ഞാൻ എത്ര തവണ വിളിച്ചാലാണ്
നീയൊന്ന് വിളി കേൾക്കുക?

‘‘ലാൻഡ് ഫോൺ മരിച്ചാലും മലയാളി മറക്കാത്ത ഒരു ഫോൺ ഡയലോഗുണ്ട്. അത് രാജാവിന്റെ മകനിലെ "മൈ ഫോൺ നമ്പർ ഈസ് 2255" എന്ന് മോഹൻലാലിന്റെ കഥാപാത്രം പറയുന്നതുതന്നെയല്ലേ?’’ ഇനിയെങ്കിലും ഓർത്തു നോക്കൂ, നിങ്ങളുടെ ആദ്യ ഫോൺ വിളി ഏതായിരുന്നു എന്ന്.

Mixed Bag- 13

"ഒന്ന് ഫോൺ ചെയ്യണം, എത്ര രൂപയാണ്?".
കഴുത്തൊപ്പം ഉയരമുള്ള കൗണ്ടറിനു മുകളിലൂടെ എത്തിനോക്കി ഞാൻ പറഞ്ഞു. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ ഉയരത്തിനും മുകളിലായിരുന്നു ആ കടയുടെ ഫോൺ ഇരിക്കുന്ന കൗണ്ടർ.

കടയുടെ ഉടമസ്ഥൻ എന്നെ ഒന്നു നോക്കി; "മൂന്ന് രൂപയാകും"
ഞാൻ മനസിൽ ഒന്ന് കണക്കുകൂട്ടി നോക്കി. കുറച്ച് സാധനം വാങ്ങാൻ അമ്മ കാശും തന്ന് വിട്ടതാണ്. സാധനമെല്ലാം വാങ്ങിക്കഴിഞ്ഞു. ബാക്കി മൂന്ന് രൂപ എന്തായാലും പോക്കറ്റിലുണ്ട്. പക്ഷേ അത് കുറച്ച് വലിയ സംഖ്യയാണ്. ഫോൺ ചെയ്യാൻ അമ്മയോട് അനുവാദം ചോദിച്ചിട്ടുണ്ട് എന്നത് ശരിതന്നെ. എന്നാലും മൂന്ന് രൂപ എന്നൊക്കെ കേൾക്കുമ്പോൾ അമ്മയുടെ പ്രതികരണം എന്താവും? പരമാവധി ഒരു രൂപയൊക്കെയാണ് സാധനം വാങ്ങാൻ പോയ ശേഷം ഇസ്ക്കുന്നത്. ഇത് കൂടുതലല്ലേ? തലച്ചോറിലൂടെ കാശിനെ കുറിച്ചുള്ള ആയിരം ചിന്തകൾ പാഞ്ഞുപോയി. പക്ഷേ ഫോൺ വിളിച്ചേ പറ്റൂ.

അയാൾ യാതൊരു വികാരവുമില്ലാതെ കറുത്ത കറക്ക് ഫോൺ എന്റെ മുന്നിലേക്ക് നിരക്കി വച്ചു.

ഞാൻ രണ്ടും കൽപ്പിച്ച് കടയുടമയെ നോക്കി തലയാട്ടി. അയാൾ യാതൊരു വികാരവുമില്ലാതെ കറുത്ത കറക്ക് ഫോൺ എന്റെ മുന്നിലേക്ക് നിരക്കി വച്ചു. അയാൾക്കറിയില്ലല്ലോ ജീവിതത്തിൽ ആദ്യമായി ഫോൺ ചെയ്യാൻ പോകുന്ന ഒരു 11 വയസുകാരന്റെ മുന്നിലേക്കാണ് താൻ ഫോൺ നിരക്കിവയ്ക്കുന്നതെന്ന്. പിന്നെന്തിന് അയാൾ വികാരഭരിതനാവണം.

ഇന്ദിരാഗാന്ധി സാം പിത്രോഡയ്ക്ക് കൂടിക്കാഴ്ചയ്ക്ക് ഒരു മണിക്കൂർ അനുവദിച്ചു. അത് പിത്രോഡയുടെയും ഇന്ത്യയുടെ ടെലികോം രംഗത്തിന്റെയും തലവര മാറ്റിയ ഒരു മണിക്കൂർ ആയിരുന്നു.

ഞാൻ പോക്കറ്റിൽ നിന്ന് നമ്പർ എഴുതിയിരിക്കുന്ന തുണ്ടുകടലാസെടുത്ത് കൗണ്ടറിൽ വച്ചു. പിന്നെ സിനിമയിൽ കണ്ടിട്ടുള്ള പരിചയം വച്ച് ഇടതുകൈ നീട്ടി റിസീവർ എടുത്തു. വലതുകൈയിലെ ചൂണ്ടുവിരൽ കൊണ്ട് നമ്പരിൽ കുത്തി കറക്കി. അത് ഞാൻ കൊണ്ടെത്തിച്ച സ്ഥലത്ത് നിന്നും ഒരു കിർ...ശബ്ദത്തോടെ തിരികെ വരുന്നു.
അതേ, സിനിമയിലും മറ്റും കാണുന്നതുപോലെ തന്നെ. അപ്പോൾ ഞാൻ ചെയ്യുന്നത് ശരിയായ രീതി തന്നെ. ഉള്ളാകെ കോരിത്തരിച്ചു. നേർത്ത ഒരു വിറയൽ ഉള്ളം കാലിൽ നിന്നും ഉച്ചി വരെ കടന്നു പോയതുപോലെ.

അത് ആറിൽ തുടങ്ങുന്ന ഒരു അഞ്ചക്ക നമ്പരായിരുന്നു. ഓരോ നമ്പരായി കറക്കി. ഓരോ കറക്കിലും കാർണിവലിലെ ഭീമൻ ചക്രത്തിൽ കറങ്ങുന്നതിന്റെ ഹരം അനുഭവിച്ചു. ഒരു ശബ്ദവും പുറത്തുപോകാതിരിക്കാനെന്ന വണ്ണം കാതോട് അമർത്തിവച്ചിരിക്കുകയാണ് റിസീവർ.

ഓരോ കറക്കിലും ഞാൻ കാർണിവലിലെ ഭീമൻ ചക്രത്തിൽ കറങ്ങുന്നതിന്റെ ഹരം അനുഭവിച്ചു.

ഇതിനുമുമ്പ് ഫോൺ കണ്ടിട്ടുള്ളത് സിനിമയിലും ഞങ്ങളുടെ സ്കൂൾ പ്രിൻസിപ്പലിന്റെ മേശപ്പുറത്തുമാണ്. അതൊന്നും തൊടാൻ കിട്ടില്ലല്ലോ. സ്ക്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയിലെ മധു സ്റ്റോറിലാണ് ഇപ്പോൾ ഞാൻ ഫോൺ ചെയ്യാൻ നിൽക്കുന്നത്. ആ കടയ്ക്കുള്ളിലേക്ക് കയറുമ്പോൾ തന്നെ മായികമായ ഒരു ലോകത്തിലാകുന്ന സ്ക്കൂൾ കുട്ടിയാണ് ഞാനും. എന്നെ പോലെ തന്നെയായിരിക്കണം എന്റെയൊപ്പം പഠിച്ചിരുന്നവരും. ചോക്ലേറ്റിന്റെ ത്രസിപ്പിക്കുന്ന ഗന്ധമാണ് ആ കടയ്ക്കുള്ളിൽ. തറ മുഴുവനും ചുവന്ന കയറ്റുപരവതാനി വിരിച്ചിട്ടുണ്ട്. സാധാരണ ചെറിയ കാശ് മിച്ചം പിടിച്ച് ഉച്ചനേരത്തെ ഇടവേളക്ക് സ്ക്കൂളിനടുത്തുള്ള അമ്മാവന്റെ മുറുക്കാൻ കടയിൽ നിന്ന് വാങ്ങുന്ന കസീന, ഗ്യാസ് മിഠായി, കടലമിഠായി, കപ്പലണ്ടി, നാരങ്ങ മിഠായി ഇതൊന്നുമല്ല മധു സ്റ്റോറിൽ. ഫൈവ് സ്റ്റാർ മുതൽ തുടങ്ങുന്ന വില കൂടിയ ചോക്ലേറ്റുകൾ. പിന്നെ പേരറിയാത്ത എന്തൊക്കെയോ ബിസ്ക്കറ്റുകൾ.... പാസഞ്ചർ ടിക്കറ്റെടുത്ത ശേഷം എ സി കമ്പാർട്ട്മെന്റ് നോക്കി നെടുവീർപ്പിടുന്നവരെ പോലെ എന്നെ പോലെയുള്ള കുട്ടികൾ മധു സ്റ്റോർ നോക്കി നിൽക്കുമായിരുന്നു.

അപ്പോൾ ആരെയാണ് ഞാൻ ഫോൺ വിളിച്ചത്?

ഞാൻ നമ്പർ മുഴുവൻ കറക്കി തീർന്നു. അപ്പുറത്ത് മണിനാദം കേൾക്കാം. അതിലും ഉച്ചത്തിൽ എന്റെ നെഞ്ചിടിപ്പും. അത് കടയിലുള്ളവർ കേൾക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു. മണിനാദം നിലയ്കുന്നതിന് മുമ്പ് മറുതലയ്ക്കൽ ആരോ ഫോൺ എടുത്തു, "ഹലോ"
അതെ. എനിക്ക് പരിചയമുള്ള ശബ്ദം തന്നെയല്ലേ അത്? ഞാൻ ഒന്ന് കൂടി കാത്തു.
വീണ്ടും "ഹലോ"
"അനിത ടീച്ചറുണ്ടോ", ധൈര്യം സംഭരിച്ച് ഞാൻ ചോദിച്ചു.
"അതെ, അനിതയാണ്, ആരാണ്?"
എനിക്ക് സമാധാനമായി. ടീച്ചറെ തന്നെ കിട്ടിയിരിക്കുന്നു.
"ഞാൻ ബിനു. ബിനുരാജ്"
"ഹലോ ബിനു… ഹൗ ആർ യു. എന്തൊക്കെയുണ്ട് മോനേ വിശേഷം. ഇത് എവിടെ നിന്നാ വിളിക്കുന്നത്? സുഖമാണോ...’’
കുറെ ചോദ്യങ്ങൾ, സന്തോഷവും ഉത്സാഹവും സ്ഫുരിക്കുന്ന സ്വരം, ചിരി.

പാസഞ്ചർ ടിക്കറ്റെടുത്ത ശേഷം എ സി കമ്പാർട്ട്മെന്റ് നോക്കി നെടുവീർപ്പിടുന്നവരെ പോലെ എന്നെ പോലെയുള്ള കുട്ടികൾ മധു സ്റ്റോർ നോക്കി നിൽക്കുമായിരുന്നു.

ഞാനും എന്തൊക്കെയോ പറഞ്ഞു. ഒടുവിൽ ഫോൺ വച്ചു. റിസീവർ വച്ചതും വേറെയേതൊ ലോകത്ത് പറന്നുപോയ ശേഷം പൊടുന്നനെ ഭൂമിയിൽ കാൽ കുത്തി നിൽക്കുന്ന സൂപ്പർ ഹീറോയെ പോലെ ഞാൻ മധു സ്റ്റോറിന്റെുയുള്ളിൽ നിന്നു. എന്തൊക്കെയോ നേടിയിരിക്കുന്നവന്റെ ഭാവം ആയിരുന്നു എനിക്ക്. മൂന്ന് രൂപ കടയുടമയുടെ കൈയിൽ വച്ചു കൊടുത്തിട്ട് ഞാൻ കടയിൽ നിന്നും ഇറങ്ങി.

ഐ.ടിയും വാർത്താവിനിമയവും ഇന്ത്യയുടെ ഭാവി നിർണയിക്കുമെന്ന് രാജീവിനെ പറഞ്ഞുമനസിലാക്കാൻ പിത്രോഡയ്ക്ക് എളുപ്പമായി. ഓട്ടോമാറ്റിക്ക് എക്സ്ചേഞ്ചുകൾ രാജ്യത്തുടനീളം സ്ഥാപിക്കപ്പെട്ടു. ഫോൺ കണക്ഷനുകളുടെ എണ്ണം കുതിച്ചുയർന്നു.

അനിത ജോഷ്വാ എന്ന ടീച്ചർ ഞങ്ങളെ സ്ഥിരമായി പഠിപ്പിക്കാൻ വന്ന ടീച്ചറായിരുന്നില്ല. ഞങ്ങളുടെ സ്ക്കൂൾ മാനേജ്മെന്റിന് കീഴിൽ തന്നെ ഒരു ബി എഡ് ട്രെയിനിംഗ് കോളേജും ഉണ്ടായിരുന്നു. അവിടെയുള്ള ബി എഡ് വിദ്യാർത്ഥികൾ പരിശീലനത്തിന്റെ ഭാഗമായി ഞങ്ങളെ പഠിപ്പിക്കാൻ ഇടയ്ക്കിടെ വരുമായിരുന്നു. കർക്കശക്കാരായ മറ്റ് ടീച്ചർമാരിൽ നിന്നും ഞങ്ങൾക്ക് കിട്ടുന്ന ഇടക്കാല മോചനമായിരുന്നു ബി എ‍ഡ് ട്രെയിനികൾ. അവർ ക്ലാസിലേക്ക് വരുന്നത് ചൂരൽവടി ഇല്ലാതെ, ചിരിച്ചു കൊണ്ട്. എല്ലാ കുട്ടികളോടും സ്നേഹത്തോടെ പെരുമാറും. ചെറുപ്പക്കാരും അവിവാഹിതകളും. പിൻബഞ്ചുകാരായ എന്നെ പോലെയുള്ള കുട്ടികളെ മറ്റ് അധ്യാപകർ ശ്രദ്ധിക്കാറേ ഇല്ല. അച്ഛനോ അമ്മയോ ഇടയ്ക്കിടെ വന്ന് എന്റെ പഠിത്തക്കാര്യം അധ്യാപകരുമായി ചർച്ച ചെയ്യാത്തതു കൊണ്ടും പഠിത്തത്തിൽ ഞാൻ ഒരു ശരാശരിക്കാരൻ ആയതു കൊണ്ടും അധ്യാപകർ എന്നെ അവഗണിച്ചതാവാം.

അങ്ങനെയുള്ള എന്നെയാണ് അനിതാ ജോഷ്വാ ടീച്ചർ അടുത്തേക്ക് വിളിച്ച് സംസാരിച്ചത്. വടിവൊത്ത കോട്ടൺ സാരിയുടുത്ത, ഭംഗിയോടെ തലമുടി കെട്ടിവച്ച ടീച്ചർ. അവരുടെ അടുത്ത് എത്തുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു സുഗന്ധം ഞാൻ അനുഭവിച്ചു. അവർ ഉപയോഗിച്ചിരുന്ന പെർഫ്യൂമിന്റെ ആവണം. ഞാൻ പഠിക്കാൻ മടി കാണിക്കുന്നതിന്റെ കാരണം അവർ അന്വേഷിച്ചു. ഒരു ചാർട്ട് എടുത്ത് നിവർത്തി അതിലെ ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ പറഞ്ഞു. എന്ത് പ്രശ്നമുണ്ടെങ്കിലും വിളിക്കണം എന്ന് പറഞ്ഞ് ടീച്ചറുടെ ഫോൺ നമ്പർ എന്റെ നോട്ട് ബുക്കിൽ എഴുതിത്തന്നു.

നോട്ട് ബുക്കിൽ നിന്ന് ആ കടലാസ് ചീന്തിയെടുത്താണ് ഞാൻ മധു സ്റ്റോറിൽ പോയത്.

ബി എഡ് വിദ്യാർത്ഥികൾ പരിശീലനത്തിന്റെ ഭാഗമായി ഞങ്ങളെ പഠിപ്പിക്കാൻ ഇടയ്ക്കിടെ വരുമായിരുന്നു. കർക്കശക്കാരായ മറ്റ് ടീച്ചർമാരിൽ നിന്നും ഞങ്ങൾക്ക് കിട്ടുന്ന ഇടക്കാല മോചനമായിരുന്നു ബി എ‍ഡ് ട്രെയിനികൾ.

അന്നത്തെ അധ്യാപക വിദ്യാർത്ഥി ആയ അവർ പിന്നീട് അധ്യാപിക ആയിട്ടുണ്ടാവും. എവിടെയോ സുഗന്ധവും പരത്തി ജോലി ചെയ്യുന്നുണ്ടാവും. ഒരു കുട്ടിയെ അടുത്തു വിളിച്ച് സ്നേഹത്തോടെ സംസാരിച്ചപ്പോൾ അത് അവനിലുളവാക്കിയ മാറ്റത്തെ കുറിച്ച് അവർക്ക് അറിയാമായിരുന്നുവോ? ഒരു സ്പർശവും സ്നേഹമുള്ള ശബ്ദവും എത്ര വലിയ മാറ്റമാണ് കൊണ്ടുവരുന്നത്. ആ ശബ്ദം കേൾക്കാനായിരുന്നു എന്റെ ജീവിതത്തിലാദ്യമായി ഞാൻ ഫോൺ ചെയ്തത്. അതെ അതായിരുന്നു എന്റെ ആദ്യ ഫോൺ കോൾ.
നിങ്ങളോർത്തുനോക്കൂ, നിങ്ങളുടെ ആദ്യ ഫോൺ കോൾ ഏതായിരുന്നുവെന്ന്.
ആദ്യത്തെ ഫോൺ കോൾ: “ മിസ്റ്റർ വാട്സൺ, ഇവിടെ വരൂ, എനിക്ക് താങ്കളെ കാണണം” (“ Mr. Watson, come here, I want to see you”)
കഷ്ടിച്ച് 20 അടി ദൂരെ അടുത്ത മുറിയിൽ നിന്ന തന്റെ സഹായിയായ തോമസ് വാട്സണെ അലക്സാണ്ടർ ഗ്രഹാം ബെൽ വിളിച്ചതാണ് ചരിത്രത്തിലെ ആദ്യത്തെ ഫോൺ വിളിയെന്നത് പ്രസിദ്ധമാണ്. ഇത് നടന്നത് 1876, മാർച്ച് 10ന്. ദൂരവിനിമയത്തിന്റെ ചരിത്രത്തിലെ കുതിച്ചുചാട്ടമായിരുന്നു ടെലിഫോണിന്റെ വരവ്.

കഷ്ടിച്ച് 20 അടി ദൂരെ അടുത്ത മുറിയിൽ നിന്ന തന്റെ സഹായിയായ തോമസ് വാട്സണെ അലക്സാണ്ടർ ഗ്രഹാം ബെൽ വിളിച്ചതാണ് ചരിത്രത്തിലെ ആദ്യത്തെ ഫോൺ വിളിയെന്നത് പ്രസിദ്ധമാണ്.

ഗ്രഹാം ബെല്ലിന്റെ അമ്മയും ഭാര്യയും കേൾവി പരിമിതികളുള്ളവരായിരുന്നു. ഇവരെ സഹായിക്കാനുള്ള ശബ്ദഗവേഷണത്തിനിടയിലാണ് ഗ്രഹാം ബെൽ ടെലിഫോണിൽ ചെന്നെത്തുന്നത്. ബോസ്റ്റൺ സർവകലാശാലയിൽ സംഭാഷണകല പഠിപ്പിച്ചിരുന്ന ഗ്രഹാം ബെൽ കേൾവി പരിമിതിയുള്ള കുട്ടികൾക്ക് ട്യൂഷനും നൽകിയിരുന്നു.

1876-ൽ തന്നെ അമേരിക്കയിലെ ഇല്ലിനോയിൽ എലീഷ ഗ്രേ എന്ന ഇലക്ട്രിക്ക് എഞ്ചിനിയർ ടെലിഫോണിന്റെ ആദ്യ രൂപം ഹൈലാൻഡ് പാർക്കിൽ പ്രദർശിപ്പിച്ചിരുന്നു. തന്റെ പരീക്ഷണത്തിന്റെ രൂപരേഖ തയ്യാറാക്കി പേറ്റന്റിന് അപേക്ഷിക്കുക പോലും ചെയ്തു. എന്നാൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഗ്രഹാം ബെല്ലിന് പേറ്റന്റ് ലഭ്യമായി എന്നതാണ് ചരിത്രം. ശബ്ദതരംഗങ്ങളെ വൈദ്യുത തരംഗങ്ങളാക്കുന്ന ലിക്വി‍ഡ് ട്രാൻസ്മിഷൻ സാങ്കേതികവിദ്യ ഗ്രഹാം ബെൽ എലീഷയുടെ ലാബിൽ നിന്നും മോഷ്ടിച്ചതാണെന്ന് വരെ പിൽക്കാലത്ത് ആരോപണമുയർന്നിട്ടുണ്ട്.

തർക്കം അവിടെ നിൽക്കട്ടെ. ഫോൺ എന്തായാലും കണ്ടുപിടിക്കപ്പെട്ടു, അത് ഇന്ത്യയിലും വന്നു.

70-കളിൽ പോലും വിദൂരദേശത്തേക്ക് ട്രങ്ക് കോൾ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ടി വന്ന കഥ പഴയ തലമുറയിൽപെട്ടവർ പറയും.

ഡാർജിലിംഗിലെ മജിസ്ട്രേട്ട് ആയ സർ ചാൾസ് ഒല്ലിവന്റ് കൽക്കട്ടയിലെ മജിസ്ട്രേട്ട് സി മക്ഫർലെനെ 1882, ജൂലായ് 31ന് ഫോണിൽ വിളിച്ചു. ഇതാണത്രെ ഇന്ത്യൻ മണ്ണിലെ ആദ്യ ഫോൺ കോൾ. കൗതുകകരമായ ഒരു വസ്തുത എന്തെന്നാൽ, ഇന്ത്യയിലെ ആദ്യ മൊബൈൽ ഫോൺ കോളും കൽക്കട്ടയിൽ നിന്നായിരുന്നു. 1995 ജൂലായ് 21ന് അന്ന് ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു റൈറ്റേഴ്സ് ബിൽഡിംഗ് എന്നറിയപ്പെടുന്ന ബംഗാൾ സെക്രട്ടറിയേറ്റിലെ തന്റെ ഓഫീസിലിരുന്ന് ദൽഹിയിൽ വാർത്താവിനിമയ മന്ത്രാലയത്തിന്റെ ആസ്ഥാനമായ സഞ്ചാർ ഭവനിലിരുന്ന അന്നത്തെ കേന്ദ്ര വാർത്താവിനിമയ മന്ത്രി സുഖ്റാമിനെ മൊബൈലിൽ വിളിച്ചു.

1881-ലാണ് ഓറിയന്റൽ ടെലിഫോൺ കമ്പനി ഇന്ത്യയിൽ ടെലിഫോൺ സ്ഥാപിക്കാൻ സർക്കാരിനെ സമീപിക്കുന്നത്. ആദ്യം അനുമതി നിഷേധിക്കപ്പെട്ടുവെങ്കിലും പിന്നീട് അനുമതി ലഭിച്ച കമ്പനി 1882-ൽ കൽക്കട്ടയിൽ ആദ്യത്തെ എക്സ്ചേഞ്ച് തുടങ്ങി. വൈകാതെ ബോംബെയിലും പിന്നീട് മദിരാശിയിലും അഹമ്മദാബാദിലും എക്സ്ചേഞ്ചുകൾ നിലവിൽ വന്നു.

1876ൽ തന്നെ അമേരിക്കയിലെ ഇല്ലിനോയിൽ എലീഷ ഗ്രേ എന്ന ഇലക്ട്രിക്ക് എഞ്ചിനിയർ ടെലിഫോണിന്റെ ആദ്യരൂപം ഹൈലാൻഡ് പാർക്കിൽ പ്രദർശിപ്പിച്ചിരുന്നു.

ഹലോ മൈ ഡിയർ തിരുവിതാംകൂർ

1905-ൽ തിരുവിതാംകൂറിൽ ആദ്യമായി ടെലിഫോൺഎത്തി. പേച്ചിപ്പാറ നിന്ന് തെക്കൻ തിരുവിതാംകൂറിലെ പ്രധാന സ്ഥലങ്ങളിലേക്ക് ഫോൺ ലൈൻ സ്ഥാപിച്ചു. പേച്ചിപ്പാറ അണക്കെട്ടിൽ നിന്നുള്ള ജലസേചനമാണ് അന്ന് തെക്കൻ തിരുവിതാംകൂർ പ്രധാനമായും ആശ്രയിച്ചിരുന്നത്. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്താവണം ഈ ലൈൻ സ്ഥാപിച്ചത്. പേച്ചിപ്പാറ അണക്കെട്ട് ഇന്ന് തമിഴ്നാട്ടിലാണ്.

1930-ൽ തിരുവനന്തപുരത്ത് അരുവിക്കര മുതൽ ജല അതോറിറ്റി ആസ്ഥാനമായ വെള്ളയമ്പലം വരെ ഒരു ടെലിഫോൺ ലൈൻ സ്ഥാപിക്കപ്പെട്ടുവെന്ന് ടി കെ വേലുപ്പിള്ളയുടെ ട്രാ‍വൻകൂർ സ്റ്റേറ്റ് മാനുവലിൽ കാണുന്നു. തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന അരുവിക്കര ജലസംഭരണിയിലെ സ്ഥിതിഗതികൾ ജല അതോറിറ്റി ആസ്ഥാനത്ത് അറിയേണ്ടതിന്റെ അടിയന്തരപ്രാധാന്യം കണക്കിലെടുത്താവണം ഈ ലൈൻ സ്ഥാപിക്കപ്പെട്ടത്. അന്ന് തിരുവിതാംകൂറിന്റെ തിരക്കേറിയ വ്യാപാര കേന്ദ്രമായിരുന്ന ആലപ്പുഴയെയും തിരുവിതാംകൂറിലെ പ്രധാന സ്ഥലങ്ങളുമായി ടെലിഫോൺ മുഖേന ബന്ധിപ്പിക്കണമെന്ന് തിരുവിതാംകൂർ ഭരണകൂടം ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ കാലത്താണ് തിരുവിതാംകൂറിനും ദില്ലിക്കുമിടയിൽ ടെലിഫോൺ ലൈൻ സ്ഥാപിക്കപ്പെടുന്നത്. 1931-ൽ അന്നത്തെ ആധുനിക സംവിധാനമായ മാഗ്നെറ്റോ ബോർഡ് എക്സ്ചേഞ്ച് തിരുവിതാംകൂറിൽ നിലവിൽ വന്നു. പൂജപ്പുരയ്ക്കും വെള്ളയമ്പലത്തിനുമിടയിൽ ഭൂഗർഭ ടെലിഫോൺ കേബിളും സ്ഥാപിക്കപ്പെട്ടു.

ചിത്തിരതിരുനാൾ ബാലരാമവർമ്മ

1940-ലാണ് ബ്രിട്ടീഷ് സർക്കാരിന്റെ ട്രങ്ക് സംവിധാനവുമായി തിരുവിതാംകൂർ ടെലിഫോൺ സംവിധാനം ബന്ധിപ്പിക്കപ്പെടുന്നത്. 1940 ഏപ്രിൽ 22ന് ചിത്തിര തിരുനാൾ ബാലരാമ വർമ്മ കവടിയാർകൊട്ടാരത്തിൽ നിന്നും പെഷവാറിലുള്ള കമ്പിത്തപാൽ ഡയറക്ടർ ജനറൽ ഗുരുനാഥ് വെങ്കടേഷ് ബേവൂറിനെ ആദ്യത്തെ ട്രങ്ക് കോൾ വിളിച്ച് ഇത് ഉദ്ഘാടനം ചെയ്തു. അര മിനിറ്റ് മാത്രം നീണ്ടു നിന്ന ആ ഫോൺ സംഭാഷണം തിരുവിതാംകൂറിന്റെയും പിൽക്കാലത്ത് കേരളത്തിന്റെയും വികസനത്തിൽ അര നൂറ്റാണ്ടിന്റെ ഫലം ചെയ്തുവെന്ന് പറയാം. ട്രങ്ക് കോൾ സംവിധാനത്തോടെ ലോകത്തെ പല സ്ഥലങ്ങളുമായും തിരുവിതാംകൂർ ബന്ധിക്കപ്പെട്ടു. പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ വേഗത്തിലുള്ള നിർമ്മാണത്തിന് ഈ ടെലിഫോൺ സംവിധാനം വളരെയധികം സഹായിച്ചുവെന്ന് ട്രാവൻകൂർ അഡ്മനിസ്ട്രേഷൻ റിപ്പോർട്ടിൽ പറയുന്നു. അന്ന് രണ്ടാമത്തെ ട്രങ്ക് കോൾ വിളിച്ചത് ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരാണ്.

ടെലിഫോൺ അടിസ്ഥാനമാക്കി മലയാളത്തിൽ ഇറങ്ങിയ ചിത്രങ്ങളിൽ വമ്പൻ ഹിറ്റായത് റാംജിറാവ് സ്പീക്കിംഗ് ആണെങ്കിലും ഏറ്റവും ഹൃദയസ്പർശിയായിരുന്നത് രഘുനാഥ് പലേരി സംവിധാനം ചെയ്ത ഒന്നു മുതൽ പൂജ്യം വരെ ആയിരുന്നു.

ഒരു വിളി കേൾക്കാൻ
കാതോർത്തിരുന്ന കാലം

ദൽഹിയിൽ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥന്റെ ബംഗ്ലാവിൽ ഒരു വിവാഹവിരുന്ന് നടക്കുകയാണ്. വരനും വധുവും കാനഡയിലുള്ള തങ്ങളുടെ മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. അവിടെ ഫോൺ എടുക്കുമ്പോഴേക്കും കട്ട് ആകും. എടുക്കുന്ന ഓപ്പറേറ്റർ "ദയവായി കാത്തിരിക്കൂ, ഉടൻ നിങ്ങൾക്ക് സംസാരിക്കാൻ സാധിക്കുന്നതാണ്"എന്നൊക്കെ പറയുന്നുണ്ട്. പിന്നെയും കഥ ഇതു തന്നെ. വിവാഹ വിരുന്ന് അവസാനിച്ച അർധരാത്രി വരെ ഈ പരാജയപ്പെട്ട ഫോൺ സംഭാഷണ ശ്രമം തുടർന്നുവെന്ന് പ്രമുഖ സാമൂഹിക നിരീക്ഷകൻ റോബിൻ ജെഫ്രി തന്റെ The Great Indian Phone book എന്ന പുസ്തകത്തിൽ പറയുന്നു. അത് 1967-69 കാലമാണ്. ജെഫ്രി ചണ്ഡീഗഢിലെ ഒരു സ്ക്കൂളിൽ ജോലി ചെയ്യുന്നു. പ്രിൻസിപ്പലിന്റെ മുറിയിൽ ഫോൺ ഉണ്ടെന്നാണ് ജെഫ്രി കേട്ടിട്ടുള്ളത്. പക്ഷേ അതിലൂടെ ആരെങ്കിലും സംസാരിക്കുന്നതോ അത് മണിയടിക്കുന്ന ശബ്ദമോ സ്ക്കൂളിൽ ആരും കേട്ടിട്ടില്ലെന്നാണ് ജെഫ്രി പറയുന്നത്.

1881-ൽ തന്നെ ഇന്ത്യയിൽ ഫോൺ വന്നുവെങ്കിലും ഈ മേഖലയിലെ വളർച്ച മന്ദഗതിയിലായിരുന്നു എന്ന് കാണിക്കുന്നതാണ് റോബിൻ ജെഫ്രിയുടെ അനുഭവം. 70-കളിൽ പോലും വിദൂരദേശത്തേക്ക് ട്രങ്ക് കോൾ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ടി വന്ന കഥ പഴയ തലമുറയിൽ പെട്ടവർ പറയും.

വിവാഹ വിരുന്ന് അവസാനിച്ച അർധരാത്രി വരെ ഈ പരാജയപ്പെട്ട ഫോൺ സംഭാഷണ ശ്രമം തുടർന്നുവെന്ന് പ്രമുഖ സാമൂഹിക നിരീക്ഷകൻ റോബിൻ ജെഫ്രി തന്റെ The Great Indian Phone book എന്ന പുസ്തകത്തിൽ പറയുന്നു.

ഒന്നു മുതൽ പൂജ്യം വരെ

ആദ്യകാലത്ത് വീടുകളിൽ ടെലിഫോൺ വ്യാപകമല്ലായിരുന്നതിനാലാവാം ഏറെക്കാലം ജനങ്ങളുടെ ഇടയിൽ ഫോണിനെ കുറിച്ചുള്ള കാൽപ്പനികതയും കൗതുകവും നിലനിന്നിരുന്നു. അതു കൊണ്ട് തന്നെ നോവലുകളിലും ചലച്ചിത്രങ്ങളിലും കഥയിൽ ടെലിഫോൺ വഴിത്തിരിവ് സൃഷ്ടിക്കുന്നത് അക്കാലത്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. ഫോണിന്റെ കളികൾ കഥയുടെ ഗതി തന്നെ മാറ്റുന്നത്, പ്രത്യേകിച്ച് അപസർപ്പക കഥകളിലും കുറ്റാന്വേഷണ ചലച്ചിത്രങ്ങളിലും എഴുത്തുകാർ പരീക്ഷിച്ചു.

ഹിച്ച്കോക്കിന്റെ 1954-ൽ പുറത്തിറങ്ങിയ പ്രസിദ്ധമായ 'ഡയൽ എം ഫോർ മർഡർ' എന്ന ചിത്രത്തിൽ ഉൾപ്പടെ ലോക സിനിമയിൽ പലതിലും ടെലിഫോൺ കഥയിൽ നിർണായക പങ്ക് വഹിച്ചു. ടെലിഫോൺ എന്ന പേരിൽ തന്നെ 1985-ൽ ശത്രുഘ്നൻ സിൻഹയും ദീപ്തി നവലും അഭിനയിച്ച ഹിന്ദി ചിത്രം ഇറങ്ങിയിട്ടുണ്ട്. 1971-ൽ ഇറങ്ങിയ ഹൽചൽ എന്ന ഹിന്ദി ചിത്രത്തിന്റെ കഥയിലും ടെലിഫോൺ ഒരു പ്രധാന കഥാപാത്രമാണ്. പടം തുടങ്ങുന്നത് തന്നെ പല തരത്തിലുള്ള ടെലിഫോണുകളുടെ ദൃശ്യത്തോടെയാണ്. അമിതാഭ് പടമായ 'ബേനാം' (1974) മുതൽ ഫർഹാൻ അക്തറും ദീപിക പദുക്കോണും അഭിനയിച്ച 'കാർത്തിക്ക് കാളിംഗ് കാർത്തിക്ക് ' വരെ ഒട്ടേറെ ഹിന്ദി ചിത്രങ്ങളിൽ പിന്നീട് ടെലിഫോൺ വിളികളും അതുമായി ബന്ധപ്പെട്ട കഥകളും വന്നു.

വർഷം 1980. ദൽഹി നഗരത്തിൽ ഒരു ശവഘോഷയാത്ര നടന്നു. നിർജീവമായ ടെലിഫോൺ ഉപകരണങ്ങളുമായി ഒരു സംഘം ആളുകൾ പ്രതീകാത്മകമായി നടത്തിയ ശവഘോഷയാത്രയായിരുന്നു അത്.

ടെലിഫോൺ അടിസ്ഥാനമാക്കി മലയാളത്തിൽ ഇറങ്ങിയ ചിത്രങ്ങളിൽ വമ്പൻ ഹിറ്റായത് റാംജിറാവ് സ്പീക്കിംഗ് ആണെങ്കിലും ഏറ്റവും ഹൃദയസ്പർശിയായിരുന്നത് രഘുനാഥ് പലേരി സംവിധാനം ചെയ്ത ഒന്നു മുതൽ പൂജ്യം വരെ ആയിരുന്നു. രഘുനാഥിന്റെ തന്നെ ആകാശത്തേക്കൊരു ജാലകം എന്ന കഥയെ അടിസ്ഥാനമാക്കി എടുത്ത ഈ പടത്തിലൂടെ 1986-ലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്ക്കാരവും അദ്ദേഹം കരസ്ഥമാക്കി. ഒരു ഹിച്ച്കോക്ക് ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പ്രിയദർശൻ കഥയെഴുതി സംവിധാനം ചെയ്ത ഹലോ മൈ ഡിയർ റോംഗ് നമ്പർ എന്ന ചിത്രത്തിലെ കഥയിലും ഫോൺ വഴിത്തിരിവുകൾ സൃഷ്ടിക്കുന്നുണ്ട്. മോഹൻലാലും ലിസിയും തമ്മിലുള്ള ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്ന കൂറ്റൻ ഫോണുകൾ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റാംജിറാവ് സ്പീക്കിംഗിൽ ഫോണിൽ കൂടിയുള്ള കമ്പിളിപ്പുതപ്പ് രംഗം ഇന്നും ചിരിയുണർത്തുന്ന ഒന്നാണ്.

ഒന്നുമുതൽ പൂജ്യംവരെ എന്ന സിനിമയിൽ മോഹൻലാൽ

1967-ൽ ഇറങ്ങിയ ചിത്രമേള എന്ന ചിത്രമായിരിക്കണം ആദ്യമായി കഥയിലെ ഒരു പ്രധാന ഉപകരണമായി ഫോൺ വരുന്ന മലയാള ചിത്രം. മൂന്ന് വ്യത്യസ്ത കഥകളുടെ ആന്തോളജി ആയിരുന്നു ചിത്രമേള. ഇതിലെ നഗരത്തിന്റെ മുഖങ്ങൾ എന്ന കഥയിലാണ് ഒരു കുട്ടിയുടെ ഫോൺ വിളി വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇനി ലാൻഡ് ഫോൺ മരിച്ചാലും മലയാളി മറക്കാത്ത ഒരു ഫോൺ ഡയലോഗുണ്ട്. അത് രാജാവിന്റെ മകനിലെ "മൈ ഫോൺ നമ്പർ ഈസ് 2255" എന്ന് മോഹൻലാലിന്റെ കഥാപാത്രം പറയുന്നതുതന്നെയല്ലേ?

അന്ന്, അതായത് 1986ൽ വെറും നാലക്കമായിരുന്നു നമ്മുടെ ഫോൺ നമ്പരുകളെന്ന് കൂടി ഓർമ്മിപ്പിക്കുന്നുണ്ട് ഈ ഡയലോഗ്.

ചത്ത ഫോണുകളുടെ
ശവഘോഷയാത്ര

വർഷം 1980.
ദൽഹി നഗരത്തിൽ ഒരു ശവഘോഷയാത്ര നടന്നു. നിർജീവമായ ടെലിഫോൺ ഉപകരണങ്ങളുമായി ഒരു സംഘം ആളുകൾ പ്രതീകാത്മകമായി നടത്തിയ ശവഘോഷയാത്രയായിരുന്നു അത്. താൻ താമസിക്കുന്ന ഹോട്ടൽ മുറിയിലെ ജാലകത്തിലൂടെ ഈ കാഴ്ച കണ്ട സാം പിത്രോഡ എന്ന ടെക്നോളജി വിദഗ്ധൻ ഹോട്ടലിലെ സഹായിയോട് കാര്യം എന്താണെന്ന് തിരക്കിയപ്പോൾ അയാൾ പറ‍ഞ്ഞ മറുപടി നമ്മുടെ ടെലിഫോൺ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട ഒന്നാണ്: "അത് പ്രതിഷേധമാണ് സർ. ഫോണിന് അപേക്ഷിച്ചാൽ 10 വർഷം കാത്തിരിക്കണം. ഇനി കിട്ടിയാലോ, എന്നും അത് തകരാറിലുമാണ്. ഇത് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള സമരമാണ്. "

ചിത്രമേള എന്ന സിനിമയിൽ നിന്ന്

വ്യത്യസ്തമായ ഈ പ്രതിഷേധം അമേരിക്കയിലെ റോക്ക് വെൽ കോ ഓപ്പറേറ്റീവ് ടെലിഫോൺ കമ്പനിയിൽ ദീർഘകാലം ജോലി ചെയ്തിരുന്ന സത്യനാരായൺ ഗംഗാറാം പിത്രോഡ എന്ന ഗുജറാത്തിയുടെ തലയിൽ ഇന്ത്യയിലെ ടെലികോം സാധ്യതകളുടെ ബൾബ് മിന്നിച്ചു. പിന്നെയുള്ളത് ചരിത്രമാണ്. ഇന്ത്യയിലെ ടെലികോം മേഖല ശബദ്തരംഗ വേഗതയിൽ കുതിച്ചതിന്റെ തുടക്കം അവിടെയായിരുന്നു. രാജ്യത്തെ ടെലികോം രംഗം വികസിപ്പിക്കുന്നതിന് മികച്ച ഒരു ആശയവുമായി സാം പിത്രോഡ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കാണാൻ സമയം ചോദിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് 10 മിനിറ്റ് സമയം മാത്രമാണ് പിത്രോഡയ്ക്ക് അനുവദിച്ചത്.
" പത്ത് മിനിറ്റ് പോരാ. എനിക്ക് ഒരു മണിക്കൂർ വേണം. മാഡത്തിന് എപ്പോഴാണ് എനിക്ക് ഒരു മണിക്കൂർ സമയം തരാൻ കഴിയുന്നത് അപ്പോൾ കണ്ടാൽ മതി", പിത്രോഡയുടെ മറുപടി പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ ഞെട്ടിച്ചുവെന്ന് പറയേണ്ടതില്ലല്ലോ. പിന്നെ രാജീവ് ഗാന്ധി വഴി ഇന്ദിരാഗാന്ധിയെ കാണാനായി ശ്രമം. രാജീവിനെ കണ്ടുകിട്ടിയിട്ട് വേണ്ടേ ഇന്ദിരയെ കാണാൻ. ഒടുവിൽ പിത്രോഡയെ സഹായിച്ചത് അമേരിക്കയിലെ വിഖ്യാതമായ ഷിക്കാഗോ ട്രിബ്യൂണിൽ തന്നെ കുറിച്ച് വന്ന ലേഖനമായിരുന്നു. അത് ഇന്ദിരാഗാന്ധിയുടെ ഓഫീസിലെ ആരുടെയോ ശ്രദ്ധയിൽ പെട്ടു. അങ്ങനെ ഇന്ദിരാഗാന്ധി പിത്രോഡയ്ക്ക് കൂടിക്കാഴ്ചയ്ക്ക് ഒരു മണിക്കൂർ അനുവദിച്ചു.

1984 ഏപ്രിൽ 26നാണ് ഇന്ത്യൻ ടെലികോം ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ സെന്റർ ഫോർ ഫോർ ദി ഡവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് C-DOT ജനിക്കുന്നത്.

അത് പിത്രോഡയുടെയും ഇന്ത്യയുടെ ടെലികോം രംഗത്തിന്റെയും തലവര മാറ്റിയ ഒരു മണിക്കൂർ ആയിരുന്നു. "കൊള്ളാം"എന്ന് ഒറ്റവാക്കിൽ ഇന്ദിരാഗാന്ധി മറുപടി പറഞ്ഞുവെങ്കിലും പിത്രോഡയുടെ പദ്ധതി ഇന്ദിരയെ ആകർഷിച്ചിരുന്നു. പിന്നെ പിത്രോഡയെക്കാൾ വെറും രണ്ട് വയസിന് ഇളപ്പമുള്ള രാജീവും പദ്ധതിയിൽ താൽപര്യം കാണിച്ചു. അങ്ങനെയാണ് 1984 ഏപ്രിൽ 26ന് ഇന്ത്യൻ ടെലികോം ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ സെന്റർ ഫോർ ഫോർ ദി ഡവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് C-DOT ജനിക്കുന്നത്.

കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും എഞ്ചിനിയറിംഗ് ബിരുദം നേടിയ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ ശേഷം ഐ.ടിയും വാർത്താവിനിമയവും ഇന്ത്യയുടെ ഭാവി നിർണയിക്കുമെന്ന് പറഞ്ഞുമനസിലാക്കാൻ പിത്രോഡയ്ക്ക് എളുപ്പമായി. പിത്രോഡ രാജീവിന്റെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനുമായി. ഓട്ടോമാറ്റിക്ക് എക്സ്ചേഞ്ചുകൾ രാജ്യത്തുടനീളം സ്ഥാപിക്കപ്പെട്ടു. ഫോൺ കണക്ഷനുകളുടെ എണ്ണം കുതിച്ചുയർന്നു, ഫോൺ ബൂത്തുകൾ ഓരോ കവലയുടെയും അടയാളമായി മാറി. ഗ്രാമങ്ങളിലും നാട്ടിൻപുറങ്ങളിലും അവ വിവിധ തരം ജനവിഭാഗങ്ങൾ ഒത്തുചേരുന്ന ഇടങ്ങളായി മാറി. അതായിരുന്നു ഇന്ത്യയുടെ നിശ്ശബ്ദമായ ടെലിഫോൺ വിപ്ലവം. ഇതിനെ കുറിച്ച് Dreaming Big: My Journey to Connect India എന്ന പുസ്തകത്തിൽ സാം പിത്രോഡ വിശദമായി എഴുതിയിട്ടുണ്ട്.

സാം പിത്രോഡ

ഒരു പത്ത് വർഷത്തിനുശേഷം ഈ ലേഖനം വായിക്കുന്ന 2020നുശേഷം ജനിച്ച ഒരു കുട്ടി "ലാൻഡ് ഫോൺ എന്നൊരു വസ്തു ഉണ്ടായിരുന്നത്രെ" എന്ന് അതിശയപ്പെട്ടേക്കാം.

ഇനിയെങ്കിലും ഓർത്തു നോക്കൂ, നിങ്ങളുടെ ആദ്യ ഫോൺ വിളി ഏതായിരുന്നു എന്ന്.

Comments