Arattai, ചൈനീസ് - അമേരിക്കൻ ടെക് ആധിപത്യത്തിനുള്ള ഇന്ത്യൻ മറുപടിയോ?

“ഡിജിറ്റൽ സ്വയംഭരണത്തിനും പാശ്ചാത്യ പ്ലാറ്റ്‌ഫോം ക്യാപിറ്റലിസം എന്ന സമ്പദ്‌വ്യവസ്ഥക്കുമെതിരായ നമ്മുടെ ചെറുത്തുനിൽപ്പായി ‘അറട്ടൈ’ മാറുമോ?” സോഹോ കോർപ്പറേഷൻ വികസിപ്പിച്ച ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പ് ‘അറട്ടൈ’ എങ്ങനെയാണ് ചൈനീസ് - അമേരിക്കൻ ടെക് കമ്പനികൾക്കുള്ള ഇന്ത്യൻ മറുപടിയാവുന്നതെന്ന് എഴുതുകയാണ് ഡോ. ആന്റോ പി. ചീരോത.

“True freedom today is not about who rules the land, but who owns the cloud,” - Sridhar Vembu.

ഇന്ത്യൻ സുപ്രീം കോടതിയിലെ ഒരു വാദപ്രതിവാദത്തിനിടയിൽ കഴിഞ്ഞ ദിവസമാണ് സീനിയർ അഡ്വക്കേറ്റ് മഹാലക്ഷ്മി പവാണി ‘അറട്ടൈ’ മെസേജിങ് ആപ്പിനെ കുറിച്ച് പരാമർശിച്ചത്. ഈ റിപ്പോർട്ട് ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിയ്ക്കുകയും ചെയ്തിരുന്നു. പ്രൊഫഷണൽ ആശയവിനിമയത്തിനായി കഴിഞ്ഞ പത്ത് പന്ത്രണ്ടു വർഷങ്ങളായി വാട്ട്‌സാപ്പ് ഉപയോഗിച്ച് വരികയായിരുന്ന ഒരു കക്ഷിയുടെ കേസ് പരിഗണിയ്ക്കവെയാണ് കോടതിയിൽ  ‘അറട്ടൈ’ ചർച്ചയായത്. ഇന്ത്യയിലെ സോഫ്റ്റ്‌വെയർ ഭീമനായ സോഹോ കോർപ്പറേഷൻ വികസിപ്പിച്ച ഒരു ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് ‘അറട്ടൈ’. ഈ സംഭവവികാസം വെറും ഒരു ആപ്പിന്റെ പരാമർശമല്ല. അത് ഒരു വലിയ ആശയചലനത്തിന്റെ സൂചനയായി കാണാൻ കഴിയുമോയെന്നാണ് ഈ ലേഖനം അന്വേഷിക്കുന്നത്.

ഡിജിറ്റൽ സ്വയംഭരണത്തിനും പാശ്ചാത്യ പ്ലാറ്റ്‌ഫോം ക്യാപിറ്റലിസം എന്ന സമ്പദ്‌വ്യവസ്ഥക്കുമെതിരായ നമ്മുടെ ചെറുത്തുനിൽപ്പായി ‘അറട്ടൈ’ മാറുമോ? വാട്ട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയവ ഇന്ന് ലോകത്തെ ബന്ധിപ്പിക്കുന്ന പ്രധാന മാധ്യമങ്ങൾ ആണെങ്കിലും, അവയുടെ അടിത്തറ പ്ലാറ്റ്‌ഫോം ക്യാപിറ്റലിസം എന്ന സമ്പദ്‌വ്യവസ്ഥയിലാണ്. പാശ്ചാത്യ ടെക് ഭീമന്മാരാണ് നമ്മുടെ ആശയവിനിമയത്തിന്റെ ഘടനയും സംസ്കാരവും നിയന്ത്രിക്കുന്നത്. ആധുനിക ‘ഡിജിറ്റൽ കോളനിവൽക്കരണം’ എന്നറിയപ്പെടുന്ന ഈ ഘടനയിൽ, ഡാറ്റയാണ് പുതിയ ഭൂമിക. അത് കൈയടക്കാനുള്ള പാശ്ചാത്യ പ്രയത്‌നങ്ങളാണ് ഇന്നത്തെ പ്ലാറ്റ്‌ഫോം സാമ്രാജ്യങ്ങൾ. അതുകൊണ്ട് തന്നെ ഒരു ഇന്ത്യൻ ബദലിന് വലിയ പ്രാധാന്യമുണ്ട്.

ഇന്ത്യൻ സുപ്രീം കോടതിയിലെ ഒരു വാദപ്രതിവാദത്തിനിടയിൽ കഴിഞ്ഞ ദിവസമാണ് സീനിയർ അഡ്വക്കേറ്റ് മഹാലക്ഷ്മി പവാണി ‘അറട്ടൈ’ മെസേജിങ് ആപ്പിനെ കുറിച്ച് പരാമർശിച്ചത്.
ഇന്ത്യൻ സുപ്രീം കോടതിയിലെ ഒരു വാദപ്രതിവാദത്തിനിടയിൽ കഴിഞ്ഞ ദിവസമാണ് സീനിയർ അഡ്വക്കേറ്റ് മഹാലക്ഷ്മി പവാണി ‘അറട്ടൈ’ മെസേജിങ് ആപ്പിനെ കുറിച്ച് പരാമർശിച്ചത്.

https://www.hindustantimes.com/india-news/indigenous-app-supreme-court-bench-asks-petitioner-to-use-arattai-after-getting-blocked-from-whatsapp-101760163795470.html

"അറട്ടൈ" എന്ന പേരിന്റെ അർത്ഥം "ചാറ്റ്" അല്ലെങ്കിൽ "സംഭാഷണം" എന്നാണ്. വാട്ട്സ്ആപ്പ് അതിന്റെ സ്വകാര്യതാ നയത്തിലെ അപ്ഡേറ്റുകൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ 2021 ജനുവരിയിലാണ് ഈ ആപ്ലിക്കേഷൻ സോഫ്റ്റ് ലോഞ്ച് ചെയ്തത്. എന്നാൽ 2025 സെപ്റ്റംബറിലാണ് "അറട്ടൈയുടെ" ഡൗൺലോഡുകളിൽ കുത്തനെ വർധനയുണ്ടായത്.

‘അറട്ടൈ’ പാശ്ചാത്യ പ്ലാറ്റ്ഫോം മുതലാളിത്തത്തിന് ഒരു ഇന്ത്യൻ ബദലാകുമോ?

സോഹോ കോർപ്പറേഷൻ തദ്ദേശീയമായി വികസിപ്പിച്ച മെസേജിങ് ആപ്പിന് ദൃശ്യപരതയിലും സ്വീകാര്യതയിലും ശ്രദ്ധേയമായ കുതിച്ചുചാട്ടം നടത്താനായതായാണ് ഓൺലൈൻ വാർത്ത ആഖ്യാനങ്ങളിൽ നിന്ന് മനസിലായത്. ആപ്പിന്റെ ദൈനംദിന സൈൻ-അപ്പുകൾ ഏകദേശം 3,000 ൽ നിന്ന് ഏകദേശം 350,000 ആയി ഉയർന്നതായാണ് റിപ്പോർട്ടുകളിൽ സൂചിപ്പിയ്ക്കുന്നത്. ആഴ്ചകൾക്കുള്ളിൽ 100 മടങ്ങ് വളർച്ച. ആപ്പിളിന്റെ ആപ്പ് സ്റ്റോർ ചാർട്ടിൽ ഈ ആപ്ലിക്കേഷൻ അടുത്തിടെ "സോഷ്യൽ നെറ്റ്വർക്കിംഗ്" വിഭാഗത്തിൽ ഒന്നാമതെത്തി. മാത്രവുമല്ല, ഗൂഗിൾ പ്ലേ റാങ്കിംങിലും ക്രമാനുഗതമായി വളർച്ച് നേടിയതായി കാണാം.

സോഹോ സി. ഇ. ഒ. ശ്രീധർ വെംബു ‘അറട്ടൈ’ ദൗത്യത്തെ ‘Made in India, Made for the World’ എന്നാണ് പറഞ്ഞത്. അതിന് കാരണം ഗൂഗിൾ ക്ലൗഡിനെ ആശ്രയിക്കുന്ന നിരവധി ആഗോള ആപ്ലിക്കേഷനുകളിൽ നിന്ന് വ്യത്യസ്തമായി, ഡിജിറ്റൽ സ്വാശ്രയത്വം ഉറപ്പിച്ചുകൊണ്ട് സ്വന്തമായി ഡാറ്റാ സെന്ററുകളും ടെക്നോളജി സ്റ്റാക്കും നിർമ്മിച്ചിട്ടാണ് ‘അറട്ടൈയുടെ’ വരവ്. അതുകൊണ്ട് തന്നെ ശ്രീധർ വെംബുവിന്റെ പ്രസ്താവനയെ വെറും മാർക്കറ്റിംങ് പരിപാടിയായി മാത്രം ചുരുക്കി കാണാൻ കഴിയുമോ എന്ന് സംശയമാണ്. അമേരിക്കൻ, ചൈനീസ് ടെക് ഭീമന്മാർ ആധിപത്യം പുലർത്തുന്ന ഒരു ഡിജിറ്റൽ ആവാസ വ്യവസ്ഥയിൽ ഒരു പരമാധികാര ബദൽ സൃഷ്ടിക്കാനുള്ള ശ്രമത്തെയാണ് ‘അറട്ടൈയുടെ’ ഉയർച്ച സൂചിപ്പിക്കുന്നത്.

സോഹോ കോർപ്പറേഷൻ തദ്ദേശീയമായി വികസിപ്പിച്ച മെസേജിങ് ആപ്പിന് ദൃശ്യപരതയിലും സ്വീകാര്യതയിലും ശ്രദ്ധേയമായ കുതിച്ചുചാട്ടം നടത്താനായതായാണ് ഓൺലൈൻ വാർത്ത ആഖ്യാനങ്ങളിൽ നിന്ന് മനസിലായത്.
സോഹോ കോർപ്പറേഷൻ തദ്ദേശീയമായി വികസിപ്പിച്ച മെസേജിങ് ആപ്പിന് ദൃശ്യപരതയിലും സ്വീകാര്യതയിലും ശ്രദ്ധേയമായ കുതിച്ചുചാട്ടം നടത്താനായതായാണ് ഓൺലൈൻ വാർത്ത ആഖ്യാനങ്ങളിൽ നിന്ന് മനസിലായത്.

അമേരിക്കൻ ലോബി ‘അറട്ടൈയെ’ വളരാൻ അനുവദിക്കുമോ?

ആഗോള സാങ്കേതിക ലോബികളും അമേരിക്കൻ ഡിജിറ്റൽ ആധിപത്യവും ഒരു ഇന്ത്യൻ തദ്ദേശീയ ആപ്ലിക്കേഷനെ തഴച്ചുവളരാൻ അനുവദിക്കുമോ എന്നത് സുപ്രധാന ചോദ്യമാണ്. അന്താരാഷ്ട്ര വ്യാപാര ചട്ടക്കൂടുകൾ, യു.എസ് അധിഷ്ഠിത ഡാറ്റാ മാനദണ്ഡങ്ങൾ, അടിസ്ഥാന സൗകര്യ ആശ്രിതത്വങ്ങൾ എന്നിവ ആഗോള പ്ലാറ്റ്ഫോം ക്യാപിറ്റലിസ്റ്റ് ആവാസവ്യവസ്ഥയെ രൂപപ്പെടുത്തുന്നു. ഇത് പാശ്ചാത്യമല്ലാത്ത ‘അറട്ടൈ’ പോലുള്ള പ്ലാറ്റ്ഫോമുകൾക്ക് പാശ്ചാത്യ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാതെ വളരുകയെന്നത് ബുദ്ധിമുട്ടാക്കും. എന്നാൽ ഇക്കാര്യത്തിൽ സോഹോയുടെ സമീപനം വ്യത്യസ്തമാണ്. സ്വന്തമായി ഫിസിക്കൽ ഇൻഫ്രാസ്ട്രക്ചറും ഡാറ്റാ മാനേജ്മെന്റ് സിസ്റ്റങ്ങളും അവർക്കുണ്ട്. അതുകൊണ്ട് തന്നെ നേരത്തെ സൂചിപ്പിച്ചതുപോലെ അല്ലെങ്കിൽ ഗൂഗിൾ ക്ലൗഡിനെ ആശ്രയിക്കുന്നില്ലെന്ന് സി.ഇ.ഒ ശ്രീധർ വെംബു ഊന്നിപ്പറഞ്ഞിട്ടുണ്ട്. എഡബ്ല്യുഎസ് (Amazon Web Services) പോലെ അടിസ്ഥാനപരമായി ഗൂഗിൾ ക്ലൗഡ് പ്ലാറ്റ്ഫോമിനെ ആശ്രയിക്കുന്നില്ലെന്നത് ഇത്തരത്തിലുള്ള മറ്റൊരു ഉദ്ദാഹരണമായി എടുക്കാം.

ഡിജിറ്റൽ പരമാധികാരത്തിനായുള്ള ഇന്ത്യയുടെ തുടർച്ചയായ പരിശ്രമത്തിൽ ‘അറട്ടൈ’ പ്രതീകാത്മകവും തന്ത്രപരവുമായ പ്രാധാന്യം വഹിക്കുന്നതായി ഇവിടെ നിരീക്ഷിയ്ക്കാം. ഡിജിറ്റൽ പരമാധികാരം എന്നത് ഒരു രാജ്യത്തിന് സ്വന്തമായി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയെ സംരക്ഷിയ്ക്കുന്ന ഡാറ്റ സംവിധാനങ്ങൾ, സാങ്കേതിക ആവാസവ്യവസ്ഥ എന്നിവ നിയന്ത്രിക്കാനും സംരക്ഷിക്കാനുമുള്ള കഴിവാണ്. ഡിജിറ്റൽ പരമാധികാരം "ആത്മനിർഭർ ഭാരത്" എന്ന ആശയത്തിന്റെ കേന്ദ്രമാണ്.

പതിറ്റാണ്ടുകളായി, ഇന്ത്യയുടെ ഡിജിറ്റൽ ആവാസവ്യവസ്ഥയിൽ ആധിപത്യം പുലർത്തുന്നത് പാശ്ചാത്യ പ്ലാറ്റ്ഫോമുകളായ വാട്ട്സ്ആപ്പ്, ഗൂഗിൾ, മെറ്റ, ആമസോൺ എന്നിവയാണ്. അവയുടെ സെർവറുകൾ, അൽഗോരിതം, ബിസിനസ് മോഡലുകൾ എന്നിവ അമേരിക്കൻ ഡിജിറ്റൽ പരമാധികാര പരിധിയിൽ പ്രവർത്തിക്കുന്നു. ഈ ആധിപത്യം ഇന്ത്യൻ ഉപയോക്താക്കളുടെ ഡിജിറ്റൽ ഇടപെടലുകളിലെ സകല ഡാറ്റകളേയും എടുത്ത് ബിഹേവിയറൽ ഡാറ്റയാക്കി ധനസമ്പാദനം നടത്തുകയും ചെയ്യുന്ന പ്ലാറ്റ്ഫോം ക്യാപിറ്റലിസത്തിന്റെ ഒരു രൂപം സൃഷ്ടിച്ചു. ഈ സാഹചര്യത്തിൽ, ഇന്ത്യൻ സാങ്കേതിക ശേഷിയിൽ വേരൂന്നിയതും ഇന്ത്യൻ നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതുമായ ഒരു തദ്ദേശീയ – ഡിജിറ്റൽ ആവാസവ്യവസ്ഥ (Indigenous – digital ecosystem) കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് ‘അറട്ടൈ’ എന്ന് വിലയിരുത്താം.

വിദഗ്ദർ ഉണ്ടായിട്ടും ഇന്ത്യൻ പ്ലാറ്റ്ഫോമുകൾ ക്ലച്ച് പിടിയ്ക്കാത്തത് എന്തുകൊണ്ട്?

ഗൂഗിളിന്റെ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഐബിഎമ്മിന്റെ അരവിന്ദ് കൃഷ്ണ, അഡോബിലെ ശന്തനു നാരായൺ, യൂട്യൂബിന്റെ നീൽ മോഹൻ തുടങ്ങി ഇന്ത്യൻ വംശജരുടെ നീണ്ട നിരയാണ് ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക ഭീമന്മാരിൽ പ്രവർത്തിയ്ക്കുന്നത്. ഈ ബൗദ്ധിക മേഖലകളിലെ ഇന്ത്യക്കാരുടെ ആഗോള സാന്നിധ്യം ഡിജിറ്റൽ ലോകത്തിന് ഇന്ത്യയുടെ അസാധാരണമായ സംഭാവനകളെ പ്രതിഫലിപ്പിക്കുന്നു. പക്ഷേ എന്തുകൊണ്ടാവും അത്തരത്തിലുള്ള ശ്രമങ്ങൾ നമ്മുടെ രാജ്യത്തിന് വേണ്ടി സംഭവിയ്ക്കാത്തത്? ഈ പശ്ചാത്തലത്തിൽ സോഹോയുടെ തദ്ദേശീയ ആപ്ലിക്കേഷനായ ‘അറട്ടൈ’ ഒരു പ്രതീകാത്മക തിരിച്ചുവരവാണ്. ആ ബൗദ്ധിക ശേഷികളെ ആഭ്യന്തര – ഡിജിറ്റൽ നവീകരണത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഇത് ശ്രമിക്കുന്നുണ്ടെന്ന് നിരീക്ഷിക്കാം.

ദീർഘകാല - പരസ്യം ചെയ്യാത്ത പ്ലാറ്റ്ഫോമുകൾക്കുള്ള വെഞ്ച്വർ ക്യാപിറ്റലിന്റെ അഭാവം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന് പരിമിതമായ സംസ്ഥാന ആനുകൂല്യങ്ങൾ, ഇറക്കുമതി ചെയ്ത സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നത്, സുരക്ഷിതമായ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യാനാവത്തത് തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഇന്ത്യൻ പ്ലാറ്റ്ഫോമുകൾക്ക് ക്ലച്ച് പിടിയ്ക്കാനാവാത്തതെന്നാണ് പൂർവ്വകാല പഠനങ്ങളുടെ വായനയിൽ നിന്ന് മനസിലായത്.
ആഭ്യന്തര പ്ലാറ്റ്ഫോമുകൾക്ക് അനുകരണത്തിലൂടെയല്ല, മറിച്ച് ധാർമ്മിക രൂപകൽപ്പനയിലൂടെയും ആശയവിനിമയ സംസ്കാരത്തെക്കുറിച്ചുള്ള പ്രാദേശിക ധാരണയിലൂടെയും മത്സരിക്കാൻ കഴിയുമെന്ന ഇന്ത്യൻ സാങ്കേതിക സംരംഭകർക്കിടയിലെ പുതിയ ആത്മവിശ്വാസത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.

സോഹോയുടെ  സി.ഇ.ഒ ശ്രീധർ വെമ്പു
സോഹോയുടെ സി.ഇ.ഒ ശ്രീധർ വെമ്പു

സ്വകാര്യത സംബന്ധിച്ച ആശങ്കകളും ‘അറട്ടൈ’ അവയെ മറികടക്കാൻ ശ്രമിക്കുന്ന രീതിയും

‘അറട്ടൈ’ നേരിട്ട പ്രധാന വിമർശനങ്ങളിലൊന്ന് എൻഡ്-ടു-എൻഡ് എൻക്രിപ്ഷനാണ്. ‘അറട്ടൈയിലെ’ വോയ്സ്, വീഡിയോ കോളുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, നിലവിൽ ടെക്സ്റ്റ് സന്ദേശങ്ങൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷനില്ല. എന്നാൽ സോഹോ സെൻസിറ്റീവ് എക്സ്ചേഞ്ചുകൾക്കായി ഒരു ‘സീക്രട്ട് ചാറ്റ്’ ഫീച്ചർ അവതരിപ്പിക്കുകയും പൂർണ്ണ എൻഡ്-ടു-എൻഡ് മെസേജ് എൻക്രിപ്ഷൻ പരിശോധനയിലാണെന്നും ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്.

നമ്മുടെ ഡാറ്റ ഇന്ത്യൻ സെർവറുകളിൽ സംഭരിച്ചിട്ടുണ്ടെന്നും മൂന്നാം കക്ഷികളുമായി പങ്കിടുന്നില്ലെന്നും ശ്രീധർ വെംബു ഉപയോക്താക്കൾക്ക് ആവർത്തിച്ച് ഉറപ്പ് നൽകിയിട്ടുണ്ട്. മാത്രവുമല്ല, സോഹോ ആക്രമണാത്മക ഡാറ്റ ധനസമ്പാദന രീതികളിൽ ഏർപ്പെടുന്നില്ലെന്നും പറയുന്നു. പരസ്യത്താൽ നയിക്കപ്പെടുന്ന നിരീക്ഷണ മോഡലുകളിൽ (Surveillance Models) അഭിവൃദ്ധി പ്രാപിക്കുന്ന ആഗോള ഭീമന്മാർക്ക് വിരുദ്ധമായാണ് ഈ സമീപനങ്ങൾ എല്ലാം തന്നെ.

സുതാര്യത, പ്രവർത്തനക്ഷമത, സ്വകാര്യത ഉറപ്പ് എന്നിവ സന്തുലിതമാക്കുന്നതിലൂടെയാകും ‘അറട്ടൈയ്ക്ക്’ പൊതുജനവിശ്വാസം നേടിയെടുക്കാനാവുക. അതു തന്നെയായിരിയക്കും കമ്പനിയുടെ വെല്ലുവിളിയും. ‘അറട്ടൈ’ അതിൽ വിജയിക്കുകയാണെങ്കിൽ, വാട്ട്സ്ആപ്പിനെ മാത്രമല്ല, ഡിജിറ്റൽ കോളനിവൽക്കരണത്തിന്റെ യുക്തിയെ തന്നെ അത് വെല്ലുവിളിക്കും. 21-ാം നൂറ്റാണ്ടിലെ പരമാധികാരം അതിർത്തികളാലല്ല, മറിച്ച് ആരാണ് ഡാറ്റയുടെ ഉടമസ്ഥൻ, ആരാണ് ആഖ്യാനത്തെ നിർവചിക്കുന്നത് എന്നത് അനുസരിച്ചാണെന്നത് നമ്മെ ഓർമ്മിപ്പിക്കുന്നു.

Comments