ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കോവിഡ് - 19 എന്ന വൈറസ് ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയത് 2019-ൻെറ അവസാനമാണ്. 2020-ഓടെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയും കോവിഡിന് ശേഷവും മുമ്പും എന്ന രീതിയിയിൽ ലോകം വിഭജിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഏതാണ്ട് ഇതേ കാലത്ത് സാങ്കേതിക രംഗത്തും ലോകത്താകമാനം വലിയ വിപ്ലവങ്ങൾ സംഭവിച്ചിട്ടുണ്ട്. 21ാം നൂറ്റാണ്ട് തന്നെ അതിവേഗ സാങ്കേതിക വിദ്യയുടെ കാലമായാണ് അറിയപ്പെടുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻെറ (AI) വരവോടെ അതിൻെറ വേഗത വർധിക്കുകയാണ്. എഐ സാങ്കേതിക വിപണിയിൽ തുടക്കം മുതൽ തന്നെ അമേരിക്കയുടെ ആധിപത്യം പ്രകടമായിരുന്നു. 2022-ൽ ഓപ്പൺഎഐ കമ്പനി ചാറ്റ് ജിപിടിയെന്ന ചാറ്റ് ബോട്ട് പുറത്തിറക്കുന്നതോടെ അത് പൂർണതയിലെത്തി. ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ ടെക് ഭീമൻമാരും ചാറ്റ് ബോട്ടുകളുമായി വരികയും ആഗോള എ.ഐ വിപണിയിൽ ചോദ്യം ചെയ്യാനാവാത്ത തരത്തിൽ അമേരിക്കൻ ആധിപത്യം അരക്കിട്ടുറപ്പിക്കുകയും ചെയ്തു. എന്നാൽ ആ സർവാധിപത്യം തകർന്ന് തരിപ്പണമാവുകയാണ്. ഹാങ്ഷൗ ആസ്ഥാനമായുള്ള DeepSeek R1 എന്നൊരു ചാറ്റ്ബോട്ട് അമേരിക്കയുടെ എഐ ബോട്ടുകളെയെല്ലാം ഒറ്റയടിക്ക് വീഴ്ത്തിയിരിക്കുന്നു. ആഗോള ടെക് വിപണിയിൽ അമേരിക്കൻ എഐ കമ്പനികളെല്ലാം മൂക്കും കുത്തി വീണിരിക്കുന്നു. തൻെറ രണ്ടാം വരവിൽ ഈ മേഖലയിൽ 500 കോടി ഡോളറിൻെറ പദ്ധതികൾ പ്രഖ്യാപിച്ച ഡോണൾഡ് ട്രംപിന് വൈറ്റ് ഹൗസിലെത്തി ആദ്യ ആഴ്ച തന്നെ വലിയ തിരിച്ചടി ലഭിച്ചിരിക്കുന്നു. സെമി കണ്ടക്ടറുകളടക്കം ചൈനയിലേക്കുള്ള ടെക് കയറ്റുമതികളെല്ലാം വിലക്കിയുള്ള ട്രംപ് ഭരണകൂടത്തിൻെറ തീരുമാനങ്ങൾക്ക് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഷോക്ക് ട്രീറ്റ്മെൻറ്.
ആരാണ് ഡീപ് സീക്കിന് പിന്നിൽ?
39കാരനായ ലിയാങ് വെൻഫെങ് കുറച്ച് മണിക്കൂറുകൾ കൊണ്ട് ആഗോള ടെക് വിപണിയുടെ മുഖമായി മാറിയിരിക്കുകയാണ്. 2025 ജനുവരി 20 വരെ ചൈനയ്ക്ക് പുറത്ത് ഇങ്ങനെയൊരു പേര് കേട്ടവർ വിരളമായിരിക്കും. 2023ലാണ് ലിയാങ് സഹസ്ഥാപകനായിക്കൊണ്ട് ഹൈ ഫ്ലൈയർ എന്ന ഇൻവെസ്റ്റിങ് കമ്പനി ഡീപ്സീക്ക് എന്ന എഐ സ്റ്റാർട്ടപ്പിൽ ഇൻവെസ്റ്റ് ചെയ്യുന്നത്. ലിയാങ് നേതൃത്വത്തിലേക്ക് വരുന്നതോടെ പരമ്പരാഗത രീതികളിൽ നിന്ന് വഴിമാറി ആർട്ടിഫിഷ്യൽ ജനറൽ ഇൻറലിജൻസ് (AGI) മേഖലയിൽ കൂടുതൽ സ്വതന്ത്രമായ വിശാലമായ ഗവേഷണങ്ങൾക്ക് ഡീപ്സീക്ക് തുടക്കമിട്ടു. ലിയാങ്ങിൻെറ നേതൃത്വത്തിൽ ഡീപ് സീക്ക് ആപ്ലിക്കേഷൻ ഉണ്ടാക്കുന്നതിലല്ല ഫോക്കസ് ചെയ്തത്, പകരം എഐ ഗവേഷണത്തിലാണ്. ഓപ്പൺഎഐക്ക് ബദലാവുന്ന തരത്തിലുള്ള എഐ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുക എന്നതാണ് അവർ ലക്ഷ്യമിട്ടത്. ഏകദേശം ഒരു വർഷത്തിനിപ്പുറം അത് കൃത്യമായി ലക്ഷ്യത്തിലെത്തുകയും ചെയ്തിരിക്കുന്നു. അമേരിക്കയിൽ നിന്ന് വ്യത്യസ്തമായി ചൈനീസ് സർക്കാർ നേരിട്ട് തന്നെ രാജ്യത്തെ എഐ ഗവേഷണങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. അതിൻെറ ഗുണവും ദോഷവും ഡീപ് സീക്കിനുണ്ട് താനും. കമ്പനിയിൽ ഹൈ ഫ്ലെയർ എത്ര തുക ഇൻവെസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. ഹാങ്ഷൗവിൽ ഇരുകമ്പനികളും നിലവിൽ ഒരു ബിൽഡിങ്ങിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.

2023-ലും 2024-ലുമായി രണ്ടേരണ്ട് മാധ്യമങ്ങൾക്ക് മാത്രമാണ് ലിയാങ് വെൻഫെങ് അഭിമുഖങ്ങൾ നൽകിയത്. അതീവ രഹസ്യമായി തന്നെയാണ് കമ്പനിയുടെ പുതിയ പദ്ധതികൾ മുന്നോട്ട് പോവുന്നതെന്ന് വ്യക്തം. “കഴിഞ്ഞ 30 വർഷം ചൈനയിലെ ടെക് വിപണി കൂടുതൽ പണം ഉണ്ടാക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. നൂതനമായ കണ്ടെത്തലുകൾക്ക് അത് വലിയ ശ്രദ്ധ നൽകിയിരുന്നില്ല. ബിസിനസ് ചെയ്യുന്നത് കൊണ്ട് മാത്രം നവീനമായത് സംഭവിക്കണമെന്നില്ല. പുതിയത് കണ്ടെത്താനുള്ള ആഗ്രഹവും താൽപര്യവും ഉണ്ടാവണം,” ലിയാങ് വെൻഫെങ് ചൈനീസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അമേരിക്കൻ ടെക് ഭീമൻമാർ പോവുന്ന വഴിക്കല്ല എഐ സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഡീപ് സീക്ക് പോവുന്നത്. ഓപ്പൺ സോഴ്സ് മോഡലിലാണ് ഇത് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ഇതിൻെറ ബെയ്സ് കോഡ് ഏത് ഡെവലപ്പർക്കും മോഡിഫൈ ചെയ്യുന്നതിനായി പൊതുവിൽ ലഭ്യമായിരിക്കുമെന്ന പ്രത്യേകതയുണ്ട്. യുഎസ് കമ്പനികൾ ഒഴിവാക്കിയ ഓപ്പൺ സോഴ്സ് മോഡലിനെ കൂടുതൽ ഉപയോഗപ്പെടുത്തിയാണ് ലിയാങ് വെൻഫെങ്ങിൻെറ സാങ്കേതികവിപ്ലവം.
വ്യവസായത്തിന് മറ്റെന്തിലുമേറെ പ്രാധാന്യം നൽകുന്ന ഗ്വാങ്ഡോങ് മേഖലയിലാണ് ലിയാങ് ജനിച്ച് വളരുന്നത്. പഠിച്ച് മുന്നോട്ട് പോവുന്നതിനേക്കാൾ വ്യവസായം തുടങ്ങുന്നതിന് പ്രാധാന്യം നൽകിയിരുന്ന മനുഷ്യരാണ് ഇവിടെ കൂടുതലുമുള്ളത്. എന്നാൽ ലിയാങ് ഈ പാതയിൽ നിന്ന് വഴിമാറി അക്കാദമിക്സിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇലക്ട്രോണിക്സ് ആൻറ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങിൽ ബിരുദവും ഇൻഫർമേഷൻ ആൻറ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തരബിരുദവും കഴിഞ്ഞ് പുറത്തിറങ്ങി 2015ലാണ് ലിയാങ് ഒരു സ്ഥാപനത്തിൻെറ സഹ സ്ഥാപകനാവുന്നത്. ഡീപ് സീക്കിൽ ജീവനക്കാരെ എടുക്കുന്നതിലും അദ്ദേഹം പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്. കമ്പനിയിൽ നിലവിലുള്ള ഭൂരിപക്ഷം ജീവനക്കാരും ചൈനയിലെ മുൻനിര സർവകലാശാലകളിൽ പഠിച്ചിറങ്ങിയവരാണ് എന്ന പ്രത്യേകതയുണ്ട്.
അമേരിക്കൻ കമ്പനികളെ മറികടക്കുന്നത്…
എഐ ആപ്ലിക്കേഷൻ പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ എങ്ങനെയാണ് ഡീപ് സീക്ക് അമേരിക്കൻ ടെക് കമ്പനികൾക്ക് വെല്ലുവിളിയാവുന്നത്? കുറഞ്ഞ കമ്പ്യൂട്ടിങ് പവറും ചിപ്പുകളും മതിയെന്നത് കൊണ്ട് തന്നെ പണച്ചെലവ് കുറവാണ്. അതായത് ചാറ്റ് ജിപിടിയുടെ ചെലവിനെ അപേക്ഷിച്ച് വെറും 3 മുതൽ 5 ശതമാനം വരെ ചെലവേ ഡീപ്സീക്കിന് വരികയുള്ളൂവെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

കുറഞ്ഞ തുകയാണെങ്കിലും ചാറ്റ് ജിപിടിക്കൊപ്പമോ അല്ലെങ്കിൽ അതിനേക്കാൾ മികച്ചതോ ആയ പ്ലാറ്റ്ഫോം ആണ് ഡീപ്സീക്കെന്ന് ഇതിനോടകം തന്നെ സാങ്കേതിക വിദഗ്ദർ പറയുന്നു. ചൈന എല്ലാത്തിലും പിന്തുടരുന്ന അതേ മാർക്കറ്റിങ് ലോജിക്. കുറഞ്ഞ ചെലവിൽ, കുറഞ്ഞ മുടക്കുമുതലിൽ ഗുണമേൻമയുള്ള പ്രോഡക്ട് നിങ്ങളിലെത്തിക്കുന്നുവെന്ന വിപണിതന്ത്രം. കോവിഡ് കാലത്തിന് ശേഷം താഴോട്ട് പോയ ചൈനീസ് വിപണിയെ ആകെയാണ് ഡീപ്സീക്ക് ഇപ്പോൾ ഉയിർത്തേഴുന്നേൽപ്പിച്ചിരിക്കുന്നത്.
അമേരിക്കയിൽ തന്നെ ഈ ചൈനീസ് എഐ പ്ലാറ്റ്ഫോമിന് വലിയ സ്വീകാര്യത ലഭിച്ചിരിക്കുന്നുവെന്നതാണ് രസകരമായ കാര്യം. ഐഒഎസ് ആപ്പ് സ്റ്റോറിൽ ഇതിനോടകം തന്നെ ചാറ്റ്ജിപിടിയെ മറികടന്ന് ഡീപ്സീക്ക് ഒന്നാമതെത്തിയിരിക്കുന്നു. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിൽ ഉണ്ടായ ഈ കുതിപ്പ് ഓഹരിവിപണിയിലുമുണ്ട്. യുഎസ്, ബ്രിട്ടൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം വലിയ തരംഗമായി ഡീപ്സീക്ക് മാറിയിട്ടുണ്ട്. അമേരിക്കൻ ചിപ് നിർമാണക്കമ്പനിയായ എൻവിഡിക്ക് 600 ബില്യൺ ഡോളറിൻെറ തകർച്ചയാണ് ഒരൊറ്റ ദിവസം കൊണ്ട് ഓഹരിവിപണിയിൽ ഉണ്ടായിരിക്കുന്നത്. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ബ്രോഡ്കോം തുടങ്ങിയ അമേരിക്കൻ ടെക് കമ്പനികളെല്ലാം നഷ്ടം നേരിട്ടു. ഓഹരിവിപണിയിലും ഇടിവുണ്ടായി.
ട്രംപിനുണ്ടായ തിരിച്ചറിവ്
ആഗോളവിപണിയിലടക്കം അമേരിക്കയ്ക്ക് മുമ്പുണ്ടായിരുന്ന ആധിപത്യം തിരിച്ചുപിടിക്കാൻ പദ്ധതികൾ തയ്യാറാക്കി പ്രസിഡൻറ് പദവിയിലെത്തിയ ഡോണൾഡ് ട്രംപ് ചുമതലയേറ്റ് രണ്ടാഴ്ച തികയും മുമ്പാണ് ടെക് മേഖലയിൽ ഇത്തരത്തിലൊരു തിരിച്ചടി ഉണ്ടായിരിക്കുന്നത്. എന്നാൽ, പ്രായോഗികമായാണ് ട്രംപ് അമേരിക്കയുടെ വീഴ്ചയെ വിലയിരുത്തിയിരിക്കുന്നത്.

“ചൈനീസ് കമ്പനിയായ ഡീപ്സീക്ക് എഐയുടെ വരവ് അമേരിക്കൻ വ്യവസായ മേഖലയാകെ ഉണർന്നു പ്രവർത്തിക്കണമെന്നാണ് ഓർമ്മിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞർ നമുക്കാണുള്ളത്. അതിനാൽ ഈ മത്സരത്തിൽ നമ്മൾ കൂടുതൽ ശ്രദ്ധയോടെ മുന്നിൽ നിൽക്കേണ്ടതുണ്ട്,” ട്രംപ് അമേരിക്കൻ ടെക് കമ്പനികളോട് പറയുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിൻെറ പ്രചാരണത്തിന് മുൻകയ്യെടുത്ത അമേരിക്കൻ ടെക് വ്യവസായി ഇലോൺ മസ്കിന് ഡീപ്സീക്ക് അവകാശപ്പെടുന്ന നേട്ടങ്ങളിൽ സംശയമുണ്ട്. അത്ര വലിയ വിജയമുണ്ടായിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി മസ്ക് അഭിപ്രായപ്പെട്ടു.
അമേരിക്കയിലെ എഐ മേഖലയിലെ അടിസ്ഥാന സൌകര്യ വികസനത്തിനായി 500 കോടി ഡോളറിൻെറ പദ്ധതിയാണ് ട്രംപ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ട്രംപ് പദ്ധതി പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ അമേരിക്കയ്ക്ക് ഈ മേഖലയിൽ വലിയ വെല്ലുവിളിയൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ അങ്ങനെയല്ല സാഹചര്യം. വൻതുക ഇൻവെസ്റ്റ് ചെയ്തത് കൊണ്ട് മാത്രം ട്രംപ് ഭരണകൂടത്തിന് എഐ വിപണിയെ കുതിപ്പിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
നിയന്ത്രണങ്ങൾ, പരിമിതികൾ
ഡീപ്സീക്ക് പെട്ടെന്നുണ്ടായ ഒരു പ്രതിഭാസം മാത്രമാണോ അതോ അനാവശ്യ ഹൈപ്പാണോയെന്ന് സന്ദേഹപ്പെടുന്നവരും ടെക് ലോകത്ത് നിരവധിയുണ്ട്. അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഏതായാലും ഡീപ്സീക്കിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ആപ്പിനെ നിയന്ത്രിക്കുകയും ഭാവിയിൽ നിരോധിക്കുകയും ചെയ്യുക എന്നതാണ് മുന്നിലുള്ള ഒരു സാധ്യത. സ്വകാര്യത, സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ചൈനീസ് ആപ്പുകളെ നേരത്തെയും പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ടിക് ടോക് അടക്കമുള്ള ആപ്പുകൾ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണ്. സ്വകാര്യതയ്ക്ക് ഭീഷണിയാവുമെന്നതാണ് ഇപ്പോൾ ഡീപ്സീക്കിനെതിരെയും ഉയരുന്ന ഒരു പ്രധാന ആരോപണം. ഓസ്ട്രേലിയൻ അമേരിക്കൻ സർക്കാരുകൾ ഇതിനോടകം ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചൈനീസ് സർക്കാരിൻെറ നേരിട്ടുള്ള മേൽനോട്ടത്തിലാണ് രാജ്യത്തെ എഐ മേഖലയിലെ നൂതന ഗവേഷണങ്ങളും മറ്റും നടക്കുന്നത്. അതിനാൽ തന്നെ സർക്കാർ താൽപര്യങ്ങൾ ഡീപ്സീക്കിലും പ്രതിഫലിക്കുമെന്ന് വിമർശനമുണ്ട്. ചൈനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഈ ചാറ്റ് ബോട്ട് നൽകുന്ന ഉത്തരങ്ങളിൽ നിന്ന് തന്നെ ഇത് വ്യക്തമാണെന്ന് ഈ മേഖലയിലെ വിദഗ്ദർ പറയുന്നുണ്ട്. ചൈനയ്ക്ക് അപ്രിയമായതൊന്നും ഇവിടെ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന മുന്നറിയിപ്പാണ് ഇവർ നൽകുന്നത്. ഡീപ്സീക്കിന് ഇപ്പോൾ ലഭിക്കുന്ന പ്രാധാന്യം ചൈനീസ് സർക്കാർ അതിശയോക്തിയോടെയാണ് കാണുന്നതെന്ന വിലയിരുത്തലുകളും വരുന്നുണ്ട്.
എഐ മേഖലയിൽ ഉണ്ടായിരിക്കുന്ന ഈ ഉണർവ് ചൈനീസ് സർക്കാർ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് എഐ വിദഗ്ദനായ മാറ്റ് ഷീഹൻ എക്സിൽ കുറിക്കുന്നു. “ഡീപ്സീക്ക് മോഡൽ ചൈനീസ് സർക്കാരിൻെറ ആത്മവിശ്വാസം കുത്തനെ ഉയർത്തിയിട്ടുണ്ട്. എന്നാൽ AI പോളിസിയുടെ കാര്യം വരുമ്പോൾ ഇത് ഇരുതല മൂർച്ചയുള്ള വാളായി മാറും. ചൈനയുടെ എഐ മേഖല എത്രത്തോളം സുരക്ഷിതമാണെന്ന് സർക്കാരിന് ബോധ്യമുണ്ട്? അക്കാര്യം നയരൂപീകരണത്തിലും പ്രതിഫലിക്കും. 2022-ൽ ചാറ്റ് ജിപിടി വരുന്ന കാലം വരെ ചൈന കരുതിയിരുന്നത് എഐ മേഖലയിൽ അവർ അമേരിക്കയേക്കാൾ ബഹുദൂരം മുന്നിലാണെന്നാണ്. അമിത ആത്മവിശ്വാസം കാരണം 2020-22 കാലത്ത് ചൈനീസ് ടെക് വിപണി വൻതോതിൽ ഇടിയുകയാണ് ചെയ്തത്. ചാറ്റ്ജിപിടിയുടെ വരവ് ചൈനീസ് വിപണിയെ വല്ലാതെ ഉലച്ചിരുന്നു. ഇതോടെയാണ് ചൈനീസ് സർക്കാർ എഐ മേഖലയിലെ കടുത്ത നിയന്ത്രണങ്ങൾ എടുത്ത് കളയുന്നത്. ഈ ഘട്ടത്തിലാണ് ഡീപ്സീക്ക് അടക്കം ഇന്ന് ചൈനയിലെ മുൻനിര എഐ കമ്പനികളെല്ലാം വളർന്നുവരുന്നത്. ഇപ്പോൾ ഡീപ്സീക്ക് ഉണ്ടാക്കിയിരിക്കുന്ന വിജയം എഐ മേഖലയിലെ മത്സരത്തിൽ ചൈനയ്ക്ക് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങളുടെ കാര്യത്തിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാവുമോ ഇല്ലയോ എന്നതിൽ ഇനിയും വ്യകതത വരാനുണ്ട്.”