ചിത്രീകരണം: പ്രദീപ് പുരുഷോത്തമൻ

പെരിയാർ മുപ്പതാണ്ടുകൾ ഈ കൈകളിലൂടെ ഒഴുകിപ്പോയി

പെരിയാർ മുപ്പതാണ്ടുകൾ ഈ കൈകളിലൂടെ ഒഴുകിപ്പോയി

മൂന്നു പതിറ്റാണ്ടുകൾകൊണ്ട് പെരിയാറിനുവന്ന മാറ്റങ്ങൾ അടുത്തറിയാൻ കഴിഞ്ഞു എന്നതാണ് എന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരു മുതൽക്കൂട്ട്.

കെമിസ്റ്റായി ജീവിതമാരംഭിച്ച് നാലഞ്ചുവർഷം കഴിഞ്ഞപ്പോഴേക്കും ജോലി ജീവിതശൈലിയിൽ സാരമായ മാറ്റം വരുത്തിയിരുന്നു. ഒരു കെമിസ്റ്റിന് രണ്ടു രീതിയിൽ ജോലിയെ സമീപിക്കാം. ഒന്ന് - പറഞ്ഞിരിക്കുന്ന ജോലി മാത്രം ചെയ്യുകയും ജോലി കഴിഞ്ഞാൽ സർവതന്ത്ര സ്വതന്ത്രനായിരിക്കുകയും ചെയ്യാം. അങ്ങനെയുള്ളവർ ജോലി യന്ത്രം പോലെ ചെയ്തുതീർക്കും. മറ്റൊന്നും ആലോചിക്കില്ല. എന്താണ് താൻ ചെയ്യുന്നത്, എന്തിനാണിത് ചെയ്യുന്നത്, ഇതുകൊണ്ട് എന്ത് ഗുണമാണുള്ളത്, ഇതിലെ രസതന്ത്രം എന്താണ്, ഇതൊന്നും അയാളെ അലട്ടുന്നില്ല. ഏൽപിച്ച ജോലി ചെയ്യുന്നു, അതിന് ശമ്പളം വാങ്ങുന്നു - അത്രതന്നെ.

രണ്ടാമത്തെ വിഭാഗം, തനിക്കു ചെയ്യേണ്ട ജോലികൾ ചെയ്യുമ്പോൾ മേൽപറഞ്ഞ ചോദ്യങ്ങൾ സ്വയം ചോദിക്കുകയും അതിനുത്തരം കണ്ടെത്താൻ പരിശ്രമിക്കുകയും ചെയ്യും. അത് അവരുടെ ജീവിതത്തിലും ജോലിയിലും ഗുണപരമായ ഒത്തിരി മാറ്റമുണ്ടാക്കുകയും ചെയ്യും. ഭാഗ്യവശാൽ എന്നോടൊപ്പം ജോലി ചെയ്തിരുന്ന സീനിയറായ ആളുകൾ മിക്കവരും അത്തരത്തിലുള്ളവരായിരുന്നതിനാൽ ആ രീതിയിൽത്തന്നെ മുന്നോട്ടുപോവാനാണ് എനിക്ക് താല്പര്യം തോന്നിയത്. ഓരോ അനാലിസിസും ചെയ്യുമ്പോൾ അതിന്റെ തിയറി, ആ അനാലിസിസിന്റെ ആവശ്യകത, അതിലുണ്ടാവുന്ന മാറ്റങ്ങൾ പ്രോസസിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ഇവയൊക്കെ മനസ്സിലാക്കാനും, അറിയാത്തത് ചോദിച്ചുമനസ്സിലാക്കാനും പ്രത്യേകം ശ്രദ്ധിച്ചു. അത് പിന്നിട് കരിയറിൽ കുറച്ചൊന്നുമല്ല സഹായിച്ചത്. അത്തരം ചില അനുഭവങ്ങൾ പിന്നാലെ വരുന്നുണ്ട്.

ഏലൂരിലെ ജലമലിനീകരണം, ആദ്യ കാലങ്ങളിൽനിന്ന്​ വളരെയേറെ കുറഞ്ഞിട്ടുണ്ട് എന്നതാണ് അനുഭവം

നേരത്തെ സൂചിപ്പിച്ചിരുന്നതുപോലെ ഫാക്ടിലെ ലബോറട്ടറി രണ്ടു രീതിയിലാണ്. പ്ലാന്റുകളുടെ ഓരോ ഷിഫ്റ്റിലുമുള്ള പ്രവർത്തനങ്ങളെ സഹായിക്കാൻ പ്ലാന്റുകളിൽത്തന്നെ മൂന്നു ഷിഫ്റ്റിലും പ്രവർത്തിക്കുന്ന കൺട്രോൾ ലാബുകൾ. അവിടെ ആ പ്ലാന്റിലേയ്ക്കുവേണ്ട അനാലിസിസുകൾ ചെയ്യാനാവശ്യമായ സൗകര്യങ്ങൾ മാത്രമാണുണ്ടാവുക. എന്തൊക്കെ അനാലിസിസ് എപ്പഴൊക്കെ ചെയ്യണം എന്ന് കൃത്യമായി നിർവചിച്ചിട്ടുണ്ടാവും. കൂടാതെ പ്ലാന്റിന്റെ അടിയന്തര ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന അനാലിസിസുകൾ ചെയ്യുകയും വേണം. സാധാരണ ഒരു പ്ലാന്റിലെ ലാബിൽ ഒരു ഷിഫ്റ്റിൽ ഒരാളോ രണ്ടുപേരോ മാത്രമേ ഉണ്ടാവൂ. കൃത്യമായ ഇടവേളകളിലാണ് അനാലിസിസുകൾ ചെയ്യേണ്ടത് എന്നതുകൊണ്ട് ബാക്കി സമയം കുറച്ച് വിശ്രമിക്കാനോ, വായിക്കാനോ കഴിയും. അത് ജോലിയെ ബാധിക്കരുതെന്നുമാത്രം.

പിന്നെയുള്ളത് സെൻട്രൽ ലാബ് ആണ്. ഉൽപന്നത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന വിഭാഗം ഒഴിച്ച് സെൻട്രൽ ലാബിലെ ബാക്കി വിഭാഗങ്ങൾ സാധാരണ പകൽ മാത്രം പ്രവർത്തിക്കുന്നു. പ്രോഡക്ട് ലാബ് 24 മണിക്കൂറും പ്രവർത്തിക്കുന്നു. അവിടെ ഫാക്ടംഫോസ് പോലെയുള്ള ഉൽപന്നങ്ങൾ ഓരോ ഒന്നര മണിക്കൂറിലും കർശനമായ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാകുന്നു. ഗുണനിലവാരം ഉറപ്പുവരുത്തി മാത്രം ഫാക്ടംഫോസ് ലോറികളിൽ കയറ്റിവിടുന്നു. ഗുണനിലവാരം കുറവാണെന്ന് ഉറപ്പായാൽ ലോറികളിൽ കയറ്റിയ ഫാക്ടംഫോസ് അൺലോഡ് ചെയ്ത് വീണ്ടും പ്രോസസിലേയ്ക്ക് റീസൈക്കിൾ ചെയ്യുകയാണ് പതിവ്. ഗുണനിലവാരത്തിൽ എല്ലാക്കാലവും കർശന നിഷ്‌ക്കർഷ ഫാക്ടിൽ പുലർത്തിപ്പോരുന്നുണ്ട്.

സെൻട്രൽ ലാബിലെത്തിയ നാൾ മുതൽ പെരിയാറിലെ ജലം ദിവസേന അനാലിസിസ് ചെയ്യാൻ തുടങ്ങിയത് ഇടയ്ക്ക് ചില ഇടവേളകളൊഴിച്ചാൽ തുടർച്ചയായി മൂന്നു ദശാബ്ദത്തോളം തുടരാൻ കഴിഞ്ഞു

സെൻട്രൽ ലാബിലെ മറ്റു വിഭാഗങ്ങളിൽ വാട്ടർ അനാലിസിസ്, എഫ്‌ളുവന്റ് അനാലിസിസ്, ഇൻസ്ട്രുമെന്റൽ അനാലിസിസ്, എയർ ക്വാളിറ്റി മോണിറ്റർ ചെയ്യാൻ സ്റ്റാക്ക് അനാലിസിസ് ഇവയൊക്കെയാണ് പ്രധാനം. ഇതുകൂടാതെ പ്രോസസുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളെയും സംബന്ധിച്ച് പഠിക്കുകയും കാരണങ്ങൾ കണ്ടെത്തി പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുക എന്നൊരു ചുമതലകൂടി സെൻട്രൽ ലാബിനുണ്ട്. ഉദാഹരണത്തിന് പ്ലാന്റുകളിൽ പല ഭാഗങ്ങളിലും ഉപയോഗിക്കേണ്ട നട്ടും ബോൾട്ടും വരെ ഓരോ പ്രത്യേകതരത്തിലുള്ള ലോഹസങ്കരങ്ങളായിരിക്കും. അത് ഏതൊക്കെ, എവിടൊക്കെയായിരിക്കണമെന്ന് പ്ലാന്റിന്റെ ഡിസൈനിൽ നിഷ്‌കർഷിച്ചിട്ടുണ്ടാവും. ചില ഫർണസുകളിലും ബോയിലറുകളിലും ഉപയോഗിക്കുന്ന ഉയർന്ന താപം താങ്ങാനുള്ള ഇഷ്ടികകൾക്കും ചില ഗുണനിലവാരങ്ങൾ നിഷ്‌കർഷിച്ചിട്ടുണ്ടാവും. ഇവയൊക്കെ ആ ഗുണനിലവാരവും കൃത്യമായ അളവിലുള്ള ലോഹങ്ങൾ അടങ്ങിയവയും ആണെന്ന് പരീക്ഷണങ്ങളിലൂടെ ഉറപ്പാക്കേണ്ടത് ലബോറട്ടറിയുടെ ചുമതലയാണ്. ഇതുകൂടാതെ പ്ലാന്റുകളിൽ അബ്‌നോർമലായി ഉണ്ടാവുന്ന വസ്തുക്കൾ പരിശോധിച്ച് അതിന്റെ ഘടന മനസ്സിലാക്കുകയും അത് ഒഴിവാക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നതും ലാബിന്റെ ഉത്തരവാദിത്തത്തിൽപ്പെടുന്നു.
ഇങ്ങനെ പല പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കുകയും അവയ്ക്ക് പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതോടെ ഒരു കെമിസ്റ്റിന്റെ പ്രവർത്തിപരിചയം നിർണായക ഘടകമായി വളരുന്നു. വെറും കെമിസ്റ്റിൽനിന്ന് വിദഗ്ദ്ധനായ കെമിസ്റ്റിലേയ്ക്ക് വളരാനും പ്രശ്‌നങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനും പരിഹാരം നിർദ്ദേശിക്കാനുമുള്ള വൈദഗ്ദ്ധ്യം കൈവരിക്കുകയും ചെയ്യുന്നു.

സെൻട്രൽ ലാബിലെ എന്റെ ആദ്യദിവസങ്ങളിൽ വിവിധ പ്ലാന്റുകളിലെ ബോയിലറുകളിൽ ഉപയോഗിക്കുന്ന ജലത്തിന്റെ അനാലിസിസ് ആയിരുന്നു ചെയ്തിരുന്നത്. ബോയിലറുകളുടെ സുഗമമായ പ്രവർത്തനത്തിനും സുരക്ഷയ്ക്കും ബോയിലർ വാട്ടർ പരിശോധന പ്രധാനമാണ്. പെരിയാറിലെ ജലം ശുദ്ധീകരിച്ച് കമ്പനിയിലെയും ടൗൺഷിപ്പിലെയും ഉപയോഗത്തിന് വിതരണം ചെയ്യുന്നത് ഫാക്ടിന്റെ ജലശുദ്ധീകരണ പ്ലാന്റ് ആണ്. ആ പ്ലാന്റിലേയ്ക്ക് പുഴയിൽനിന്നെടുക്കുന്ന ജലത്തിന്റെയും ശുദ്ധീകരിച്ച ജലത്തിന്റെയും പ്രധാനപ്പെട്ട അനാലിസിസുകൾ ചെയ്യേണ്ടതും സെൻട്രൽ ലാബിലെ കെമിസ്റ്റിന്റെ ജോലിയാണ്. സെൻട്രൽ ലാബിലെത്തിയ നാൾ മുതൽ പെരിയാറിലെ ജലം ദിവസേന അനാലിസിസ് ചെയ്യാൻ തുടങ്ങിയത് ഇടയ്ക്ക് ചില ഇടവേളകളൊഴിച്ചാൽ തുടർച്ചയായി മൂന്നു ദശാബ്ദത്തോളം തുടരാൻ കഴിഞ്ഞു. ഈ മൂന്നു പതിറ്റാണ്ടുകൾകൊണ്ട് പെരിയാറിനുവന്ന മാറ്റങ്ങൾ അടുത്തറിയാൻ കഴിഞ്ഞു എന്നതാണ് എന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരു മുതൽക്കൂട്ട്.

ദിവസേനയുള്ള പരീക്ഷണങ്ങൾക്കു പുറമേ എല്ലാ മാസവും ഉദ്യോഗമണ്ഡലിലും പരിസരത്തുമുള്ള നിശ്ചിത സ്ഥലങ്ങളിൽനിന്നും, പെരിയാറിന്റെ രണ്ടു കൈവഴികളിലെയും നിശ്ചിത സാമ്പിൾ പോയിന്റുകളിൽനിന്നും സാമ്പിൾ ശേഖരിച്ച് സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യാറുണ്ട്. ഇവയെല്ലാം ക്രോഡീകരിക്കുമ്പോൾ ഏലൂരിലെ ജലമലിനീകരണത്തിന്റെ ഒരു ഏകദേശ രൂപം മനസ്സിലാക്കാനാവും. ആദ്യ കാലങ്ങളിൽനിന്ന്​ ജലമലിനീകരണം വളരെയേറെ കുറഞ്ഞിട്ടുണ്ട് എന്നതാണ് അനുഭവം. പൊതുജനം കൂടുതൽ ജാഗരൂകരായതും അതുമൂലം കൂടുതൽ ഫലപ്രദമായ മലിനീകരണനിയന്ത്രണമാർഗങ്ങൾ ഫാക്ടറികൾ സ്വീകരിക്കാൻ നിർബ്ബന്ധിതമായതും ഇതിന്റെ പ്രധാന കാരണമാണ്.

മറ്റൊരു പ്രധാന പരിശോധന, പ്ലാന്റുകളിലെ പുകക്കുഴലിൽക്കൂടി പുറത്തേയ്ക്കുവരുന്ന വായുവിന്റെ പരിശോധനയാണ്. പലപ്പോഴും ഇതിനുള്ള ഉപകരണങ്ങളുമായി പുകക്കുഴലിന്റെ ഉയരമുള്ള ഭാഗത്ത് കയറി കുറേനേരം അവിടെ സാമ്പിൾ ശേഖരിക്കുന്നതിനായി ചിലവഴിക്കേണ്ടിവരും. ഉയരമുള്ള പ്ലാറ്റ്‌ഫോമിൽനിന്നു നോക്കിയാൽ ഏലൂരിന്റെയും പെരിയാറിന്റെയും മനോഹരമായ ഒരു വിഹഗവീക്ഷണം ലഭിക്കുമായിരുന്നു. കുത്തനെയുള്ള ഗോവണികളിൽക്കൂടി കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ശ്രമകരമായിരുന്നെങ്കിലും മുകളിലെ പ്ലാറ്റ്‌ഫോമിൽനിന്നുള്ള ‘ആകാശക്കാഴ്ച' അതിമനോഹരമായിരുന്നതുകൊണ്ട് ആ ബുദ്ധിമുട്ടുകൾ പലപ്പോഴും ഓർക്കാറില്ല.
വെള്ളത്തിന്റെയും പുകക്കുഴലിലെ വായുവിന്റെയുമൊക്കെ അനാലിസിസുകൾ ചെയ്യുമ്പോൾ പരിസ്ഥിതി സംരക്ഷണത്തിനെ സഹായിക്കാനുള്ള പ്രവർത്തനമാണല്ലോ ചെയ്യുന്നത് എന്നൊരു അഭിമാനബോധം പലപ്പോഴും തോന്നിയിരുന്നു. പുറത്തേയ്‌ക്കൊഴുകുന്ന വെള്ളവും പുകക്കുഴലിലെ വായുവും, മലിനീകരണനിയന്ത്രണവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും എന്തെങ്കിലും വ്യത്യാസം കണ്ടാൽ ബന്ധപ്പെട്ടവരെ അറിയിച്ച് പരിഹാര നടപടികൾ സ്വീകരിക്കാനും കഴിഞ്ഞിരുന്നുവെന്നത് ചാരിതാർത്ഥ്യജനകമാണ്.

പല രാസലായനികൾക്കും ഒരേനിറമോ, വെള്ളംപോലെ നിറമില്ലാതെയോ ഇരിക്കാം. അവ കൃത്യമായി ലേബൽ ചെയ്ത് സൂക്ഷിച്ചില്ലെങ്കിൽ റിസൽട്ടുകൾ തെറ്റുക മാത്രമല്ല, ചിലപ്പോൾ വലിയ അപകടങ്ങൾവരെ ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്.

ഒരു കെമിസ്റ്റിനെ സംബന്ധിച്ച് അത്യാവശ്യം വേണ്ട ചില ഗുണങ്ങളുണ്ട്. ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായും ശ്രദ്ധയോടെയും ചെയ്യുക എന്നതാണ് അതിൽ ഏറ്റവും പ്രധാനം. നമുക്ക് അളക്കേണ്ട ഘടകങ്ങൾ പലപ്പോഴും ദശലക്ഷത്തിലൊരുഭാഗം (Parts Per Million -ppm) ലെവലിൽ ആയിരുന്നതുകൊണ്ട് അളവുകൾ സൂക്ഷ്മതയോടെയും കൃത്യതയോടെയും ചെയ്യേണ്ടതുണ്ട്. ചെറിയ പിഴവുകൾ തെറ്റായ അനുമാനത്തിലേയ്ക്ക് നയിക്കും. പിന്നെ വേണ്ട ഒരു ഗുണം അടുക്കും ചിട്ടയും വൃത്തിയും വെടിപ്പുമാണ്. കെമിസ്റ്റിനെപ്പോലെ ഇത്രയധികം ഗ്ലാസുപകരണങ്ങൾ കൈകാര്യം ചെയ്യുന്ന വേറൊരു ജോലി ഉണ്ടാവില്ല. ഈ ഉപകരണങ്ങളും, അളവുപാത്രങ്ങളും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അളവുകൾ തെറ്റുകയോ സാമ്പിളുകൾ മലിനമായി തെറ്റായ റിസൽട്ടുകൾ കിട്ടുകയോ ചെയ്യാം. അതുകൊണ്ട് വൃത്തിയും വെടിപ്പും പ്രധാന ഘടകമാണ്. മറ്റൊന്നാണ് അടുക്കും ചിട്ടയും. പല രാസലായനികൾക്കും ഒരേനിറമോ, വെള്ളംപോലെ നിറമില്ലാതെയോ ഇരിക്കാം. അവ കൃത്യമായി ലേബൽ ചെയ്ത് സൂക്ഷിച്ചില്ലെങ്കിൽ റിസൽട്ടുകൾ തെറ്റുക മാത്രമല്ല, ചിലപ്പോൾ വലിയ അപകടങ്ങൾവരെ ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്. അതുകൂടാതെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽത്തന്നെ ഈ ലായനികൾ സൂക്ഷിക്കണം. സ്ഥാനം മാറിയാൽ തെറ്റായ ലായനികൾ ഉപയോഗിക്കാനും അപകടമുണ്ടാവാനുമുള്ള സാദ്ധ്യത ഏറെയാണ്. അതുകൊണ്ട് അടുക്കു ചിട്ടയും പ്രധാനമാണ്.

ഒരു സംഭവം ഓർമ വരുന്നു. സൾഫ്യൂറിക്ക് ആസിഡ് സാധാരണ രണ്ടരലിറ്ററുള്ള ബ്രൗൺ കുപ്പികളിലാണ് വരുന്നത്. കുപ്പി കാലിയാവുമ്പോൾ അത് കഴുകി വൃത്തിയാക്കി കുടിക്കാനുള്ള വെള്ളം നിറച്ചുവച്ച് പലരും ഉപയോഗിക്കാറുണ്ട്. ഇടുങ്ങിയ കഴുത്തുള്ള കുപ്പിയായതുകൊണ്ട് കുപ്പിയിൽനിന്ന് നേരെ വായിലേയ്ക്ക് ഒഴിച്ചു കുടിക്കാൻ കഴിയും എന്നൊരു സൗകര്യവുംകൂടിയുണ്ട്. നിയമപ്രകാരം ആസിഡ് കുപ്പികൾ വീണ്ടും ഉപയോഗിക്കാൻ പാടില്ല. എങ്കിലും പലരും ഈ കുപ്പികൾ വെള്ളം നിറച്ചുവയ്ക്കാൻ ഉപയോഗിക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ ലേബൽ ഇളക്കിമാറ്റുകയെങ്കിലും ചെയ്യണം.

ലാബിൽ മേശപ്പുറത്ത് ഒരു ആസിഡ് കുപ്പിയിൽ വെള്ളം വച്ചിട്ടുണ്ടായിരുന്നു. അതിനടുത്തുതന്നെ ആരോ അശ്രദ്ധമായി ശരിക്കും ആസിഡുള്ള അതേപോലത്തെ ഒരു കുപ്പി സ്ഥലം മാറി കൊണ്ടുവച്ചിരുന്നു. രണ്ടു കുപ്പികളും കാഴ്ചയിൽ ഒരുപോലെ. അകത്തെ ദ്രാവകത്തിന്റെ നിറവും ഒരുപോലെ. ഒരു ഷിഫ്റ്റ് ഇൻ ചാർജ്ജ്, വന്നവഴി നേരെ ചെന്ന് ഈ കുപ്പികളിലൊന്ന് തുറന്ന് മുകളിലേയ്ക്കുയർത്തി വായിലേയ്‌ക്കൊഴിക്കാൻ തയ്യാറാവുമ്പോഴാണ് ഈ വിവരം അറിയാവുന്ന മറ്റൊരാൾ ബഹളം വച്ചത്. അതുകൊണ്ട് തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്! അയാൾ വെള്ളമെന്നുകരുതി ഉയർത്തിയത് യഥാർത്ഥ ആസിഡ് കുപ്പിയായിരുന്നു! അതോർക്കുമ്പോൾ ഇപ്പോഴും നെഞ്ചിടിപ്പ് തെറ്റുന്നു! ഒരു ചെറിയ അശ്രദ്ധ, എത്ര വലിയ അപകടത്തിലേയ്ക്കാണ് നയിക്കുക!

നല്ല കെമിസ്റ്റ് ഒരു നല്ല പാചകക്കാരനുമായിരിക്കും. കൃത്യഅളവിൽ സാധനങ്ങൾ ചേർക്കാനുള്ള കഴിവ്, കൃത്യമായി പാചകം ചെയ്യാനുള്ള കഴിവ്, അടുക്കും ചിട്ടയോടും സാധനങ്ങൾ സൂക്ഷിക്കാനുള്ള കഴിവ്, പാത്രങ്ങൾ വൃത്തിയോടെയും വെടിപ്പോടെയും വയ്ക്കാനുള്ള നിഷ്‌കർഷ - ഇതൊക്കെയല്ലേ കെമിസ്റ്റും ചെയ്യുന്നത്?

കെമിസ്റ്റുകളെ സംബന്ധിച്ച വലിയൊരു പ്രശ്‌നം, ഈ അടുക്കും ചിട്ടയും വൃത്തിയും വെടിപ്പും സ്വന്തം വീടുകളിലും വേണമെന്ന് ശഠിക്കും എന്നതാണ്. അത് ഒരു പരിധിവരെ നല്ലതുമാണ് - പ്രത്യേകിച്ച് അടുക്കളയിൽ! ഓരോന്നിനും അതാതിന്റെ സ്ഥാനവും അടുക്കും ചിട്ടയും ഉണ്ടായാൽ നല്ലതല്ലേ?
ഒരു അനാലിസിസിനു മുമ്പ് അതിനുപയോഗിക്കുന്ന പാത്രങ്ങൾ കഴുകി വൃത്തിയാക്കുക, അതിൽ ഉപയോഗിക്കേണ്ട ദ്രാവകമുപയോഗിച്ച് 'റിൻസ്' ചെയ്ത് അവയെ അനാലിസിസിനു സജ്ജമാക്കുക, അനാലിസിസ് ശ്രദ്ധയോടെ ചെയ്യുക, അതിനുശേഷം ഈ പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി, ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിച്ച് അവസാന കഴുകലും നടത്തി അതാതിന്റെ സ്ഥലങ്ങളിൽ തിരിച്ചുവയ്ക്കുക... ഇത്രയുമാണ് ഒരു അനാലിസിസിന് കെമിസ്റ്റ് ചെയ്യേണ്ടത്. (കഴുകാനൊക്കെ ലാബ് അസിസ്റ്റന്റുമാരുണ്ടാവുമെങ്കിലും, അത് സമയത്തു ചെയ്യാനും അനാലിസിസിന്റെ കൃത്യത ഉറപ്പുവരുത്താനും മിക്കപ്പോഴും കെമിസ്റ്റ്തന്നെയാവും ഈ ജോലികൾ ചെയ്യുക.)

അതുകൊണ്ട് ഒരു പറച്ചിലുണ്ട് - നല്ല കെമിസ്റ്റ് ഒരു നല്ല പാചകക്കാരനുമായിരിക്കും.
കാരണം - കൃത്യഅളവിൽ സാധനങ്ങൾ ചേർക്കാനുള്ള കഴിവ്, കൃത്യമായി അത് പാചകം ചെയ്യാനുള്ള കഴിവ്, അടുക്കും ചിട്ടയോടും സാധനങ്ങൾ സൂക്ഷിക്കാനുള്ള കഴിവ്, പാചകത്തിനു മുൻപും പിൻപും പാത്രങ്ങൾ വൃത്തിയോടെയും വെടിപ്പോടെയും വയ്ക്കാനുള്ള നിഷ്‌കർഷ - ഇതൊക്കെയല്ലേ മികച്ച പാചകക്കാരന്റെ മുഖമുദ്രകൾ? ഇതുതന്നെയല്ലേ കെമിസ്റ്റും ചെയ്യുന്നത്?
ഡിസ്‌ക്ലെയിമർ: എല്ലാ രംഗങ്ങളിലെപ്പോലെയും ഇവിടെയുമുണ്ട് അപവാദങ്ങൾ! അതൊരു പുതിയ സംഭവമല്ലല്ലോ! അതുകൊണ്ട് എല്ലാ കെമിസ്റ്റുമാരും നല്ല പാചകക്കാരായിരിക്കും എന്ന മുൻവിധിയിൽ നിങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ ഇതെഴുതിയ ആൾ ഉത്തരവാദിയല്ല! ▮

Comments