അന്നേ ദിവസം,
ഞാനെന്നെ ഗൂഗിളിനിരുത്തി

‘‘ഗൂഗിൾ നിരന്തരം നമ്മെ ഒറ്റുന്ന ചങ്ങാതിയാണ്. നമ്മുടെ സ്വകാര്യാഭിലാഷങ്ങളും അഭിരുചികളും രഹസ്യങ്ങളും ഗൂഗിൾ മണത്തറിഞ്ഞു. വിപണിക്കു നമ്മുടെ ആസക്തികൾ പറഞ്ഞു കൊടുത്തു. ഗൂഗിളിന്റെ കളികൾ നമുക്കുമറിയാം. രഹസ്യമെന്നത് പരസ്യത്തിന്റെ പര്യായപദമാണെന്നറിഞ്ഞു കൊണ്ടു തന്നെ രഹസ്യമായി ഗൂഗിളിൽ നമ്മൾ പരതി.’’- ഗൂഗിളിന് കാൽനൂറ്റാണ്ട് തികയുന്ന സന്ദർഭത്തിൽ ഷാജു വി.വി. തന്റെ ഗൂഗിൾ അനുഭവം എഴുതുന്നു.

നേകവർഷം മുൻപാണ്.
ചാവേർ രാഷ്ട്രീയം പകർച്ചവ്യാധി പോലെ പടരുന്ന കാലം. സൈനിക ക്യാമ്പുകളിൽ, മാർക്കറ്റുകളിൽ, ഗ്യാലറികളിൽ, വിമാനങ്ങളിൽ - ശരീരമെൻ സമരായുധം എന്ന തത്വചിന്തയോടെ സ്ഫോടക വസ്തുക്കൾ ഉടലിലണിഞ്ഞ് കൗമാരക്കാരും യൗവനയുക്തരുമെല്ലാം പൊട്ടിത്തെറിക്കുന്നത് നിത്യസംഭവമായ കാലം. ഒരേസമയം കൊല്ലുകയും മരിക്കുകയും ചെയ്യുന്ന, അപരരെ ബലാൽ പങ്കെടുപ്പിക്കുന്ന മരണക്കളി. കൊല്ലുന്ന പാപം ചാവുന്നതോടെ തീരുമെന്ന പ്രസ്താവനപോലെ, അന്തിമസമരം ആദ്യമേ സമാഗതമായതുപോലെ, നന്നേ പ്രായം കുറഞ്ഞ മനുഷ്യർ പല കഷണങ്ങളായി ചിതറുന്നു.

സൂയിസൈഡ് ബോംബർമാർ എന്നെ ആഴത്തിൽ പിടികൂടി. അവരെക്കുറിച്ച്, അവരുടെ ആന്തരിക ലോകത്തെക്കുറിച്ച് കൂടുതലറിയാൻ താൽപ്പര്യമുണർന്നു. പുസ്തങ്ങൾ അന്വേഷിച്ചു. കിട്ടിയില്ല.

വളരെ അടുത്ത കൂട്ടുകാരൻ ഉപദേശിച്ചു: ഗൂഗിൾ ചെയ്യൂ. ഭാഷാകുതുകിയായ എന്നെ ആ വാക്യമാണാദ്യം പിടികൂടിയത്.

ഗൂഗിൾ ചെയ്യുക.
ഗൂഗിൾ ചെയ്യുക.
ഗൂഗിൾ ഒരു പ്രവൃത്തിമാർഗമാണ്.
ഗൂഗിൾ ചെയ്താൽ എന്റെ സമസ്യക്ക് നിവൃത്തി ഉണ്ടാകുമോ?
എനിക്ക് സൈബർ സാക്ഷരത ഇല്ല.
ഇ- ലോകം എന്റേതല്ല എന്ന യാഥാസ്ഥിതികമായ മനോനിലയായിരുന്നു.
കമ്പ്യൂട്ടറിനെ ചെകുത്താൻകുഞ്ഞിനെപ്പോലെ കണ്ട കാലമായിരുന്നു. അഥവാ കാണേണ്ട പോലെ കാണാൻ കഴിയാത്ത കാലമായിരുന്നു.

ഭൂഗുരുത്വാകർഷണപരിധി വിട്ടാൽ ഉടലുമായി മണ്ണിലേക്ക് മടങ്ങിവരാൻ കഴിയില്ല എന്നതുപോലെ സൈബർ ലോകത്തിന്റെ വശീകരണശ്രമങ്ങളെ ചെറുത്തു നിൽക്കുന്ന കാലമായിരുന്നു. ഇഹലോകത്തിന്റെ ബൈനറിയായി ഇ- ലോകത്തെ കാണുന്ന പരമദയനിയചിന്താ ദാരിദ്ര്യത്തിന്റെ കാലമായിരുന്നു.

സൂയിസൈഡ് ബോംബർമാരെക്കുറിച്ചറിയാനായി ഞാൻ കളങ്കിതനാകാൻ തയ്യാറായി.
ഒരു കമ്പ്യൂട്ടർ സേവന കേന്ദ്രത്തിൽ ചെന്നു.
ഗൂഗിൾ ചെയ്യാനാണ് എന്നു നാണത്തോടെ പറഞ്ഞു.
കഴുത്തു പൊക്കത്തിൽ പ്ലൈവുഡ് ചുവരുകളുള്ള ഒരു കൂട്ടിൽ അവിടത്തെ യുവാവ് എന്നെ ഇരുത്തി.
അജ്ഞതയുടെ ലാളിത്യത്തോടെ ഞാൻ ഇരുന്നു.
ജീവിതത്തിലെ രണ്ടാമത് എഴുത്തിനിരുത്ത്.

ഗുരു ചോദിച്ചു: എന്താ നോക്കേണ്ടത്?
സൂയിസൈഡ് ബോംബർ, ഞാൻ പകപ്പോടെ പ്രതിവചിച്ചു.
സൂയിസൈഡ് ബോംബർ?, ഗുരുവിന്റെ മുഖത്ത് സംശയത്തിന്റെ അടയാളങ്ങൾ പ്രത്യക്ഷമായി.
ആ വാക്ക് ടൈപ്പു ചെയ്തുതന്ന് യുവാവ് അന്തർധാനം ചെയ്തു.

എന്നെ ഗൂഗിളിനിരുത്തി.
വ്യക്തിപരമായി അതൊരു ചരിത്രദിനമാണെന്നറിയാൻ മാത്രം ഭവിഷ്യൽബോധം എനിക്കുണ്ടായിരുന്നില്ല. നിലവാരമുള്ളതും ട്രാഷായതുമായ ഒട്ടേറെ വിവരങ്ങൾ ചാവേറുകളെ സംബന്ധിച്ച് എനിക്കു ലഭിച്ചു. അന്നേ ദിവസം ഗൂഗിൾ രണ്ടു ചിറക്കുകളുള്ള, ഈ പ്രപഞ്ചത്തിൽ സമാന്തര പ്രപഞ്ചമുണ്ടാക്കി ഭ്രമണം ചെയ്യുന്ന കൂറ്റൻ ഗോളമാണ് എന്ന തോന്നൽ എനിക്കുണ്ടായി.
ഞാൻ ഗൂഗിളിലായി!
അതെന്റെ രണ്ടാം പിറവി ദിനമായിരുന്നു.

സിറ്റിസൺഷിപ്പിനോട് മമതയില്ലാത്ത ഞാൻ നെറ്റിസണായി ജനിച്ചു. ഞാൻ ജിറ്റിസണായി.

ഗൂഗിളിനു പിന്നാലെ ഞാൻ എഫ്ബിയിൽ പ്രവേശിച്ചു. സുക്കൻ ബർഗ് ചോദിച്ചു: വാട്ട് ഈസ് ഓൺ യുവർ മൈന്റ് ?

എന്റെ മനസ്സിലുള്ളത് അച്ചടി മാധ്യമങ്ങൾക്കയക്കുകയും അവരത് ചുരുട്ടിക്കൂട്ടി എന്റെ മുഖത്തേക്കു വലിച്ചെറിയുകയും ചെയ്യുന്ന അത്ര സുഖകരമല്ലാത്ത കളി നിർത്തി എഴുത്തിൽനിന്നു വിരമിച്ച എന്നെ സുക്കൻ ബർഗിന്റെ വശീകരണ വാക്യം പെടുത്തിക്കളഞ്ഞു.

ഞാൻ എഫ് ബിയിലുമായി!
ഇടയ്ക്കെല്ലാം സാധാരണ ലോകത്തിലേക്ക് എത്തി നോക്കുന്ന സൈബർ മനുഷ്യനായി ഞാൻ മാറി.

2

ഗീതയിൽ എല്ലാമില്ല.
ഗൂഗിളിൽ ഏറെക്കുറെയുണ്ട്!

കൂടെക്കൂടെ മുളപൊട്ടുന്ന വിചിത്രമായ ജിജ്ഞാസകളും സ്വയം മലർത്തിയടിക്കുന്ന സന്ദേഹങ്ങളുമുള്ള എന്നെ സംബന്ധിച്ച് ഗൂഗിൾ അനുദിന തീർത്ഥാടന കേന്ദ്രമാണ്. ഒരു വർഷം ഗൂഗിളിൽ ഒരാൾ നടത്തിയ സേർച്ചിനെ ശിൽപ്പഭദ്രമായി ആഖ്യാനം ചെയ്താൽ അയാളുടെ ആഭ്യന്തര ലോകത്തിന്റെ ഭൂപടം തെളിഞ്ഞു കിട്ടും. ഗൂഗിൾ ചുമ്മാ സൗജന്യമായി പാൽ തരുന്ന വിശുദ്ധ പശുവല്ല. അതിന് നിക്ഷിപ്ത രാഷ്ട്രീയ മുൻഗണനകളുണ്ട്. ഗൂഗിൾ ജ്ഞാനത്തെ വിമർശനബുദ്ധിയോടെ എടുക്കേണ്ടതുണ്ട്. അജണ്ടയില്ലാത്ത സേവനങ്ങളില്ല. നൂറുകണക്കിനു രാജ്യങ്ങളിലേക്ക് അനായാസം സഞ്ചരിക്കാൻ കരുത്തുള്ള ചില പാസ്പോർട്ടുകളുണ്ട്, ജപ്പാന്റെതു പോലെ. ഗൂഗിൾ അക്കൗണ്ട് ബലവത്തായ പാസ്പോർട്ടാണ്. ഇത്രയും വേഗതയുള്ള മറ്റൊരു സ്പേസ് ഷട്ടിലില്ല.

തൽക്കാലമാണ് ഗൂഗിളിന്റെ കാലം. ആകാംക്ഷകളും സംശയങ്ങളും ആവശ്യങ്ങളും വിനിമയാഭിലാഷങ്ങളും നീട്ടിവെക്കേണ്ടതില്ല. തപാൽക്കാരനെ കാത്തിരിക്കുന്ന ആകാംക്ഷകളും ഏകാന്തതയും അവസാനിച്ചു. വാക്കുകളും പണവും തൽക്ഷണം ലക്ഷ്യസ്ഥാനങ്ങളിലെത്തി. നിർമിത ബുദ്ധിയുടെ സേവനം മസ്തിഷ്കങ്ങൾക്ക് വിശ്രമം സമ്മാനിച്ചു. ഗൂഗിളിന്റെ വിമർശകരും ഗൂഗിളിന്റെ ഉപഭോക്താക്കളായി. കാമുകർ കൈവെടിഞ്ഞാലും ജീവിക്കാം, ഗൂഗിളില്ലാതെ ദുഷ്കരമാണ്.

മാർകേസിന്റെ പ്രകാശം ജലം പോലെയാണ് എന്ന കഥ ക്ലാസിൽ ചർച്ച ചെയ്യവേ അപ്രതീക്ഷിതവും സൂക്ഷ്മവുമായ തലങ്ങളിലേക്ക് ഒരു വിദ്യാർത്ഥിനി ചർച്ചകളെ കൊണ്ടുപോയി. ഞാനമ്പരന്നു.
അധ്യാപകൻ അക്ഷരാർത്ഥത്തിൽ വിദ്യാർത്ഥിയായി .അവളുടെ നിരീക്ഷണങ്ങൾ ഞാൻ കുറിച്ചു വെച്ചു. ക്ലാസ്സു കഴിഞ്ഞ് ഞാനവളോട് ചോദിച്ചു, കഥയെ സംബന്ധിക്കുന്ന ഏതെങ്കിലും പഠനം വായിച്ചിരുന്നോ?
അവൾ ചിരിച്ചു.
ഗൂഗിളിൽ ധാരാളം പഠനങ്ങളുണ്ട്. ഞാൻ ഓരോ ദിവസത്തെയും പാഠംഭാഗങ്ങൾ തലേന്ന് ഗൂഗിൾ ചെയ്ത് നോക്കും.
ഗൂഗിൾ ജ്ഞാനാധികാരങ്ങളെ ഇളക്കിത്തുടങ്ങിയിട്ടുണ്ട്. ഗൂഗിളിൽ നോക്കി രോഗനിർണയം ചെയ്ത് ചികിൽസിക്കുന്നത് ഒരു രോഗമാണ്. പക്ഷേ രോഗികളോട് രോഗത്തെക്കുറിച്ചോ അയാൾക്കു നൽകുന്ന മരുന്നുകളെക്കുറിച്ചോ ഒരക്ഷരം സംസാരിക്കാത്ത ഭിഷഗ്വര ഗർവ്വ് ഇനി ചെലവാകില്ല. സർവ്വ വിഷയങ്ങളിലും മനുഷ്യരാശിയെ പ്രാഥമിക സാക്ഷരരാക്കാൻ ഗൂഗിളിനു കഴിഞ്ഞു.

ഉപ്പു കൂടിയ കറിയെ ശരിപ്പെടുത്താനും എലി ശല്യത്തിനുള്ള പരിഹാരത്തിനും പ്രേമം തോന്നിയവളെ വശീകരിക്കാനുള്ള മാന്ത്രിക പദ്ധതികൾക്കുമെല്ലാം ആളുകൾ ഗൂഗിൾ ഭഗവതിയോട് പരിഹാരം ആരാഞ്ഞു. വളരെ സാധാരണവും നിസ്സാരവും ലൗകികവുമായ സമസ്യകളെയും ഗഹനമായ തത്വചിന്താ പ്രശ്നങ്ങളെയും ഗൂഗിൾ ഒരേ പോലെഗൗരവത്തിലെടുത്തു.

എന്തും ചോദിക്കാവുന്ന ഒരാൾ എന്ന സാധ്യത നിസ്സാരമല്ല. പോൺ വേണമെങ്കിൽ പോൺ. ബുദ്ധതത്വങ്ങൾ വേണമെങ്കിലത്.

സ്വകാര്യതയെക്കുറിച്ചുള്ള ബേജാറിന്റെ കാലം അവസാനിച്ചു. സ്വകാര്യത എന്നൊന്നില്ല. ഗൂഗിൾ എല്ലാം കാണുന്നുണ്ട്. ദൈവത്തെപ്പോലെ ഗൂഗിൾ വിശ്രമിക്കാറില്ല. എന്റെ വീട്ടിലേക്കുള്ള ഇടവഴി കയറി കിടപ്പുമുറിയിൽ കസേരയിട്ടിരിക്കുന്ന അദൃശ്യ നിരീക്ഷകനാണ് ഗൂഗിൾ.
ഗൂഗിൾ എല്ലാം ചലച്ചിത്രമാക്കി.
സർവ്വതും ചരിത്രമാക്കി. ഗൂഗിൾ നിരന്തരം നമ്മെ ഒറ്റുന്ന ചങ്ങാതിയാണ്.
നമ്മുടെ സ്വകാര്യാഭിലാഷങ്ങളും അഭിരുചികളും രഹസ്യങ്ങളും ഗൂഗിൾ മണത്തറിഞ്ഞു. വിപണിക്കു നമ്മുടെ ആസക്തികൾ പറഞ്ഞു കൊടുത്തു. ഗൂഗിളിന്റെ കളികൾ നമുക്കുമറിയാം. രഹസ്യമെന്നത് പരസ്യത്തിന്റെ പര്യായപദമാണെന്നറിഞ്ഞു കൊണ്ടു തന്നെ രഹസ്യമായി ഗൂഗിളിൽ നമ്മൾ പരതി.

കോവിഡു കാലത്ത് സമയവുമായുള്ള മൽപിടുത്തത്തിൽ ഗൂഗിൾ നമ്മുടെ കൂടെ നിന്നു. കണ്ടെയിൻമെന്റ് സോണിലെ തടവിലിരുന്ന് നമ്മൾ ഗ്രീൻലാന്റിലെ തടാകങ്ങളിൽ നീന്തിക്കുളിച്ചു. ഏകാന്തതയുടെ താരതമ്യേനയുള്ള അന്ത്യം ഗൂഗിളിന്റെ സംഭവനയാണ്. അത് നല്ലതോ ചീത്തയോ എന്നത് മറ്റൊരു കാര്യം. ഗൂഗിൾ മീറ്റിലൂടെ പരസ്പരം കണ്ട് ക്ലാസുകളും സെമിനാറുകളും നടത്താൻ ആരംഭിച്ചതോടെ ഒരു സാംസ്കാരിക വിനിമയ മുറി എന്ന നിലയിൽ ഗൂഗിൾ അതിന്റെ സ്ഥിതി ശക്തമാക്കി. ഇഹലോകത്തിന്റെ വിപരീതമല്ല ഇ- ലോകം എന്നു നാം മനസ്സിലാക്കിത്തുടങ്ങി. കോവിഡിലായിരിക്കുമ്പോഴും വിലക്കുകളില്ലാതെ നമ്മൾ ചേർന്നിരുന്നു മിണ്ടി.

ഗൂഗിൾ മാപ്പു പറഞ്ഞ വഴിയേ പോയി കുഴിയിൽ ചാടിയ സോദ്ദേശ്യസാരോപദേശ കഥ അൽപം ഗൗരവമുള്ളതാണ്. പക്ഷേ അക്കഥയിൽ സിനിക്കലായ ഒരംശവുമുണ്ട്.

ഈയിടെ ഒരു വിദ്യാർത്ഥി പറഞ്ഞു, മാഷുടെ കുഞ്ചിയമ്മയുടെ മക്കളെക്കുറിച്ചുള്ള എഴുത്ത് സൂപ്പറാണ്.
എവിടന്ന് വായിച്ചു?
മാഷുടെ പേര് ഗൂഗിൾ ചെയ്തപ്പോൾ മാഷെഴുതിയ കുറേയെണ്ണം കണ്ടു.
ഞാൻ ഗൂഗിളിലായി എന്നു മാത്രമല്ല, ഗൂഗിളിലുണ്ട് എന്നതു കൂടിയുണ്ട്. ഗൂഗിളിലുണ്ട്, അതുകൊണ്ട് ഞാനുണ്ട്.

ട്രൂകോപ്പി ഗൂഗിളിനെക്കുറിച്ചെഴുതാമോ എന്നു വിളിച്ചു ചോദിച്ചു. ഞാൻ ഗൂഗിളിന്റെ ചരിത്രം ഗൂഗിൾ ചെയ്തു നോക്കി; മസ്തിഷ്കത്തെ കുറിച്ചു പഠിക്കാൻ മസ്തിഷ്കത്തെ ആശ്രയിക്കുന്നതു പോലെ.


ഷാജു വി.വി.

കവി, അധ്യാപകൻ. രണ്ടടി പിന്നോട്ട്, ഒരു അധോലോക റെസിപ്പി എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments