അഭൂതപൂർവ്വമായൊരു തിരഞ്ഞെടുപ്പ് കഴിഞ്ഞുപോയതിന്റെ ചരിത്രപരമായ ആലസ്യവും കൊറോണ എന്ന ദുർഭൂതം ഒഴിഞ്ഞുപോവാത്തതിന്റെ
സർവ്വതലസ്പർശിയായ മടുപ്പും മലയാളി നെറ്റിസൺസിനെ വല്ലാത്തൊരു വൈബ്സിലേക്ക് നയിച്ച് കൊണ്ടിരിക്കെയാണ് സോഷ്യൽ മീഡിയ ക്ലബ് ഹൗസിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ ക്ലബ് ഹൗസാണ് സ്ഥലത്തെ പ്രധാന ദിവ്യൻ.
2020ൽ തുടക്കമിട്ട ഈ സോഷ്യൽമീഡിയ ആപ്പിനെ പറ്റി ഏതാനും മാസങ്ങൾ മുന്നേ ടെക്കി മേഖലകളിൽ ഒരു വക സംസാരം കേട്ടുതുടങ്ങിയിരുന്നുവെങ്കിലും കഴിഞ്ഞ കുറെ ദിവസങ്ങളായാണ് ഇത് മലയാളം സർക്കിളുകളിൽ രൂക്ഷതരമായി ട്രെൻഡ് ചെയ്ത് തുടങ്ങുന്നത്. കൊറോണയിൽ നിന്ന്വ്യത്യസ്തമായി പഴയ മണിചെയിൻ മോഡൽ ഇൻവിറ്റേഷനുകളിലൂടെ മന്ദം മന്ദം മാത്രം വ്യാപിക്കുന്ന ഒരു പ്രതിഭാസമാണിത്. അഥവാ വിളിക്കാത്തവർക്ക് ഇവിടെ സദ്യയില്ല.
ക്ലബ്ഹൗസ് പഴമയിലേക്കുള്ള ഒരു മടങ്ങിപ്പോക്കാണ്. ഇവിടെ സംവേദനത്തിനായി മൾട്ടിമീഡിയ ആർട്ടില്ല, പടമില്ല, അക്ഷരങ്ങളില്ല. പകരം ആദിമമായ നാദബ്രഹ്മമാണ് നടനം ചെയ്യുന്നത്. ലൈവായ വോയിസ്. ഒലി.
ക്ലബ്ഹൗസിൽ സംസാരവും സംഗീതവുമാണ് പ്രധാനമായും പങ്ക് വെക്കപ്പെടുന്നത്. ടെക്സ് ചാറ്റ് റൂമുകളെപ്പോലെ, ഒച്ചകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ റൂമുകളും ക്ലബുകളുമാണ് ഇവിടെയുള്ളത്.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2021-05/club-house-1-17ea.jpg)
റൂമുകൾ അസ്ഥിരങ്ങളാണ്. ആളൊഴിയുന്ന പാട് അവ മാഞ്ഞുപോകും. പ്രൈവസി ഒപ്ഷൻസിനെ അടിസ്ഥാനപ്പെടുത്തി ഓപൺ, സോഷ്യൽ, ക്ലോസ്ഡ് ഇങ്ങനെ മൂന്ന് തരം റൂമുകളുണ്ട്. ക്ലബുകൾ കുറച്ച് കൂടി ശാശ്വതമാണ്. സാമാന്യതാൽപര്യങ്ങളുള്ള സ്ഥിരം മെമ്പർമാരുമായി അവിടെ കൂടാം.
സ്വാഭാവികമായും ഉരുത്തിരിത്തുവരുന്ന സൗഹൃദസദസുകളെ മാറ്റി വെച്ചാൽ ഇതര സോഷ്യൽ മീഡിയാ ഭൂഖണ്ഡങ്ങളിലെന്ന പോലെ സംഗീതമാണ് ഇവിടെയും താരം. അത് പിന്നെ അങ്ങനെയാണല്ലൊ. സംഗീതം പോലെ പ്രിവിലേജ്ഡായ ഒരു സംഗതിയില്ല. പ്യാരി പറയുന്നതുപോലെ, ലവൻ പാടുകയും ബാക്കിയുള്ളവർ പാട് പെടുകയും എന്നാണല്ലൊ അതിന്റെ ഒരു ലൈൻ. ആർക്കും പാടാം എന്ന വാരിക്കുഴി വെട്ടി പാടാനറിയാവുന്നവർ എവിടെയും എന്ന പോലെ ഇവിടെയും ഷൈൻ ചെയ്യുന്നു.
സംഗീതത്തിന്റെ പരമ്പരാഗത പ്രിവിലേജിനെ വെല്ലുവിളിച്ച് സിനിമ തൊട്ട് പിറകിലുണ്ട്. ഒട്ടുമിക്ക നവസിനിമാനിരൂപകരും ക്ലബ്ഹൗസിലും വന്ന് കൂടിയിട്ടുണ്ട്. കനത്ത സംവാദങ്ങൾ നടക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. കുറച്ചൊരു സമയമെടുത്താലും ഫാൻ ഫൈറ്റുകളിലേക്ക് കൂടി കാര്യങ്ങൾ വികസിച്ചുവരുന്നുണ്ട്.
ഇത്രയധികം എൻജിനീർമാരുള്ള ഒരു നാട്ടിൽ സാങ്കേതികവിദ്യ ഒരു വിഷയമായില്ല എങ്കിലേ അത്ഭുതമുള്ളൂ. മിൽക്കിവേ മുതൽ ക്ലബ്ഹൗസ് വരെയുള്ള നടപടികൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ പറ്റിയുള്ള വിവരണങ്ങളും എമ്പാടും കേൾക്കുന്നുണ്ട്.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2021-05/club-house-2-7e03.jpg)
സംഗീതവും സിനിമയും സാങ്കേതികവിദ്യയും ഒക്കെ ഒരു വഴിക്ക് തഴയ്ക്കുന്നതു കൊണ്ട് മലയാളികളുടെ ദൈനംദിന രാഷ്ട്രീയ ചർച്ചകൾ കാശിക്ക് പോവുമെന്ന് ഒരു മൾട്ടി നാഷണൽ ആപ്പ് മുതലാളിയും വിചാരിക്കരുത്. പ്ലേറ്റൊ മുതൽ പിണറായി വിജയൻ വരെയും സിസെക്ക് മുതൽ ഗിൽഗമേഷ് വരെയും ഇവിടെ തത്വശാസ്ത്രപരമായി കൊണ്ടാടിക്കഴിഞ്ഞിരിക്കുന്നു. അതിനിടയിൽ കൂടി അങ്ങനെ ചില അന്തിച്ചർച്ചക്കാർ ഇതിനെയൊരു വോക്കൽ ജിംനേഷ്യമായി ഉപയോഗിക്കാനുള്ള ഒരു പദ്ധതിയും സമർത്ഥമായി നടപ്പാക്കുന്നുണ്ട്. വിഭിന്ന രാഷ്ട്രീയ കക്ഷിക്കാർ തമ്മിലുള്ള നേർക്കുനേർ സംവാദങ്ങൾ തുടങ്ങിയതായ് അറിവില്ല.
വേതനത്തിനും വിനോദത്തിനും മാത്രമല്ല ശാരീരികകാമനകൾ ശമിപ്പിക്കാനും ഓൺലൈൻ വ്യവഹാരങ്ങൾ പ്രയോജനപ്പെടുത്തിയ ഒരു കാലഘട്ടത്തിന് ക്ലബ്ഹൗസ് ഒരു മഹാത്ഭുതം എന്നൊന്നും പറയാനില്ല. എന്നിരുന്നിട്ടും ഇപ്പോൾ ഇതിത്ര ആവേശപൂർവ്വം സ്വീകരിക്കപ്പെടുന്നതിന് പിന്നിൽ മൂർത്തമായ ചില രാഷ്ട്രീയകാരണങ്ങൾ കൂടിയുണ്ടായിരിക്കാം.
കൊറോണയും ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളും സൃഷ്ടിക്കുന്ന സംഘർഷങ്ങളിൽ നിന്ന് രക്ഷ പ്രാപിക്കാൻ അധികം ആർക്കും കഴിയുന്നില്ല. വിനോദരംഗത്തെ അതികായരൊക്കെയും രാഷ്ട്രീയപ്രചാരകരായതൊടെ അരാഷ്ട്രീയമായ വിനോദം എന്ന പഴയ മിഥ്യാധാരണ തന്നെ ഇന്നില്ലാതായിരിക്കുന്നു. ഇതൊടെ വിശപ്പ്, ഭൂമിയില്ലായ്മ, തൊഴിലില്ലായ്മ, അദൃശ്യത തുടങ്ങിയ യഥാർത്ഥവും മൗലികവുമായ രാഷ്ട്രീയപ്രശ്നങ്ങൾ നേരിടുന്ന മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളെക്കാൾ വലിയ സംഘർഷമാണൊ ഒരു എന്റർടൈൻമെൻറ് ബബിളിനുള്ളിൽ കഴിഞ്ഞു കൂടുന്ന ഇന്ത്യൻ മധ്യവർഗം അനുഭവിച്ച് പോരുന്നതെന്നുപോലും ആരും സംശയിച്ചേക്കാം.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2021-05/club-house-30-fb84.jpg)
സോഷ്യൽമീഡിയ സൈറ്റുകൾ നിയന്ത്രിക്കുകയോ നിരോധിക്കപ്പെടുകയോ ചെയ്യുമെന്ന വാർത്ത ഈ സംഘർഷ പ്രതീതിയെ/പ്രതീത സംഘർഷത്തെ അതിന്റെ ഏക്കത്തിലെത്തിച്ചിരുന്നു. ഒപ്പം ഭാവനയിലും ഭൂമിയിലും പാവനമെന്ന് കരുതി പോരുന്ന ഒഴുക്കുകളിൽ ശവങ്ങൾ കണ്ടെത്തിയത് പോലെയുള്ള വാർത്തകളുടെ ദൃശ്യതയേറിയ പശ്ചാത്തലം കൂടിയായപ്പോൾ നെറ്റിസൺസിന്റെ അവസ്ഥ അസഹനീയതയിലെത്തിയിരുന്നു. ഇതൊന്നും പോരാഞ്ഞ് ലക്ഷദ്വീപ് സംബന്ധിച്ച വിവാദങ്ങൾ അതിനെ ഏതാനും കിലോമീറ്റർ അകലെയുള്ളൊരു പരുക്കൻ യാഥാർത്ഥ്യമായി തന്നെ അവതരിപ്പിച്ച് തുടങ്ങുകയും കർഷകസമരക്കാർ ഒരു ദേശീയ കരിദിനം ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
അപ്പോഴാണ് സോഷ്യൽ മീഡിയ ക്ലബ്ഹൗസിന്റെ രൂപത്തിൽ ഒരു സേഫ്ടി വാൽവ് പോലെ പ്രത്യക്ഷപ്പെടുന്നത്. ഒരുപക്ഷേ അതും നന്നായി. അല്ലായിരുന്നെങ്കിൽ രാഷ്ട്രീയ സൈബോർഗുകളാവാൻ വിധിക്കപ്പെട്ട ഒട്ടുമിക്ക മലയാളി നെറ്റിസൺസും കനത്ത രാഷ്ട്രീയസംഘർഷങ്ങളുടെ സമ്മർദ്ദം കാരണം സോഷ്യൽമീഡിയ വഴിക്കുള്ള രാഷ്ട്രീയവൃത്തികൾ കൂടി ലോഗൗട്ട് ചെയ്ത് കഴിച്ചിലാവേണ്ട ഗതികേടിലായേനെ.