Google Trends: ആരോഗ്യരംഗത്ത് സെർച്ചിനുമേൽ സെർച്ച്

‘കോവിഡ് മഹാമാരി സമയത്തെ പോണോഗ്രാഫി സൈറ്റ് ഉപയോഗത്തെക്കുറിച്ചുള്ള ഗൂഗിൾ ട്രെൻഡ്സ് വിശകലനം, മനുഷ്യപെരുമാറ്റത്തെക്കുറിച്ചുള്ള വിശദ പഠനമാണ്. പോണോഗ്രാഫി സൈറ്റുകൾ സന്ദർശിക്കുന്നതിന്റെ സാമൂഹ്യവും സാമ്പത്തികവും മാനസികവുമായ പശ്ചാത്തലങ്ങളെക്കുറിച്ചുള്ള വിശദമായ അറിവാണ് ഗൂഗിൾ ട്രെൻഡ്സിന് ഇന്ന് കാഴ്ചവെയ്ക്കാനുള്ളത്. പല രാജ്യങ്ങളിൽ നിന്നുള്ള അറിവ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അധിക നിയന്ത്രണങ്ങളില്ലാതിരുന്ന സ്വീഡനും ഏറ്റവും കൂടുതൽ ആൾക്കാർ മരിച്ച അമേരിക്കയും ഉൾപ്പെടെ.’- ഗൂഗിളിന് കാൽനൂറ്റാണ്ട് തികയുന്ന സന്ദർഭത്തിൽ എതിരൻ കതിരവൻ എഴുതുന്നു.

'Never Google your symptoms' എന്നൊരു തമാശ വീഡിയോ വളരെ പ്രചാരം നേടിയതാണ്. നിങ്ങളുടെ ലഘു അസുഖത്തിന് ഗൂഗിൾ പറഞ്ഞുതരുന്നത്, മാരകമായ രോഗമാണ് നിങ്ങൾക്ക് എന്നാണ് ഈ പാട്ട് വീഡിയോയുടെ സാരം. പക്ഷേ ഗൂഗിളിൽ നമ്മൾ അസുഖവിവരം തേടുന്നത് ഇന്ന് വിവരസമാഹരണത്തിനു ഭാഗ്യങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്.

രോഗത്തിന്റെ പ്രചാരം, അസുഖങ്ങളുടെ വൈവിദ്ധ്യം, ചികിൽസാ സമ്പ്രദായങ്ങളും അതിലുള്ള വിശ്വാസവും, ലോകത്തിന്റെ ഏതൊക്കെ ഭാഗത്ത് ഏതൊക്കെ ചികിൽസകൾ, ഏതൊക്കെ രോഗങ്ങൾ- ഇങ്ങനെ വൻ സർവേ ഫലങ്ങൾക്ക് സമമായതാണ് ഗൂഗിൾ സമ്മാനിക്കുന്നത്. 'Google Trends' ഇന്ന് വിലപ്പെട്ട ടൂൾ ആണ്, പ്രത്യേകിച്ചും പബ്ലിക് ഹെൽത്ത്, പബ്ലിക് പോളിസി രംഗങ്ങളിലെ പഠനങ്ങൾക്ക്.

photo: pexels

ആഗോള സെർച്ച് എഞ്ചിൻ മാർക്കറ്റിൽ 84% ഗൂഗിൾകയ്യടക്കുമ്പോൾ പിന്നാലെയുള്ള 'ബിങ്ങ്' വെറും 8.9% ആണ്. അതുകൊണ്ട് ഗൂഗിൾ സെർച്ച് വളരെ വലിയ സമൂഹത്തെയാണ് പ്രതിനിധീകരിക്കുന്നത്, അതിൽ ഒരു 'ബയസി’ന്റെയോ പ്രത്യേക താൽപര്യത്തിന്റേയോ പിൻബലമില്ല. അത് അതത് സമയത്തെ (real time) ഡാറ്റയാണ് നൽകുന്നത്, അതുകൊണ്ട് പെരുമാറ്റത്തെക്കുറിച്ച് മേൽനോട്ടം നടത്താൻ പര്യാപ്തമാണ്.

വിഷമം പിടിച്ചതും സമയമെടുക്കുന്നതും പലപ്പോഴും അസാദ്ധ്യവുമായതും, ലോകമെമ്പാടുനിന്നുമുള്ള വിവരശേഖരമാണ് നിമിഷങ്ങൾകൊണ്ട് സാധിച്ചെടുക്കുന്നത്. തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളായ ആത്മഹത്യ, മാനസികരോഗങ്ങൾ, എയിഡ്സ്, നിയമവിരുദ്ധ ലഹരികൾ എന്നിവയുടെ സമൂഹരൂപങ്ങളെക്കുറിച്ചൊക്കെ ക്ഷണനേരംകൊണ്ട് സമഗ്രവിവരം ലഭിയ്ക്കുകയാണ്, പ്രവചനങ്ങൾ സാദ്ധ്യമാവുകയാണ്.

എന്നാൽ തെറ്റായ വിവരങ്ങൾ പൊതുജനാരോഗ്യത്തിന് അപായസാദ്ധ്യത വർദ്ധിപ്പിക്കുന്നുമുണ്ട്. ഒരുപാടൊരുപാട് വിവരങ്ങൾ, തെറ്റായതും ശരിയായതും, തെറ്റിദ്ധരിപ്പിക്കാവുന്നതും സത്യമായതും ഡിജിറ്റൽ ലോകത്ത് വന്നു നിറയുന്നതിനു 'ഇൻഫോഡെമിക്' (Infodemic) എന്നൊരു പേര് നേരത്തെ നൽകപ്പെട്ടിരുന്നു. ലോകാരോഗ്യസംഘടന ഇതിൽ ആശങ്ക പ്രകടിപ്പിച്ചതുമാണ്. ഇന്റർനെറ്റിലെ 'ബിഗ് ഡാറ്റ' ആരോഗ്യ ഇൻഫോമാറ്റിക്സ് ( Health Informatics) ഏറ്റെടുത്തു, മനുഷ്യപെരുമാറ്റവും ആശങ്കകളും മനസ്സിലാക്കാനും വിശകലനം ചെയ്യാനും പ്രവചിക്കാനും പുതിയ ഒരു ശാഖ പ്രഖ്യാപിക്കപ്പെട്ടു, 'Infodemiology' എന്ന പേരുമിട്ടു. Information, Epidemiolgy എന്നീ രണ്ട് വാക്കുകളുടെ സങ്കരം. ഇന്ന് പൊതുജനാരോഗ്യരംഗത്തെ പ്രധാന സാമൂഹ്യപാഠങ്ങളാണ് ഈ പുതിയ ശാസ്ത്രശാഖ വിദിതമാക്കുന്നത്. ഗൂഗിൾ ട്രെൻഡ്സ് (Google Trends) ആണ് അതിൽ പ്രധാനി.

photo: pexels

ഗൂഗിളിന്റെ ഒരു വെബ്സൈറ്റ് ആണ് 'ഗൂഗിൾ ട്രെൻഡ്സ്'. ഉപയോഗിക്കാൻ എളുപ്പമായ ഒരു ടൂൾ. ഒരു സെർച്ച് ചോദ്യത്തിന്റെ ജനസമ്മതി അപഗ്രഥിയ്ക്കുന്നത് പലയിടങ്ങളിൽ നിന്നും പല ഭാഷകളിൽനിന്നും കിട്ടിയ വിവരങ്ങൾ ആധാരമാക്കിയാണ്. ആ വിഷയത്തെ സംബന്ധിച്ച എല്ലാ 'ബിഗ് ഡാറ്റ' യും ഒരോ മനുഷ്യന്റേയും പരിഗണനയോ ആഭിമുഖ്യമോ അനുസരിച്ച് തരം തിരിക്കപ്പെടുകയാണ്. പൊതുസമൂഹത്തിന്റെ താൽപര്യങ്ങൾ, ആശങ്കകൾ, ആരോഗ്യപ്രശ്നങ്ങളോടുള്ള സമീപനം ഇവയൊക്കെ ഗവേഷണത്തിന് യുക്തമാകും പടി ലഭ്യമാകുകയാണ്. ഏതു ദേശത്ത്, ഏതു സമയത്ത് എന്ന വിവരങ്ങൾ ഉൾപ്പെടെ. രണ്ടോ അതിലധികമോ സെർച്ച് വാക്കുകൾ കൊടുത്താൽ ആപേക്ഷികമായ വിവരങ്ങൾ കിട്ടുകയാണ്, ഇവയുടെ 'relative search volume' (RSV) താരതമ്യപ്പെടുത്താവുന്നതുമാണ്. ഒരു പ്രത്യേക ഇടത്ത്, ഒരു പ്രത്യേക സമയത്ത് ഏതു ആരോഗ്യപ്രശ്നമാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്ന വിവരം ലഭിയ്ക്കുകയാണ്, ഉദാഹരണമായിപ്പറഞ്ഞാൽ.

ആരോഗ്യപരിപാലനരംഗത്ത് പല പ്രയോഗക്ഷമതയും പ്രാവർത്തികമാക്കുന്നുണ്ട് ഗൂഗിൾ ട്രെൻഡ്സ്. രോഗങ്ങൾ പൊട്ടിപ്പുറപ്പെടൽ, ചില പ്രത്യേക ആരോഗ്യനിലയെക്കുറിച്ചുള്ള പൊതുബോധം (ഉദാ: ഓട്ടിസം), പേശി- അസ്ഥി സംബന്ധമായ പരിക്കുകൾ കൂടുതൽ സംഭവിക്കുന്ന സമയങ്ങൾ തുടങ്ങി ഉദാഹരണങ്ങൾ പലതുണ്ട്.

ഹെൽത്ത് കെയറിൽ സമയബന്ധിതമായോ കാലാവസ്ഥാബന്ധിതമായോ ആയ പ്രവണതകളുടെ വിശകലനം ഉചിതമായ തരത്തിൽ സ്റ്റാഫിനെ നിയോഗിക്കാനോ വിഭവങ്ങൾ നിജപ്പെടുത്താനോ സഹായിക്കും. ഉദാഹരണത്തിന് 'അമിതവണ്ണം' എന്നത് ഗൂഗിൾ ട്രെൻഡ്സ് കഴിഞ്ഞ 20 കൊല്ലത്തിൽ എങ്ങനെ പ്രതിപത്തിയോ വിപ്രപത്തിയോ ഉളവാക്കി, എപ്പൊഴൊക്കെയാണ്, ഏതൊക്കെ രാജ്യങ്ങളിലാണ് എന്നൊക്കെ സൂക്ഷ്മമായി അറിയാൻ കഴിഞ്ഞു. 2017-ൽ ലോകാരോഗ്യസംഘടന അമിതവണ്ണത്തെക്കുറിച്ച് ആഗോള മുന്നറിയിപ്പ് നൽകിയത് ഇതെപ്പറ്റിയുള്ള ഇൻറർനെറ്റ് തേടലിനെ എങ്ങനെ മാറ്റി എന്നത് പ്രധാന അറിവായിരുന്നു. പല രാജ്യങ്ങൾ തമ്മിൽ അമിതവണ്ണത്തെക്കുറിച്ചുള്ള ധാരണകൾ എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്നതും കൃത്യമായി രേഖപ്പെടുത്താൻ സഹായിച്ചു, ഈ ഗൂഗിൾ ട്രെൻഡ്സ് പഠനം.

ഗൂഗിൾ ട്രെൻഡ്സ് തരുന്ന ഡാറ്റ സമീകരിക്കപ്പെട്ടതോ സാർവ്വലൗകികമോ ആകണമെങ്കിൽ സൂക്ഷ്മതയോടെ സേർച്ച് നടത്തണം. Keyword- കളുടെ തെരഞ്ഞെടുപ്പ്, സമയവേള നിശ്ചയിക്കുന്നത്, ഇടങ്ങളുടെയോ രാജ്യങ്ങളുടെയോ നിജപ്പെടുത്തൽ, ചോദ്യങ്ങൾ (queries) ഉചിതമാണെന്ന് ഉറപ്പു വരുത്തൽ, സെർച്ചിന്റെ തരം, ഡാറ്റ വീണ്ടുക്കുന്ന സമയമോ ദിവസമോ മാസമോ ഒക്കെ ട്രെൻഡ്സ് കാഴ്ച വെയ്ക്കുന്ന കണക്കുകളെ ബാധിക്കും. 25 വിഷയങ്ങളാണ് ഇപ്പോൾ 'categories' ചെയ്തിട്ടുള്ളത്. ഇതിൽ ഓരോന്നിനും 300 sub categories വീതം ഉണ്ട്. പലതരം സെർച്ചുകളും സാദ്ധ്യമാണ്. 'Web search', 'image search', 'news search', ഗൂഗിൾ ഷോപ്പിങ്ങ്, യുറ്റ്യൂബ് സെർച്ച് ഇങ്ങനെ വൈവിദ്ധ്യങ്ങൾ നിരത്തുന്നുണ്ട് ഗവേഷകർക്കു മുന്നിൽ. പക്ഷേ പരിമിതികൾ ഇല്ലെന്നില്ല. ഗൂഗിൾ സെർച്ച് ചെയ്യുന്നവരുടെ വിവരങ്ങൾ മാത്രമേ സമാഹരിക്കപ്പെടുന്നുള്ളൂ. ലോകത്ത് ഇന്ന് എത്രപേർക്ക് ഇന്റർനെറ്റ് ഉണ്ട്? ഉണ്ടെങ്കിലും സെർച്ച് ചെയ്യുന്നവർ എത്ര? ഇതൊക്കെ പരിഗണിയ്ക്കേണ്ടതുണ്ട്. ഗവണ്മെന്റ് ഇൻർനെറ്റ് ഉപയോഗത്തെ പരിമിതപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന രാജ്യത്തിലെ കണക്കുകൾ ഇല്ലെന്നുള്ളത് മറ്റൊരു പരിമിതിയാണ്. ആപേക്ഷികമായ മൂല്യങ്ങളാണ് കിട്ടുന്നത്, കേവലവും സമ്പൂർണവും (absolute) ആയിട്ടുള്ളതല്ല.

photo: pexels

ഗൂഗിൾ ഡാറ്റയിൽ നിന്ന് സാമ്പിൾ എടുത്തിട്ടാണ് ഗൂഗിൾ ട്രെൻഡ്സിന് ഡാറ്റാ സെറ്റ് സമർപ്പിക്കുന്നത്. ഇത് എല്ലാ ഗൂഗിൾ സെർച്ചുകളേയും പ്രതിനിധീകരിയ്ക്കുന്നുണ്ട്. പക്ഷേ ഈ സാമ്പിൾ queries എന്താണെന്ന് അറിവ് തരുന്നില്ല. ഗൂഗിൾ നിർമ്മിതബുദ്ധിയെ (AI) വസൂലാക്കിക്കൊണ്ടാണ് സെർച്ച് ചോദ്യങ്ങളെ ഒന്നിച്ചുകൂട്ടുന്നത്. ഇതിലെ key words എന്തു പദങ്ങളോ സംജ്ഞകളോ ശൈലിയോ ഉപയോഗിക്കുന്നു എന്നത് നമുക്കറിയില്ല. ഗൂഗിൾ ട്രെൻഡ്സിന്റെ അൽഗൊരിതം അത്ര സുതാര്യമല്ല എന്നതാണ് കാരണം. സെർച്ച് വ്യവഹാരരീതികളിൽ മാറ്റങ്ങൾ പൊടുന്നനവേ ഉണ്ടായേക്കാം, അത് ബാഹ്യമായ കാരണങ്ങൾ (ഉദാ: മീഡിയ കവറേജ്) കൊണ്ടായിരിക്കാം.

കോവിഡ് മഹാമാരി സമയത്തെ പോണോഗ്രാഫി സൈറ്റ് ഉപയോഗത്തെക്കുറിച്ചുള്ള ഗൂഗിൾ ട്രെൻഡ്സ് വിശകലനം, മനുഷ്യപെരുമാറ്റത്തെക്കുറിച്ചുള്ള വിശദ പഠനമാണ്. ഏറ്റവും ജനസമ്മതി നേടിയ 'പോൺ ഹബ്' -ൽ 2019 -ൽ 39 ബില്ല്യൺ സെർച്ചുകളും 42 ബില്ല്യൺ സന്ദർശനങ്ങളുമാണുണ്ടായത്. എന്നുവെച്ചാൽ 115 മില്ല്യൺ വിസിറ്റുകളും 18,073 ടെറാ ബൈറ്റ്സ് (terabites) ട്രാൻസ്ഫറുകളും ഒരു ദിവസം സംഭവിച്ചിരുന്നു എന്നർത്ഥം. പിന്നീട് കോവിഡ് കാലത്ത് ഒറ്റപ്പെടൽ, ഏകാന്തത, ജോലിയില്ലായ്മ അങ്ങനെ പലകാരണങ്ങളാൽ ഇത് കൂടുതൽ വർദ്ധമാനമാകുകയും ചെയ്തു. പോണോഗ്രാഫി സൈറ്റുകൾ സന്ദർശിക്കുന്നതിന്റെ സാമൂഹ്യവും സാമ്പത്തികവും മാനസികവുമായ പശ്ചാത്തലങ്ങളെക്കുറിച്ചുള്ള വിശദമായ അറിവാണ് ഗൂഗിൾ ട്രെൻഡ്സിന് ഇന്ന് കാഴ്ച്ച വെയ്ക്കാനുള്ളത്. പല രാജ്യങ്ങളിൽ നിന്നുള്ള അറിവ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അധികനിയന്ത്രണങ്ങളില്ലാതിരുന്ന സ്വീഡനും ഏറ്റവും കൂടുതൽ ആൾക്കാർ മരിച്ച അമേരിക്കയും ഉൾപ്പെടെ.

corona virus+porn, covid+porn, covid+sex ഇങ്ങനെ വൈവിദ്ധ്യം കലർന്ന ഡാറ്റാ ഇൻപുട്ട് ഒന്നിച്ച് നൽകിയാണ് ഗൂഗിൾ ട്രെൻഡ്സ് വിശകലനം നടത്തിയത്. 2020 ജനുവരി 9 മുതൽ മേയ് 25 വരെയുള്ള കാലഘട്ടം. അഞ്ച് പോണോഗ്രാഫി സൈറ്റുകൾ ഉൾപ്പെടുത്തിയുള്ള പഠനം. ഗവണ്മെന്റ് നിയമങ്ങൾ കർശനമാക്കുന്നതും വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം വരുന്നതും ഒക്കെ ഇത്തരം സൈറ്റുകളുടെ സന്ദർശനത്തോത് കൂടുതലാക്കിയിട്ടുണ്ട്. നിയമങ്ങൾ കർശനമാക്കിയിട്ടുള്ള രാജ്യങ്ങളിൽ പോൺ സൈറ്റ് സന്ദർശനഗ്രാഫ് കുത്തനെയുരുന്നു. ഓരോ രാജ്യത്തിലേയും നിയമങ്ങളും ആശങ്കകളും മരണത്തോതും ഒക്കെ പോൺസൈറ്റ് സന്ദർശനത്തെ ബാധിയ്ക്കുന്നത് കൃത്യമായ ഗ്രാഫുകൾ കാണിച്ചു തരുന്നുണ്ട്.

representative image

അമിത ലഹരിമരുന്നുപയോഗം, സൈക്യാട്രിക് പ്രശ്നങ്ങൾ, കാൻസറിനെ നേരിടൽ ഒക്കെ ഇന്ന് ഗൂഗിൾ ട്രെൻഡ്സ് വിശകലനത്തിനു വിധേയമാക്കിയിട്ടുണ്ട്. പൊതുബോധത്തിന്റെ പരിണാമങ്ങളും ആശങ്കകളും അഭിലാഷങ്ങളും സമൂഹത്തിന്റെ ദിശാമാറ്റങ്ങളും ഇന്ന് ആഗോളപരമായ കണക്കുകളോടെ ഗൂഗിൾ ട്രെൻഡ്സ് നമുക്ക് ഗ്രാഫുകൾ വരച്ചു കാണിച്ചുതരുന്നു.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments