‘‘What characterizes the division of labor in the automatic workshop is that labor has there completely lost its specialized character. But the moment every special development stops, the need for universality, the tendency towards an integral development begins to be felt. The automatic workshop wipes out specialists and craft-idiocy’’.
- Marx, The Poverty of Philosophy.
‘‘ചെയ്യുന്ന ജോലിക്ക് കിട്ടുന്ന പ്രതിഫലം (കൂലിയോ ശമ്പളമോ) എത്രയാവണമെന്ന കാര്യത്തിൽ തൊഴിലാളിയും മുതലാളിയും തമ്മിലുള്ള തർക്കം വർഗസമരത്തിന്റെ ഭാഗമാണ്. ‘എട്ടുമണിക്കൂർ’ ജോലി എന്ന ആഗോള പൊതുമുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ജോലി ദിവസവും ചെയ്യേണ്ട ജോലിക്ക് സമയക്ലിപ്തത ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുന്നതും വർഗസമരത്തിന്റെ ഭാഗമാണ്. പക്ഷെ, എട്ടുമണിക്കൂർ എന്ന പൊതുവ്യവസ്ഥയ്ക്ക് വിധേയമായി നിശ്ചയിക്കുന്ന സമയം മുഴുവൻ ജോലി ചെയ്യാൻ തൊഴിലാളിക്ക് ബാധ്യതയുണ്ട്. അത് നിറവേറ്റാതെ കൂലിയോടെയോ ശമ്പളത്തിന്റെയോ തോത്, ദിവസേന ചെയ്യേണ്ട ജോലിയുടെ സമയക്ലിപ്തത എന്നിവയ്ക്കുവേണ്ടി ഒരു വർഗ്ഗമെന്ന നിലയ്ക്ക് പോരാടാൻ തൊഴിലാളിക്ക് കഴിയുകയില്ല’’.
(‘അവധിദിവസങ്ങളെപ്പറ്റി തന്നെ’, ഇ എം എസ്.)
കാര്യക്ഷമത വർധിപ്പിക്കാനുള്ള ഒരു ഉപാധിയേയും മുതലാളിത്തം ഒരു ഘട്ടത്തിലും പരീക്ഷിക്കാതിരുന്നിട്ടില്ല.
ക്രിയാശേഷി- മുതലാളിത്തത്തിന്റെ ജീവനാഡി
കാര്യക്ഷമതയ്ക്ക് തടസമായി നിൽക്കുന്ന അനാവശ്യ അധ്വാനം പൂർണമായും ഒഴിവാക്കിയും തൊഴിൽസമയം വർധിപ്പിച്ചും മനുഷ്യാധ്വാനത്തിനു പകരമായി യന്ത്രങ്ങളെ ഉപയോഗപ്പെടുത്തിയുമാണ് മുതലാളിത്തം അതിന്റെ ആദിമ സഞ്ചയനഘട്ടം മുതൽക്കേ ചലനാത്മകമാകുന്നത്. ടെയ്ലറിസം (Taylorism) എന്നറിയപ്പടുന്ന മുതലാളിത്ത മാനേജമെന്റിന്റെ പ്രാരംഭ സമീപനങ്ങളിലൊന്നായിരുന്നു, തൊഴിൽ പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അധികം വരുന്ന അനാവശ്യ അധ്വാനത്തെ വെട്ടിച്ചുരുക്കുക എന്നതും. ചാപ്ലിന്റെ മോഡേൺ ടൈംസ് ഇതിനെ ദൃശ്യവൽക്കരിക്കുന്നുണ്ട്. യന്ത്രാധിഷ്ഠിതമായ ഉല്പാദനോപാധികളുടെ കാലത്താണ് ടെയ്ലറിസം പ്രാമാണ്യത്തിൽ വന്നത്. ഇതിനെ ജോസഫ് സ്റ്റാലിൻ അമേരിക്കൻ ബിസിനസ്സ് ശൈലിയുള്ള കാര്യക്ഷമത എന്നാണ് വിളിക്കുന്നത്. തൊഴിൽ സമയം വർദ്ധിപ്പിക്കുക എന്നത് എക്കാലത്തും മിച്ചമൂല്യം വർധിപ്പിക്കാനുള്ള ഉപാധിയായി തന്നെയാണ് മുതലാളിത്തം കാണുന്നത്. മാർക്സ് മുതലാളിത്ത ഫാക്ടറികൾ നീരിക്ഷിക്കാൻ തുടങ്ങിയതു മുതൽക്കു തന്നെ യന്ത്രങ്ങൾ, പരമ്പരാഗതമായി മനുഷ്യർ നിർവഹിച്ചിരുന്ന പ്രവർത്തനങ്ങൾക്ക് പകരമായി വ്യവസായങ്ങളിൽ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

സങ്കരവ്യവസ്ഥയും (Hybrid Ecosystem) ഹൈബ്രിഡ് നിർമാണ ശാലകളും; അതായത്, മനുഷ്യാദ്ധ്വാനവും യന്ത്രങ്ങളും പരസ്പര പൂരകമായി പ്രവർത്തിക്കുന്ന ഉല്പാദനരീതി, സ്ഥാപിതമായിട്ട് ഒന്നര നൂറ്റാണ്ടിലധികം പിന്നിട്ടു. കാര്യക്ഷമത വർധിപ്പിക്കാനുള്ള ഒരു ഉപാധിയേയും മുതലാളിത്തം ഒരു ഘട്ടത്തിലും പരീക്ഷിക്കാതിരുന്നിട്ടില്ല. സംഘടിത തൊഴിലാളിവർഗ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടന്ന അവകാശ സമരങ്ങൾക്കുശേഷമാണ് തൊഴിൽദിനം എട്ടു മണിക്കൂറാക്കി സ്ഥിരപ്പെടുത്തിയത് എന്നത് ചരിത്രവസ്തുതയാണ്. എങ്കിൽ തന്നെയും നിയമപരമായും നിയമബാഹ്യമായും തൊഴിൽ ദിന വ്യവസ്ഥയെ മറികടക്കാനുള്ള എല്ലാ വേലകളും മൂലധന വ്യവസ്ഥ നടപ്പാക്കിയിട്ടുണ്ട്.

ഈയൊരു യാഥാർത്ഥ്യം നമ്മുടെ മുമ്പിലിരിക്കെ 21-ാം നൂറ്റാണ്ടിൽ മനുഷ്യാധ്വാനം ലഘൂകരിക്കാനും സോഫ്റ്റ് വെയർ ഉപാധികളിലൂടെ തൊഴിൽകാഠിന്യങ്ങളിൽ ഏറെക്കുറെ അയവുവരുത്താനുമുള്ള ഒട്ടേറെ പ്രായോഗിക സമീപനങ്ങൾ നിലനിൽക്കേയാണ് ഇന്ത്യൻ ഐ.ടി വ്യവസായത്തിന്റെയും നവ സമ്പദ് വ്യവസ്ഥയുടേയും കാരണവർ എന്നറിയപ്പെടുന്ന ഇൻഫോസിസിന്റെ സ്ഥാപകരിലൊരാളായ നാരായണ മൂർത്തി സോഫ്റ്റ് വെയർ മേഖലയിൽ ആഴ്ച്ചയിൽ പ്രവൃത്തി സമയം 70 മണിക്കൂറായി ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്.
ക്രിയാശേഷി വർധിപ്പിക്കാൻ മനുഷ്യാധ്വാനത്തിനു പകരം യന്ത്രവും അൽഗോരിതമിക് ഉപാധികളുമാകും മൂലധന വ്യവസ്ഥയ്ക്ക് കൂടുതൽ അഭികാമ്യം. കാരണം ഇത് സമയത്തെയും മൂലധനത്തെയും വ്യർത്ഥശേഷിയാക്കുന്നില്ല എന്നതുതന്നെ.
അനുകൂലിച്ചും എതിർത്തും അഭിപ്രായങ്ങൾ ഉയർന്നിരിക്കുന്ന വേളയിലാണ്, ഏൺസ്റ്റ് ആൻഡ് യങിൽ ജോലി ചെയ്തിരുന്ന മലയാളിയായ അന്ന സെബാസ്റ്റ്യൻ അദ്ധ്വാനഭാരവും സമ്മർദ്ദവും മൂലം കുഴഞ്ഞുവീണുമരിച്ചത്. ഈ ദൗർഭാഗ്യകരമായ സംഭവം ആ ചർച്ചയ്ക്ക് അറുതിവരുത്തിയെങ്കിലും ഒട്ടും വൈകാതെ, എൽ ആൻഡ് റ്റി (L&T) ചെയർമാൻ എസ്.എൻ. സുബ്രമഹ്ണ്യൻ, തൊഴിൽ സമയം ആഴ്ചയിൽ 90 മണിക്കൂർ ആക്കണമെന്ന ആവശ്യം തന്റെ കമ്പനി തൊഴിലാളികൾക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കിയത്. വെറുതെ അഭിപ്രായം പ്രകടനം മാത്രം നടത്തുകയല്ല സുബ്രഹ്മണ്യൻ ചെയ്തത്, ഞായറാഴ്ചകളിൽ വീട്ടിൽ ജീവിതപങ്കാളിയുടെ മുഖത്തുനോക്കിയിരുന്ന് സമയം കളയാതെ ഔദ്യോഗിക പ്രവൃത്തിയിൽ ‘കർമനിരതരാകാൻ' ആവശ്യപ്പെടുകയും ചെയ്തു.
സുബ്രഹ്മണ്യന്റെ ആഹ്വാനം പുരുഷ ജീവനക്കാരോടായിരുന്നു. കാര്യക്ഷമത വർധിപ്പിക്കുക മുതലാളിത്ത മത്സരത്തിന് അത്യന്താപേക്ഷിതമാണ്. മനുഷ്യാധ്വാനത്തിന്റെ ക്രിയാശേഷി വർധിപ്പിക്കുക ഇതിനായുള്ള ഒരു ഉപാധിയും. ക്രിയാശേഷി വർധിപ്പിക്കാൻ മനുഷ്യാധ്വാനത്തിനു പകരം യന്ത്രവും അൽഗോരിതമിക് ഉപാധികളുമാകും മൂലധന വ്യവസ്ഥയ്ക്ക് കൂടുതൽ അഭികാമ്യം. കാരണം ഇത് സമയത്തെയും മൂലധനത്തെയും വ്യർത്ഥശേഷിയാക്കുന്നില്ല എന്നതുതന്നെ.

Artificial Intelligence (AI) ഉന്നത നൈപുണി (High Skilled) മേഖലകളെയും അതിക്രമിച്ച് ആധിപത്യം നേടുമെന്ന പ്രവചനം മാധ്യമങ്ങളിലും ബോർഡ് റൂമിലും പൊതുസമൂഹത്തിലും ആർത്തിരമ്പിക്കൊണ്ടിരിക്കുന്ന വേളയിലാണ് തൊഴിൽ സമയം വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഈ ആഹ്വാനം. പ്രൊഫഷണൽ മേഖലകളിലെ സവിശേഷ തൊഴിലുകളെ പോലും AI ഉപാധികൾ പകരംവെയ്ക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നാരായണ മൂർത്തിയാണെങ്കിലും സുബ്രഹ്മണ്യനാണെങ്കിലും വ്യക്തമാക്കുന്നത് നിലവിലെ അധ്വാനക്രമത്തിലെ മനുഷ്യാധ്വാനത്തിന്റെ കാര്യക്ഷമതയുടെ പരിമിതിയെകുറിച്ചാണ്.
പോസ്റ്റ് ഹ്യൂമൻ അവസ്ഥയുടെ ഒരു പുതിയ ഘട്ടമാണിത്. ഇവിടെ AI ഉപാധി സ്വയം പ്രവർത്തനശേഷി നേടിയെടുക്കുന്നതോടെ മനുഷ്യർ കൂടി വന്നാൽ ഒരു സഹായി (Facilitator) എന്ന നിൽനിൽപ് മാത്രമാണ് കാംക്ഷിക്കേണ്ടത്.
ഇന്ന് കോർപറേറ്റുകൾ നടത്തുന്ന കാര്യക്ഷമതാ ഓഡിറ്റനുസരിച്ച് (Efficiency Audit) ടെയ്ലറിസം വീണ്ടും തലപൊക്കുകയാണ്. കോർപറേറ്റ് അധിപന്മാർ, പ്രത്യേകിച്ച്, സാമൂഹികമായ അംഗീകാരമുള്ളവർ, ഉന്നയിക്കുന്നത് മനുഷ്യാധ്വാനം നിലവിലെ മുതലാളിത്ത ഉത്പാദന ഉപഭോഗങ്ങൾക്ക് തൃപ്തികരമല്ലെന്നും അപസ്ഥലീകരിക്കപ്പെട്ട (De-territorial) മുതലാളിത്തത്തിന് കാര്യക്ഷമത വർധിപ്പിക്കാൻ പരമ്പരാഗത മനുഷ്യാദ്ധ്വാനത്തിന് പകരമായി വരുന്ന സോഫ്റ്റ് AI ഉപാധികൾ വേണമെന്നാണ്. നിർമിത ഉപാധികൾ വ്യവസായങ്ങളിൽ പ്രത്യേകിച്ച്, നൈപുണി സമ്പന്നമായ മേഖലകളിൽ, മനുഷ്യാദ്ധ്വാനത്തിനു പകരമാകാനുള്ള നീതിമത്കരണമായി മാറുകയാണ്, അധ്വാനശേഷിയുടെ പരിമിതിയെക്കുറിച്ചുള്ള കോർപറേറ്റ് വാദഗതികൾ. 19-ാം നൂറ്റാണ്ടിൽ യന്ത്രവും മനുഷ്യരുമെന്ന പോലെ മനുഷ്യാദ്ധ്വാനവും AI-യുടെ നിലവിലെ മാതൃകകളും തമ്മിലുള്ള തൊഴിൽമത്സരമാണ് ഇവരുടെ പ്രസ്താവനകളിലൂടെ പരോക്ഷമായെങ്കിലും പുറത്തുവരുന്നത്.

തൊഴിൽ കമ്പോളത്തിൽ കായിക ജോലികൾ (Manual), പല തട്ടിലുള്ള നൈപുണിയുക്തമായ (Skilled) ജോലികൾ, ഇതിന്റെ തുടർച്ച എന്ന നിലയിൽ പ്രഫഷണൽ മാനേജീരിയൽ തൊഴിലുകൾ എന്നതാണ് ലഭ്യമായ ശ്രേണീവത്കൃത തൊഴിൽശക്തി. ഇതിൽ കായിക തൊഴിലാളികളേക്കാൾ AI-യിൽ നിന്ന് വെല്ലുവിളി നേരിടുന്നത് രണ്ടും മൂന്നും മേഖലകളിൽപ്പെട്ടവരാണ്. തൊഴിൽവിഭജനക്രമത്തെയും ഇത് സാരമായി ബാധിക്കും. ബുദ്ധിപരമായ നൈപുണികൾ (Cognitive Labor) ആവശ്യമാകുന്ന തൊഴിൽ മേഖലകൾക്ക് നിലവിലെ ജനറേറ്റീവ് AI ഉപാധികളാൽ പകരം വെയ്ക്കപ്പെടാനുള്ള സാധ്യത തുറന്നിരിക്കുന്നു. AI ഉപാധിയല്ല, എന്നാൽ AI ഉപാധിയിൽ പ്രവീണനായ തൊഴിലാളി അതില്ലാത്ത തൊഴിലാളിയെ പകരംവെയ്ക്കും എന്ന ഇലോൺ മസ്‌കിന്റെ നിരീക്ഷണത്തെ പലരും സമാശ്വാസമായി ആവർത്തിക്കാറുണ്ട്.
പോസ്റ്റ് ഹ്യൂമൻ അവസ്ഥയുടെ ഒരു പുതിയ ഘട്ടമാണിത്. ഇവിടെ AI ഉപാധി സ്വയം പ്രവർത്തനശേഷി നേടിയെടുക്കുന്നതോടെ മനുഷ്യർ കൂടി വന്നാൽ ഒരു സഹായി (Facilitator) എന്ന നിൽനിൽപ് മാത്രമാണ് കാംക്ഷിക്കേണ്ടത്. കാര്യക്ഷമത വർധിപ്പിക്കാൻ തൊഴിൽശാലകളിൽ ഇപ്പോൾ തന്നെ AI ഉപാധികൾ ഉപയോഗിക്കപ്പെടുന്നുണ്ട്. അതായത് സങ്കരവ്യവസ്ഥ നിലവിൽ വന്നിരിക്കുന്നു. നമ്മൾ ഇവിടെ സംസാരിച്ചുകൊണ്ടിരിക്കുന്നത് ജനറേറ്റിവ് AI എന്നതിനെ കുറിച്ചാണ്. റോബോട്ടിക്സ്, സിംഗുലാരിറ്റി എന്നൊക്കെ വിളിക്കുന്ന അടുത്ത ഘട്ട അത്ഭുതങ്ങളും പ്രവചനാത്മക ഉപാധികളും ഇപ്പോഴും നരവംശത്തിന്റെ അനുഭവസീമകളിൽ ഇതുവരെ വന്നിട്ടില്ല.
ലോകക്രമത്തിൽ ടെക്നോളോജി കേന്ദ്രിതമായ വളർച്ച നേടിയ പ്രദേശങ്ങളും അല്ലാത്തവയും തമ്മിലുള്ള അന്തരം ഇപ്പോഴത്തേക്കാൾ സങ്കീർണമായിരിക്കും, വരാൻ പോകുന്ന കാലത്തിൽ.
സാമൂഹികക്രമത്തിലെ ശ്രേണീഘടനപരമായ മാറ്റങ്ങളും ഉല്പാദനബന്ധങ്ങളുമാണ് തൊഴിൽവിഭജനത്തെ നിർണയിക്കുന്നത്. ചരക്ക് ഉല്പാദനത്തിന്റെ (Commodity Production) ഘട്ടത്തിലെ തൊഴിൽ വിഭജനം പിൽക്കാല മുതലാളിത്ത (Late Capitalism) ഘട്ടത്തിലും പ്രബലമാണ്. അപസ്ഥലീകരിക്കപ്പെട്ട (De territorial) മുതലാളിത്തത്തിൽ തൊഴിൽ വിഭജനം ലോകക്രമത്തിന്റെ അടിസ്ഥാനത്തിൽ പുനർനിർണയിക്കപ്പെട്ടിട്ടുണ്ട്. ബാംഗ്ലൂരും ഷാങ്ഹായും അടിസ്ഥാന തൊഴിൽകേന്ദ്രങ്ങളായി മാറി. മെട്രോപോളിസുകൾ മാനേജീരിയൽ കേന്ദ്രങ്ങൾ എന്ന നിലയിൽ തൊഴിൽ വിഭജനം ക്രമീകരിക്കപ്പെട്ടിരിക്കുന്നു. പക്ഷെ ഇത് മുതലാളിത്തത്തിന് ലാഭകരമായെങ്കിലും വികസിത മുതലാളിത്ത രാജ്യങ്ങളിൽ വലിയ അസ്വാസ്ഥ്യങ്ങൾക്ക് വഴിവെച്ചു.
എന്നാൽ, AI ഈ അപസ്ഥലീകരണ ക്രമത്തെയും മാറ്റിമറിക്കുകയായാണ്. ചൈനയുടെ ഡീപ് സീക് വെല്ലുവിളിയാകുന്നത് അതുകൊണ്ടാണ്. ലോകക്രമത്തിൽ ടെക്നോളോജി കേന്ദ്രിതമായ വളർച്ച നേടിയ പ്രദേശങ്ങളും അല്ലാത്തവയും തമ്മിലുള്ള അന്തരം ഇപ്പോഴത്തേക്കാൾ സങ്കീർണമായിരിക്കും, വരാൻ പോകുന്ന കാലത്തിൽ. അതേസമയം, മുതലാലാളിത്തം ഏതാനും കോർപറേറ്റുകളിലേക്കും അവരുടെ ഉപഗ്രഹ സ്ഥാപനങ്ങളിലേക്കും ചുരുങ്ങും.

AI മാത്രമല്ല, Artificial Life എന്നതിനെയും മുന്നിൽ കാണേണ്ടതുണ്ട്. പരമ്പരാഗത തൊഴിൽ മേഖലയായ കൃഷി അനിവാര്യതയല്ലാതാകാനും കൃത്രിമ ഭക്ഷ്യവസ്തുക്കൾ ഭക്ഷണക്രമത്തെ നിർണയിക്കാനുമുള്ള സാധ്യതയാണുള്ളത്. തൊഴിലുകളുടെ ക്രമം മാത്രമല്ല സാമൂഹിക ക്രമവും പരിവർത്തനപ്പെട്ടേക്കും. പക്ഷെ ഇതിന്റെയെല്ലാം ഉടമസ്ഥാവകാശം അല്ലെങ്കിൽ 'പ്രൊപൈറ്ററി’ അവകാശം കോർപറേറ്റുകളുടെ ബോർഡ്റൂമിലെ സൈബർബോസ്സിന്റെ അൽഗോരിതമിക് നിയന്ത്രണങ്ങളിലായിരിക്കും.
കാര്യക്ഷമതയെ സംബന്ധിച്ച മനുഷ്യരുടെ സങ്കല്പനം തന്നെ മാറിയിട്ട് സംവത്സരങ്ങളായി. ഉദാഹരണത്തിന്, ഒരു വാക്കിന്റെ അർഥമോ ഒരു എഴുത്തുകാരന്റെ ജീവചരിത്രമോ ലൈബ്രറിയിൽ തെരയേണ്ടതില്ല. തിരച്ചിൽ എന്ന അൽഗോരിതമിക് വിദ്യ നമ്മുടെ കാര്യക്ഷമതയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയല്ല അനുഭവത്തെതന്നെ മാറ്റിമറിച്ചിരിക്കുന്നു. കോർപറേറ്റ് മേഖലയിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ വലിയ തോതിലാണ്. സോഫ്റ്റവെയർ സ്ഥാപനത്തിൽ AI ഉപാധികളെ ആധാരമാക്കിയുള്ള ‘ബാക് എൻഡ്’ പ്രവർത്തനത്തിലൂടെ കാര്യക്ഷമത ഇരട്ടിപ്പിക്കാം. അങ്ങനെ ത്വരിതഗതിയിൽ വികസിതമാകുന്ന കാര്യക്ഷമത മനുഷ്യാധ്വാനത്തിന് ഒരിക്കലും പകരംവെയ്ക്കാനാകില്ല. മനുഷ്യാദ്ധ്വാനത്തിന് മാർക്സ് പണ്ടേക്ക് പറഞ്ഞപോലെ, അതിജീവനമെന്നത് ഒരു ഘടകമാണ്. ഉറക്കവും ഭക്ഷണവും രതിയും വിശ്രമവുമൊക്കെ അനിവാര്യമായ ആവശ്യങ്ങളാണ്. എന്നാൽ ടെയ് ലറിസത്തിന്റെ നോട്ടത്തിൽ അനാവശ്യമാണ്. അനാവശ്യമെന്നല്ല പാഴാണ്. പാഴാകുന്നത് നിർത്തലാക്കാനും അവസാനിപ്പിക്കാനുമുള്ളതാണ്. തൊഴിൽ ദിനത്തെക്കുറിച്ചുള്ള പുനർചിന്തനം കോർപറേറ്റുകൾ പ്രധാന വിഷയമാക്കുന്നത് മനുഷ്യാദ്ധ്വാനത്തിന് AI- യോടൊപ്പം കിടപിടിക്കാൻ പറ്റുമോ എന്ന ലക്ഷ്യത്തോടെയാണ്. ഒരുപക്ഷെ സമ്പൂർണ ഓട്ടോമേഷനു മുമ്പായി പൂർണമായും മനുഷ്യാദ്ധ്വാനത്തെ ഉപയുക്തമാക്കുക എന്നത് കോർപറേറ്റ് യുക്തിയുമാകാം. സമ്പൂർണ ഓട്ടോമേഷൻ നടപ്പാക്കുന്നതിനുമുമ്പുള്ള ഇടവേളയിൽ അധ്വാനത്തിന്റെ ക്രിയാശേഷി പരമാവധി ഊറ്റേണ്ടത് മൂലധനത്തിന്റെ അനിവാര്യതയാണ്.
വിനാശകരമാണ് AI-യുടെ വികാസം എന്ന അടിസ്ഥാനത്തിൽ മനുഷ്യവംശം റെഗുലേറ്ററി നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുമോ എന്നതും കാണേണ്ടതാണ്. അത്തരമൊരു തീരുമാനം, കോർപറേറ്റ് മൂലധന കാര്യക്ഷമത എത്ര വരെയാകാമെന്ന അടിസ്ഥാനത്തിൽ മാത്രമായിരിക്കും.
ഓപ്പൺ AI- യും മെറ്റയും ജമിനിയും ഡീപ്സീകും ഗ്രോക് 3- യും പ്രബലമാകുന്നതിനുമുമ്പ് 2019 -ൽ ആമസോൺ നടപ്പാക്കിയ ഓട്ടോമേഷൻ നോക്കുക. വിചിത്രമാണ് ആമസോൺ സൃഷ്ടിച്ച തൊഴിലുകളുടേയും നശിപ്പിച്ച തൊഴിലുകളുടേയും കാര്യം. ആമസോൺ 2017 -ൽ ‘ക്ലിക്ക് ടു ഷിപ്പ്’ സമയം വേഗത്തിലാക്കാൻ ആമസോൺ വൈറ്റ് കോളർ റോബോട്ടുകളുടെ ഒരു സൈന്യത്തെ വിന്യസിച്ചു - ഉപഭോക്താവിന്റെ സ്ക്രീനിലെ ‘വാങ്ങുക’ എന്ന ബട്ടൺ അമർത്തുന്നതിനും ആമസോൺ വെയർഹൗസിൽ നിന്ന് ആ പ്രസ്തുത ഐറ്റം പുറത്തുകടക്കുന്നതിനും ഇടയിലുള്ള സമയം ഏതാനും നിമിഷങ്ങളിലേക്ക് ലഘൂകരിക്കാനാണ് ആമസോൺ ഓട്ടോമേഷൻ നടപ്പാക്കിയത്.
അതായത്, കാര്യക്ഷമത ഇരട്ടിപ്പിച്ചു. പരമ്പരാഗത സ്റ്റോറുകളേക്കാൾ വേഗത കൈവരിച്ചു, ഡെലിവറിക്ക്. (വിലയിലെ കുറവ് എന്ന ഇ- കൊമേഴ്സ് ഘടകം തൽക്കാലത്തേക്ക് ഇവിടെ പരിഗണിക്കുന്നില്ല.) ആമസോൺ ഇതേസമയം കൂടുതൽ തൊഴിലാളികളെ ജോലിക്കെടുത്തുവെന്നതും വസ്തുതയാണ്. പുതുതായി നിയമിച്ചവരിൽ സ്ഥിരനിയമനവുമുണ്ടായിരുന്നു. അതായത്, ഒരു പ്രത്യേക ജോലിക്ക് ആവശ്യമുള്ള തൊഴിലാളികളുടെ എണ്ണം കുറച്ചു, എന്നാൽ വിതരണം തുടങ്ങി ഉപഭോക്താവിലേക്ക് എത്തുന്ന തലത്തിലെ തൊഴിലുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. ഇവിടെ ശ്രദ്ധാർഹമായ കാര്യം, ആമസോണിന്റെ വെയർഹൌസ് തലത്തിലെ ജോലികൾ ഗണ്യമായി വെട്ടിക്കുറയ്ക്കുകയും സേവനരംഗത്തേക്ക് ആവശ്യമായ തൊഴിലുകളുടെ എണ്ണം കൂട്ടുകയും ചെയ്തു എന്നതാണ്. എന്നാൽ പരമ്പരാഗത സ്റ്റോറുകളുടെ നിലനില്പിനെ ഇത് ബാധിച്ചുവെന്ന വസ്തുത കാണാതെ പോയി. അവിടെ ധാരാളമായി തദ്ദേശീയ തൊഴിലവസരങ്ങൾ ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുന്നു. റോബോട്ടിക് ഓട്ടോമേഷന്റെ കാര്യമാണ് ഇവിടെ വിവക്ഷിച്ചത്.

എന്നാൽ, ഓപ്പൺ AI മുതൽക്കുള്ള ജനറേറ്റിവ് AI ധൈഷണിക പ്രഫഷണൽ നൈപുണ്യ തൊഴിലുകളെയാണ് പകരംവെയ്ക്കാൻ പോകുന്നത്. മൾട്ടിപ്രയർ ആഘാതമാണുണ്ടാവുക. ആ ആഘാതം ത്വരിതഗതിയിലുമാവും. അതായത്, AI ഉപാധി ഒരു പ്രത്യേക വ്യവസായത്തിൽ പ്രാബല്യത്തിൽ വന്നാൽ അത് വ്യവസായ ശൃംഖലകളിൽ വേഗത്തിൽ പരക്കും. കാര്യക്ഷമതയുടെ സങ്കല്പനം നിർവചനാതീതമായി മാറുകയാണ്. ആത്യന്തികമായി നരവംശത്തിന്റെ നിലനില്പനാധാരമായാണ് കാര്യക്ഷമത നിർവചിക്കുന്നതെങ്കിൽ, മനുഷ്യർക്ക് ഗുണപ്രദമാകുന്ന വിധത്തിൽ ശേഷി വർധിപ്പിക്കുക എന്ന അർത്ഥത്തിലാകും AI ഉപാധികളുടെ പ്രയോഗം. എന്നാൽ മൂലധന കാര്യക്ഷമതയ്ക്കാണ് മുൻതൂക്കമെങ്കിൽ അത് വലിയൊരു വിഭാഗം മനുഷ്യരെ പുറംതള്ളുകയും ഏതാനും മൂലധന സഞ്ചയിതാക്കളിലേക്ക് അധികാരം കേന്ദ്രീകരിക്കലുമാകും പരിണതി.
ഇതിന്റെ അനന്തരഫലമെന്നോണം ബഹുജന രോഷമുണ്ടാകാം. ബഹുജന രോഷത്തെ ഡ്രോൺ പോലുള്ള സാങ്കേതികവിദ്യകളിലൂടെ എങ്ങനെയാണ് കോർപറേറ്റ് -ഭരണവർഗ സഖ്യം നേരിടുക എന്നതിനെക്കുറിച്ചറിയാൻ, 19-ാം നൂറ്റാണ്ടിൽ തൊഴിൽ സമരങ്ങളെ നേരിട്ട വിധം പരിഗണിക്കേണ്ടിവരും. ഇത് വെറുതെ പേടിപ്പിക്കലല്ലേ എന്ന ചോദ്യത്തിനുള്ള മറുപടി, വംശനാശകമായ അതിക്രമങ്ങൾ ഇപ്പോഴും അന്തമില്ലാതെ തുടരുന്നതെന്തേ എന്ന മറുചോദ്യമാണ്.
വിനാശകരമാണ് AI-യുടെ വികാസം എന്ന അടിസ്ഥാനത്തിൽ മനുഷ്യവംശം റെഗുലേറ്ററി നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുമോ എന്നതും കാണേണ്ടതാണ്. ഇനി അത്തരമൊരു നയപരവും നിയമപരവുമായ തീരുമാനമെടുക്കപ്പെടുകയാണെങ്കിലും അത് ബഹുജന ഹിതാർത്ഥമായിരിക്കില്ല, കോർപറേറ്റ് മൂലധന കാര്യക്ഷമത എത്ര വരെയാകാമെന്ന അടിസ്ഥാനത്തിൽ മാത്രമായിരിക്കും. AI അല്ല നരവംശത്തിന്റെ അന്തകൻ, അതിനെ ചൂഷണോപാധിയാക്കുന്ന മസ്കുമാരാണ്. അന്തകത്വപരമായ (Apocalyptic) ഘടകം മൂലധനവ്യവസ്ഥയിൽ സന്നിഹിതമാണെന്നുള്ളത് പുതിയൊരു അറിവലല്ലോ.