പ്രസവം, അബോർഷൻ, ലൈംഗികത; അത്​ സ്​ത്രീയുടെ തീരുമാനമാണ്​

സ്വശരീരം, പ്രസവം, അബോർഷൻ, ലൈംഗികത, മറ്റു ബന്ധങ്ങൾ എന്നിവ പൂർണമായും അതിലുൾപ്പെട്ട സ്ത്രീയുടെ തീരുമാനമായിരിക്കണം എന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുകയാണ് ‘സാറാസ്’

പെണ്ണുടലിന്റെ സ്വാതന്ത്ര്യവും, പെൺ മനസ്സിന്റെ സന്തോഷവും സമകാലിക സമൂഹത്തിലെ അവസ്ഥകളിൽ പ്രശ്‌നവൽക്കരിച്ചിരിക്കുകയാണ് സാറാസ് (Sara's) എന്ന സിനിമ.

പേര് സൂചിപ്പിക്കുന്നപോലെ പൂർണമായും സാറയുടെ കഥയാണ് സാറാസ്. "വിസ്മയ'മാർ ഇന്നും യഥാർഥ്യമാവുന്ന ഒരു സമൂഹത്തിലേക്കാണ് ഈ സിനിമ സ്ത്രീയുടെ കർത്തൃത്വത്തിന്റെയും പരമാധികാരത്തിന്റെയും തീരുമാനങ്ങളുമായി കടന്നു വരുന്നത്. പെണ്ണിഷ്ടങ്ങൾ പൊതുവെ തന്നിഷ്ടങ്ങളായി തരം താഴ്ത്തപ്പെടുന്ന ശരാശരി സമൂഹത്തിൽ സ്വശരീരം, പ്രസവം, അബോർഷൻ, ലൈംഗികത, മറ്റു ബന്ധങ്ങൾ എന്നിവ പൂർണമായും അതിലുൾപ്പെട്ട സ്ത്രീയുടെ തീരുമാനമായിരിക്കണം എന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുകയാണ് സാറാസ്.

സ്ത്രീപുരുഷ ബന്ധം അടിസ്ഥാനമായുള്ള ഹെറ്ററോ സെക്ഷ്വൽ ബന്ധങ്ങളിൽ അധിഷ്ഠിതമായ കുടുംബങ്ങളാണ് പൊതു ബോധങ്ങളുടെ ആധാരം എന്ന അവസ്ഥയിൽ പോലും, കേരളത്തിൽ ലൈംഗികതകളെക്കുറിച്ചുള്ള പാഠങ്ങൾ പലപ്പോഴും ക്ളാസുമുറികൾക്ക് പുറത്താണ് നടക്കുന്നത് എന്നും, ലൈംഗികത ഒരു പഠനവിഷയം എന്ന നിലയിൽ ക്ലാസുമുറികളിൽ പേജുകൾ മറിച്ചു അദൃശ്യമാക്കപ്പെടുന്നു എന്നും നമുക്കറിയാം. ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ ധാരണകളോടെയാണ് ഓരോ പെൺകുട്ടിയും ആൺകുട്ടിയും, പെണ്ണും ആണുമായി മാറുന്നത്. സാറയുടെ കഥ തുടങ്ങുന്നത് ഈ കാതലായ വിഷയത്തിലാണ്.

സമൂഹത്തിന്റെ, ബന്ധുജനങ്ങളുടെ സന്തോഷസമ്മർദങ്ങളിൽ ജീവിച്ചു മരിക്കുന്ന/മരിച്ചു ജീവിക്കുന്ന സ്ത്രീകളുടെ കേൾക്കാത്ത കഥകൾ പറന്നു നടക്കുന്ന സാഹചര്യത്തിൽ ആണ് സാറാസ് ഇത്തരം ധാരണങ്ങളെയെല്ലാം ഒന്ന് കുലുക്കി മറിക്കുന്നത്. പുരുഷാധിപത്യ സമൂഹത്തിന്റെ ധാരണകൾക്ക്/ താല്പര്യങ്ങൾക്ക് തീരെ ചേരാത്ത തൊഴിലാണ് സാറയുടേത്. സ്ത്രീയുടെ തട്ടകം കുടുംബമാണെന്നിരിക്കെ അതിന്റെ വ്യവഹാരങ്ങൾക്ക് കോട്ടം വരാത്ത തരം ജോലികൾക്കാണ് പൊതുവെ സമൂഹത്തിനു താല്പര്യം. അധ്യാപനം, മറ്റു ക്ലറിക്കൽ ജോലികൾ എന്നിങ്ങനെ പൊതുവെ പത്തു മുതൽ അഞ്ചുവരെയുള്ള കൃത്യമായ സമയവ്യവസ്ഥയിൽ സാധ്യമാവുന്ന തൊഴിലുകൾ കുടുംബഭാരത്തിനു സാധാരണഗതിയിൽ കുഴപ്പം ഉണ്ടാക്കുന്നില്ല എന്നതു കൊണ്ട് സ്ത്രീകൾക്ക് യോജിച്ചതായി കാണുന്ന സമൂഹത്തിന് തീരെ പിടിക്കാത്ത സിനിമാ മേഖലയാണ് സാറയുടേത്. സമയമോ, സ്ഥലമോ ക്ലിപ്തമല്ലാത്ത, പുരുഷമേധാവിത്തം നിലനിൽക്കുന്ന മേഖലയാണ് അതും. അവിടെ സാറക്ക് കയറിക്കൂടുന്നത് ഒട്ടും എളുപ്പമല്ല. എന്നിട്ടും ആദ്യ സിനിമയുടെ സംവിധാനം എന്ന സ്വപ്നത്തിന്റെ പടിവാതിൽക്കൽ സാറക്ക് മാതൃത്വം അല്ലെങ്കിൽ തൊഴിൽ എന്ന കുഴപ്പിക്കുന്ന ചോയ്‌സ് നേരിടേണ്ടിവരുന്നുണ്ട്.

സ്ത്രീകളുടെ തൊഴിൽ തീരുമാനങ്ങൾക്കുമേൽ എപ്പോഴും ഉയർന്നു നിൽക്കുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം, തിരക്കുള്ള ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളുള്ള ശരാശരി കുടുംബങ്ങളിൽ കുട്ടികളുടെ ഉത്തരവാദിത്തം ഒറ്റയ്ക്ക് ഏറ്റെടുക്കാൻ നിർബന്ധിതരാവുമ്പോൾ ജോലിതിരക്ക് മൂലം അവഗണിക്കപ്പെടുന്ന കുഞ്ഞുങ്ങൾ എന്നിങ്ങനെ നാം സാധാരണം എന്ന് കരുതുന്ന എല്ലാ തലങ്ങളെയും ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ഈ സിനിമ പ്രശ്‌നവൽക്കരിക്കുന്നു. സാമാന്യമായി പല കുടുംബങ്ങളിലും പുരുഷന്റെ ധർമ്മം പ്രത്യുല്പാദനത്തിൽ ഒതുങ്ങുന്നു. കുട്ടികളെ വളർത്തൽ, അവരെ ഭാവിയിലെ കുടുംബ ജീവിതത്തിനു പാകമാക്കൽ എന്നീ ഭാരിച്ച ഉത്തരവാദിത്തം സ്ത്രീയുടേതാണെന്ന പൊതു ധാരണകളെ തുറന്നു കാട്ടുന്നുണ്ട് ഇത്.

ബെറ്റി ഫ്രിടാൻ

ബെറ്റി ഫ്രിടാൻ അഭിപ്രായപ്പെട്ടതുപോലെ ഉത്തമ കുടുംബിനി എന്ന ചട്ടക്കൂട്ടിൽ/രൂപക്കൂട്ടിൽ സന്തുഷ്ടയാണ് എന്ന ധാരണയിൽ ജീവിക്കുന്ന സ്ത്രീകളും, "സ്ത്രീകൾക്ക് അത്യാവശ്യം ഫ്രീഡം കൊടുക്കുന്ന', പുരോഗമനവാദികളായ പുരുഷന്മാരും ചേർന്നൊരുക്കുന്ന ഉത്തമകുടുംബങ്ങളുടെ ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെടുന്ന പെൺജീവിതങ്ങൾക്ക്, "സ്വ'കാര്യങ്ങൾ പൊതുകാര്യങ്ങൾ ആക്കേണ്ടതില്ല എന്ന ഒരു സന്ദേശം കൂടിയുണ്ട് ഈ ചിത്രത്തിൽ.

അബോർഷൻ, പ്രസവം എന്നിങ്ങനെയുള്ള തികച്ചും സ്ത്രീയുടേത് മാത്രമായ, സ്ത്രീ ശരീരത്തിൽ മാത്രം സംഭവിക്കുന്ന കാര്യങ്ങളുടെ തീരുമാനം പൂർണമായും സ്ത്രീകൾക്ക് തന്നെയാണ്. അതിനുള്ള നിയമപരമായ അവകാശവും അവളുടേതാണ്. അതിൽ ഭർത്താവിന്റെയോ ചുറ്റുപാടുമുള്ള സമൂഹത്തിന്റെയോ നിലപാടുകൾക്ക് യാതൊരു പ്രസക്തിയുമില്ല എന്നത് കൃത്യമായി രേഖപ്പെടുത്തുന്നു. സ്വപ്നങ്ങൾക്കുപുറകെ ഓടാനും, അവയെ എത്തി പിടിക്കുമ്പോൾ സ്വയം സന്തോഷിക്കാനും ഓരോ സ്ത്രീക്കുമുള്ള അവകാശത്തെ മുന്നോട്ടു വെക്കുന്നിടത്ത്, ഈ സിനിമ കാലത്തിനൊപ്പം മുന്നേറുന്നു.

മാതാപിതാക്കളാകുക എന്നത് ഒരു മനോഹരമായ ഉത്തരവാദിത്തമാണെന്നും അത് വേണ്ടവണ്ണം നിർവഹിക്കാൻ സാധിക്കുമെങ്കിൽ മാത്രം ആ കടമയിലേക്ക് പ്രവേശിച്ചാൽ മതിയെന്നും ഇത് നമ്മെ ഓർമപ്പെടുത്തുന്നു. ഒരുപക്ഷെ സുരക്ഷിതമായ ഒരു സമൂഹം ഉണ്ടാകുന്നതു തന്നെ കുട്ടികളെ ജനിപ്പിക്കാൻ മാത്രമല്ലാതെ, നല്ലവണ്ണം വളർത്താനും കൂടി പാകതയുള്ള ഉത്തരവാദിത്തമുള്ള മാതാപിതാക്കളിലൂടെയാണ് എന്നത് ശ്രദ്ധേയമാണ്.

പൊതു ബോധങ്ങളെ നിഷ്‌കരുണം അർഥശങ്കക്കിടയില്ലാതെ നിരാകരിച്ചുകൊണ്ട് സ്ത്രീ ശരീരത്തിന്റെ പൂർണാവകാശം സ്ത്രീകളിൽ തന്നെ നിക്ഷിപ്തമാണെന്നും, അതിൽ പുരുഷന്റെ അധീശത്വവും, ഉടമസ്ഥാവകാശത്തിനും യാതൊരു നിലനിൽപ്പും ഇല്ലെന്ന് സാറാസ് വ്യക്തമാക്കുന്നു. പലപ്പോഴും ഇത്തരം സ്ത്രീപക്ഷം എന്ന് പുറമെ തോന്നിക്കുന്ന പല സൃഷ്ടികളും അവസാനം പുരുഷകേന്ദ്രീകൃത സംവിധാനത്തെയും, അതിനെ പിൻപറ്റുന്ന സ്ത്രീ പുരുഷൻമാർ ഉൾപ്പെടുന്ന സാമാന്യ സമൂഹത്തെയും സുഖിപ്പിക്കുന്ന ഇലക്കും മുള്ളിനും കേടില്ലാത്ത "അടവുകളിലാണ്' ഒതുങ്ങാറുള്ളത്. ഇവിടെ അത് ചിലതരം തുറസുകളിലേക്ക് കുതറുന്നു എന്ന സൂചനകൾ ആശാവഹമാണ്.


Comments