി.എൽ സീസണുശേഷം സൗത്ത് ആഫ്രിക്കക്കെതിരെ അവസരം കിട്ടുമെന്ന് കരുതിയെങ്കിലും അവസരം ലഭിച്ചത് അയർലണ്ടിനെതിരെയുള്ള അവസാന മത്സരത്തിലാണ്. ഇങ്ങനെ വീണു കിട്ടുന്ന അവസരങ്ങളുടെ മൂല്യം ഇപ്പോൾ സഞ്ജു സാംസണെ പ്രത്യേകിച്ച് പറഞ്ഞു മനസ്സിലാക്കിക്കേണ്ട കാര്യമില്ല. ഒരു തകർപ്പൻ ഇന്നിംഗ്സിലൂടെ അയർലൻഡ് ബൗളിംഗ് നിരയുടെ മേൽ ആധിപത്യം സ്ഥാപിച്ച സഞ്ജു തന്റെ അവകാശവാദം ശക്തിയായി മുന്നോട്ടുവക്കുകയാണ്. 183 സ്ട്രൈക്ക് റേറ്റിൽ ഐറിഷ് ബൗളർമാരെ നിലംപരിശാക്കിയ കടന്നാക്രമണം നിലവാരമുള്ള സ്ട്രോക്ക് പ്ളേയുടെ എക്സിബിഷനായിരുന്നു. ഇനിയും സംശയങ്ങൾ ബാക്കി നിൽക്കുന്നവർക്ക് താനൊരു ലോകനിലവാരമുള്ള ക്രിക്കറ്റർ തന്നെയാണെന്ന് ബോധ്യപ്പെടുത്തിക്കൊടുത്ത ഇന്നിംഗ്‌സ്.

ഫോം ഔട്ടിന്റെ കാണാക്കയത്തിൽ മുങ്ങുമ്പോഴും റിഷഭ് പന്തിനു ബി.സി.സി.ഐ നൽകുന്ന പിന്തുണ കാണുമ്പോൾ സഞ്ജുവിനോടുള്ള ബി.സി.സി.ഐ യുടെ അവഗണന, പക്ഷപാതപരമായ സമീപനം എന്നതിലൊക്കെ ഒട്ടും കഴമ്പില്ല എന്ന് പറയാൻ സാധിക്കില്ല. അയർലണ്ടിനെതിരെയുള്ള തകർപ്പൻ അർദ്ധ സെഞ്ച്വറിക്കുശേഷവും ഇംഗ്ലണ്ട് പര്യടനത്തിലെ ടി ട്വൻറി സീരീസിലെ ആദ്യ മത്സരത്തിലേക്ക് മാത്രമാണ് സഞ്ജു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. വെസ്റ്റ് ഇൻഡീസിനെതിരെ 5 ടി ട്വൻറികൾ അടങ്ങുന്ന പരമ്പര കൂടെ വരാനിരിക്കെ പ്രതീക്ഷകൾ കൈവിടേണ്ട കാര്യമില്ലെങ്കിലും ഇവിടെ പ്രശ്നം അയർലൻഡ് പരമ്പരയിൽ ഒരു തകർപ്പൻ സെഞ്ച്വറിയോടെ മാൻ ഓഫ് ദ സീരീസായ ദീപക് ഹുഡയും സഞ്ജുവും രാഹുൽ ത്രിപാഠിയും ശ്രേയസ് അയ്യരും ഒക്കെ മത്സരിക്കുന്നത് മിഡിൽ ഓർഡറിലെ ഒരു സ്പോട്ടിനു വേണ്ടിയാണ് എന്നതാണ്. ഫോമിലുള്ള ദിനേശ് കാർത്തിക്കിനെയോ ബോർഡിന്റെ പിന്തുണയുള്ള റിഷഭ് പന്തിനേയോ പുറത്താക്കി ആ സ്പോട്ട് നേടിയെടുക്കാൻ അസാധാരണ പ്രകടനങ്ങൾ തന്നെ വേണ്ടി വരും. പേസും ബൗൺസുമുള്ള ഓസ്‌ട്രേലിയൻ പിച്ചുകൾ കൂടെ കണക്കിലെടുത്തൊരു വൈൽഡ് കാർഡ് എൻട്രിയായിട്ട് മാത്രമേ സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യതയുള്ളൂ എന്നു കരുതുന്നു.
ക്ലാസ് തീർച്ചയായും അവിടെയുണ്ട്, അതിനെ പിന്തുണക്കുന്ന പ്രകടനങ്ങളും വന്നു തുടങ്ങിക്കഴിഞ്ഞു. സമീപഭാവിയിൽ തന്നെ സഞ്ജു സാംസൺ ഇന്ത്യയുടെ ടി ട്വൻറി ടീമിലെ സ്ഥിര സാന്നിധ്യമാവുന്ന കാഴ്ച അധികം അകലെയെല്ല. യഥാർത്ഥ പ്രതിഭയെ ഏറെ നാൾ അവരുടെ ലക്ഷ്യസ്ഥാനത്ത് നിന്നും അകറ്റി നിർത്താൻ കഴിയില്ല. സഞ്ജു സാംസൺ കാത്തിരിക്കുകയാണ്, അയാളെ സ്നേഹിക്കുന്നവരും.
അനു പാപ്പച്ചൻ
Dec 31, 2022
5 Minutes Read
ശിൽപ നിരവിൽപ്പുഴ
Dec 31, 2022
3 Minutes Read
സംഗീത് ശേഖര്‍
Dec 13, 2022
8 Minutes Read
സംഗീത് ശേഖര്‍
Dec 09, 2022
5 Minutes Read
റിദാ നാസര്‍
Nov 17, 2022
4 minutes read
റിദാ നാസര്‍
Nov 14, 2022
10 Minutes Read
വിശാഖ് ശങ്കര്‍
Nov 11, 2022
10 Minutes Read
Think
Nov 06, 2022
34 Minutes Watch