ചന്ദ്രനിലെ ‘ശിവശക്തി പോയിന്റും’ സംഘ്പരിവാറിന്റെ ‘ശാസ്ത്രാ’ഭ്യാസങ്ങളും

പതിറ്റാണ്ടുകളുടെ ദീർഘപ്രയത്നങ്ങളുടെ ആകെത്തുകയായി കാണേണ്ട ശാസ്ത്രനേട്ടങ്ങളെ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങൾക്കായി അവതരിപ്പിക്കപ്പെടുമ്പോൾ തീർച്ചയായും അവ സംബന്ധിച്ച കണക്കെടുപ്പുകൾ പ്രധാനമായി വരുന്നുണ്ട്. ഇന്ത്യൻ ശാസ്ത്രമേഖലയെ സംഘപരിവാരങ്ങൾ നയിക്കുന്നതെങ്ങോട്ടാണ്? ചാന്ദ്രയാൻ നേട്ടത്തിന്റെ പാശ്ചാത്തലത്തിൽ ഒരന്വേഷണം.

ചാന്ദ്രയാൻ ചന്ദ്രമണ്ഡലത്തിൽ സ്പർശിക്കുകയും രാജ്യം മുഴുവൻ ഈ അഭിമാന നിമിഷത്തിൽ ഒന്നിച്ച് ചേരുകയും ചെയ്യുമ്പോൾ, ശാസ്ത്രാന്വേഷണങ്ങളെ, ബോധ്യങ്ങളെ എക്കാലവും തള്ളിക്കളഞ്ഞ സംഘപരിവാരങ്ങൾ, ഒരു രാജ്യത്തിന്റെ നേട്ടത്തിനപ്പുറത്ത്, അത് മോദി പ്രഭാവമായി ചിത്രീകരിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു. ചാന്ദ്രയാൻ ചന്ദ്രനിൽ കാലുകുത്തുന്ന ആ നിമിഷത്തിനായി കാത്തിരുന്ന ജനലക്ഷങ്ങൾക്ക് മുന്നിലേക്ക് തന്റെ നെടുങ്കൻ പ്രഭാഷണങ്ങളുമായി കടന്നുവരാൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് യാതൊരു ലജ്ജയുമില്ലായിരുന്നു. യൂട്യൂബിൽ ആ കാഴ്ച വീക്ഷിച്ചുകൊണ്ടിരുന്നവർ 7.3 മില്യൺ ജനങ്ങളായിരുന്നു. പ്രധാനമന്ത്രിയുടെ മുഖം സ്‌ക്രീനിൽ തെളിഞ്ഞ ആ നിമിഷം അത് 3 മില്യൺ ആയി കുറഞ്ഞു.

പതിറ്റാണ്ടുകളുടെ ദീർഘപ്രയത്നങ്ങളുടെ ആകെത്തുകയായി കാണേണ്ട ശാസ്ത്രനേട്ടങ്ങളെ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങൾക്കായി അവതരിപ്പിക്കപ്പെടുമ്പോൾ തീർച്ചയായും അവ സംബന്ധിച്ച കണക്കെടുപ്പുകൾ പ്രധാനമായി വരുന്നുണ്ട്.
ശാസ്ത്ര സാങ്കേതിക മേഖലകളിലെ ഗവേഷണങ്ങൾക്ക് മോദി കാലം നൽകിയ പിന്തുണ എന്താണ്? രാജ്യത്തിന്റെ ബജറ്റിൽ ശാസ്ത്രഗവേഷണങ്ങൾക്കുള്ള നീക്കിയിരിപ്പെന്താണ്?
ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തികശക്തിയെന്നവകാശപ്പെടുന്ന ഇന്ത്യയുടെ ഗവേഷണ മേഖലയിലെ ബജറ്റ് നീക്കിയിരിപ്പിന് ഇതര രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ എവിടെയാണ് സ്ഥാനം?

ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യത്തിന് സാങ്കേതിക പിന്തുണ നൽകിയ, ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഹെവി ഇലക്ട്രിക്കത്സ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെ മോദി സർക്കാർ എങ്ങിനെ കൈകാര്യം ചെയ്തു? അതിനെല്ലാമുപരി, കഴിഞ്ഞ ആഗസ്റ്റ് 7ന്, ഇന്ത്യൻ പാർലമെന്റിന്റെ മൺസൂൺ സെഷനിൽ വെച്ച് പാസാക്കപ്പെട്ട, നാഷണൽ റിസർച്ച് ഫൗണ്ടേഷൻ ബിൽ-2023 ഇന്ത്യയുടെ ശാസ്ത്ര ഗവേഷണ മേഖലയുടെ സ്വതന്ത്ര വളർച്ചയ്ക്ക് വിഘാതമാകുന്നതെങ്ങിനെയാണ്? വിദേശ മൂലധന കുത്തകകൾ ഇന്ത്യയുടെ ഗവേഷണ മേഖലയിലേക്ക് നുഴഞ്ഞുകയറാൻ പോകുന്നതെങ്ങിനെയാണ്?

മേൽപ്പറഞ്ഞ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിക്കഴിയുമ്പോൾ മാത്രമാണ് ഇന്ത്യൻ ശാസ്ത്രമേഖലയെ സംഘപരിവാരങ്ങൾ നയിക്കുന്നതെങ്ങോട്ടാണെന്ന് മനസ്സിലാക്കാൻ സാധിക്കുക.

ഹിന്ദു ദേശീയതയും
ആധുനിക ശാസ്ത്രവും

‘‘ബഹിരാകാശ ശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും അഗാധമായ അറിവിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യം ഉണ്ടായിരുന്നിട്ടും, ഈ യാത്ര നടത്താനും ഇത്രയും ദൂരം എത്താനും എന്തുകൊണ്ടാണ് നമ്മൾ ഇത്രയും സമയം എടുത്തത്? നമുക്ക് നമ്മുടെ സ്വന്തം ഗ്രന്ഥങ്ങളെ അൽപം ആഴത്തിൽ പരിശോധിക്കാം. 499CE-ൽ ആര്യഭട്ടൻ തന്റെ ആര്യഭടീയത്തിൽ Pi- യുടെ (ഒരു വൃത്തത്തിന്റെ ചുറ്റളവ് / വ്യാസത്തിന്റെ അനുപാതം) മൂല്യം ആദ്യമായി പ്രകടിപ്പിച്ചു.''
‘‘… ഇത് 4 മുതൽ 100 വരെ കൂട്ടിച്ചേർത്ത് 8 കൊണ്ട് ഗുണിച്ചാൽ 62,000-ലേക്ക് കൂട്ടുന്നത് 20,000 വ്യാസമുള്ള ഒരു വൃത്തത്തിന്റെ ചുറ്റളവാണ്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, Pi = 62832/20000 = 3.1416. രസകരമെന്നു പറയട്ടെ, ഋഗ്വേദത്തിലെ ഒരു ശ്ലോകവും പൈയുടെ മൂല്യം 32 ദശാംശ സ്ഥാനങ്ങളിൽ കൃത്യമായി പരാമർശിക്കുന്നു. ശ്ലോകത്തിലെ അക്ഷരങ്ങൾ അവയുടെ അനുബന്ധ അക്കങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിലൂടെ 'പൈ' യുടെ മൂല്യം ലഭിക്കും, അത് 3.1415926535897932384626433832792 ആയിരിക്കും.....''

ചാന്ദ്രയാൻ 3 ദൗത്യം വിജയകരമായി പൂർത്തിയാക്കി ചന്ദ്രമണ്ഡലത്തിൽ നിലംതൊട്ടതിന്റെ തൊട്ടടുത്ത ദിവസം ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ ഡോ. അനുരാധാ ചാറ്റർജി എഴുതിയ Success of Chandrayaan 3: A glorious part of Sanatan scriptures coming to life (August 24) എന്ന ലേഖനത്തിൽ നിന്നുള്ള വരികളാണ് മുകളിൽ. ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളും വേദഗ്രന്ഥങ്ങളിലും പുരാണങ്ങളിലുമുള്ള വെളിപാടുകളും തമ്മിൽ ഒരു വിധത്തിലുള്ള പരസ്പര വൈരുദ്ധ്യമോ സഘർഷമോ ഇല്ലെന്നും അവ ഒരേ സത്യത്തിന്റെ വ്യത്യസ്ത വെളിപ്പെടലുകൾ മാത്രമാണെന്നും പറഞ്ഞുവെക്കാനാണ് പ്രസ്തുത ലേഖനത്തിൽ ഡോ. അനുരാധാ ചാറ്റർജി ശ്രമിക്കുന്നതെന്ന് കാണാം.

ഡോ. അനുരാധാ ചാറ്റർജി, തന്റെ ലേഖനത്തിലെ വാദങ്ങൾക്ക് ബലം പകരാനായി, മുൻ ഐ.എസ്.ആർ.ഒ മേധാവി ജി.മാധവൻ നായരെ ഉദ്ധരിക്കുന്നുണ്ട്: ‘‘ചാന്ദ്രയാൻ പ്രൊജക്ടിൽ പോലും ആര്യഭടന്റെ സൂത്രവാക്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്’’ എന്ന് മാധവൻ നായർ പറഞ്ഞതായാണ് തെളിവായി നൽകപ്പെട്ടിട്ടുള്ളത്. ശാസ്ത്ര- സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ വ്യക്തിപരമായ വിശ്വാസങ്ങളെയും ബോധ്യങ്ങളെയും ശാസ്ത്ര സത്യങ്ങളായി അവതരിപ്പിക്കുകയും അവയുടെ ആധികാരികത ഉറപ്പിക്കുകയും ചെയ്യുന്ന സൂത്രമാണ് ഡോ. അനുരാധ അടക്കമുള്ള ഹിന്ദുത്വ 'ശാസ്ത്ര'വക്താക്കൾ എല്ലായ്പ്പോഴും ചെയ്തുവന്നിട്ടുള്ളത്. ആര്യഭടന്റെ സൂത്രവാക്യങ്ങൾ എവിടെ, ഏത് രീതിയിൽ ഉപയോഗപ്പെടുത്തപ്പെട്ടു എന്ന ചോദ്യം മാധവൻനായരോ അനുരാധ ചാറ്റർജിയോ നേരിടേണ്ടതില്ലാത്തതിനാൽ ഇത്തരം പ്രസ്താവനകൾ പൊതുബോധത്തിലേക്ക് കടത്തിവിടാൻ എളുപ്പം സാധിക്കുന്നു. സ്ഥാനത്തും അസ്ഥാനത്തും ഇത്തരം ഉദ്ധരണികൾ എടുത്തുപയോഗിക്കപ്പെടുന്നു.

ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയെ ഇന്ത്യൻ രാഷ്ട്രീയാധികാരത്തിലേക്ക് വിളക്കിച്ചേർക്കാനുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ച 90- കളിൽ തന്നെ ആധുനിക ശാസ്ത്രബോധ്യങ്ങളുടെ നിരാസത്തിലൂടെയല്ല, അവയെ അപ്രോപ്രിയേറ്റ് ചെയ്യുന്നതിലൂടെ മാത്രമേ മുന്നോട്ട്പോക്ക് സാധ്യമാകുകയുള്ളൂ എന്ന് തീവ്രഹിന്ദുത്വയുടെ വക്താക്കൾ തിരിച്ചറിഞ്ഞിരുന്നു. ലോകത്തിലെ തന്നെ മൂന്നാമത്തെ സയന്റിഫിക് വർക്ഫോഴ്സ് എന്ന നിലയിൽ കണക്കാക്കപ്പെടുന്ന ഇന്ത്യയിൽ ആധുനിക ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും മുൻനിർത്തിയുള്ള കുതിപ്പുകൾ ഇനിയും ഏറെ സംഭവിക്കാനുണ്ടെന്ന ബോധ്യത്തിൽ നിന്നുമാണ് ഈയൊരു അപ്രോപ്രിയേഷനിലേക്ക് ഹിന്ദുത്വ ഐഡിയോളജിയുടെ വക്താക്കളെ കൊണ്ടുചെന്നെത്തിച്ചത്. അതിനാവശ്യമായ സൈദ്ധാന്തിക ഇടപെടലുകൾ വ്യാപകമായതും ഇക്കാലത്താണെന്ന് കാണാം. വളരെ രസകരമായ സംഗതി, വേദങ്ങളെ ശാസ്ത്രങ്ങളായി അവതരിപ്പിക്കുന്ന നൂറുകണക്കായ പ്രബന്ധങ്ങളും ഗ്രന്ധങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടത് പാശ്ചാത്യ സർവ്വകലാശാലകളിൽ നിന്നുമാണെന്നതാണ്. ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ട ഒരു ഗ്രന്ഥം, ജോർജ് ഫ്യവർസ്‌റ്റൈയ്ൻ, സുഭാഷ് കാക്, ഡേവിഡ് ഫ്രൗളി എന്നിവർ ചേർന്നെഴുതിയ 'ഇൻ സെർച്ച് ഓഫ് ദ ക്രാഡ്ൽ ഓഫ് സിവിലൈസേഷൻ' ആണ്.

ആധുനിക ശാസ്ത്രത്തിന് ബദലായോ അല്ലെങ്കിൽ അതുതന്നെയായോ പരിഗണിച്ച് വേദഗണിതങ്ങളെയും വേദിക് സയൻസിനെയും (?!) അവതരിപ്പിക്കുന്ന സമീപനമാണ് മേൽസൂചിപ്പിച്ച ഗ്രന്ഥത്തിൽ സ്വീകരിച്ചിരിക്കുന്നത്. പദാർത്ഥത്തെ ബ്രഹ്മമായും, ഊർജ്ജത്തെ പ്രജ്ഞയായും, ഇലക്ട്രിൽക്കൽ ചാർജ്ജസിനെ 'ഗുണ'യായും അവതരിപ്പിച്ച്, പ്രകൃതിയുടെ ചലനനിയമത്തെക്കുറിച്ചുള്ള ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകൾ വേദപുസ്തകങ്ങളിൽ കാണാമെന്നും പദാർത്ഥം, ആത്മാവ്, മനുഷ്യൻ എന്നിവ സംബന്ധിച്ച വേദപരാമർശങ്ങൾ ആധുനിക ശാസ്ത്രം സ്ഥിരീകരിക്കുന്നുവെന്നും സ്ഥാപിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് പ്രസ്തുത ഗ്രന്ഥമായാലും ഇതര പഠന പ്രബന്ധങ്ങളായാലും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇവിടെ വളരെ രസകരമായൊരു ചോദ്യം ഉയരുന്നുണ്ട്. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള വേദഗ്രന്ഥങ്ങളിലെ അറിവുകൾക്ക് കേവലം മൂന്നോ നാലോ നൂറ്റാണ്ടുകൾ മാത്രം പഴക്കമുള്ള ആധുനിക ശാസ്ത്രത്തിന്റെ പിന്തുണയുടെ ആവശ്യമെന്താണ്? 'പദാർത്ഥ യുക്തികളിലേക്ക് ന്യൂനീകരിക്കപ്പെട്ട' ആധുനിക ശാസ്ത്രത്തിന്റെ പിൻബലമില്ലാതെ തങ്ങളുടെ വിശ്വാസബന്ധിത 'ശാസ്ത്ര'ത്തിന് നിലനിൽപ്പില്ലെന്ന് മത വക്താക്കളെ, പ്രത്യേകിച്ചും ഹിന്ദുത്വവക്താക്കളെ ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന ഘടകമെന്തായിരിക്കും?
ഇതിനുള്ള ഉത്തരം പ്രൊഫ. മീരാനന്ദ നൽകുന്നതിങ്ങനെയാണ്: ‘‘ഇന്ത്യയിലെ ശാസ്ത്രത്തിന്റെ ഹൈന്ദവവൽക്കരണം ആഴത്തിലുള്ള സങ്കുചിത ദേശീയതാവാദത്താൽ പ്രചോദിതമായതാണ്''. (Making Science sacred, Meera Nanda, 2005). ഇതര മതങ്ങളുടെ മേലുള്ള അധീശത്വം സ്ഥാപിച്ചെടുക്കുന്നതിനും തങ്ങളുടേത് ഒരു സാർവ്വദേശീയ മതമാണെന്ന് ഉറപ്പിക്കുന്നതിനും ആധുനിക ശാസ്ത്രബോധ്യങ്ങളെ കയ്യേൽക്കേണ്ടത് അവരുടെ ആവശ്യമാണ്. അതോടൊപ്പം, ആധുനിക ശാസ്ത്രത്തിന്റെ പ്രാപഞ്ചിക വീക്ഷണങ്ങളെയോ, സെക്യുലർ ബോധ്യങ്ങളെയോ കൂട്ടുപിടിക്കാൻ അവർ ഒരുക്കവുമല്ല. ആധുനിക മുതലാളിത്ത വിപണി മത്സരങ്ങളിൽ ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ മേൽക്കൈ സംബന്ധിച്ച ബോധ്യം നിലനിൽക്കുമ്പോൾ തന്നെ, വിശ്വാസാധിഷ്ഠിതമായ ഒരു ശാസ്ത്രനിർമ്മിതിക്കുവേണ്ടിയുള്ള യജ്ഞത്തിലാണവർ. 1990- കളുടെ അവസാനത്തിൽ ഇന്ത്യയുടെ രാഷ്ട്രീയാധികാരത്തിലേക്ക് കടന്നുവന്ന ഹിന്ദുത്വദേശീയവാദികൾ ഈയൊരു പദ്ധതി ആസൂത്രിതമായ രീതിയിൽ തന്നെ നടപ്പിൽ വരുത്താൻ ശ്രമിച്ചതായി കാണാം.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments