മലബാർ കലാപ രക്തസാക്ഷികളെ വെട്ടി മാറ്റലും ഡോ. സി.ഐ. ഐസക്കിന്റെ 'ചരിത്ര' ഇടപെടലും

സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ മലബാർ കലാപത്തിലെ രക്ഷസാക്ഷികളെ ഉൾപ്പെടുത്തിയ അഞ്ചാം വാല്യം പരിശോധിച്ച് പണിക്കുറ തീർത്തുകൊടുത്തത് സംഘപരിവാർ സഹയാത്രികനായ ഡോ.സി.ഐ.ഐസക് ആണ്. ആലി മുസലിയാരുടേയും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദു ഹാജിയുടേയും ജീവിതം പരിശോധിച്ച് രേഖപ്പെടുത്തിയത് ഡോ.ഐസക് ആണ്. ഇക്കാര്യം പരസ്യമായപ്പോൾ, കേരളത്തിലെ സംഘപരിവാർ അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മലബാർ കലാപ രക്തസാക്ഷികളുടെ പേര് വെട്ടിമാറ്റിയതിനുപുറകിൽ കേരളവുമായി ബന്ധപ്പെട്ട് സംഘ്പരിവാറിന് ഒരു ഗൂഢ അജണ്ടയുണ്ട്- 'ജനം' ടി.വി മുൻ പ്രോഗ്രാം ഹെഡ് ആയ മനോജ് മനയിൽ എഴുതുന്നു

രിത്രത്തിന്റെ അനിവാര്യതകളെ, കാതങ്ങൾക്കിപ്പുറത്തുനിന്ന് നോക്കിക്കാണുമ്പോൾ ശരികളുടെ നിറം മങ്ങിപ്പോകുന്നത് മലീമസമായ കാഴ്ചയുടെ അനന്തരഫലമാണ്. സഹനത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും വീരഗാഥകൾ; വെറുപ്പിന്റെ തത്ത്വശാസ്ത്ര മൂശയിൽ അപനിർമിക്കപ്പെടുകയും അവ പ്രതിനിധാനം ചെയ്ത ഭൂതകാലത്തിന്റെ ജീവസ്പന്ദനങ്ങളെ പരിഹസിക്കുകയും ചെയ്യുന്നത് നമ്മുടെ ജനാധിപത്യമൂല്യങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ഇത്തരമൊരു ദുര്യോഗത്തിന്റെ നവകാല ഭാവുകത്വത്തിലാണ് മലബാർ കലാപത്തിലെ രക്തസാക്ഷികൾ ഇനിമുതൽ തമസ്‌കരിക്കപ്പെടുകയെന്നത് ഭയജനകമായ സത്യമായി അവശേഷിക്കുന്നു.

‘ദുരവസ്​ഥ’യിൽനിന്നുതുടങ്ങുന്ന നുണകൾ

മലബാർ കലാപത്തെ സംബന്ധിച്ച് നിറംപിടിപ്പിച്ച നുണകളും അസത്യവും അർധസത്യങ്ങളും പ്രചരിപ്പിക്കുന്നതിൽ ബ്രാഹ്മണമതക്കാർ അന്നുമിന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. മാനവികതയുടെ ആൾരൂപവുമായ ശ്രീനാരായണഗുരുവിന്റെ അരുമശിഷ്യൻ, കുമാരനാശാനുപോലും അത്തരമൊരു കെട്ടുകഥയുടെ പിടിയിൽനിന്ന് മോചനമുണ്ടായില്ല. യാഥാർത്ഥ്യം തിരസ്‌കൃതമാവുകയും ഭാവന പീലിവിരിച്ചാടുകയും ചെയ്ത വിജ്ഞാനാടിത്തറയിൽനിന്നാണ് കുമാരനാശാൻ ദുരവസ്ഥ എന്ന കാവ്യത്തിന് പദാവലികൾ കണ്ടെത്തിയത്. മനുഷ്യജാതിയിൽ വിശ്വസിച്ച ഗുരുശിഷ്യനിൽനിന്ന് പുറപ്പെട്ട ദുരവസ്ഥ, ഈഴവസമുദായനേതാക്കളിലും ആശാന്റെ സൗഹൃദവലയത്തിലും തികഞ്ഞ അമ്പരപ്പാണ് സൃഷ്ടിച്ചത്. കാവ്യം തിരുത്തിയെഴുതണമെന്ന് കേരളകൗമുദി മുഖപ്രസംഗമെഴുതി. (നിത്യചൈതന്യയതിയും സമാനമായ അഭിപ്രായക്കാരനായിരുന്നു).

ദുരവസ്ഥയെ അക്കാലത്ത് ഈഴവസമുദായം വിലയിരുത്തിയത് എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച് എം.കെ. സാനു, സഹോദരൻ അയ്യപ്പന്റെ ജീവചരിത്ര കൃതിയിൽ വിവരിക്കുന്നത് ഇപ്രകാരമാണ്: ‘‘ദുരവസ്ഥ പ്രസിദ്ധീകരിച്ചതിനു ശേഷമുണ്ടായ വിമർശനവേളയിലാണ് അത് സംഭവിച്ചത്. ലഹളക്കാരെക്കുറിച്ച് അതിൽ ആശാൻ ഉപയോഗിക്കുന്ന വാക്കുകൾ മുസ്‌ലിം സമുദായത്തിനാകെ ആക്ഷേപകരമാണെന്ന് ചില കേന്ദ്രങ്ങളിൽനിന്ന് ആരോപണമുയർന്നു. അതുകൊണ്ട് അത്തരം ഭാഗങ്ങൾ കാവ്യത്തിൽനിന്ന് നീക്കണമെന്ന് ചിലർ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യുന്നതു നന്നായിരിക്കുമെന്ന സ്വരത്തിൽ കേരളകൗമുദി മുഖപ്രസംഗം എഴുതുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സഹോദരൻ അയ്യപ്പനും സി.വി. കുഞ്ഞുരാമനും കൂടി ആശാനെ കാണുന്നത്. സമുദായ വിദ്വേഷം ഒഴിവാക്കാൻ വേണ്ടി അപ്രകാരം ചെയ്യുന്നത് അഭിലഷണീയമായിരിക്കില്ലേ എന്ന് സി. വി. ചോദിച്ചു. അത് ആശാനെ ചൊടിപ്പിച്ചു. അദ്ദേഹത്തിന്റെ മുഖം ചുവന്നു. സ്വരം പരുഷമായി. കൈ ചുരുട്ടി മേശമേൽ ഇടിച്ചുകൊണ്ട് ദാർഢ്യത്തോടെ അദ്ദേഹം പറഞ്ഞു: ‘ഞാൻ ആലോചിക്കാതെ എഴുതിയെന്നാണോ നിങ്ങൾ പറയുന്നത്? ആരെങ്കിലുമൊക്കെ പറയുന്നതനുസരിച്ച് മാറ്റാനും തിരുത്താനുമുള്ളതാണോ കവിതയിലെ വാക്കുകൾ?''

കുമാരനാശാൻ

ആശാനെ പറഞ്ഞു മനസ്സിലാക്കിക്കുകയെന്നത് അസാധ്യമാണെന്ന് സി.വി. കുഞ്ഞുരാമന് മനസ്സിലായിക്കാണണം. മലബാർ കലാപത്തെക്കുറിച്ചുള്ള ഈ സമീപനം, ഋഷിത്വം കൈവരിച്ച ആശാന്റെ മാത്രം പ്രശ്‌നമായിരുന്നില്ല. ഏകപക്ഷീയവും മുൻധാരണകളുടെ ഏച്ചുകെട്ടലുമായി ജീവിക്കുന്ന കേരളീയ സമൂഹത്തിന്റെ മൊത്തത്തിലുള്ള പ്രശ്‌നമായിരുന്നു അത്. ഈയൊരു ധാരണയുടെ ഏറ്റവും പുതിയ വേട്ടയാടലാണ് 387 മലബാർ കലാപ രക്തസാക്ഷികളെ വേരോടെ പിഴുതെറിയാനുള്ള സംഘപരിവാർ നീക്കം.

സംഘപരിവാറിന്​ അവലംബം ബ്രിട്ടീഷ്​ പാദസേവകന്റെ ആശയം

ജന്മിത്ത ദുഷ്​പ്രഭുത്വത്തിനും ബ്രിട്ടീഷ് അടിച്ചമർത്തലിനുമെതിരെ ജീവത്യാഗം ചെയ്തവരുടെ അവശേഷിക്കുന്ന ഓർമയെപ്പോലും നിഷ്‌കാസനം ചെയ്യാനുള്ള ഗൂഢവും ഹീനവുമായ പരിശ്രമം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായിത്തീർന്നത് പരിശോധിക്കപ്പെടണം. ബ്രിട്ടീഷ് ഭരണത്തോട് മൃദുസമീപനം പുലർത്തുകയും അവരുടെ ദയാവായ്പിൽ കാലക്ഷേപം കഴിക്കുകയും ചെയ്ത പാരമ്പര്യമാണ് സംഘപരിവാറിനുണ്ടായിരുന്നത്. ഹിന്ദുത്വാശയത്തിൽ ആർ.എസ്.എസ്. സ്ഥാപകനായ ഡോ. ഹെഡ്‌ഗേവാറിന്റെ ആശയത്തെപ്പോലും പിന്തള്ളി, സംഘപരിവാർ പ്രസ്ഥാനങ്ങൾ ഇന്ന് അവലംബമായി കരുതുന്നത് ബ്രിട്ടീഷുകാരുടെ പാദസേവകനായി ജീവിച്ച സവർക്കറുടെ ആശയാദർശമാണെന്നത് ചരിത്രത്തിന്റെ മറ്റൊരു വിരോധാഭാസമാണ്.

ആ രക്തസാക്ഷി നിഘണ്ടുവിന്റെ കഥ

കേരളത്തിന്റെ മതേതര സാമൂഹ്യജീവിതത്തിൽ പച്ചപിടിക്കാതെ പോകുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ വർഗീയതിയിൽ മുക്കി പൊലിപ്പിച്ചെടുക്കുക എന്ന രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് മലബാർ കലാപത്തിലെ രക്തസാക്ഷികളുടെ നാമങ്ങൾ ഉന്മൂലനം ചെയ്യുകയെന്ന സംഘപരിവാർ തീരുമാനം. ഇതിന് സംഘപരിവാർ ആയുധമാക്കുന്നതാകട്ടെ, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചി (ICHR) നെയും. അധികാര ദണ്ഡുപയോഗിച്ച് മറുസ്വരങ്ങളെ ഉന്മീലനം ചെയ്യുകയെന്ന സൂര്യ- ചന്ദ്രവംശ രാജപരമ്പരയുടെ മനുസ്മൃതി നിയമങ്ങളെയാണ് ആധുനിക ഹിന്ദുത്വം സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യ, ജനാധിപത്യ രാജ്യമാണെന്ന് വിസ്മരിക്കുകയാണ് സംഘപരിവാർ ഭരണകൂടം.

സ്വാതന്ത്ര്യസമരത്തിൽ രക്തസാക്ഷിത്വം വരിച്ച ധീരദേശാഭിമാനികളെ അടയാളപ്പെടുത്തിയ നിഘണ്ടുവാണ് Dictionary of Martyrs of India's Freedom Struggle (1857-1947). കേന്ദ്രസർക്കാരിന്റെ സാംസ്‌കാരിക വകുപ്പും, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചും (ICHR) സംയുക്തമായാണ് നിഘണ്ടു പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2019 മാർച്ച് 7ന്, ന്യൂഡൽഹി ലോക് കല്യാൺ മാർഗിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അഞ്ച് വാല്യങ്ങളുള്ള നിഘണ്ടു പ്രകാശനം ചെയ്തത്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ചവരെ അടയാളപ്പെടുത്താനുള്ള പ്രഥമ പരിശ്രമമാണ് ഈ നിഘണ്ടുവെന്നാണ് പ്രധാനമന്ത്രി പ്രകാശനവേളയിൽ നടത്തിയ പ്രഭാഷണത്തിൽ അവകാശപ്പെടുന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യസമര (1857-1947) രക്തസാക്ഷികളുടെ നിഘണ്ടു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്യുന്നു.

രക്തസാക്ഷി നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലാണ് കേരളവും ആന്ധ്ര, തെലങ്കാന, കർണാടക. തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഉൾപ്പെടുന്നത്. നിഘണ്ടുവിന്റെ ജനറൽ എഡിറ്റർ, ഐ.സി.എച്ച്​. ആർ ചെയർമാൻ അരവിന്ദ് പി. ജാംഖേദ്കറും. ജന്മിത്വത്തിനും ബ്രിട്ടീഷ് ആധിപത്യത്തിനുമെതിരെ മുസ്‌ലിംകളോടൊപ്പം ഹിന്ദുക്കളും അണിനിരന്ന മലബാർ കലാപവും, സർ.സി.പി.യുടെ ഏകാധിപത്യത്തിനെതിരെ നടന്ന പുന്നപ്ര- വയലാർ സമരവുമാണ് കേരളത്തിലെ രക്തസാക്ഷികളിൽ ഏറിയകൂറും അഞ്ചാംവാല്യത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. മലബാർ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷുകാരുടെ തോക്കിനിരയായ രക്തസാക്ഷികൾ 387 പേരോളം വരുന്നുണ്ട്. കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷുകാർ തടവുകാരായി പിടിച്ച ഹിന്ദുക്കളും മുസ്​ലിംകളുമടക്കം നൂറോളം പേരെ, തിരൂരിൽനിന്നു കോയമ്പത്തൂർ ജയിലിലേക്ക് കൊണ്ടുപോയത്. തീവണ്ടിയിലെ ലഗേജ് വാനിലായിരുന്നു. കുത്തിനിറച്ച മാടുകൾക്കു സമാനമായി യാത്രചെയ്ത അവരിൽ ഭൂരിഭാഗവും ആ പൈശാചികതയിൽ കൊല്ലപ്പെട്ടു. ഏഴുപതോളം പേർ മരിച്ചെന്നാണ് ഔദ്യേഗിക കണക്ക്. 1921 നവംബർ 19ന് നടന്ന ഈ മനുഷ്യക്കുരുതി അറിയപ്പെടുന്നത് "വാഗൺ ട്രാജഡി' എന്ന ഓമനപ്പേരിലാണ്! ധീരരായ ഈ രക്തസാക്ഷികളടക്കമാണ് 387 എന്ന സംഖ്യ.

ആഷിഖ്​ അബുവിന്റെ സിനിമക്കെതിരെ

2021ൽ മലബാർ കലാപത്തിന് നൂറു വയസ്സു തികയുന്ന പശ്ചാത്തലത്തിൽ, 2020ൽ ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന വാരിയൻ കുന്നൻ എന്ന സിനിമ പ്രഖ്യാപിക്കുന്നതോടെയാണ് കേരളത്തിലെ സംഘപരിവാർ നേതൃത്വം അരയും തലയും മുറുക്കി രംഗത്തെത്തിയത്. അവർ മലബാർ കലാപത്തെ മാപ്പിളമാരുടെ വർഗീയലഹളയായി ചിത്രീകരിച്ചു. രക്തസാക്ഷിത്വം വരിച്ചവരെ അവഹേളനപരമായി ചിത്രീകരിച്ചു. സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയെ എക്കാലവും എതിർത്തിരുന്ന പൃഥ്വിരാജിനെ അപമാനിക്കാൻ പറ്റിയ സമയമായി സംഘപരിവാർ ഈ പ്രശ്‌നത്തെ മുതലെടുത്തു. അവർ പൃഥ്വിരാജിന്റെ കുടുംബത്തെവരെ വിഷയത്തിലേക്ക് വലിച്ചിഴക്കുകയും തങ്ങൾക്കു മാത്രം സ്വന്തമായ തെറിയുടെ ഭാരതീയഭാഷ്യം പുറത്തെടുക്കുകയും ചെയ്തു. ഈ പ്രശ്‌നത്തിന്റെ മറവിലൂടെ, നടൻ സുകുമാരൻ സംഘപരിവാറിന്റെ ഇഷ്ടക്കാരനായിരുന്നെന്ന കള്ളം ഒളിച്ചുകടത്താനും അവർ കിണഞ്ഞു പരിശ്രമിച്ചു.

പൃഥ്വിരാജ് സുകുമാരൻ, ആഷിഖ് അബു

സംഘപരിവാറിന്റെ സൃഗാലതന്ത്രം പൊളിഞ്ഞപ്പോൾ

മലബാർ സമരനായകൻ, വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനായി ചിത്രീകരിക്കുന്ന സിനിമക്കെതിരെ സംഘപരിവാർ തിരിഞ്ഞത് രാഷ്ട്രീയവും വർഗീയവുമായ വോട്ടുബാങ്ക് രാഷ്ട്രീയത്തെ മുന്നിൽക്കണ്ടായിരുന്നു. കേരളത്തിൽ സംഘപരിവാർ നേരിടുന്ന ഏറ്റവും വലിയ ഭീഷണി, മതേതരമൂല്യം കാത്തുസൂക്ഷിക്കുന്ന ഹിന്ദുക്കളിൽ നിന്നാണെന്നതാണ് വാസ്തവം. വർഗീയതയിലൂന്നി ഹിന്ദുവികാരം കുത്തിപ്പൊക്കി കേരളത്തിൽ ഒരു ഹിന്ദുസാമ്രാജ്യം സ്ഥാപിക്കുന്നതിനെ കിനാക്കാണുന്ന അവർ തങ്ങളുടെ ഹിന്ദു വർഗീയ താൽപര്യം പരസ്യമായി പുറത്തെടുത്തത്, ശബരിമല യുവതീപ്രവേശന വിരോധത്തിലും അതിനോടനുബന്ധിച്ച് നടത്തിയ അക്രമത്തിലുമായിരുന്നു. സംഘപരിവാറിന്റെ സൃഗാലതന്ത്രത്തെ പക്ഷേ, കേരളത്തിലെ ഹിന്ദുസമൂഹം നിഷ്‌കരുണം തള്ളിക്കളഞ്ഞു. അതിനുശേഷം അവർക്ക് വീണുകിട്ടിയ ആയുധമായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന ധീരരക്തസാക്ഷിയും മലബാർ കലാപവും. 1921ൽ കേരളത്തിൽ നടന്ന ഹിന്ദുവംശഹത്യയെന്ന് അവർ മലബാർ കലാപത്തിന് പുതുതലക്കെട്ട് നൽകി. സമൂഹമാധ്യമങ്ങളിൽ വെട്ടുകിളിസമാനമായ സംഘപരിവാർ ലൈക്ക് തൊഴിലാളികൾ അഴിഞ്ഞാടി.

ബ്രിട്ടിഷ് ഭരണത്തിനെതിരെ പ്രക്ഷോഭം നടത്തി എന്ന കുറ്റം ചുമത്തി മാപ്പിള തടവുകാരെ കോഴിക്കോട് വിചാരണയ്ക്ക് കൊണ്ടു പോകുന്നു / Photo: Wikimedia Commons

ചരിത്രവും ഭൂമിശാസ്ത്രവും അപനിർമിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിന് എത്രത്തോളം വോട്ടുനേടാനാകും എന്നതാണ് ആത്യന്തികമായി സംഘപരിവാറിന്റെ പ്രവൃത്തികൾക്ക് പിന്നിലുള്ള ഗൂഢതന്ത്രം. ഹിന്ദുത്വത്തിന്റെ പേരുപറഞ്ഞ് കേരളത്തിലെ മതേതരവും മാനവികവുമായ സമൂഹത്തിൽ അന്തഃഛിദ്രമുണ്ടാക്കി അതിന്റെ ദുഷ്ടഫലം അനുഭവിക്കാനാണ് അവരുടെ കഠിനപ്രയത്‌നവും. വാരിയൻ കുന്നൻ വിഷയം കത്തിപ്പടർന്നപ്പോഴാണ് എൻ.ഡി.എ. സർക്കാർ പുറത്തിറക്കി, നരേന്ദ്രമോദി പ്രകാശനം ചെയ്ത രക്തസാക്ഷി നിഘണ്ടു ചർച്ചയായത്. മലബാർ കലാപനായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസലിയാരുമടക്കം 387 പേർ ഈ ലിസ്റ്റിലുണ്ടായിരുന്നു. ഈ വിവരം പരസ്യമായത്, കേരളത്തിലെ സംഘപരിവാറിനേറ്റ കനത്ത പ്രഹരമായിരുന്നു. അവരുടെ വാദമുഖങ്ങളുടെ മുനയൊടിഞ്ഞു. അവർക്കേറ്റ ദയനീയ പരാജയത്തിന്റെ പ്രതികാരമെന്ന നിലയിലാണ് രക്തസാക്ഷിപ്പട്ടികയിൽ നിന്ന് 387 രക്തസാക്ഷികളുടെ പേരുകൾ വെട്ടിക്കളയാനുള്ള പുതിയ തീരുമാനം ഉണ്ടാകുന്നത്. അതിനവർ കരുവാക്കിയതോ, ഡോ.സി.ഐ.ഐസക് എന്ന ചരിത്രകാരനേയും!

ആരാണ്​ ഈ സി.ഐ. ഐസക്​?

ഡോ. സി.ഐ. ഐസക് സംഘപരിവാർ സംഘടനയായ ഭാരതീയ വിചാരകേന്ദ്രത്തിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ്. കേരളത്തിലെ ചരിത്ര- സാംസ്‌കാരിക മണ്ഡലത്തിൽ ഡോ.സി.ഐ. ഐസക് എന്ന ചരിത്രകാരൻ സർഗാത്മകമായ ഇടപെടൽ നടത്തിയതിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. അക്കാദമിക തലത്തിലോ, സാമൂഹ്യതലത്തിലോ ഇദ്ദേഹം അജ്ഞാതനാണ്. എന്നുതന്നെയല്ല, സംഘപരിവാറിൽപ്പോലും ഈ ചരിത്രകാരനെ അറിയുന്നവർ അംഗുലീപരിമിതമാണ്. സംഘപരിവാർ സഹയാത്രികനായ ഡോ.സി.ഐ. ഐസക്കാണ് കേരളത്തിൽനിന്നുള്ള ആർ.എസ്.എസ് നോമിനിയായ ഐ.സി.എച്ച്​.ആർ അംഗം. അക്കാദമികകേന്ദ്രങ്ങളെ പരമാവധി വർഗീയവൽക്കരിക്കുക എന്ന ദൂഢോദ്ദേശ്യം ഇത്തരം നിയമനങ്ങൾക്കു പിന്നിൽ സംഘപരിവാറിന്റെ ലക്ഷ്യമാണെന്നത് നേരത്തെ തന്നെ ചർച്ചയായതും ഓർമിക്കുക.

Dictionary of Martyrs of India's Freedom Struggle- 1857-1947 എന്ന രക്തസാക്ഷി നിഘണ്ടു 2018ലാണ് പ്രസിദ്ധീകരിക്കുന്നതെങ്കിലും അതിന്റെ പ്രകാശനം നടത്തിയത്, 2019 മാർച്ച് 7നാണ്. കേരളത്തിൽ വാരിയൻകുന്നന്റെ പേരിലുള്ള വിവാദം ആരംഭിക്കുന്നത് 2020 ജൂൺ 22ന് പൃഥ്വിരാജ് വാരിയൻ കുന്നൻ സിനിമയെക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടതിനുശേഷവുമായിരുന്നു. ഐ.സി.എച്ച്.ആറിന്റെ നേതൃത്വത്തിലാണ് നിഘണ്ടു നിർമിക്കുന്നതെന്നതിനാൽ, ഡോ.സി.ഐ.ഐസക്കിന്റെ പങ്കാളിത്തം പരിശോധിക്കുമ്പോഴാണ് നാം സംഘപരിവാറിന്റെ ഇരട്ടത്താപ്പും ഹീനതയും മനസ്സിലാക്കുന്നത്. മലബാർ കലാപത്തിലെ രക്ഷസാക്ഷികളെ ഉൾപ്പെടുത്തിയ അഞ്ചാം വാല്യം പരിശോധിച്ച് പണിക്കുറ തീർത്തുകൊടുത്തത് സംഘപരിവാർ സഹയാത്രികനായ ഡോ.സി.ഐ.ഐസക് ആണെന്ന് ഗ്രന്ഥത്തിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നു.

സംഘപരിവാർ നേതൃത്വം നൽകുന്ന മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണസമിതി നടത്തിയ രക്ഷസാക്ഷി അനുസ്മരണവാർഷാചരണത്തിന്റെ ദേശിയ തല ഉദ്ഘാടന ചടങ്ങിൽ സി.ഐ. ഐസക്. സംസാരിക്കുന്നത് ആർ.എസ്.എസ് ദേശീയ നേതാവ് റാം മാധവ്.

കേരളമുൾപ്പെടുന്ന അഞ്ചാം വോള്യത്തിൽ ഡോ.സി.ഐ. ഐസക്കിന്റെ സംഭാവന നിസ്തുലമായിരുന്നെന്ന് ജനറൽ എഡിറ്ററും ഐ.സി.എച്ച്​.ആർ ചെയർമാനുമായ അരവിന്ദ് ജാംഖേദ്കർ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹം, FROM THE GENERAL EDITOR എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിൽ ഐസക്കിനോടുള്ള തന്റെ അകൈതവമായ നന്ദി പ്രകാശിപ്പിക്കുന്നത് ഇപ്രകാരമാണ്: I am also indebted to Prof. C. I. Issac for acting as experts to vet a lengthy typescript and suggesting improvements in it.
ഡോ.ഐസക്കിന്റെ സാന്നിധ്യത്തെക്കുറിച്ച് ഇതിൽപ്പരം തെളിവു വേണമെന്നില്ലല്ലോ. അഞ്ചാം വോള്യത്തിലെ മലബാർ രക്തസാക്ഷികളെക്കുറിച്ച് ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡണ്ടായ ഡോ. ഐസക്ക് വായിച്ച് പഠിച്ച് തിരുത്തൽവരുത്തി സാക്ഷ്യപ്പെടുത്തിയാണ് പ്രസിദ്ധീകരണത്തിനയച്ചതെന്ന് വ്യക്തം.

ഈ വിവരങ്ങൾ ഉൾപ്പെടുത്തി 2020 സെപ്തംബർ 4-ാം തീയതി ഈ ലേഖകൻ, മലബാർ കലാപത്തിലെ രക്തസാക്ഷികൾക്ക് ക്ലീൻ ചിറ്റ് നൽകിയത് സംഘപരിവാർ തന്നെ എന്ന പേരിൽ ഒരു ലേഖനമെഴുതിയിരുന്നു. ആ ലേഖനത്തിന് മറുപടിയെന്നോണം തൊട്ടടുത്ത (2020 സെപ്തംബർ 5) ദിവസം ഡോ.സി.ഐ.ഐസക് ജന്മഭൂമി പത്രത്തിൽ ഒരു വിശദീകരണക്കുറിപ്പ് നൽകി. ആ കുറിപ്പ് അപഹാസ്യവും അദ്ദേഹം എത്ര ബാലിശമായാണ് ചിന്തിക്കുന്നതെന്നിനും തെളിവായിരുന്നു. ഈ വിശദീകരണക്കുറിപ്പിൽ തന്റെ പങ്കാളിത്തം സൗകര്യപൂർവം വിസ്മരിച്ച് ഡോ.ഐസക് എഴുതുന്നു: ‘‘ചരിത്ര വസ്തുതകൾ തമസ്‌ക്കരിക്കുകയും വളച്ചൊടിക്കുകയും ചെയ്ത് മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമായി ചിത്രീകരിച്ചത് കോൺഗ്രസാണ്. നിഘണ്ടു ഇറങ്ങിയാലും ഇല്ലെങ്കിലും മാപ്പിള ലഹളക്കാർ നിലവിൽ സ്വാതന്ത്ര്യസമരസേനാനികളാണ്. ആ വസ്തുതയിൽ കവിഞ്ഞ ഒന്നും പുതുതായി പുറത്തിറങ്ങിയ നിഘണ്ടുവിലുമില്ല. മാറ്റം വരേണ്ടത് ഇന്ദിരാഗാന്ധി സർക്കാരിന്റെ തീരുമാനമായിരുന്നു. മാറ്റം വരില്ലെന്ന് പ്രഖ്യാപിച്ച പലതിലും മാറ്റം വരുത്തിയ കേന്ദ്രസർക്കാരാണ് ഇന്ന് കേന്ദ്രത്തിൽ. ചരിത്രത്തെ വളച്ചൊടിച്ച് കലാപകാരികളെ സ്വാതന്ത്ര്യസമരസേനാനികളായി പ്രഖ്യാപിച്ച ചരിത്രപരമായ മണ്ടത്തരം തിരുത്തപ്പെടും.'' (ഡോ. സി.ഐ. ഐസക്ക് (ഐ.സി.എച്ച്.ആർ അംഗം), ജന്മഭൂമി, 2020 സെപ്തംബർ 5).

ഡോ.ഐസക്കിന്റെ കളവുകൾ

ഡോ.ഐസക്കിന്റെ ഈ പ്രസ്താവനയിൽനിന്ന് നമുക്ക് രണ്ടു കാര്യങ്ങൾ അനുമാനിക്കാൻ കഴിയും. ഒന്ന്, അഞ്ചാം വാല്യം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയ വ്യക്തിപരമായ തന്റെ ഉത്തരവാദിത്തം ഐസക് മറച്ചുപിടിച്ച് ലോകത്തോട് കളവ് പറയുന്നു. രണ്ട്, ഡോ. ഐസക്കിന്റെ പങ്കാളിത്തം മറനീക്കി പുറത്തുവന്നതോടെ, നിഘണ്ടുവിൽനിന്ന് മലബാർ സമര രക്തസാക്ഷികളെ ഉന്മൂലനം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. മലബാർ സമരത്തിലെ ധീരരെ രക്തസാക്ഷികളെന്ന് വിളിക്കുന്നത് ‘ചരിത്രപരമായ മണ്ടത്തരം' എന്നാണ് ഐസക്കിന്റെ ഭാഷ്യമെന്ന് നാം അദ്ദേഹത്തിന്റെ കുറിപ്പിൽ വായിച്ചു. ചരിത്രകാരനെന്നറിയപ്പെടുന്ന ഡോ.ഐസക്, സംഘപരിവാറിന്റെ തുടലിൽ ബന്ധിക്കപ്പെട്ട് ചെയ്തുകൂട്ടുന്നതിന്റെ സാമൂഹ്യവും സാംസ്‌കാരികവുമായ തിരിച്ചടികളെക്കൂടി മനസ്സിലാക്കിയിരിക്കണം. മതേതരസാമൂഹ്യക്രമത്തിൽ മതവൈരം വളർത്താനും, സുമനസ്സുകളെ ആക്രാമികമാക്കാനും മാത്രമേ, ഐസക്കിന്റെയും സംഘപരിവാറിന്റെയും ശ്രമങ്ങളെക്കൊണ്ട് സംഭവിക്കാൻ പോകുന്നത്. കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ നെഞ്ചറകളിൽ വീരപുരുഷരായി വിരാജിക്കുന്ന ധീരരക്തസാക്ഷികളെ ഉന്മൂലം ചെയ്ത്, തങ്ങളുടെ വർഗീയ അജണ്ടകൾ സ്ഥാപിക്കാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ, ശാന്തത കളിയാടുന്ന സമൂഹത്തിൽ വർഗീയ വിള്ളലുകൾ സൃഷ്ടിക്കുകയാണെന്നത് ഇക്കൂട്ടർ മറന്നുപോകരുത്.

ഡോ. ഐസക്, താൻ ഇതിലൊന്നിലും പെടുന്നില്ലെന്ന മട്ടിൽ, കഴിഞ്ഞകാലത്തെ യു.പി.എ സർക്കാരിന്റെയും ഇടത് ബുദ്ധിജീവികളുടേയും തലയിൽ കുറ്റം ചുമത്തി ഒഴിയാനാണ് ശ്രമിക്കുന്നത്. ഐ.സി.എച്ച്.ആർ. അംഗമെന്ന നിലയിൽ ഡോ. ഐസക്ക് പരിശോധിച്ച ശേഷമാണ് നിഘണ്ടു അച്ചടിച്ചതെന്ന് പരസ്യമായപ്പോൾ, കേരളത്തിലെ സംഘപരിവാർ അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിന്റെ പ്രതിഫലനമായാണ് നിഘണ്ടുവിന്റെ അഞ്ചാം വാല്യം കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സൈറ്റിൽനിന്ന് നീക്കം ചെയ്തത്. എന്നാൽ, രേഖപ്പെടുത്തപ്പെട്ട സത്യങ്ങൾ നീക്കം ചെയ്യാനാവില്ലെന്ന ലളിതസത്യം, സംഘപരിവാറുകാർക്ക് ഇതുവരേയും മനസ്സിലായിട്ടില്ലെന്നു വേണം കരുതാൻ. നിഘണ്ടു വിവാദമായപ്പോൾ, ഡോ.ഐസക് നൽകിയ പത്രക്കുറിപ്പിൽ സൂചിപ്പിച്ച 387 എന്ന സംഖ്യയാണ് ഇപ്പോൾ എടുത്തു കളയുന്നതെന്നും പ്രത്യേകം ശ്രദ്ധേയമാണ്.

രക്തസാക്ഷി നിഘണ്ടുവിൽ ഡോ.ഐസക് പരിശോധിച്ച് അംഗീകാരം നൽകിയ ആലി മുസലിയാരുടേയും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദു ഹാജിയുടേയും ജീവിതം രേഖപ്പെടുത്തിയത് വായനക്കാരുടെ അറിവിലേക്കായി താഴെക്കൊടുക്കുന്നു:

ആലിമുസലിയാർ

ആലിമുസലിയാർ

(Page-7, Dictionary of Martyrs of India's Freedom Struggle -1857-1947, Vol. 5).
Ali Musaliar: Born in Nellikottu amsom in Eranad, distt. Malappuram, Kerala; s/o Kunju Moideen Sahib and Amina; Education at Ponnani, higher education at Mecca. Scholar in Islamic History, Shariat and Theology. Chief quasi at Kavaratti Island. Chief
Musaliar of Tirurangadi Mosque in 1907. Great orator; organized Madrasas in different parts of Malabar; wide following in many parts of south Malabar; the most influential leader of the Khilafat movement. In search of a Khilafat leader police in full uniform entered Tirurangadi Mosque and this aroused religious passion. Ali Musaliar accompanied by followers reached the police station to release the arrested Khilafat leaders. Police opened fire and killed hundreds of volunteers. The rebellion began on
21 August 1921 and spread to Eranad, Valluvanad and Ponnani taluks. Martial Law was declared. Gurkha Regiment was rushed to Malabar. Tirurangadi mosque was seized and
rebels were flushed out. Ali Musaliar and followers surrendered and after trial he was sent to gallows. Executed by hanging on 17 February 1922. [Fortnightly Reports, January 1921 to March 1922, Note of F.B. Evans, in case no. 7/21, The Fort St. George
Gazette No. 37, Madras, 12 September 1922, Part- I, Pub Deptt. Report of the Administration of the Madras Presidency for the year 1921-22 (Madras, 1923), Kerala Patrika (Supplement), 1 September 1921].

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മത് ഹാജി

(Page-248, Dictionary of Martyrs of India's Freedom Struggle -1857-1947, Vol. 5).
Variankunnath Kunhamad Haji: Born in Nellikottu in Eranad, South Malabar, Kerala; s/o. Moideen Haji and Aminakutty Hajjumma. A close associate and relative of Ali Musaliar, an important rebel Mappila leader, he and his father were exiled to Mecca for a short period for antigovernment activities. Thereafter they came back, but continued with
their anti-British demeanour. He became a significant Khilafat leader in Majeri and Nilambur, and led an attack on the British army at Kallamala, as well as on the Gudalur
Police Training Camp. He also proclaimed himself a ruler in the area, paralyzing the British administration there for a short period. But Haji was captured from Kallamoola in January 1922, and after a summary trial at Martial Law Court, shot dead on 20 January 1922. [Weekly (Summary) Report of the Rebellion, Govt. of India (Home. Dept.) for the year 1921-22, Reports of the Administration of the Madras Presidency for the year 1921-22 (Madras, 1932), The Fort, St. George Gazette, No. 37, Madras, 12 September 1922, Part-I, Public Dept., Kerala Patrika, 29 October 1921]

1921 ഒക്ടോബർ 18ന് ദ ഹിന്ദു ദിനപത്രത്തിലെ 'ലെറ്റർ ടു ദ ഹിന്ദു' കോളത്തിൽ പ്രസിദ്ധീകരിച്ച വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കത്ത്. നിർബന്ധിത മതപരിവർത്തനത്തെ കുറിച്ച് പ്രചാരത്തിലുള്ള റിപോർട്ടുകൾ വ്യാജമാണെന്ന് കത്തിൽ പറയുന്നു. / Photo: Wikimedia Commons

നിഘണ്ടുവിൽ രേഖപ്പെടുത്തിയ മലബാർ സമര രക്തസാക്ഷികളുടെ വിവരങ്ങൾ മിക്കവയും അപൂർണമാണ്. പലർക്കും വിലാസങ്ങളില്ല. എൺപതു വയസ്സായവർവരെ ഇക്കൂട്ടത്തിലുണ്ട്. ഹിന്ദുക്കളും മുസ്‌ലിംകളുമുണ്ട്. ബ്രിട്ടീഷുകാരുടെ തോക്കിൽനിന്ന് തീ തുപ്പിയപ്പോൾ സാധാരണക്കാരുടെ നെഞ്ചിൽനിന്ന് രക്തം തുപ്പി. പലരും തൂക്കിലേറ്റപ്പെട്ടു. ഒട്ടനവധിപേർ ജയിലിലെ നരകസമാനാന്തരീക്ഷത്തിൽ രോഗം പിടിപെട്ട് മരണം പുൽകി. മറ്റുള്ളവർ ലഗേജ് ബോഗിയിൽ ശ്വാസംപിടഞ്ഞ് നിദ്ര പൂകി. അവരെയൊന്നടങ്കം ചരിത്രത്തിൽനിന്ന് നിഷ്‌കാസിതരാക്കാനുള്ള നീക്കമാണ് സംഘപരിവാർ ഇപ്പോൾ നടത്തുന്നതെന്ന് വ്യക്തം. അവരുടെ കൈയിലെ ചട്ടുകമായി ഐ.സി.എച്ച്.ആർ അംഗമായ ഡോ.സി.ഐ. ഐസക്കും മാറിയിരിക്കുന്നു. ഇതിൽത്തന്നെ പേടിപ്പെടുത്തുന്ന വസ്തുത, ​ഐ.സി.എച്ച്​.ആർ അംഗമായ ഡോ.ഐസക് തന്നെയാണ്, സംഘപരിവാർ നേതൃത്വം നൽകുന്ന മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണസമിതി ജനറൽ കൺവീനറും എന്നതാണ്!

അവരെ വീണ്ടും കൊല്ലരുത്​!

ബാബരി മസ്ജിദ് തകർത്തതോടുകൂടി, സംഘപരിവാർ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ നെഞ്ചിൽ കനൽകോരിയിട്ടതിന്റെ ബാക്കിപത്രമെന്ന നിലയിലാണ് രക്തസാക്ഷി നിഘണ്ടുവിന്റെ തിരുത്തലിനേയും നോക്കിക്കാണേണ്ടത്. കേരളത്തിൽ നിലനിൽക്കുന്ന സമുദായ സൗഹാർദത്തെ തുരങ്കം വെക്കുകയും മുസ്‌ലിം ജനവിഭാഗങ്ങളിൽ അരക്ഷിതാവസ്ഥ വളർത്തുകയുമാണ് ഈ നടപടിയിലൂടെ സംഭവിക്കുന്നതെന്ന് വിവേകമതികൾ തിരിച്ചറിയണം. അധികാരവും അജ്ഞതയും ഒത്തുചേരുമ്പോൾ ഹിന്ദുത്വരാഷ്ട്രീയം അതിന്റെ ഉന്മൂലന തത്ത്വശാസ്ത്രം പുറത്തെടുക്കുമെന്ന ഭീതിദമായ യാഥാർത്ഥ്യവും ഈ നടപടിയിലുടെ മറനീക്കി പുറത്തുവരുന്നുണ്ട്. ചരിത്രത്തെ മാറ്റിപ്പണിയാൻ തുനിയുന്നവരോട് ലളിതമായ ഒരഭ്യർത്ഥനയുണ്ട്; ദയവുചെയ്ത് രക്തസാക്ഷികളെ വീണ്ടും കൊല്ലാതിരിക്കുക!

Comments