എം. മുകുന്ദന്റെ നൃത്തം എന്ന നോവൽ വായിക്കുന്ന കാലത്ത് ഞാൻ ഗൂഗിൾ എന്നോ ജി-മെയിൽ എന്നോ കേട്ടിട്ടുണ്ടായിരുന്നില്ല. പോസ്റ്റ് ബോക്സ് നമ്പറില്ലാതെ, വീട്ടഡ്രസ് ഇല്ലാതെ, റോഡ് സൂചിപ്പിക്കാതെ നിങ്ങൾക്ക് കത്തയക്കാം, കത്തു കിട്ടുകയും ചെയ്യാം എന്ന അറിവ് ഉൾക്കൊള്ളാൻ നോവൽ പലയാവർത്തി വായിക്കേണ്ടിവന്നു. സൈബർ എന്ന വാക്കുപോലും പുതിയത്. ആദിത്യനും രാധയിലും ഒക്കെ പറയുന്നതു പോലെ ഇതൊക്കെ മുകുന്ദൻ സങ്കൽപിച്ചെടുക്കുന്ന ഒരു ഭാവിലോകവും ഭാവികാലവുമാണെന്നേ അന്നു കരുതിയുള്ളു.
സൈബർ ലോകത്ത് മായികസഞ്ചാരം നടത്തുന്ന അഗ്നിയും ശ്രീധരനും ഒരു യാഥാർഥ്യമാകുമെന്ന് വിശ്വസിച്ചിരുന്നതുമില്ല. ഇന്റർനെറ്റിന്റെ കേരളത്തിലെ പ്രചാരവും ആദ്യകാല അരിഷ്ടതകളും പൊതുസമൂഹത്തിൽ അതുണ്ടാക്കാൻ പോകുന്ന ദുരുപയോഗങ്ങളും ഒക്കെ നോവൽ പ്രതിപാദിക്കുമ്പോഴും അത്ഭുതം മാറുന്നില്ല. എന്നു മാത്രമല്ല, അങ്ങനെയൊരു കാലം വരാൻ തീരെ സാധ്യതയില്ല എന്നൊരവിശ്വസനീയതയുടെ സൗന്ദര്യത്തിൽ ഞാൻ മുഴുകിയിരുന്നു. നെറ്റ് ലഭ്യമാകാത്ത സന്ദർഭങ്ങളിൽ അഗ്നിയുമായുള്ള സംവേദനം മുറിയുമ്പോൾ ശ്രീധരൻ അനുഭവിക്കുന്ന അസ്വസ്ഥത ഒരു ദിവസം ഞാനും അതേയളവിൽ അനുഭവിക്കുമെന്ന് എനിക്ക് സങ്കൽപിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.
ഇന്ന് ഞാൻ 24 മണിക്കൂറും മുഴുകിയിരിക്കുന്ന ഒരു ലോകത്തെ, അന്തഃസംഘർഷങ്ങളില്ലാതെ എന്നെ ജീവിക്കാൻ പ്രാപ്തയാക്കിയ ഒരു ലോകത്തിന്റെ മൂലരൂപത്തെ എത്ര വിസ്മയകരമായാണ് മുകുന്ദൻ നൃത്തമെന്ന നോവലിൽ ആവിഷ്കരിച്ചത് എന്നോർക്കുന്നു ഞാൻ.
തീർന്നില്ല തമാശകൾ. മകൾ പ്രൈമറി ക്ലാസിൽ പഠിക്കുന്ന കാലം. അവൾക്ക് കമ്പ്യൂട്ടറിന്റെ വിദ്യകൾ, ടെക്സ്റ്റ് നോക്കി പഠിപ്പിച്ചുകൊടുക്കണം. ചില കമ്പ്യൂട്ടർ സെന്ററുകൾ, ടൈപ് റൈറ്റിങ് സെന്ററുകളുടെ സ്ഥാനത്ത് തുടക്കമിട്ടിരുന്നു എന്നതൊഴിച്ചാൽ കേരളത്തിലെ വീടുകളിൽ കമ്പ്യൂട്ടർ വ്യാപകമായിട്ടില്ല അന്ന്. മോൾക്ക് സ്കൂളിൽ കമ്പ്യൂട്ടർ ലാബുണ്ട്. അവൾക്ക് എന്നെക്കാൾ പരിചയമുണ്ട് കമ്പ്യൂട്ടർ. സയൻസും സോഷ്യൽ സ്റ്റഡീസും പഠിപ്പിക്കുന്നത്ര എളുപ്പമാണെന്ന മട്ടിൽ അവളെ കമ്പ്യൂട്ടറിനെ കുറിച്ച് ഒരു ടെക്സ്റ്റ് ബുക്ക് വെച്ച് പഠിപ്പിക്കുവാൻ ഇരുന്നു ഞാൻ. ഇതെന്തു കുന്തമാണ്, എന്നെനിക്കൊരു പിടിയുമില്ല. മൗസ്, ഡബ്ൾ ക്ലിക്ക് , ഹാർഡ് ഡിസ്ക്, ഫ്ലോപ്പി, സി.പി.യു എന്നൊക്കെ ഒരു പൊട്ടിയെ പോലെ ഞാനവൾക്ക് പഠിപ്പിച്ചു കൊടുക്കുകയാണ്.
ഒരു കാലത്ത് ആശയവിനിമയശേഷിയുള്ള പുസ്തകങ്ങൾ കത്തിച്ച് കളഞ്ഞിരുന്ന ഏകാധിപത്യ ഫാഷിസ്റ്റ് ശക്തികൾ ഇന്ന് ആദ്യം ചെയ്യുന്നത് ഇന്റർനെറ്റ് നിരോധനമാണ്. പുസ്തകത്തെ ഭയന്നിരുന്നവർ ഇന്ന് ഇന്റർനെറ്റിനെ ഭയക്കുന്നു.
ഒട്ടും അറിയാൻ വയ്യാത്ത, കണ്ടിട്ടു പോലുമില്ലാത്ത ഒന്നിനെ കുറിച്ച് എത്ര പരിഹാസ്യമായ ഒരു പെർഫോർമെൻസ് ആയിരുന്നു അന്ന് എന്റേത്. 'ഈ ഷൂവിന്റെ ആകൃതിയിലിരിക്കുന്നതാണ് എന്റർ കീ’, ഞാൻ പടത്തിൽ തൊട്ടു കാണിച്ചു പറഞ്ഞു. ഒരു വിഡ്ഢിയെ നോക്കുന്നതുപോലെ എന്നെ നോക്കിയിരിക്കുകയാണ് മകൾ. 'ദേ ഇങ്ങനെ പലക പോലിരിക്കുന്നത് സ്പെയ്സ് ബാർ. കമ്പ്യൂട്ടറിന്റെ അവയവ വർണന കേട്ടുമടുത്ത അവൾ ദേഷ്യത്തിൽ പുസ്തകവും വാങ്ങി വാതിലടച്ചുപോയി. പിന്നീട് ആൾക്കാരുടെ മുന്നിൽ എന്നെ തോൽപിക്കാൻ അവളെടുത്തിരുന്ന ഏറ്റവും വലിയ ആയുധവും 'അമ്മേടെ ഒടുക്കത്തെ കമ്പ്യൂട്ടർ പഠിപ്പിക്കൽ' എന്നായിരുന്നു.
അച്ചുവിന്റെ അമ്മയിലെ ഉർവ്വശി, മീരാ ജാസ്മിന്റെ മുന്നിൽ കടുകു വറ കടുകു വറ പറയുമ്പോഴൊക്കെ ഞങ്ങൾ തമ്മിൽത്തമ്മിൽ നോക്കി ഉറക്കെ ചിരിക്കും. മറ്റാർക്കും അത്രയ്ക്കു മനസ്സിലാകില്ല ആ തമാശ. അന്നവൾക്ക് നാല് വയസ്സ്. അവൾ ഹയർ സെക്കണ്ടറി ആയപ്പോഴേക്കും ഒരു പ്രഭാതത്തിൽ 'എനിക്ക് ആദ്യമായി രണ്ടു പല്ലു മുളച്ചു, അന്നു ഞാനുപയോഗിച്ച ബ്രഷ്' എന്നു പറയാവുന്ന മട്ടിൽ ഞാനും ഒരു ടെക്കിയായി വളർന്നു. വളരെ വേഗം വിവര സാങ്കേതികവിദ്യയുടെ യാഥാർഥ്യത്തിലേക്ക് ഞാൻ മുതിർന്നു. എല്ലാം എനിക്കറിയാമെന്ന ഒരു ഗംഭീരമട്ട് ഞാൻ സ്വീകരിച്ചു.
മോൾടെ ചുണ്ടിൻകോണിൽ പുച്ഛം. ഇന്ന് fb- യിലും insta-യിലും ഗൂഗിളിലും പൂണ്ടുവിളയാടുന്ന എന്നോടവൾ പറയാറുണ്ട്, ഓരോ ഗ്ലാസ് വെള്ളം കുടിക്കുമ്പോഴും അതിന്റെ ആദ്യത്തെ ഉറവയെ മറക്കരുതെന്ന ചൈനീസ് പഴമൊഴി ഓർക്കണമെന്ന്.
ഏതു സിനിമയുടെയും ഒറിജിനൽ കണ്ടെത്താൻ ആർക്കും സാധിക്കുമെന്നു വന്നതോടെ അവലംബിത തിരക്കഥ എന്നൊരു പ്രത്യേക വിഭാഗം കൂടി ആത്മാഭിമാനാർഥം സിനിമാക്കാർ പ്രയോഗത്തിൽ കൊണ്ടുവന്നു.
പിന്നെയെല്ലാം വളരെ വേഗത്തിലായിരുന്നു. അതിനിടെ മറക്കാൻ പാടില്ലാത്ത കുറെ സംഭവങ്ങളുണ്ട്. അപൂർവ്വനിധി പോലെ എന്റെ കമ്പ്യൂട്ടർ റൂം പൊടിയടിച്ചും ചെരുപ്പു പുറത്തിട്ടും വൃത്തിയുള്ള തുണി കൊണ്ട് മൂടിയിട്ടും തുടച്ചും തഴുകിയും കൊണ്ടുനടന്ന കാലം. മലയാളം ആദ്യം ഗൂഗിളിൽ ടൈപ്പ് ചെയ്ത ദിവസം. വേഡിൽ ടൈപ്പ് ചെയ്ത് copy ചെയ്ത് fb യിൽ paste ചെയ്തിരുന്ന കാലം. ആദ്യമായി ISM- ൽ രേവതി ഫോണ്ടിൽ അക്ഷരത്തെറ്റില്ലാതെ Page സെറ്റ് ചെയ്ത് ലേഖനമെഴുതിത്തുടങ്ങിയത്. കമ്പ്യൂട്ടർ ഒരു പുരാവസ്തു ആയത്. പിന്നെ ലാപ്ടോപ് സ്വന്തമായത്. ഏറ്റവുമധികം വിദേശ സിനിമകൾ കണ്ട കാലം. പിന്നീട് എല്ലാ സൗകര്യങ്ങളോടും കൂടിയ മൊബൈൽ ഫോൺ സ്വന്തമാക്കിയത്. രാത്രി ഉറക്കമിളച്ച് Keep notes- ൽ ലേഖനമെഴുതി സൂക്ഷിച്ചത് അയക്കാനെടുത്തപ്പോൾ തിരിച്ചെടുക്കാനാകാതെ delete ആയിപ്പോയത്. എന്നേക്കും Save ചെയ്യാവുന്ന Docs എന്ന സംവിധാനം അറിയാതെ പോയതോർത്ത് സ്വയം പഴിച്ചത്. പേന കൈ കൊണ്ട് തൊട്ടിട്ട് വർഷങ്ങളാകുന്നു എന്നത്.
പിന്നെ പഴയ മെയിൽ തുറന്ന് പണ്ടുകാലത്തെ പോയ പ്രേമസാക്ഷ്യങ്ങൾ അന്നത്തേക്കാൾ കൗതുകത്തിൽ വായിച്ചിരിക്കുന്നത്. തമാശ മൂത്ത് ഒരു കുസൃതിക്കത്ത് മറുപടിയായി അയക്കാൻ കൈ തരിക്കുന്നത്. അതെ, ഇന്ന് ജീവിതം മുഴുവൻ എപ്പോൾ വേണമെങ്കിലും തിരിച്ചുപിടിക്കാൻ പാകത്തിൽ കൈവെള്ളയിൽ. വല്ലാത്ത ലഹരിയാണെല്ലാം.
ഇന്നു രാവിലെ തന്നെ നോക്കൂ. ഇഡലി ഉണ്ടാക്കി. ചമ്മന്തിയരക്കാൻ തേങ്ങ എടുത്തപ്പോൾ കറന്റില്ല എന്നറിഞ്ഞു. എന്തു ചെയ്യും? സാമ്പാറിനൊന്നും സമയമില്ല. വേഗം ഗൂഗിളിൽ കയറി. easy chutney for idly എന്നടിച്ചുകൊടുത്തു. ദാ വരുന്നു, ഇഷ്ടം പോലെ റെസിപികൾ.
ഗൂഗിൾ നിർദ്ദേശിച്ച പ്രകാരം 4 ചെറിയ ഉള്ളി നുറുക്കി സ്പൂണിന്റെ തലപ്പുകൊണ്ട് ഞെക്കിയുടച്ചെടുത്തു. അതിലേക്ക് രണ്ടു നുള്ളുപ്പും രണ്ടു സ്പൂൺ മുളകുപൊടിയും ചേർത്തു. ഒരു സ്പൂൺ വിനാഗിരി ചേർത്ത് വീണ്ടും സ്പൂൺ കൊണ്ട് കുത്തിയിളക്കി. ഒരു പാനിൽ 2-3 സ്പൂൺ വെളിച്ചെണ്ണ, കടുകും കറിവേപ്പിലയുമിട്ട് തിളപ്പിച്ച് മുളകുടച്ചതിലേക്ക് ഒഴിച്ചിളക്കി. പടമെടുത്ത് റെസിപി സഹിതം fb യിൽ Post ചെയ്തു. കമന്റോട് കമന്റ്. സ്പെഷൽ ഗോതമ്പു ദോശ റെസിപി ഇതു പോലെ Post ചെയ്തപ്പോൾ അശോകൻ ചരുവിൽ പറഞ്ഞു, ഏകാന്തജീവിതം ജീവിക്കുന്നവർക്കു വേണ്ടിയുള്ള ലളിതപാചകം എന്ന്. ധാരാളം പേർ എന്റെ മോഡിഫൈഡ് ഗൂഗിൾ റെസിപികൾ പരീക്ഷിക്കുകയും ഞാൻ നല്ല പാചകക്കാരിയാണെന്ന് തല കുലുക്കി കമന്റിടുകയും ചെയ്തു.
ഒരൊറ്റ സ്പർശത്തിൽ ചിറകുനീർത്തി കണ്ണു തുറക്കുന്ന ചിത്രശലഭങ്ങളെയാണ് ഗൂഗിൾ ഓർമ്മിപ്പിക്കുന്നത്. ഏതു പുസ്തകവും അതിന്റെ ചരിത്രവും നിരീക്ഷണങ്ങളും സഹിതം താളുകൾ നിവർത്തുന്നു. മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ലോകപ്രശസ്ത എഴുത്തുകാരുമായുള്ള അഭിമുഖങ്ങളുമായി പാരീസ് റിവ്യൂ വിരൽത്തുമ്പത്ത്. എല്ലാവർക്കും എത്താൻ കഴിയുന്ന ഒരിടം എന്ന നിലയിൽ ഇതിന് തീർച്ചയായും ഒരു വിപ്ലവസ്വഭാവവും ജനാധിപത്യ സ്വഭാവവുമുണ്ട്. ഒരേ പോലെ കുഴപ്പങ്ങളിലൂടെയും സ്വാതന്ത്ര്യങ്ങളിലൂടെയും ഒഴുകാനുള്ളതും, ചെറുപ്പത്തിന് മാത്രം അവകാശപ്പെടാനാകുമായിരുന്നതുമായ ഒരു space എനിക്ക് Google നൽകുന്നുണ്ട്. പത്രവും ടെലിവിഷനും റേഡിയോയും ബ്രിട്ടാനിക്ക ഉൾപ്പെടെയുള്ള നിഘണ്ടുക്കളും പുസ്തകങ്ങളും വെവ്വേറെ നിർവ്വഹിച്ചിരുന്ന ദൗത്യങ്ങൾ ഒന്നിച്ചു നിർവ്വഹിക്കുകയാണ് ഇന്റർനെറ്റ്. ഒരു കാലത്ത് ആശയവിനിമയശേഷിയുള്ള പുസ്തകങ്ങൾ കത്തിച്ച് കളഞ്ഞിരുന്ന ഏകാധിപത്യ ഫാഷിസ്റ്റ് ശക്തികൾ ഇന്ന് ആദ്യം ചെയ്യുന്നത് ഇന്റർനെറ്റ് നിരോധനമാണ്. പുസ്തകത്തെ ഭയന്നിരുന്നവർ ഇന്ന് ഇന്റർനെറ്റിനെ ഭയക്കുന്നു. ഭരണാധികാരികളുടെ അഴിമതികളും അഴിഞ്ഞാട്ടങ്ങളും വർഗ്ഗീയ വംശീയ കൂട്ടക്കുരുതികളും ഒക്കെ, അതിന്റെ ആധികാരികതയെ കുറിച്ച് അറിയാൻ കാത്തിരിക്കാതെ തന്നെ വലിയ രീതിയിൽ പ്രചരിപ്പിക്കാൻ ഈ ശൃംഖലക്ക് കഴിയുന്നു.
പണ്ട് നാനയും വെള്ളിനക്ഷത്രവും ചിത്രഭൂമിയും സിനിമാ മാസികകളും തന്നതിനേക്കാൾ കൂടുതൽ അരമന രഹസ്യങ്ങൾ ഗൂഗിൾ തരും.
ഗൂഗിൾ നോക്കി എല്ലാ രോഗവിവരങ്ങളും ഹൃദിസ്ഥമാക്കി വരുന്ന രോഗികളെ ചികിത്സിക്കാൻ പഴയ കാലത്തേതു പോലെ എളുപ്പമല്ലെന്ന് ഡോക്ടർമാർ പരാതിപ്പെട്ടു കേൾക്കാറുണ്ട്. തന്നേക്കാൾ വളരെ മുൻപേ പാഠഭാഗങ്ങളും അതിനപ്പുറവും ഹൃദിസ്ഥമാക്കിയവരാണ് വിദ്യാർഥികൾ എന്നതിനാൽ സമാധാനത്തോടെ, പഴയ ആത്മവിശ്വാസത്തോടെ ക്ലാസിലേക്ക് കയറാൻ കഴിയുന്നില്ലെന്ന് അധ്യാപകർ ഉത്കണ്ഠപ്പെടുന്നു. ലോകത്ത് ഇന്നേവരെ എഴുതപ്പെട്ടതെല്ലാം വായിക്കാനുള്ള സൗകര്യം പൊതുസമൂഹത്തിനുള്ളതിനാൽ മൗലികതയുള്ള എഴുത്തുണ്ടാക്കാൻ എഴുത്തുകാർ കൂടുതൽ ആയാസപ്പെടുന്നു. ഏതു സിനിമയുടെയും ഒറിജിനൽ കണ്ടെത്താൻ ആർക്കും സാധിക്കുമെന്നു വന്നതോടെ അവലംബിത തിരക്കഥ എന്നൊരു പ്രത്യേകവിഭാഗം കൂടി ആത്മാഭിമാനാർഥം സിനിമാക്കാർ പ്രയോഗത്തിൽ കൊണ്ടുവന്നു. അറിവിന്റെ ലോകം അധികാരികളിൽ നിന്ന് സാമാന്യ ജനതയിലേക്ക് വളരെ വേഗം കൈമാറ്റം ചെയ്യപ്പെട്ടു കഴിഞ്ഞു.
മണിക്കൂറുകളോളം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്ന കാലം ഇന്ന് ഓർമയിൽ മാത്രം. ടിക്കറ്റ് ബുക്ക് ചെയ്യുന്നതു മുതൽ യാത്ര അവസാനിപ്പിക്കുന്നതു വരെ ഗൂഗിൾ നമുക്കൊപ്പം ഉണ്ടാകും. നമ്മുടെ ട്രെയിൻ എവിടെ എത്തി എന്ന് അത് പറഞ്ഞു തരും. കോച്ച് പൊസിഷനും പ്ലാറ്റ്ഫോമും വരെ കൃത്യമായി അറിയിക്കും. പ്ലാറ്റ്ഫോം സൂചിപ്പിച്ചത് ശരിയല്ലേ എന്ന് ആപ് ഉപയോഗിക്കുന്ന യാത്രക്കാരോട് തന്നെ ചോദിച്ച് അത് ഉറപ്പാക്കുകയും തിരികെ നന്ദി പറയുകയും ചെയ്യും. TTER- നേക്കാൾ, സഹയാത്രികരേക്കാൾ വളരെ നന്നായി ആശയവിനിമയം നടത്തും. രാത്രിയിലിറങ്ങേണ്ട സ്റ്റേഷനാകുമ്പോൾ അലാം വെച്ച് ഉണർത്തി എഴുന്നേൽപിച്ച് ഇറക്കിവിടും. രാത്രിയാത്രയിൽ ഞാനിത്ര വിശ്വസിച്ചിട്ടില്ല മറ്റാരേയും.
സാരി വൃത്തിയായി പിൻ ചെയ്യാൻ മുതൽ ഫോട്ടോക്ക് പോസ് ചെയ്യുന്നതു വരെ പഠിപ്പിച്ചു തന്നത് ഗൂഗിൾ ആണ്. കൃത്രിമമായ പുരികം, നഖം, കൺപീലി, തലമുടി തുടങ്ങി ശുഷ്കമായ ഏതവയവങ്ങൾക്കും വേണ്ട സമൃദ്ധമായ ബദൽ സംവിധാനങ്ങൾ പറഞ്ഞു തരും.
കയ്യിൽ ചെറിയ തുക എങ്കിലും നോട്ടായി സൂക്ഷിക്കാത്ത കാലം സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല. ഇന്ന് ഗൂഗിൾ ആണ് ദൈനന്ദിന ജീവിതത്തിലേക്കുള്ള എല്ലാ ക്രയവിക്രയങ്ങളും നടത്തുന്നത്. ബാങ്കിലോ മറ്റു ധനകാര്യ സ്ഥാപനങ്ങളിലോ പോകണ്ട, ചെക്ക് എഴുതണ്ട, ക്യൂ നിൽക്കണ്ട. പലചരക്കും പച്ചക്കറിയും ഉടുതുണിയും വരെ വീട്ടിലെത്തുവാൻ സംവിധാനങ്ങൾ. അമ്പലത്തിലെ കാണിക്കപ്പെട്ടിയിലൊഴികെ മറ്റെല്ലായിടത്തും ഗൂഗിൾ പേ ചെയ്യാനുള്ള QR കോഡ് പതിച്ചിട്ടുണ്ട്.
ഞാൻ ഗൂഗിളിൽ സിനിമാവാർത്തകൾ ആവശ്യത്തിലധികം തിരയാറുണ്ട്. പണ്ട് നാനയും വെള്ളിനക്ഷത്രവും ചിത്രഭൂമിയും സിനിമാ മാസികകളും തന്നതിനേക്കാൾ കൂടുതൽ അരമന രഹസ്യങ്ങൾ ഗൂഗിൾ തരും. ഗൂഗിളിൽ നോക്കി ഹിന്ദിതാരം രേഖയുടെ മുതൽ പുതിയകാല നടി കീർത്തി സുരേഷിന്റെ വരെ ബ്ലൗസിന്റെ പാറ്റേൺ മനസ്സിലാക്കി വെക്കും. പഠിക്കുന്ന കാലത്ത് സ്റ്റാർ ആൻഡ് സ്റ്റൈൽ, ഫെമിന തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ പണം മുടക്കി വാങ്ങിയിരുന്നത് താരങ്ങളുടെ ഫാഷൻ രഹസ്യങ്ങൾ അറിയാനായിരുന്നു. സാരി വൃത്തിയായി പിൻ ചെയ്യാൻ മുതൽ ഫോട്ടോക്ക് പോസ് ചെയ്യുന്നതു വരെ പഠിപ്പിച്ചു തന്നത് ഗൂഗിൾ ആണ്. കൃത്രിമമായ പുരികം, നഖം, കൺപീലി, തലമുടി തുടങ്ങി ശുഷ്കമായ ഏതവയവങ്ങൾക്കും വേണ്ട സമൃദ്ധമായ ബദൽ സംവിധാനങ്ങൾ പറഞ്ഞു തരും .
എന്നെ കുറിച്ചറിയാൻ വരെ ഗൂഗിൾ ഇന്ന് എന്നെ സഹായിക്കുന്നുണ്ട്. ഞാനാരാണെന്നെനിക്കറിയില്ലെങ്കിൽ ഞാൻ ഗൂഗിളിനോട് ചോദിക്കും, ഞാനാരാണെന്ന്. അപ്പോൾ ഗൂഗിൾ പറഞ്ഞു തരും, ഞാനാരാണെന്ന്. എനിക്കെത്ര വയസ്സായെന്ന്. എന്റെ കാമുകനാര്, ഭർത്താവാര് എന്നൊക്കെ. ഇനി ഇവരാരും കൂട്ടില്ലെങ്കിലും ഗൂഗിൾ മാപ്പ് നോക്കി നമുക്ക് ലോകം മുഴുവൻ സഞ്ചരിക്കാം.
തടവിലാക്കപ്പെട്ട ഒരു ചിത്രകാരൻ തടവറയുടെ ചുവരിൽ ഒരു ജനാലയുടെ ചിത്രം വരച്ചിട്ടു. തെളിഞ്ഞ നീലാകാശം വരെ വ്യക്തമായി കാണാവുന്ന ഒരു ജനാല. ഭക്ഷണവുമായി തടവുമുറിയിലേക്ക് കയറി വന്ന ജയിലർക്ക് ജനാലയിൽ നിന്നു വന്ന വെളിച്ചത്തിൽ കണ്ണു മഞ്ഞളിച്ചു പോയി.
ചിത്രകാരൻ പറഞ്ഞു, 'ഇവിടെ വലിയ ഇരുട്ടായിരുന്നു. എനിക്ക് പ്രകാശം വേണമെന്നു തോന്നി. ഞാനൊരു ജാലകം തുറന്നിട്ടു '.
ജയിലർ പരിഹസിച്ചു, 'ഇതൊരു ജനാലയുടെ ചിത്രം മാത്രമല്ലേ?'.
ചിത്രകാരൻ പറഞ്ഞു. 'എനിക്ക് വെളിച്ചം വേണമായിരുന്നു. ഞാനത് സാധിച്ചെടുത്തു'. ജയിലർ വീണ്ടും പരിഹസിച്ചു, 'എന്നാൽ പിന്നെ നിനക്കീ ജനാല വഴി രക്ഷപ്പെട്ടു കൂടേ?'.
ചിത്രകാരൻ ചുമരിന്റെ നേർക്ക് നാലഞ്ചു ചുവടുകൾ വെച്ച് ജാലകത്തിലൂടെ പുറത്തുചാടി. അന്തരീക്ഷത്തിലൂടെ അയാൾ കടന്നുപോയി. ജയിലർ അമ്പരന്നു നിന്നു, പുറത്തെ പരുക്കൻ പ്രതലത്തിൽ അയാൾ തലയടിച്ചു വീഴുന്നിടം വരെ.